അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 2 ഒക്ടോബർ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ് ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, തന്റെ ആദ്യകാലം മുതൽ ദൈവം തനിക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് വിവരിക്കവെ, വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ് (അ) ഇപ്രകാരം എഴുതുന്നുവെന്ന് ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അബ) അരുൾ ചെയ്തു:
“ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് എന്റെ ബഹുമാനപ്പെട്ട പിതാവ് (ദൈവം അദ്ദേഹത്തെ തന്റെ കാരുണ്യം കൊണ്ട് അനുഗ്രഹിക്കട്ടെ) അദ്ദേഹത്തിന്റെ ജീവിതാവസാനത്തോട് അടുത്ത് രോഗബാധിതനായി. അദ്ദേഹം അവസാന ശ്വാസമെടുക്കാൻ വിധിക്കപ്പെട്ട ആ ദിവസം ഉച്ചയ്ക്ക് എനിക്ക് ഈ വെളിപാട് ലഭിച്ചു.
‘ആകാശങ്ങളെയും പ്രഭാത നക്ഷത്രത്തെയും കൊണ്ട് സത്യം.’
അത് അദ്ദേഹത്തിന്റെ വിയോഗത്തെ സൂചിപ്പിക്കുന്നുവെന്നും അതിന്റെ അർത്ഥം ഇതാണെന്നും എന്നെ തോന്നിപ്പിച്ചു. ‘ഞാൻ ആകാശങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു, സൂര്യാസ്തമയത്തിന് ശേഷം സംഭവിക്കാൻ പോകുന്ന ദാരുണമായ സംഭവത്തെക്കൊണ്ടും ഞാൻ സത്യം ചെയ്യുന്നു.'”
സർവ്വശക്തനായ ദൈവത്തിൽ നിന്ന് എളിയ ദാസനുള്ള ഒരു അനുശോചന സന്ദേശമായിരുന്നു അത്. സൂര്യാസ്തമയത്തിന് ശേഷം എൻ്റെ പിതാവ് മരിക്കുമെന്ന് അതിലൂടെ ഞാൻ മനസ്സിലാക്കി. പലരെയും ഈ വെളിപാട് അറിയിച്ചിരുന്നു. അല്ലാഹുവെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു – ആരുടെ കൈകളിലാണോ എന്റെ ജീവനിരിക്കുന്നത്, അവനെതിരെ കള്ളം പറയുന്നത് സാത്താന്റെയും ശപിക്കപ്പെട്ടവന്റെയും പ്രവൃത്തിയാണ് – അത് അങ്ങനെതന്നെ സംഭവിച്ചു. അന്ന്, എൻ്റെ പിതാവിന്റെ യഥാർത്ഥ അസുഖമായ വൃക്കയിലെ കല്ല് മൂലമുള്ള വേദന ഭേദമായിരുന്നു. ചെറിയ വയറിളക്കം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. യാതൊരു സഹായവുമില്ലാതെ സ്വന്തം ശക്തിയിൽ അദ്ദേഹത്തിന് ശുചിമുറിയിൽ പോകാൻ കഴിയുമായിരുന്നു. സൂര്യനസ്തമിച്ചപ്പോൾ, ശുചിമുറിയിൽ നിന്ന് മടങ്ങിവന്ന് കട്ടിലിൽ ഇരുന്നയുടനെ മരണ വെപ്രാളം ആരംഭിച്ചു. അതേ അവസ്ഥയിൽ അദ്ദേഹം എന്നോട് പറഞ്ഞു, ‘ഇതെന്താണെന്ന് നോക്കൂ.’ എന്നിട്ട് അദ്ദേഹം കിടന്നു. മരണസമയത്ത് ഇത്രയും വ്യക്തമായും കൃത്യമായും സംസാരിക്കുന്നത് ഇതിനുമുമ്പ് ഒരാളെയും കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല.
ശേഷം കൃത്യം സൂര്യനസ്തമിച്ചപ്പോൾ, അദ്ദേഹം ഈ നശ്വരമായ ലോകത്തുനിന്നും വിടവാങ്ങി… വെളിപാടുകളിൽ വെച്ച് ഏറ്റവും ആദ്യത്തേതും, ദൈവം എനിക്ക് വെളിപ്പെടുത്തിയ ആദ്യത്തെ പ്രവചനവും ഇതായിരുന്നു. ഇത് സംഭവിക്കാൻ പോകുന്നതായി ഉച്ചയ്ക്ക് ദൈവം എന്നെ അറിയിച്ചു, സൂര്യാസ്തമയം കഴിഞ്ഞപ്പോൾ അത് സംഭവിക്കുകയും ചെയ്തു. ഇതെന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. എൻ്റെ പിതാവിന്റെ വിയോഗസമയത്ത് സർവ്വശക്തനായ ദൈവം എന്നെ ആശ്വസിപ്പിച്ചതും, ആകാശങ്ങളെക്കൊണ്ട് സത്യം ചെയ്തതുപോലെ എന്റെ പിതാവിന്റെ മരണത്തെക്കൊണ്ട് സത്യം ചെയ്തതും ഞാൻ മറക്കില്ല. സർവ്വശക്തനായ ദൈവം ഒരാൾക്ക് ഇത്രയും വലിയ ബഹുമതി നൽകിയതെങ്ങനെയെന്നും, പിതാവിന്റെ മരണം ഒരു വലിയ ആഘാതമാണെന്ന് പ്രഖ്യാപിച്ച് അവൻ അതിനെക്കൊണ്ട് സത്യം ചെയ്യുകയും ചെയ്യുന്നത് എങ്ങനെയാണെന്നും ഉള്ളിൽ പൈശാചികത നിറഞ്ഞുനിൽക്കുന്നവർക്ക് അത്ഭുതം തോന്നിയേക്കാം. എന്നാൽ, മഹത്വത്തിന്റെയും പ്രതാപത്തിന്റെയും ദൈവത്തെക്കൊണ്ട് ഞാൻ ഒരിക്കൽക്കൂടി സത്യം ചെയ്യുന്നു, ഈ സംഭവം സത്യമാണെന്നും, സാന്ത്വനമെന്ന നിലയിൽ എന്നെ അറിയിച്ചതും താഴെ പറയുന്നതുപോലെ പറഞ്ഞതും സാക്ഷാൽ ദൈവം തന്നെയാണെന്നും
“ആകാശങ്ങളെയും പ്രഭാത നക്ഷത്രത്തെയും കൊണ്ട് സത്യം.”
അതനുസരിച്ച് അത് സംഭവിക്കുകയും ചെയ്തു… ഞാൻ ഇപ്പോൾ എഴുതിയതുപോലെ, സൂര്യാസ്തമയത്തിന് ശേഷം എന്റെ പിതാവ് മരിക്കുമെന്ന വിവരം എന്നെ അറിയിച്ചപ്പോൾ ഒരു മനുഷ്യനെന്ന നിലയിൽ ഈ വാർത്ത കേട്ട് ഞാൻ ദുഃഖിതനായി. നമ്മുടെ ഉപജീവന മാർഗ്ഗങ്ങളിൽ മിക്കവയും അദ്ദേഹത്തിന്റെ ജീവിതത്തെ ആശ്രയിച്ചായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് പെൻഷനും അതുപോലെ വലിയൊരു തുക ഗ്രാറ്റിവിറ്റിയായും ലഭിച്ചിരുന്നു. അത് അദ്ദേഹത്തിൻറെ ജീവിതകാലം മാത്രമായിരുന്നു ലഭിക്കുക. അതിനാൽ, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി. ഒരുപക്ഷേ നമുക്ക് ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടിന്റെയും നാളുകൾ അഭിമുഖിക്കേണ്ടി വരുമെന്ന ഉത്കണ്ഠ എന്റെ ഹൃദയത്തിൽ ഉയർന്നുവന്നു. മിന്നൽ പോലെ ഒരു നിമിഷത്തിനുള്ളിൽ ഈ ആശങ്കകളെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. ആ നിമിഷം തന്നെ, എനിക്ക് ഉറക്കം വരുകയും രണ്ടാമത്തെ വെളിപാട് ലഭിക്കുകയും ചെയ്തു:
“തന്റെ ദാസന് ദൈവം മതിയായവനല്ലേ?”
വേദനയേറിയ ഒരു മുറിവ് തൈലം പുരട്ടുമ്പോൾ പെട്ടെന്ന് ഭേദമാകുന്നതുപോലെ അല്ലാഹുവിൽ നിന്നുള്ള ഈ വെളിപാടിലൂടെ എന്റെ ഹൃദയത്തിന് ശക്തി ലഭിച്ചു. ദൈവിക വെളിപാടിന് ആശ്വാസം നൽകാനുള്ള ഒരു സഹജമായ ഗുണമുണ്ടെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നതാണ് വസ്തുത. ഈ ഗുണത്തിന്റെ അടിസ്ഥാനം ദൈവിക വെളിപാടുകളിൽ നിന്നും ലഭിക്കുന്ന ദൃഢവിശ്വാസത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. കഷ്ടം! ഈ ആളുകൾക്ക് എന്ത് തരത്തിലുള്ള വെളിപാടുകളാണുള്ളത്? വെളിപാടുകൾ ലഭിക്കുന്നവരാണെന്ന് അവർ അവകാശപ്പെടുമ്പോഴും, അവരുടെ വെളിപാടുകൾ കേവലം ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണെന്നും അവ ശൈത്താനിൽ നിന്നുള്ളതാണോ അതോ ദൈവികമാണോ എന്ന് തങ്ങൾക്കറിയില്ലെന്നും അവർ സമ്മതിക്കുന്നു. ഇത്തരം വെളിപാടുകൾ കൊണ്ടുള്ള പ്രയോജനത്തേക്കാൾ കൂടുതൽ ദോഷമാണുള്ളത്. എന്നാൽ ഞാൻ ദൈവത്തെക്കൊണ്ട് സത്യം ചെയ്യുന്നു, വിശുദ്ധ ഖുർആനിലും മറ്റ് വേദഗ്രന്ഥങ്ങളിലും ഞാൻ വിശ്വസിക്കുന്നതുപോലെ എന്റെ ഈ വെളിപാടുകളിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ ഖുർആൻ ദൈവവചനമാണെന്ന് ഞാൻ പൂർണ്ണമായ ഉറപ്പോടും ബോധ്യത്തോടും കൂടി വിശ്വസിക്കുന്നതുപോലെ, എന്റെ മേൽ ഇറങ്ങുന്ന വചനവും ദൈവീകമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അതിനോടൊപ്പം ദൈവത്തിന്റെ തിളക്കവും വെളിച്ചവും ഞാൻ കാണുകയും അല്ലാഹുവിന്റെ പരിപാലനത്തിന്റെ അടയാളങ്ങൾ അതിനോടൊപ്പമുള്ളതായി ഞാൻ കണ്ടെത്തുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഈ വെളിപാട് ലഭിച്ചപ്പോൾ ദൈവം എന്നെ നശിക്കാൻ അനുവദിക്കില്ലെന്ന് ഞാൻ ഉടൻ മനസ്സിലാക്കി:
“തന്റെ ദാസന് ദൈവം മതിയായവനല്ലേ?”
ഇതിനുശേഷം, ഞാൻ ആ വെളിപാട് എഴുതി ഖാദിയാൻ നിവാസിയും ഖത്രി ജാതിക്കാരനുമായ ഒരു ഹിന്ദുവായ മലാവമലിനെ ഏൽപ്പിച്ചു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞാൻ ഈ സംഭവമെല്ലാം അദ്ദേഹത്തോട് പറയുകയും, കലാനൂരിലെ ഹക്കീം മൗലവി മുഹമ്മദ് ഷെരീഫിന്റെ സഹായത്തോടെ അതൊരു കല്ലിൽ കൊത്തി ഒരു സ്റ്റാമ്പ് ഉണ്ടാക്കുന്നതിനായി അദ്ദേഹത്തെ അമൃത്‌സറിലേക്ക് അയക്കുകയും ചെയ്തു. ഈ മഹത്തായ പ്രവചനത്തിന് അദ്ദേഹത്തെ ഒരു സാക്ഷിയാക്കണമെന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഞാൻ ഈ ഹൈന്ദവ സുഹൃത്തിനെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഒപ്പം മൗലവി മുഹമ്മദ് ഷെരീഫും ഇതിനൊരു സാക്ഷിയാകാൻ വേണ്ടി. തൽഫലമായി, ബഹുമാനപ്പെട്ട മൗലവി മുഖാന്തരം അഞ്ച് രൂപ ചിലവിൽ സീൽ പതിപ്പിച്ച മോതിരം തയ്യാറാക്കി എനിക്ക് എത്തിച്ചുതന്നു. അതിപ്പോഴും എന്റെ പക്കലുണ്ട്. നമ്മുടെ ഉപജീവന മാർഗ്ഗങ്ങളും സൗകര്യങ്ങളും പൂർണ്ണമായും എന്റെ പിതാവിന്റെ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചിരുന്ന സമയത്താണ് എനിക്ക് ഈ വെളിപാട് ലഭിച്ചത് എന്നതാണ് ഇതിൻറെ ഉള്ളടക്കം. പുറത്തുനിന്നുള്ള ഒരാൾക്കുപോലും എന്നെ അറിയില്ലായിരുന്നു, കാരണം ഖാദിയാൻ പോലൊരു വിജനമായ ഗ്രാമത്തിൽ ആരുമറിയാതെ കഴിഞ്ഞുകൂടുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അതിനുശേഷം ദൈവം തന്റെ പ്രവചനം പൂർത്തിയാക്കിക്കൊണ്ട് ലോകത്തെ എനിക്ക് നേരെ തിരിക്കുകയും സാമ്പത്തികമായി എന്നെ സഹായിക്കുകയും ചെയ്തു. എനിക്ക് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ലാത്തവിധം തുടർച്ചയായ വിജയങ്ങൾ അവൻ എനിക്ക് നൽകി. എന്റെ ദയനീയമായ ആ അവസ്ഥയിൽ, മാസത്തിൽ പത്ത് രൂപ പോലും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ദരിദ്രരെ മണ്ണിൽ നിന്ന് ഉയർത്തുകയും അഹങ്കാരികളെ മണ്ണാക്കുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവം എന്നെ വളരെയധികം സഹായിച്ചു. ഇതുവരെ ഏകദേശം 300,000 രൂപയോ ഒരുപക്ഷേ അതിലധികമോ എനിക്ക് ലഭിച്ചു കഴിഞ്ഞുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
ലങ്കർ ഖാനയുടെ (ഭക്ഷണശാലയുടെ) പ്രതിമാസ ചിലവ് മാത്രം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശരാശരി 1,500 രൂപയാണെന്നതും, സ്കൂൾ മുതലായ മറ്റ് ചിലവുകളും പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള ചിലവുകളും ഇതിന് പുറമെയാണെന്നുമുള്ള വസ്തുതയിൽ നിന്ന് ഈ വരുമാനം എത്രയാണെന്നുള്ളത് കണക്കാക്കാം.
അതിനാൽ ഈ പ്രവചനം എത്ര വ്യക്തതയോടെയും ശക്തിയോടെയും, മഹത്വത്തോടെയുമാണ് നിറവേറ്റപ്പെട്ടത് എന്നത് തീർച്ചയായും ശ്രദ്ധേയമാണ്.’ (ദ ഫിലോസഫി ഓഫ് ഡിവൈൻ റെവലേഷൻ, പേജ് 265-268)
സത്യത്തോടുള്ള വാഗ്ദത്ത മസീഹിന്റെ (അ) അടിയുറച്ച നിലപാട്
വാഗ്ദത്ത മസീഹിന് (അ) അല്ലാഹുവിലുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് അഹ്‌മദികളല്ലാത്തവർ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ, ഒരു സദസ്സിൽ വെച്ച് ഒരാൾ വാഗ്ദത്ത മസീഹിനെ (അ) അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വാഗ്ദത്ത മസീഹിന്റെ (അ) ഒരു കോടതി കേസിലെ അഭിഭാഷകരിൽ ഒരാളും അതേ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹം എഴുന്നേറ്റുനിന്നു പറഞ്ഞു, ഒരു കേസിന്റെ സമയത്ത് സത്യമല്ലാത്ത ഒരു പ്രസ്താവന നടത്താൻ താൻ വാഗ്ദത്ത മസീഹിനെ (അ) ഉപദേശിച്ചിരുന്നു. കോടതിയിൽ പല പ്രശസ്തരായ ആളുകളും തങ്ങളുടെ മൊഴികൾ മാറ്റുന്നത് താൻ കണ്ടിട്ടുണ്ടെന്നും, എന്നാൽ വാഗ്ദത്ത മസീഹ് (അ) ഒരിക്കലും സത്യം ഉപേക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മൊഴി സത്യപ്രതിജ്ഞയ്ക്ക് കീഴിലല്ല നൽകുന്നതെന്നും, അതിനാൽ അത് സത്യമല്ലെങ്കിൽപ്പോലും അദ്ദേഹത്തിന് അങ്ങനെ മൊഴി നൽകുന്നതിൽ തെറ്റൊന്നുമില്ല എന്നും അദ്ദേഹം വാഗ്ദത്ത മസീഹിനോട് (അ) വിശദീകരിച്ചിരുന്നു. എന്നാൽ, ഒരു പ്രതിക്ക് കള്ളം പറയാൻ ദൈവം അനുവാദം നൽകിയിട്ടില്ലെന്നാണ് വാഗ്ദത്ത മസീഹ് (അ) പറഞ്ഞത്.
തയ്യാറാക്കിയ മൊഴി നൽകാതിരിക്കുന്നതിലൂടെ വാഗ്ദത്ത മസീഹ് (അ) അനാവശ്യമായ ബുദ്ധിമുട്ടിലേക്ക് സ്വയം ചെന്നുവീഴുകയാണെന്ന് അഭിഭാഷകൻ പറഞ്ഞു. ഒരു തെറ്റായ പ്രസ്താവന നടത്തുകയും അതുവഴി ദൈവത്തെ അപ്രീതിപ്പെടുത്തുകയും ചെയ്യുന്നതാണ് തന്നെ അനാവശ്യമായ ബുദ്ധിമുട്ടിലാക്കുക എന്ന് വാഗ്ദത്ത മസീഹ് (അ) അതിന് മറുപടി നൽകി. താൻ ഒരിക്കലും അഭിഭാഷകന്റെ കഴിവുകളിൽ വിശ്വാസമർപ്പിച്ചിട്ടില്ലെന്നും തന്റെ വിശ്വാസം എപ്പോഴും ദൈവത്തിലാണെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു. കളവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മൊഴിയേക്കാൾ താൻ സത്യത്തെ അടിസ്ഥാനമാക്കി പറയുന്ന മൊഴിക്കായിരിക്കും കൂടുതൽ സ്വാധീനമുണ്ടാകുക എന്നും ഇനി താൻ ശിക്ഷിക്കപ്പെട്ടാൽ പോലും, ദൈവത്തെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് താൻ ഒരിക്കലും അവസാനിപ്പിച്ചില്ലെന്നും അവനിൽ എപ്പോഴും വിശ്വാസം നിലനിർത്തിയെന്നും ഓർത്ത് താൻ സന്തുഷ്ടനായിരിക്കുമെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.
തന്റെ ജമാഅത്ത് അംഗങ്ങൾക്കുള്ള ആദ്യത്തെ ഉപദേശം
ഈ കാലഘട്ടത്തിൽ ഭൗതിക ലോകത്തിന് പിന്നാലെയുള്ള ഓട്ടത്തെയും ഭൗതിക മാർഗ്ഗങ്ങൾക്ക് അടിമപ്പെടുന്നതിനെയുമാണ് ആളുകൾ സംസ്‌കാരമായി നിർവചിക്കുന്നതെന്ന് വാഗ്ദത്ത മസീഹ് (അ) ഒരിക്കൽ പറയുകയുണ്ടായി. എന്നിരുന്നാലും, ദൈവത്തിന്റെ ദൃഷ്ടിയിൽ സംസ്‌കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ തന്റെ വിശ്വാസം പൂർണ്ണമായും ദൈവത്തിൽ അർപ്പിക്കുകയും ദൈവത്തിന്റെ മഹത്വവും ഗാംഭീര്യവും തന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്. വാസ്തവത്തിൽ തന്റെ ജമാഅത്തിൽ പ്രവേശിക്കുന്നവരോട് വാഗ്ദത്ത മസീഹ് (അ) ഉപദേശിച്ചിരുന്നത്, ജീവിതത്തിൽ ഒരാൾ ആദ്യം വരുത്തേണ്ട മാറ്റം ദൈവത്തിൽ യഥാർത്ഥ വിശ്വാസം ഉണ്ടാക്കുകയും അവന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് എല്ലാ കാര്യങ്ങളിലും അവനിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക എന്നതാണ്.
ഖലീഫ തിരുമനസ്സ് (അബി) വാഗ്ദത്ത മസീഹിനെ (അ) ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു:
‘ആവശ്യമായ മാർഗ്ഗങ്ങളും ഉചിതമായ പരിഹാരങ്ങളും സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയിട്ടില്ല. എന്നാൽ അവയെ ആശ്രയിക്കുന്നതിൽ നിന്ന് നിങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. ആത്യന്തികമായി ദൈവത്തിന്റെ ഇഷ്ടമേ നടക്കൂ. അല്ലാഹുവിലുള്ള പൂർണ്ണമായ വിശ്വാസം, അതിനുള്ള ശക്തി ഒരാൾക്കുണ്ടെങ്കിൽ, അത് മറ്റെന്തിനേക്കാളും വലുതാണ്.’ (അവർ ടീച്ചിംഗ്, പേജ് 6)
ഉപാധികളെ അവലംബിക്കുമ്പോഴും യഥാർത്ഥ അനുഗ്രഹദാതാവിനെ സ്മരിക്കുക
ഖലീഫ തിരുമനസ്സ് (അബി) വാഗ്ദത്ത മസീഹിനെ (അ) ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു:
“രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കുന്നതിനെക്കുറിച്ചുള്ള എന്റെ വിശ്വാസം എന്റെ ഹൃദയത്തിൽ എത്രത്തോളമുണ്ടെന്നാൽ അതെനിക്ക് പ്രകടിപ്പിക്കാൻ സാധിക്കുകയില്ല. ഒരു വൈദ്യൻ പരമാവധി ശ്രമിക്കുകയും ഒരു ഘട്ടത്തിൽ എത്തിയാൽ നിർത്തി നിരാശനാകുകയും ചെയ്യുന്നു. എന്നാൽ പ്രാർത്ഥനയിലൂടെ ദൈവം അതിനപ്പുറവും വഴികൾ തുറക്കുന്നു. ദൈവത്തെ അറിയുക എന്നതിനും ദൈവത്തിൽ ആശ്രയിക്കുക എന്നതിനുമർത്ഥം ആളുകൾ നിശ്ചയിച്ചിട്ടുള്ള അതിരുകൾക്കപ്പുറം പ്രതീക്ഷകളും പ്രത്യാശകളും ഉണ്ടായിരിക്കുക എന്നതാണ്. അല്ലാത്തപക്ഷം ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ അവസ്ഥയിൽ മരിക്കുന്നു. ഇവിടെ നിന്നാണ് അല്ലാഹുവിനെ തിരിച്ചറിയൽ ആരംഭിക്കുന്നത്.” (മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 7, പേജ് 244)
ആവശ്യമായതും ലഭ്യമായതുമായ എന്ത് മാർഗ്ഗങ്ങളും ഒരാൾ ഉപയോഗിക്കണമെന്ന് വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു. എന്നാൽ ആ മാർഗ്ഗങ്ങളിൽ വിശ്വാസം അർപ്പിക്കാതിരിക്കുക എന്നതിലാണ് വ്യത്യാസം. വിശ്വാസം പൂർണ്ണമായും ദൈവത്തിലായിരിക്കണം. ഏത് മാർഗ്ഗങ്ങളെയും ഉപയോഗപ്രദവും ഫലപ്രദവുമാക്കുന്നത് അവനാണെന്ന വസ്തുതയിലുമായിരിക്കണം വിശ്വാസം. പ്ലേഗ് പടർന്നപ്പോഴെല്ലാം വാഗ്ദത്ത മസീഹ് (അ) വീട് വൃത്തിയാക്കുകയും പുകയിടുകയും ലഭ്യമായ മാർഗ്ഗങ്ങളും മറ്റ് ചികിത്സകളും സ്വീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം നൽകുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അവ നൽകിയതിന് ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കലാണെന്ന് അദ്ദേഹം വിശദീകരിക്കുമായിരുന്നു. ആ മാർഗ്ഗങ്ങൾ ഉപയോഗിച്ചതിന് ശേഷമാണ് ദൈവം ആ മാർഗ്ഗങ്ങൾ പ്രയോജനപ്രദമാക്കുമെന്ന വിശ്വാസം ഒരാൾ അല്ലാഹുവിൽ അർപ്പിക്കേണ്ടത്.
വാഗ്ദത്ത മസീഹ് (അ) മരണപ്പെടുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് കഠിനമായ ചുമ പിടിപെട്ടിരുന്നു. അദ്ദേഹത്തിനുള്ള മരുന്ന് കൊണ്ടുവരേണ്ട ചുമതല ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദിനായിരുന്നു (റ). വാഗ്ദത്ത മസീഹിന് (അ) ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം ശ്രമിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ചുമ അതികഠിനമാകുകയും അദ്ദേഹത്തിന് ശ്വസിക്കാൻ പ്രയാസമുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ഒരാൾ വാഗ്ദത്ത മസീഹിന് (അ) സമ്മാനമായി കുറച്ച് പഴങ്ങൾ കൊണ്ടുവന്നു. ആ പഴങ്ങളിൽ നിന്ന് വാഗ്ദത്ത മസീഹ് (അ) ഒരു പഴം എടുത്തു. ‘ചുമയുള്ളപ്പോൾ പഴം കഴിക്കുന്നത് എങ്ങനെയുണ്ടാകും?’ എന്ന് വാഗ്ദത്ത മസീഹ് (അ) ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദിനോട് (റ) ചോദിച്ചു. അത് ഉചിതമല്ലെന്ന് അദ്ദേഹം മറുപടി നൽകി. വാഗ്ദത്ത മസീഹ് (അ) പുഞ്ചിരിച്ചുകൊണ്ട് പഴം തൊലികളഞ്ഞ് കഴിക്കാൻ തുടങ്ങി. അദ്ദേഹം അത് കഴിക്കരുതെന്ന് ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) നിർബന്ധം പിടിച്ചു. എങ്കിലും വാഗ്ദത്ത മസീഹ് (അ) അത് കഴിക്കുന്നത് തുടരുകയും തന്റെ ചുമ ഭേദമായതായി ദൈവം തനിക്ക് വെളിപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. ആ നിമിഷം അദ്ദേഹത്തിന്റെ ചുമ സുഖപ്പെട്ടു. അദ്ദേഹം ഒരു മാസമായി ചുമയ്ക്ക് മരുന്ന് കഴിച്ചിട്ടും പ്രയോജനമുണ്ടായിരുന്നില്ല. എന്നിട്ടും ആ പഴം കഴിച്ചതോടെ അദ്ദേഹത്തിന്റെ ചുമ മാറി. ആത്യന്തികമായി ഇത്തരം കാര്യങ്ങൾ പൂർണ്ണമായും ദൈവത്തിന്റെ കൈകളിലാണെന്ന് ഈ ഉദാഹരണം കാണിച്ചുതരുന്നു.
ഈ വിഷയത്തെക്കുറിച്ച് തുടർന്നും പറയുന്നതാണെന്ന് ഖലീഫ തിരുമനസ്സ് (അബി) പറഞ്ഞു.
ജനാസ നമസ്കാരങ്ങൾ
താഴെ പറയുന്നവരുടെ ജനാസ ഗായബ് നമസ്കാരത്തിന് താൻ നേതൃത്വം നൽകുന്നതാണെന്ന് ഖലീഫ തിരുമനസ്സ് (അബി) പറഞ്ഞു:
ഇന്ത്യയിലെ മുഹമ്മദ് അതാഉർ റഹ്മാൻ സാഹിബ്. ഭാര്യയും ഒരു മകളും മൂന്ന് ആൺ മക്കളുമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ മക്കളിലൊരാളായ ഹഫീസുർ റഹ്മാൻ ബോസ്നിയയിൽ സേവനമനുഷ്ഠിക്കുന്ന ഒരു മിഷണറിയാണ്. സേവനരംഗത്തായതിനാൽ അദ്ദേഹത്തിന് പിതാവിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റ് നിരവധി വഖ്ഫെ സിന്ദഗികളും (ജീവിതം സമർപ്പിച്ചവർ) കുടുംബത്തിലുണ്ട്. അഹ്‌മദിയ്യത്ത് സ്വീകരിച്ച സമയത്ത് പരേതന്റെ കുടുംബം വലിയ എതിർപ്പുകളും ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. ഭൗതികമായ ജോലികൾക്കിടയിലും അദ്ദേഹം ജമാഅത്തിന്റെ സേവനത്തിനായി സമർപ്പിതനായി തുടർന്നു. അദ്ദേഹം ഖാദിയാനിലേക്ക് യാത്ര ചെയ്യുകയും അവിടെ പഠനങ്ങൾ നടത്തുകയും വിവിധ സേവനങ്ങൾ ചെയ്യുകയും ചെയ്യുമായിരുന്നു. വിശുദ്ധ ഖുർആനെ സ്നേഹിച്ചിരുന്ന അദ്ദേഹം അതിലെ അധ്യാപനങ്ങൾ പിന്തുടരാൻ പരിശ്രമിച്ചു. ഇസ്‌ലാം അഹ്‌മദിയ്യത്തിന്റെ സന്ദേശം നാനാഭാഗത്തും പ്രചരിപ്പിക്കാനും ജമാഅത്തിന്റെ വിവിധ ശാഖകൾ സ്ഥാപിക്കാൻ സഹായിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജമാഅത്തിന്റെ സേവനത്തിനായും ജമാഅത്തിന്റെ ഫണ്ടുകൾ ലാഭിക്കാനായും അദ്ദേഹം സ്വന്തം നിലയിൽ സാമ്പത്തിക ത്യാഗങ്ങൾ ചെയ്യുമായിരുന്നു. നാലാം ഖലീഫയും (റഹ്) അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചിരുന്നു. ദീർഘകാലമായി ബന്ധം നിലനിർത്തി വരുന്ന ഒരാളുടെ വീട്ടിലേക്ക് അദ്ദേഹത്തെ ഒരിക്കൽ ക്ഷണിക്കുകയുണ്ടായി. അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ വാഗ്ദത്ത മസീഹിനെതിരെ (അ) പരിഹാസരൂപേണ ഒരു വാചകം പറഞ്ഞു. മറ്റാരെയും വകവെക്കാതെ അദ്ദേഹം ഉടൻ തന്നെ ആ സദസ്സിൽ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹം എപ്പോഴും തന്റെ വിശ്വാസം ദൈവത്തിലർപ്പിക്കുകയും നബിതിരുമേനിയുടെയും (സ) വാഗ്ദത്ത മസീഹിന്റെയും (അ) ദൗത്യത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഖിലാഫത്തിനോട് അനുസരണയുള്ള ആളായിരുന്ന അദ്ദേഹം നിരവധി സദ്ഗുണങ്ങൾ ഉള്ള വ്യക്തിയായിരുന്നു. ദൈവം അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫ തിരുമനസ്സ് (അബി) പ്രാർത്ഥിച്ചു.
ഇന്തോനേഷ്യയിലെ ഖദീജ സിദ്ദീഖ പൊന്റോ സാഹിബ. അവർക്ക് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. മുമ്പ് ഇന്തോനേഷ്യയിലെ അഹ്‌മദിയ്യ വനിതാ ഉപസംഘടനയുടെ (ലജ്‌ന ഇമാഇല്ല) നാഷണൽ പ്രസിഡന്റായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമാഅത്തിനെ സേവിക്കുന്നതിൽ അവർക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ഖിലാഫത്തിനോട് ആഴത്തിലുള്ള സ്നേഹമുണ്ടായിരുന്ന അവർ എപ്പോഴും അനുസരണയുള്ളവരായിരുന്നു. ദയാലുവും അനുകമ്പയുമുള്ള അവർ എല്ലാവരോടും ഒരേ രീതിയിലാണ് പെരുമാറിയിരുന്നത്. ഏത് പദവിയിൽ സേവനമനുഷ്ഠിക്കുമ്പോഴും മറ്റുള്ളവരുമായി കൂടിയാലോചിക്കുന്നതിന് അവർ എപ്പോഴും വലിയ പ്രാധാന്യം നൽകുകയും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാതിരിക്കുകയും ചെയ്തു. ബന്ധുക്കളോട് വളരെ ദയയോടെ പെരുമാറിയിരുന്ന അവർ അച്ചടക്കമുള്ളവരും ആയിരുന്നു. കുടുംബത്തിൽ ഒരു മിഷണറി ഉണ്ടായിരുന്ന അവർക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ജമാഅത്തിനോടുള്ള ബഹുമാനം കൊണ്ടും മിഷനറിമാരോട് കാണിക്കേണ്ട വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്താനും ആണ് താൻ അദ്ദേഹത്തോട് ഇത്രയും ബഹുമാനം കാണിക്കുന്നതെന്ന് അവർ വിശദീകരിച്ചു. വളരെ ആത്മാർത്ഥതയുള്ളവരും ജമാഅത്ത് സേവനത്തിനായി സമർപ്പിതയായിട്ടാണ് താൻ അവരെ കണ്ടിട്ടുള്ളതെന്ന് ഖലീഫ തിരുമനസ്സ് (അബി) സാക്ഷ്യപ്പെടുത്തി. അല്ലാഹു അവരോട് കരുണ കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ഇന്തോനേഷ്യയിലെ അബ്ദുൽ ജലീൽ സാഹിബ്. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഇസ്‌ലാം അഹ്‌മദിയ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നു. വർഷങ്ങളോളം അദ്ദേഹത്തിന്റെ വീട് വെള്ളിയാഴ്ച നമസ്കാരം നിർവഹിക്കുന്നതിനുള്ള ഒരു കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. ഒരിക്കൽ എതിർപ്പുകളുടെ ഫലമായി, തന്റെ വിശ്വാസത്തിന്റെ പേരിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ജയിലിലായിരുന്നപ്പോൾ നമസ്കരിക്കാൻ സ്ഥലം കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടി. എങ്കിലും, അഹ്‌മദിയ്യത്തിന്റെ സന്ദേശം പ്രബോധനം ചെയ്യുന്നത് അദ്ദേഹം തുടർന്നു. ഒടുവിൽ ഒരു കാവൽക്കാരന് സഹതാപം തോന്നുകയും നമസ്കരിക്കാൻ ഉപയോഗിക്കാൻ കുറച്ച് പത്രങ്ങൾ നൽകുകയും ചെയ്തു. എപ്പോഴും സേവന സന്നദ്ധനായിരുന്ന അദ്ദേഹം മിഷണറിമാരോട് ബഹുമാനം കാണിച്ചിരുന്നു. സ്വന്തം മക്കളുടെ ശിക്ഷണത്തിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചുറ്റുമുള്ളവർ അദ്ദേഹത്തെ ഒരു മാതൃകാ വ്യക്തിയായാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രബോധന ശ്രമങ്ങളിലൂടെയാണ് ഇന്തോനേഷ്യയിൽ ജമാഅത്തിന്റെ പുതിയൊരു ശാഖ സ്ഥാപിതമായത്. പള്ളി പണിയുന്നതിനായി അദ്ദേഹം ഒരു സ്ഥലവും ജമാഅത്തിന്റെ പേരിൽ അർപ്പിച്ചു. നിർബന്ധ നമസ്കാരങ്ങളും ഐച്ഛിക നമസ്കാരങ്ങളും അദ്ദേഹം പതിവായി നിർവഹിച്ചിരുന്നു. സാമ്പത്തിക ത്യാഗങ്ങൾ നൽകുന്നതിലും അദ്ദേഹം കൃത്യത പാലിച്ചിരുന്നു. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഖലീഫ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പ്രാർത്ഥിച്ചു.
0 Comments