അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 13 ഫെബ്രുവരി 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഖലീഫത്തുൽ മസീഹ് അഞ്ചാമൻ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു) പ്രസ്താവിച്ചു, ഈ കാലഘട്ടത്തിൽ നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടരുന്നതിൽ നമുക്കുള്ള ഏറ്റവും വലിയ ഉദാഹരണം അവിടുത്തെ പരമഭക്തനായ വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ് (അ) ആണെന്ന് മുൻ ഖുത്ബകളിൽ നബിതിരുമേനി ﷺ യുടെ ഭക്തിയെയും ആരാധനയെയും കുറിച്ച് ഞാൻ വിവരിച്ചിരുന്നു. ഇന്നത്തെ ഖുത്ബയിൽ തന്റെ യജമാനനായ നബിതിരുമേനി ﷺ യെ പിന്തുടർന്ന് വാഗ്ദത്ത മസീഹ് (അ) എങ്ങനെയാണ് ദൈവത്തെ ആരാധിച്ചിരുന്നത് എന്നതിനെക്കുറിച്ചുള്ള സംഭവങ്ങൾ വിവരിക്കുന്നതാണ്.
നബിതിരുമേനി ﷺ യുടെ മാതൃകയിൽ പൂർണമായും യോജിച്ച ആരാധന
ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധനാരീതി തികച്ചും നബിതിരുമേനി ﷺ യുടെ ചര്യകൾ (സുന്നത്ത്) അനുസരിച്ചായിരുന്നു. അദ്ദേഹം പുതിയ ആചാരങ്ങളോ മറ്റുള്ളവരെപ്പോലെ വിചിത്രമായ രീതികളോ സ്വീകരിച്ചിരുന്നില്ല. അദ്ദേഹം സന്ന്യാസമോ ഐഹിക ലോകത്ത് നിന്നുള്ള പൂർണമായ പിന്മാറ്റമോ സ്വീകരിച്ചിരുന്നില്ല. മറിച്ച് നബിതിരുമേനി ﷺ കാണിച്ചുതന്ന അതേ മാതൃകയിൽ ദൈവത്തെ ആരാധിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
ദിവ്യപ്രേരണയാലുള്ള നോമ്പുകളും അതിലെ അനുഗ്രഹങ്ങളും
വാഗ്ദത്ത മസീഹ് (അ) ഇപ്രകാരം എഴുതുന്നു:
”ഞാൻ ഒരിക്കലും കഠിനമായ ശാരീരിക പീഡനങ്ങളോ സമകാലികരായ ചില സൂഫികളെപ്പോലെ കഠിനമായ അഭ്യാസങ്ങളോ ചെയ്തിട്ടില്ല. നബിതിരുമേനി ﷺ യുടെ ചര്യകൾക്ക് വിരുദ്ധമായോ അല്ലാഹുവിന്റെ കല്പനകൾക്ക് എതിരായോ ഉള്ള സന്ന്യാസ രീതികളൊന്നും ഞാൻ സ്വീകരിച്ചിട്ടില്ല. പുതിയ ആചാരങ്ങൾ മതത്തിൽ കൊണ്ടുവരുന്നവരോട് എനിക്ക് എപ്പോഴും വെറുപ്പായിരുന്നു. എന്നിരുന്നാലും, എന്റെ പിതാവിന്റെ മരണം അടുത്ത സമയത്ത് ഒരു സ്വപ്നത്തിലൂടെ ലഭിച്ച നിർദേശപ്രകാരമാണ് ഞാൻ നോമ്പ് നോൽക്കാൻ തുടങ്ങിയത്. ആത്മീയ പ്രകാശം ആകർഷിക്കുന്നതിനായി നബിതിരുമേനി ﷺ യുടെ കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് ചില ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കാൻ ഒരു പുണ്യപുരുഷൻ സ്വപ്നത്തിൽ എന്നോട് നിർദ്ദേശിച്ചു.”
അദ്ദേഹം തന്റെ നോമ്പിന്റെ വിവരം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു. വീട്ടിൽ നിന്ന് വരുന്ന ഭക്ഷണം അദ്ദേഹം അനാഥ കുട്ടികൾക്ക് നല്കുകയും രഹസ്യമായി നോമ്പ് നോൽക്കുകയും ചെയ്തു. ക്രമേണ അദ്ദേഹം ഭക്ഷണത്തിന്റെ അളവ് കുറച്ചു. ദിവസം ഒരു ചപ്പാത്തി എന്ന നിലയിലാക്കി. പിന്നീട് 24 മണിക്കൂറിൽ ഏതാനും ഔൺസ് ഭക്ഷണം മാത്രമാക്കി. എട്ട്-ഒമ്പത് മാസത്തോളം ഈ രീതി തുടർന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് അനേകം ആത്മീയ ദർശനങ്ങൾ ലഭിച്ചു. ഉണർന്നിരിക്കുന്ന അവസ്ഥയിൽ തന്നെ നബിതിരുമേനി ﷺ യെയും ഹദ്റത്ത് ഹസൻ (റ), ഹുസൈൻ (റ), അലി (റ), ഫാത്തിമ (റ) എന്നിവരെയും അദ്ദേഹം കണ്ടു. ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ചുവപ്പ്, പച്ച, വെളുപ്പ് നിറങ്ങളിലുള്ള പ്രകാശ സ്തംഭങ്ങൾ അദ്ദേഹം ദർശിച്ചു. ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ പ്രതീകമാണെന്നും, ഹൃദയത്തിൽ നിന്ന് ഒരു പ്രകാശം ഉയരുകയും മുകളിൽ നിന്ന് മറ്റൊരു പ്രകാശം ഇറങ്ങിവരികയും ചെയ്താണ് പ്രകാശസ്തംഭങ്ങൾ രൂപപ്പെടുന്നതെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ ദൈവത്തിൽ നിന്ന് പ്രത്യേക നിർദേശം ലഭിക്കാതെ ഇത്തരം കഠിനമായ പ്രവൃത്തികൾക്ക് മുതിരുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം അനുയായികൾക്ക് മുന്നറിയിപ്പ് നല്കി.
ആരാധനയിലെ മധ്യപാത
ദൈവത്തോടുള്ള കടമകളും മനുഷ്യരോടുള്ള കടമകളും ഒരുപോലെ നിറവേറ്റുന്ന മധ്യപാതയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനാവശ്യമായ ശാരീരിക പീഡനങ്ങളിലൂടെയല്ല, മറിച്ച് നബിതിരുമേനി ﷺ സ്ഥാപിച്ച അടിസ്ഥാന രീതിയിൽ തുടങ്ങി സാവധാനം പുരോഗതി കൈവരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.
ബാല്യകാലം മുതലുള്ള ഭക്തി
വളരെ ചെറിയ പ്രായത്തിൽ തന്നെ വാഗ്ദത്ത മസീഹ് (അ) ആരാധനയിൽ താല്പര്യം കാണിച്ചിരുന്നു. ഒരിക്കൽ കുട്ടിയായിരിക്കുമ്പോൾ അദ്ദേഹം വീണ് ബോധരഹിതനായി. അല്പം കഴിഞ്ഞ് ബോധം തിരികെ വന്നപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് “നമസ്കാരത്തിന് സമയമായോ?” എന്നായിരുന്നു.
ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചുള്ള നോമ്പ്
വാഗ്ദത്ത മസീഹ് (അ) ൻ്റെ നോമ്പ് നബിതിരുമേനി ﷺ പഠിപ്പിച്ച ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് അനുസൃതമായിരുന്നു. നോമ്പിന് മുമ്പുള്ള അത്താഴത്തിന്റെ കാര്യത്തിൽ, വാഗ്ദത്ത മസീഹ് (അ) ചിലപ്പോൾ ബാങ്ക് വിളി അവസാനിക്കുന്നത് വരെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം ഈ ഭക്ഷണം ബാങ്ക് വിളിയുമായി മാത്രം പരിമിതപ്പെടുത്തിയില്ല; കാരണം, യഥാർത്ഥത്തിൽ അത്താഴം അവസാനിപ്പിക്കേണ്ട സമയം പ്രഭാതോദയവുമായി (ഫജർ സമയം) ബന്ധപ്പെട്ടതാണ്, അല്ലാതെ ബാങ്ക് വിളിയുമായല്ല. പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പ് തന്നെ ചിലപ്പോൾ ബാങ്ക് വിളിക്കാൻ സാധ്യതയുണ്ട് എന്നതായിരുന്നു ഇതിന് കാരണം. ഇതേ കാരണത്താൽ തന്നെ, ഒരാൾ തന്റെ അത്താഴ സമയം ഹദ്റത്ത് ബിലാൽ (റ) ബാങ്ക് വിളിക്കുന്ന സമയവുമായി ബന്ധിപ്പിക്കരുത് എന്ന് നബിതിരുമേനി ﷺ ഒരിക്കൽ അരുളിയിട്ടുണ്ട്. അങ്ങനെ, ഇസ്‌ലാം പഠിപ്പിച്ചതും നബിതിരുമേനി ﷺ മാതൃക കാട്ടിയതുമായ അതേ ചര്യ തന്നെ വാഗ്ദത്ത മസീഹ് (അ) നിലനിർത്തി
റമദാൻ ആരംഭിക്കാനിരിക്കെ, നാം സ്വീകരിക്കേണ്ട രീതി ഇതാണ്. ഇന്ന്, പ്രഭാതോദയത്തിന്റെ കൃത്യമായ സമയം നിർണയിക്കാൻ പുതിയ ആധുനിക രീതികളുണ്ട്, അത് ഈ കാര്യത്തിൽ കൃത്യത പാലിക്കാൻ നമ്മെ സഹായിക്കുന്നു. അതേസമയം, പ്രഭാതം ആയോ എന്ന് നോക്കി അശ്രദ്ധമായി അത്താഴം നീട്ടിക്കൊണ്ടു പോകുകയും ചെയ്യരുത്. ജമാഅത്തിൽ ബാങ്ക് വിളിക്കുന്ന സമയം വളരെ കൃത്യമായി കണക്കാക്കിയതാണ്. ഈ കാലഘട്ടം ഏറെ പുരോഗമിച്ചതിനാൽ സമയക്രമത്തിൽ തെറ്റുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ, നോമ്പ് തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനുമായി ജമാഅത്ത് തയ്യാറാക്കിയിട്ടുള്ള സമയക്രമ പട്ടിക തന്നെ പിന്തുടരണം.
പ്രാർത്ഥനയിലെ ഏകാഗ്രത
ആരാധനയിൽ ഏകാഗ്രത വളർത്തുന്നത് സംബന്ധിച്ച് ഒരു മദ്യപാനിയെ കണ്ട സംഭവം അദ്ദേഹം വിവരിച്ചു. മത്ത് പിടിക്കുന്നത് വരെ വീണ്ടും വീണ്ടും കുടിക്കുന്ന മദ്യപാനിയെപ്പോലെ, ഹൃദയത്തിൽ ദൈവസ്നേഹത്തിന്റെ ആവേശം നിറയുന്നത് വരെ താൻ ആരാധനയിൽ തുടരുമെന്ന് അദ്ദേഹം നിശ്ചയിച്ചു.
ജമാഅത്ത് നമസ്കാരം
പള്ളിയിൽ വരാൻ കഴിയാത്തവർ വീട്ടിലാണെങ്കിൽ പോലും കുടുംബത്തോടൊപ്പം ജമാഅത്തായി നമസ്കരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. താൻ ശാരീരികമായി അസ്വസ്ഥനായിരിക്കുമ്പോൾ പോലും പള്ളിയിൽ പോയി നമസ്കരിക്കാൻ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. “ജമാഅത്തായി നമസ്കരിക്കാൻ കഴിയാത്തതിനേക്കാൾ ദുഃഖകരമായി മറ്റൊന്നുമില്ല” എന്ന് അദ്ദേഹം പറയുമായിരുന്നു.
വിശുദ്ധ ഖുർആനോടുള്ള സ്നേഹം
14-15 വയസ്സ് മുതൽ അദ്ദേഹം ഖുർആൻ ആഴത്തിൽ പഠിക്കുകയും അതിന്റെ മാർജിനുകളിൽ കുറിപ്പുകൾ എഴുതുകയും ചെയ്തിരുന്നു. അല്ലാഹുവിനെ ആരാധിക്കാനുള്ള കഴിവ് ലഭിക്കാനായി തനിക്ക് വേണ്ടി ദുആ ചെയ്യാൻ അദ്ദേഹം സഹപാഠികളോട് ആവശ്യപ്പെടുമായിരുന്നു.
യാചകന്റെ വഴി
ഒരിക്കൽ ദീർഘനേരം ജനാസ നമസ്കാരം നയിച്ച ശേഷം മടുപ്പ് തോന്നുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നാം ദൈവത്തിന്റെ മുന്നിലെ യാചകരാണ്. എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുള്ളപ്പോൾ ഒരു യാചകൻ ആ ഇടം വിട്ടുപോവുമോ? നമ്മുടെ ദൈവം ഏറ്റവും സ്നേഹമുള്ളവനും കരുണയുള്ളവനുമാണ്.”
വാഗ്ദത്ത മസീഹ് (അ) കാണിച്ചുതന്ന രീതിയിൽ നമസ്കാരങ്ങൾ അർപ്പിക്കാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ എന്ന് ഹുസൂർ ദുആ ചെയ്തു.
ജനാസ നമസ്കാരം
താഴെ പറയുന്നവർക്കായി ഹുദൂർ തിരുമനസ്സ് ജനാസ ഗാഇബ് നമസ്കാരവും ദുആയും നയിച്ചു:
1. അമത്തുൽ ശരീഫ് സാഹിബ
നാരോവാളിലെ മഹ്‌മൂദ് അഹ്‌മദ് ബട്ടിന്റെ പത്നിയാണവർ. ഭർത്താവും ആറ് ആൺമക്കളും നാല് പെൺമക്കളുമടങ്ങുന്നതാണ് അവരുടെ കുടുംബം. അവരുടെ മക്കളിൽ ഒരാളായ ആസിം മഹ്‌മൂദ് ബട്ട് തൻസാനിയയിൽ മിഷണറിയായി സേവനമനുഷ്ഠിക്കുന്നു. സേവനരംഗത്തായതിനാൽ അദ്ദേഹത്തിന് മാതാവിന്റെ ജനാസ നമസ്കാരത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. തന്റെ മാതാവിന് അനേകം ഉന്നതമായ ഗുണങ്ങളുണ്ടായിരുന്നുവെന്നും, അതിൽ പ്രധാനം ദൈവവുമായുള്ള ആത്മബന്ധമായിരുന്നുവെന്നും അദ്ദേഹം എഴുതി. ഇതിന്റെ ഫലമായി അവർ സത്യസ്വപ്നങ്ങൾ ദർശിക്കാറുണ്ടായിരുന്നു. വിശുദ്ധ ഖുർആനോട് അങ്ങേയറ്റം ഭക്തി പുലർത്തിയിരുന്ന അവർ ഒട്ടേറെ കുട്ടികളെ ഖുർആൻ പഠിപ്പിച്ചു. ഖുർആന്റെ വലിയൊരു ഭാഗം അവർ മനഃപാഠമാക്കിയിരുന്നു. വാഗ്ദത്ത മസീഹ് (അ) ൻ്റെ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ അവർ സദാ വ്യാപൃതയായിരുന്നു. കൂടാതെ വാഗ്ദത്ത മസീഹ് (അ) ൻ്റെ കവിതകളോടും അവർക്ക് വലിയ താല്പര്യമായിരുന്നു. അല്ലാഹു അവർക്ക് പാപമോചനവും കാരുണ്യവും നൽകട്ടെയെന്നും അവരുടെ സന്തതിപരമ്പരകൾക്ക് വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കട്ടെയെന്നും ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു.
2. ശൈഖ് ബഷീർ അഹ്‌മദ് സാഹിബ്
ലാഹോർ സ്വദേശിയാണ്. മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. നമസ്കാരത്തിൽ അതീവ കൃത്യനിഷ്ഠയുള്ളയാളും ഉന്നതമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ലോക്കൽ പ്രസിഡന്റ് ഉൾപ്പെടെ ജമാഅത്തിന്റെ വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. പള്ളികൾ നിർമ്മിക്കുന്നതിനും ജമാഅത്തിനായി വസ്തുവകകൾ സമ്പാദിക്കുന്നതിനും അദ്ദേഹം വലിയ സേവനങ്ങൾ നൽകി. ഖിലാഫത്തിനോട് അഗാധമായ സ്നേഹം പുലർത്തിയിരുന്ന അദ്ദേഹം തന്റെ കുടുംബത്തിലും ആ ആവേശം വളർത്തിക്കൊണ്ടുവന്നു. അദ്ദേഹം മറ്റുള്ളവരോട് അങ്ങേയറ്റം വിനയത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ഹുസൂർ തിരുമനസ്സ് സാക്ഷ്യപ്പെടുത്തി. എല്ലാ ദിവസവും രാവിലെ അദ്ദേഹം ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുമായിരുന്നു, ഇത് മക്കൾക്ക് ഒരു വലിയ പാഠമായിരുന്നു. ഒരു ബിസിനസുകാരനായിരുന്നിട്ടും അദ്ദേഹം ഐഹിക കാര്യങ്ങളിൽ മുഴുകിയിരുന്നില്ല, പകരം തന്റെ മക്കൾക്ക് മതവിശ്വാസം പഠിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നല്കട്ടെ എന്ന് ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു.








0 Comments