വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 20 മാർച്ച് 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ (അയ്യദഹുല്ലാഹ് തആലാ) താൻ ഇന്ന് രാവിലെ ഈദ് പ്രഭാഷണം നിർവ്വഹിച്ച കാര്യവും, അതിനാൽ ഇപ്പോൾ ചുരുങ്ങിയ രീതിയിലുള്ള ഒരു വെള്ളിയാഴ്ച പ്രഭാഷണമാണ് നൽകുന്നതെന്നും പ്രസ്താവിച്ചു. ഇതിനായി നാം എപ്പോഴും ശ്രദ്ധിച്ചിരിക്കേണ്ട വാഗ്ദത്ത മസീഹിന്‍റെ (അ) ഒരു ഉദ്ധരണിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

സത്യവിശ്വാസിക്ക് ഭൗതികലോകത്തെ വലിയ ബന്ധങ്ങൾ യഥാർത്ഥത്തിൽ അവർക്ക് ഉന്നതമായ പദവികൾ കൈവരിക്കാനുള്ള മാർഗ്ഗമാണെന്ന് വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചിട്ടുണ്ട്. കാരണം, അവരുടെ അന്തിമ ലക്ഷ്യം എപ്പോഴും വിശ്വാസമായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ലൗകിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നത് കേവലം വിശ്വാസത്തിന് വേണ്ടിയാണ്. ഇതാണ് ഒരു വിശ്വാസിയുടെ സവിശേഷത. അതിനാൽ, ദുനിയാവ് നേടിയെടുക്കുക എന്നത് അവസാന ലക്ഷ്യമാകരുത്, മറിച്ച് ലൗകിക മാർഗ്ഗങ്ങളെ വിശ്വാസത്തിന് വിധേയമായി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം. അതിനാൽ, ലക്ഷ്യം അന്തിമമായി തന്‍റെ വിശ്വാസത്തിന് വേണ്ടിയുള്ളതും ഉത്തമമായൊരു പരലോകം നേടിയെടുക്കുന്നതിനുമാണെങ്കിൽ, ഭൗതിക സ്വത്ത് സമ്പാദിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് അയാളെ വിശ്വാസത്തിൽ (ദീൻ) നിന്ന് അകറ്റാൻ കാരണമാകരുത്, മറിച്ച് അതെല്ലാം വിശ്വാസത്തെ സേവിക്കുന്നതിനുള്ള ഒരു സഹായവും ഉത്തേജനവുമായിരിക്കണം എന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു. ഒരാൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഒരു മൃഗത്തെയോ വാഹനത്തെയോ ഉപയോഗിക്കുമ്പോൾ അയാളുടെ ലക്ഷ്യം ആ മൃഗമോ വാഹനമോ അല്ല, മറിച്ച് തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്നതാണ്. അതുപോലെതന്നെ വേണം ഒരാൾ ഈ ലോകത്തെയും അതിൽ നിന്ന് താൻ സമ്പാദിക്കുന്നതിനെയും കരുതേണ്ടത്.

വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന “ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് ഈ ലോകത്ത് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.” (വിശുദ്ധ ഖുർആൻ, 2:202) എന്ന പ്രാർത്ഥനയെ ഉദ്ദരിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) പറയുന്നു:

ഈ പ്രാർത്ഥനയിൽ ‘ഭൗതികലോകത്തെ’ (ദുനിയാവ്) കുറിച്ച് ആദ്യം പരാമർശിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ഇതിൽ ‘ഈ ലോകത്തെ നന്മയെ’ കുറിച്ചാണ് പ്രത്യേകം പറയുന്നത്. അതായത്, പരലോകത്തെ നന്മയിലേക്ക് നയിക്കുന്ന ഈ ലോകത്തെ കാര്യങ്ങൾ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരാൾ ഭൗതികലോകത്ത് പൂർണ്ണമായും മുഴുകിപ്പോയാൽ അയാൾക്ക് പരലോകത്ത് നന്മ കൈവരിക്കാൻ സാധിക്കില്ല. അതിനാൽ, ഈ ലോകത്തുള്ളവ നേടിയെടുക്കാൻ പരിശ്രമിക്കുമ്പോൾ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ചട്ടക്കൂടും മാനസികാവസ്ഥയും ഈ പ്രാർത്ഥന നൽകുന്നു; അതായത് പരലോകത്തെ നന്മ കൈവരിക്കുന്നതിന് സഹായകമായ രീതിയിൽ വേണം ഈ ലോകത്തെ കാര്യങ്ങൾ ചെയ്യേണ്ടത്.

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം എന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു: ഒരാൾ സമ്പാദിക്കുന്ന ധനം തന്‍റെ കുടുംബത്തിനോ അടുത്ത ബന്ധുക്കൾക്കോ ദോഷകരമാകാനോ അവർക്ക് അപമാനമുണ്ടാക്കാനോ കാരണമാകരുത്.
സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതും, രാഷ്ട്രങ്ങൾ മാനവികതയെക്കാൾ ഉപരിയായി സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഇന്നത്തെ ലോകത്ത്, എല്ലാവിധ വിപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനായി ഈ ലോകത്തെയും പരലോകത്തെയും നന്മയ്ക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിൽ നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

ലോകം വിനാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. സർവ്വശക്തനായ അല്ലാഹു നമ്മെയെല്ലാം ഇതിൽ നിന്ന് സംരക്ഷിക്കട്ടെ. നമ്മുടെ കർമ്മങ്ങൾ മെച്ചപ്പെടുത്താനും യഥാർത്ഥ അർത്ഥത്തിൽ അല്ലാഹുവിനെ ആരാധിക്കാനും അവൻ നമ്മെ അനുഗ്രഹിക്കട്ടെ, അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതും നന്മയിലേക്ക് നയിക്കുന്നതുമായ പ്രാർത്ഥനകൾ നിർവ്വഹിക്കാൻ നമുക്ക് സാധിക്കട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

മറ്റ് ലേഖനങ്ങള്‍