പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫ ഹദ്രത്ത് മിര്‍സാ താഹിര്‍ അഹ്മദ്(റഹ്)ന്‍റെ Absolute Justice, Kindness and Kinship എന്ന ഗ്രന്ഥത്തില്‍ നിന്ന്. അവലംബം: സത്യദൂതന്‍ ഡിസംബര്‍ 2022. വിവര്‍ത്തനം: ഏ എം മുഹമ്മദ് സലീം.
ജനുവരി 31, 2023
വാനലോകവുമായുള്ള ബന്ധം പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ മീസാന്‍ എന്ന സാങ്കേതിക പദമാണ് ഉപയോഗിക്കുന്നത്. അതിന്‍റെ അര്‍ഥം സന്തുലനം അല്ലെങ്കില്‍ സന്തുലനം സാധ്യമാകാന്‍ വേണ്ടി ഉപയോഗിക്കുന്ന എന്തെങ്കിലും ഉപാധികള്‍ എന്നാണ്. ഭൂമിക്കും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കുന്നത് അതേ കേവലക്രിയയില്‍ നിന്നും നിഷ്പന്നമായ മറ്റൊരു പദമാണ്. വസന്‍ (ഭാരം) എന്ന കേവലക്രിയയില്‍ നിന്നും നിഷ്പന്നമായതാണ് മീസാന്‍. മുകളില്‍ പ്രതിപാദിച്ചതിന്‍റെ രണ്ട് അര്‍ത്ഥവും മീസാന്‍ എന്ന പദത്തിന്‍റെ ലക്ഷ്യാര്‍ത്ഥത്തില്‍ നിന്നും ലഭിക്കും. അതേ ധാതുവില്‍ നിന്നും നിഷ്പന്നമാകുന്ന മൗസൂന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം എന്തെങ്കിലും ഒന്ന് പൂര്‍ണതോതില്‍ സന്തുലനാത്മകമായും അനുപാദത്തിലും നിര്‍മ്മിച്ചത് എന്നാണ്.
ഖുര്‍ആന്‍ ഒഴികെ ലോകത്ത് ഏതെങ്കിലും ഒരു ഗ്രന്ഥം ഇത്തരം സങ്കീര്‍ണമായ വിഷയം ഇത്രയും ലളിതമായി മഹിതമായ കല്പനാവൈഭവത്തോടെ അനായാസം ചര്‍ച്ച ചെയ്യുന്നുണ്ടോ? അക്കാദമികവും ശാസ്ത്രീയവുമായ അഗാധമായ വിഷയങ്ങള്‍ വളരെ ഒഴുക്കോടെ സരളമായ ശൈലിയില്‍ പ്രതിപാദിക്കുന്നത് തികച്ചും അത്ഭുതകരമാണ്….
ഭൂമി
ഭൂമിയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട സന്തുലനത്തിന്‍റെ തത്വങ്ങള്‍ വിവരിക്കാനായി വിശുദ്ധ ഖുര്‍ആന്‍ ചില വചനങ്ങള്‍ പ്രതിപാദിക്കുന്നു. ഉദാഹരണമായി:
“ഭൂമിയെ നാം വികസിപ്പിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുന്ന പര്‍വ്വതങ്ങളെ സ്ഥാപിക്കുകയും കൃത്യമായ അളവില്‍ എല്ലാ വസ്തുക്കളെയും അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.”[1]
വിശുദ്ധ ഖുര്‍ആനിലെ ഈ വചനം സൂചിപ്പിക്കുന്നത് ദൈവം ആകാശഭൂമികള്‍ സൃഷ്ടിച്ചത് സമ്പൂര്‍ണ്ണ സന്തുലനം പോലെയുള്ള തത്വത്തിന്‍റെ മേലെയാണ് എന്നാണ്. തുടര്‍ന്ന് ആകാശഭൂമിക്കിടയില്‍ സൃഷ്ടിക്കുന്നതെല്ലാം എന്താണോ അതെല്ലാം നീതിയുടെ തത്വങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. ആയതിനാല്‍ ദൈവം ഏറ്റവും ഉചിതമായി പ്രഖ്യാപിക്കുന്നത് ആകാശം ഒരു മീസാനും ഭൂമി മൗസൂനും ആയിരിക്കുക എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഭൂമി അത് സ്വയം തന്നെ സന്തുലീകരിക്കപ്പെടുകയില്ല, മറിച്ച് പുറമെ നിന്നും അത്യുന്നതമായ ഒരു തുലനീകരണ ശക്തിക്ക് ഭൂമി വിധേയമാവുന്നു എന്നാണ്.
മീസാന്‍ എന്നത് ആകാശീയമായ നീതിയുടെ തത്വങ്ങളുമായിട്ടാണ് ബന്ധപ്പെട്ട് നില്‍ക്കുന്നത്. മറ്റു വസ്തുക്കളിലും സന്തുലനം സൃഷ്ടിക്കാന്‍ അത് ഉപാധിയാകുന്നു എന്ന അര്‍ത്ഥധ്വനി ആ പദത്തിനുണ്ട്. ഭൂമിയില്‍ പാലിക്കപ്പെടുന്ന നീതിയുടെ തത്വം ഭൂമിയുടെ തന്നെ ആന്തരികമായ ഗുണത്തില്‍ നിന്നും ഉദ്ഭൂതമായതല്ല. അത് ആകാശത്ത് നിന്നും നല്‍കപ്പെട്ടതാണ്. ഇവിടെ നാം മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ് നയിക്കപ്പെടുന്നത്. ഭൂമിയിലെ എല്ലാ ഭൗതിക വസ്തുക്കളുടെയും അസ്തിത്വത്തിന്‍റെ മികവ് അതിന്‍റെ ആകാശീയമായ തത്വങ്ങളുടെ സാമജ്ഞ്യസത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതുപോലെ യഥാര്‍ത്ഥത്തില്‍ ആകാശീയമായ വ്യക്തിത്വങ്ങളാണ് ലോകത്തെ എല്ലാ കാര്യങ്ങളിലും നന്നായി നയിക്കാന്‍ ഏറെ പ്രാപ്തരായിട്ടുള്ളവര്‍ എന്ന് കരുതലാണ് വിവേകം.
“കൃത്യമായ അളവില്‍ നാം എല്ലാ വസ്തുക്കളെയും അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.”
ഭൂമിയില്‍ എല്ലാം മുളക്കുന്നത് പ്രകൃതിയിലെ പരമോന്നത കേവലനീതിയുടെ നിയമത്തിന്‍റെ സ്വാധീനത്തിലാണ്. അതിനെ പിന്തുടരുകയല്ലാതെ മറ്റു വഴികളില്ല. ഭൂമിയിലെ എല്ലാ വളര്‍ച്ചയും നിയന്ത്രിക്കുന്നത് പ്രകൃതിയിലെ ദിവ്യനിയമങ്ങളാണ് എന്ന് കാണപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ ‘നാം മുളപ്പിക്കുന്നു’ എന്ന് അര്‍ത്ഥം വരുന്ന അമ്പത്നാ എന്ന അറബി പദം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. സാധാരണയായി ഈ പദം സസ്യജാലങ്ങള്‍ വളരുന്ന പ്രതിഭാസത്തെ പരാമര്‍ശിക്കാനായി ഉപയോഗിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ശരിയല്ല. മനുഷ്യന്‍റെ ജനനത്തെയും വളര്‍ച്ചയേയും സംബന്ധിച്ചും പലപ്പോഴും ഈ പദം ഉപയോഗിക്കാറുണ്ട്. സൂറ: നൂഹ് 18-ാം വചനം നബാത്ത് എന്ന ഇതേ പദം മനുഷ്യന്‍റെ ഭൂമിയിലെ സൃഷ്ടിപ്പിനെ പറ്റിയും അതിന് ശേഷമുള്ള വികാസവളര്‍ച്ചയെ പറ്റിയും നേരിട്ട് തന്നെ ഉപയോഗിച്ചിട്ടുണ്ട്. വചനം ഇപ്രകാരമാണ്:
“നിങ്ങളെ അല്ലാഹു ഭൂമിയില്‍ നിന്ന് നല്ല നിലയില്‍ ഉത്പാദിപ്പിച്ച് വളര്‍ത്തിയിരിക്കുന്നു.”[2]
ഇവിടെ മനുഷ്യനെ അഭിസംബോധന ചെയ്തുകൊണ്ട് ദൈവം അസന്നിഗ്ദമായി പ്രസ്താവിക്കുന്നത് മനുഷ്യനെ ജനിപ്പിച്ച് വളര്‍ത്തിയ നബാത്ത് എന്ന പദം അര്‍ത്ഥമാക്കുന്ന അതേ പ്രക്രിയയിലൂടെയാണ് സസ്യത്തെയും മുളപ്പിച്ച് വളര്‍ത്തിയത് എന്നാണ്.
പര്‍വ്വതങ്ങള്‍
സൂറ: ലുഖ്മാനിലെ 11, 12 വചനങ്ങളോടൊപ്പം നാം സൂറ: ഹിജ്റിലെ 20-ാം വചനത്തിലേക്ക് വീണ്ടും പോകുകയാണ്. സൂറ: ലുഖ്മാനിലെ വചനം നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇതേ പ്രതിഭാസം എത്ര വിശദമായാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കാണാം:
“ഭൂമിയെ നാം വികസിപ്പിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം സ്ഥാപിക്കുകയും കൃത്യമായ അളവില്‍ എല്ലാ വസ്തുക്കളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.”
“… ഭൂമിയില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങളെ സ്ഥാപിച്ചിരിക്കുന്നു. അതായത് നിങ്ങള്‍ക്ക് അത് ഭക്ഷണം നല്‍കുന്നു. അവനതില്‍ എല്ലാ തരം ജീവികളെയും വ്യാപിപ്പിച്ചിരിക്കുന്നു. എന്നിട്ട് നാം ആകാശത്ത് നിന്ന് വെള്ളമിറക്കി, എന്നിട്ട് അതില്‍ മെച്ചപ്പെട്ട എല്ലാ വര്‍ഗങ്ങളില്‍ നിന്നുമുള്ള ഇണകളെയും നാം വളര്‍ത്തുന്നു. ഇത് അല്ലാഹുവിന്‍റെ സൃഷ്ടിയാണ്. അപ്പോള്‍ അവന് പുറമേയുള്ളവര്‍ എന്താണ് സൃഷ്ടിച്ചതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ച് തരിക. പക്ഷെ അക്രമികള്‍ വ്യക്തമായ വഴികേടിലാണ്.”[3]
ഇവിടെ പര്‍വ്വതങ്ങള്‍ക്ക് ഉപയോഗിച്ച പദം റവാസിയ എന്നാണ്. അതിനര്‍ത്ഥം അഗാധമായും ദൃഢമായും വേരോടിനില്‍ക്കുന്നത് എന്നാണ്. ഈ പദത്തിന്‍റെ ഈ അര്‍ത്ഥധ്വനി കാരണം അറബികള്‍ പര്‍വ്വതത്തിന് ഇതേ പദമാണ് ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആന്‍റെ മിക്ക വിവര്‍ത്തനങ്ങളിലും കാണുന്ന പര്‍വ്വതങ്ങളുമായി ബന്ധപ്പെട്ട തമീദ ബിക്കും എന്ന പദം അര്‍ത്ഥമാക്കുന്നത് പര്‍വ്വതങ്ങള്‍ ഭൂകമ്പത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ്. ഭൂകമ്പത്തില്‍ നിന്നും പര്‍വ്വതങ്ങള്‍ ഭൂമിയെ രക്ഷിക്കുന്നില്ല എന്ന വസ്തുനിഷ്ഠമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വിവര്‍ത്തനം സ്വീകരിക്കാന്‍ സാധ്യമല്ല. ഇതിന് വിരുദ്ധമായി മിക്ക ഭൂകമ്പങ്ങളുടെയും കേന്ദ്രബിന്ദു ഭൂമിക്ക് മുകളില്‍ എഴുന്ന് നില്‍ക്കുന്ന പര്‍വ്വതത്തിലും സ്ഥിതി ചെയ്യുന്നു എന്നതാണ്. അല്ലെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ സമുദ്രത്തിന്‍റെ അഗാധങ്ങളില്‍ മറഞ്ഞു കിടക്കുന്ന അഗ്നിപര്‍വ്വതങ്ങളിലും ഉണ്ടാവാറുണ്ട്. ദൈവത്തിന്‍റെ സൃഷ്ടിപ്രക്രിയക്ക് വിരുദ്ധമായ രീതിയില്‍ ദൈവവചനങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് ഉചിതമല്ല.
മദ്ദ, യമുദ്ദു എന്നീ പദങ്ങളില്‍ നിന്നും സംജാതമായ തമീദ ബിക്കും എന്ന പദം ഭക്ഷണത്തിനായുള്ള മേശ ഒരുക്കുക എന്ന മറ്റൊരര്‍ത്ഥവും സൂചിപ്പിക്കുന്നു. അങ്ങനെയാവുമ്പോള്‍ വിവര്‍ത്തനം ഇങ്ങനെ ആയിരിക്കണം. ‘നാം രൂഢമൂലമായ പര്‍വ്വതങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. കാരണം അവ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സ്രോതസ്സായി വര്‍ത്തിക്കുന്നു.’
ചുരുക്കത്തില്‍, ഭൂമികുലുക്കത്തില്‍ നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാനല്ല ദൈവം പര്‍വ്വതങ്ങളെ സൃഷ്ടിച്ചത്. മറിച്ച്, ജീവന്‍റെ നിലനില്‍പ്പ് പര്‍വ്വതങ്ങളുടെ അസ്തിത്വത്തെ ആശ്രയിച്ചാണ് എന്നത് കൊണ്ടാണ്. മൗസൂന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥപ്രതീതി സൃഷ്ടിക്കുന്ന വിധം ജീവന് ആവശ്യമായ ഭക്ഷ്യശൃംഖലയുടെ സംവിധാനത്തെ പരിപാലിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു.
ഭൂമിയുടെ ഉപരിതലത്തില്‍ 30 ശതമാനം മാത്രമാണ് കരഭാഗമുള്ളത്. അത് തന്നെ അഞ്ച് ഭൂഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബാക്കി 70 ശതമാനം ഭൂമിയുടെ ഉപരിതലം സമുദ്രവും തടാകങ്ങളുമാണ്. പക്ഷെ നാം കാണുന്ന ഈ ജലം മുഴുവനും അവിടെയില്ല. വാസ്തവത്തില്‍ 75 ശതമാനം ജലവും ഐസ് രൂപത്തില്‍ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ പര്‍വ്വതശിഖരങ്ങളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു. പര്‍വ്വതം ഉറഞ്ഞ ഖരജലത്തിന്‍റെ ഒരു ജലസംഭരണി പോലെ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നുവെങ്കില്‍, ഐസ് ഉരുകി അത് സമുദ്രജലത്തിലേക്ക് തിരിച്ച് ഒഴുകി നിലവിലുള്ള 30 ശതമാനം കരയും പൂര്‍ണ്ണമായും മുങ്ങിപ്പോകുമായിരുന്നു. അങ്ങനെ ഭൂമിയുടെ ഉപരിതലം മുഴുവന്‍ സമുദ്രം കൊണ്ട് ആവരണം ചെയ്യപ്പെടുമായിരുന്നു.
ഭൂമിയിലെ ജലത്തിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ പര്‍വ്വതങ്ങള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മനുഷ്യന്‍റെ ഉപയോഗത്തിനും സസ്യലോകത്തിന്‍റെ ജീവനത്തിനുമായുള്ള ജലശുദ്ധീകരണം പര്‍വ്വതങ്ങളുടെ പ്രധാനമായ മറ്റൊരു പ്രവര്‍ത്തനമാണ്. സമുദ്രത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് വീണ്ടും സമുദ്രത്തിലേക്കുമുള്ള ജലത്തിന്‍റെ പരിവൃത്തി പ്രക്രിയ ഒരു നീണ്ട കഥയാണ്. അതായത്, ഈ ജലചക്രം ഭൂമിയിലെ സസ്യങ്ങളും ജീവികളും ഉപയോഗിക്കുകയും മലിനജലം കടലിലേക്ക് തിരികെ ഒഴുകിപ്പോവുകയും ചെയ്യുന്നു.
പര്‍വ്വതങ്ങള്‍ ഈര്‍പ്പ (moisture) പാതത്തിനും പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ധ്രുവപ്രദേശങ്ങളിലും ഉയരമുള്ള പര്‍വ്വതമേഖലകളിലും ജലവര്‍ഷണം മഴയെക്കാള്‍ കൂടുതലായി ഹിമപാതരൂപത്തിലാണ് ഉണ്ടാവുക. അവിടെ ഐസ് മഞ്ഞുപാളികളായും ഹിമാനികളായും (glaciers) ജലം സാന്ദ്രീകരിച്ച് നില്‍ക്കുകയാണ്.
അവിടെ ഈ മഞ്ഞുമലകളില്‍ നിരന്തരം ഭൂഗുരുത്വബലം പ്രയോഗിക്കപ്പെട്ടു കൊണ്ടിരിക്കും. ഈ ഗുരുത്വബലം ഐസിന്‍റെ ബന്ധനസ്ഥമായ സ്ഥാനികോര്‍ജ്ജം (potential energy) മോചിപ്പിക്കുന്നതില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. എവിടെയാണോ ഐസിന്‍റെ ഉപരിതലത്തില്‍ മര്‍ദ്ദം കൂടുതലായി പ്രയോഗിക്കപ്പെടുന്നത്, അവിടെ താപം വര്‍ദ്ധിക്കുകയും ഐസ് ഉരുകാന്‍ തുടങ്ങുകയും ചെയ്യുന്നു എന്നത് പ്രകൃതിനിയമമാണ്. ഇവിടെ താപം -60 ഡിഗ്രി വരെ താഴുന്ന സ്ഥലമുണ്ട്. ഹിമാനികളുടെ അടിഭാഗം എപ്പോഴും ഉരുകിക്കൊണ്ടിരിക്കും. ഉന്നതമായ മര്‍ദ്ദത്തിന്‍റെ ഫലമായി ഒരു ഹിമാനിയുടെ അടിഭാഗം സ്പര്‍ശിക്കുന്ന പര്‍വ്വതത്തിന്‍റെ ഉപരിഭാഗത്തെ താപം ഉയരുകയും ഹിമാനി ഉരുകാന്‍ ആരംഭിക്കുകയും ചെയ്യും. അങ്ങനെ പര്‍വ്വതത്തിന് മീതെ കിടക്കുന്ന ഹിമാനിയുടെ പര്‍വ്വതവുമായുള്ള മുഴുവന്‍ പിടിയും വിട്ടുപോവുകയും അത് താഴേക്ക് പതിക്കാന്‍ ആരംഭിക്കുകയും ചെയ്യും. അത് താഴേക്ക് പതിക്കുന്നതിനനുസരിച്ച് വലിയ കരിങ്കല്ലുകളും പാറക്കഷണങ്ങളും കൂട്ടത്തില്‍ താഴെയെത്തുകയും അതിന്‍റെ താഴേക്കുള്ള കുത്തിയൊഴുക്കില്‍ എല്ലാ തടസ്സങ്ങളും തട്ടി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി കരിങ്കല്ലുകളും പാറക്കഷണങ്ങളും മുതലായവ പൊടിഞ്ഞു ചെറിയ കല്ലുകളും കല്തരികളുമായി മാറുന്നു. അവസാനമായി ഉപ്പുതരികളും സൃഷ്ടിക്കപ്പെടുന്നു.
എന്നാല്‍ ഈ നിയമപ്രകാരം സമുദ്രത്തിലെ മുഴുവന്‍ ജലവും പര്‍വ്വതങ്ങളിലേക്കോ ധ്രുവങ്ങളിലേക്കോ മാറ്റപ്പെടുകയും സകലജലവും ഹിമസമുദ്രങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുമെന്നതിനാല്‍ മനുഷ്യ സമൂഹത്തിന്‍റെ അസ്തിത്വം തന്നെ ഇല്ലാതാവുകയും ചെയ്യുമായിരുന്നു.
(തുടരും)
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 15:20
[2] വിശുദ്ധ ഖുര്‍ആന്‍ 71:18
[3] വിശുദ്ധ ഖുര്‍ആന്‍ 31:11-12
1 Comment
hameed · നവംബർ 17, 2023 at 8:03 pm
jazakallahu khair