ഏപ്രില്‍ 27, 2022
2022 മാര്‍ച്ച് 1 മുതല്‍ 27 വരെ കല്‍പറ്റയില്‍ വച്ച് നടന്ന വയനാട് ഫ്ലവര്‍ ഷോ 2022ല്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ കമ്പളക്കാട് ചാപ്റ്റര്‍ ഒരു ബുക്ക് സ്റ്റാള്‍ സംഘടിപ്പിച്ചു.
ഏതാണ്ട് 30,000ത്തോളം ആളുകള്‍ അഹ്മദിയ്യ സ്റ്റാള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശകരില്‍ അധികപേരും അഹ്മദിയ്യത്തിന്‍റെ പ്രതിനിധികളുമായി സംഭാഷണം നടത്തുകയും ജമാഅത്ത് അവതരിപ്പിക്കുന്ന ഇസ്‌ലാമിക സന്ദേശത്താല്‍ പ്രഭാവിതരാവുകയും ചെയ്തു.
സ്റ്റാള്‍ സന്ദര്‍ശിച്ച പ്രമുഖരില്‍ മലയാള സിനിമാ നടന്‍ അബുസലീം, റവന്യൂ ഉദ്യോഗസ്ഥനായ ഹനീഫ് എന്നിവര്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന പുസ്തകം നല്‍കുകയും ചെയ്തു.
ഒരു മുസ്‌ലിം കുടുംബം സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി. അവര്‍ വന്നിരിക്കുന്നത് അഹ്മദിയ്യ ജമാഅത്തിന്റെ സ്റ്റാളിലാണെന്ന് അറിഞ്ഞപ്പോള്‍ ഇത് ‘ഖാദിയാനി’കളുടെ സ്റ്റാള്‍ ആണെന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ അവര്‍ പോയി. ‘ഖാദിയാനി’ എന്നാണ് പൊതുവില്‍ അഹ്മദികളെ എതിരാളികള്‍ വിശേഷിപ്പിക്കാറുള്ളത്. അല്പനേരത്തിന് ശേഷം അവരില്‍ പെട്ട ഒരു ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് സ്റ്റാള്‍ സന്ദര്‍ശിക്കുകയും നമ്മുടെ പ്രതിനിധികളുമായി വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം സംഭാഷണം നടത്തുകയും ചെയ്തു. അഹ്മദികള്‍ പിന്‍പറ്റുന്ന എല്ലാ ആശയങ്ങളും ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ക്ക് അനുസൃതമാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം വളരെയധികം പ്രഭാവിതനാവുകയും അഹ്മദിയ്യ ഖലീഫയുടെ വെള്ളിയാഴ്ച ഖുതുബയുടെ ലിങ്ക് എല്ലാ ആഴ്ചയും തനിക്ക് അയച്ച് കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് ചെറുപ്പക്കാര്‍ നമ്മുടെ സ്റ്റാള്‍ സന്ദര്‍ശിച്ചു. ഒരാള്‍ ജമാഅത്തിന്റെ കടുത്ത എതിരാളി ആയിരിക്കെ വളരെ പരുഷമായിട്ടയിരുന്നു സംസാരിച്ചത്. എന്നാല്‍ മറ്റെയാള്‍ വളരെ ശാന്തനായി കാര്യങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധത കാണിച്ചു. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ആ വ്യക്തി ജമാഅത്തിന്റെ ആ പ്രദേശത്തെ പള്ളി സന്ദര്‍ശിക്കാന്‍ വരികയും അഹ്മദിയ്യത്തിനെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട്, അടുത്ത വെള്ളിയാഴ്ച അദ്ദേഹം വീണ്ടും പള്ളിയില്‍ വരികയും അഹ്മദി ഇമാമിന് പിന്നില്‍ നമസ്കരിക്കുകയും ചെയ്തു.
ഈ പരിപാടിയിലൂടെ ജമാഅത്ത് രണ്ടായിരത്തോളം ലഘുലേഖകള്‍ വിതരണം ചെയ്യുകയും നൂറിലധികം പുസ്തകങ്ങള്‍ വില്‍ക്കുകയും ചെയ്തു. അതുപോലെ, താല്‍പര്യം കാണിച്ച ഒരുപാട് ആളുകള്‍ക്ക് ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന പുസ്തകം സൗജന്യമായി നല്‍കുകയും ചെയ്തു.
0 Comments