തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

നവംബര്‍ 2, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 27 ഒക്ടോബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

തിരുനബി(സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിവരണമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഐച്ഛിക നമസ്കാരങ്ങൾ അനുഷ്ഠിക്കുക

തഹജ്ജുദ് (പ്രഭാതത്തിനു മുമ്പുള്ള ഐച്ഛിക നമസ്കാരം) അനുഷ്ഠിക്കാൻ പ്രവാചകൻ (സ) തന്റെ മകളുടെയും ഭർത്താവിന്റെയും ശ്രദ്ധ ക്ഷണിച്ചതായി ഒരു വിവരണമുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തിരുനബി (സ) ഹദ്‌റത്ത് ഫാത്വിമ (റ) , ഹദ്‌റത്ത് അലി (റ) എന്നിവരോട് തഹജ്ജുദിന് വേണ്ടി ഉണരാറുണ്ടോ എന്ന് ചോദിച്ചു. അവരുടെ ജീവിതം അല്ലാഹുവിന്റെ കരങ്ങളിലാണ്, അതിനായി അല്ലാഹു അവരെ ഉണർത്തുകയാണെങ്കിൽ, അവർ എഴുന്നേറ്റ് അത് അനുഷ്ഠിക്കുന്നു എന്ന് അലി (റ) മറുപടി നല്കി. തിരുനബി (സ) മൗനം പാലിച്ചുവെങ്കിലും അവിടുന്ന് പോകുമ്പോൾ ‘മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.’ എന്ന് പറയുന്നത് കേൾക്കാമായിരുന്നു എന്ന് നിവേദകൻ പറയുന്നു.
ഈ സംഭവത്തെ കുറിച്ച് രണ്ടാം ഖലീഫ ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്‌ (റ) രേഖപ്പെടുത്തിയ കാര്യം ഉദ്ദരിച്ച് കൊണ്ട് ഖലീഫ തിരുമനസ്സ് പറയുന്നു, ഹദ്‌റത്ത് അലി (റ) യോട് ആ രീതിയിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്ന് സൂചിപ്പിക്കാൻ പ്രവാചകൻ (സ) സ്വീകരിച്ച ബുദ്ധിപരവും മഹത്തരവുമായ മാർഗമാണിത്. മറ്റ് നേതാക്കൾ ആ സന്ദർഭത്തിൽ തന്നെ സംസാരിക്കുകയും മറ്റുള്ളവരിൽ അവരുടെ നിലയും സ്ഥാനവും വ്യക്തമാക്കുമായിരുന്നു. എന്നാൽ, പ്രവാചകൻ (സ) അവിടെ നിന്ന് നീങ്ങിയപ്പോൾ മാത്രമാണ് എന്തെങ്കിലും പരാമർശിക്കുക പോലും ചെയ്തത്, ആളുകൾ ചെറിയ കാര്യങ്ങളിൽ തർക്കിക്കാൻ തുടങ്ങുന്നുവെന്ന് പരാമർശിച്ചത്. തിരുനബി (സ) സ്വന്തം വീട്ടിലെ ജനങ്ങളെ എത്രത്തോളം ശ്രദ്ധിച്ചിരുന്നുവെന്ന് ഈ വിവരണം സൂചിപ്പിക്കുന്നു . ചിലപ്പോൾ ആളുകൾ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുന്നു, ആ കാര്യങ്ങൾ സ്വന്തം വീട്ടിൽ ചെയ്യാറില്ല. എന്നാൽ, തിരുനബി (സ) അങ്ങനെ ചെയ്തിരുന്നില്ല, മറ്റുള്ളവരോട് കല്പിച്ച അതേ കാര്യങ്ങൾ സ്വന്തം കുടുംബാംഗങ്ങളുടെ വീടുകളിലും നടപ്പിലാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

തിരുനബിക്ക് (സ) യഥാർത്ഥത്തിൽ വെളിപാട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെറ്റായി ആരോപിക്കുന്ന ചിലരുണ്ടെന്ന് ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്‌ (റ) പറഞ്ഞ കാര്യം ഖലീഫ തിരുമനസ്സ് ഉദ്ധരിച്ചു. പ്രവാചകൻ (സ) രാത്രിയിൽ തന്റെ മകളുടെ വീട്ടിലേക്ക് താൻ പഠിപ്പിച്ച അധ്യാപനങ്ങൾ അനുസരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ പോയി എന്ന ഈ വിവരണത്തിൽ നിന്ന് തനിക്ക് ലഭിച്ച അധ്യാപനങ്ങളിൽ ഉറച്ച വിശ്വാസവും ബോധ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. ഒരു നുണയനോ കെട്ടിച്ചമച്ചവനോ തന്റെ സ്വന്തം മക്കളെ, മറ്റാരുമില്ലാതിരുന്നപ്പോൾ, തന്റെ അധ്യാപനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ഉപദേശിക്കുകയില്ല. അതുകൊണ്ട്, ഇത് വ്യക്തമാക്കുന്നത് അദ്ദേഹത്തിന് നല്കപ്പെട്ട അധ്യാപനങ്ങളുടെ സത്യതയും പ്രവാചകന് (സ) അവയിലുള്ള വിശ്വാസവുമാണ്.

വിവേകത്തോടെ വിശദീകരിക്കുന്നതിന്റെ പ്രാധാന്യം

രണ്ടാം ഖലീഫ (റ) യെ ഉദ്ദരിച്ച് കൊണ്ട്‌ ഖലീഫ തിരുമനസ്സ് തുടർന്ന് പറയുന്നു , ഈ വിവരണത്തിലൂടെ വ്യക്തമാകുന്ന മറ്റൊരു കാര്യം , ഒരു ആശയം മറ്റൊരാൾക്ക് വിശദീകരിക്കുമ്പോൾ ഏറ്റവും മികച്ചതും ബുദ്ധിപരവുമായ മാർഗം നബി (സ) പ്രയോഗിച്ചു എന്നതാണ്. അദ്ദേഹം ദേഷ്യപ്പെടുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല, പകരം, അദ്ദേഹം ശാന്തമായും ദയയോടെയും കാര്യങ്ങൾ ഫലപ്രദമായി വിശദീകരിക്കുമായിരുന്നു. അതിനാൽ, അതിന്റെ ഫലമായി ഹദ്‌റത്ത് അലി (റ) തുടർന്നു പറഞ്ഞു, ഇതിനുശേഷം, തഹജ്ജുദ് അനുഷ്ഠിക്കുന്നതിൽ അദ്ദേഹം വീഴ്ച വരുത്തിയില്ല .

അതിനാൽ, നാമെല്ലാവരും തഹജ്ജുദ് അനുഷ്ഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു , പ്രത്യേകിച്ച് ജീവിതം ദൈവ മാർഗത്തിൽ അർപ്പിച്ചവരും, മിഷനറിമാരും ഭാരവാഹികളും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രാർഥന അനുഷ്ഠിക്കുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ, ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ, പ്രാർഥനകൾ വളരെ പ്രധാനമാണ്.

ബനൂ ഖൈനുഖയിലേക്കുള്ള സൈനിക നീക്കം

ഹിജ്റ 2 ലാണ് ഖൈനുഖയിലേക്കുള്ള സൈനിക നീക്കം നടന്നതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തിരുനബി(സ) മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷം അവിശ്വാസികളുടെ മൂന്ന് ശാഖകൾ ഉണ്ടായിരുന്നു. മുസ്‌ ലീംങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയോ മുസ്‌ ലീംങ്ങളോട് പോരാടുന്ന മറ്റാരെയെങ്കിലും സഹായിക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്ത് മുസ്‌ ലീംങ്ങളുമായി കരാറിൽ ഏർപ്പെട്ടവരാണ് ആദ്യത്തെത്. ഈ ആളുകളിൽ മദീനയിലെ മൂന്ന് ജൂത ഗോത്രങ്ങളും ഉൾപ്പെടുന്നു. ഖുറൈശികളെപ്പോലുള്ള മുസ് ലീങ്ങൾക്കെതിരെ സജീവമായി പോരാടിയ അറബികളായിരുന്നു രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ കൂട്ടർ ഒന്നുകിൽ ബനൂഖുസാഅയെ പോലെയുള്ള തിരുനബി (സ) യെ ഉപേക്ഷിച്ചവരോ അല്ലെങ്കിൽ പ്രത്യക്ഷത്തിൽ തിരുനബി (സ) യുടെ പക്ഷം ചേർന്നവരോ പിന്നീട് അവിശ്വാസികളെ സഹായിച്ചവരോ ആയിരുന്നു.

മദീനയിലെ യഹൂദ ഗോത്രങ്ങളുമായി ഒപ്പുവെച്ച ഉടമ്പടിയുടെ ഭാഗമായി, മുസ്‌ലിംകൾക്കെതിരെ പോരാടുന്നതിന് ശത്രുക്കളെ സഹായിക്കില്ലെന്ന് വ്യക്തമാക്കിയതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നാൽ, ഈ കരാർ ആദ്യം ലംഘിച്ചത് ബനൂ ഖൈനുഖയാണ്. ഇതുമായി ബന്ധപ്പെട്ട് ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിർസാ ബശീർ അഹ്‌മദ്‌ സാഹിബ് (റ) എഴുതിയ കാര്യം ഉദ്ധരിച്ചു കൊണ്ട് പറയുന്നു,

നബി (സ) മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ എത്തിയപ്പോൾ ജൂതന്മാരുടെ മൂന്ന് ഗോത്രങ്ങൾ അന്ന് മദീനയിൽ അധിവസിച്ചിരുന്നു. ബനൂ ഖൈനുഖ, ബനൂ നദീർ, ബനൂ ഖുറൈസ എന്നിവയായിരുന്നു അവരുടെ പേരുകൾ. പ്രവാചകൻ (സ) മദീനയിൽ വന്നയുടൻ, ഈ ഗോത്രങ്ങളുമായി സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉടമ്പടികൾ തീർക്കുകയും സമാധാനപരവും സൗഹാർദപരവുമായ സഹവാസത്തിന് അടിത്തറയിടുകയും ചെയ്തു. ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, മദീനയിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ എല്ലാ കക്ഷികളും ബാധ്യസ്ഥരായിരുന്നു, ഒരു വിദേശ ശത്രു മദീനയെ ആക്രമിക്കുകയാണെങ്കിൽ, അതിന്റെ പ്രതിരോധത്തിന് എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്വമുണ്ടായിരുന്നു. തുടക്കത്തിൽ, ജൂതർ ഉടമ്പടി പാലിച്ചു, കുറഞ്ഞത് പരസ്യമായി, മു ലീംങ്ങളുമായി സംഘർഷം സൃഷ്ടിച്ചില്ല. എന്നിരുന്നാലും, മദീനയിൽ മുസ് ലീംങ്ങളുടെ ശക്തി പ്രാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, അവർ തങ്ങളുടെ മനോഭാവം മാറ്റാൻ തുടങ്ങി, മുസ് ലീംങ്ങളുടെ വർദ്ധിച്ചുവരുന്ന ഈ ശക്തി അവസാനിപ്പിക്കാൻ അവർ ഉറച്ചു തീരുമാനിച്ചു. അതിനായി, മുസ്‌ലീങ്ങ ൾക്കിടയിൽ വിള്ളലുണ്ടാക്കാനും അങ്ങനെ ഒരു ആഭ്യന്തരയുദ്ധത്തിന് പ്രേരണ നല്കാനുമുള്ള ശ്രമത്തിൽ നിന്ന് പോലും അവർ പിന്മാറിയില്ല. അങ്ങനെയിരിക്കെ, ഒരവസരത്തിൽ, ഔസ്, ഖസ്രജ് ഗോത്രങ്ങളിൽ നിന്നുള്ള ഒരു വലിയ സംഘം ആളുകൾ ഒരുമിച്ചിരുന്ന് സ്‌നേഹത്തോടും സൗഹാർദത്തോടും കൂടി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു തെമ്മാടിയായ ജൂതൻ എത്തി ബുആസ് യുദ്ധത്തെക്കുറിച്ച് പരാമർശിക്കാൻ തുടങ്ങിയതായി ഒരു വിവരണം ഉണ്ട്. മുസ് ലീങ്ങളുടെ പാലായനത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഈ രണ്ട് ഗോത്രങ്ങൾക്കിടയിൽ നടന്ന ഭയാനകമായ യുദ്ധമായിരുന്നു ഇത്, അതിൽ ഔസിൽ നിന്നും ഖസ്രജിൽ നിന്നുമുള്ള നിരവധി ആളുകൾ പരസ്പരം അവരുടെ കൈകളാൽ തന്നെ കൊല്ലപ്പെട്ടു. ഈ യുദ്ധത്തെ പരാമർശിച്ചയുടനെ, ഭൂതകാലത്തിന്റെ ഓർമകൾ പുതുക്കി, പഴയ ശത്രുതയുടെ ദൃശ്യങ്ങൾ കണ്ണുകൾക്ക് മുന്നിൽ ഓടാൻ തുടങ്ങി. വാക്കുകൾ കൊണ്ട് പരസ്പരം അധിക്ഷേപിക്കാൻ തുടങ്ങി അവസാനം കഠാര എടുക്കാൻ തുടങ്ങി. എന്നാൽ, ദൈവത്തിന് നന്ദി, തക്കസമയത്ത് തിരുനബി (സ) യെ അറിയിക്കുകയും അദ്ദേഹം മുഹാജിറുകളുടെ ഒരു കൂട്ടവുമായി ഉടൻ സംഭവസ്ഥലത്തെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കുകയും ചെയ്തു കൊണ്ട്‌ പറഞ്ഞു : “ഞാൻ നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ നിങ്ങൾ അജ്ഞതയുടെ മാർഗം പിന്തുടരുകയാണോ? ഇസ്‌ലാമിലൂടെ നിങ്ങളെ സഹോദരങ്ങളാക്കിയ ദൈവാനുഗ്രഹത്തെ നിങ്ങൾ വിലമതിക്കുന്നില്ല. ഈ ഉദ്ബോധനം അൻസാറുകളെ ആഴത്തിൽ സ്വാധീനിച്ചു, അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി, അവരുടെ പ്രവൃത്തിയിൽ പശ്ചാത്തപിച്ചുകൊണ്ട് അവർ പരസ്പരം ആലിംഗനം ചെയ്യാൻ തുടങ്ങി.

ബദ്ർ യുദ്ധം നടക്കുകയും, ഖുറൈശികളുടെ അതിശക്തരായ സൈന്യത്തിന്മേൽ മുസ്‌ലിംകൾ കുറവായിരുന്നിട്ടും അവർക്ക് അല്ലാഹു വിജയം നൽകി. ഈ യുദ്ധം മക്കയിലെ പ്രമുഖ നേതാക്കളെ നിലംപരിശാക്കി ഈ സംഭവം മദീനയിലെ യഹൂദരിൽ അസൂയയുടെ തീജ്വാല ആളിക്കത്തിച്ചു. അവർ പരസ്യമായി മുസ്ലീങ്ങൾക്ക് നേരെ രൂക്ഷമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി, “നിങ്ങൾ ഖുറൈശികളുടെ സൈന്യത്തെ പരാജയപ്പെടുത്തിയാലെന്താണ് മുഹമ്മദ് (സ) നോട് യുദ്ധം ചെയ്യട്ടെ, യുദ്ധങ്ങൾ എങ്ങനെയാണ് എന്ന് ഞങ്ങൾ കാണിച്ചുതരാം” എന്ന് അവർ പരസ്യമായി പറഞ്ഞു. ഒരു യോഗത്തിൽ നബി (സ) യുടെ സാന്നിധ്യത്തിൽ പോലും അത്തരം വാക്കുകൾ ഉച്ചരിക്കും വിധം കാര്യങ്ങൾ പുരോഗമിച്ചു. അതുപോലെ, ബദ്ർ യുദ്ധത്തിനുശേഷം, തിരുനബി (സ) മദീനയിൽ തിരിച്ചെത്തിയപ്പോൾ ഒരു ദിവസം ജൂതന്മാരെ വിളിച്ചുകൂട്ടി ഉപദേശിക്കുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്‌തതായി ഒരു വിവരണമുണ്ട് . പ്രവാചകൻ (സ) യുടെ സമാധാനപരവും അനുകമ്പ നിറഞ്ഞതുമായ ഈ അഭിസംബോധനയോട് യഹൂദൻമാരിലെ പ്രമാണിമാർ ഇങ്ങനെയാണ് പ്രതികരിച്ചത് : “മുഹമ്മദ് [സ], കുറച്ച് ഖുറൈശികളെ കൊന്നതിന് ശേഷം നിങ്ങൾ അഹങ്കാരികളായി മാറിയെന്ന് തോന്നുന്നു. ആ ആളുകൾ യുദ്ധകലയിൽ പരിചയമില്ലാത്തവരായിരുന്നു. നിങ്ങൾ ഞങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കിൽ, യോദ്ധാക്കളുടെ യഥാർഥ ശക്തി നിങ്ങൾ തിരിച്ചറിയും”. യഹൂദർ കേവലം ഒരു ഭീഷണിയിൽ മാത്രം ഒതുങ്ങിയില്ല, മറിച്ച്, അവർ നബി (സ) യെ വധിക്കാൻ ഗൂഢാലോചനയും തുടങ്ങി . ആ കാലത്ത് ത്വൽഹ ബിൻ ബറാഅ് (റ) എന്ന വിശ്വസ്തനായ ഒരു സ്വഹാബി വഫാത്താകാനൊരുങ്ങിയപ്പോൾ അദ്ദേഹം വസ്വിയ്യത്ത് ചെയ്‌തതായി ഒരു വിവരണമുണ്ട് , “ഞാൻ രാത്രിയിൽ മരിച്ചാൽ നബി (സ) യെ അറിയിക്കരുത്. ഞാൻ കാരണം ജൂതന്മാരുടെ കൈകളിൽ നിന്ന് തിരുനബി (സ) ക്ക് ഒരു ദുരന്തവും സംഭവിക്കാതിരിക്കാൻ പാടില്ല”.

ബദർ യുദ്ധത്തിനുശേഷം, ജൂതന്മാർ പരസ്യമായി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി, മദീനയിലെ ജൂതന്മാർക്കിടയിൽ, ബനൂ ഖൈനുഖഅ് ഏറ്റവും ശക്തരും ധീരരുമായതിനാൽ, അവരാണ് ആദ്യം കരാർ ലംഘിക്കാൻ തുടങ്ങിയത്. ചരിത്രകാരന്മാർ എഴുതുന്നു:

“മദീനയിലെ ജൂതന്മാരിൽ, ബനൂ ഖൈനുഖ ആണ് തിരുനബി (സ) യും അവരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ആദ്യം ലംഘിച്ചത് . ബദ്‌റിനുശേഷം അവർ ക്രൂരമായി തങ്ങളുടെ പകയും വിദ്വേഷവും പരസ്യമായി പ്രകടിപ്പിക്കുകയും ഉടമ്പടിയും കരാറും ലംഘിക്കുകയും ചെയ്തു.
എന്നിരുന്നാലും, അത്തരം സംഭവങ്ങൾ ഉണ്ടായിട്ടും, തങ്ങളുടെ യജമാനന്റെ മാർഗനിർദേശപ്രകാരം, മുസ്‌ലിംകൾ എല്ലാ വിധത്തിലും ക്ഷമ പ്രകടിപ്പിക്കുകയും ,തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മുന്നേറ്റവും നടത്തിയില്ല. യഹൂദന്മാരുമായുള്ള ഉടമ്പടിക്ക് ശേഷം അവരുടെ വികാരങ്ങൾ സംരക്ഷിക്കാൻ പോലും തിരുനബി (സ) പ്രത്യേകം ശ്രദ്ധിക്കുമായിരുന്നുവെന്ന് ഒരു നിവേദനത്തിൽ കാണാം. ഒരിക്കൽ ഒരു മുസ്ലിമും ഒരു ജൂതനും തമ്മിൽ തർക്കമുണ്ടായി. മറ്റെല്ലാ പ്രവാചകന്മാരേക്കാളും ജൂതൻ മൂസാ (അ) യുടെ ശ്രേഷ്ഠത സ്ഥാപിച്ചു. ഇത് കേട്ട് കോപാകുലനായ പ്രവാചകന്റെ അനുയായി ആ വ്യക്തിയോട് അല്പം പരുഷമായി പെരുമാറി , എല്ലാ ദൂതന്മാരിലും വെച്ച് ഏറ്റവും ശ്രേഷ്ഠൻ തിരുനബി (സ) യാണെന്ന് പറഞ്ഞു. ഇക്കാര്യം തിരുനബിയെ (സ) അറിയിച്ചപ്പോൾ അദ്ദേഹം അതൃപ്തനാകുകയും തന്റെ അനുയായിയെ ശാസിക്കുകയും ചെയ്തു: “ദൈവദൂതൻമാരുടെ ശ്രേഷ്ഠതയെക്കുറിച്ച് പരസ്പരം താരതമ്യം ചെയ്യുന്നത് നിങ്ങളുടെ ചുമതലയല്ല.” അപ്പോൾ, തിരുനബി (സ) മൂസാ (അ) യുടെ ഒരു ഭാഗിക ശ്രേഷ്ഠതയെക്കുറിച്ച് പരാമർശിക്കുകയും ജൂതനെ ആശ്വസിപ്പിക്കുകയും ചെയ്തു. തിരുനബി (സ) യുടെ ഈ സ്നേഹനിർഭരമായ പെരുമാറ്റം ഉണ്ടായിരുന്നിട്ടും , ജൂതർ അവരുടെ ദ്രോഹത്തിൽ മുന്നേറികൊണ്ടിരുന്നു. ഒടുവിൽ, ജൂതന്മാരാണ് യുദ്ധത്തിന് ഒരു കാരണം സൃഷ്ടിച്ചത്. അവരുടെ ഹൃദയവിദ്വേഷം മയപ്പെടുത്താൻ സാധിച്ചില്ല. ഒരു മുസ്ലീം സ്ത്രീ ചില സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെ ഒരു ജൂതന്റെ കടയിലേക്ക് പോയി. അപ്പോൾ കടയിൽ ഇരുന്ന ഏതാനും ദുഷ്ടരായ ജൂതന്മാർ അവരെ ശല്യപ്പെടുത്താൻ തുടങ്ങി, കടയുടമ പോലും ആ ദുഷ്കൃത്യം ചെയ്തു, ആ സ്ത്രീ അറിയാതെ, അവരുടെ വസ്ത്രത്തിന്റെ താഴ്ഭാഗം മുള്ള് പോലെയുള്ള ഏതോ വസ്തുവിൽ കോർത്തു വച്ചു. അവരുടെ ശല്യം കാരണം സ്ത്രീ പോകാൻ എഴുന്നേറ്റപ്പോൾ, അവരുടെ ശരീരത്തിന്റെ താഴത്തെ ഭാഗം വെളിപ്പെട്ടു, ജൂത കടയുടമയും കൂട്ടാളികളും പൊട്ടിച്ചിരിച്ചു. പ്രകോപിതയായ മുസ്ലീം യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു. അടുത്ത് ഒരു മുസ്ലീം ഉണ്ടായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തേക്ക് കുതിച്ചു, പരസ്പര കലഹത്തിൽ ജൂത കടയുടമ കൊല്ലപ്പെട്ടു. ഇതിനെത്തുടർന്ന് ആ മുസ്‌ലിം എല്ലാ ദിശകളിൽ നിന്നും ആക്രമിക്കപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം മുസ്‌ലിംകൾ അറിഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ രോഷത്തിന്റെ ചോര പൊടിഞ്ഞു. മറുവശത്ത്, യുദ്ധം ചെയ്യാൻ ആഗ്രഹിച്ച യഹൂദർ ഈ സംഭവത്തെ ഒരു കാരണമാക്കി ഒരു സ്ഥലത്ത് ഒത്തുകൂടി. കലാപാന്തരീക്ഷം പൊട്ടിപ്പുറപ്പെട്ടു. തിരുനബിയെ (സ)ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ബനൂ ഖൈൻഖയുടെ തലവന്മാരെ വിളിച്ചുകൂട്ടി, അത്തരം പെരുമാറ്റം ഉചിതമല്ലെന്നും അവർ അത്തരം കുഴപ്പങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ദൈവത്തെ ഭയപ്പെടണമെന്നും നിർദേശിച്ചു. ഖേദവും പശ്ചാത്താപവും പ്രകടിപ്പിക്കുന്നതിനുപകരം, അവർ വളരെ ധിക്കാരപരമായ മറുപടികളോടെ പ്രതികരിച്ചു, “ബദ്‌റിലെ നിങ്ങളുടെ വിജയത്തിൽ അഹങ്കരിക്കരുത്. നിങ്ങൾ ഞങ്ങളോട് യുദ്ധം ചെയ്യുമ്പോൾ യോദ്ധാക്കളുടെ യഥാർഥ ശക്തി നിങ്ങൾ തിരിച്ചറിയും” എന്ന അവരുടെ മുമ്പത്തെ വാദം ആവർത്തിച്ചു. മറ്റ് വഴികളൊന്നുമില്ലാതെ, തിരുനബി (സ) സ്വഹാബികളുടെ ഒരു സേനയുമായി ബനൂ ഖൈനുഖയുടെ കോട്ടകളിലേക്ക് പുറപ്പെട്ടു. തങ്ങളുടെ പ്രവൃത്തികളിൽ പശ്ചാത്താപം പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. എന്നാൽ അവർ യുദ്ധത്തിന് തയ്യാറായി നിന്നു. അതിനാൽ, യുദ്ധം പ്രഖ്യാപിക്കപ്പെട്ടു, ഇസ്‌ലാമിന്റെയും യഹൂദമതത്തിന്റെയും ശക്തികൾ പരസ്പരം യുദ്ധം ചെയ്യാൻ പുറപ്പെട്ടു. ആ കാലഘട്ടത്തിലെ രീതി അനുസരിച്ച്, ഒരു കക്ഷി തങ്ങളുടെ കോട്ടകൾക്കുള്ളിൽ സുരക്ഷിതരായി കാത്തിരിക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ ഒരു രീതി. എതിർ സേന കോട്ടയെ ഉപരോധിക്കുകയും അവസരം ലഭിക്കുമ്പോഴെല്ലാം പരസ്പരം ആക്രമണങ്ങൾ നടത്തുകയും ചെയ്യും. ചുറ്റുമുള്ള സൈന്യം ഒന്നുകിൽ കോട്ട പിടിച്ചടക്കുന്നതിൽ പ്രതീക്ഷ നഷ്‌ടപ്പെടുകയും ഉപരോധം പിൻവലിക്കുകയും ചെയ്യും വരെ ഇത് തുടരും, ഇത് ഉപരോധിക്കപ്പെട്ടവരുടെ വിജയമായി കണക്കാക്കും. അല്ലെങ്കിൽ ആക്രമണത്തെ ചെറുക്കാനുള്ള ശക്തി സംഭരിക്കാൻ കഴിയാതെ വന്നാൽ, ഉപരോധിക്കപ്പെട്ട സൈന്യം തങ്ങളുടെ കോട്ടയുടെ കവാടങ്ങൾ തുറന്ന് വിജയികൾക്ക് മുമ്പിൽ കീഴടങ്ങുന്നതാണ് . ഈ അവസരത്തിൽ, ബനൂ ഖൈനുഖയും ഇതേ തന്ത്രം പ്രയോഗിക്കുകയും സ്വന്തം കോട്ടകൾക്കുള്ളിൽ അഭയം പ്രാപിച്ചു. തിരുനബി (സ) അവരെ ഉപരോധിക്കുകയും ഈ ഉപരോധം പതിനഞ്ചു ദിവസം മുടങ്ങാതെ തുടർന്നു. അവസാനം, ബനൂഖൈനുഖയുടെ എല്ലാ ശക്തിയും അഹങ്കാരവും തകർന്നപ്പോൾ, തങ്ങളുടെ സമ്പത്ത് മുസ്‌ലിംകളുടേതാണെങ്കിലും, അവരുടെ ജീവനും കുടുംബവും സംരക്ഷിക്കപ്പെടണമെന്ന വ്യവസ്ഥയിൽ അവർ തങ്ങളുടെ കോട്ടകളുടെ കവാടങ്ങൾ തുറന്നു. മോശയുടെ നിയമമനുസരിച്ച്, ഇവരെല്ലാം വധിക്കപ്പെടേണ്ടതായിരുന്നു. പ്രാഥമിക ഉടമ്പടി പ്രകാരം മോശയുടെ നിയമത്തിന്റെ വിധി അവർക്ക് നല്കേണ്ടതായിരുന്നു. എന്നാൽ പ്രവാചകൻ (സ) അവരുടെ ഈ വ്യവസ്ഥ അംഗീകരിച്ചു,

ഇത് ഈ സമൂഹം ചെയ്ത ആദ്യത്തെ കുറ്റകൃത്യമായതിനാൽ, ആദ്യ നടപടി എന്ന നിലയിൽ, പ്രവാചകൻ ( സ) യുടെ കരുണയും ക്ഷമാശീലവും ഉള്ള ഒരു പ്രകൃതമനുസരിച്ച്‌ കഠിനമായ ശിക്ഷയിലേക്ക് ഒരിക്കലും ചായ്‌വ് കാണിക്കാൻ കഴിയുമായിരുന്നില്ല. അത് അന്തിമ പ്രതിവിധിയായി മാത്രമേ നല്കാമായിരുന്നുള്ളൂ. എന്നിരുന്നാലും, അത്തരം വഞ്ചകരും കലാപകാരികളുമായ ഒരു ഗോത്രത്തെ മദീനയിൽ തുടരാൻ അനുവദിക്കുന്നത് പാമ്പിനെ പാലൂട്ടി വളർത്തുന്നതിലും അപകടമായിരുന്നു. പ്രത്യേകിച്ചും ഔസ്, ഖസ്രജ് എന്നിവരിൽ നിന്നുള്ള ഒരു കൂട്ടം കപടവിശ്വാസികൾ ഇതിനകം മദീനയിൽ ഉണ്ടായിരുന്നു, ബാഹ്യമായും, അറേബ്യയുടെ മുഴുവൻ എതിർപ്പും മുസ്ലീങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു അത്തരം സാഹചര്യങ്ങളിൽ, തിരുനബി (സ) ക്ക് വിധിക്കാൻ കഴിഞ്ഞത് ബനൂഖൈനുഖഅ് മദീന വിട്ടുപോകണമെന്നായിരുന്നു. അവരുടെ കുറ്റകൃത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, ആ കാലഘട്ടത്തിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇത് വളരെ നേരിയ ശിക്ഷയായിരുന്നു. കൂടാതെ, ഈ ശിക്ഷയുടെ ലക്ഷ്യം മദീനയുടെ സുരക്ഷിതത്വമായിരുന്നു. എന്നിരുന്നാലും, അറേബ്യയിലെ നാടോടി ഗോത്രങ്ങൾക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നത് അസാധാരണമായ ഒന്നായിരുന്നില്ല, പ്രത്യേകിച്ചും ഒരു ഗോത്രത്തിന് ഭൂമിയുടെയും തോട്ടങ്ങളുടെയും രൂപത്തിൽ സ്വത്തുക്കളൊന്നും ഇല്ലാതിരുന്നപ്പോൾ – ബനൂ ഖൈനുഖക്ക് ഒന്നും ഇല്ലായിരുന്നു. മുഴുവൻ ഗോത്രവർഗക്കാർക്കും ഒരു സ്ഥലം വിട്ട് മറ്റൊരിടത്ത് വലിയ സമാധാനത്തോടും സുരക്ഷിതത്വത്തോടും സ്ഥിരതാമസമാക്കാനുള്ള അവസരം ലഭിച്ചു. അങ്ങനെ, ബനൂ ഖൈനുഖ വളരെ സമാധാനപരമായി മദീന വിട്ട് സിറിയയിലേക്ക് താമസം മാറ്റി. തിരുനബി (സ) അവരുടെ യാത്രയുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങളുടെയും മറ്റും മേൽനോട്ടം വഹിക്കാനുള്ള ചുമതല അവരുടെ തന്നെ കൂട്ടരിൽ നിന്നുള്ള ഉബാദ ബിൻ സാമിത് (റ) എന്ന ഒരു സഹാബിയെ ഏല്പിച്ചു. ഉബാദ ബിൻ സാമിത് (റ) ഏതാനും ദൂരം വരെ ബനൂ ഖൈനുഖയെ അനുഗമിക്കുകയും അവരെ സുരക്ഷിതമായി പറഞ്ഞയച്ച ശേഷം മടങ്ങുകയും ചെയ്തു. മുസ്‌ലിംകൾ നേടിയെടുത്ത യുദ്ധമുതലുകളിൽ അവരുടെ തൊഴിലായുധങ്ങളും ഉപകരണങ്ങളും മാത്രമായിരുന്നു, അത് സ്വർണപ്പണിക്കാരുടെ ആയുധങ്ങളായിരുന്നു.

ബനൂ ഖൈനുഖാ തങ്ങളുടെ കോട്ടകളുടെ കവാടങ്ങൾ തുറന്ന് തിരുനബി( സ)യുടെ സന്നിധിയിൽ ഏല്പിച്ചപ്പോൾ പ്രവാചകൻ (സ) ബനൂ ഖൈനുഖായിലെ പോരാളികളെ വധിക്കാനായി തീരുമാനിച്ചിരുന്നുവെന്നും എന്നാൽ കപടവിശ്വാസികളുടെ തലവനായ അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലൂലിന്റെ മധ്യസ്ഥതയിൽ, തിരുനബി (സ) ഈ ഉദ്ദേശ്യം ഉപേക്ഷിച്ചുവെന്നും ബനൂഖൈനുഖയെ സംബന്ധിച്ച് വിവിധ നിവേദനങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ വിവരണങ്ങൾ ആധികാരികമാണെന്ന് ഗവേഷകർ അംഗീകരിച്ചിട്ടില്ല. കാരണം, ബനൂഖൈനുകഅ് തങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവനും രക്ഷപെടുമെന്ന വ്യവസ്ഥയിൽ ആണ് കവാടങ്ങൾ തുറന്നിട്ടുള്ളതെന്ന് മറ്റു വൃത്താന്തങ്ങൾ വ്യക്തമായി പരാമർശിക്കുമ്പോൾ, ഈ വ്യവസ്ഥ അംഗീകരിച്ചതിന് ശേഷം പ്രവാചകൻ മറ്റേതെങ്കിലും നടപടി പിന്തുടരും എന്നത് അസംഭവ്യമാണ്. യഥാർഥത്തിൽ, തങ്ങളുടെ ജീവൻ രക്ഷിക്കപ്പെടുമെന്ന ബനൂഖൈനുഖാഅ് അവതരിപ്പിക്കുമ്പോൾ തങ്ങൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷ മരണമാണെന്ന് അവർക്കറിയാമായിരുന്നു. എന്നിരുന്നാലും, അവർ പ്രവാചകൻ (സ) യുടെ കാരുണ്യത്തിനായി അപേക്ഷിക്കുകയും വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷം അവർ തങ്ങളുടെ കോട്ടയുടെ കവാടം തുറക്കാൻ തയ്യാറാവുകയും ചെയ്തു. പ്രവാചകൻ (സ) തന്റെ കാരുണ്യ സ്വഭാവത്താൽ അവരോട് ക്ഷമിച്ചെങ്കിലും, ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ, ഈ ആളുകൾ ഭൂമിയിൽ ജീവനോടെ നിലനിൽക്കാൻ യോഗ്യരല്ലെന്ന് കാലം തെളിയിച്ചു. ഇക്കൂട്ടരെപ്പറ്റിയാണോ നാടു കടത്തിയിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ട് ഒരു വർഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ, അവർക്കിടയിൽ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു, അതുമൂലം ഗോത്രം മുഴുവൻ അതിന് ഇരയാകുകയും നാമാവശേഷമാവുകയും ചെയ്തുവെന്ന് ഒരു വിവരണമുണ്ട്.

ബനൂ ഖൈനുഖയുടെ സൈനിക നീക്കത്തിന്റെ തീയതി സംബന്ധിച്ച് ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ഹിജ്റ 2 ശവ്വാൽ മുതലാണ് ഇത് നടന്നതെന്ന് വാഖിദിയും ഇബ്നു സഅദും പ്രസ്താവിച്ചിട്ടുണ്ട്, പിൽക്കാലത്ത് വന്ന ചരിത്രകാരന്മാർ പ്രാഥമികമായി അത് പിന്തുടർന്നു. എന്നിരുന്നാലും, ഇബ്‌നു ഇസ്ഹാഖും ഇബ്‌നു ഹിഷാമും ഇത് സവീഖിന്റെ ഗസ്‌വയ്ക്ക് ശേഷമാണെന്ന് സ്ഥാപിച്ചു. ഇത് ഹിജ്റ വർഷം 2, ദുൽഹിജ്ജ മാസത്തിൽ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഹദീസിന്റെ ഒരു വിവരണത്തിൽ ബനൂ ഖൈനുഖാ യുദ്ധം ഹദ്‌റത്ത് ഫാത്തിമ (റ) യുടെ വിവാഹത്തിന് ശേഷമാണ് നടന്നത് എന്ന് ഒരു നിവേദനത്തിൽ സൂചനയുണ്ട്. ഈ വിവരണത്തിൽ, വലീമ സൽക്കാര(വിവാഹത്തിൽ വരന്റെ ഭാഗത്ത് നിന്ന് നടക്കുന്ന ചടങ്ങ്) ചെലവുകൾക്കായി ഹദ് റത്ത് അലി (റ) ബനൂ ഖൈനുഖയിൽ നിന്ന് ഒരു ജൂത സ്വർണപ്പണിക്കാരനെയും കൂട്ടി കാട്ടിലേക്ക് പോകാനും ‘അദ്ഖർ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക തരം പുല്ല് ശേഖരിച്ച് അത് മദീനയിലെ സ്വർണപ്പണിക്കാർക്ക് വിൽക്കാൻ നിർദേശിക്കുകയുണ്ടായി. എല്ലാ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ ഹിജ്റ 2 ദുൽഹിജ്ജയ്‌ക്ക് അടുത്തായി നടന്ന ഹദ്‌റത്ത് ഫാത്തിമ (റ) യുടെ വിവാഹവാസരത്തിൽ നടന്ന വലീമ സൽക്കാരം വരെ മദീനയിൽ ബനൂ ഖൈനുഖഅ് ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു . ഈ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഹിജ്റ 2 അവസാനത്തിൽ സവീഖിന്റെ യുദ്ധത്തിനും ഹദ്‌റത്ത് ഫാത്തിമ ( റ) വിന്റെ വിവാഹാവസരത്തിലെ വലീമ സൽക്കാരത്തിനും ക്കും ശേഷം ബനൂ ഖൈനുഖയുടെ സൈനിക നീക്കം നടന്നു എന്ന് സ്ഥാപിച്ചത് . അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

ഈ അവസരത്തിൽ, ബനൂ ഖൈനുഖയുടെ സാനിക നീക്കത്തിലേക്ക് നയിച്ച കാരണം വിവരിക്കുന്നതിനിടയിൽ, മാർഗോളീത് എന്ന ഓറിയന്റലിസ്റ്റ് സ്വന്തം ഇഷ്ടപ്രകാരം വിചിത്രവും അസാധാരണവുമായ ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിദൂരമായ സൂചന പോലും ഒരു നിവേദനത്തിലുമില്ല. ലഹരിയിൽ (അതുവരെ മദ്യപാനം നിരോധിച്ചിരുന്നില്ല) ഹദ്‌റത്ത് ഹംസ (റ) ബദറിലെ യുധമുതലായി നിന്ന് ലഭിച്ച ഹസ്രത്ത് അലി (റ) യുടെ രണ്ട് ഒട്ടകങ്ങളെ കൊന്നതായി ബുഖാരിയിൽ കാണാം. ഈ വേറിട്ട സംഭവത്തെ ബനൂ ഖൈനുഖയുടെ സൈനികനീക്കവുമായി ബന്ധപ്പെടുത്തി, ചരിത്രപരമായ തെളിവുകളൊന്നുമില്ലാതെ തിരുനബി (സ) ബനൂ ഖൈനുഖ ഗോത്രത്തെ ആക്രമിച്ചുവെന്നും അങ്ങനെ ലഭിച്ച യുദ്ധമുതൽ മുഖേന ഹദ്‌റത്ത് അലിയുടെ നഷ്ടം നികത്താൻ സാധിച്ചുവെന്നും എഴുതുകയുണ്ടായി .ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇതെഴുതിയതെന്ന വസ്തുത മർഗോലിയത്ത് തന്നെ അംഗീകരിക്കുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം.’
(സീറത്ത് ഖാതമുന്നബിയ്യീൻ , വാല്യം 2, പേജ് 284-291)

ഭാവിയിൽ ഈ സംഭവങ്ങൾ വിവരിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ നടന്ന അനീതികളുടെ വെളിച്ചത്തിൽ പ്രാർഥനയ്ക്കായി അപേക്ഷ

ലോകത്തിന്റെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഒരിക്കൽ കൂടി പ്രാർഥനയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിന്റെ ഫലമായി നിരപരാധികളായ ഫലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ യുദ്ധം പുരോഗമിക്കുന്ന രീതിയും ഇസ്രായേലും മറ്റ് വൻശക്തികളും നടപ്പാക്കുന്ന നയങ്ങളും ഒരു ലോകയുദ്ധത്തിന്റെ സാധ്യത യാഥാർഥ്യമാക്കുന്നു. ഇപ്പോൾ, ചില മുസ്ലീം രാഷ്ട്രങ്ങളുടെയും റഷ്യയുടെയും ചൈനയുടെയും മറ്റ് നേതാക്കൾ പോലും ഈ യുദ്ധം കൂടുതൽ വഷളാകുകയാണെന്ന് തുറന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. ബുദ്ധിപരമായ ഒരു നയം ഉടനടി നടപ്പിലാക്കിയില്ലെങ്കിൽ, ലോകം നശിക്കും. എല്ലാം വാർത്തകളിൽ സംപ്രേഷണം ചെയ്യപ്പെടുന്നു, യാഥാർഥ്യം എല്ലാവർക്കും മുന്നിലുണ്ട് അതിനാൽ, അഹ്മദികൾ പ്രാർത്ഥനയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. അവർ വിശ്രമിക്കാൻ പാടില്ല. ദിവസത്തിൽ ഒരു സുജൂദെങ്കിലും (സാഷ്ടാംഗപ്രണാമം) ഈ അവസ്ഥക്ക് വേണ്ടി മാറ്റിവെച്ചു കൊണ്ട് പ്രാർഥിക്കണം.

പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കൾ ഈ സാഹചര്യത്തിൽ നീതിയോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സംസാരിക്കാൻ അവർക്ക് ധൈര്യമില്ലെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിൽ നല്ല നേതാക്കന്മാരുണ്ട്, എന്ത് പറയണം, പറയരുത് എന്നൊക്കെയുള്ള ചർച്ചകളിൽ അഹ്‌മദികൾ കുടുങ്ങരുത്. ഇതെല്ലാം വ്യർഥമായ സംഭാഷണങ്ങളാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ആരെങ്കിലും സധൈര്യം മുന്നോട്ട് വരാത്തിടത്തോളം ലോകത്തെ നാശത്തിലേക്ക് നയിക്കുന്നതിന് അവർ ഉത്തരവാദികളാണ്.

പ്രാർഥനയ്‌ക്കൊപ്പം അനീതികൾ അവസാനിപ്പിക്കണം എന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അഹ്‌മദികൾ ഈ സന്ദേശം തങ്ങൾക്ക് ബന്ധമുള്ള എല്ലാവർക്കും കൈമാറാൻ ശ്രമിക്കണം. ഇതാണ് ശരിയായ ആർജവം. ഇതാണ് അല്ലാഹുവിന്റെ കല്പനകൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള മാനദണ്ഡം.

ഹമാസ് തങ്ങളുടെ ജനങ്ങളെ ആക്രമിച്ചതിന് ശേഷം തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നാൽ, ഇപ്പോൾ ഈ പ്രതികാരം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഇസ്രയേലരെ അപേക്ഷിച്ച് അഞ്ചോ മടങ്ങ് ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അവർ അവകാശപ്പെടുന്നത് പോലെ ഹമാസിനെ അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അവരുമായി യുദ്ധം ചെയ്യണം. എന്തുകൊണ്ടാണ് അവർ സ്ത്രീകളെയും കുട്ടികളെയും ടാർഗറ്റ് ചെയ്യു ന്നത്? ഈ ആളുകൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നതിൽ നിന്നും അവർ തടഞ്ഞിട്ടുണ്ട്. ഇവിടെയാണ് മനുഷ്യാ വകാശങ്ങളും യുദ്ധനിയമങ്ങളും പാലിക്കുമെന്നുള്ള സർക്കാരുകളുടെ അവകാശവാദങ്ങൾ തകരുന്നത്.

ഇക്കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്ന ചിലരും ഉണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈയിടെ, മുൻ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു, ഒരു യുദ്ധമുണ്ടായാൽ അത് യുദ്ധനിയമങ്ങൾക്കനുസൃതമായിരിക്കണം, നിരപരാധികളുടെ ജീവൻ അപഹരിക്കുകയല്ല വേണ്ടത്. യു.എൻ സെക്രട്ടറി ജനറലും ഇസ്രായേൽ സർക്കാരിന്റെ അതൃപ്തിക്ക് കാരണമാകുന്ന രീതിയിൽ സംസാരിച്ചു. സമാധാനത്തിന്റെ ചാമ്പ്യന്മാരെന്ന് ലോകത്ത് സ്വയം അവകാശപ്പെടുന്നവർ സെക്രട്ടറി ജനറലിന്റെ പ്രസ്താവനയെ പിന്തുണച്ചിട്ടില്ല.

ഇത് അപകടകരമായ സമയങ്ങളാണെന്നും അവ കൂടുതൽ അപകടകരമായി മാറുകയാണെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. പാശ്ചാത്യ മാധ്യമങ്ങൾ ഒരു പക്ഷത്തിന്റെ റിപ്പോർട്ടുകൾ അതിശയോക്തി കലർത്തി അവതരിപ്പിക്കുകയും മറുവശത്തെ അപ്രസക്ത മായി പരാമർശിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അടുത്തിടെ ഒരു സ്ത്രീ ബന്ദിയാക്കി മോചിപ്പിക്കപ്പെട്ടു, ബന്ദിയാക്കിയവർ അവരോട് വളരെ നന്നായി പെരുമാറി എന്ന് അവർ പറഞ്ഞു. എന്നാൽ, ഹമാസിന്റെ ജയിൽവാസം നരകതുല്യമാണെന്ന മറ്റൊരു പ്രസ്താവന തലക്കെട്ടായി നല്കി. നീതിയോട് കൂടി മുഴുവൻ സാഹചര്യവും അവതരിപ്പിക്കപ്പെടേണ്ടതാണ്.

നാം വളരെയധികം പ്രാർഥിക്കണമെന്നും നീതിയുടെ സന്ദേശം നമുക്ക് ചുറ്റും പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. അടിച്ചമർത്തപ്പെട്ട മുസ്‌ലിംകൾക്കായി നാം പ്രാർഥിക്കണം, ഒപ്പം മുസ്‌ലിം ലോകത്തെ ഒരു ഐക്യനിലപാട് സ്വീകരിക്കാൻ അല്ലാഹു പ്രാപ്‌തമാക്കട്ടെ. മുസ്‌ലീംകളുടെ പ്രയാസങ്ങൾ ലഘൂകരിക്കപ്പെടുവനായി നമുക്ക് ഒരു പ്രത്യേക മനോവേദന ഉണ്ടായിരിക്കണം. നമ്മൾ വാഗ്ദത്ത മസീഹിനെ (അ) സ്വീകരിച്ചിരിക്കുന്നു , മറ്റ് മുസ്‌ലിംകൾ നമുക്ക് ബുദ്ധിമുട്ടുകൾ വരുത്തിയാൽ പോലും, നമ്മൾ എല്ലായ്പ്പോഴും നമ്മുടെ വികാരങ്ങൾ അവർക്ക് അനുകൂലമായി പ്രകടിപ്പിക്കുന്നു.

‘എന്റെ ദൈവമേ, അവരെ ഓർക്കുക, എന്തെന്നാൽ, അവർ എന്റെ റസൂലിനെ സ്‌നേഹിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവരാകുന്നു ‘

തിരുനബി (സ) യോടുള്ള സ്‌നേഹം ആവശ്യപ്പെടുന്നത് മുസ്‌ലീംകൾക്കായി വളരെയധികം പ്രാർഥിക്കണമെന്നതാണെന്ന്‌ ഖലീഫാ തിരുമനസ്സ് പറഞ്ഞു. അല്ലാഹു നമ്മെ അതിന് പ്രാപ്തരാക്കട്ടെ, മുസ്ലീം ലോകത്തിനും അതേപോലെ മുഴുലോകത്തിനും വിവേകബുദ്ധിനല്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർഥിച്ചു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed