മാര്‍ച്ച് 15, 2023
എറണാകുളം: ഏറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 2022 ഡിസംബര്‍ 10 മുതല്‍ 19 വരെ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക് സ്റ്റാള്‍ സംഘടിക്കപ്പെട്ടു. നാലായിരത്തോളം ആളുകൾ സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി.
പ്രമുഖരായ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും സ്റ്റാള്‍ സന്ദര്‍ശിച്ചു. ജമാഅത്തിന്‍റെ പുസ്തകങ്ങള്‍ അവർക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രമുഖ മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഗോവിന്ദ് മിശ്രാ, കേരള മുന്‍ ഡി. ജി. പി. ലോകനാഥ് ബെഹ്റ, പ്രമുഖ കവി മധുസൂദനന്‍ നായര്‍, അഡ്വ. എം. ലിജോ, ജെ. എം. ജെയിംസ് എന്നിവര്‍ക്ക് ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന പുസ്തകം ഉപഹാരമായി നൽകി. ജമാഅത്തിന്‍റെ സന്ദേശം അവർ കേള്‍ക്കുകയും അവരുടെ സംശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. പലരും തുടര്‍ന്നും നമ്മുടെ പ്രവര്‍ത്തങ്ങളുമായി സഹകരിക്കുവാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുകയുണ്ടായി.
അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ ഡിസംബര്‍ 15ന് ‘വിശ്വശാന്തി: വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തെ ആസ്പദമാക്കി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ സെമിനാറും സംഘടിപ്പിക്കപ്പെട്ടു. സത്യദീപം മാസികയുടെ എഡിറ്ററും കേരളത്തിലെ മുഖ്യധാര വ്യക്തിത്വങ്ങളില്‍ ഒരാളുമായ ഫാദര്‍ പോള്‍ തേലെക്കാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വെറുപ്പും വിദ്വേഷവും ഉപേക്ഷിച് എല്ലാവരോടും സഹാനുഭൂതിയോടെ സമീപിച്ചാൽ സമാധാനം കൈവരിക്കാന്‍ കഴിയുമെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
പുസ്തകോത്സവ സമിതി രക്ഷാധികാരിയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ ഇ. എന്‍. നന്ദകുമാര്‍ വേദിയിൽ സന്നിഹിതനായിരുന്നു. മുഴുലോകത്തിനും സമാധാനത്തിന്‍റെ വക്താക്കളായി പ്രവര്‍ത്തിക്കുന്ന ഏക ഇസ്‌ലാമിക വിഭാഗമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതേ വേദിയില്‍, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹു) നടത്തിയ സമാധാന പ്രഭാഷണങ്ങളുടെ സമാഹാരമായ സമകാലിക ലോകത്തിനൊരു സ്നേഹദൂത് എന്ന പുസ്തകം പ്രകാശനം ചെയ്തു.
സെമിനാറിന്‍റെ സമാപനത്തില്‍ ആലപിച്ച മൈത്രി ഗാനം സദസ്സിലാകമാനം അവിസ്മരണീയമായ ഒരു അനുഭൂതി ഉണ്ടാക്കി. സദസ്സിലൊരാള്‍ സ്റ്റാളില്‍ വന്നുകൊണ്ട് നിങ്ങളുടെ സമാധാന സന്ദേശം ഊര്‍ജ്ജസ്വലതയോട് കൂടി പ്രചരിപ്പിക്കുകയാണെങ്കില്‍, ലോകത്തിനെ നാശത്തില്‍ നിന്ന് രക്ഷിക്കുവാന്‍ മറ്റൊന്നും ആവശ്യമായി വരികയില്ല എന്ന് അഭിപ്രായപ്പെടുകയുണ്ടായി.
സ്റ്റാള്‍ സന്ദര്‍ശിച്ച നാല് ഹിന്ദു സഹോദരിമാര്‍ അഹ്‌മദിയ്യാ ഖലീഫയുടെ സന്ദേശം കേട്ട് വളരെയധികം പ്രഭാവിതരാവുകയും നമ്മുടെ പുസ്തകങ്ങളും ഖലീഫ തിരുമാനസ്സിന്‍റെ പ്രഭാഷണങ്ങളും ആവശ്യപ്പെടുകയുമുണ്ടായി. സ്റ്റാളിലെ വളന്‍റ്റിയര്‍മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ‘എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ്’ എന്ന ബാഡ്ജ്, പ്രണത ബുക്സിലെ ജോയ് സി. ജോര്‍ജ് ആവശ്യപ്പെട്ടതും ഹൃദ്യമായ ഒരു അനുഭവമായിരുന്നു.
0 Comments