ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 28 ജൂലൈ 2023ന് ഹദീഖത്തുല്‍ മഹ്ദിയില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ജൂലൈ 30, 2023

അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ഇന്ന് യു.കെ. ജലസ സാലാന (വാർഷിക സമ്മേളനം) ആരംഭിക്കുകയാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

യു.കെയിലെ ഈ വാർഷിക സമ്മേളനത്തിൽ ഖലീഫത്തുൽ മസീഹ് സന്നിഹിതനാകുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം നാല് പതിറ്റാണ്ടുകൾ കഴിഞ്ഞുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

തുടക്കത്തിൽ വാർഷിക സമ്മേളനത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രാദേശിക അംഗങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. അതിനാൽ, നാലാം ഖലീഫ(റഹ്) ഈ സമ്മേളനം സംഘടിപ്പിക്കുന്നത്തിന് അംഗങ്ങളെ പ്രാപ്തരാക്കുവാൻ വ്യക്തിപരമായ ശ്രദ്ധ നല്കി.

വിപുലമായ രീതിയിൽ നാലാം ഖലീഫയുടെ(റഹ്) സാന്നിധ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ വാർഷിക സമ്മേളനം 1985-ലാണ് നടന്നത്. ഏകദേശം 5,000 പേർ അതില്‍ പങ്കെടുത്തു. ഇത്രയും പേർക്ക് എങ്ങനെ ആതിഥ്യം വഹിക്കാനാകുമെന്നായിരുന്നു അന്ന് സംഘാടകരുടെ ആശങ്ക. എന്നാൽ ഇപ്പോൾ, ജമാഅത്തിന്‍റെ വിവിധ പോഷകസംഘടനകളുടെ എല്ലാ വർഷവും നടന്നു വരുന്ന ഇജ്തിമകളില്‍ (സമ്മേളനങ്ങള്‍) തന്നെ അത്രയും പേർ പങ്കെടുക്കാറുണ്ട്.

ഇപ്രാവശ്യം, ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ജൽസ അതിന്‍റെ വിപുലമായ നിലയിൽ നടക്കുന്നതിനാൽ, സംഘാടകർ വീണ്ടും ആശങ്കാകുലരാണ്. പ്രത്യേകിച്ച് 40,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ. എന്നിരുന്നാലും, സംഘാടകരായ എല്ലാ അംഗങ്ങളും ഇപ്പോൾ വളരെ പരിചയസമ്പന്നരാണ്. അവർക്ക് അവരുടെ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

എല്ലാ അനുഭവങ്ങളും കഴിവുകളും അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ലഭിക്കുന്നതാണ്

കഴിഞ്ഞയാഴ്ച താൻ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനായി ഒരു പരിശോധന നടത്തിയെന്നും, എല്ലാവരും തങ്ങളുടെ വകുപ്പിനെക്കുറിച്ച് അറിവും ആത്മവിശ്വാസവും ഉള്ളവരാണെന്ന് കണ്ടു എന്നും ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ഇത് സംഘാടകർക്ക് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇല്ലാതാക്കാൻ സഹായിച്ചു. സംഘാടകരുടെ അവശേഷിക്കുന്ന ഏതൊരു ആശങ്കയും അല്ലാഹു തീർച്ചയായും ഇല്ലാതാക്കുന്നതാണ്. സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നതിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധയുണ്ടാകുമ്പോഴാണ് ഇത് സാധ്യമാകുന്നത്. നമ്മുടെ സ്വന്തം കഴിവുകൾ കൊണ്ടല്ല നമുക്ക് അനുഭവസമ്പത്ത് കരസ്ഥാമാകുന്നത്, മറിച്ച് സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ മാത്രമാണ് അത് സംഭവിക്കുന്നത്.

ജൽസയിലെ എല്ലാ പ്രവർത്തകരും അധ്വാനത്തോടെയും സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടും ധാർമികതയുടെ ഉന്നത നിലവാരം പുലർത്തിക്കൊണ്ടും തങ്ങളുടെ ജോലി നിർവഹിക്കണമെന്ന് കഴിഞ്ഞ പ്രഭാഷണത്തിൽ  സംക്ഷിപ്തമായി സൂചിപ്പിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അപ്പോഴാണ് ചെയ്യുന്ന പ്രവർത്തിയിൽ സർവശക്തനായ അല്ലാഹു അനുഗ്രഹം ചൊരിയുന്നത്. വാഗ്ദത്ത മസീഹ്(അ)ന്‍റെ അതിഥികൾക്ക് വേണ്ടിയാണ് തങ്ങൾ സന്നദ്ധസേവനങ്ങൾ ചെയ്യുന്നതെന്നും, വിശ്വാസത്തിന്‍റെ ഭാഗമായി മാത്രമാണ് തങ്ങള്‍ ഇവിടെ ഒത്തുകൂടിയിട്ടുള്ളതെന്നും എല്ലാവരും ഓർക്കണമെന്നും ഖലീഫാ തിരുമനസ്സ് ഓർമ്മിപ്പിക്കുകയുണ്ടായി. അതിനാൽ, ഏതൊരു ആവേശത്തോടെയാണോ നിങ്ങൾ സന്നദ്ധസേവനത്തിനായി സ്വയം സമര്‍പ്പിച്ചത്, കർത്തവ്യകാലമത്രയും ഈ ആവേശം നിലനിർത്തിക്കൊണ്ട് സേവനമനുഷ്ഠിക്കുക. അതോടൊപ്പം സർവശക്തനായ അല്ലാഹുവിനെ ആരാധിക്കുകയും പ്രാർഥന നിലനിറുത്തുകയും ചെയ്യണമെന്ന് പ്രവർത്തകർ മറക്കരുത്.

ജൽസയിൽ പങ്കെടുക്കുന്നവർക്കായി ചില നിർദേശങ്ങൾ നല്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ മാർഗ്ഗനിർദ്ദേശം കേവലം കേൾക്കുക മാത്രമല്ല ചെയ്യേണ്ടത് അവ നടപ്പിലാക്കുകയും വേണം.

ഈ സമ്മേളനം ലൗകികമേളകള്‍ പോലെയല്ല

പ്രഥമപ്രധാനമായി, ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുതെന്ന വാഗ്ദത്ത മസീഹിന്‍റെ പ്രസ്താവന പങ്കെടുക്കുന്നവരെല്ലാം ഓർക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മറിച്ച്, ഈ ജൽസയിൽ പങ്കെടുക്കുന്നതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം. ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരാൾ ലൗകിക കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയില്ല. തുടർന്ന്, സംഘടനാപരമായ എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ, അവ എളുപ്പത്തിൽ അവഗണിക്കപ്പെടുകയും അവരെ അത് ബാധിക്കാതിരിക്കുകയും ചെയ്യും. കാരണം ആത്മീയവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശ്യം. അത് ജൽസയിലെ വിവിധ പ്രഭാഷണങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. അതിനാൽ, ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും ചുറ്റിക്കറങ്ങുന്നതിനുപകരം, ജൽസയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കേണ്ടതാണ്.

അതുപോലെ, സെഷനുകൾക്കിടയിലുള്ള സമയവും വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തീർച്ചയായും ആ സമയം ഭക്ഷണം കഴിക്കാനും പ്രാർഥനകൾ നടത്താനും സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്താനുമുള്ളതാണ്. എന്നിരുന്നാലും, ബസാറിൽ ഷോപ്പിംഗ് നടത്തി സമയം പാഴാക്കരുത്. പകരം, ബുക്ക്‌സ്റ്റാൾ, അല്ലെങ്കിൽ മഖ്‌സനെ-തസാവീർ , ദി റിവ്യൂ ഓഫ് റിലീജിയൻസ്, പ്രചാരണവകുപ്പ്, അല്ലെങ്കിൽ ആർക്കൈവ്സ് ഡിപ്പാർട്ട്‌മെന്‍റ് എന്നിവർ നടത്തുന്ന വിവിധ പ്രദർശനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.

ജൽസയിൽ പങ്കെടുക്കുന്നതിന്‍റെ പ്രാഥമിക ഉദ്ദേശ്യം

ഈ ജൽസയിൽ പങ്കെടുക്കുന്നതിന്‍റെ പ്രാഥമിക ഉദ്ദേശ്യം ഒരാളുടെ ആത്മീയതയും ധാർമികതയും മെച്ചപ്പെടുത്തുക എന്നതാകുമ്പോൾ, ഇത് സ്വാഭാവികമായും പരസ്പര സ്നേഹബന്ധം വർധിപ്പിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. സംഘാടനത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ, അവ എളുപ്പം അവഗണിക്കപ്പെടുന്നതാണ്. ഒപ്പം, യഥാർഥ വിശ്വാസികളിൽ നിന്ന് എപ്പോഴും പ്രകടമാകുന്ന മനോഹരമായ അന്തരീക്ഷം സ്ഥാപിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച്, പങ്കെടുക്കുന്നവർ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍, തീർച്ചയായും ഇത്തരമൊരു വിശാലവും താല്ക്കാലികവുമായ സംവിധാനത്തില്‍, അവർക്ക് എന്തായാലും പിഴവുകൾ കണ്ടെത്താന്‍ കഴിയുന്നതാണ്. എന്നാൽ അത് ഈ സമ്മേളനത്തിന്‍റെ യഥാർഥ ലക്ഷ്യത്തിന് വിരുദ്ധമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും.

ഉദാഹരണത്തിന്, അതിഥികൾക്കായി കൃത്യമായ അളവിൽ ഭക്ഷണം തയ്യാറാക്കുവാൻ എല്ലായ്പ്പോഴും എല്ലാ ശ്രമങ്ങള്‍ നടത്താറുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നിരുന്നാലും, അതിൽ കുറവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ അതിഥികൾ സംഘാടകരുടെ ക്ഷമാപണം പൂർണഹൃദയത്തോടെ സ്വീകരിക്കേണ്ടതാണ്.

അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്നതിന് വാഗ്ദത്ത മസീഹ്(അ) നമുക്ക് ഒരു മാതൃക കാണിച്ചു തന്നിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഒരിക്കൽ, ഒരു യാത്രയിലായിരിക്കെ, വാഗ്ദത്ത മസീഹ്(അ) തന്റെ ജോലിയിൽ വ്യാപൃതനായിരുന്നു. മറ്റെല്ലാ അതിഥികൾക്കും വിളമ്പുന്നത് വരെ അദ്ദേഹം അത്താഴം കഴിച്ചില്ല. തന്‍റെ ജോലിയിൽ മുഴുകിയിരുന്നതിനാൽ വാഗ്ദത്ത മസീഹ്(അ) ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിയാതെ സംഘാടകർ ഭക്ഷണം വിളമ്പി വെച്ചിട്ട് അല്പസമയത്തിനു അത് എടുത്തുമാറ്റി. പിന്നീട്, വാഗ്ദത്ത മസീഹ്(അ) ഭക്ഷണമുണ്ടോ എന്ന് ചോദിച്ചപ്പോൾ, സംഘാടകർ അങ്ങേയറ്റം ആശങ്കാകുലരായി. കാരണം എല്ലാ അതിഥികളും പിന്നീട് പ്രവർത്തകരും കഴിച്ചതിനു ശേഷം ഭക്ഷണമൊന്നും അവശേഷിച്ചിരുന്നില്ല. സമയം വൈകിയിരുന്നതിനാൽ മാർക്കറ്റിൽ നിന്ന് ഒന്നും വാങ്ങാനും സാധിച്ചില്ല. കൂടെ ഉണ്ടായിരുന്നവർ അങ്ങേയറ്റം ആശങ്കാകുലരായിരുന്നു. വാഗ്ദത്ത മസീഹിന്(അ) ആ സമയത്ത് എന്ത് പാകം ചെയ്ത് നല്കും എന്ന കാര്യത്തിൽ ആശങ്കയിലായി. എന്നാൽ വാഗ്ദത്ത മസീഹ്(അ) അവരെ തടയുകയുണ്ടായി. റൊട്ടിയുടെ ബാക്കിയായ കഷണങ്ങൾ ഉണ്ടാകുമെന്നും തനിക്ക് അത് മതിയെന്നും പറഞ്ഞു.

വാഗ്ദത്ത മസീഹ്(അ) ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ, അവർ സന്തോഷത്തോടെ പാകം ചെയ്ത് നല്കുമായിരുന്നു. എന്നിരുന്നാലും, വാഗ്ദത്ത മസീഹ്(അ) അവരുടെ അവസ്ഥ മനസ്സിലാക്കുകയും അവരോട് വിഷമിക്കേണ്ടതില്ലെന്ന് പറയുകയും ചെയ്തു. അതിനാൽ, ആ മഹാത്മാവ് സ്ഥാപിച്ചതും നാം സ്വായത്തമാക്കേണ്ടതുമായ മാതൃകയാണിത്. ജൽസയിൽ പങ്കെടുക്കുന്ന ചിലർക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ബഹളമുണ്ടാക്കരുത്. പകരം അവർക്ക് എന്ത് ലഭിച്ചാലും തൃപ്തിപ്പെടണം. അതുപോലെ, വാഗ്ദത്ത മസീഹ്(അ) റൊട്ടിയുടെ ശേഷിക്കുന്ന കഷണങ്ങൾ കഴിച്ചു കൊണ്ട് ഒരു ഭക്ഷണവും ഒരിക്കലും പാഴാക്കരുതെന്ന പാഠമാണ് നമുക്ക് നല്കിയത്.

വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ആ വകുപ്പുകളിലെ വിദഗ്ധരല്ല, മറിച്ച് അവർ സന്നദ്ധപ്രവർത്തകരാണെന്ന് എപ്പോഴും ഓർക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനാൽ, അവരുടെ പ്രയത്‌നങ്ങളെ എപ്പോഴും അഭിനന്ദിക്കേണ്ടതാണ്.

ധാർമികതയുടെ ഉന്നത നിലവാരം പ്രകടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം

ധാർമികതയില്ലാതെ ഒന്നുമില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ജൽസയുടെ സമയത്ത് ശരിയായ അന്തരീക്ഷം സ്ഥാപിക്കുന്നതിന് പ്രവർത്തകർ മാത്രമല്ല ഉന്നത ധാർമിക ഗുണങ്ങൾ പ്രകടിപ്പിക്കേണ്ടത്, മറിച്ച് പങ്കെടുക്കുന്ന എല്ലാവരും ഏറ്റവും ഉയർന്ന ധാർമിക നിലവാരം പ്രകടിപ്പിക്കണം. അതുപോലെ, നബി തിരുമേനി(സ)യുടെ ഒരു വചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, പുഞ്ചിരി ദാനമാണ് എന്ന കാര്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ടതാണ്.

ജൽസ സമയത്ത് ഉയർന്ന ധാർമികത പ്രകടിപ്പിക്കുന്നതിനെക്കുറിച്ച്, വാഗ്ദത്ത മസീഹ്(അ) പറഞ്ഞത്, സ്വന്തം സുഖത്തെക്കാൾ സഹോദരന്‍റെ ആശ്വാസത്തിന് മുൻഗണന നല്കുന്നതുവരെ ഒരാളുടെ വിശ്വാസം പൂർണ്ണമാകില്ല എന്നാണ്. നല്ല ആരോഗ്യമുള്ള ഒരാൾ കിടക്കയിലും അവശത അനുഭവിക്കുന്ന മറ്റൊരാൾ നിലത്തും ഉറങ്ങുകയും, കിടക്കയിലുള്ളയാൽ നിലത്ത് കിടക്കുന്ന വ്യക്തിക്ക് വേണ്ടി കിടക്ക വിട്ടുകൊടുക്കാതിരിക്കുകയും ചെയ്താൽ അത് വളരെ ഖേദകരമായ കാര്യമാണെന്നാണ് വാഗ്ദത്ത മസീഹ്(അ) പറഞ്ഞത്. അതുപോലെ, ആരെങ്കിലും പരുഷമായി സംസാരിക്കുകയാണെങ്കിൽ, ക്ഷമയോടെ നിലകൊള്ളുകയും ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുകയും വേണം. എല്ലായ്‌പ്പോഴും പ്രദർശിപ്പിച്ചിരിക്കേണ്ട അടിസ്ഥാന ധാർമികതകളിൽ ചിലത് മാത്രമാണിത്, പ്രത്യേകിച്ചും ജൽസയുടെ നാളുകളിൽ ഇത് പ്രകടിപ്പിക്കേണ്ടതാണ്. ഇതിലൂടെ സുന്ദരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്.

ജൽസയുടെ മൂന്ന് ദിവസങ്ങളിൽ ഈ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ഈ സമ്മേളനത്തിൽ ഒത്തുചേരുന്നതിന്‍റെ യഥാർഥ ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഈ മൂന്ന് ദിവസങ്ങളിൽ ലഭിക്കുന്ന പരിശീലനം സമൂഹത്തിൽ എല്ലായിടത്തും സ്‌നേഹവും സൗഹാർദവും സ്ഥാപിക്കുന്ന തരത്തിലാകണമെന്നും ഖലീഫാ തിരുമനസ്സ് നിർദേശം നല്കുകയുണ്ടായി.

അതിഥികൾക്ക് സൗകര്യങ്ങൾ ഏർപ്പാടാക്കാൻ ആതിഥേയർ പരമാവധി ശ്രമിക്കണം. അതേപോലെ അതിഥികൾ സംതൃപ്തരായിരിക്കാനും അല്ലാഹുവിന്‍റെ പ്രീതിക്കായി ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കാനും പരമാവധി ശ്രമിക്കണം.

സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കുക

സമാധാനത്തിന്‍റെയും സൗഹാർദത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കുന്നതിന്, ദരിദ്രർക്ക് ഭക്ഷണം നല്കണമെന്നും, അറിയുന്നവരായാലും അറിയാത്തവരായാലും എല്ലാവർക്കും സമാധാനത്തിന്‍റെ ആശംസകൾ നേരണമെന്നുമാണ് നബി തിരുമേനി(സ) പഠിപ്പിച്ചതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ലോകത്ത് അസമാധാനം ഉണ്ടാകുന്നത്തിന്‍റെ ഒരു പ്രധാന കാരണം ഭക്ഷണക്ഷാമവും അതുപോലെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യവുമാണ്. നബി തിരുമേനി(സ)യുടെ ഈ തത്ത്വങ്ങൾ പാലിച്ചാല്‍ അത് സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ മാർഗമാകുന്നതാണ്. വാസ്തവത്തിൽ ഇത് ശത്രുതയും പകയും ഇല്ലാതാക്കാനുള്ള ഒരു ഉപാധി കൂടിയാണ്.

പൊതുവായ ചില മാർഗനിർദേശങ്ങൾ

ജൽസയുമായി ബന്ധപ്പെട്ട് എല്ലാവരും മനസ്സിൽ സൂക്ഷിക്കേണ്ട ചില പൊതുകാര്യങ്ങളുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ജൽസ പരിപാടികൾ എല്ലാവരും നിശബ്ദമായും ശ്രദ്ധയോടെയും കേൾക്കണം. ചില പ്രസംഗങ്ങൾ മാത്രം കേൾക്കുകയും, മറ്റുള്ളവ അവഗണിക്കുകയും ചെയ്യരുത്. പിന്നെ, ജൽസയുടെ നാളുകളിൽ അല്ലാഹുവിന്‍റെ സ്മരണയിൽ മുഴുകിയിരിക്കുകയും, നബി തിരുമേനി(സ)ക്ക് വേണ്ടി ദുരൂദ് ശരീഫ് (പ്രാർത്ഥനാ വാചകങ്ങൾ) പാരായണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും നാം മുഹറം മാസത്തിലൂടെ കടന്നുപോകുന്നതിനാലും ഇന്ന് മുഹറം 10 ആയതിനാലും ദുരൂദ് ശരീഫ് പാരായണത്തിന് ഊന്നൽ നല്കണം. നബി തിരുമേനി(സ)യുടെ സ്ഥാനവും പദവിയും അല്ലാഹു തുടർന്നും ഉയർത്തി കൊണ്ടിരിക്കുവാൻ പ്രാർഥിക്കേണ്ടതാണ്. അദ്ദേഹത്തിന്‍റെ സന്ദേശം ലോകത്ത് പ്രബലമാകുന്നതിനും തിരുദൂതര്‍(സ)യുടെ സമുദായം നാശത്തിൽ നിന്ന് കരകയറുന്നതിനും പ്രാർഥിക്കേണ്ടതാണ്. ഈ ദിവസമാണ് നബി തിരുമേനി(സ)യുടെ കുടുംബത്തിന് നേരെ അതിക്രമം ഉണ്ടായത്. അതുപോലെ ഈ കാലഘട്ടത്തില്‍, പുണ്യപ്രവാചകൻ(സ)യുടെ യഥാർത്ഥ ആത്മീയ കുടുംബം പീഡിപ്പിക്കപ്പെടുന്നു. ഇത് നബി തിരുമേനി(സ)യുടെ പേരിലാണ് നടത്തപ്പെടുന്നത്. എന്നാൽ, വാഗ്ദത്ത മസീഹിന്(അ) തിരുദൂതര്‍(സ)യോട് ഉണ്ടായിരുന്ന അഗാധമായ സ്നേഹം, മലക്കുകൾ പോലും സാക്ഷ്യപ്പെടുത്തിയ സ്നേഹമാണെന്നും, ആ സ്നേഹം കാരണമാണ് ദൈവം ഈ സ്ഥാനം അദ്ദേഹത്തിന് നല്കിയതെന്നും ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.

നബി തിരുമേനി(സ)യോട് വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ അതിവേഗം ലോകമെമ്പാടും വ്യാപിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർഥിച്ചു.

ജൽസയുടെ നടപടിക്രമങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കണമെന്ന കാര്യത്തെ കുറിച്ച് കുട്ടികളേയും ബോധവാന്മാരാക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതുപോലെ, ജൽസയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും സുരക്ഷയുടെ ഭാഗമായി അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ജൽസയിൽ നിന്ന് മികച്ച രീതിയിൽ പ്രയോജനം ലഭിക്കാനും, എല്ലാ തിന്മകളിൽ നിന്നും എല്ലാവരും സംരക്ഷിക്കപ്പെടാനും, അല്ലാഹു തന്‍റെ അനുഗ്രഹങ്ങൾ എല്ലാവരിലും ചൊരിയാനും ഖലീഫാ തിരുമനസ്സ് പ്രാർഥിച്ചു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed