അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)11 ഒക്ടോബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്‌മദ്
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം, തിരുനബി(സ)യുടെ ജീവചരിത്രസംബന്ധമായി അഹ്സാബ് യുദ്ധത്തെക്കുറിച്ചുള്ള വിവരണം ഇന്നും തുടരുകയാണെന്ന് ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ്(അ) പറഞ്ഞു.
കൊടുങ്കാറ്റിന് ശേഷം ശത്രുക്കൾ മൈതാനം കാലിയാക്കി. അപ്പോൾ നബിതിരുമേനി[സ] പറഞ്ഞു: ഭാവിയിൽ മുസ്‌ലിങ്ങൾ ഖുറൈശികൾക്ക് എതിരെ ഇറങ്ങും എന്നാൽ ഖുറൈശികൾക്ക് ഒരിക്കലും മുസ്‌ലിങ്ങൾക്കെതിരിൽ പുറപ്പെടാനുള്ള ധൈര്യം ഉണ്ടാകുകയില്ല. യഥാർത്ഥത്തിൽ ഇതിന് ശേഷം ഖുറൈശികൾക്ക് മുസ്‌ലീങ്ങൾക്കെതിരിൽ യുദ്ധത്തിന് വേണ്ടി കോപ്പ് കൂട്ടാനുള്ള ശക്‌തി ഉണ്ടായതേ ഇല്ല. അങ്ങനെ അവസാനം നബിതിരുമേനി[സ] മക്കയും ജയിച്ചടക്കി.
വിവിധ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പതിനഞ്ചു മുതൽ മുപ്പത് ദിവസം വരെ കിടങ്ങ് ഉപരോധിക്കപ്പെട്ടു. ഈ യുദ്ധത്തിൽ ഒൻപത് മുസ്‌ലിങ്ങൾ രക്തസാക്ഷികളായി, രണ്ടു പേർ യുദ്ധം തുടങ്ങുന്നതിന് മുൻപ് ശത്രുക്കളുടെ വിവരം ശേഖരിക്കാൻ പോയ അവസരത്തിൽ രക്തസാക്ഷികളാക്കപ്പെട്ടു. യുദ്ധത്തിനിടയിൽ അവിശ്വാസി സൈന്യത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു.
അത്ഭുതകരമായ വിജയം
ഹദ്റത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
“ഏറെക്കുറെ 20 ദിവസത്തെ പ്രതിരോധത്തിന് ശേഷം കാഫിരീങ്ങളുടെ സൈന്യം മദീനയിൽ നിന്ന് പരാജിതരായി തിരിച്ചു പോയി. അവരുടെ സഹായത്തിന് വേണ്ടി വന്ന ബനൂഖുറൈദ ഗോത്രവും തങ്ങളുടെ കോട്ടകളിലേക്ക് തിരിച്ചെത്തി. ഈ യുദ്ധത്തിൽ മുസ്‌ലിങ്ങൾക്ക് കൂടുതൽ ജീവനഷ്‌ടം ഒന്നും ഉണ്ടായില്ല. അതായത് അഞ്ചോ ആറോ ആളുകൾ മാത്രമാണ് ശഹീദ് ആയത്. പക്ഷെ ഔസ് ഗോത്രത്തിന്‍റെ വലിയ നേതാവായ സഅദ് ബിൻ മആദിന് കാര്യമായി പരിക്കേറ്റു. അവസാനം ഈ പരുക്ക് കാരണം തന്നെ മരണമടയുകയും ചെയ്തു. ഈ നഷ്‌ടം മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം നികത്താൻ ആവാത്ത ഒരു നഷ്ടമായിരുന്നു. കാഫിരീങ്ങളുടെ സൈന്യത്തിൽ നിന്ന് മൂന്നുപേർ മാത്രമാണ് കൊല്ലപ്പെട്ടത്. പക്ഷെ ഈ യുദ്ധത്തിൽ കാഫിരീങ്ങൾക്ക് വലിയ ആഘാതം ഏറ്റു. ഇതിന് ശേഷം പിന്നീട് ഒരിക്കലും മുസ്‌ലീങ്ങൾക്കെതിരിൽ ഈ രീതിയിൽ സംഘടിതരായി പുറപ്പെടാനോ മദീനക്ക് മേൽ ആക്രമണം നടത്താനോ അവർക്ക് ധൈര്യമുണ്ടായില്ല. തിരുനബി[സ]യുടെ പ്രവചനം അക്ഷരാർത്ഥത്തിൽ പുലരുകയും ചെയ്തു. അവിശ്വാസികളുടെ സൈന്യം പോയതിന് ശേഷം തിരുനബി[സ] സഹാബാക്കളോട് തിരിച്ചു പോകാൻ കൽപിച്ചു. മുസ്‌ലീങ്ങൾ യുദ്ധ മൈതാനത്ത് നിന്ന് മദീനയിലേക്ക് പ്രവേശിച്ചു. അങ്ങനെ ഖന്ദക്ക് അഥവാ അഹ്സാബ് യുദ്ധം അവിചാരിതമായി അവസാനിച്ചു. അത് വളരെ ഭയാനകമായ ഒരു യുദ്ധമായിരുന്നു. അതിനേക്കാൾ ഉപരി വലിയൊരു പ്രയാസവും അതുവരെ മുസ്‌ലീങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. അതിന് ശേഷവും തിരുനബി[സ]യുടെ ജീവിത കാലത്ത് ഇത്രയും വലിയ പ്രയാസം ഉണ്ടായിട്ടില്ല. ഈ ഭയാനകമായ ഭൂകമ്പം മുസ്‌ലിം സൗധത്തിന്‍റെ അടിത്തറ ഇളക്കി. അതിന്‍റെ ഭയാനകമായ അവസ്ഥകൾ കാണുമ്പോൾ മുസ്‌ലീങ്ങളുടെ കണ്ണുകൾ അന്ധാളിച്ചു പോയി. അവർ വളരെയധികം അസ്വസ്ഥചിത്തരായി. ദുർബലരായ ആളുകൾ അത് തങ്ങളുടെ അവസാനമാണെന്ന് കരുതി. ഈ ഭയാനകമായ ഭൂകമ്പത്തിന്‍റെ ആഘാതം ഏറെക്കുറെ ഒരു മാസത്തോളം അവരിൽ ഉണ്ടായിരുന്നു. രക്തദാഹികൾ അവരുടെ വീടുകൾക്ക് ചുറ്റും ഉപരോധം തീർത്തുകൊണ്ട് അവരുടെ ജീവിതങ്ങളെ കൈപ്പേറിയതാക്കി മാറ്റി. ഈ പ്രയാസത്തിന്‍റെ തികതാനുഭവങ്ങൾ ബനൂ ഖുറൈദയുടെ വഞ്ചന കാരണം ഇരട്ടിയായി. ഈ എല്ലാ ഫിത്നകളുടെയും പിന്നിൽ ബനൂ നദീറിന്‍റെ കൃതഘ്നരായ യഹൂദികൾ ആയിരുന്നു. അവർക്ക് മേൽ നബിതിരുമേനി[സ] ഔദാര്യം ചെയ്തുകൊണ്ട് മദീനയിൽ നിന്ന് സമാധാനത്തോടെ കൂടി പുറത്തു പോകുന്നതിന് അനുമതി നൽകിയിരുന്നു.
ഈ യഹൂദി നേതാക്കളുടെ പ്രകോപനം കാരണമായിരുന്നു അറേബിയൻ മണലാരിണ്യത്തിലെ എല്ലാ അറിയപ്പെടുന്ന ഗോത്രങ്ങളും ഇസ്‌ലാം വിരോധത്തിന്‍റെ ലഹരിയിൽ ഉന്മാദരായി മുസ്‌ലിങ്ങളെ ഉൻമൂലനം ചെയ്യുന്നതിന് വേണ്ടി മദീനയിൽ ഒരുമിച്ച് കൂടിയത്. ആ സമയത്ത് ഈ മൃഗസമാനരായ ആളുകൾക്ക് പട്ടണത്തിനകത്തേക്ക് കയറാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ ഒരു മുസ്‌ലിമും ജീവനോടെ ബാക്കിയാകുമായിരുന്നില്ല എന്ന കാര്യം ഉറപ്പായിരുന്നു. ഒരു മുസ്‌ലിം സ്ത്രീയുടെയും ചാരിത്ര്യം ഈ ആളുകളുടെ മലീമസമായ ആക്രമണത്തിൽ നിന്നും സുരക്ഷിതമാവുകയും ചെയ്യുമായിരുന്നില്ല. പക്ഷെ അല്ലാവുവിന്‍റെ വലിയ അനുഗ്രഹവും അവന്‍റെ അദൃശ്യത്തിൽ നിന്നുള്ള കരങ്ങളും അക്രമകാരികളെ നിശ്ചേഷ്ടരാക്കി മടക്കി അയച്ചു. മുസ്ലീങ്ങൾ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സമാധാനപൂർവ്വം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ബനൂ ഖുറൈദയുടെ അപായം ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. അവർ വളരെ ഭയാനകമായ അവസ്ഥയിൽ തങ്ങളുടെ വഞ്ചന കാണിച്ചുകൊണ്ട് സമാധാനപൂർവ്വം തങ്ങളുടെ കോട്ടകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതിയിരുന്നു. പക്ഷെ അവരുടെ ഫിത്‌നകള്‍ക്ക് തടയണനയിടേണ്ടതും അനിവാര്യമായിരുന്നു. കാരണം മദീനയിൽ അവരുടെ സാന്നിധ്യം ഒരിക്കലും കയ്യിൽ ചുറ്റിയ പാമ്പിനേക്കാൾ കുറവായിരുന്നില്ല, അതായത് ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാൾ കുറവായിരുന്നില്ല. എന്നാൽ ഈ പാമ്പിനെ അകത്തു നിർത്തുന്നതും പുറത്തേക്ക് അയക്കുന്നതും ഒരുപോലെ അപകടകരമാണ് എന്നാണ് ബനൂ നദീറിന്‍റെ അനുഭവം മനസ്സിലാക്കി തരുന്നത്.” [1]
ബനൂ ഖുറൈദയിലേക്കുള്ള യുദ്ധനീക്കം
ബനൂ ഖുറൈദയുമായുള്ള ഉടമ്പടിയെ കണക്കിലെടുക്കേണ്ടതും അവർക്കെതിരിൽ നടപടി സ്വീകരിക്കേണ്ടതും മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഈ യുദ്ധനീക്കം അഞ്ചാം ഹിജ്‌രി ദുൽ ഖഅദ മാസത്തിലാണ് നടക്കുന്നത്. അതായത് എ ഡി 627 മാർച്ച് ഏപ്രിൽ മാസത്തിലാണ് ഈ യുദ്ധം നടക്കുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
“ഗ്രന്ഥാനുസരികളിൽ നിന്ന് അവരെ ശത്രുസേനകളെ സഹായിച്ചവരെ അവരുടെ കോട്ടകളിൽ നിന്ന് അവൻ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുക്കുകയും ചെയ്തു. അവരിൽ ഒരു കൂട്ടരേ നിങ്ങളെ വധിക്കുകയും ഒരു കൂട്ടരേ നിങ്ങൾ തടവുകാരാക്കുകയും ചെയ്യുകയായിരുന്നു.” [2]
ബനൂ ഖുറൈള മദീനയിൽ നിന്നും കുറച്ച് മൈലുകൾ അകലെ കോട്ടയിൽ താമസിച്ചിരുന്ന ജൂത ഗോത്രമായിരുന്നു. ഇവർ ഖുറൈളയുടെ സന്തതികളാണ്. ഇവരുടെ വംശാവലി ഹദ്റത്ത് ഹാറൂൺ(അ)മായി ബന്ധപ്പെടുന്നു. കിടങ്ങുയുദ്ധവേളയിൽ ഇവർ മുസ്‌ലിങ്ങളെ വഞ്ചിക്കുകയും നബിതിരുമേനി[സ]യുമായി ചെയ്തിരുന്ന ഉടമ്പടി ലംഘിക്കുകയും ചെയ്ത കാരണത്താലാണ് അവർക്കെതിരിൽ സൈനീക നീക്കം നടത്തേണ്ടി വന്നത്.
കിടങ്ങ് യുദ്ധത്തില്‍ നിന്ന്‍ തിരകെ വന്നതിന് ശേഷം നബിതിരുമേനി[സ] ഹദ്റത്ത് ആയിശ(റ)യുടെ വീട്ടിലേക്ക് പോവുകയും കുളിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ ഒരു വ്യക്തി വന്ന് നബിതിരുമേനി[സ]യെ അന്വേഷിച്ചു. ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്. ഈ സംസാരത്തിന് ശേഷം നബിതിരുമേനി[സ] വീട്ടിനകത്തേക്ക് കയറിയപ്പോൾ ഹദ്റത്ത് ആയിശ അദ്ദേഹത്തോട് ചോദിച്ചു: ആ വ്യക്തി ആരായിരുന്നു. നബിതിരുമേനി[സ] പറഞ്ഞു: അത് ജിബ്‌രീൽ മാലാഖ ആയിരുന്നു. അങ്ങനെ നബിതിരുമേനി[സ] ബനൂ ഖുറൈളക്ക് നേരെ സൈനീക നീക്കത്തിനുള്ള ആഹ്വാനം നടത്തി. അനുചരൻമാർ ഉടനെ തന്നെ ബനൂ ഖുറൈളയിലേക്ക് പുറപ്പെട്ടു.
നബിതിരുമേനി[സ] ഹദ്റത്ത് അലി(റ)നെ വിളിച്ച് അദ്ദേഹത്തിന് ഒരു ചുവന്ന പതാക നൽകുകയുണ്ടായി. മറ്റു ചില നിവേദനങ്ങളിൽ നബിതിരുമേനി[സ] ആദ്യം അലിയെ ഒരു സംഘവുമായി ആയച്ചതിന് ശേഷം അദ്ദേഹവും മറ്റുള്ളവരും അവർക്ക് പിന്നിലായി പുറപ്പെട്ടു എന്നും വരുന്നുണ്ട്.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
കിടങ്ങു യുദ്ധത്തിൽ നിന്ന് തിരികെ വന്ന് നബിതിരുമേനി[സ] ആയുധങ്ങൾ ഇറക്കി വെച്ച് സ്നാനം ചെയ്തതെയുള്ളൂ, ബനൂ ഖുറൈളയുടെ ചതിക്കും വഞ്ചനക്കും തീരുമാനം ആകാതെ ആയുധങ്ങൾ ഇറക്കിവെക്കാൻ പാടില്ലായിരുന്നു എന്ന് ദൈവീക വെളിപാട് ലഭിച്ചു. ഉടനെ തന്നെ ബനൂ ഖുറൈളയിലേക്ക് പുറപ്പെടണമെന്ന അറിയിപ്പ് ലഭിച്ചപ്പോൾ അദ്ദേഹം ബനൂ ഖുറൈളയുടെ കോട്ടയിലേക്ക് പുറപ്പെടണമെന്ന ഒരു പൊതുവിളമ്പരം ചെയ്തു. അസർ നമസ്കാരം അവിടെ എത്തി നമസ്കരിക്കുന്നതാണെന്നും അതിൽ പറഞ്ഞു. ഇസ്‌ലാമിക സൈന്യത്തിന് മുന്നിൽ കുറച്ച് സഹാബാക്കളുടെ ഒരു സംഘത്തെ ഹദ്റത്ത് അലിയോടൊപ്പം അയക്കുകയും ചെയ്തു. [3]
ഒരു ബുധനാഴ്ച ദിവസമാണ് നബിതിരുമേനി[സ] ബനൂ ഖുറൈളക്ക് നേരെ പുറപ്പെട്ടത്. നബിതിരുമേനി[സ] അദ്ദേഹത്തിന്‍റെ പടച്ചട്ടയണിഞ്ഞു. കുന്തവും പരിചയും കയ്യിലെടുത്ത് സഹാബാക്കളോടൊപ്പം പുറപ്പെട്ടു. നബിതിരുമേനി[സ] അവിടെയെത്തിയപ്പോൾ ഹദ്റത്ത് അലി നേരത്തെ തന്നെ അവിടെയെത്തി കോട്ടയുടെ പുറത്ത് ഇസ്‌ലാമിക പതാക നാട്ടിയിരുന്നു. ബനൂ ഖുറൈള കോട്ടകളിലേക്ക് കയറിപ്പോയി. അവിടെ നിന്ന് അവർ നബിതിരുമേനി[സ]യെയും അദ്ദേഹത്തിന്‍റെ പത്നിമാരെയും അസഭ്യം പറഞ്ഞുകൊണ്ടിരുന്നു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“ഹദ്റത്ത് അലി അവിടെ എത്തിയപ്പോൾ എല്ലാ കുഴപ്പങ്ങളുടെയും കാരണക്കാരനായ ബനൂ നദീറിന്‍റെ നേതാവ് ഹുയയ് ബിൻ അഖത്തബ് താൻ ചെയ്ത കൊടും ചതിക്ക് മാപ്പ് അപേക്ഷിക്കുന്നതിന് പകരം ബനൂ ഖുറൈളയിൽ എത്തി നബിതിരുമേനി[സ]യെയും അദ്ദേഹത്തിന്‍റെ ധർമ്മ പത്നിമാരെയും വളരെ ലജ്ജാവിഹീനമായും മോശമായും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഹദ്റത്ത് അലിയും അദ്ദേഹത്തിന്‍റെ സംഘവും പുറപ്പെട്ടതിന് അല്പം ശേഷം നബിതിരുമേനി[സ] ആയുധങ്ങൾ ധരിച്ചുകൊണ്ട് മദീനയിൽ നിന്ന് പുറപ്പെട്ടു. നബിതിരുമേനി[സ] കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. സഹാബാക്കളുടെ ഒരു സംഘം നബിതിരുമേനി[സ]യുടെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ നബിതിരുമേനി[സ] ബനൂ ഖുറൈളയുടെ കോട്ടയ്ക്ക് സമീപം എത്തിയപ്പോൾ ഹദ്റത്ത് അലി കുറച്ച് ദൂരം പിന്നിലേക്ക് നബിതിരുമേനി[സ]യെ സ്വീകരിക്കുന്നതിന് വേണ്ടി എത്തിയിരുന്നു. അദ്ദേഹം നബീസയോട് പറഞ്ഞു; യാ റസൂലല്ലാഹ് എന്‍റെ അഭിപ്രായത്തിൽ അങ്ങ് വരേണ്ട കാര്യമില്ലായിരുന്നു. ഇൻശാ അല്ലാഹ് ഞങ്ങൾ തന്നെ ഇവിടെ മതിയായവരായിരുന്നു. നബിതിരുമേനി[സ] കാര്യങ്ങൾ മനസ്സിലാക്കി, എന്നിട്ട് പറഞ്ഞു: ബനൂ ഖുറൈള എന്നെ സംബന്ധിച്ച് എന്തെങ്കിലും ദുർഭാഷണം നടത്തുന്നുണ്ടോ. ഹദ്റത്ത് അലി തടയുന്നത് കണ്ടപ്പോൾ അദ്ദേഹം എന്തെങ്കിലും തെറ്റായ സംസാരം കേട്ടിരിക്കാം എന്ന് കരുതി. ഹദ്റത്ത് അലി പറഞ്ഞു. അതെ യാ റസൂലല്ലാഹ്. നബിതിരുമേനി[സ] പറഞ്ഞു; ശരി നടക്കൂ. മൂസാ നബിക്ക് ഇതിലും വലിയ പ്രയാസങ്ങൾ ഇവരിൽ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നബിതിരുമേനി[സ] മുന്നോട്ട് നടന്നു.ബനൂ ഖുറൈളയുടെ ഒരു കിണറിനടുത്ത് തമ്പടിച്ചു.” [4]
മുസ്‌ലിങ്ങൾ ജൂതരുടെ കോട്ടയെ വളഞ്ഞുകൊണ്ട് അമ്പെയ്യാനും കല്ലുകൾ എറിയാനും തുടങ്ങി. ജൂതരും അവരുടെ കോട്ടക്കകത്ത് നിന്ന് ഇതുപോലെ അമ്പെയ്യാനും കല്ലുകൾ എറിയാനും തുടങ്ങി. എന്നാൽ മുസ്‌ലിങ്ങളുടെ ഭാഗത്ത് നിന്നുള്ള തുടർച്ചയായ അമ്പെയ്ത്ത് കാരണം തങ്ങളുടെ തോൽവി സുനിശ്ചിതമാണ് എന്ന് മനസ്സിലായി. അങ്ങനെ അവർ അവരുടെ ഭാഗത്ത് നിന്ന് അമ്പെയ്ത്ത് നിർത്തിക്കൊണ്ട് ചർച്ച ചെയ്യാം എന്ന് അപേക്ഷിച്ചു. നബിതിരുമേനി[സ] ഈ അപേക്ഷ സ്വീകരിച്ചു. ജൂതർ അവരുടെ ഒരു പ്രതിനിധിയെ അയച്ചു. ബനൂ നദീർ മദീന വിട്ടു പോയത് പോലെ തങ്ങളെയും മദീന വിട്ടു പോകാൻ അനുവദിക്കണമെന്നും അവരെ ജീവനോടെ വിടുന്നതിന് പകരം അവരുടെ സമ്പത്തും ആയുധങ്ങളും നൽകാം എന്ന് പറഞ്ഞു. അവരുടെ ഒട്ടകങ്ങൾക്ക് ചുമന്നു കൊണ്ടുപോകാവുന്നത് എല്ലാം അവർ കൊണ്ടുപോകും എന്നും അവർ പറഞ്ഞു. എന്നാൽ നബിതിരുമേനി ഇത് അംഗീകരിച്ചില്ല. പകരം താൻ നിശ്ചയിക്കുന്ന നിബന്ധനകൾ അംഗീകരിക്കണമെന്ന് പറഞ്ഞു. എന്നാൽ ജൂത പ്രതിനിധി ഇത് നിഷേധിക്കുകയും കോട്ടയിലേക്ക് തിരികെ പോവുകയും ചെയ്തു. ബനൂ ഖുറൈള നേതാക്കൻമാർ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി.
ജൂത നേതാക്കൻമാർ ജൂതർക്ക് മുന്നിൽ മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വെച്ചു. ഒന്ന് അവർക്ക് ഈ പ്രവാചകനെ വിശ്വസിക്കാം, എന്തെന്നാൽ അവർക്ക് സുവിശേഷം നൽകപ്പെട്ട അതേ പ്രവാചകൻ തന്നെയാണ് ഇദ്ദേഹം. അവർ അദ്ദേഹത്തെ സ്വീകരിക്കുകയാണെങ്കിൽ ഇപ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് അറുതി വരും. ഇത് കേട്ടപ്പോൾ ബനൂ ഖുറൈദ പറഞ്ഞു, ഞങ്ങൾ ഒരിക്കലും തൗറാത്തിനെ ഉപേക്ഷിക്കുന്നതല്ല. രണ്ട്, അവർക്ക് തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും വധിച്ചുകളഞ്ഞ് ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയിൽ മുസ്‌ലിങ്ങളെ ആക്രമിക്കാം. അവർ പറഞ്ഞു; നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വധിക്കാൻ ഞങ്ങള്‍ക്ക് കഴിയില്ല. മൂന്ന്, ഈ രാത്രി ശബ്ബത്ത് ദിവസമാണ്. നമ്മുടെ ഭാഗത്ത് നിന്ന് ഈ ദിവസം ഒരു ആക്രമണം മുസ്‌ലിങ്ങൾ പ്രതീക്ഷിക്കില്ല. അതിനാൽ ശബ്ബത്ത് ദിവസത്തിന്‍റെ പരിശുദ്ധിയെ അവഗണിച്ച് മുസ്‌ലിങ്ങളെ ആക്രമിക്കാം. എന്നാൽ ബനൂഖുറൈള ഈ നിർദേശവും സ്വീകരിച്ചില്ല.
മറ്റൊരു ജൂതനേതാവ് ബനൂ ഖുറൈളയിലെ ജനങ്ങളോട് പറഞ്ഞു, നിങ്ങൾ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ കുറഞ്ഞ പക്ഷം നിങ്ങള്‍ ജൂത വിശ്വാസത്തോടെങ്കിലും നീതി പുലർത്തുകയും ഈ പ്രവാചകന് ജിസിയ കൊടുക്കുകയും ചെയ്യുക. എന്നാൽ ഈ നിർദേശത്തെയും അവർ തള്ളിക്കളഞ്ഞു.
ഹദ്റത്ത് അബൂ ലുബാബയുടെ സംഭവം
നബിതിരുമേനി[സ] ബനൂ ഖുറൈളക്ക് മേൽ ഉപരോധം ശക്തമാക്കി. ശബ്ബത്ത് ദിവസം രാത്രി ബനൂ ഖുറൈള ഹദ്റത്ത് അബൂ ലുബാബയെ ചർച്ചക്ക് വേണ്ടി അയക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നബിതിരുമേനി[സ]ക്ക് ഒരു സന്ദേശമയച്ചു. അബൂ ലുബാബ(റ) ഔസ് ഗോത്രത്തിലെ ഒരു ആദരണീയനായ വ്യക്തിയായിരുന്നു. ഹദ്റത്ത് അബൂ ലുബാബ(റ) ബനൂ ഖുറൈളയുമായി ചർച്ചക്ക് പോയപ്പോൾ അവർ ഇദ്ദേഹത്തിന് മുന്നിൽ അപേക്ഷിക്കാനും വിലപിക്കാനും തുടങ്ങി. ഇത് കണ്ട് അദ്ദേഹത്തിന് മനസ്സലിഞ്ഞു. ജൂതർ അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങൾ പ്രവാചകൻ(സ)യുടെ നിബന്ധനകളെ അനുസരിക്കേണ്ടതുണ്ടോ. അദ്ദേഹം പറഞ്ഞു: തീർച്ചയായും. അല്ലെങ്കിൽ നിങ്ങൾ എല്ലാവരും കൊല്ലപ്പെടും എന്ന രീതിയിൽ ഒരു ആഗ്യം കാണിച്ചു. എന്നാൽ ഈ ആഗ്യം കാണിച്ചയുടനെ അദ്ദേഹം ലജ്ജിതനായി. താൻ നബിതിരുമേനി[സ]യെ അപമാനിച്ചതായി അദ്ദേഹത്തിന് തോന്നി. അതിനാൽ അദ്ദേഹം നബിതിരുമേനി[സ]യെ കാണാതെ നേരെ പള്ളിയിലേക്ക് പോയി അവിടെ തന്നെ സ്വയം ഒരു തൂണിൽ കെട്ടിയിട്ടു. താൻ ഈ അവസ്ഥയിൽ ഇവിടെ മരിക്കുന്നത് വരെയോ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നത് വരെയോ താൻ ഇവിടെ ഇങ്ങനെ തന്നെ കഴിയും എന്ന് പറഞ്ഞു. ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ നബിതിരുമേനി[സ] പറഞ്ഞു: അദ്ദേഹത്തെ തനിയെ വിടുക. അല്ലാഹു തന്നെ അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഒരു തീരുമാനം അറിയിക്കട്ടെ. എന്നിരുന്നാലും, നബിതിരുമേനി[സ] പറഞ്ഞു, അദ്ദേഹം നമ്മുടെയടുക്കൽ വന്നിരുന്നു എങ്കിൽ നാം അദ്ദേഹത്തിന് വേണ്ടി പാപപൊറുതി തേടിയേനെ. അടുത്ത കുറച്ച് ആഴ്ചകളോളം ഹദ്റത്ത് അബു ലുബാബ(റ) വളരെയേറെ പ്രായസം അനുഭവിച്ചുകൊണ്ടിരുന്നു. അവസാനം താഴെപറയുന്ന ഖുർആനിക വചനത്തിൽ അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടു എന്ന് അല്ലാഹു പറഞ്ഞു:
“തങ്ങളുടെ കുറ്റങ്ങളെ ഏറ്റുപറഞ്ഞ മറ്റു ചിലരും ഉണ്ട്. അവർ സത്കൃത്യങ്ങളും മറ്റുചില ദുഷ്കൃത്യങ്ങളും കൂട്ടിക്കലർത്തിയിരിക്കുകയാണ്. അല്ലാഹു അവരുടെ നേരെ കാരുണ്യത്തോടെ തിരിഞ്ഞേക്കാം തീർച്ചയായും അല്ലാഹു സർവ്വഥാ പൊറുക്കുന്നവനും കരുണമായനുമാകുന്നു.” [5]
നബിതിരുമേനി[സ]ക്ക് ഈ വചനം ഇറങ്ങിയപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തനിക്ക് അബൂ ലുബാബയെ കുറിച്ച് ഒരു സന്തോഷവാർത്ത ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ഹദ്റത്ത് ഉമ്മു സൽമ(റ) ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചു. ജനങ്ങൾ അദ്ദേഹത്തിന്‍റെ കെട്ടഴിക്കാൻ പോയപ്പോൾ അദ്ദേഹം വിസമ്മതിച്ചുകൊണ്ട് പറഞ്ഞു നബിതിരുമേനി[സ] എന്‍റെ കെട്ടുകൾ അഴിക്കണം എന്നാണ് എന്‍റെ ആഗ്രഹം. അങ്ങനെ നമസ്കാരത്തിന് ശേഷം നബിതിരുമേനി[സ] കാരുണ്യത്തോടെ അദ്ദേഹത്തിന്‍റെ കെട്ടുകൾ അഴിച്ചു. ഹദ്റത്ത് അബൂ ലുബാബ തന്‍റെ മുഴുവൻ സമ്പത്തും ദാനം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ മൂന്നിൽ ഒന്ന് മതിയാവുന്നതാണ് എന്ന് നബിതിരുമേനി[സ] പറഞ്ഞു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് ഈ സംഭവത്തെ കുറിച്ച് എഴുതുന്നു:
“ബനൂ ഖുറൈളക്കുമേലുള്ള ഉപരോധം ശക്തമായി തുടർന്നു. അവർ പ്രയാസത്തിൽ ആയി. ഹദ്റത്ത് അബൂ ലുബാബയെ തങ്ങളിലേക്ക് ചർച്ചക്കും കൂടിയാലോചനക്കും വേണ്ടി അയക്കണമെന്ന് അവർ അപേക്ഷിച്ചു. നബിതിരുമേനി[സ] ഹദ്റത്ത് അബൂ ലുബാബക്ക് അനുമതി നൽകി. അദ്ദേഹം അവരുടെ കോട്ടകളിലേക്ക് പുറപ്പെട്ടു. അദ്ദേഹം കോട്ടക്കുള്ളിൽ പ്രവേശിച്ചതും എല്ലാ യഹൂദ സ്ത്രീകളും കുട്ടികളും കരഞ്ഞു വിലപിച്ച് അദ്ദേഹത്തിന് ചുറ്റും കൂടി തങ്ങളുടെ പ്രയാസത്തെയും കഷ്ടതയെയും കുറിച്ച് പറഞ്ഞ് അദ്ദേഹത്തിന്‍റെ മനസ്സിനെ സ്വാധീനിക്കാമെന്ന് ബനൂ ഖുറൈളയുടെ മൂപ്പന്മാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അബൂ ലുബാബക്ക് മേൽ അവരുടെ ഈ തന്ത്രം ഏറ്റു. അദ്ദേഹം കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ അവരുടെ പ്രയാസങ്ങളിൽ അസ്വസ്ഥനായി. ബനൂ ഖുറൈളക്കാർ ചോദിച്ചു. നിങ്ങൾ ഞങ്ങളുടെ അവസ്ഥ കാണുന്നില്ലേ.? ഞങ്ങൾ മുഹമ്മദ്(സ)യുടെ തീരുമാനം അനുസരിച്ച് ഞങ്ങളുടെ കോട്ടകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നാണോ.? അബൂലുബാബ പൊടുന്നനെ മറുപടി നൽകികൊണ്ട് കൊണ്ട് പറഞ്ഞു: തീർച്ചയായും. അല്ലെങ്കിൽ നിങ്ങൾ എല്ലാവരും വധിക്കപ്പെടും എന്ന് അദ്ദേഹം തന്‍റെ കഴുത്ത് മുറിക്കുന്നത് പോലെ ആഗ്യം കാണിച്ചു. അതായത് നബിതിരുമേനി[സ]യെ അനുസരിച്ചില്ലെങ്കിൽ അദ്ദേഹം നിങ്ങളെ വധിക്കുന്നതിന് കല്പന നൽകുന്നതാണ്. വാസ്തവത്തിൽ ഇത് തെറ്റായിരുന്നു. യഥാർത്ഥത്തിൽ നബിതിരുമേനി[സ] അത്തരത്തിൽ യാതൊരു ഉദ്ദേശവും പ്രകടിപ്പിച്ചിരുന്നില്ല. അവരുടെ പ്രയാസങ്ങൾ കാരണം അദ്ദേഹം സ്വാധീനിക്കപ്പെട്ടപ്പോൾ അബൂലുബാബയുടെ ചിന്ത അവരുടെ പ്രയാസങ്ങൾക്ക് അനുസൃതമായി. അബൂലുബാബയുടെ ഈ തെറ്റായ സഹതാപം കാരണത്താൽ അദ്ദേഹത്തിന് പിന്നീട് ലജ്ജിക്കേണ്ടി വരികയും ഈ ലജ്ജ കാരണം അദ്ദേഹം പള്ളിയിൽ സ്വയം തന്നെ ഒരു തൂണിൽ കെട്ടിയിടുകയും ചെയ്തു. അവസാനം നബിതിരുമേനി[സ] അദ്ദേഹത്തിന് മാപ്പ് നൽകുകയും സ്വയം തന്നെ കെട്ടുകൾ അഴിക്കുകയും ചെയ്തു. ഏതായിരുന്നാലും ഇത് ബനൂ ഖുറൈദയുടെ നാശത്തിന് ഹേതുവായി. അവർ നബിതിരുമേനി[സ]യുടെ കല്പനകൾ അനുസരിക്കില്ലെന്ന ശാഠ്യത്തിൽ ഉറച്ചു നിന്നു.” [6]
ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ദുആകൾക്കുള്ള ആഹ്വാനം
ഖലീഫാ തിരുമനസ്സ് പറയുന്നു: പാകിസ്ഥാനിലെ അഹ്‌മദികളുടെ സാഹചര്യങ്ങൾ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. അവർ മുൻപത്തേക്കാൾ കൂടുതൽ പരിശ്രമിച്ച് അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കാൻ ശ്രമിക്കേണ്ടതുണ്ട്. അല്ലാഹു അവരുടെ മേൽ കരുണ ചൊരിയുമാറാകട്ടെ.
ലോകത്ത് മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന പാകിസ്ഥാൻ സ്വദേശികളും തങ്ങളുടെ സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക. അവരെ അല്ലാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കുമാറാകട്ടെ.
അതുപോലെ ബംഗ്ലാദേശിലെ അഹ്‌മദികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക. അല്ലാഹു അവരെയും എല്ലാ തിന്മകളിൽ നിന്നും രക്ഷിക്കുമാറാകട്ടെ. അവിടെ അഹ്‌മദികൾ വലിയ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അൾജീരിയയിലെ അഹ്‌മദികൾക്കും വേണ്ടി പ്രാർത്ഥിക്കുക. അവിടെയും അഹ്‌മദികൾക്കെതിരിൽ കേസുകൾ എടുക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു. അവരെയും അല്ലാഹു എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ. അവർക്ക് അവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കാനുള്ള അനുഗ്രഹം നൽകുമാറാകട്ടെ.
സുഡാനിലെ അഹ്‌മദികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക. അവിടെയുള്ള അഹ്‌മദികൾ യുദ്ധസാഹചര്യങ്ങൾ കൊണ്ട് പ്രയാസങ്ങൾ അനുഭവിക്കുകയാണ്.
ഇതെല്ലാം മുസ്‌ലിങ്ങൾ എന്ന് പറയപ്പെടുന്നവരുടെ കൈകളാൽ മുസ്‌ലിങ്ങൾ തന്നെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഉദാഹരണങ്ങൾ ആണ് ഇവയെല്ലാം. ഈ കാരണം കൊണ്ട് തന്നെയാണ് ഇസ്‌ലാമിന് ദോഷം വരുത്തിവെക്കാൻ ശ്രമിക്കുന്നവർക്ക് ഇസ്‌ലാമിന് ദോഷം വരുത്തിവെക്കാൻ കഴിയുന്നത്. കൂടുതൽ കൂടുതൽ പ്രാർത്ഥനകൾ ചെയ്യേണ്ടത് അനിവാര്യമാണ്.
അല്ലാഹുവാണ് ഇസ്റായേലി സർക്കാരിനെയും അമേരിക്കൻ സർക്കാരിനെയും മറ്റു വൻ ശക്തികളെയും തടയുന്നവൻ. അല്ലാഹുവാണ് സര്‍വ്വശക്തൻ വിനാണ് എല്ലാ ശക്തികളും ഉള്ളത്. അതിനാൽ മുസ്‌ലിങ്ങൾ അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കുന്നതിന് വേണ്ടി പ്രയത്നിക്കുകയും സഹോദരങ്ങളെ പോലെ വർത്തിക്കുകയും വേണം. പരസ്പര അഭിപ്രയാവ്യത്യാസങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ അല്ലാഹുവിന്‍റെ വാഗ്ദാനങ്ങൾ പൂർത്തിയാകുന്നതാണ്. മുസ്‌ലിങ്ങൾ യാഥാർത്ഥ വിശ്വാസികൾ ആകേണ്ടതുണ്ട്. അല്ലാഹു നമുക്കും മുസ്‌ലിംകൾക്കും ഇതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹം ചെയ്യുമാറാകട്ടെ.
കുറിപ്പുകള്‍
[1]. സീറത്ത് ഖത്താമുന്നബിയ്യീൻ വാള്യം 2 പേജ് 479-481
[2]. വിശുദ്ധ ഖുര്‍ആൻ 33:28
[3]. സീറത്ത് ഖത്താമുന്നബിയ്യീൻ വാള്യം 2 പേജ് 485
[4]. സീറത്ത് ഖത്താമുന്നബിയ്യീൻ വാള്യം 2 പേജ് 485-486
[5]. വിശുദ്ധ ഖുര്‍ആൻ 9:102
[6]. സീറത്ത് ഖത്താമുന്നബിയ്യീൻ വാള്യം 2 പേജ് 487-488
0 Comments