തിരുനബി ചരിത്രം: ബനൂ നദീറിന്‍റെ വിശ്വാസ വഞ്ചന    

തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.

തിരുനബി ചരിത്രം: ബനൂ നദീറിന്‍റെ വിശ്വാസ വഞ്ചന    

തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.

ജൂണ്‍ 20, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 14 ജൂണ്‍ 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്‌ ശാഹിദ് 

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌[അയ്യദഹുല്ലാഹ് തആലാ] പറഞ്ഞു: ഇന്ന് ബനൂ നദീറിലേക്ക് നടത്തിയ സൈനീക നീക്കത്തെ കുറിച്ച് പരാമർശിക്കുന്നതാണ്.

ബനൂ നദീർ മദീനയിലെ ഒരു ജൂത ഗോത്രമായിരുന്നു. നബിതിരുമേനി(സ) മദീനയിൽ ആഗതരായ സമയത്ത് ബനൂ നദീറിന്‍റെ നേതാv ഹുയയ് ബിൻ അഖ്ത്തബ് ആയിരുന്നു. ഈ ഗോത്രത്തിന് ബനൂ നദീർ എന്ന പേരിന് നിദാനമായ നദീർ ബിൻ നഹം എന്ന വ്യക്തിയുടെ ആറാം തലമുറക്കാരനായിരുന്നു ഇയാൾ. നബിതിരുമേനി(സ)യുടെ അനുഗ്രഹീത പത്നി ഹദ്റത്ത് സഫിയ്യ ബിൻത്ത് ഹുയയ്യ് ഇയാളുടെ മകളായിരുന്നു. ഹുയയ്യിന്‍റെ പൂർവികർ മൂസ(അ)ന്‍റെ സഹോദരനായിരുന്ന ഹാറൂൻ(അ)മുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബനൂ നദീർ ഗോത്രം മദീനക്ക് മുൻപായി ഖുബയിൽ നിന്നും അര മൈൽ ദൂരത്തായിരുന്നു വസിച്ചിരുന്നത്.

ബനൂ നദീറിലേക്കുള്ള യുദ്ധനീക്കം നടന്നത് ഹിജ്‌രി 4 ആം വർഷമാണ്. ഉഹുദ് യുദ്ധത്തിന് മുൻപാണ് ഇത് നടന്നത് എന്നും ചില നിവേദനങ്ങൾ ഉണ്ട്. ഈ സൈനീകനീക്കം ഉഹുദ് യുദ്ധത്തിനും ബിഅറെമഊന സംഭവത്തിനും ശേഷമാണ് നടന്നത് എന്നുള്ള നിവേദനങ്ങളും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.

ബനൂ നദീർ സൈനീക നീക്കത്തിലേക്ക് നയിച്ച സംഭവങ്ങൾ

ഉഹുദ് യുദ്ധത്തിന് മുൻപ് മക്കയിലെ ഖുറൈശികൾ അബ്‌ദുല്ലാഹ് ഇബ്നു ഉബയ്യ് ഇബ്നു സുലൂലിനും ഔസിലെയും ഖസ്‌റജിലെയും ബിംബാരാധകർക്കും, അവർ തങ്ങളുടെ ശത്രുവിനാണ് അഭയം നൽകിയിരിക്കുന്നത്, അതിനാൽ, ഒന്നുകിൽ നിങ്ങൾ മുസ്‌ലിങ്ങളുമായി യുദ്ധം ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുക. അല്ലെങ്കിൽ ഖുറൈശികൾ മദീനക്കാരെ ആക്രമിക്കുന്നതായിരിക്കും എന്ന് പറഞ്ഞുകൊണ്ട് കത്തെഴുതി. ഈ കത്തുകൾ ലഭിച്ചപ്പോൾ അവർ മുസ്‌ലിങ്ങളെ ആക്രമിക്കാൻ തയ്യാറെടുത്തു. ഇതിനെ കുറിച്ച് വിവരം ലഭിച്ചപ്പോൾ നബിതിരുമേനി(സ) തന്‍റെ ചില അനുചരൻമാരോടൊത്ത് മദീനയിലെ ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഖുറൈശികളുടെ ഭീഷണിയിൽ ഭയന്ന് അവരുടെ ചതിയിൽ വീണുപോകരുതെന്ന് ഉപദേശിച്ചു. അങ്ങനെ അവർ യുദ്ധത്തിൽ നിന്ന് പിൻമാറുകയുണ്ടായി.

ബദ്ർ യുദ്ധത്തിന് ശേഷം ഖുറൈശികൾ മദീനയിലെ ജൂതർക്കും ഒരു കത്ത് അയച്ചിരുന്നു. അതിൽ അവർ ജൂതരോട് പറഞ്ഞു: ‘നിങ്ങളുടെ പക്കൽ കോട്ടകളും ആയുധങ്ങളും ഉണ്ട്. അതിനാൽ നിങ്ങൾ മുസ്‌ലിങ്ങളോട് യുദ്ധം ചെയ്യുക. അപ്രകാരം അവർ ചെയ്തില്ലെങ്കിൽ ഖുറൈശികൾ അവരെ ആക്രമിക്കുകയും അവരുടെ സ്ത്രീകളെ അടിമകളാക്കുകയും ചെയ്യുന്നതാണ് എന്ന്‍ പറഞ്ഞു.’

മുസ്‌ലിങ്ങളുടെ ശക്തി ക്ഷയിപ്പിക്കുന്നതിനായി ബനൂ നദീർ നബിതിരുമേനി(സ)യെ വഞ്ചിക്കാൻ അവസരം നോക്കിയിരിക്കുകയായിരുന്നു. അതിനാൽ നബിതിരുമേനി(സ) തൻ്റെ 30 അനുചരൻമാരോട് കൂടി പൊതുവായ ഒരു സ്ഥലത്ത് തങ്ങളുടെ 30 ജൂത പണ്ഡിതരുമായി ആശയസംവാദം നടത്തണമെന്ന് ബനൂ നദീർ നബിതിരുമേനി(സ)യോട് ആവശ്യപ്പെട്ടു. അങ്ങനെ അവർ തീരുമാനിച്ച് ഉറപ്പിച്ച സ്ഥലത്ത് എത്തിയപ്പോൾ, നബിതിരുമേനി(സ)ക്ക് വേണ്ടി തങ്ങളുടെ ജീവൻ തന്നെ ബലിയർപ്പിക്കാൻ തയ്യാറായി നിൽക്കുന്ന ഈ 30 അനുചരൻമാർ ചുറ്റും നിൽക്കെ നബിതിരുമേനി(സ)യെ ആക്രമിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. അങ്ങനെ അവർ മറ്റൊരു സന്ദേശം അയച്ചു, അതായത്, 60 പേർ തമ്മിൽ സംസാരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്, അതിനാൽ രണ്ട് ഭാഗത്ത് നിന്നും മൂന്ന് മൂന്ന് പേർ വീതം മുന്നോട്ട് വന്ന് സംസാരിക്കാം എന്ന് അവർ പറഞ്ഞു. ഈ കാര്യം അംഗീകരിക്കപ്പെട്ടു. അങ്ങനെ മൂന്ന് ജൂതന്മാർ നബിതിരുമേനി(സ)യെ ആക്രമിക്കാനായി തങ്ങളുടെ പക്കം കഠാര  യുമായാണ് വന്നത്. നബിതിരുമേനി(സ) സംഭാഷണത്തിനായി പോകുന്ന വഴിയിൽ ബനൂ നദീറിലെ ഒരു അഭ്യുതയകാംക്ഷിയായ ഒരു സ്ത്രീ ജൂതരുടെ ദുരുദ്ദേശത്തെ കുറിച്ച് ഒരു മുസ്‌ലിമിന് അറിയിപ്പ് നൽകി. അപ്പോൾ നബിതിരുമേനി(സ) മദീനയിലേക്ക് തിരികെ പോയി.

മുസ്‌ലീങ്ങൾക്കെതിരിൽ ഖുറൈശികളെ പ്രകോപിതരാക്കിക്കൊണ്ട് ബനൂ നദീർ ഖുറൈശികൾക്ക് കത്ത് എഴുതിയിരുന്നു എന്നതും ഈ യുദ്ധത്തിന് ഒരു കാരണമായി കരുതപ്പെടുന്നു. മുസ്‌ലിം സൈന്യത്തിന്‍റെ ചില ദുർബല വശങ്ങളെ കുറിച്ചും അവർ ഖുറൈശികൾക്ക് എഴുതി അറിയിച്ചിരുന്നു.

ഈ യുദ്ധനീക്കത്തിനുള്ള മറ്റൊരു കാരണവും പറയപ്പെടുന്നുണ്ട്. ബിഅറെ മഊന സംഭവത്തിന് ശേഷം അംറ് ബിൻ ഉമയ്യ ദാമിരി[റ] മദീനക്കും ഉഹുദിനും ഇടയിലുള്ള ഖനാത്ത് എന്ന സ്ഥലത്തെത്തിയപ്പോൾ ബനൂ ആമിർ ഗോത്രത്തിലെ രണ്ടു പേരെ കണ്ടു. അവർക്കും നബിതിരുമേനി(സ)ക്കും ഇടയിൽ ഒരു സമാധാന ഉടമ്പടി ഉണ്ടായിരുന്നു. ഈ രണ്ടു പേർ അംറ്[റ]നോടൊപ്പം ചേർന്നു. അവർ ഉറങ്ങുന്ന സമയത്ത് രണ്ടുപേരെയും അംറ്[റ] വധിച്ചു. നബിതിരുമേനി(സ)യോട് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അവരുമായി നമുക്ക് സമാധാന കരാർ ഉണ്ട് എന്ന് പറഞ്ഞ് നീരസപ്പെടുകയും ചെയ്തു. വധിക്കപ്പെട്ട ആളുകളുടെ ബന്ധുക്കളെ സന്ദർശിച്ച് അവർക്ക് നഷ്ടപരിഹാര തുക നല്കണമെന്നു ഹദ്റത്ത് അംറിനോട് നിർദേശിക്കപ്പെട്ടു.

ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌ സാഹിബ്[റ] എഴുതുന്നു:

“ഈ യുദ്ധനീക്കത്തിന് ഹേതുവായ പല സംഭവങ്ങളും വിവരിക്കപ്പെടുന്നുണ്ട്. ഇതിൽ ആധികാരികമായ ഒരു നിവേദനം ഇമാം സുഹ്‌രി വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ബദ്ർ യുദ്ധത്തിന് ശേഷം[കൃത്യമായ വർഷവും മാസവും അവ്യക്തമാണ്] ഖുറൈശി മൂപ്പൻമാർ ബനൂ നദീറിനോട് നബിതിരുമേനി(സ)യെയും മുസ്‌ലിംകളെയും ആക്രമിക്കണമെന്ന് പറഞ്ഞ് കത്ത് എഴുതി. അവർ അപ്രകാരം ചെയ്യാത്ത പക്ഷം ഖുറൈശികൾ  അവരെ ആക്രമിക്കും എന്നും അവർ ഭീഷണിപ്പെടുത്തി. അപ്പോൾ ബനൂ നദീർ പരസ്പരം കൂടിയാലോചിക്കുകയും നബിതിരുമേനി(സ)യെ ചതിയിലൂടെ വധിക്കാം എന്ന് അവർ തീരുമാനമെടുക്കുകയും ചെയ്തു. അങ്ങനെ അവർ നബിതിരുമേനി(സ)യെ അവരുടെ പണ്ഡിതരുമായി ആശയസംവാദത്തിനായി ക്ഷണിച്ചു.  

നബിതിരുമേനി(സ)യുടെ സത്യസാക്ഷ്യം അവർക്ക് ബോധ്യപ്പെട്ടാൽ അവർ അദ്ദേഹത്തെ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. നബിതിരുമേനി(സ) തന്‍റെ മുപ്പത് അനുചരരോടൊത്ത് മുപ്പത് ജൂത പണ്ഡിതരുമായി ആശയ സംവാദത്തിനായി എത്തിച്ചേർന്നു. ഒരു ഭാഗത്ത് അവർ നബിതിരുമേനി(സ)യുമായി സംസാരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ മറുഭാഗത്ത് അവർ തങ്ങളുടെ ഗൂഢപദ്ധതി നടപ്പിലാക്കാനുള്ള ശ്രമിത്തിലായിരുന്നു. നബിതിരുമേനി(സ) വന്നതിന് ശേഷം പണ്ഡിതർ എന്ന വ്യാജേന ചർച്ചക്ക് വന്നിട്ടുള്ള മുപ്പത് ജൂതർ തങ്ങളോടൊപ്പം രഹസ്യമായി കൊണ്ടുവന്നിട്ടുള്ള കഠാരകൊണ്ട് അവസരം ലഭിക്കുമ്പോൾ നബിതിരുമേനി(സ) യെ ആക്രമിക്കാൻ ഗൂഢ പദ്ധതി മെനഞ്ഞിരുന്നു. എന്നാൽ ബനൂ നദീറിലെ ഒരു സ്ത്രീ തന്‍റെ ഒരു അൻസാരി സഹോദരനെ ജൂതരുടെ ഈ നികൃഷ്ട പദ്ധതിയെ കുറിച്ച് കൃത്യസമയത്ത് അറിയിച്ചു. ഈ കാര്യം അറിഞ്ഞ സമയത്ത് നബിതിരുമേനി(സ) തന്‍റെ വീട്ടിൽ നിന്ന് പുറത്തിറങ്ങി അധികനേരം ആയിരുന്നില്ല. അദ്ദേഹം തിരികെ പോയി. നബിതിരുമേനി(സ) ഉടനെ തന്നെ പടയൊരുക്കത്തിന് വേണ്ടി ഉത്തരവിട്ടു. ബനൂ നദീറിന്‍റെ കോട്ടയിലേക്ക് ഈ സൈന്യം നീങ്ങി. അവരുടെ കോട്ട വളയപ്പെട്ടു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പുതിയൊരു ഉടമ്പടി എഴുതപ്പെടുകയും, ആ ഉടമ്പടി ഇനി ലംഘിക്കപ്പെടുകയുമില്ല എന്ന് ഉറപ്പ് നൽകാത്ത പക്ഷം, ബനൂ നദീർ ഗോത്രത്തെ മദീനയിൽ തുടരാൻ അനുവദിക്കില്ല എന്ന് അവരുടെ മൂപ്പൻമാർക്ക് നബിതിരുമേനി(സ) സന്ദേശമയച്ചു. ജൂതരാകട്ടെ മറ്റൊരു ഉടമ്പടിക്ക് തയ്യാറല്ല എന്ന് വ്യക്തമായി നിരാകരിച്ചു. ഇങ്ങനെ യുദ്ധം ആരംഭിച്ചു.  ബനൂ നദീർ അഹങ്കാരത്തോടെ തങ്ങളുടെ കൊട്ടകത്തേക്ക് കയറി. ഇപ്പോഴുള്ള സാഹചര്യങ്ങൾ കാരണം മറ്റൊരു ജൂത ഗോത്രമായ ബനൂ ഖുറൈസയും കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട് എന്ന രഹസ്യവിവരം തൊട്ടടുത്ത ദിവസം ലഭിക്കുകയുണ്ടായി. നബിതിരുമേനി(സ) തന്നോടൊപ്പം ഒരു സംഘത്തെയും കൂട്ട് ബനൂ ഖുറൈസയുടെ കോട്ടയിലേക്ക് പോയി അവരെയും ഉപരോധിച്ചു. തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ അവർ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി. നബിതിരുമേനി(സ) ഉപരോധം അവസാനിപ്പിച്ച് ബനൂ നദീറിന്‍റെ കോട്ടയിലേക്ക് തിരികെ പോയി. ബനൂ നദീർ തങ്ങളുടെ പിടിവാശിയിലും ശത്രുതയിലും തന്നെ നിലനിന്നു. പൂർണമായും സാഹചര്യങ്ങൾ പൂർണമായ യുദ്ധത്തിലേക്ക് തന്നെ നീങ്ങി.” [സീറത്ത് ഖാത്തമുന്നബിയ്യീൻ, വാള്യം 2, പേജ് 377 -381]

പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

പാകിസ്താനിലെ അഹ്‌മദികൾക്ക് വേണ്ടി പ്രാർത്ഥിക്കുക, അവർ വീണ്ടും പ്രയാസങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. അല്ലാഹു പെട്ടെന്ന് തന്നെ അവരുടെ പ്രയാസങ്ങളെ ദുരീകരിക്കുമാറാകട്ടെ. അവരുടെ സാഹചര്യങ്ങൾ അല്ലാഹു മെച്ചപ്പെടുത്തട്ടുമാറാകട്ടെ.

ജനാസ നമസ്കാമരങ്ങൾ

ഗുലാം സർവർ സാഹിബ് , റാഹത്ത് അഹ്‌മദ്‌ ബാജ്‌വ സാഹിബ്

ഈ രണ്ടുപേരും പാകിസ്താനിലെ സഅദുല്ലാഹ്പൂർ എന്ന സ്ഥലത്തെ നിവാസികളായിരുന്നു. ഈ രണ്ടുപേരെയും ജൂൺ 8ആം തിയതി ഒരു അക്രമി നിറയൊഴിച്ച് ശഹീദാക്കുകയായിരുന്നു. ഗുലാം സർവർ സാഹിബ് നമസ്കാരത്തിന് ശേഷം പള്ളിയിൽ നിന്ന് തന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു. ആ സമയത് ഈ അക്രമി അദ്ദേഹത്തിനടുത്ത് വന്ന് നിറയൊഴിച്ചു. അദ്ദേഹത്തിന്‍റെ തലയിൽ വെടിയേൽക്കുകയും അത് അദ്ദേഹത്തിന്‍റെ രക്തസാക്ഷിചിത്വത്തിന് കാരണമാവുകയും ചെയ്തു.. ഈ സംഭവത്തിന് ശേഷം ഇ അക്രമി ഗ്രാമത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോവുകയും അവിടെ റാഹത്ത് അഹ്‌മദ് ബാജ്‌വ സാഹിബിന് നേരെ നിറയൊഴിക്കാനും തുടങ്ങി. അങ്ങനെ ഇദ്ദേഹവും ശഹീദായി,

ഈ വ്യക്തി പിടിക്കപ്പെടുകയും തന്‍റെ കുറ്റം സമ്മതിക്കുകയു ചെയ്തു. താൻ സ്വർഗ്ഗം ലഭിക്കാനാണ് ഇപ്രകാരം ചെയ്തത് എന്നും ഇനിയുംഅഹ്‌മദികളെ വധിക്കാൻ തനിക്ക് യാതൊരു മടിയുമില്ല എന്നും അയാൾ പറഞ്ഞു. ഇത്തരം കാര്യങ്ങളാണ് അവിടെയുള്ള മുല്ലാക്കൾ ആളുകൾക്ക് പഠിപ്പിച്ച് കൊടുക്കുന്നത്.

ഇവരെക്കൂടാതെ പരേതനായ മലിക്ക് മുസഫ്ഫര്‍ ഖാൻ ജോഇയാ സാഹിബിനെയും ഖലീഫാ തിരുമനസ്സ് അനുസ്മരിക്കുകയും പരേതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed