അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)15 നവംബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്‌മദ്
തശഹ്ഹുദും തഅവ്വുദും സൂറാ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് ഹുദൈബിയ സന്ധിയെ കുറിച്ചുള്ള വിവരണങ്ങൾ ആരംഭിക്കുകയാണെന്ന് പറഞ്ഞു.
വിജയത്തെ കുറിച്ചുള്ള വാഗ്ദാനം
6-ആം ഹിജ്‌രി ദുൽഖഅദ മാസത്തിൽ അഥവാ എ.ഡി 628 മാർച്ച് മാസത്തിലാണ് ഹുദൈബിയ യാത്ര നടക്കുന്നത്. അല്ലാഹു ഹുദൈബിയ യാത്രയെ കുറിച്ച് പരാമർശിച്ചുകൊണ്ട് സൂറ ഫത്ഹ് എന്ന പേരിലുള്ള ഒരുഅധ്യായം വിശുദ്ധ ഖുർആനിൽ ഇറക്കിയിട്ടുണ്ട്. പ്രസ്തുത അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
“തീർച്ചയായും നാം നിനക്ക് സ്പഷ്ടമായൊരു വിജയം നൽകിയിരിക്കുന്നു. മുൻപും പിമ്പുമുള്ള നിന്‍റെ ന്യൂനതകളെ അല്ലാഹു നിന്നിൽ നിന്ന് മറക്കുന്നതിനുംനിന്‍റെ മേൽ അവന്‍റെ അനുഗ്രഹത്തെ പൂർത്തീകരിക്കുന്നതിനും നിന്നെ നേർമാർഗ്ഗത്തിൽ നയിക്കുന്നതിനും, അല്ലാഹു നിനക്ക് പ്രബലമായ സഹായം നൽകുന്നതിനും വേണ്ടിയാണിത്.” [1]
മക്കയിൽ നിന്നും 9 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഒരു കിണറിന്‍റെ പേരാണ് ഹുദൈബിയ. ഈ കിണറിൽ നിന്ന് യാത്രക്കാരും തീർത്ഥാടകരും വെള്ളമെടുത്തിരുന്നു. ഇവിടെ വെച്ചാണ് ഖുറൈശികൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ഹുദൈബിയ കരാർ ഒപ്പുവെക്കപ്പെട്ടത്.
താൻ കണ്ട ഒരു സ്വപ്നത്തിന്‍റെ അടിസ്ഥാനത്തിലാണ് നബിതിരുമേനി[സ] ഹുദൈബിയയിലേക്ക് യാത്ര തിരിച്ചത്. ഈ സ്വപ്നത്തിൽ അദ്ദേഹം തന്‍റെ അനുചരൻമാരോടൊത്ത് തല മുണ്ഡനം ചെയ്ത അവസ്ഥയിൽ മക്കയിൽ പ്രവേശിക്കുന്നതായി കണ്ടു. അദ്ദേഹം കഅബയിൽ പ്രവേശിക്കുന്നതായും കഅബയുടെ താക്കോൽക്കൂട്ടങ്ങൾ അദ്ദേഹത്തിന്‍റെ അധീനതയിൽ വരുന്നതായും അറഫാത്തിൽ മറ്റുള്ളവരോടൊത്ത് തങ്ങുന്നതായും ഇതേ സ്വപ്നത്തിൽ അദ്ദേഹം കാണുകയുണ്ടായി. ഈ സ്വപ്നം ദർശിച്ചതിന് ശേഷം അദ്ദേഹം തന്നെ അനുഗമിക്കുന്നവരെ ഒരുമിച്ചുകൂട്ടുകയും യാത്ര പുറപ്പെടുകയും ചെയ്തു. ഈ യാത്രയിൽ അവർ വാളുകളല്ലാതെ മറ്റ് ആയുധങ്ങളൊന്നും എടുത്തിരുന്നില്ല. ഈ വാളുകൾ ഉറയിൽ വെച്ചായിരുന്നു അവർ യാത്ര ചെയ്തത്. മക്കക്കാരിൽ നിന്നും ആക്രമണം ഉണ്ടായേക്കാം എന്ന ഭീഷണി നിലനിൽക്കെ ആയുധങ്ങൾ എന്ത്കൊണ്ട് കരുതുന്നില്ല എന്ന് നബിതിരുമേനി[സ]യോട് ചോദിക്കപ്പെട്ടു. നബിതിരുമേനി[സ] പറഞ്ഞു: ഞാൻ ഉംറ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോകുന്നത് എന്നതിനാൽ ആയുധങ്ങൾ കരുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്[റ] എഴുതുന്നു:
“പ്രസ്തുത സ്വപ്നം കണ്ടതിന് ശേഷം നബിതിരുമേനി[സ] തന്‍റെ അനുചരൻമാരോട് ഉംറക്ക് വേണ്ടി തയ്യാറാകാൻ നിർദേശിച്ചു. ഉംറ എന്നാൽ ചെറിയ ഹജ്ജ് ആണ്. അതിൽ ഹജ്ജിന്‍റെ ചില കർമ്മങ്ങൾ ഒഴിവാക്കിക്കൊണ്ട് കഅബയെ വലം വെക്കുന്നതും ബലി നൽകുന്നതും മതിയാകുന്നതാണ്. കൂടാതെ ഹജ്ജിനെ പോലെ ഉംറ ചെയ്യാൻ വർഷത്തിൽ നിശ്ചിത സമയമില്ല. എപ്പോൾ വേണമെങ്കിലും ഉംറ നിര്‍വഹിക്കാവുന്നതാണ്. ഈ യാത്ര പുറപ്പെടുന്നതിന് മുൻപ് നബിതിരുമേനി[സ] തന്‍റെ അനുചരൻമാരോട് ഇപ്രകാരം പറഞ്ഞു: ഈ യാത്ര ഒരു തീര്‍ഥയാത്രയാണ്. യുദ്ധത്തിനുള്ള യാതൊരു ഉദ്ദേശവും ഇല്ല. അതിനാൽ അറബികളുടെ പുരാതന രീതിയനുസരിച്ച് യാത്രയിൽ കൊണ്ടുപോകുന്ന വാളുകൾ മാത്രം കരുതിയാൽ മതി. ഈ വാളുകൾ ഉറയിൽ നിക്ഷേപിച്ച അവസ്ഥയിലായിരിക്കുകയും വേണം.” [2]
ഹുദൈബിയ യാത്രയിൽ പങ്കെടുത്ത മുസ്‌ലിങ്ങളുടെ എണ്ണം.
ഹുദൈബിയ യാത്രയിൽ പെങ്കെടുത്ത മുസ്‌ലിങ്ങളുടെ എണ്ണത്തെ കുറിച്ച് വ്യത്യസ്ത നിവേദനങ്ങൾ ഉണ്ട്. ചിലർ 1000 മുസ്‌ലിങ്ങൾ പങ്കെടുത്തിരുന്നു എന്നും ചിലർ 1300 എന്നും ചിലർ 1400 എന്നും പറയുന്നുണ്ട്. ചിലർ 1700 എന്ന് അഭിപ്രായപ്പെടുന്നുണ്ട്.
നബിതിരുമേനി[സ] യമനി തുണി കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിച്ച് തന്‍റെ ഖസ്‌വ എന്ന ഒട്ടകപ്പുറത്തേറി യാത്ര തിരിച്ചു. അദ്ദേഹത്തിന്‍റെ പത്നി ഹദ്റത്ത് ഉമ്മു സലമ[റ] അദ്ദേഹത്തെ ഈ യാത്രയിൽ അനുഗമിച്ചിരുന്നു. ദുൽഹുലൈഫ എന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ളുഹർ നമസ്‍കരിച്ചു. ശേഷം അദ്ദേഹം ബലിമൃഗങ്ങൾക്ക് അടയാളമിടുകയും കഴുത്തിൽ പട്ട കെട്ടുകയും ചെയ്തു. ഈ യാത്രയിൽ മുസ്‌ലിങ്ങളുടെ പക്കൽ 200 ഒട്ടകങ്ങൾ ഉണ്ടയായിരുന്നു.
നബിതിരുമേനി[സ] കഅബയിലേക്ക് യാത്ര തിരിക്കുന്നു
ദുൽഹലൈഫയിൽ നിന്ന് നബിതിരുമേനി[സ] ഇഹ്‌റാം[ഹജ്ജ്, ഉംറ ചെയ്യുന്നവർ ധരിക്കുന്ന വസ്ത്രം] ധരിച്ച് കൊണ്ട് പരിശുദ്ധ കഅബയിലേക്ക് യാത്ര തിരിച്ചു. അദ്ദേഹം “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നൽ ഹംദു വൽനിഅ്മത്തു ലക്ക വൽമുൽക്കു ലാ ശരീക്കലക്ക” എന്ന് ചൊല്ലിക്കൊണ്ട് യാത്ര തുടർന്നു. അതായത് “ഞാൻ ഹാജരായിരിക്കുന്നു, അല്ലാഹുവേ, ഞാൻ ഹാജരായിരിക്കുന്നു. ഞാൻ ഹാജരായിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. ഞാൻ ഹാജരായിരിക്കുന്നു. എല്ലാ സ്‌തുതികളും അനുഗ്രഹവും രാജാധിപത്യവും നിനക്ക് മാത്രമാണ്. നിനക്ക് പങ്കുകാരാരുമില്ല.”
തന്‍റെ യാത്രാസംഘത്തിനു മുന്നിലായി നബിതിരുമേനി[സ] ഖുറൈശികൾ മുസ്‌ലിങ്ങളെ തടയാനോ ആക്രമിക്കാനോ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയാനായി ഒരു ചെറിയ സംഘത്തെ അയക്കുകയുണ്ടായി. ബിംബാരാധകരിൽ ചിലർ മുസ്‌ലിങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട് എന്ന് അവർ നബിതിരുമേനി[സ]ക്ക് വിവരം നൽകി. അപ്പോൾ അതുവരെ ഇഹ്‌റാം ധരിച്ചിട്ടില്ലാത്ത ചിലരെ ഹദ്റത്ത് അബൂ ഖത്താദ[റ]ന്‍റെ നേതൃത്വത്തിൽ മുന്നിലായി അയക്കുകയുണ്ടായി.
കഅബയിലേക്കുള്ള വഴിയിലെ തടസ്സം
മുസ്‌ലിങ്ങൾ കഅബ സന്ദർശിക്കാൻ വരുന്നുണ്ടെന്നും അവരുടെ ഉദ്ദേശം യുദ്ധമല്ല എന്നറിഞ്ഞും ഖുറൈശികൾ മുസ്‌ലിങ്ങളെ തടയാൻ തീരുമാനിച്ചു. അവർ മുസ്‌ലിങ്ങളെ തടയുന്നതിനായി ചിലരെ അയക്കുകയും ചെയ്തു. രഹസ്യവിവരം നൽകുന്ന ഒരു വ്യക്തി ഖുറൈശികളുടെ നീക്കങ്ങളെ കുറിച്ച് നബിതിരുമേനി[സ]ക്ക് വിവരം നൽകി. മുസ്‌ലിങ്ങളുടെ വഴി തടയുന്നവർക്കെതിരിൽ ഒരു ആക്രമണം അഴിച്ചുവിടണോ എന്ന കാര്യത്തിൽ നബിതിരുമേനി[സ] അനുചരന്മാരോട് കൂടിയാലോചിച്ചു. ഹദ്റത്ത് അബൂബക്കർ[റ] പറഞ്ഞു: നാം പരിശുദ്ധ കഅബ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്നിരിക്കുന്നത് എന്നതിനാൽ നാം നമ്മുടെ ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിൽക്കേണ്ടതാണ്.
ഖാലിദ് ബിൻ വലീദ് തന്‍റെ സൈന്യത്തോടൊപ്പം മുസ്‌ലിങ്ങളെ തടയുന്നതിനായി പുറപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ നബിതിരുമേനി[സ] വഴി മാറി സഞ്ചരിക്കുകയും ഹുദൈബിയയിൽ എത്തിച്ചേരുകയും ചെയ്തു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്[റ] എഴുതുന്നു:
“കുറച്ചു ദിവസത്തെ യാത്രക്ക് ശേഷം നബിതിരുമേനി[സ] മക്കയിൽ നിന്ന് രണ്ടു ദിവസത്തെ യാത്രാദൂരമുള്ള ഉസ്ഫാൻ എന്ന സ്ഥലത്തെത്തിച്ചേർന്നു. മുസ്‌ലിങ്ങളുടെ യാത്രയെ കുറിച്ചറിഞ്ഞ ഖുറൈശികൾ കോപാകുലരാകുകയും മുസ്‌ലിങ്ങളെ ഏതുവിധേനയും തടയും എന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു എന്നും അവരിൽ ചിലർ തങ്ങളുടെ കോപവും ക്രൂരതയും വെളിപ്പെടുത്തുന്നതിനായി ചീറ്റപ്പുലിയുടെ തോൽ അണിഞ്ഞിരിക്കുന്നു എന്നും നബിതിരുമേനി[സ]ക്ക് വിവരം ലഭിച്ചു. ഖുറൈശികൾ ഖാലിദ് ബിൻ വലീദിന്‍റെ, അദ്ദേഹം അപ്പോൾ മുസ്‌ലിം ആയിരുന്നില്ല, നേതൃത്വത്തിൽ ചില ധീരരായ കുതിരപ്പടയാളികളെ മുസ്‌ലിങ്ങളെ തടയുന്നതിനായി അയച്ചിട്ടുണ്ട് എന്നും ആ സംഘത്തിൽ ഇക്‌രിമഃ ബിൻ അബീ ജഹലും ഉണ്ട് എന്ന വിവരവും ലഭിച്ചു. അപ്പോൾ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായി നബിതിരുമേനി[സ] മക്കയിലേക്കുള്ള സ്ഥിരം പാതയിൽ നിന്ന് മാറി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാൻ മുസ്‌ലിങ്ങൾക്ക് നിർദേശം നൽകി. അങ്ങനെ മുസ്‌ലിങ്ങൾ ഏറെ ബുദ്ധിമുട്ടുള്ള തീരദേശ പാതയിലൂടെ മുന്നോട്ട് ഗമിക്കാൻ ആരംഭിച്ചു.” [3]
നബിതിരുമേനി[സ] അങ്ങനെ ഹുദൈബിയയിലേക്ക് നീങ്ങികൊണ്ടിരിക്കെ അദ്ദേഹത്തിന്‍റെ ഒട്ടകം നടത്തം നിർത്തി ഇരുന്നു. വളരെയേറെ പരിശ്രമിച്ചിട്ടും അത് നടന്നില്ല. ഇത് അല്ലാഹുവിന്‍റെ ഇച്ഛക്കനുസരിച്ചാണ് നടത്തം നിർത്തിയത് എന്ന് നബിതിരുമേനി[സ] പറഞ്ഞു. നബിതിരുമേനി[സ] ഖുറൈശികൾ അല്ലാഹുവിന്‍റെ മാഹാത്മ്യത്തിനെതിരല്ലാത്ത എന്ത് കാര്യം പറഞ്ഞാലും താൻ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞതിന് ശേഷം ഒട്ടകത്തിനോട് എഴുന്നേൽക്കാൻ പറഞ്ഞപ്പോൾ അത് എഴുന്നേൽക്കുകയും മുന്നോട്ട് നീങ്ങാൻ ആരംഭിക്കുകയും ചെയ്തു.
ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്[റ] എഴുതുന്നു:
“അന്നേ ദിവസം അവിടെ മഴ പെയ്തിരുന്നു. നബിതിരുമേനി[സ] പ്രഭാത നമസ്കാരത്തിനായി എത്തിയ സമയത്ത് ആ മൈതാനം മുഴുവനും വെള്ളം തളം കെട്ടിയിരുന്നു. നബിതിരുമേനി[സ] സഹാബാക്കളോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഈ സന്ദർഭത്തിൽ നിങ്ങളുടെ നാഥൻ എന്താണ് പറഞ്ഞത് എന്നറിയാമോ? സഹാബാക്കൾ തങ്ങളുടെ പതിവ് ശീലമനുസരിച്ച് അല്ലാഹുവും അവന്‍റെ റസൂലും നന്നായി അറിയുന്നു എന്ന് പറയുകയുണ്ടായി. നബിതിരുമേനി[സ] പറഞ്ഞു, അല്ലാഹു ഇങ്ങനെ പറയുകയുണ്ടായി. എന്‍റെ ദാസന്മാരിൽ പലരും ശരിയായ ഈമാന്‍റെ അവസ്ഥയിലാണ് നേരം വെളുപ്പിച്ചത്. പക്ഷെ ചിലർ കുഫ്‌റിന്‍റെ അവസ്ഥയിൽ ചഞ്ചലപ്പെട്ടുകൊണ്ടിരുന്നു. കാരണം നമുക്ക് മേൽ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും മുഖേന മഴ ഉണ്ടായി എന്ന് പറഞ്ഞ ദാസന്മാർ തങ്ങളുടെ വിശ്വാസത്തിന്‍റെ യാഥാർഥ്യത്തിൽ ഉറച്ചുനിന്നവരാണ്. എന്നാൽ ഇന്ന ഇന്ന നക്ഷത്രങ്ങളുടെ സ്വാധീന ഫലമായിട്ടാണ് മഴ ഉണ്ടായിയെന്ന് പറയുന്നവർ തീർച്ചയായും സൂര്യന്‍റെയും ചന്ദ്രന്‍റെയും വിശ്വാസികളാണ്. പക്ഷെ അവർ അല്ലാഹുവിനെ നിഷേധിച്ചവരുമാണ്. ഈ നിർദേശം മുഖേന തൗഹീദിന്‍റെ സമ്പത്തുമായി നിയോഗിക്കപ്പെട്ട നബിതിരുമേനി[സ] സഹാബാക്കൾക്ക് നൽകിയ പാഠമെന്തെന്നാൽ തീർച്ചയായും കാര്യകാരണങ്ങൾക്ക് വിധേയമായിട്ടാണ് അല്ലാഹു ഈ പ്രപഞ്ചസംവിധാനത്തെ നടത്തിക്കൊണ്ടുപോകുന്നതിന് വിവിധ സാധന സാമഗ്രികൾ ഒരുക്കിയിട്ടുള്ളത്. മഴയും മറ്റും ഉണ്ടാകുമ്പോൾ ആകാശീയ നക്ഷത്രാദികൾക്കുള്ള സ്വാധീനത്തെ നിഷേധിക്കുന്നില്ല. പക്ഷെ യഥാർത്ഥ തൗഹീദ് ഈ സാമഗ്രികളെല്ലാം ഉണ്ടായിട്ടും മനുഷ്യന്‍റെ ദൃഷ്ടി എല്ലാത്തിനും അപ്പുറത്തുള്ള അസ്തിത്വത്തെക്കുറിച്ച് അശ്രദ്ധമാകാൻ പാടില്ല എന്നുള്ളതാണ്. അതായത് അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധനാകാൻ പാടില്ല. സാധനസാമഗ്രികളും അല്ലാഹു തന്നെയാണ് തന്നിട്ടുള്ളത്. പക്ഷെ അല്ലാഹുവിന്‍റെ കൽപ്പനയുണ്ടാകുമ്പോൾ മാത്രമാണ് സാ ധനസാമഗ്രികൾ പ്രയോജനപ്പെടുകയുള്ളൂ. അവനാണ് ആ സാഹചര്യങ്ങളെയും സാധനങ്ങളെയും സൃഷ്ടിച്ചവൻ. അവൻ തന്നെയാണ് തന്‍റെ സംവിധാനത്തിന്‍റെ മൂലകാരണം. അവനെക്കൂടാതെ ഭൗതിക സാഹചര്യങ്ങൾക്ക് ഒരു മൃതമായ കീടത്തെക്കാളും വലിയ പ്രസക്തിയൊന്നുമില്ല.” [4]
ഹുദൈബിയയിൽ വെച്ച് നബിതിരുമേനി[സ] ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിതരണം ചെയ്യാൻ നിർദേശിച്ചു. നബിതിരുമേനി[സ]ക്ക് കുറച്ച് ആടുകൾ ഉപഹാരമായി ലഭിച്ചിരുന്നു. അവയെയും നബിതിരുമേനി[സ] മുസ്‌ലിങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു.
ഈ വിശദീകരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തുടർന്ന് ഖലീഫാ തിരുമനസ്സ് ജമാഅത്തിലെ മരണപ്പെട്ട ചിലരെ അനുസ്മരിക്കുകയും അവരുടെ ജനാസ നമസ്കരിക്കുന്നതാന്ന് അറിയിക്കുകയും ചെയ്തു.
ശെഹരിയാർ റാകിങ്ങ്
ഖലീഫ തിരുമനസ്സ് ആദ്യമായി അനുസ്മരിച്ചത് ശെഹരിയാർ റാകിങ്ങ് സാഹിബിനെ കുറിച്ചാണ്. ഇദ്ദേഹം മുഹമ്മദ് അബ്‌ദുല്ലാഹ് വഹാബ് സാഹിബിന്‍റെ മകനാണ്. ബംഗ്ലാദേശ് സ്വദേശിയാണ്.
ബംഗ്ലാദേശ് സർക്കാർ വീണതിന് ശേഷം അവിടെ വലിയ കുഴപ്പങ്ങളുണ്ടായി. ഈ അവസരത്തെ മുതലെടുത്ത് അഹ്‌മദിയ്യത്തിന്‍റെ എതിരാളികൾ അഹ്‌മദികളുടെ വീടുകൾക്ക് തീയിട്ടും ജമാഅത്തിന്‍റെ വസ്തുക്കളെ നശിപ്പിച്ചും അഹ്‌മദികളെ ആക്രമിച്ചുകൊണ്ടിരുന്നു. അവരിൽ ചിലർ ജമാഅത്തിന്‍റെ ഒരു വസ്തുവിൽ അതിക്രമിച്ചു കയറി അവിടെ സുരക്ഷാ ചുമതല നിർവഹിക്കുകയായിരുന്നു യുവാക്കളെ ആക്രമിച്ചു. ഈ ആക്രമണത്തിനിടയിൽ ശെഹരിയാറിന്‍റെ ശിരസ്സിന് സാരമായി ക്ഷതമേറ്റു. അവസാനം മൂന്നു മാസത്തെ ചികിത്സക്ക് ശേഷം തന്‍റെ പരിക്കുകൾക്ക് കീഴടങ്ങി അദ്ദേഹം ചരമമടഞ്ഞ് രക്തസാക്ഷിയായി.
അദ്ദേഹത്തിന്‍റെ സന്തപ്ത കുടുംബത്തിൽ അദ്ദേഹത്തിന്‍റെ മാതാപിതാക്കളും ഒരു സഹോദരിയും രണ്ടു സഹോദരൻമാരും ഉൾപ്പെടുന്നു. അദ്ദേഹം നമസ്കാരത്തിൽ കൃത്യനിഷ്ടതയുള്ള വ്യക്തിയും ജമാഅത്തിന്‍റെ സേവനത്തിന് എപ്പോഴും പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. അദ്ദേഹം വീട്ടുജോലികളിൽ സഹായിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹം ജനസമ്പർക്കമുള്ള വ്യക്തിയും പുതിയ ആളുകളോട് പെട്ടെന്ന് പരിചയപ്പെടുന്ന വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്‍റെ മുതിർന്ന സഹോദരനെ പോലെ അദ്ദേഹവും ജാമിഅ അഹ്‌മദിയ്യയിൽ ചേരാൻ തയ്യാറെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ മാതാവ് കണ്ട ഒരു സ്വപ്നത്തിൽ ഇദ്ദേഹം രക്തസാക്ഷിയാകുമെന്ന സൂചനയുണ്ടായിരുന്നു. എന്ത് ഡ്യൂട്ടിയും ചെയ്യാൻ അദ്ദേഹം സദാ സന്നദ്ധനനായിരുന്നു. തഹജ്ജുദ് നമസ്കാരത്തിന് മറ്റുള്ളവരെയും അദ്ദേഹം ഉണർത്തുമായിരുന്നു. ഒരു ജുമുഅ ഖുത്ബയിൽ ഖലീഫാ തിരുമനസ്സ് ഒരു രക്തസാക്ഷിയെ കുറിച്ച് പരാമർശിക്കുന്നത് ശ്രവിച്ച അദ്ദേഹത്തിന് ഇതുപോലെ തന്നെ കുറിച്ചും ഖലീഫാ തിരുമനസ്സ് പരാമര്ശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹം പൂർത്തിയായിരിക്കുന്നു. ഖലീഫാ തിരുമനസ്സ് അദ്ദേഹത്തിന് ഉയർന്ന പദവികൾ ലഭിക്കുന്നതിനായും അദ്ദേഹത്തിന്‍റെ കുടുംബാംഗൾക്ക് സഹനശക്തി ലഭിക്കുന്നതിനായും പ്രാർത്ഥിച്ചു.
അബ്‌ദുല്ലാഹ് ഓദെ
കബാബീർ ജമാഅത്തിലെ അബ്‌ദുല്ലാഹ് ഓദെ സാഹിബ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചരമം പ്രാപിച്ചിരുന്നു. അദ്ദേഹം ജമാഅത്തിലെ മിഷനറികളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ്. രണ്ടാം ഖലീഫയുടെ കാലഘട്ടം മുതൽ ഇന്ന് വരെ ജമാഅത്തിലെ ഖലീഫമാരുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. അദ്ദേഹത്തിന് പല രീതിയിൽ ജമാഅത്തിനെ സേവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. റിട്ടയർ ചെയ്തതിന് ശേഷം അദ്ദേഹം ഇസ്‌ലാമിന്‍റെ പ്രതിനിധി എന്ന നിലയിൽ മതകാര്യ വകുപ്പിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അദ്ദേഹം അഹ്‌മദി ആയതിനാൽ ഈ നിയമനത്തിനെതിരെ എതിർപ്പുകൾ ഉയർന്നു. തന്‍റെ വിശ്വാസത്തിൽ ഉറച്ചുനിന്ന അദ്ദേഹം ഈ പദവി ഉപേക്ഷിച്ചു. ഹദ്റത്ത് ചൗധരി സഫറുല്ലാഹ് ഖാൻ സാഹിബ്[റ]ന്‍റെ കബാബീർ സന്ദർശന വേളയിൽ അദ്ദേഹത്തിന് സേവനം ചെയ്യാനുള്ള സൗഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മദ്‌റസ അഹ്‌മദിയയുടെ വിപുലീകരണത്തിന് ഇദ്ദേഹം സഹായിച്ചിരുന്നു. അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അൽ കഹ്ഫ് എന്ന വിശുദ്ധ ഖുർആനിലെ അദ്ധ്യത്തിന്‍റെ വ്യാഖ്യാനം ഇദ്ദേഹം ഇംഗ്ലീഷിൽ നിന്നും അറബിയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. അഹ്‌മദിയ്യത്തിനെ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹം ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹം അഹ്‌മദിയ്യത്തിന്‍റെ യഥാർത്ഥ സേവകനായിരുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു. എന്നാൽ രാഷ്ട്രീയക്കാർക്ക് അവരുടേതായ തത്വങ്ങൾ ഉണ്ടെന്നും എന്‍റെ തത്വം അഹ്‌മദിയ്യാത്താണ് എന്ന് പറഞ്ഞ് അദ്ദേഹം രാഷ്ട്രീയവും നിരസിച്ചു. അദ്ദേഹത്തിന് മൂന്ന് ആൺ കുട്ടികളും മൂന്ന് പെൺകുട്ടികളും പതിനാല് പേരക്കുട്ടികളും ഉണ്ട്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുനൽകുകയും അദ്ദേഹത്തോട് കരുണ കാണിക്കുകയും അദ്ദേഹത്തിന്‍റെ പദവികൾ ഉയർത്തുകയും ചെയ്യുമാറാകട്ടെ. അദ്ദേഹത്തിന്‍റെ സന്തതികൾക്ക് അദ്ദേഹത്തിന്‍റെ പാത പിന്തുടരാനുള്ള സൗഭാഗ്യവും ലഭിക്കുമാറാകട്ടെ.
കുറിപ്പുകൾ
1.വിശുദ്ധ ഖുർആൻ 48:2-4
2.സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3, പേജ് 118-119
3.സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3, പേജ് 120-121
4.സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3, പേജ് 122-123
0 Comments