ഓഗസ്റ്റ് 21, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഓഗസ്റ്റ് 16, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ് ശാഹിദ്
ഇന്നും ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കത്തെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ് പറഞ്ഞു:
ബനൂ മുസ്തലിഖിൽ നിന്ന് മടങ്ങുമ്പോൾ തിരുനബി(സ) ധാരാളം പച്ചപ്പും അരുവികളുമുള്ള നഖീഅ് എന്ന സ്ഥലത്തിലൂടെ കടന്നുപോയി. തിരുനബി(സ) അതിലെ വെള്ളത്തെക്കുറിച്ച് ചോദിച്ചു. ചൂടുള്ള സമയങ്ങളിൽ വെള്ളം കുറയുമെന്ന് അവർ പറഞ്ഞു. അവിടെ ഒരു കിണർ കുഴിക്കാനും ആ സ്ഥലത്തെ മേച്ചിൽ സ്ഥലമാക്കി മാറ്റാനും നബി(സ) നിര്‍ദേശം നല്‍കി. മേച്ചില്‍പ്പുറത്തിന്‍റെ അതിരുകൾ എത്ര ദൂരത്തിലായിരിക്കണമെന്ന് ചോദിച്ചപ്പോൾ, പ്രഭാത നമസ്‌കാരത്തിന് സമയമാകുമ്പോൾ ഒരാളെ മലമുകളിലേക്ക് അയക്കാനും അദ്ദേഹത്തിനോട് നമസ്‌കാരത്തിന് വിളിക്കാനും തിരുനബി(സ) നിര്‍ദേശിച്ചു. വിളിക്കുന്നയാളുടെ ശബ്ദം എത്തുന്നിടം വരെ മേച്ചിൽ സ്ഥലം സജ്ജമാക്കാൻ നിര്‍ദേശം നല്കി. കൂടാതെ, ഈ മേച്ചില്‍സ്ഥലം ദരിദ്രര്‍ക്കായി നീക്കിവച്ചിരിക്കുമെന്നും സമ്പന്നർ സ്വന്തമായി ഒരു പ്രത്യേക മേച്ചില്‍സ്ഥലം ഉണ്ടാക്കണമെന്നും തിരുനബി(സ) വ്യവസ്ഥ ചെയ്യുകയുണ്ടായി.
സ്വഹാബാക്കള്‍ക്കിടയില്‍ ഉന്മേഷവും ജാഗ്രതയും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ഖലീഫാ തിരുമനസ്സ് പറയുന്നു: ധീരത, വീര്യം, ധാര്‍മിക പരിശീലനം എന്നീ ഗുണങ്ങൾ പ്രകടമാക്കുന്ന മത്സരങ്ങൾ തിരുനബി(സ) സ്വഹാബികള്‍ക്കിടയിൽ നടത്താറുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ അനുചരന്മാരുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുമായിരുന്നു. ബനൂ മുസ്തലിഖിന്‍റെ സൈനിക നീക്കം കഴിഞ്ഞ് മടങ്ങുമ്പോൾ, തിരുനബി(സ) കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓട്ടമത്സരം സംഘടിപ്പിച്ചു. അതിൽ പ്രവാചകന്‍റെ (സ) കസ്‌വ എന്ന ഒട്ടകം വിജയിച്ചു. അദ്ദേഹത്തിന്‍റെ കുതിരയും കുതിരപ്പന്തയത്തിൽ വിജയിച്ചു. ഈ അവസരത്തിൽ തിരുനബി(സ) ഹദ്റത്ത് ആയിശ(റ)യുമായി ഓട്ടമത്സരം സംഘടിപ്പിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടത്തിൽ തിരുനബി(സ) വിജയിച്ചു. അങ്ങനെ മുമ്പ് നടത്തിയ ഒരു ഓട്ടമത്സരത്തിൽ ആയിശ വിജയിച്ചതിന് പകരം വീട്ടിയെന്ന് നബി(സ) പറയുകയുണ്ടായി. തിരുനബി(സ) ഹദ്റത്ത് അബൂബക്കർ(റ)യുടെ വീട് സന്ദര്‍ശിച്ചപ്പോൾ ഹദ്റത്ത് ആയിശ(റ) എന്തോ കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ട സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതെന്താണെന്ന് നോക്കാൻ തിരുനബി(സ) ആവശ്യപ്പെട്ടു, പക്ഷേ ഹദ്റത്ത് ആയിശ(റ) വിസമ്മതിക്കുകയും ഓടുകയും ചെയ്തു. തിരുനബി(സ) അവരുടെ പിന്നാലെ ഓടിയെങ്കിലും അവരെ മറികടക്കാനായില്ല. തിരുനബി(സ) എല്ലാ കാര്യങ്ങളിലും നമുക്ക് മാതൃകയാണ്. ഭാര്യമാരോട് പരുഷമായി പെരുമാറുന്നവര്‍ക്കും ഇതൊരു മാതൃകയാണ്. മുന്‍കാലങ്ങളിൽ ആളുകൾ കൂടെ നടക്കുമ്പോൾ ഭാര്യമാരിൽ നിന്ന് അകലം പാലിക്കുമായിരുന്നു, ചിലർ ഇന്നും ഇത് ചെയ്യുന്നു. അതിനാൽ, തിരുനബി(സ)യുടെ ഈ മാതൃകയും അദ്ദേഹത്തിന്‍റെ ഈ നല്ല പെരുമാറ്റവും അവര്‍ക്ക് മാതൃകയാണ്.
ഗുരുതരമായ അപവാദം
ഖലീഫാ തിരുമനസ്സ് പറയുന്നു, ഈ യാത്രക്കിടയിൽ തന്നെയാണ് വളരെ ഗുരുതരമായ അപവാദപ്രചാരണം നടന്നത്. ഹദ്റത്ത് ആയിശ(റ)ക്കെതിരിൽ പ്രചരിച്ച അപവാദമാണത്. മുസ്‌ലിം സൈന്യം തിരിച്ചു വരുമ്പോൾ ഒരു സ്ഥലത്ത് തമ്പടിച്ചു. പോകാനുള്ള സമയമായപ്പോൾ ഹദ്റത്ത് ആയിശ(റ) പ്രാഥമിക കൃത്യത്തിനായി പോയി. മുസ്‌ലിം സൈന്യത്തിന്‍റെ അടുത്തേക്ക് മടങ്ങുമ്പോൾ, തന്‍റെ മാല നഷ്ടപ്പെട്ടതായി അവർ മനസ്സിലാക്കി, അത് അന്വേഷിക്കാനായി തിരികെ പോയി. ഇതിനിടയിൽ, ഹദ്റത്ത് ആയിശ(റ) പല്ലക്കിൽ ഉണ്ടെന്ന് കരുതി ചിലർ അതെടുത്ത് ഒട്ടകത്തിന് മുകളിൽ വെച്ചു. ആയിശ(റ)ക്ക് ഭാരം നന്നേകുറവായിരുന്നതിനാൽ അവരുടെ അസ്സാന്നിദ്ധ്യം അവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഹദ്റത്ത് ആയിശ(റ) അവരുടെ മാല കണ്ടെത്തി തിരിച്ചെത്തിയപ്പോഴേക്കും മുസ്‌ലിം യാത്രാസംഘം പുറപ്പെട്ടിരുന്നു. പല്ലക്കിൽ താനില്ല എന്നറിഞ്ഞ് അവർ തിരിച്ചുവരുമെന്ന് അവർ കരുതി. കാത്തിരുന്ന് കാത്തിരുന്ന് അവർ മയങ്ങിപ്പോയി. സൈന്യം വല്ലതും മറന്നുവച്ചു പോയിട്ടുണ്ടെങ്കിൽ അവയെടുക്കാനും, ആരെങ്കിലും കൂട്ടംതെറ്റിപ്പോയിട്ടുണ്ടെങ്കിൽ അവരെ സഹായിക്കാനും ഒരാളെ നിയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നിയോഗിക്കപ്പെട്ട സഫ്‌വാനുബ്‌നു മുഅത്വൽ(റ) എന്ന സ്വഹാബി അതുവഴി വന്നു. അദ്ദേഹം ഹദ്റത്ത് ആഇശ(റ) ഉറങ്ങുന്നത് കണ്ട് പറഞ്ഞു: ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ അതായത് ‘തീര്‍ച്ചയായും ഞങ്ങൾ അല്ലാഹുവിന്‍റെതാണ്, അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും’. ഇത് ഹദ്റത്ത് ആയിശ(റ)യെ ഉണര്‍ത്തി. ഇരുവരും പരസ്പരം ഒന്നും പറഞ്ഞില്ല. ഹദ്റത്ത് സഫ്‌വാൻ(റ) ഹദ്റത്ത് ആയിശ(റ)യെ തന്‍റെ ഒട്ടകപ്പുറത്ത് കയറ്റിയതിന് ശേഷം അതിന്‍റെ മുന്നിലൂടെ നടന്നു. ഒടുവിൽ, ഉച്ചയോടെ അവർ മുസ്‌ലിം യാത്രാസംഘത്തിന്‍റെ അടുത്തെത്തി.
ഖലീഫാ തിരുമനസ്സ് പറയുന്നു, പിന്നീട് ഈ സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിന് ഉത്തരവാദി അബ്ദുല്ലാഹ് ബിൻ ഉബയ്യിബ്‌നു അബീ സുലൂൽ ആയിരുന്നു. മദീനയിലേക്ക് മടങ്ങിയെത്തിയ ഹദ്റത്ത് ആയിശ(റ) ഒരു മാസത്തോളം രോഗബാധിതയായി. തല്‍ഫലമായി, ആളുകൾ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് അറിവില്ലായിരുന്നു. തിരുനബി(സ) തന്നോട് അത്ര ഇടപഴകുന്നില്ല എന്നത് മാത്രമാണ് അവർ ശ്രദ്ധിച്ചത്. അദ്ദേഹം വന്ന് അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ് പോകുമായിരുന്നു. ഒരു ദിവസം, ഹദ്റത്ത് ആയിശ(റ) ഉമ്മുമിസ്തയുടെ കൂടെ പ്രാഥമിക കൃത്യത്തിനായി പുറപ്പെട്ടു. ഈ സമയത്താണ് ഉമ്മുമിസ്ത, ഹദ്റത്ത് ആയിശ(റ)യെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകൾ അവരെ അറിയിച്ചത്.
ഈ വാര്‍ത്ത കേട്ടപ്പോൾ ഹദ്റത്ത് ആയിശ(റ)യുടെ അസുഖം മൂര്‍ച്ചിച്ചു. അടുത്ത പ്രാവശ്യം തിരുനബി(സ) ഹദ്റത്ത് ആയിശ(റ)യെ സന്ദര്‍ശിച്ചപ്പോൾ തന്‍റെ മാതാപിതാക്കളെ കാണാൻ അനുവാദം ചോദിച്ചു. ഹദ്റത്ത് ആയിശ(റ) തന്‍റെ മാതാപിതാക്കളുടെ വീട്ടിൽ ചെന്നപ്പോൾ, തന്നെക്കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നത് ശരിയാണെന്ന് ബോധ്യമായി. അവർ രാത്രി മുഴുവനും കരയുകയുണ്ടായി.
ഖലീഫാ തിരുമനസ്സ് പറയുന്നു, നബി(സ) ഹദ്റത്ത് അലി(റ), ഹദ്റത്ത് ഉസാമ(റ) എന്നിവരുമായി ഈ വിഷയത്തിൽ ചര്‍ച്ച നടത്തി. താൻ ഹദ്റത്ത് ആയിശ(റ)യെ ഏറ്റവും വലിയ ആദരവോടെ കാണുന്നുവെന്നും കിംവദന്തികളിൽ വിശ്വസിക്കുന്നില്ലെന്നും, അതിനാൽ തിരുനബി(സ) അവരെ ഒഴിവാക്കരുതെന്നുമുള്ള അഭിപ്രായമാണ് ഹദ്റത്ത് ഉസാമ(റ) മുന്നോട്ട് വച്ചത്. ഹദ്റത്ത് അലി(റ) ഹദ്റത്ത് ആയിശയുടെ കൂടെയുള്ള സേവകരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാണമെന്നാണ് അഭിപ്രായപ്പെട്ടത്. തിരുനബി(സ) ബരീറ എന്ന സേവകയോട് ഹദ്റത്ത് ആയിശയുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു. ഹദ്റത്ത് ആയിശയിൽ താൻ ഒരു തെറ്റും കണ്ടിട്ടില്ലെന്ന് അവർ മറുപടി പറഞ്ഞു.
തിരുനബി(സ) തന്‍റെ പത്‌നി ഹദ്റത്ത് സൈനബ്(റ)യോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചു, ഹദ്റത്ത് ആയിശയെ കുറിച്ച് തനിക്ക് നല്ല കാര്യങ്ങൾ മാത്രമേ പറയാനുള്ളൂ എന്ന് അവരും പറഞ്ഞു.
ഹദ്റത്ത് സഫ്‌വാൻ(റ) യുടെ സ്വഭാവവും അദ്ദേഹം സാക്ഷ്യപ്പെടുത്തി, അദ്ദേഹത്തിൽ നന്മ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് തിരുനബി(സ) സാക്ഷ്യപ്പെടുത്തി.
ഇതിനിടയിൽ, ഹദ്റത്ത് ആയിശ(റ) പറയുന്നു, അവര്‍ക്ക് കരച്ചിൽ നിര്‍ത്താൻ കഴിയുന്നുണ്ടായിരുന്നില്ല, അവരുടെ മാതാപിതാക്കൾ അവരെ ആശ്വസിപ്പിക്കാൻ കൂടെ നിന്നു. അവർ ഈ അവസ്ഥയിൽ ആയിരിക്കുമ്പോഴാണ് ഈ കിംവദന്തി പരന്നതിന് ശേഷം ആദ്യമായി നബി(സ) അവരുടെ അടുത്ത് വന്ന് അവരുടെ അരികിൽ ഇരുന്നത്. കിംവദന്തികൾ താൻ കേട്ടിട്ടുണ്ടെന്നും ആയിശ(റ) നിരപരാധിയാണെങ്കിൽ അല്ലാഹു അവരെ കുറ്റവിമുക്തയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കിംവദന്തികൾ ശരിയാണെങ്കിൽ, അല്ലാഹുവിനോട് പാപമോചനം തേടേണ്ടതാണ്, തന്‍റെ തെറ്റ് അംഗീകരിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ, ആ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണ്. അതോടെ ഹദ്റത്ത് ആയിശ(റ) കരച്ചിൽ നിര്‍ത്തി, മാതാപിതാക്കളോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, എങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതിനെ തുടര്‍ന്ന്ഹദ്റത്ത് ആയിശ(റ) തന്നെ സംസാരിക്കുകയും കിംവദന്തികളെക്കുറിച്ച് തനിക്ക് അറിയാമെന്നും ആളുകൾ തന്നെ സംശയിക്കുന്നുണ്ടെന്നും പറഞ്ഞു. താൻ നിരപരാധിയാണെന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ലെന്നും അവർ പറഞ്ഞു.
എന്നാൽ താൻ തെറ്റ് സമ്മതിച്ചാൽ ആളുകൾ വിശ്വസിക്കുന്നതാണ്. ഹദ്റത്ത് യൂസുഫ് (അ) പറഞ്ഞതല്ലാതെ മറ്റൊന്നും തനിക്ക് പറയാനില്ലെന്ന് അവർ പറഞ്ഞു, അതായത്
‘അതിനാൽ സുന്ദരോദാത്തമായ ക്ഷമയാണ് എനിക്ക് ഉത്തമം. നിങ്ങൾ വിവരിക്കുന്നതിനെതിരെ സഹായം തേടപ്പെടേണ്ടവൻ അല്ലാഹുവത്രെ’. (12:19)
ഹദ്റത്ത് ആയിശ (റ)യെ അപവാദങ്ങളിൽ നിന്ന് അല്ലാഹു കുറ്റവിമുക്തയാക്കുന്നു
ഖലീഫാ തിരുമനസ്സ് പറഞ്ഞു, അതിനുശേഷം തിരുനബി(സ) അവിടെയിരിക്കെ തന്നെ ഒരു വെളിപാട് ലഭിച്ചു. വെളിപാട് ലഭിച്ചതിന് ശേഷം, തിരുനബി(സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അല്ലാഹു ഹദ്റത്ത് ആയിശ (റ)യെ കുറ്റവിമുക്തയാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുനബി(സ)ക്ക് തുടര്‍ച്ചയായി ഖുര്‍ആനിക സൂക്തങ്ങൾ അവതരിക്കുകയുണ്ടായി.
ഭാവിയിലും ഈ സംഭവങ്ങൾ വിവരിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാര്‍ത്ഥനകള്‍ക്കുള്ള ആഹ്വാനം
ബംഗ്ലാദേശിലെ അഹ്‌മദികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാൻ ഖലീഫാ തിരുമനസ്സ് വീണ്ടും ആഹ്വാനം ചെയ്തു. അല്ലാഹു അവരുടെ സാഹചര്യങ്ങൾ വേഗത്തിൽ മെച്ചപ്പെടുത്തട്ടെ. പാക്കിസ്ഥാനിലെ അഹ്‌മദികള്‍ക്ക് വേണ്ടിയും ഖലീഫാ തിരുമനസ്സ് പ്രാര്‍ഥനക്ക് ആഹ്വാനം ചെയ്തു. അല്ലാഹു അവരുടെ സാഹചര്യങ്ങളും വേഗത്തിൽ മെച്ചപ്പെടുത്തട്ടെ.
പലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാൻ ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്തു; അല്ലാഹു അവരോട് കരുണ കാണിക്കട്ടെ. സര്‍വശക്തനായ അല്ലാഹു ലോകമുസ്‌ലിം നേതാക്കള്‍ക്ക് ബുദ്ധി നല്കട്ടെ. അടിച്ചമര്‍ത്തുന്നവരായി മാറുന്നതിനുപകരം നേതാക്കൾ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തങ്ങളോട് അവർ നീതി പുലര്‍ത്തട്ടെ. അവരുടെ അനീതികൾ കണ്ടുകൊണ്ടാണ് ശത്രുക്കൾ മുസ്‌ലിംകള്‍ക്കെതിരെ അനീതി കാണിക്കാൻ ധൈര്യപ്പെടുന്നത്. സര്‍വശക്തനായ അല്ലാഹു മുസ്‌ലിം സമുദായത്തോട് കരുണ കാണിക്കട്ടെ.
0 Comments