തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികൾ

ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികൾ

ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഫെബ്രുവരി 20, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 16 ഫെബ്രുവരി 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

നബിതിരുമേനി(സ)യുടെ ജീവിതവും,  നബിതിരുമേനി(സ)യോടുള്ള അനുചരന്മാരുടെ സ്‌നേഹവും ആദരവും ഉഹുദ് യുദ്ധത്തിന്‍റെ വെളിച്ചത്തിൽ വിവരിക്കുന്നത് തുടരുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ് പറഞ്ഞു.

ഹദ്റത്ത് ഖാരിജ ബിൻ സൈദിന്റെ‍ രക്തസാക്ഷിത്വം

ഖാരിജ ബിൻ സൈദ്(റ)യും ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായി. അദ്ദേഹം വളരെ ധീരമായി പോരാടി. 13 ൽ അധികം കുന്തം കൊണ്ടുള്ള മുറിവുകൾ ഏല്‍ക്കേണ്ടി വന്നു, തുടര്‍ന്ന് സുഫ്‌യാൻ ബിൻ ഉമയ്യ നിര്‍ണായക പ്രഹരം ഏല്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ മൃതദേഹം വികൃതമാക്കുകയും ചെയ്യുകയുണ്ടായി. ഹദ്റത്ത് ഖാരിജ(റ), അദ്ദേഹത്തിന്‍റെ ബന്ധുവായ ഹദ്റത്ത് സഅദ് ബിൻ റബീഅ്(റ) എന്നിവരെ ഒരേ ഖബറിലാണ് അടക്കം ചെയ്തത്. ഹദ്റത്ത് ഖാരിജ(റ) മുറിവേറ്റ് വീണപ്പോൾ നബിതിരുമേനി(സ) രക്തസാക്ഷിത്വം വരിച്ചതായ വ്യാജവാര്‍ത്ത കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹദ്റത്ത് ഖാരിജ(റ) പറഞ്ഞു, ഇത് ശരിയാണെങ്കിൽ തന്നെയും, ദൈവം ഇപ്പോഴും ജീവിച്ചിരിക്കുന്നു, മുസ്‌ലിങ്ങൾ പോരാട്ടം തുടരണം. ഇതായിരുന്നു നബിതിരുമേനി(സ)യുടെ അനുചരന്മാരുടെ വിശ്വാസത്തിന്‍റെ നിലവാരം.

ഹദ്റത്ത് ശമ്മാസ് ബിൻ ഉസ്മാന്റെ(റ) രക്തസാക്ഷിത്വം

ഹദ്റത്ത് ശമ്മാസ് ബിൻ ഉസ്മാനും ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയാവുകയുണ്ടായി. ഉഹുദ് യുദ്ധത്തിൽ അദ്ദേഹം ധീരമായി പോരാടി. ശമ്മാസിനെ ഒരു കവചം പോലെയാണ് താൻ കണ്ടതെന്നും അദ്ദേഹം നബിതിരുമേനി(സ)യുടെ വലതും ഇടതും യുദ്ധം ചെയ്തിരുന്നുവെന്നും നബിതിരുമേനി(സ) പറഞ്ഞു. നബിതിരുമേനി(സ)ക്ക് നേരെ  കല്ലേറുണ്ടായപ്പോൾ ഒരു പരിച പോലെ അദ്ദേഹം നബിതിരുമേനി(സ)യുടെ മുന്നിൽ നിന്നു. കഠിനമായ മുറിവുകൾ അദ്ദേഹം സഹിച്ചു. ഈ അവസ്ഥയിലാണ് അദ്ദേഹത്തെ മദീനയിലേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹത്തെ ആദ്യം ഹദ്റത്ത് ആയിശ(റ)യുടെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് ഹദ്റത്ത് ഉമ്മുസലമ(റ)യുടെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ മൃതദേഹം തിരികെ എടുത്ത് ഉഹുദ് യുദ്ധമൈതാനത്ത് മറവ് ചെയ്യാൻ നബിതിരുമേനി(സ) നിര്‍ദേശിച്ചു. തിരുനബി(സ)യുടെ നേര്‍ക്ക് തൊടുത്ത അമ്പുകളിൽ നിന്ന് രക്ഷപ്പെടുത്താൻ ഹദ്റത്ത് ത്വല്‍ഹ(റ) കൈനീട്ടിയതുപോലെ, ഹദ്റത്ത് ശമ്മാസ്(റ)യും എല്ലാ ആക്രമണങ്ങളിൽ നിന്നും നബിതിരുമേനി(സ)യെ സംരക്ഷിക്കുവാൻ നബിതിരുമേനി(സ)യുടെ മുന്നിൽ നിന്നു. അതുകൊണ്ടാണ് നബിതിരുമേനി(സ) അദ്ദേഹത്തെ ഒരു കവചമെന്നു വിശേഷിപ്പിക്കുകയും, ഏത് ദിശയിലേക്ക് നോക്കിയാലും ഹദ്റത്ത് ശമ്മാസ്(റ) യുദ്ധം ചെയ്യുന്നത് കാണാമായിരുന്നുവെന്നും പറഞ്ഞത്.

ഹദ്റത്ത് നുഅ്മാൻ ബിൻ മാലിക്ക്(റ)ന്‍റെ രക്തസാക്ഷിത്വം

നുഅ്മാൻ ബിൻ മാലികും(റ) ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായി. നബിതിരുമേനി(സ) ഉഹുദിലേക്ക് യുദ്ധത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ, ഹദ്റത്ത് നുഅ്മാൻ(റ) നബി(സ)യോട് താൻ തീര്‍ച്ചയായും സ്വര്‍ഗത്തിൽ പ്രവേശിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. നബിതിരുമേനി(സ) അദ്ദേഹത്തോട് എങ്ങനെയാണ് ഇത്ര ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുന്നത് എന്ന് ചോദിച്ചു. അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹൻ മറ്റാരുമില്ല എന്നും നബിതിരുമേനി(സ) അല്ലാഹുവിന്‍റെ ദൂതനാണെന്നും അദ്ദേഹം ഒരിക്കലും യുദ്ധത്തിൽ നിന്ന് ഓടിപ്പോകില്ലെന്നും സാക്ഷ്യം വഹിച്ചത് കൊണ്ടാണെന്നും അദ്ദേഹം മറുപടി നല്കി. അപ്പോൾ നബിതിരുമേനി(സ) അത് ശരിയാണ് എന്ന് പറയുകയുണ്ടായി, പിന്നീട് അന്നുതന്നെ അദ്ദേഹം രക്തസാക്ഷിയായി.

ഹദ്റത്ത് സാബിത് ബിൻ ദഹ്ദഹ(റ) യുടെ രക്തസാക്ഷിത്വം

ഉഹുദ് യുദ്ധത്തിൽ സാബിത് ബിൻ ദഹ്ദഹ(റ)യും നിര്‍ണായക പങ്ക് വഹിച്ചു. നബിതിരുമേനി(സ)യുടെ രക്തസാക്ഷിത്വ വാര്‍ത്ത കേട്ട് രക്ഷപ്പെടുന്നതിനായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ നിര്‍ദേശിച്ച ചില മുസ്‌ലിങ്ങളുണ്ടായിരുന്നു. പ്രവാചകൻ (സ) രക്തസാക്ഷിത്വം വരിച്ചാലും തങ്ങളുടെ വിശ്വാസത്തിന് വേണ്ടി പോരാടില്ലേ എന്ന്  ആശ്ചര്യത്തോടെ ചോദിച്ച ചിലരും ഉണ്ടായിരുന്നു. ഹദ്റത്ത് സാബിത്(റ) അന്‍സാറുകളോട് ദൈവം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് പറയുകയും അവരെ യുദ്ധം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ അന്‍സാറുകളിലെ ഒരു സംഘം മക്കാ സൈന്യത്തെ ആക്രമിച്ചു. അവിശ്വാസികളായ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിന്‍റെ ഫലമായി ഹദ്റത്ത് സാബിത് (റ) രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. നബിതിരുമേനി(സ) ഹദ്റത്ത് സാബിത്(റ)യുടെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ കൂടെ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വഖ്ഷ് കുടുംബത്തിൽ നിന്നുള്ള അനുചരന്മാരുടെ രക്തസാക്ഷിത്വം

ഉഹുദ് യുദ്ധത്തിൽ ഒരു കുടുംബത്തിലെ നാല്‌പേർ രക്തസാക്ഷികളായതായി പരാമര്‍ശമുണ്ട്. സാബിത് ബിൻ വഖ്ശ്(റ), രിഫാഅ് ബിൻ വഖ്ശ് എന്നിവർ സഹോദരങ്ങളായിരുന്നു. ഇരുവരും ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷികളായി. അതുപോലെ, സാബിത്(റ)യുടെ രണ്ട് മക്കളായ സലമ ബിൻ സാബിത്(റ), അംറ് ബിൻ സാബിത്(റ) എന്നിവരും രക്തസാക്ഷികളായി. ഖാലിദ് ബിൻ വലീദാണ് രിഫാഇനെ വധിച്ചത്.  സാബിത് ബിൻ വഖ്ശ്(റ) സത്യനിഷേധികളുടെ സൈന്യത്തിനെതിരെ ആക്രമണം നടത്തുകയും ഒടുവിൽ രക്തസാക്ഷിയാവുകയും ചെയ്തു. അംറ് ബിൻ സാബിത്തിനെ സംബന്ധിച്ച്, ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായ അതേ ദിവസം രാവിലെയാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫജറിന് (പ്രഭാതത്തിന് തൊട്ടുമുമ്പുള്ള പ്രാര്‍ഥന) ശേഷമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു മുസ്‌ലിം എന്ന നിലയിൽ അദ്ദേഹം ഒരു നമസ്‌കാരവും അനുഷ്ഠിച്ചിട്ടില്ല. എന്നിട്ടും, അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് കേട്ടപ്പോൾ, നബിതിരുമേനി(സ) അദ്ദേഹം സ്വര്‍ഗീയനാണ് എന്ന് പറയുകയുണ്ടായി. ഹദ്റത്ത് സലമയും(റ) ഉഹുദ് യുദ്ധത്തിൽ അബൂസുഫിയാൻ മുഖേന രക്തസാക്ഷിയായി.

തിരുനബിയുടെ അനുചരന്മാര്‍ക്ക് സര്വനശക്തനായ ദൈവത്തോടുള്ള സ്‌നേഹം

ഖലീഫാ തിരുമനസ്സ് പറയുന്നു, നബിയുടെ അനുചരന്മാർ വളരെ അതിശയകരമായ രീതിയിലാണ് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നത്. ഹദ്റത്ത് മുത്തലിബ് ബിൻ അബ്ദുല്ലാഹ് ബിൻ ഹന്തബ്(റ) പറയുന്നു: നബിതിരുമേനി(സ) ഉഹുദിലേക്ക് പുറപ്പെട്ടപ്പോൾ ഒരു സ്ഥലത്ത് രാത്രി തങ്ങി. ഹദ്റത്ത് ഉമ്മുസലമ(റ) കഴിക്കാൻ ഭക്ഷണം കൊണ്ടുവന്നു. നബിതിരുമേനി(സ) നബീദ് എന്ന പാനീയം കുടിച്ച അതേ പാത്രത്തിൽ നിന്ന് ഞങ്ങളും കുടിച്ചു. ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ ജഹ്ശും (റ) പാത്രത്തിൽ നിന്ന് കുടിച്ച് നബീദ് പൂര്‍ത്തിയാക്കി. ദാഹിക്കുന്നതിനേക്കാൾ സംതൃപ്തമായ അവസ്ഥയിൽ അല്ലാഹുവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അതുല്യമായ മാര്‍ഗങ്ങളിലൂടെ അവർ ദൈവത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയുണ്ടായി.

ഹദ്റത്ത് അബു സഅദ് ഹൈസമ ബിൻ അബീ ഹൈസമയുടെ (റ) രക്തസാക്ഷിത്വം

ഹദ്റത്ത് അബു സഅദ് ഹൈസമ ബിൻ അബീ ഹൈസമയും ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. തനിക്ക് ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ തന്‍റെ മകൻ പങ്കെടുത്ത് രക്തസാക്ഷിയായെന്നും അദ്ദേഹം നബിതിരുമേനി(സ)യോട് പറഞ്ഞു. അദ്ദേഹം തന്‍റെ മകനെ ഒരു മികച്ച അവസ്ഥയിൽ ഒരു സ്വപ്നത്തിൽ കണ്ടു.  ഒപ്പം ചേരാൻ അദ്ദേഹത്തെ മകൻ ക്ഷണിക്കുന്നുണ്ടായിരുന്നു. അതിനാൽ, തന്‍റെ മകനോടൊപ്പം ചേരാൻ തന്‍റെ രക്തസാക്ഷിത്വത്തിനായി പ്രാര്‍ത്ഥിക്കാൻ അദ്ദേഹം തിരുനബി(സ)യോട് അഭ്യര്‍ഥിച്ചു. നബിതിരുമേനി(സ) പ്രാര്‍ഥിക്കുകയും ഹദ്റത്ത് അബു സഅദ് ഹൈസമ (റ) ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയാവുകയും ചെയ്തു.

ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ അംറിന്‍റെ (റ) രക്തസാക്ഷിത്വം

അബ്ദുല്ലാഹിബ്‌നു അംറും(റ) ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായി. യുദ്ധത്തിലെ മുന്‍പന്തിയിലുള്ള രക്തസാക്ഷികളിൽ താനുണ്ടാകുമെന്ന് തനിക്കറിയാമെന്ന് അദ്ദേഹം മകനോട് പറഞ്ഞിരുന്നു. നബിതിരുമേനി(സ)യേക്കാൾ പ്രിയപ്പെട്ട മറ്റാരുമില്ല എന്ന് അദ്ദേഹം തന്‍റെ മകനോട് പറഞ്ഞു. മകനോട് തന്‍റെ കടം വീട്ടണമെന്നും സഹോദരിമാരുടെ കാര്യം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉഹുദ് ദിനത്തിലെ ആദ്യത്തെ രക്തസാക്ഷി തന്‍റെ പിതാവാണെന്ന് മകൻ രേഖപ്പെടുത്തുന്നു. ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ ജമൂഹിന്‍റെ അതേ ഖബറിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നബിതിരുമേനി(സ)യുടെ മുന്നിൽ അദ്ദേഹത്തിന്‍റെ മൃതദേഹം വച്ചപ്പോൾ അദ്ദേഹത്തിന്‍റെ മൂക്കും ചെവിയും വെട്ടിമുറിച്ച നിലയിലായിരുന്നു. മകൻ പിതാവിന്‍റെ മുഖത്ത് നിന്ന് തുണി മാറ്റാൻ ഒരുങ്ങിയപ്പോൾ ആളുകൾ തടഞ്ഞു. അബ്ദുല്ലാഹ് ബിൻ അംറിന്‍റെ മകൾ ഉറക്കെ കരഞ്ഞു. എന്നാൽ അവളുടെ പിതാവ് മലക്കുകളുടെ ചിറകുകളുടെ തണലിലാണെന്നും അതിനാൽ കരയരുതെന്നും നബിതിരുമേനി(സ) അവളോട് പറഞ്ഞു.

ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളുടെ ഖബറടക്ക വിവരണങ്ങൾ

ഖലീഫാ തിരുമനസ്സ് പറയുന്നു, ഉഹുദ് യുദ്ധത്തിന് ശേഷം ബലഹീനത കാരണം നബിതിരുമേനി(സ) ഇരുന്നാണ് നമസ്‌ക്കരിച്ചത്. അദ്ദേഹം ഇരുന്നു നമസ്‌കരിച്ചപ്പോൾ അനുചരന്മാരും ഇരുന്നു നമസ്‌കരിച്ചു. ഒന്നുകിൽ അവര്‍ക്കും പരിക്കേറ്റതിനാലോ അതല്ലെങ്കിൽ അവര്‍ക്കും നമസ്‌കാരത്തിന് നേതൃത്വം നല്കുന്ന വ്യക്തിക്കും ഇടയിൽ ഐക്യം ഉണ്ടാകണമെന്ന് അവർ ആഗ്രഹിച്ചതുകൊണ്ടായിരിക്കാം അവരും ഇരുന്ന് നമസ്‌കരിച്ചത്. എന്നിരുന്നാലും, ഇത്തരമൊരു സന്ദര്‍ഭത്തിൽ പുറകിലുള്ളവരും ഇരിക്കേണ്ട ആവശ്യമില്ല.

ഉഹുദ് യുദ്ധത്തിൽ നാല് മുഹാജിറുകളടക്കം 70 മുസ്‌ലിങ്ങൾ രക്തസാക്ഷികളായെന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. രക്തസാക്ഷികളുടെ എണ്ണം 80 ആണെന്നും അതിൽ ആറ് പേർ മുഹാജിറുകളാണെന്നും ചിലർ പറയുന്നു. രക്തസാക്ഷികളുടെ എണ്ണം സംബന്ധിച്ച് മറ്റു ചില അഭിപ്രായങ്ങളുമുണ്ട്. അതേപോലെ ഉഹുദ് യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ ജനാസ നമസ്‌കാരത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ട്. പ്രവാചകൻ(സ) ഒരേ ഖബറിൽ രണ്ടുപേരെ അടക്കം ചെയ്യുമായിരുന്നു. രണ്ടു പേര്‍ക്കുമിടയിൽ ഏറ്റവും കൂടുതൽ ഖുര്‍ആൻ അറിയാവുന്ന ഒരാളെ ആദ്യം ഖബറിലേക്ക് ഇറക്കുമായിരുന്നു. അവരെ കുളിപ്പിക്കുകയോ ജനാസ നമസ്‌കാരം നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല. ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രവാചകൻ (സ) പിന്നീടൊരിക്കൽ ജനാസ നമസ്‌കാരം നിര്‍വഹിച്ചതായും ചില വിവരണങ്ങളുണ്ട്. ഈ വിഷയത്തിൽ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നിലപാട് ഹദ്റത്ത് മിര്‍സാ ബഷീർ അഹ്‌മദ് (റ) വിവരിച്ചതുപോലെ തന്നെയാണ്. അതായത് ‘ആ സമയത്ത് ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട്, നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’

(സീറത്ത് ഖാതമുന്നബിയ്യീന് വാള്യം:2, പേജ്: 347)

ഈ സംഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ലോകം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ പ്രാര്ഥമനകള്ക്കായി അഭ്യര്‍ത്ഥന

ഖലീഫാ തിരുമനസ്സ് പറയുന്നു. യുദ്ധത്തിന്‍റെ തീജ്വാല പടരുകയാണ്. മനുഷ്യരാശിയെ നാശത്തിൽ നിന്ന് രക്ഷിക്കാൻ വളരെയധികം പ്രാര്‍ഥനകൾ ആവശ്യമാണ്. അഹ്‌മദികൾ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാൽ, അവര്‍ക്ക് ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് വഹിക്കാനാകും. ഇസ്രായേൽ ഗവൺമെൻറ് അവരുടെ പ്രവര്‍ത്തനങ്ങളിൽ മുന്നോട്ട് പോവുകയാണ്. ഓരോ സന്ദര്‍ഭത്തിലും അവതരിപ്പിക്കാൻ അവർ എന്തെങ്കിലും ഒഴികഴിവുകൾ കണ്ടെത്തുന്നു. ബുദ്ധിപരവും യുക്തിപരവുമായ ഒരു മാര്‍ഗവും സ്വീകരിക്കാൻ അവർ തയ്യാറല്ല. ലോകത്തിലെ മറ്റ് ശക്തരായ സര്‍ക്കാരുകൾ വെടിനിര്‍ത്തൽ ഉണ്ടാകണമെന്ന് തുടക്കത്തിൽ പറയുന്നു. എന്നാൽ ഒന്നുകിൽ അവരുടെ സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കിൽ ഇസ്രായേലിനെ ഭയന്നോ, ഇസ്രായേൽ ഗവണ്‍മെന്റോ അതിന്‍റെ നേതാവോ പറയുന്നതെന്തിനോടും യോജിക്കുന്നു. അല്ലാഹു അവരോട് കരുണ കാണിക്കട്ടെ. അവർ ദൈവത്തിലേക്ക് മടങ്ങുന്നവരാകട്ടെ. ഈ ആളുകള്‍ക്ക് ഇഹത്തിലും പരത്തിലും രക്ഷ പ്രാപിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗമാണിത്. സര്‍വശക്തനായ അല്ലാഹു അവരോട് കരുണ കാണിക്കട്ടെ, പ്രാര്‍ഥിക്കാൻ നമ്മളെ പ്രാപ്തരാക്കട്ടെ, നമ്മുടെ മേലും അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ.

കുറിപ്പുകള്‍

[1] 

സൈഡ് ഹെഡിംഗ്

ബാക്കി ഭാഗം. ഫോര്‍മാറ്റില്‍ എഴുതുക.

“കോട്ടുകള്‍ ഈ ഫോര്‍മാറ്റില്‍ .

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed