അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 22നവംബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: .പി എം മുഹമ്മദ് സ്വാലിഹ് ശാഹിദ്
ഹുദൈബിയ്യ സന്ധിയെക്കുറിച്ച് പരാമർശിക്കുന്നത് തുടരുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് പറഞ്ഞു:
ഈ സംഭവത്തെ കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
“തിരുനബി (സ) തന്‍റെ അനുചരന്മാരുമായി ഹുദൈബിയ താഴ്‌വരയിൽ എത്തിയപ്പോൾ അവിയുള്ള ജലസ്രോതസ്സായ കിണറിന് സമീപം താമസമാക്കി. ഖുസാഅ ഗോത്രത്തിൽ പെട്ട ഒരു പ്രശസ്‌തനായ നേതാവ് ബുദൈൽ ബിൻ വർഖ തന്‍റെ അനുചരന്മാരുമായി നബിയെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു: “മക്കയിലെ ജനങ്ങൾ യുദ്ധത്തിന് തയ്യാറായി നില്ല്‍ക്കുകയാണ്, അവർ നിങ്ങളെ ഒരിക്കലും മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല”.
തിരുനബി(സ) പ്രതികരിച്ചു,
ഞങ്ങൾ യുദ്ധം ലക്ഷ്യമാക്കി വന്നതല്ല, ഉംറ നിർവഹിക്കാൻ മാത്രമാണ് വന്നത്. യുദ്ധത്തിൽ നിന്ദ്യമായ അവസ്ഥ നേരിടേണ്ടി വന്നിട്ടും അവർ ഇപ്പോഴും യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ല എന്നത് വളരെ ഖേദകരം തന്നെ. അവർ എനിക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ അവരുമായി ഒരു സന്ധിക്ക് പോലും ഞാൻ തയ്യാറാണ്. എന്നാൽ, അവർ എന്‍റെ ഈ നിർദ്ദേശം നിരസിക്കുകയും യുദ്ധത്തിന്‍റെ അഗ്നി ജ്വലിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെങ്കിൽ, എന്‍റെ ജീവൻ ആരുടെ കൈയിലാണോ അവന്‍റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു, മരിക്കുന്നതുവരെയോ അതല്ലെങ്കിൽ എനിക്ക് വിജയം കരസ്ഥമാകുന്നത് വരെയോ ഈ യുദ്ധത്തിൽ നിന്ന് ഞാൻ പിന്മാറുകയില്ല. ഈ യുദ്ധത്തിൽ എനിക്ക് പരാജയം നേരിടേണ്ടി വന്നാൽ, കഥ അങ്ങനെ അവസാനിക്കുന്നതാണ്, എന്നാൽ ദൈവം എനിക്ക് വിജയം നൽകുകയും ഞാൻ കൊണ്ടുവന്ന മതത്തിന് ആധിപത്യം നൽകുകയും ചെയ്താൽ, മക്കയിലെ ജനങ്ങൾ എന്നെ വിശ്വസിക്കാൻ മടിച്ചു നിൽക്കാൻ പാടുള്ളതല്ല.”
ആത്മാർത്ഥമായ ഈ വാക്കുകൾ ബുദൈൽ ബിൻ വർഖയെ വളരെയധികം സ്വാധീനിച്ചു.
അദ്ദേഹം തിരുനബി(സ)യോട് അഭ്യർത്ഥിച്ചു: “താങ്കൾ എനിക്ക് അൽപ്പം സമയം അനുവദിച്ചാൽ, ഞാൻ മക്കയിൽ പോയി നിങ്ങളുടെ സന്ദേശം അറിയിക്കാം. അനുരഞ്ജനത്തിനായി ശ്രമിക്കുകയും ചെയ്യാം. തിരുനബി(സ) അദ്ദേഹത്തെ അതിനനുവദിക്കുകയും ബുദൈൽ തന്‍റെ ഏതാനും കൂട്ടാളികളുമായി മക്കയിലേക്ക് പുറപ്പെടുകയും ചെയ്തു.
ബുദൈൽ ബിൻ വർഖ മക്കയിലെത്തിയപ്പോൾ അദ്ദേഹം ഖുറൈശികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: “ഞാൻ ആ വ്യക്തിയുടെ((അതായത്, അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദ് (സ)) അടുത്ത് നിന്നാണ് വന്നിരിക്കുന്നത്”. (ഇത്തരം സാഹചര്യങ്ങളിൽ ഈ രീതിയിൽ സംസാരിക്കുന്നത് അറബികളുടെ പതിവായിരുന്നു. അതായത് അറിയപ്പെടുന്ന ഒരു വ്യക്തിയുടെ പേര് പരാമർശിക്കുന്നതിനു പകരം, ‘ഈ വ്യക്തി’ അല്ലെങ്കിൽ ‘ആ വ്യക്തി’ എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നു). “അദ്ദേഹം എനിക്ക് മുമ്പാകെ ഒരു നിർദ്ദേശം വെച്ചിരിക്കുന്നു. നിങ്ങൾ എന്നെ അനുവദിക്കുകയാണെങ്കിൽ, ഞാൻ അത് നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കട്ടെ?”. അപ്പോൾ ഖുറൈശികൾക്കിടയിലെ വീറും വാശിയുമുള്ള ആളുകൾ പറഞ്ഞുതുടങ്ങി: “അവൻ പറയുന്നതൊന്നും ഞങ്ങൾ കേൾക്കില്ല”. എന്നിരുന്നാലും, ഖുറൈശികളിൽ സ്വാധീനമുള്ളവരും വിശ്വസ്തരുമായ ആളുകൾ പറഞ്ഞു, “അതെ, ആ നിർദ്ദേശം ഞങ്ങളെ അറിയിക്കുക”. അപ്പോൾ, ബുദൈൽ തിരുനബിയുടെ നിർദ്ദേശം അവതരിപ്പിച്ചു. ഇത് കേട്ടപ്പോൾ സഖീഫ് ഗോത്രത്തിലെ വളരെ സ്വാധീനമുള്ള നേതാവും അക്കാലത്ത് മക്കയിൽ ഉണ്ടായിരുന്നതുമായ ‘ഉർവ ബിൻ മസ്ഊദ്’ എന്നൊരാൾ എഴുന്നേറ്റു. പുരാതന അറേബ്യൻ രീതിയിൽ അദ്ദേഹം പറഞ്ഞുതുടങ്ങി: “ഹേ ജനങ്ങളേ! ഞാൻ നിങ്ങൾക്ക് ഒരു പിതാവിനെപ്പോലെയല്ലേ? അവർ അനുകൂലമായി പ്രതികരിച്ചു. അദ്ദേഹം പറഞ്ഞു, “നിങ്ങൾ എന്‍റെ മക്കളെ പോലെയല്ല?” വീണ്ടും, അവർ അനുകൂലമായി പ്രതികരിച്ചു. അപ്പോൾ ഉർവ പറഞ്ഞു, “നിങ്ങൾക്കെന്‍റെ കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടോ?” ഖുറൈശികൾ പ്രതികരിച്ചു: “ഇല്ല”.അദ്ദേഹം പറഞ്ഞു, “എങ്കിൽ ഈ മനുഷ്യൻ (അതായത് മുഹമ്മദ്(സ)) ഒരു മികച്ച നിർദ്ദേശം അവതരിപ്പിച്ചുവെന്നതാണ് എന്‍റെ കാഴ്ചപ്പാട്, നിങ്ങൾ ഈ നിർദേശം സ്വീകരിക്കണം. ഈ നിർദേശത്തെ സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി മുഹമ്മദ്(സ) യുടെ അടുത്തേക്ക് പോകാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഖുറൈശികൾ പറഞ്ഞു: “തീർച്ചയായും. പോയി ഈ നിർദ്ദേശത്തെ സംബന്ധിച്ച് ചർച്ച ചെയ്യുക.” [1]
മക്കക്കാരുടെ കുഴപ്പങ്ങൾ
ഉർവ തിരുനബി(സ)യുടെ മുമ്പാകെ ഹാജരാകുകയും മക്കക്കാർ യുദ്ധത്തിന് തയ്യാറാണെന്നും മുസ്‌ലിങ്ങളെ കഅബയുടെ അടുത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുക്കുകയാണെന്നും പറയുകയുണ്ടായി. തിരുനബിയുടെ(സ) കൂടെയുണ്ടായിരുന്ന അനുചരന്മാർ ഭീരുക്കളാന്നും അവർ പ്രവാചകനെ ഉപേക്ഷിച്ചു കടന്നു കളയുന്നതാണെന്നും പറഞ്ഞു കൊണ്ട് ഭയപ്പെടുത്താനും ശ്രമം നടത്തി. തിരുനബി(സ) ഖുറൈശികൾക്കെതിരെ യുദ്ധം ചെയ്താൽ നബിയുടെ കൂടെയുള്ള ജനം തന്നെ നബിയെ ഖുറൈശികൾക്ക് കൈമാറുമെന്നും, തടവിലാക്കപ്പെടുകയും ചെയ്യുന്നതാണെന്നും ആ വ്യക്തി പറഞ്ഞു. ഇതുകേട്ട ഹദ്‌റത്ത് അബൂബക്കർ(റ) കോപാകുലനായി, ഇത് ഒരിക്കലും സാധ്യമല്ലെന്നും ഒരിക്കലും സംഭവിക്കില്ലെന്നും പറഞ്ഞു.
ഉർവ നബി(സ)യോട് സംസാരിക്കുമ്പോൾ നബി(സ)യുടെ താടിയിൽ തൊടുന്നുണ്ടായിരുന്നു. തിരുനബി(സ)യുടെ താടിയിൽ തൊടാൻ ഉർവ കൈ നീട്ടിയപ്പോൾ, ഹദ്‌റത്ത് മുഗീറ(റ) തന്‍റെ കൈ നീക്കി, തിരുനബി(സ)യുടെ താടിയിൽ തൊടരുതെന്ന് മുന്നറിയിപ്പ് നൽകി. ജാഹിലിയ്യാ കാലത്ത് (ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പുള്ള കാലം) മുഗീറ(റ)യോട് താൻ ചെയ്ത ഒരു ഉപകാരത്തെക്കുറിച്ച് ഉർവ ഓർമ്മിപ്പിച്ചു.
തിരുനബി(സ)യുമായുള്ള സംഭാഷണം പൂർത്തിയാക്കിയ ശേഷം ഉർവ ഖുറൈശികളുടെ അടുത്തേക്ക് തിരിച്ചുപോയി, താൻ നിരവധി രാജാക്കന്മാരെയും ഭരണാധികാരികളെയും സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ തിരുനബിയെ(സ) അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് പോലെ തങ്ങളുടെ നേതാവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു രാജാവിനെയും താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. തിരുനബി(സ)യെയും മുസ്‌ലിങ്ങളെയും ഭയപ്പെടുത്താനായിരുന്നു ഉർവ പോയിരുന്നതെങ്കിലും തിരിച്ചു വന്നപ്പോൾ അദ്ദേഹത്തിന്‍റെ അഭിപ്രായം ഇതായിരുന്നു. കൂടാതെ, പ്രവാചകൻ(സ)യുടെ നിർദേശം അംഗീകരിക്കുകയും സമാധാന ഉടമ്പടിയിലെത്തുകയും ഒടുവിൽ അദ്ദേഹത്തെ കഅബ സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഖുറൈശികൾക്ക് ഏറ്റവും നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ യാത്രയിൽ ഹദ്‌റത്ത് കഅ്ബ് ബിൻ ഉജ്‌റ(റ)യുടെ തല മുണ്ഡനം ചെയ്യുന്നതിൽ ഇളവ് അനുവദിച്ചതിന്‍റെ വിശദാംശങ്ങളും ഉണ്ട്. ഹുദൈബിയയിൽ ആയിരിക്കുമ്പോൾ, മുസ്‌ലിംങ്ങൾ ഇഹ്‌റാമിന്‍റെ അവസ്ഥയിലായിരുന്നു (ഒരാൾ രണ്ട് വെള്ള തുണികൾ ധരിക്കുന്നതും അതേപോലെ ഈ അവസ്ഥയിൽ മുടി വെട്ടാൻ കഴിയാത്തതുമായ അവസ്ഥ). ഹദ്‌റത്ത് കഅ്ബ്(റ)ന്‍റെ തലമുടി നീണ്ടതായിരുന്നു. തലയിൽ ധാരാളം പേനുണ്ടായിരുന്നു. എത്രത്തോളമെന്നാൽ മുഖത്തും പേൻ കാണാമായിരുന്നു. ഈ അവസ്ഥ കണ്ടപ്പോൾ തിരുനബി(സ) ഹദ്‌റത്ത് കഅ്ബിന്(റ) തല മൊട്ടയടിക്കാൻ അനുമതി നൽകി. സർവ്വശക്തനായ ദൈവം താഴെ കൊടുത്തിരിക്കുന്ന ഖുർആൻ വാക്യം അവതരിപ്പിച്ചു.
“എന്നാൽ നിങ്ങളിലാരെങ്കിലും രോഗിയാവുകയോ അയാളുടെ തലയിൽ വല്ല പീഡയും ഉണ്ടാവുകയോ ചെയ്താൽ (തലമുണ്ഡനം ചെയ്യാം) വ്രതമോ ദാനധർമ്മമോ ബലിയോ കൊണ്ടോ പ്രായശ്ചിത്തം നൽകേണ്ടതാണ്.”[2]
ഖുറൈശികളിൽ നിന്നുള്ള വിവിധ ആളുകൾ അനുവാദം തേടുകയും അംബാസഡർമാരായി നബി(സ)യെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവരിൽ നിന്നുള്ള മറ്റൊരാൾ മിക്രാസ് ആയിരുന്നു. ആ വ്യക്തിയെ കണ്ടപ്പോൾ തിരുനബി(സ)ക്ക് അയാളെ ഒരു വഞ്ചകനെപ്പോലെ തോന്നി. ബുദൈലിനോടും ഉർവയോടും പറഞ്ഞ അതേ കാര്യം അയാളോടും പറഞ്ഞു. തിരുനബി(സ) ഖുറൈശികളിലേക്ക് ഹദ്‌റത്ത് ഖിറാഷ് ബിൻ ഉമയ്യയെ അംബാസിഡറായി അയച്ചു. ഇക്‌രിമ അദ്ദേഹം യാത്ര ചെയ്ത ഒട്ടകത്തെ ഞെരിച്ചു കൊല്ലാൻ പോലും ഉദ്ദേശിച്ചെങ്കിലും മറ്റു ചിലർ തടഞ്ഞു. ഹസ്രത്ത് ഖിറാഷ്(റ) തിരുനബി(സ)യുടെ അടുത്ത് മടങ്ങിയെത്തി എന്താണ് സംഭവിച്ചതെന്ന് അറിയിച്ചു. ഖുറൈശികൾ പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു, എന്നിട്ടും തിരുനബി(സ) അവരോട് ക്ഷമിച്ചുകൊണ്ടിരുന്നു.
ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു,
“മക്കയിലെ ഖുറൈശികൾ അടങ്ങിയിരുന്നില്ല, പകരം അവരുടെ രോഷത്തിന്‍റെ അന്ധതയിൽ അവർ ചിന്തിച്ചത് ഇപ്പോൾ തിരുനബി(സ)യും അനുചരന്മാരും മക്കയോട് വളരെ അടുത്തും മദീനയിൽ നിന്ന് വളരെ അകലെയും ആയതിനാൽ മുസ്‌ലിങ്ങൾക്കെതിരിൽ ഒരു ആക്രമണം നടത്തണം എന്നാണ്. കഴിയുന്നത്ര ഉപദ്രവിക്കാൻ അവർ തീരുമാനിച്ചു. ഈ ആവശ്യത്തിനായി, അവർ ഹുദൈബിയയിലേക്ക് ഏകദേശം 40 മുതൽ 50 വരെ പേരടങ്ങുന്ന ഒരു സംഘത്തെ അയച്ചു, ചർച്ചയുടെ മറവിൽ, ഈ ആളുകളോട് മുസ്‌ലിം ക്യാമ്പ് വളയാനും സാധ്യമാകുമ്പോഴെല്ലാം മുസ്‌ലിങ്ങളെ മുറിവേൽപ്പിക്കുന്നത് തുടരാനും നിർദ്ദേശിച്ചു. വാസ്തവത്തിൽ, ചില വിവരണങ്ങളിൽ നിന്ന്, ഈ ആളുകൾ 80-ഓളം പേരുണ്ടായിരുന്നുവെന്നും ഈ അവസരത്തിൽ അവർ പ്രവാചകനെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് മനസ്സിലാകുന്നുണ്ട്. എന്നിരുന്നാലും, മുസ്‌ലിങ്ങൾ അവരുടെ സ്ഥാനത്ത് ജാഗരൂകരായിരുന്നു. അതുകൊണ്ട് തന്നെ ഖുറൈശികളുടെ ഈ രഹസ്യഗൂഢാലോചന കണ്ടെത്തുകയും ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്യുകയും ചെയ്തു
മക്കയിലെ ജനങ്ങളുടെ ഈ നടപടിയിൽ മുസ്‌ലിങ്ങൾ വളരെ അതൃപ്തരായിരുന്നു, അവർ ആദരണീയമായ മാസത്തിലും പവിത്രമായ ഹറമിന്‍റെ സമീപത്തും വെച്ചാണ് ഈ പ്രവർത്തികൾ ചെയ്തത്. പക്ഷേ പ്രവാചകൻ (സ) ചർച്ചകൾക്ക് തടസ്സമാകാതിരിക്കാൻ അവരോട് പ്രതികാരം ചെയ്യാൻ അനുവദിച്ചില്ല പകരം അവരോട് ക്ഷമിക്കുകയുണ്ടായി”.[3
ബൈഅത്തെ റിസ്‌വാൻ
ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
“ഹദ്റത്ത് ഉസ്മാൻ(റ)യോട് മക്കയിൽ പോയി മുസ്‌ലിങ്ങളുടെ സമാധാനപരമായ ആസൂത്രണങ്ങളും ഉംറ നിർവഹിക്കാനുള്ള അവരുടെ ഉദ്ദേശ്യവും ഖുറൈശികളെ അറിയിക്കാൻ തിരുനബി(സ) നിർദ്ദേശിച്ചു. തിരുനബി(സ) ഖുറൈശികളുടെ പ്രമാണിമാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഒരു സ്വകാര്യ കത്തും ഹദ്‌റത്ത് ഉസ്മാന് നൽകി. ഈ കത്തിൽ, തിരുനബി(സ) തന്‍റെ യാത്രയുടെ ഉദ്ദേശ്യം വിശദീകരിക്കുകയും അവരുടെ ലക്ഷ്യം വെറുമൊരു ആരാധന മാത്രമാണെന്നും അവർ സമാധാനപരമായി ഉംറ നിർവഹിക്കുകയും അതിനുശേഷം മടങ്ങുകയും ചെയ്യുമെന്നും ഖുറൈശികൾക്ക് ഉറപ്പുനൽകിയിരുന്നു.
തിരുനബി(സ) ഹദ്റത്ത് ഉസ്മാൻ(റ)നോട് പറഞ്ഞു: “ദുർബലരായ മുസ്‌ലിങ്ങളെ കൂടി കാണുകയും അവരെ സാന്ത്വനപ്പെടുത്താനും ശ്രമിക്കുക, അവരോട് അൽപ്പം കൂടി ക്ഷമ കാണിക്കാൻ പറയുക. എന്തെന്നാൽ, ദൈവം നമ്മുടെമേൽ വിജയത്തിന്‍റെ വാതിൽ ഉടൻ തുറക്കുന്നതാണ്. ഹദ്‌റത്ത് ഉസ്മാൻ(റ) ഈ സന്ദേശവുമായി മക്കയിലേക്ക് പോയി, അക്കാലത്ത് മക്കയുടെ തലവനും അടുത്ത ബന്ധുവുമായിരുന്ന അബൂസുഫ്‌യാനെ കണ്ടതിനുശേഷം ഹദ്റത്ത് ഉസ്മാൻ(റ)നെ പൊതുജനങ്ങൾക്ക് മുമ്പാകെ നിർത്തി. ഈ സമ്മേളനത്തിൽ ഹദ്റത്ത് ഉസ്മാൻ(റ) തിരുനബി(സ) അയച്ച ഒരു കത്ത് സമർപ്പിച്ചു, ഈ കത്ത് ഖുറൈശികളുടെ പ്രമാണിമാർ ഓരോരുത്തരും വ്യക്തിപരമായി വായിക്കുകയും ചെയ്തു. എന്നിരുന്നാലും, മുസ്‌ലിങ്ങൾക്ക് ആ വർഷം മക്കയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന അഭിപ്രായത്തിൽ എല്ലാ ആളുകളും ഉറച്ചുനിന്നു. ഹദ്‌റത്ത് ഉസ്മാൻ(റ) നിർബന്ധം ചെലുത്തിയപ്പോൾ അവർ പറഞ്ഞു: “നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ നിങ്ങൾക്ക് മാത്രം പ്രത്യേക അനുമതി നൽകാം, മറ്റാർക്കും അനുമതി നൽകുന്നതല്ല. ഹദ്‌റത്ത് ഉസ്മാൻ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതനെ മക്കക്ക് പുറത്ത് നിർത്തുകയും ഞാൻ കഅ്ബയെ പ്രദക്ഷിണം ചെയ്യുക എന്നത് എങ്ങനെ സാധ്യമാകും? എന്നാൽ ഖുറൈശികൾ ഒന്നും സ്വീകരിച്ചില്ല, ഒടുവിൽ നിരാശനായി, ഹദ്റത്ത് ഉസ്മാൻ(റ) മടങ്ങിപ്പോകാൻ തയ്യാറായി. ഈ സന്ദർഭത്തിൽ, മക്കയിലെ ദുഷ്ടന്മാർ, ഒരുപക്ഷേ, ഈ രീതിയിൽ തങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ കാര്യങ്ങൾ ചർച്ചയിൽ ഉറപ്പിക്കാമെന്ന ചിന്തയിൽ, ഹദ്റത്ത് ഉസ്മാൻ(റ)യെയും കൂട്ടാളികളെയും മക്കയിൽ തടഞ്ഞുവച്ചു. ഇതേത്തുടർന്ന് മക്കയിലെ ജനങ്ങൾ ഹദ്റത്ത് ഉസ്മാനെ രക്തസാക്ഷിയാക്കിയെന്ന അഭ്യൂഹം മുസ്‌ലിങ്ങൾക്കിടയിൽ പരന്നു. ഈ വാർത്ത ഹുദൈബിയ്യയിൽ എത്തിയപ്പോൾ മുസ്‌ലിങ്ങൾ രോഷാകുലരായി, കാരണം ഹദ്‌റത്ത് ഉസ്മാൻ(റ) തിരുനബിയുടെ മരുമകനായിരുന്നു. കൂടാതെ നബിയുടെ അനുചരന്മാരിൽ ഏറ്റവും ആദരണീയനുമായിരുന്നു. ഇസ്‌ലാമിക അംബാസഡറായാണ് മക്കയിലേക്ക് പോയത്. കൂടാതെ ആദരണീയമാക്കപ്പെട്ട മാസവുമായിരുന്നു. കൂടാതെ മക്ക തന്നെ ആദരണീയ സ്ഥലമായിരുന്നു. തിരുനബി(സ) ഉടൻ തന്നെ ഒരു അറിയിപ്പ് പുറപ്പെടുവിക്കുകയും അനുചരന്മാരെ ഒരു മരത്തിന്‍റെ ചുവട്ടിൽ ഒരുമിച്ചുകൂട്ടുകയും ചെയ്തു. അനുചരന്മാർ ഒരുമിച്ചു കൂടിയപ്പോൾ തിരുനബി(സ) ഈ വാർത്ത പരാമർശിച്ചുകൊണ്ട് പറഞ്ഞു: ഈ വാർത്ത സത്യമാണെങ്കിൽ, അല്ലാഹുവാണ് സത്യം, ഉസ്മാന് വേണ്ടി പ്രതികാരം ചെയ്യുന്നതുവരെ നമ്മൾ ഇവിടെ നിന്ന് മാറില്ല. അപ്പോൾ തിരുനബി(സ) സ്വഹാബികളോട് പറഞ്ഞു: “വരൂ, നിങ്ങളുടെ കൈ എന്‍റെ കൈയ്യിൽ വയ്ക്കുക (ഇസ്ലാമിൽ പ്രതിജ്ഞ ചെയ്യുന്ന ഒരു രീതിയാണിത്). പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും തങ്ങൾ തയ്യാറാണെന്ന് അനുചരന്മാരോട് കരാർ ചെയ്യാൻ പറഞ്ഞു.
ഈ അറിയിപ്പ് കേട്ടപ്പോൾ, അനുചരന്മാർ വളരെയധികം ആവേശത്തോട് കൂടി മുന്നോട്ട് കുതിച്ചു. ഈ 1400 മുതൽ 1500 വരെ ആളുകളിൽ നിന്നുള്ള ഓരോ വ്യക്തിയും (അന്ന് അവിടെ ഉണ്ടായിരുന്ന മുസ്‌ലിങ്ങളുടെ എണ്ണം) തങ്ങളുടെ പ്രിയപ്പെട്ട യജമാനന്‍റെ കൈയിൽ വിശ്വസ്തതയോടെ ഒരിക്കൽ കൂടി തങ്ങളെ സമർപ്പിച്ചു. പ്രതിജ്ഞ നടക്കുമ്പോൾ തിരുനബി(സ) ഇടതുകൈ വലത് കൈക്ക് മുകളിൽ വെച്ചുകൊണ്ട് പറഞ്ഞു, ഇത് ഉസ്മാന്‍റെ കൈ ആണ്, അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ഈ പരിശുദ്ധ ഉടമ്പടിയിൽ അദ്ദേഹം പിന്നോക്കം പോകുമായിരുന്നില്ല. എന്നാൽ ഈ സമയത്ത്,അദ്ദേഹം അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. ഇസ്‌ലാമിക ചരിത്രത്തിൽ, ഈ പ്രതിജ്ഞ ബൈഅത്ത് റിസ്‌വാൻ എന്നറിയപ്പെടുന്നു. അതായത് ദൈവിക പ്രീതിയുടെ പ്രതിഫലം മുസ്‌ലിങ്ങൾ കരസ്ഥമാക്കിയ ബൈഅത്ത്. വിശുദ്ധ ഖുർആനും ഈ പ്രതിജ്ഞയെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്
“ആ മരത്തിന്‍റെ ചുവട്ടിൽ വെച്ച് സത്യവിശ്വാസികൾ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തിൽ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.”
ഈ ബൈഅത്തിനെ വളരെ അഭിമാനത്തോടെയും സ്നേഹത്തോടെയും കൂടെയുള്ളവരും പരാമർശിക്കുമായിരുന്നു. അവരിൽ പലരും പിന്നീട് വന്നവരോട് പലപ്പോഴും പറയുമായിരുന്നു, “നിങ്ങൾ മക്ക കീഴടക്കിയതിനെ വിജയമായി കണക്കാക്കുന്നു, പക്ഷേ ഞങ്ങൾ യഥാർത്ഥ വിജയമായി കണക്കാക്കുന്നത് ബൈഅത്തെ-റിസ്‌വാനാണ്..
ഈ ബൈഅത്ത് മഹത്തായ ഒരു വിജയമായിരുന്നു എന്നതിൽ സംശയമില്ല, അത് ഭാവി വിജയങ്ങളിലേക്കുള്ള വാതിൽ തുറന്നു എന്ന് മാത്രമല്ല, ഇസ്‌ലാമിലെ കേന്ദ്രബിന്ദുവായ ത്യാഗത്തിന്‍റെ ഗംഭീരമായ പ്രകടനം കൂടിയാണത്. മാത്രമല്ല, ഈ ബൈഅത്തിന്‍റെ മറ്റൊരു പ്രധാന സവിശേഷത ഇത് കേവലം താത്കാലിക വൈകാരികാവസ്ഥയിലുള്ള ഒരു വാക്കാലുള്ള പ്രഖ്യാപനമായിരുന്നില്ല എന്നതാണ്. നേരെമറിച്ച്, അത് ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്നുള്ള ശബ്ദമായിരുന്നു, അതിന് പിന്നിൽ മുസ്‌ലിങ്ങളുടെ മുഴുവൻ ശക്തിയും ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകൃതമായിരുന്നു എന്ന് വ്യക്തമാകുമായിരുന്നു.” [4]
ഈ വിവരണം തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാര്‍ഥനകളും മുന്‍കരുതലുകളും: ലോക പ്രതിസന്ധികള്‍ക്കായുള്ള യുള്ള മുന്നൊരുക്കം
എല്ലാവർക്കും അറിയാവുന്നതുപോലെ, യൂറോപ്പിലെ സ്ഥിതിഗതികളും യുദ്ധത്തിലേക്ക് അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈന്‍-റഷ്യ യുദ്ധം പരക്കുമെന്ന ഭീഷണിയും വർധിച്ചു വരികയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങൾക്കും ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. വിവേകമതികളും സമാധാനം ആഗ്രഹിക്കുന്നവരുമായ മിക്ക നേതാക്കളും ഈ അവസ്ഥയിൽ ആശങ്കാകുലരാണ്. ഏതായാലും, അഹ്‍മദികളെയും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരെയും ഇതിന്‍റെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർഥിക്കുക. ഭാവിതലമുറയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ ഈ യുദ്ധത്തിൽ ഇക്കൂട്ടർ ഉപയോഗിക്കാതിരിക്കട്ടെ.
അതുപോലെ തന്നെ, മുസ്‌ലിം രാഷ്ട്രങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. സർവശക്തനായ അല്ലാഹു അവർക്ക് ബുദ്ധിയും വിവേകവും നല്കുകയും സത്യം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെ.
സ്ഥിതിഗതികൾ അതിവേഗം വഷളാകുകയും വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ എല്ലാവർക്കും നേരത്തെ തന്നെ അറിയാവുന്ന ഒരു കാര്യത്തിലേക്ക് ഒരിക്കൽ കൂടി ശ്രദ്ധ ചെലുത്താൻ ഞാന്‍ ആഗ്രഹിക്കുകയാണ്. അതായത്, വീടുകളിൽ 2-3 മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു വെക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ഏറ്റവും പ്രധാനമായി, എല്ലാവരും ദൈവത്തോട് അടുക്കാനും അവന്‍റെ പ്രീതി നേടാനും അവനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ശ്രമിക്കണം. അതിന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം:3, പേജ് 126- 127
[2] വിശുദ്ധ ഖുർആൻ 2:197
[3] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3, പേജ് 130-131
[4] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 3, പേജ് 132- 135
0 Comments