ഓഗസ്റ്റ് 29, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഗസ്റ്റ് 23, 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഇന്ന് ജൽസ സാലാന ജർമനി ആരംഭിക്കുകയാണ്.
MTA സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം
ജർമനിയിലെ അഹ്‌മദികൾ ഞാൻ ഈ ജൽസയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ കാര്യങ്ങളെ പോലെ ഒഴിച്ച് കൂടാനാകാത്ത ചില മാനുഷിക നിർബന്ധിത സാഹചര്യങ്ങളിലൂടെയും നമുക്ക് കടന്നുപോകേണ്ടി വരുന്നു. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ജർമനിയിലേക്കുള്ള യാത്ര ചെയ്യേണ്ട എന്നും MTA മുഖേന ജൽസയിൽ പങ്കെടുത്ത് ജൽസയെ അഭിസംബോധന ചെയ്യാം എന്നും തീരുമാനിക്കപ്പെട്ടു. സർവ്വ ശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ കൊണ്ട് മാത്രമാണ് ഇതെല്ലാം സംഭവ്യമാവുകയുള്ളു. അതിനാൽ എല്ലാവരും പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. ഈ കാലഘട്ടത്തിലെ ഇത്തരം കണ്ടുപിടിത്തങ്ങൾ അല്ലാഹുവിന്‍റെ ഔദാര്യങ്ങളാണ്.
അവിടെ പലരും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. അല്ലാഹു ഇച്ഛിക്കുകയാണെങ്കിൽ ഭാവിയിൽ അതിനുള്ള അവസരവും ഉണ്ടാകുന്നതാണ്. എന്തായാലും MTA യിലൂടെ ജൽസയിൽ പങ്കെടുക്കുന്നതിലൂടെ നേരിട്ട് ജൽസയിൽ പങ്കെടുക്കാത്തതിന്‍റെ കുറവ് ഒരു പരിധിവരെ നികത്തപ്പെടുന്നു. ഈ ജൽസയും അതിന്‍റെ ഏർപ്പാടുകളും അനുഗ്രഹീതമാകട്ടെ. എല്ലാവരെയും ഈ ജൽസയിൽ പൂർണമായും ഫലമെടുക്കാന്‍ അല്ലാഹു പ്രാപ്തനാക്കട്ടെ.
ജൽസയിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഈ തവണ ജർമനി വാർഷിക സമ്മേളനം ജർമനയിലെ അഹ്‌മദികൾക്ക് പരിചിതമായ രീതിയിലല്ല നടക്കുന്നത്. ഇതിന് മുൻപ് ഹാളുകളിൽ ആണ് ജൽസ നടന്നിരുന്നത്. അവിടെ ഏർപ്പാടുകൾക്ക് അധികം ജോലിഭാരമല്ലായിരുന്നു. ഈ തവണ ജൽസ നടക്കുന്നത് തുറസ്സായ സ്ഥലത്താണ്. ആദ്യമായാണ് ഇത്തരത്തിൽ ജൽസ നടക്കുന്നത് എന്നതിനാൽ സംഘാടകർക്കും പങ്കെടുക്കുന്നവർക്കും ജൽസയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം പല തരത്തിലുള്ള വെല്ലുവിളികളെയും നേരിടേണ്ടതായി വരും. അതിനാൽ പരാതികൾ ഉന്നയിക്കാതിരിക്കാൻ ശ്രമിക്കുക. കാലക്രമേണ ഏർപ്പാടുകൾ മികച്ചതാകുന്നതാണ്. യുകെയിലും ചില പ്രശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കാലക്രമേണ അവർ അത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കുകയുണ്ടായി. അതിനാൽ എല്ലാവരും ഒരു പുഞ്ചിരിയോടെ, ജൽസയുടെ ലക്ഷ്യങ്ങളെ പൂർത്തീകരിക്കുന്നത് തങ്ങളുടെ പ്രാഥമിക ലക്ഷ്യമാക്കി മാറ്റുക.
യുകെ ജൽസ കഴിഞ്ഞ് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. നല്ല പ്രതികരണങ്ങളോടൊപ്പം ജൽസ സംവിധാനങ്ങളെ എങ്ങനെ കൂടുതൽ മികച്ചതാക്കാം എന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. സംഘാടകർ അതിനെ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. എല്ലാവരും അവരവരുടെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇത് യാഥാർഥ്യമാകുന്നത്. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹവും ഉണ്ടാകുന്നു. ആതിഥേയത്വം വഹിക്കുന്നവർ ഒരു പുഞ്ചിരിയോടെയും ദുആയോടെയും മാന്യതയോടെയും കൂടി അതിഥികളെ സേവിക്കേണ്ടതാണ്. മസീഹ് മൗഊദ്(അ)ന്‍റെ അതിഥികളെ സേവിക്കുന്നു എന്ന അഭിനിവേശത്തോടെയാണ് സേവനം ചെയ്യേണ്ടത്. എന്ത് തന്നെ സംഭവിച്ചാലും അവർ തങ്ങളുടെ ധാർമ്മികതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ജൽസ നടക്കുന്നത് എവിടെയാണെങ്കിലും അവിടെയുള്ളവർ ജൽസയുടെ യഥാർത്ഥ ഉദ്ദേശത്തെ പൂർത്തീകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ജൽസയിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും മറികടക്കാൻ കഴിയുന്നതാണ്.
ജൽസയുടെ ദൈവീക അനുഗ്രഹങ്ങളും ലക്ഷ്യങ്ങളും
ജൽസ എന്നത് ഹദ്റത്ത് വാഗ്ദത്ത മസീഹിലൂടെ അല്ലാഹു നമുക്ക് മേൽ ചെയ്ത വലിയ ഒരനുഗ്രഹമാണ്. അദ്ദേഹം നമുക്ക് എല്ലാവർക്കും ഒത്തുകൂടി നമ്മുടെ ധാർമ്മികവും ആത്‌മീയവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതോടൊപ്പം നമുക്ക് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും നമുക്ക് നൻമയിൽ മുന്നേറുന്നതിനും പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും അനാവശ്യ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിനുമുള്ള സാഹചര്യമൊരുക്കി തന്നിരിക്കുന്നു. ഈ ലക്ഷ്യങ്ങൾ സ്വാംശീകരിക്കാൻ വേണ്ടിയാണ് ഹദ്റത്ത് മസീഹ് മൗഊദ്ജ(അ) ജൽസക്ക് ആരംഭം കുറിച്ചത്. അതിനാൽ എല്ലാവരും ഈ ലക്ഷ്യങ്ങളെ മനസ്സിലാക്കുക. ഇവ പൂർത്തീകരിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ ജൽസയിൽ പങ്കെടുക്കുന്നത് പ്രയോജനകരമാകുകയില്ല. ജൽസയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയുള്ള ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്‍റെ പ്രാർത്ഥനകൾ ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് സ്വീകരിക്കപ്പെടുക.
അല്ലാഹുവിനോടും അവന്‍റെ ദൂതനോടുമുള്ള സ്നേഹത്തിന് മറ്റെല്ലാ സ്നേഹത്തേക്കാളും പ്രാധാന്യം നൽകണമെന്ന ഉത്തരവാദിത്തം ഹദ്റത്ത് മസീഹ് മൗഊദ്(അ) നമ്മെ ഏല്പിച്ചിരിക്കുന്നു. നാം നമ്മുടെ ഹൃദയങ്ങളിൽ ഈ സ്നേഹം വളർത്തിയെടുക്കുകയാണെങ്കിൽ അത് നമ്മുടെ ഭൗതീകവും ആത്മീയവുമായ ജീവിതത്തിന് പുരോഗതി നൽകുകയും ഈ ലോകത്തും പരലോകത്തും നമുക്ക് അഭിവൃദ്ധിപ്പെടാൻ സാധിക്കുകയും ചെയ്യും. അതിനാൽ ജൽസയിൽ പങ്കെടുക്കുന്നവർ എപ്പോഴും ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. അവർ അപ്രകാരം ചെയ്താൽ ജൽസയുടെ ലക്ഷ്യത്തെ പ്രാപിച്ചു എന്ന് ഉറപ്പിക്കാവുന്നതാണ്. നാം ഹദ്റത്ത് മസീഹ് മൗഊദ്(അ) നോട് ബൈഅത്ത് ചെയ്തിരിക്കുന്നു എന്നതിനാൽ ഉയർന്ന ധാർമ്മികതയെയും സത്കർമ്മങ്ങളെയും സ്വായത്തമാക്കാൻ നാം ശ്രമിക്കുന്നില്ലെങ്കിൽ നമ്മുടെ ബൈഅത്തിനോട് നാം നീതി പുലർത്തുന്നവരാകുകയില്ല.
ഭൗതീകത ഒരു അഹ്‌മദിയെ സത്കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്നും ആരാധനകളിൽ നിന്നും അകറ്റി നിർത്താൻ പാടുള്ളതല്ല. പാകിസ്ഥാനിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറിയവരുടെ ജീവിത സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. സത്കർമ്മങ്ങളിൽ മുന്നേറുന്നതിനും ധാർമ്മികതയിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനും വേണ്ടിയാണ് ജൽസ സംഘടിപ്പിക്കപ്പെടുന്നത് എന്ന് ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)നോട് ബൈഅത്ത് ചെയ്യുന്നതിന്‍റെ ലക്ഷ്യവും ഇത് തന്നെയാണ്. അതിനാൽ ജൽസയിൽ പങ്കെടുക്കുന്ന സമയത്ത് പ്രസ്തുത ലക്ഷ്യത്തെ കുറിച്ച് നിരന്തരം ചിന്തിച്ച് കൊണ്ടിരിക്കുക.
ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു: മനുഷ്യന്‍റെ സ്വാഭാവികമായ ദൈന്യംദിന തിരക്കുകൾ മൂലം അവൻ സത്കർമ്മങ്ങളിൽ നിന്ന് അകന്നു നിൽക്കരുത്. അല്ലാഹു പറയുന്നു: “ചില പുരുഷൻമാർ, അവരുടെ ഭൗതീക വ്യവഹാരങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കുന്നില്ല.” [വിശുദ്ധ ഖുർആൻ 24:38].
മനുഷ്യൻ ഒരിക്കലും ദൈവത്തെ വിസ്മരിക്കാവുന്നതല്ല. ഒരാളുടെ കുട്ടിക്ക് സുഖമില്ലാതാവുകയാണെങ്കിൽ അയാൾ തന്‍റെ ദൈന്യംദിന ജീവിതത്തിൽ എന്ത് ചെയ്യുകയാണെങ്കിലും അയാൾക്ക് തന്‍റെ കുട്ടിയെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഇതു പോലെ അല്ലാഹുവിനെ കുറിച്ചും നാം ചിന്താകുലരാകണം എന്നാണ് ഹദ്റത്ത് മസീഹ് മൗഊദ്(അ) നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. അതിനാൽ, “വിശ്വസിച്ചവരേ അല്ലാഹുവിനെ കൂടുതലായി സ്മരിച്ചുകൊണ്ടിരിക്കുക” (വിശുദ്ധ ഖുർആൻ 33:24) എന്ന വിശുദ്ധ ഖുർആന്‍റെ കല്പനയനുസരിച്ച് നാം നന്മകളിൽ മുന്നേറിയും ദൈവവുമായുള്ള ബന്ധം വർധിപ്പിച്ചും ഹദ്റത്ത് മസീഹ് മൗഊദ്(അ)നോട് ചെയ്ത പ്രതിജ്ഞ പൂർത്തിയാക്കേണ്ടതാണ്.
പ്രാർത്ഥനകൾക്കുള്ള പ്രത്യേക ആഹ്വാനം
ഇതിനോടനുബന്ധിച്ച് ഇപ്പോൾ ഞാൻ പ്രത്യേക പ്രാർത്ഥനകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയെ കുറിച്ച് പറയാൻ ആഗ്രഹിക്കുകയാണ്. ഹദ്റത്ത് ഖലീഫത്തുൽ മസീഹ് സാലിസ്(റ) കണ്ട ഒരു ദർശനത്തിൽ ഒരു വയോധികൻ അദ്ദേഹത്തോട് ഇപ്രകാരം പറയുന്നതായി കണ്ടു. അതായത് ജമാഅത്തിലെ എല്ലാ മുതിർന്നവരും നബിതിരുമേനി(സ)ക്ക് മേൽ 200 തവണ സലാത്ത് ഓതുക,
سُبْحَانَ اللّٰہِ وَبِحَمْدِہٖ سُبْحَانَ اللّٰہِ الْعَظِیْم۔ اَللّٰھُمَّ صَلِّ عَلٰی مُحَمَّدٍ وَّاٰلِ مُحَمَّدٍ
(സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം. അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിൻ വ ആലി മുഹമ്മദ്, തർജമ: അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാൻ അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. മഹോന്നതനായ അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവേ, മുഹമ്മദ്(സ) തിരുമേനിയുടേയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും മേൽ നിന്‍റെ അനുഗ്രഹങ്ങൾ വർഷിക്കേണമേ) എന്ന് 200 തവണ ചൊല്ലുക. 15 നും 25 നും ഇടയിൽ പ്രായമുള്ളവർ ഇത് കുറഞ്ഞത് 100 തവണ ചൊല്ലുക. കുട്ടികൾ 33 തവണയെങ്കിലും ചൊല്ലുക. ചെറിയ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടൊപ്പം മൂന്നോ നാലോ തവണയെങ്കിലും ചൊല്ലുക. അതോടൊപ്പം ‘അസ്തഗ്ഫിറുല്ലാഹ റബ്ബി മിൻ കുല്ലി ദംബിൻ വ അത്തൂബു ഇലൈഹി’ (ഞാൻ എന്‍റെ നാഥനായ അല്ലാഹുവിനോട് എന്‍റെ എല്ലാ പാപങ്ങളിൽ നിന്നും പൊറുക്കലിനെ തേടുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നു.) എന്ന ദുആ 100 തവണയും ചൊല്ലുക. ഈ ദുആകളോടൊപ്പം ഞാൻ മറ്റൊരു ദുആ കൂടി ചേർക്കുകയാണ്.
رَبِّ کُلُّ شَیْ ءٍ خَادِمُکَ رَبِّ فاحْفَظْنَی وَانْصُرْنَی وَارْحَمْنَی
(എന്‍റെ നാഥാ, എല്ലാ വസ്‌തുക്കളും നിന്‍റെ സേവകരാണ്. എന്‍റെ നാഥാ, എന്നെ സംരക്ഷക്കേണമേ, എന്നെ സഹായിക്കേണമേ, എന്നിൽ കരുണ ചൊരിയേണമേ.)
ഈ ദുആകൾ ഈ ദിനങ്ങളിൽ മാത്രമല്ലാതെ എല്ലാ ദിവസവും ഉരുവിടേണ്ടതാണ്. മൂന്നാം ഖലീഫയുടെ ദർശനത്തിൽ ആ വയോധികൻ പറയുന്നത്, ഈ ദുആകൾ ചൊല്ലുകയാണെങ്കിൽ ശൈത്താന് പ്രവേശിക്കാൻ കഴിയാത്ത സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ഇരുമ്പ് മതിലുകൾ കൊണ്ട് പണിത ഒരു സുരക്ഷിതമായ കോട്ടയിൽ നിങ്ങൾ പ്രവേശിക്കുന്നതാണ് എന്നാണ്.
ഈ കാലത്ത് ശൈത്താൻ നമ്മുടെ ജമാഅത്തിനെ വലിയ രീതിയിൽ ആക്രമിക്കുകയാണ്. അതിനാൽ ഈ ദുആകൾ ജൽസയുടെ ദിനങ്ങളിൽ മാത്രമല്ല, വർഷം മുഴുവനും ഉരുവിടേണ്ടതാണ്.
ജമാഅത്തിന്‍റെ വൈജ്ഞാനികവും ധാർമികവുമായ പുരോഗതിക്കുള്ള മാർഗ്ഗം
ജൽസയിൽ വൈജ്ഞാനികവും ധാർമ്മികവും ആത്മീയവും പുരോഗതി ലക്ഷ്യമാക്കി പ്രഭാഷണങ്ങൾ നടക്കുന്നതാണ്. ഈ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ ശ്രവിക്കേണ്ടതാണ്. ഇവ ശ്രവിക്കുന്ന സമയത്ത്, നാം ഹദ്റത്ത് മസീഹ് മൗഊദ്(അ)ന് ബൈഅത്ത് ചെയ്തിരിക്കുന്നു എന്നതിനാൽ, ഇതിൽ നാം സ്വയ സംസ്കരണത്തിന് വേണ്ടിയാണ് പങ്കെടുക്കുന്നത്, എന്നാൽ നമുക്ക് നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് മാത്രം ഈ ലക്ഷ്യം പ്രാപിക്കാൻ കഴിയില്ല, അതിനാൽ ഇപ്രകാരം ദുആ ചെയ്യുക; അല്ലാഹുവേ ഞങ്ങൾ നിന്‍റെ സഹായം തേടുകയാണ്, നിന്‍റെ സഹായമില്ലാതെ ഒന്നും തന്നെ സാധ്യമല്ല. ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ. ഈ പ്രഭാഷണങ്ങളിൽ നിന്ന് വൈജ്ഞാനികമായ ഗുണങ്ങൾ മാത്രം സ്വാംശീകരിക്കാതെ ഞങ്ങളുടെ ധാർമ്മികവും ആത്‌മീയവുമായ അവസ്ഥകൾ ഉയർത്തി നിന്‍റെ സാമീപ്യം കരസ്ഥമാക്കാൻ നീ ഞങ്ങളെ സഹായിക്കേണമേ. നമുക്ക് ഇങ്ങനെ തന്നെ പ്രവർത്തിക്കുന്നതിനും നമ്മുടെ സന്താനങ്ങള്‍ക്ക് ഇത് തുടർന്നു പോകാനും കഴിയട്ടെ.
നാം ഇപ്രകാരം പ്രവർത്തിക്കുമ്പോൾ ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്‍റെ നിയോഗലക്ഷ്യമായ ആ വിപ്ലവം നമുക്ക് നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കാൻ സാധിക്കും. തുടർന്ന് അത് ലോകത്തിലെ മറ്റു ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കും. അല്ലാത്തപക്ഷം വ്യർത്ഥമായ ഈ ലോകം നാശത്തിലേക്ക് നീങ്ങുന്നതോടൊപ്പം നാമും നാശത്തിൽ അകപ്പെടുന്നതാണ്. അതിനാൽ ഹദ്റത്ത് മസീഹ് മൗഊദ്(അ)നോട് ചെയ്ത ബൈഅത്തിനെ കുറിച്ച് ജാഗ്രതയോടെ കഴിയേണ്ടതാണ്.
ജൽസയിലെ പരസ്പര സാഹോദര്യ പരിപോഷണം
പരസ്പര സാഹോദര്യം സ്ഥാപിക്കുക എന്നതും ഹദ്റത്ത് മസീഹ്(അ) ജൽസയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. അതിനാൽ എല്ലാവരും പരസ്പര സാഹോദര്യം സ്ഥാപിക്കുന്നതിനായി പരിശ്രമിക്കുക. അപ്പോഴാണ് നാം ഹദ്റത്ത് മസീഹ് മൗഊദ്(അ) ആഗ്രഹിച്ചത് പോലെയുള്ള അഹ്‌മദികൾ ആകുകയുള്ളു. നമ്മുടെ പഴയ അഭിപ്രായവ്യത്യാസങ്ങൾ മറന്നുകൊണ്ട് ഒരു സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. ചെറിയ കാര്യങ്ങളിൽ പോലും പിണക്കം ഉണ്ടാകാതെ എല്ലാവരും അവരുടെ അഹങ്കാരത്തെ ഉപേക്ഷിക്കുക. ഇത്തരം കലഹങ്ങളെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ചില സമയത് ജമാഅത്തിന്‍റെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിനായി ചില നടപടികൾ എടുക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇത്തരം നടപടികൾ ലാഘവത്തോടെ എടുക്കപ്പെടുന്ന ഒന്നല്ല, മറിച്ച് വളരെ വേദനയോടെയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത്. ഖലീഫ ഇത്തരം നടപടികൾ എടുക്കുമ്പോൾ അത് ജമാഅത്തിന്‍റെ അന്തസ്സ് സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഒരിക്കലും തന്നെ അതിൽ വ്യക്തിപരമായ ഉദ്ദേശം ഇല്ല തന്നെ.
ജൽസയിൽ നിന്ന് പൂർണമായും പ്രയോജനമുൾക്കൊള്ളുക
ഈ മൂന്ന് ദിവസങ്ങളിൽ പ്രത്യേകമായും ആരാധനകളിൽ മുഴുകുകയും അല്ലാഹുവിന്‍റെ കല്പനകളെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇപ്രകാരം ചെയ്താൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) നമ്മെ വഴിനടത്താൻ ആഗ്രഹിച്ച വഴികളിൽ നിന്ന് നാം അകന്നു പോവുകയില്ല. അതിനാൽ ഈ അവസരത്തെ പൂർണമായും പ്രയോജനപ്പെടുത്തുക. പൂർണമായ വിശ്വസ്തതയോടെ ഈ ജൽസയിൽ പങ്കെടുക്കുകയാണെങ്കിൽ ഇത് പരിശുദ്ധി കൈവരിക്കാനുള്ള ഒരു മാർഗ്ഗമാകുന്നു.
ഭാരവാഹികൾക്കുള്ള നിർദേശങ്ങൾ
ഭാരവാഹികൾ ഉയർന്ന സ്വഭാവഗുണം കാണിക്കേണ്ടതും മനസ്സിൽ നിന്ന് വ്യക്തിപരമായ വിദ്വേഷങ്ങൾ ഒഴിവാക്കേണ്ടതും അനിവാര്യമാണ്. അവർ തങ്ങളുടെ ക്ഷമയുടെയും സഹനത്തിന്‍റെയും നിലവാരം ഉയർത്തേണ്ടതാണ്. ഭാരവാഹികൾ തങ്ങളെ സേവകർ ആണെന്നും ജനങ്ങൾ അവരെ ഖലീഫ നിയമിച്ച ഭാരവാഹികൾ ആണെന്നും മനസ്സിലാക്കി പെരുമാറുകയാണെങ്കിൽ പിന്നെ ഇവർ തമ്മിലുള്ള ബന്ധം ഐക്യത്തോടെ മുന്നോട്ട് പോകുന്നതാണ്. ഇപ്രകാരമാണെങ്കിൽ നാം ഹദ്റത്ത് മസീഹ് മൗഊദ്(അ)നോട് ചെയ്ത പ്രതിജ്ഞയെ പൂർത്തീകരിക്കുന്നവർ ആയി മാറുന്നതാണ്.
സ്വഭാവഗുണങ്ങളിലൂടെ ഇസ്‌ലാമിന്റെ അധ്യാപനങ്ങളുടെ പ്രതിഫലനം
ജൽസയിൽ പങ്കെടുക്കാൻ വരുന്ന അന്ഹമദികളായ അതിഥികൾ അഹ്‌മദികളുടെ സ്വഭാവഗുണത്തെ കണ്ട് സ്വാധീനിക്കപ്പെടുന്നു. ഇത് നിശബ്ദമായ സന്ദേശപ്രചരണമാകുന്നു. ഇന്നത്തെ കാലത്ത് ഇസ്‌ലാമിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ ജൽസയിൽ പങ്കെടുക്കുന്നവരുടെ സ്നേഹം, ഐക്യം, സാഹോദര്യം, ഉയർന്ന ധാർമ്മികത, ജനങ്ങളുടെ ദൈവവുമായുള്ള ബന്ധം എന്നിവയെല്ലാം കാണുമ്പോൾ ഇസ്‌ലാം യഥാർത്ഥത്തിൽ എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകും. അതിനാൽ എല്ലാവരുടെയും സ്വഭാവഗുണം ഇസ്‌ലാമിന്‍റെ അധ്യാപനങ്ങളുടെ യഥാർത്ഥ പ്രദർശനമായിരിക്കണം. ഇതെല്ലം സാഹിത്യങ്ങളോ ചർച്ചയോ ആവശ്യമില്ലാത്ത നിശബ്‌ദ തബ്‌ലീഗ് അഥവാ പ്രചരണമാകുന്നു.
ജൽസയിൽ പങ്കെടുക്കുന്ന എല്ലാവരും ജാഗരൂകരായിരിക്കേണ്ടതാണ്. ഇപ്പോഴുള്ള ലോകത്തിന്‍റെ അവസ്ഥയെ കണക്കിലെടുത്ത് ദുഷ്ടലാക്കുള്ളവർ അവസരം മുതലാക്കാൻ സാധ്യതയുണ്ട്. അല്ലാഹു എല്ലാവരെയും എല്ലാ ദ്രോഹങ്ങളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ. എല്ലാവരും ലോകത്തിന്‍റെ മോശം അവസ്ഥകൾ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുക. നാം ഇസ്‌ലാമിന്‍റെ അധ്യാപനങ്ങൾ അനുസരിച്ച്, നബിതിരുമേനിയുടെയും മസീഹ് മൗഊദ്(അ)ന്‍റെയും അധ്യാപനങ്ങൾ അനുസരിച്ച് അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കാൻ ശ്രമിക്കുമ്പോൾ അല്ലാഹു നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും നാം ഈ ലോകത്തെ നയിക്കുന്നവരായി മാറുകയും ചെയ്യും.
ജൽസയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥന
ജൽസയുടെ മൂന്ന് ദിവസങ്ങളിൽ നിന്ന് എല്ലാവർക്കും പ്രയോജനമുൾക്കൊള്ളാൻ അല്ലാഹു എല്ലാവരെയും പ്രാപ്തരാക്കട്ടെ. അല്ലാഹു എല്ലാവർക്കും മേൽ തന്‍റെ അനുഗ്രഹം വർഷിക്കുമാറാകട്ടെ. എല്ലാവരെയും അവൻ തന്‍റെ സംരക്ഷണത്തിൽ വെക്കുമാറാകട്ടെ.
0 Comments