മെയ് 30, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 24 മെയ് 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: Alfazl International Urdu
വിവര്‍ത്തനം: സി എന്‍ താഹിര്‍ അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് അയ്യദഹുല്ലാഹ് പറഞ്ഞു:
അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്താൽ ഇസ്‌ലാമിന്‍റെ പുനരുദ്ധാരണത്തിനായി അല്ലാഹുവിനാൽ നിയോഗിതനായ വാഗ്ദത്ത മസീഹിൽ വിശ്വസിക്കാനുള്ള സൗഭാഗ്യം നമുക്ക് ലഭിച്ചിരിക്കുകയാണ്.
അല്ലാഹുവിന്‍റെ വാഗ്ദാനവും നബിതിരുമേനി(സ)യുടെ പ്രവചനങ്ങളും അനുസരിച്ച് നബിതിരുമേനി(സ)യുടെ ദാസത്വത്തിലും ശിഷ്യത്വത്തിലും അവതീർണനായ ആ മഹാത്മാവ് ഇസ്‌ലാമികാധ്യാപനങ്ങളുടെ പുനരുത്ഥാനത്തിനായി ആഗതനാകുകയുണ്ടായി. അദ്ദേഹത്തിന്‍റെ ജമാഅത്തിൽ ഖിലാഫത്ത് വ്യവസ്ഥിതി സ്ഥാപിതമായതും ദൈവവാഗ്ദാനവും നബിതിരുമേനി(സ)യുടെ സുവാർത്തകളും അനുസരിച്ച് തന്നെയാണ്.
അല്ലാഹുവിന്‍റെ വാഗ്ദാനത്തിന്‍റെയും നബിതിരുമേനി(സ)യുടെ പ്രവചനങ്ങളുടെയും പൂർത്തീകരണത്തെ അനുസ്മരിച്ചു കൊണ്ടാണ് വർഷംതോറും ജമാഅത്ത് സ്ഥാപിതമായ സ്ഥലങ്ങളിലെല്ലാം മേയ് 27 ന് നാം ഖിലാഫത്ത്ദിനം ആചരിക്കുന്നത്. മെയ് 26 നുണ്ടായ വാഗ്ദത്ത മസീഹിന്‍റെ വിയോഗാനന്തരം ഇരുപത്തിയേഴാം തീയതി അല്ലാഹുവിന്‍റെ വാഗ്ദാനമനുസരിച്ച് മൗലാനാ ഹക്കീം നൂറുദ്ദീൻ (റ) ഒന്നാമത്തെ അഹ്‌മദിയ്യാ ഖലീഫയായി തിരഞ്ഞെടുക്കപ്പെടുകയും വാഗ്ദത്ത മസീഹിന്‍റെ ദൗത്യത്തെ മുന്നോട്ടു നയിക്കുന്നതിനായി അദ്ദേഹത്തിന്‍റെ കയ്യിൽ ജമാഅത്തംഗങ്ങൾ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഒന്നാം ഖലീഫയുടെ വിയോഗത്തിനു ശേഷം രണ്ടാം ഖലീഫയുടെ കയ്യിൽ ജമാഅത്ത് ഒരുമിച്ചു കൂടി. അതിനുശേഷം മൂന്നാം ഖിലാഫത്തും നാലാം ഖിലാഫത്തും സ്ഥാപിതമായി. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കൾ ജമാഅത്തിനെ ഉന്മൂലനം ചെയ്യാനുള്ള അശ്രാന്തപരിശ്രമങ്ങൾ നടത്തി. എന്നാൽ അതെല്ലാം പരാജയത്തിലാണ് കലാശിച്ചത്.
ശത്രുത അതിരുകടന്നപ്പോൾ നാലാമത്തെ അഹ്‌മദിയ്യാ ഖലീഫയ്ക്ക് പാക്കിസ്താനിൽ നിന്നും ബ്രിട്ടണിലേക്ക് ദേശാന്തരഗമനം നടത്തേണ്ടതായി വന്നു. പിന്നീട് ബ്രിട്ടനിൽ ജമാഅത്തിന്‍റെ കേന്ദ്രം സ്ഥാപിതമായ ശേഷം അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ജമാഅത്തിനെയാണ് ലോകം കണ്ടത്. നാലാം ഖിലാഫത്തിനുശേഷം അല്ലാഹുവിന്‍റെ വാഗ്ദാനപ്രകാരം അഞ്ചാം ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ഖിലാഫത്തും അനിതരസാധാരണമായ ദൈവിക സഹായങ്ങൾ ളാൽ അനുഗൃഹീതമായിരുന്നു. ജമാഅത്ത് ഓരോ നിമിഷവും പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടേയിരുന്നു. നിരവധി പുതിയ രാജ്യങ്ങളിൽ ജമാഅത്ത് സ്ഥാപിതമാവുകയും അവിടെയെല്ലാം ജമാഅത്തിന് ശക്തമായ വേരോട്ടവും സ്വീകാര്യതയും ലഭിക്കുകയും ചെയ്തു.
ഖിലാഫത്തിനോടുള്ള ദൈവിക സഹായം പ്രകടമാക്കിക്കൊണ്ട് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള നിരവധി ആളുകൾക്ക് അല്ലാഹു സ്വയം മാർഗദർശനം നല്കുകയും ഖിലാഫത്തുമായി വൈകാരികമായ ബന്ധം സ്ഥാപിച്ച ആത്മാർഥരായ ആളുകളുടെ ജമാഅത്ത് രൂപീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇന്നും പ്രകടമായി കൊണ്ടിരിക്കുന്നു.
അല്ലാഹു തന്‍റെ വാഗ്ദാനങ്ങളെ വിസ്മരിച്ചു കളയുന്നവനോ ലംഘിക്കുന്നവനോ നബിതിരുമേനി(സ) നടത്തിയ പ്രവചനങ്ങളുടെ പൂർത്തീകരണത്തിൽ വിട്ടുവീഴ്ച്ച നടത്തുന്നവനോ അല്ല.
നബിതിരുമേനി(സ)യുടെ പ്രവചനമനുസരിച്ച് സ്ഥാപിതമായ നുബവത്തിന്‍റെ സരണിയിലുള്ള ഖിലാഫത്തിനെ ദർശിക്കാൻ സാധിച്ച നാം സൗഭാഗ്യവാന്മാരാണ്. ആ പരിശുദ്ധ പ്രവാചകന്‍റെ എളിയ ദാസനാൽ സ്ഥാപിതമായ ഈ ജമാഅത്തുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളുടെ അനന്തരാവകാശികളായി മാറും ഇൻശാ അല്ലാഹ്.
വാഗ്ദത്ത മസീഹ് (അ) പറഞ്ഞു നബിതിരുമേനി(സ) യുടെ പ്രവചനമനുസരിച്ച് എനിക്ക് ശേഷവും ഈ ജമാഅത്തിൽ ഖിലാഫത്ത് സംവിധാനം നിലനിൽക്കുന്നതാണ്.ആ മഹാത്മാവ് ഖിലാഫത്തിനെ കുറിച്ച് സുവാർത്ത നല്കിക്കൊണ്ട് പറഞ്ഞു,
“രണ്ട് വിധത്തിലുള്ള ദിവ്യശക്തി പ്രഭാവങ്ങളാണ് വെളിപ്പെടുന്നത്. ഒന്നാമതായി പ്രവാചകന്മാരുടെ കരങ്ങളിലൂടെ അല്ലാഹു സ്വയം തന്‍റെ ദിവ്യശക്തിയുടെ ഹസ്തം പ്ര കടമാക്കുന്നു. രണ്ടാമതായി പ്രവാചകന്‍റെ വിയോഗത്തിന് ശേഷം പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടിവരികയും ശത്രുക്കൾ ശക്തിയാർജ്ജിക്കുകയും പ്രവർത്തനങ്ങൾ താറുമാറായെന്ന് കരുതപ്പെടുകയും ജമാഅത്ത് നാമാവേശഷമാവുമെന്നു ശത്രുക്കളും ജമാഅത്തിലെ അംഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ജമാഅത്ത് അങ്കലാപ്പിലകപ്പെടുകയും അവരുടെ സ്ഥൈര്യം ചോർന്ന് പോകുകയും, തുടർന്നു പല നിർഭാഗ്യവാന്മാരും മുർത്തദ്ദാവാനുള്ള (മതനിരാസം) വഴി അവലംബിക്കുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹു തന്‍റെ അതിമഹത്തായ ദിവ്യശക്തി ഒരിക്കൽകൂടി വെളിപ്പെടുത്തിക്കൊണ്ട് വീഴാനിരിക്കുന്ന ജമാഅത്തിനെ സംരക്ഷിക്കുന്നു. അതിനാൽ അന്ത്യം വരെ സഹനം കൊള്ളുന്നവർ അല്ലാഹുവിന്‍റെ ഈ അത്ഭുത ദൃഷ്ടാന്തം ദർശിക്കുന്നതാണ്. ഹദ്റത്ത് അബൂബക്കർ സിദ്ദീഖിന്‍റെ കാലത്ത് സംഭവിച്ചതുപോലെ, ഹദ്റത്ത് മുഹമ്മദ് മുസ്‌തഫാ (സ) തിരുമേനിയുടെ വേർപാട് അകാലത്തുണ്ടായ ഒരു വേർപാടായിരുന്നുവെന്നു മനസ്സിലാക്കപ്പെടുകയും ദുഃഖഭാരത്താൽ സഹാബിമാർ പരിഭ്രാന്തരാ വുകയും വളരെയേറെ ഗ്രാമീണവാസികൾ ഇസ്‌ലാംമതം ഉപേക്ഷിക്കുകയും ചെയ്‌തു. അപ്പോൾ അല്ലാഹു ഹദ്റത്ത് അബൂ ബക്കർ സിദ്ദീഖിനെ(റ) എഴുന്നേൽപ്പിച്ചുകൊണ്ട് വീണ്ടും തന്‍റെ ദിവ്യശക്തിയുടെ മാതൃക കാണിക്കുകയും ഇസ്‌ലാമിനെ നാമാവശേഷമാക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു.
وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا
എന്ന ഖുർആൻ വചനത്തിൽ പറഞ്ഞപ്രകാരം “ഭയത്തിനു ശേഷം നാം അവരുടെ കാൽപാദങ്ങളെ സുദൃഢമാക്കുന്നു” വെന്ന വാഗ്ദാനം അല്ലാഹു പൂർത്തിയാക്കിക്കാണിച്ചു.
തുടർന്നു പറയുന്നു
“അതുകൊണ്ട് അല്ലയോ പ്രിയപ്പെട്ടവരേ, എതിരാളികളുടെ നിരർത്ഥകങ്ങളായ രണ്ട് ആഹ്ലാദങ്ങളെ തകർക്കുന്നതിനു വേണ്ടി തന്‍റെ സനാതന നടപടിയനുസരിച്ച് ഇപ്രകാരം അല്ലാഹു രണ്ടു വിധം ദിവ്യശക്തികൾ പ്രകടമാക്കുന്നു. ആയതിനാൽ ഇനി അല്ലാഹു തന്‍റെ സനാതനമായ നടപടിക്രമം ഉപേക്ഷിച്ചു കളയുമെന്നത് സംഭവ്യമല്ല. അതിനാൽ ഞാൻ നിങ്ങളോട് വിവരിച്ച ഈ കാര്യങ്ങൾ കാരണം നിങ്ങൾ കുണ്‌ഠിതരും മന:ക്ലേശമുള്ളവരും ആകരുത്. എന്തെന്നാൽ, നിങ്ങൾ രണ്ടാമത്തെ ദിവ്യ ശക്തിപ്രഭാവം ദർശിക്കേണ്ടത് അത്യാവശ്യമാകുന്നു. അതിന്‍റെ ആഗമനം നിങ്ങൾക്ക് ഗുണകരമാണ്! എന്തുകൊണ്ടെന്നാൽ അത് ശാശ്വതവും അതിന്‍റെ ശൃംഖല അന്ത്യനാൾ വരെ മുറിഞ്ഞുപോകാത്തതുമാണ്. ഞാൻ പോകാത്തിടത്തോളം രണ്ടാമത്തെ ദിവ്യശക്തി വരാൻ സാധ്യമല്ല. ഞാൻ പോയാൽ, അല്ലാഹു നിങ്ങൾക്കു വേണ്ടി രണ്ടാം ദിവ്യശക്തിയെ അയക്കും. “ബറാഹീനെ അഹ്‌മദിയ്യാ”യിലെ അല്ലാഹുവിന്‍റെ വാഗ്‌ദാനമനുസരിച്ച് അത് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ആ വാഗ്ദാനം എന്നെക്കുറിച്ചുള്ളതല്ല. മറിച്ച്, അത് നിങ്ങളെപ്പറ്റിയുള്ളതാകുന്നു. അല്ലാഹു പറയുന്നു “നിന്നെ പിൻപറ്റുന്ന ഈ ജമാഅത്തിന് അന്യരുടെ മേൽ അന്ത്യദിനം വരെ ഞാൻ വിജയം നല്കുന്നതാണ്.” അതിനാൽ എന്‍റെ വേർപാടിന്‍റെ ദിനം നിങ്ങളിൽ പ്രകടമാകേണ്ടതും അനന്തരം ശാശ്വത വാഗ്ദനത്തിന്‍റെ ദിനം വെളിപ്പെടേണ്ടതും നിർബന്ധമാകുന്നു. നമ്മുടെ ദൈവം സത്യവാനും വിശ്വസ്തതനും വാഗ്‌ദാനം പാലിക്കുന്നവനുമാണ്. അവൻ വാഗ്ദാനം ചെയ്തതതെല്ലാം നിങ്ങൾക്ക് കാണിച്ചുതരുന്നതാണ്. പ്രസ്തുത ദിവസം ലോകവസാനത്തിന്‍റെ ദിനമായാലും വലിയ ആപത്തുകൾ ഇറങ്ങേണ്ട സമയമായാലും അവൻ വിവരമറിയിച്ച കാര്യങ്ങല്ലാം പൂർത്തിയാകുന്നത് വരെ ഈ ലോകം നിലനിൽക്കുക തന്നെ ചെയ്യും.
(അൽവസിയ്യത്ത്)
അല്ലാഹുവിന്‍റെ വാഗ്ദാനമനുസരിച്ചുകൊണ്ട് വാഗ്ദത്ത മസീഹിന്‍റെ വിയോഗത്തിനുശേഷം എല്ലാ ഖിലാഫത്ത് കാലഘട്ടത്തിലും ജമാഅത്ത് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിദൂര രാജ്യങ്ങളിലുള്ള, ഖലീഫയെ ഒരിക്കൽ പോലും ജീവിതത്തിൽ കാണാത്ത ആളുകൾക്ക് സൻമാർഗം നല്കി ഖിലാഫത്തിന് കീഴിൽ ഒരുമിക്കാനുള്ള മാർഗം അല്ലാഹു സ്വയം തയ്യാറാക്കുന്നു. അല്ലാഹുവിന്‍റെ സഹായത്തിനന്‍റെയും വാഗ്ദാന പൂർത്തീകരണത്തിന്‍റെയും ചില സംഭവങ്ങൾ ഞാൻ വിശദീകരിക്കുകയാണ്.
ബുർക്കീനോഫാസോയിലുള്ള ഒരു ജമാഅത്തിൽ ആദ്യമായി എം. ടി. എ സ്ഥാപിച്ചു. ഖലീഫയെ ആദ്യമായി എം. ടി. എയിലൂടെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു, അവരുടെ മുഖങ്ങളിൽ നിന്നും സന്തോഷം പ്രകടമായിരുന്നു.
പറയുന്നു, എം.ടി. എ യിലൂടെ ഖലീഫയെ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകൾക്ക് കുളിർമയും ഹൃദയത്തിന് സമാധാനവും ലഭിച്ചു.
ഗാംബിയയിലെ അമീർ സാഹിബ് എഴുതുന്നു; അവിടെയുള്ള ഒരു മോട്ടർ മെക്കാനിക്ക് യാദൃശ്ചികമായി ഹുസൂര്‍ തിരുമനസ്സ് പ്രഭാഷണം നടത്തുന്നത് എം. ടി. എ യിൽ കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞു “ഈ വ്യക്തിക്കൊപ്പം ദൈവിക സഹായമുണ്ട് എന്നതിൽ സംശയമില്ല ” . പിന്നീട് അദ്ദേഹം കുടുംബത്തിലുള്ള 14 ആളുകൾക്കൊപ്പം ബൈഅത്ത് ചെയ്ത് ജമാഅത്തിൽ പ്രവേശിച്ചു. ബൈഅത്തിന് ശേഷം അദ്ദേഹത്തിന്‍റെ കച്ചവടത്തിൽ പുരോഗതി ഉണ്ടാകുകയും അത് ബൈഅത്തിന്‍റെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. തീർച്ചയായും അന്ധകാരത്തിൽ പ്രകാശിക്കുന്ന സൂര്യനെ പോലെയാണ് അഹ്‌മദിയ്യാ ജമാഅത്ത്.
ജർമ്മനിയിലെ തബ്‌ലീഗ് സെക്രട്ടറി എഴുതുന്നു; അറബ് സ്വദേശിയായ ഒരു വ്യക്തി ജമാഅത്തിന്‍റെ സ്റ്റാളിൽ വരികയും വിശുദ്ധ ഖുർആൻ പരിഭാഷ വാങ്ങുകയും ചെയ്തു. അദ്ദേഹത്തെ ജർമ്മനി വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. പക്ഷേ അദ്ദേഹം തന്‍റെ ജ്യേഷ്ഠനെയും മറ്റൊരു കുടുംബത്തെയും സമ്മേളനത്തിൽ പങ്കെടുക്കാൻ അയച്ചു. സമ്മേളനത്തിൽ ഹുസൂർ തിരുമനസ്സിന്‍റെ പ്രഭാഷണം കേട്ടതിനു ശേഷം അദ്ദേഹത്തിന്‍റെ ജ്യേഷ്ഠൻ പറഞ്ഞു ഈ വ്യക്തി തീർച്ചയായും ദൈവീക സഹായമുള്ള വ്യക്തിയാണ് ‘അദ്ദേഹം അന്ന് രാത്രി തന്നെ ബൈഅത്ത് ചെയ്തു ജമാഅത്തിൽ പ്രവേശിക്കുകയുണ്ടായി.
ഗാംബിയയിലെ ഒരു ഗ്രാമത്തിലെ ഒരു സഹോദരൻ ജമാഅത്തിനെ ശക്തമായ രീതിയിൽ എതിർത്തിരുന്നു,. ആ വ്യക്തി എം .ടി. എ യിൽ ഹുസൂർ തിരുമനസിന്‍റെ ഖുതുബ കേട്ടതിനു ശേഷം പറഞ്ഞു, ഇദ്ദേഹം ഒരിക്കലും കള്ളവാദി ആയിരിക്കുകയില്ല. യഥാർത്ഥ ഖിലാഫത്ത് ഇത് തന്നെയാണ്. ഇനിയും ഇതിൽ നിന്നും മുഖം തിരിക്കാൻ സാധിക്കുകയില്ല തുടർന്ന് ആ സഹോദരനും കുടുംബത്തിലെ 10 ആളുകളും ബൈഅത്ത് ചെയ്തു ജമാഅത്തിൽ പ്രവേശിച്ചു.
കാമറൂണിലെ ഒരു പട്ടണത്തിൽ നിന്നും എട്ടു കുടുംബങ്ങൾ ബൈഅത്ത് ചെയ്തു ജമാഅത്തിൽ പ്രവേശിച്ചു. അവർ പറയുന്നു, എം. ടി .എ ഞങ്ങളുടെ കുട്ടികളുടെ ജീവിതം മാറ്റിമറിച്ചു. അവരിൽ നിന്നുള്ള ഒരു യുവാവിന് ഹുസൂറിന്‍റെ ജുമുഅ ഖുത്ബ കേൾക്കുന്നതിനായി സ്കൂളിൽ നിന്നും ലീവ് ലഭിക്കുന്നുണ്ടായിരുന്നില്ല. ആ യുവാവ് പറഞ്ഞു എനിക്ക് സ്കൂൾ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ജുമുഅ ഖുത്ബ ഒഴിവാക്കാൻ സാധിക്കുകയില്ല.
ബുർക്കിനോ ഫാസോയിലുള്ള ഒരു വ്യക്തി ഹുസൂർ തിരുമനസ്സിനെ എം. ടി . എ യിൽ കണ്ടപ്പോൾ പറഞ്ഞു, ഇദ്ദേഹത്തെ ഞാൻ മുൻപ് സ്വപ്നത്തിൽ കണ്ടിട്ടുണ്ട് , ആ സമയം തന്നെ ഒരു തെളിവും ചോദിക്കാതെ ആ വ്യക്തി അഹ്‌മദിയ്യത്ത് സ്വീകരിക്കുകയുണ്ടായി. ആ ഗ്രാമത്തിലുള്ള ഒരുപാട് ആളുകൾ ബൈഅത്ത് ചെയ്ത് ജമാഅത്തിൽ പ്രവേശിച്ചു .ഇന്ന് അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അവിടെ ഒരു സുശക്തമായ ജമാഅത്ത് നിലവിലുണ്ട്.
കിർഗിസ്ഥാനിലെ ഒരു സഹോദരൻ തന്റെ ഭാര്യക്കൊപ്പം 12 കിലോമീറ്റർ യാത്ര ചെയ്തായിരുന്നു ഹുസൂറിന്‍റെ ജുമുഅ ഖുത്ബ കേട്ടുകൊണ്ടിരുന്നത്. കുറച്ചുകാലത്തിനുശേഷം അവർ ബൈഅത്ത് ചെയ്ത് ജമാഅത്തിൽ പ്രവേശിച്ചു.
ഇമാം മുഅല്ലിം അഹ്മദ് സാഹിബ് പറയുന്നു; എം ടി എ മുഖേന ഞങ്ങളുടെ വിശ്വാസത്തിൽ വർദ്ധനവ് ഉണ്ടായി . ഞങ്ങളുടെ അന്തരാളങ്ങൾ പ്രകാശിതമാവുകയും ഇരുട്ടില്ലാതായി തീരുകയും ചെയ്തിരിക്കുന്നു. അഹ്‌മദിയ്യത്തിനും എം. ടി. എ ക്കും മുമ്പ് ഞങ്ങൾ മൃഗസമാനരായിരുന്നു,. എം. ടി. എ ഞങ്ങളെ മനുഷ്യരാക്കി മാറ്റി.
ദൈവിക സഹായത്തിന്‍റെ പ്രകടനത്തിന്‍റെയും അല്ലാഹു ജനഹൃദയങ്ങളെ എപ്രകാരമാണ് നേർവഴിയിലേക്ക് നയിക്കുന്നത് എന്നതിന്‍റെയും ചില സംഭവങ്ങളാണ് വിവരിച്ചിട്ടുള്ളത്. അല്ലാഹു അനഹ് മദികളായ ആളുകളുടെ ഹൃദയങ്ങളിൽ ഖിലാഫത്തിന്‍റെ ഔന്നത്യം സ്ഥാപിക്കുന്നു. സൽപ്രകൃതരായ ആളുകളെ ഖിലാഫത്തുമായി ബന്ധിപ്പിക്കുന്നു. അഹ്‌മദിയ്യാ ഖിലാഫത്തിന്‍റെ ചരിത്രം സാക്ഷ്യം വഹിക്കുന്നത് ഈ ഖിലാഫത്തിനൊപ്പം എപ്പോഴും ദൈവിക സഹായമുണ്ട് എന്നും ജമാഅത്ത് നിരന്തരം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുമാണ്. അല്ലാഹു എനിക്കും എന്‍റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള തൗഫീഖ് നൽകട്ടെ , എല്ലാം അഹ്‌മദികൾക്കും പരിപൂർണ ആത്മാർത്ഥതയോടും സ്നേഹത്തോടും കൂടി ഖിലാഫത്തുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാൻ സാധിക്കട്ടെ.
ഖുത്ബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് ബഹുമാന്യ ചൗധരി നസറുല്ലാഹ് ഖാൻ സാഹിബ് , ബഹുമാന്യ ഇദ്രീസ് സാഹിബ് എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗായിബ് നമസ്കരിപ്പിക്കുന്നതാണെന്ന് പറയുകയും ചെയ്തു
0 Comments