ജനുവരി 31, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 26 ജനുവരി 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ഉഹുദ് യുദ്ധത്തിൽ നബിതിരുമേനി(സ)ക്ക് ഉണ്ടായ പരിക്കുകളെക്കുറിച്ചുള്ള വിവരണങ്ങൾ തുടരുകയാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറഃഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് പറഞ്ഞു.
നബിതിരുമേനി(സ)യുടെ മുറിവുകൾ ചികിത്സിക്കുന്നു
ഖലീഫാ തിരുമനസ്സ് പറയുന്നു, ഒരു വിവരണമനുസരിച്ച്, തന്‍റെ പ്രവാചകന്‍റെ മുഖത്ത് മുറിവേല്‍പ്പിക്കുന്ന ഒരു ജനതയുടെ മേൽ ദൈവകോപമുണ്ടാകുമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അതോടൊപ്പം അവരുടെ അറിവില്ലായ്മയാണ് അവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത് അതിനാൽ അവര്‍ക്ക് പൊറുത്തു കൊടുക്കേണമേ എന്ന് നബിതിരുമേനി(സ) പ്രാര്‍ത്ഥിച്ചതായും രേഖപ്പെട്ടിട്ടുണ്ട്. ഇതായിരുന്നു തിരുനബിയുടെ അളവറ്റ സ്‌നേഹവും കാരുണ്യവും.
ഹദ്‌റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:
”ഹദ്റത്ത് അലി(റ)യുടെ സഹായത്തോടെ നബിതിരുമേനി(സ) മലയിടുക്കിലെത്തിയപ്പോൾ മുറിവുകൾ വൃത്തിയാക്കി. വളരെ പ്രയാസപ്പെട്ട് അബൂഉബൈദ ബിൻ അൽ ജറാഹ്(റ) തന്‍റെ പല്ലുകൾ ഉപയോഗിച്ച് നബിതിരുമേനി(സ)യുടെ കവിളിൽ ആഴ്ന്നിറങ്ങിയ രണ്ട് വളയങ്ങൾ ഊരിയെടുത്തു. ഈ ശ്രമത്തിൽ അബൂ ഉബൈദയുടെ രണ്ട് പല്ലുകളും പൊട്ടി. അപ്പോൾ നബിതിരുമേനി(സ)യുടെ മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഈ രക്തം കണ്ടപ്പോൾ, അത്യധികം ദുഃഖത്തോടെ നബിതിരുമേനി(സ)പറഞ്ഞു. ‘ദൈവത്തിലേക്ക് വിളിക്കുന്നു എന്ന ഒരേയൊരു കുറ്റം കാരണത്താൽ ദൈവദൂതന്‍റെ മുഖത്തെ രക്തപങ്കിലമാക്കിയ ഒരു ജനത എങ്ങനെ അഭിവൃദ്ധി പ്രാപിക്കും. ഇതിനുശേഷം, നബിതിരുമേനി(സ) കുറച്ചു നേരത്തേക്ക് നിശ്ശബ്ദനായി, എന്നിട്ട് പറഞ്ഞു. ‘എന്‍റെ നാഥാ! എന്‍റെ ജനതയോട് ക്ഷമിക്കേണമേ. അവർ അറിവില്ലായ്മകൊണ്ടാണ് ഈ തെറ്റ് ചെയ്തത്. ഈ അവസരത്തിൽ താഴെ പറയുന്ന ഖുര്‍ആനിക സൂക്തം അവതരിച്ചതായി വിവരിക്കപ്പെടുന്നു,
‘അവൻ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’
നബിതിരുമേനി(സ)യെക്കുറിച്ചുള്ള ഭയാനകമായ വാര്‍ത്തകൾ കേട്ട് മദീനയിൽ നിന്ന് പുറപ്പെട്ട നബിയുടെ പുത്രി ഫാത്വിമയും(റ) താമസിയാതെ ഉഹുദിലെത്തി. അവർ വന്നയുടൻ നബിതിരുമേനി(സ)യുടെ മുറിവുകൾ കഴുകാൻ തുടങ്ങി. പക്ഷേ രക്തസ്രാവം നിലച്ചില്ല. അവസാനം ഹദ്റത്ത് ഫാത്വിമ(റ) ഒരു വൈക്കോൽ പായ കത്തിച്ച് അതിന്‍റെ ചാരം നബിതിരുമേനി(സ)യുടെ മുറിവിൽ പുരട്ടി. അപ്പോഴാണ് രക്തസ്രാവം നിലച്ചത്. ഈ അവസരത്തിൽ, മറ്റ് സ്ത്രീകൾ മുറിവേറ്റ അനുചരന്മാരെ ചികിത്സിക്കുകയും തത്ഫലമായി ആത്മീയ പ്രതിഫലം നേടുകയും ചെയ്തു.” [1
യുദ്ധത്തിൽ പങ്കെടുത്ത രണ്ട് മലക്കുകൾ
ഖലീഫാ തിരുമനസ്സ് പറയുന്നു, മലക്കുകൾ ഇറങ്ങിവന്ന് യുദ്ധത്തിൽ സഹായിച്ചതിനെക്കുറിച്ചും വിവരണങ്ങളുണ്ട്. വെള്ളവസ്ത്രം ധരിച്ച രണ്ടുപേർ നബിതിരുമേനി(സ)യുടെ അരികിൽ നിന്ന് കൊണ്ട് യുദ്ധം ചെയ്യുന്നത് കണ്ടതായും ഈ രണ്ടുപേരെ മുമ്പ് കണ്ടിട്ടില്ലെന്നും നിവേദനങ്ങളുണ്ട്. ഇവർ ജിബ്‌രീലും മീക്കായീലും ആയിരുന്നു എന്ന് പറയപ്പെടുന്നു. മറ്റൊരു വിവരണമനുസരിച്ച് നബിയുടെ ഒരു അനുചരൻ പറഞ്ഞത് യുദ്ധത്തിൽ തന്‍റെ ചുറ്റുമുണ്ടായിരുന്ന ചില അവിശ്വാസികളെ എല്ലാം താൻ വധിച്ചതല്ല. പകരം താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ സഹായം തനിക്ക് ലഭിക്കുകയുണ്ടായി. മറ്റൊരു അനുചരൻ പറഞ്ഞു, മലക്കുകൾ ഇറങ്ങിവന്ന് യുദ്ധത്തിൽ അവരെ സഹായിക്കുമെന്ന അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രസ്താവന സത്യമായിരുന്നു.
അനുചരന്മാരുടെ ധീരതയുടെ ഉദാഹരണങ്ങൾ
ഖലീഫാ തിരുമനസ്സ് പറയുന്നു: യുദ്ധസമയത്ത് നബിതിരുമേനി(സ)യുടെ കൂടെ നില്‍ക്കാനും അദ്ദേഹത്തെ സംരക്ഷിക്കാനും വേണ്ടി ധീരമായി പൊരുതി ജീവൻ ബലിയര്‍പ്പിച്ച അനുചരന്മാരുടെ സംഭവങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.
ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു,
“ആ സമയത്ത്, വളരെ അപകടകരമായ ഒരു യുദ്ധം നടന്നു. ഇത് മുസ്‌ലിങ്ങള്‍ക്ക് വലിയ പരീക്ഷണങ്ങളുടെയും പ്രയാസങ്ങളുടെയും സമയമായിരുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ, നബിതിരുമേനി(സ)യുടെ രക്തസാക്ഷിത്വ വാര്‍ത്ത കേട്ട് പല അനുചരന്മാരും ധൈര്യം ചോര്‍ന്ന് യുദ്ധക്കളത്തിന്‍റെ ഒരു വശത്തേക്ക് നീങ്ങി. ഹദ്‌റത്ത് ഉമർ(റ)യും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ ആളുകൾ യുദ്ധക്കളത്തിന്‍റെ ഒരു വശത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ അനസ് ബിൻ നദ്‌ർ അന്‍സാരി(റ) എന്ന ഒരു അനുചരൻ അവിടേക്ക് വന്നു. അവരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളെന്താണ് ഇവിടെ ചെയ്യുന്നത്? അവർ മറുപടി പറഞ്ഞു: ”നബിതിരുമേനി(സ) രക്തസാക്ഷിയായി.’ അനസ് (റ) മറുപടി പറഞ്ഞു: ‘ഇത് തന്നെയാണ് യുദ്ധത്തിനുള്ള സമയം, അങ്ങനെ നമുക്കും നബിതിരുമേനി(സ) കരസ്ഥമാക്കിയ മരണം വരിക്കാൻ സാധിക്കുന്നതാണ്.’ നബിതിരുമേനി(സ)യുടെ വിയോഗത്തിന് ശേഷം ജീവിതത്തിൽ എന്ത് സുഖമാണ് നമുക്ക് ലഭിക്കാനുള്ളത്? അപ്പോൾ സഅദ് ബിൻ മുആദ്(റ) അദ്ദേഹത്തിന്‍റെ മുമ്പിലേക്ക് വന്നു. അനസ്(റ) പറഞ്ഞു: സഅദേ, ഈ പര്‍വതത്തിൽ നിന്ന് എനിക്ക് സ്വര്‍ഗത്തിന്‍റെ സുഗന്ധം വരുന്നു. ഇതിനുശേഷം അനസ്(റ) ശത്രു നിരയിലേക്ക് നുഴഞ്ഞുകയറുകയും യുദ്ധത്തിൽ രക്തസാക്ഷിയാവുകയും ചെയ്തു. യുദ്ധാനന്തരം, അദ്ദേഹത്തിന്‍റെ ശരീരത്തിൽ എണ്‍പതിലധികം മുറിവുകൾ ഉള്ളതായി കണ്ടെത്തി. അദ്ദേഹത്തിന്‍റെ മൃതദേഹം ആര്‍ക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹത്തിന്‍റെ സഹോദരി വിരലിലെ ഒരു അടയാളം കണ്ടു കൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
ഹദ്റത്ത് അനസ്(റ) പറഞ്ഞു, വിശുദ്ധ ഖുര്‍ആനിലെ താഴെ കാണുന്ന സൂക്തം അദ്ദേഹത്തെയും സമാനമായ ത്യാഗങ്ങൾ സമര്‍പ്പിച്ച മറ്റുള്ളവരെയും പ്രതിപാദിച്ചു കൊണ്ട് അവതരിച്ചതായി തോന്നുന്നു.
‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷന്മാരുണ്ട്. അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്ത കാര്യത്തിൽ അവർ സത്യസന്ധത പുലര്‍ത്തി ‘.(വിശുദ്ധ ഖുര്‍ആൻ 33:24)” [2]
ഈ സംഭവങ്ങൾ വിവരിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം
ഖലീഫാ തിരുമനസ്സ് പറയുന്നു: നിലവിൽ യമനിലെ അഹ്‌മദികൾ മോശം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. അിനാൽ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. അതുപോലെ അല്ലാഹു മുസ്‌ലിം ലോകത്തിനുള്ളിൽ ഐക്യം സ്ഥാപിക്കാനും അവര്‍ക്ക് യുക്തിയും ബുദ്ധിയും ലഭിക്കുന്നതിന് വേണ്ടിയും പ്രാര്‍ഥിക്കുന്നതോടൊപ്പം മഹായുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ലോകത്തിന് മേൽ അല്ലാഹു കരുണ ചൊരിയുന്നതിനായും പ്രാര്‍ഥിക്കുക.
ജനാസ നമസ്‌കാരങ്ങൾ
ഖലീഫാ തിരുമനസ്സ് മരണപ്പെട്ട രണ്ട് പേരുടെ ജനാസ നമസ്‌കാരം അനുഷ്ഠിക്കുന്നതാണെന്ന് പറയുകയും അവരെ അനുസ്മരിക്കുകയും ചെയ്തു.
ഡോ.ഹാഫിള് അബ്ദുൽ ഹമീദ് കുമംഗ സാഹിബ്
ഡോ.ഹാഫിള് അബ്ദുൽ ഹമീദ് സാഹിബ് കുമംഗ സെറാലിയോണിലെ ജമാഅത്തിന്‍റെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ജനുവരി 13 ന് അദ്ദേഹം മരണപ്പെട്ടു. സെറാലിയോണിലെ അഹ്‌മദികളിൽ വച്ച് അദ്ദേഹം വസിയ്യത്ത് പദ്ധതിയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ത്യാഗം അനുഷ്ഠിക്കുകയുണ്ടായി. സെറാലിയോണിലെ വാര്‍ഷിക കണ്‍വെന്‍ഷനു വേണ്ടി ഒരു പുതിയ സ്ഥലം വാങ്ങാൻ സംഭാവനകള്‍ക്കായി ഒരു അഭ്യര്‍ത്ഥന നടത്തിയപ്പോൾ, അദ്ദേഹം ഏറ്റവും വലിയ തുക സമര്‍പ്പിച്ചു. അദ്ദേഹത്തിന് ഖിലാഫത്തിനോട് അഗാധമായ സ്‌നേഹമായിരുന്നു. ഖലീഫയെ കാണാൻ അവസരം ലഭിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഖേദം. അദ്ദേഹത്തിന് ഭാര്യയും നാലും ഒന്നും വയസ്സുള്ള രണ്ട് ചെറിയ മക്കളുമുണ്ട്. രോഗികളെ സഹായിക്കാൻ അക്ഷീണം പ്രവര്‍ത്തിക്കുമായിരുന്നു. മനോഹരമായ സ്വരത്തിൽ വിശുദ്ധ ഖുര്‍ആൻ പാരായണം ചെയ്യുമായിരുന്നു. വളരെ വിനയാന്വിതനായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ മറ്റുള്ളവരെ വരവേറ്റിരുന്നു. പ്രാര്‍ഥനകൾ, നോമ്പുകൾ, സാമ്പത്തിക ത്യാഗങ്ങൾ എന്നിവ അദ്ദേഹം പതിവായി അനുഷ്ഠിച്ചിരുന്നു. അദ്ദേഹം പലപ്പോഴും സത്യ സ്വപ്നങ്ങൾ കാണുമായിരുന്നു. അദ്ദേഹം ഖലീഫാ തിരുമനസ്സിന്‍റെ നിര്‍ദേശപ്രകാരം പത്തുവര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുകയുണ്ടായി. അദ്ദേഹം വളരെ ധീരനായിരുന്നു, തെറ്റ് ചൂണ്ടിക്കാണിക്കാൻ മടി കാണിച്ചിരുന്നില്ല. അതേസമയം, അദ്ദേഹം എപ്പോഴും ദയയോടെയും സൗമ്യമായും സംസാരിക്കുകയും ചെയ്തിരുന്നു. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തിന്‍റെ സ്ഥാനം ഉയര്‍ത്തട്ടെ. അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മക്കളുടെയും സംരക്ഷകനായിരിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിച്ചു.
താഹിറ നസീർ ബീഗം
താഹിറ റശീദുദ്ദീൻ എന്നറിയപ്പെട്ടിരുന്ന താഹിറ നസീർ ബീഗം മിഷനറിയായിരുന്ന ചൗധരി റഷീദുദ്ദീൻ സാഹിബിന്‍റെ ഭാര്യയായിരുന്നു. രണ്ടാം ഖലീഫ(റ)യുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ നിക്കാഹ് നടന്നത്. രണ്ടാം ഖലീഫയായിരുന്നു ദുആക്ക് നേതൃത്വം നല്കിയത്. വാഗ്ദത്ത മസീഹിനെ സ്വപ്നത്തിൽ കാണുവാനുള്ള ഭാഗ്യം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് ദൈവവുമായി ശക്തമായ സ്‌നേഹബന്ധം ഉണ്ടായിരുന്നു. അവര്‍ക്ക് ഖിലാഫത്തിനോട് വ്യക്തിപരമായ സ്‌നേഹബന്ധം ഉണ്ടായിരുന്നു. അത് അവരുടെ കുട്ടികളിലും വളര്‍ത്താൻ അവർ ശ്രമിച്ചു. ജമാഅത്തിന്‍റെ അന്തസ്സിനെ അവർ എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. ജമാഅത്ത് സംവിധാനത്തെ കുറിച്ച് മോശമായി ഒന്നും പറയുന്നത് കേള്‍ക്കാൻ അവര്‍ക്ക് സാധിച്ചിരുന്നില്ല. ദൈവവുമായി ശക്തമായ ബന്ധമുള്ള സ്ത്രീകളുമായി അവർ പലപ്പോഴും സൗഹൃദത്തിലാകുമായിരുന്നു. ഹജ്ജിന് പോകാനുള്ള സൗഭാഗ്യവും അവര്‍ക്ക് ലഭിക്കുകയുണ്ടായി. അവര്‍ക്ക് ചരിത്ര പുസ്തകങ്ങൾ വായിക്കാൻ വളരെ താല്പര്യമായിരുന്നു. അല്ലാഹു അവര്‍ക്ക് പാപമോചനവും കാരുണ്യവും പ്രദാനം ചെയ്യട്ടെ എന്നും അവരുടെ മക്കള്‍ക്ക് അവരുടെ നന്മകൾ നിലനിര്‍ത്താൻ സാധിക്കട്ടെ എന്നും ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിച്ചു.
[1].സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2 , പേജ് 341- 342
[2]..സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2 , പേജ് 337
0 Comments