അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)27 സെപ്റ്റംബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം മുഹമ്മദ് സ്വാലിഹ് ശാഹിദ്
അഹ്‌സാബ് യുദ്ധത്തെ കുറിച്ചുള്ള വിവരണം തുടരുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് പറഞ്ഞു.
ബനൂ ഖുറൈളയുടെ വഞ്ചന
ഒരു വശത്ത് കിടങ്ങും മറുവശത്ത് തോട്ടങ്ങളും മരങ്ങളും കൊണ്ട് മദീന സംരക്ഷിക്കപ്പെട്ടിരുന്നു. സത്യനിഷേധികളായ സൈന്യം അടുത്തെത്തിയപ്പോൾ, തങ്ങളുടെ ഉദ്യമത്തിൽ പങ്കുചേരാൻ പ്രേരണ നൽകുന്നതിന് ബനൂ ഖുറൈള ഗോത്രത്തിന്‍റെ തലവന്‍റെ അടുത്തേക്ക് അവർ ഹുയയ്യ് ബിൻ അഖ്തബിനെ അയച്ചു. മുസ്‌ലിംകളുമായി സമാധാന ഉടമ്പടിയിലായിരുന്നിട്ടും, ബനൂ ഖുറൈസ ഈ ഉടമ്പടി ലംഘിക്കാനും അവിശ്വാസികളായ സൈന്യത്തെ സഹായിക്കാനും തീരുമാനിച്ചു. സമാധാന ഉടമ്പടി കാരണം, ബനൂ ഖുറൈളയുടെ പങ്കാളിത്തം മുസ്‌ലിംകൾ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല, അവർ മുസ്‌ലിംകളെ പ്രത്യക്ഷരൂപത്തിൽ സഹായിച്ചില്ലെങ്കിലും, കരാർ കാരണം ബനൂ ഖുറൈള തങ്ങൾക്കെതിരെ എതിർപക്ഷത്തെ സഹായിക്കില്ലെന്നായിരുന്നു അവർ കരുതിയിരുന്നത്. ഏതായിരുന്നാലും ഇപ്പോൾ അവിശ്വാസികളായ സൈന്യവും ബനൂ ഖുറൈളയും തമ്മിലുള്ള ഈ പുതിയ സഖ്യത്തിലൂടെ, ആ സൈന്യത്തിന് മദീനയിലേക്ക് പ്രവേശനം സാധ്യമാകുന്നതാണ്. ഈ പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് അറിഞ്ഞപ്പോൾ, മുസ്‌ലിംകൾ ആശങ്കാകുലരായി. അതിനാൽ അവർക്ക് ഒരു പദ്ധതി ആസൂത്രണം ചെയ്യേണ്ടിവന്നു. അങ്ങനെ, തിരുനബി(സ) 500 മുസ്‌ലിംകളുടെ ഒരു സംഘം രൂപീകരിച്ചു. ഈ വാർത്ത കേട്ടപ്പോഴുള്ള മുസ്‌ലിംകളുടെ അവസ്ഥയെ കുറിച്ച് വിശുദ്ധ ഖുർആനിൽ ഇപ്രകാരം വിവരിക്കുന്നുണ്ട് :
” അവർ [ശത്രുസൈന്യം] നിങ്ങളുടെ മുകൾഭാഗത്ത് [കുന്നിൻപ്രദേശത്ത്] നിന്നും നിങ്ങളുടെ താഴ്ഭാഗത്ത് [താഴ്ന്ന പ്രദേശത്ത്] നിന്നും നിങ്ങളുടെ നേരെ വന്നുകൊണ്ടിരുന്നപ്പോൾ? ദൃഷ്‌ടികൾ പതറുകയും ഹൃദയങ്ങൾ കണ്ഠനാളങ്ങളിൽ കുതിച്ചെത്തുകയും അല്ലാഹുവിനെക്കുറിച്ച് പല ഭാവനകളും നിങ്ങൾ ഭാവിക്കുകയും ചെയ്ത സന്ദർഭത്തിൽ!”(അഹ്‌സാബ് : 11)
ഖലീഫാ തിരുമനസ്സ് പറയുന്നു, മുസ്‌ലിംകൾ അപ്പോഴും മദീനയെ സംരക്ഷിക്കുന്നതിന് വേണ്ടി ഉറച്ചുനിന്നു, ഹദ്‌റത്ത് സുബൈർ ബിൻ അൽ അവ്വാമിന്‍റെ(റ) നേതൃത്വത്തിൽ കിടങ്ങിനോട് ചേർന്ന് എട്ട് സ്ഥാനങ്ങളിൽ കാവലിരുന്നു.
ഇപ്പോൾ ബനൂ ഖുറൈളയും സൈന്യത്തിൽ ചേരുകയും ആസന്നമായ ആക്രമണത്തിന്‍റെ ഭീഷണിയും ഉണ്ടായതോടെ, തിരുനബി(സ) മദീനയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് സംഘങ്ങളെ വിന്യസിക്കുകയും, അല്ലാഹുവിനെ സ്തുതിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്താൻ നിർദേശിക്കുകയും ചെയ്തു.
പ്രയാസങ്ങളുടെ സന്ദർഭത്തിൽ അനുചരന്മാരുടെ ദൃഢനിശ്ചയം
ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് (റ) എഴുതുന്നു,
” ഈ ദിവസങ്ങൾ കടുത്ത വേദനയുടെയും ആശങ്കയുടെയും അപകടത്തിന്‍റെയും ദിവസങ്ങളായിരുന്നു. ഉപരോധം നീണ്ടു നിന്നപ്പോൾ, മുസ്‌ലിംകൾക്ക് സ്വാഭാവികമായും പോരാടാനുള്ള ശക്തി നഷ്ടപ്പെടാൻ തുടങ്ങി, അവർ വിശ്വാസവും ആത്മാർത്ഥതയും നിറഞ്ഞവരായിരുന്നുവെങ്കിലും, പ്രകൃതിയുടെ ഭൗതിക നിയമമനുസരിച്ച് പ്രവർത്തിക്കുന്ന അവരുടെ ശരീരം ദുർബലമാകാൻ തുടങ്ങി. ഈ അവസ്ഥ കണ്ടപ്പോൾ തിരുനബി(സ) അൻസാർ നേതാക്കളായ സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ(റ) എന്നിവരെ വിളിച്ച് അവരുടെ ഉപദേശം തേടി.
തിരുനബി (സ) നിർദ്ദേശിച്ചു, “നിങ്ങൾ യോജിക്കുന്നുവെങ്കിൽ, ഈ യുദ്ധം ഒഴിവാക്കാനായി നമ്മുടെ സമ്പത്തിന്‍റെ ഒരു ഭാഗം ഗത്ഫാൻ ഗോത്രത്തിന് നൽകാവുന്നതാണ്”.
സഅദ് ബിൻ മുആദ്(റ)യും സഅദ് ബിൻ ഉബാദ(റ)യും പറഞ്ഞു: “അല്ലാഹുവിന്‍റെ ദൂതരേ! ഇക്കാര്യത്തിൽ താങ്കൾക്ക് ദൈവിക വെളിപാട് ലഭിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾ താങ്കളുടെ മുൻപിൽ അനുസരണയോടെ വർത്തിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, തീർച്ചയായും, നമുക്ക് ഈ നിർദ്ദേശമനുസരിച്ച് സന്തോഷത്തോടെ പ്രവർത്തിക്കാം.
തിരുനബി(സ) പറഞ്ഞു: അല്ല, അല്ല, ഈ വിഷയത്തിൽ എനിക്ക് വെളിപാടൊന്നും ലഭിച്ചിട്ടില്ല. നിങ്ങൾ സഹിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മാത്രമാണ് ഞാൻ ഈ നിർദ്ദേശം അവതരിപ്പിക്കുന്നത്”. രണ്ട് സഅ്ദുകളും പ്രതികരിച്ചു, “എങ്കിൽ ഞങ്ങളുടെ നിർദ്ദേശം, ഞങ്ങൾ വിഗ്രഹാരാധകരായിരിക്കുമ്പോൾ ഒരിക്കലും ഒരു ശത്രുവിന് ഒന്നും നൽകിയിട്ടില്ലെങ്കിൽ, മുസ്‌ലിംകൾ എന്ന നിലയിൽ ഞങ്ങൾ എന്തിന് അങ്ങനെ ചെയ്യണം? ദൈവത്താൽ! ഞങ്ങളുടെ വാളുകളുടെ പ്രഹരമല്ലാതെ മറ്റൊന്നും ഞങ്ങൾ അവർക്ക് നൽകില്ല.”
മദീന സ്വദേശികളായ അൻസാറുകളെ ഓർത്ത് നബി(സ) ആശങ്കാകുലനായിരുന്നു. കൂടാതെ, ഈ അഭിപ്രായം തേടുമ്പോൾ, തിരുനബി(സ)യുടെ ഒരേയൊരു ഉദ്ദേശ്യം അൻസാറുകളുടെ (മദീനാവാസികളായ മുസ്‌ലിംകൾ) മാനസികാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയും, ഈ പ്രയാസങ്ങളെക്കുറിച്ച് അവർ ആശങ്കാകുലരാണോ അല്ലയോ, അങ്ങനെയെങ്കിൽ അവരെ ആശ്വസിപ്പിക്കുക എന്നതുമായിരുന്നു. എന്നാൽ അവർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചപ്പോൾ, തിരുനബി(സ) സന്തോഷത്തോടെ അത് സ്വീകരിക്കുകയും യുദ്ധം തുടരുകയും ചെയ്തു.
( സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 471 )
തിരുനബിയുടെ (സ) ജനങ്ങൾക്ക് വേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങൾ
കിടങ്ങ് കൊണ്ട് മാത്രം മുസ്‌ലീങ്ങൾ പൂർണ്ണമായും സുരക്ഷിതരായിരുന്നില്ല. സമാധാന ഉടമ്പടി ഉണ്ടായിരുന്നിട്ടും, അവിശ്വാസികളായ സൈന്യവുമായുള്ള ബനൂ ഖുറൈളയുടെ സഖ്യത്തിന് ശേഷം, മദീനയിൽ നിന്ന് തന്നെയുള്ള ശത്രു സൈനികരുടെ സാന്നിധ്യം യഥാർത്ഥ ഭീഷണി ഉയർത്തി. കൂടാതെ, മദീനയുടെ അതിർത്തിയിൽ ശത്രുസൈന്യത്തിന് നുഴഞ്ഞുകയറാനും മദീനയിൽ പ്രവേശിക്കാനും കഴിയുന്ന ചില പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഈ ആശങ്കാജനകമായ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, വിവിധ സ്ഥലങ്ങളിൽ കാവൽ നിൽക്കാൻ മുസ്‌ലിംകളെ നിയോഗിച്ചു. തിരുനബി(സ)യും മാറി മാറി കാവൽ നിന്നു. മാറി മാറിയുള്ള ഈ ഡ്യൂട്ടികൾ രാത്രിയിലെ കൊടും തണുപ്പിലും തുടർന്നു. തിരുനബി(സ) മദീനയെയും അവിടുത്തെ ജനങ്ങളെയും നിസ്വാർത്ഥമായി സേവിച്ചു. രാത്രിയിൽ കാവൽ നിൽക്കുമ്പോൾ, തിരുനബിക്ക്(സ) കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ, ശരീരം ചൂടാകുന്നത് വരെ അദ്ദേഹം തന്‍റെ കൂടാരത്തിനുള്ളിലേക്ക് പോവുകയും, അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ ഹാജരാവുകയും ചെയ്തിരുന്നു. ശത്രുക്കൾ ആക്രമിക്കാൻ തുനിയുന്നു എന്ന് മനസ്സിലാക്കിയ ഒരു സന്ദർഭത്തിൽ തിരുനബി(സ) അടുത്ത് അനുചരന്മാരിൽ ആരെങ്കിലും ഉണ്ടോ എന്നന്വേഷിച്ചു. തിരുനബി(സ)യുടെ കൂടാരത്തിന് ചുറ്റും കാവൽ നിന്നിരുന്ന ഒരു സംഘം ഉണ്ടായിരുന്നു. ഒരു കൂട്ടം ശത്രുക്കൾ കിടങ്ങ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഭാഗത്തേക്ക് പോകാൻ നബി(സ) അവരോട് നിർദ്ദേശിച്ചു. ഈ സംഘം പോയി ആ ശത്രുസൈനിക സംഘത്തെ തുരത്തി. ഈ വിധത്തിൽ, തിരുനബി(സ) നിസ്വാർത്ഥമായി മദീനയെയും അവിടത്തെ ജനങ്ങളെയും സേവിക്കുക മാത്രമല്ല, മറ്റെല്ലാവരുടെയും സുരക്ഷക്ക് തന്‍റെ സുരക്ഷയെക്കാൾ പ്രാധാന്യം നൽകുകയും ചെയ്തു.
യുദ്ധസമയത്ത് ഹദ്‌റത്ത് സഫിയ്യ(റ)യുടെ ധീരത
ഹദ്‌റത്ത് സഫിയ്യ(റ)യുടെ യുദ്ധസമയത്തുള്ള ധീരതയെ കുറിച്ച് ഒരു സംഭവം ഹദ്‌റത്ത് മീർസാ ബശീർ അഹ്‌മദ് സാഹിബ് (റ) ഇപ്രകാരം രേഖപ്പെടുത്തുന്നു, ” തിരുനബി(സ) നഗരത്തിലെ സ്ത്രീകളെയും കുട്ടികളെയും ഒരു കോട്ടയോട് ഉപമിക്കാവുന്ന ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചുകൂട്ടിയിരുന്നു. എന്നിരുന്നാലും, അവർക്ക് സംരക്ഷണം നൽകാൻ ആവശ്യമായ എണ്ണത്തിൽ മുസ്‌ലീങ്ങളെ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. വിശേഷിച്ചും യുദ്ധക്കളത്തിൽ ശത്രുക്കളുടെ ആക്രമണം ശക്തമായി നടക്കുന്ന ഇത്തരം സമയങ്ങളിൽ മുസ്‌ലിം സ്ത്രീകളും കുട്ടികളും കാവലിന് ആളില്ലാത്ത അവസ്ഥയിലായിരുന്നു. ഏതെങ്കിലും കാരണത്താൽ യുദ്ധത്തിന് യോഗ്യരല്ലാത്തവരായിരുന്നു അവരുടെ സംരക്ഷണത്തിന് അവശേഷിച്ചിരുന്നത്. അതിനാൽ, ഇപ്പോൾ സൂചിപ്പിച്ചതുപോലുള്ള ഈ സാഹചര്യം മുതലെടുത്ത്, യഹൂദന്മാർ സ്ത്രീകളും കുട്ടികളും ഒത്തുകൂടിയ നഗരത്തിലെ അത്തരമൊരു പ്രദേശം ആക്രമിക്കാൻ തീരുമാനിച്ചു. നഗരത്തിന്‍റെ ഈ ഭാഗങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു ചാരനെ അവർക്കു മുമ്പേ അയച്ചു. ആ സമയത്ത് സ്ത്രീകളുടെ അടുത്ത് ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി ഹസ്സാൻ ബിൻ സാബിത്ത് എന്ന കവി മാത്രമായിരുന്നു, അദ്ദേഹത്തിന്‍റെ ഹൃദയം വളരെ ദുർബലമായതിനാൽ യുദ്ധക്കളത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഈ യഹൂദ ശത്രു തങ്ങളുടെ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ നിരീക്ഷണം നടത്തുന്നത് സ്ത്രീകൾ ശ്രദ്ധിച്ചപ്പോൾ, തിരുനബി(സ)യുടെ പിതൃസഹോദരിയായ സഫിയ്യ ബിൻത് അബ്ദിൽ മുത്തലിബ് ഹസ്സാനോട് പറഞ്ഞു. ” രഹസ്യാന്വേഷണം നടത്താൻ വേണ്ടി വന്ന ഈ യഹൂദ ശത്രു തന്‍റെ കൂട്ടാളികളുടെ അടുത്തേക്ക് പോയി നമുക്ക് നഷ്ടം വരുത്തുന്നതിന് മുമ്പേ ഇവനെ വധിച്ചു കളയുക. എന്നാൽ ഹസ്സാന് അതിനുള്ള ധൈര്യം കൈവന്നില്ല. അതിനാൽ, ഹദ്റത്ത് സഫിയ്യ സ്വയം മുന്നോട്ട് നീങ്ങി ജൂതനോട് യുദ്ധം ചെയ്തു, അതിനുശേഷം അവർ അവനെ കൊല്ലുകയും അവൻ നിലത്ത് വീഴുകയും ചെയ്തു. തുടർന്ന്, അവരുടെ സ്വന്തം നിർദ്ദേശപ്രകാരം, മുസ്‌ലിം സ്ത്രീകളെ ആക്രമിക്കാൻ ധൈര്യപ്പെടാതിരിക്കാൻ, യഹൂദ ചാരനെ ശിരഛേദം ചെയ്ത് യഹൂദന്മാർ ഒത്തുകൂടിയ കോട്ടയുടെ അരികിലേക്ക് എറിഞ്ഞു, അവർക്ക് കാവലിനായി ഒരുപാട് പുരുഷൻമാർ ഉണ്ടെന്ന് വിശ്വസിപ്പിച്ചു. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. തത്ഫലമായി, യഹൂദ ജനത ഭയചകിതരായി പിന്തിരിഞ്ഞു.( സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 472 – 473 )
ഹദ്‌റത്ത് അലിയുടെ (റ) അംർ ബിൻ അബ്ദുൽ വുദ്ദുമായുള്ള ദ്വന്ദ്വയുദ്ധം
ഖലീഫാ തിരുമനസ്സ് പറയുന്നു, ഹദ്‌റത്ത് അലി(റ) അംർ ബിൻ അബ്ദ് വുദ്ദിനെ വധിച്ച സംഭവത്തെ കുറിച്ചുള്ള വിവരണവും ഉണ്ട്. അവിശ്വാസികളായ സൈന്യം മദീനയെ ഉപരോധിച്ചപ്പോൾ, അതിർത്തിയിൽ ഒരു ദുർബലമായ സ്ഥലം കണ്ടെത്താനും ആ പ്രവേശനത്തിലൂടെ കുറച്ച് സൈനികരെ അയയ്ക്കാനും അവർ തീരുമാനിച്ചു. മദീനയിൽ പ്രവേശിച്ച ഇവരിൽ അറേബ്യയിലെ ആയിരം പുരുഷന്മാർക്ക് തുല്യനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ധീരനായ അംർ ബിൻ അബ്ദുൽ വുദ്ദും ഉണ്ടായിരുന്നു. അവൻ മദീനയിൽ പ്രവേശിച്ചപ്പോൾ തന്നോട് യുദ്ധം ചെയ്യാൻ എല്ലാവരെയും വെല്ലുവിളിച്ചു. ഹദ്‌റത്ത് അലി(റ) എഴുന്നേറ്റു യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു, പക്ഷേ നബി(സ) അദ്ദേഹത്തെ തടഞ്ഞു. എന്നാൽ, അംർ ബിൻ അബ്ദുൽ വുദ്ദ് വിളി തുടർന്നു, ഹദ്‌റത്ത് അലി(റ) വീണ്ടും എഴുന്നേറ്റു, നബി(സ) അദ്ദേഹത്തെ തടഞ്ഞില്ല. പകരം ഹദ്‌റത്ത് അലി(റ)ക്ക് തന്‍റെ തലപ്പാവും വാളും നൽകുകയും പ്രാർത്ഥനയോടെ യാത്രയയക്കുകയും ചെയ്തു.
ഖലീഫാ തിരുമനസ്സ് പറയുന്നു, മുഖാമുഖം വന്നപ്പോൾ, ഹദ്‌റത്ത് അലി(റ) അംർ ബിൻ അബ്ദുൽ വുദ്ദിനെ ഇസ്ലാമിൽ ചേരാൻ ക്ഷണിച്ചു, എന്നാൽ അംർ അത് നിരസിച്ചു. അപ്പോൾ ഹദ്‌റത്ത് അലി(റ) യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. അദ്ദേഹത്തിന്‍റെ വംശപരമ്പരയെ കുറിച്ച് മനസ്സിലാക്കിയപ്പോൾ തനിക്ക് ഹദ്‌റത്ത് അലി(റ)യുടെ പിതാവിനെ അറിയാമെന്നും അദ്ദേഹത്തിന്‍റെ രക്തം ചൊരിയാൻ ആഗ്രഹമില്ലെന്നും അതിനാൽ താനുമായി യുദ്ധം ചെയ്യാൻ മറ്റൊരാളെ വിളിക്കണമെന്നും അംറ് ബ്നു അബ്ദ് വുദ്ദ് പറഞ്ഞു. അയാളോട് യുദ്ധം ചെയ്യാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് ഹദ്‌റത്ത് അലി(റ) പറഞ്ഞു, അങ്ങനെ ഒരു പോരാട്ടം നടന്നു, അതിൽ ഹദ്‌റത്ത് അലി(റ) ഒടുവിൽ വിജയിക്കുകയും അംർ ബിൻ അബ്ദുൽ വുദ്ദ്‌നെ വധിക്കുകയും ചെയ്തു. ഇത് കണ്ട് അംറിന്‍റെ സഖാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവർ ഒന്നുകിൽ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു.
ഈ സംഭവത്തെ കുറിച്ചുള്ള വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ലജ്ന ഇമാഇല്ലാഹ്, മജ്‌ലിസ് അൻസാറുല്ലാഹ് വാർഷിക സമ്മേളനം
ഖുത്ബയുടെ അവസാനം ഖലീഫാ തിരുമനസ്സ് അഹ്‌മദിയ്യ ജമാഅത്തിലെ വനിതകളുടെ സംഘടനയായ ലജ്ന ഇമാഇല്ലായുടെയും, വയോജന സംഘടനയായ മജ്ലിസ് അൻസാറുല്ലാടെയും വാർഷിക സമ്മേളനം ആരംഭിക്കുകയാണെന്ന് പറഞ്ഞു. ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് പ്രാർത്ഥനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖലീഫ തിരുമനസ്സ് എല്ലാ പങ്കെടുക്കുന്നവരോടും ഉപദേശിച്ചു. ഈ കൂട്ടായ്മകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കട്ടെ എന്നും എല്ലാ രീതിയിലും ഈ കൂട്ടായ്മ അനുഗ്രഹീതമാകട്ടെ എന്നും ഖലീഫാ തിരുമനസ്സ് പ്രാർഥിക്കുകയുണ്ടായി.
0 Comments