തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ധീരമായ പോരാട്ടങ്ങൾ; ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം

നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്‍റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ധീരമായ പോരാട്ടങ്ങൾ; ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം

നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്‍റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല

ഫെബ്രുവരി 6, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 2 ഫെബ്രുവരി 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിനു ശേഷം ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്‌ (അയ്യദഹു) പറഞ്ഞു; നബിതിരുമേനി(സ) യുടെ അനുചരന്‍മാർ ഉഹുദ് യുദ്ധ വേളയിൽ നബിതിരുമേനിയോട് പ്രകടിപ്പിച്ച സ്നേഹത്തെ കുറിച്ചും അവരുടെ ത്യാഗങ്ങളെ കുറിച്ചും ധീരതയെ കുറിച്ചുമുള്ള സംഭവങ്ങൾ വിവരിച്ചു വരുകയായിരുന്നു. ഇന്നും അത് തുടരുന്നതാണ്.

ഹദ്റത്ത് അലി(റ)ന്‍റെ ധൈര്യം

ഹദ്റത്ത് അലിയുടെ ധൈര്യത്തെ കുറിച്ചുള്ള നിവേദനങ്ങളും ഉണ്ട്. ഇബ്നു ഖമീഅ ഹദ്റത്ത് മുസ്അബിനെ ശഹീദാക്കിയപ്പോൾ പരിശുദ്ധ പ്രവാചകൻ ശഹീദാക്കപ്പെട്ടു എന്ന് അയാൾ കിംവദന്തി പരത്താൻ തുടങ്ങി. മുസ്അബ് ശഹീദാക്കപ്പെട്ടപ്പോൾ നബിതിരുമേനി(സ) ഇസ്‌ലാമിന്‍റെ പതാക ഹദ്റത്ത് അലി(റ)നെ ഏല്‍പ്പിച്ചു. ഹദ്റത്ത് അലി(റ) അവിശ്വാസികളുടെ പതാകവാഹകരെ ഒന്നിനുപിറകെ ഒന്നായി വധിച്ചു. മറ്റു അവിശ്വാസികളെയും അദ്ദേഹം വധിച്ചു. ഹദ്റത്ത് അലി പ്രത്യേക സ്നേഹത്തിന് അര്‍ഹനാണ് എന്ന് ജിബ്‌രീൽ നബിതിരുമേനി(സ) യോട് പറഞ്ഞു. നബിതിരുമേനി(സ) ഇപ്രകാരം മറുപടി പറഞ്ഞു; “അലി എന്നിൽ നിന്നും ഞാൻ അലിയിൽ നിന്നുമാകുന്നു.” അപ്പോൾ ജിബ്‌രീൽ പറഞ്ഞു; “ഞാൻ നിങ്ങൾ രണ്ടുപേരിൽ നിന്നുമാകുന്നു.” 

ഖലീഫാ തിരുമനസ്സ് പറയുന്നു: ഉഹുദ് യുദ്ധത്തിൽ ഹദ്റത്ത് അലി(റ)ന് 16 മുറിവുകൾ പറ്റിയിരുന്നു എന്ന് നിവേദനങ്ങളിൽ വരുന്നുണ്ട്. ഉഹുദിൽ നിന്ന് തിരിച്ചു പോയതിനു ശേഷം ഹദ്റത്ത് അലി പറഞ്ഞു; എന്‍റെ വാൾ ഇന്ന് കഠിനമായി പ്രവര്‍ത്തിച്ചിരിക്കുന്നു”. ഇത് കേട്ടപ്പോൾ നബിതിരുമേനി(സ) പറഞ്ഞു; നിങ്ങളുടെ വാൾ മാത്രമല്ല മറ്റു പലരുടെയും വാളുകൾ ഇന്നത്തെ ദിവസം കഠിനമായി പ്രയത്നിച്ചിരിക്കുന്നു”. ശേഷം നബിതിരുമേനി(സ) ഹദ്റത്ത് അബൂ തല്‍ഹ അന്‍സാരി(റ)നെ പോലെയുള്ള സഹാബാക്കളുടെ പേരുകളും പരാമര്‍ശിച്ചു.

നബിതിരുമേനി(സ)യെ സഹാബാക്കൾ തങ്ങളുടെ ജീവൻ കൊടുത്ത് സംരക്ഷിക്കുന്നു

അബൂ തല്‍ഹ അന്‍സാരി(റ)നെ കുറിച്ച് ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു:

“അബൂ തല്‍ഹാ അൻസാരി(റ) അമ്പെയ്യുന്നതിനിടയിൽ മൂന്ന് തവണ അദേഹത്തിന്‍റെ വില്ല് ഉടഞ്ഞു പോയി എങ്കിലും അദ്ദേഹം ഒരു പാറപോലെ ഉറച്ച് നിന്ന് തന്‍റെ ശരീരം കൊണ്ട് നബിതിരുമേനി(സ) യെ സംരക്ഷിച്ചു.” [1]

ഖലീഫാ തിരുമനസ്സ് പറയുന്നു: ഇതുപോലെ ഹദ്റത്ത് തല്‍ഹ ബിൻ ഉബൈദുല്ലാഹ്(റ)നെ കുറിച്ചും പരാമര്‍ശമുണ്ട്. തിരുനബി(സ)യെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്ന അമ്പുകളെ അദ്ദേഹം തന്‍റെ കൈ കൊണ്ട് തടഞ്ഞുകൊണ്ടിരുന്നു. ഉഹുദ് ദിനത്തിൽ നബിതിരുമേനി(സ) യുടെ അടുത്ത് ഉറച്ചു നിന്നിരുന്ന അനുചരന്മാരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. അദ്ദേഹം തന്‍റെ കൈ കൊണ്ട് നബിതിരുമേനി(സ) യെ ലക്ഷ്യമാക്കി വന്നിരുന്ന അമ്പുകളെ തടഞ്ഞുകൊണ്ടിരിന്നു. അങ്ങനെ ധാരാളം രക്തം വാര്‍ന്നുപോയതിനാൽ അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു. ബോധം വന്ന ഉടനെ അദ്ദേഹം ആദ്യമായി ചോദിച്ചത് നബിതിരുമേനി(സ) സുഖമായിരിക്കുന്നോ എന്നാണ്.

ഒന്നിനു പിറകെ ഒന്നായി അനേകം അമ്പുകൾ ഹദ്റത്ത് തല്‍ഹയുടെ കയ്യിൽ വന്ന് പതിച്ചുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹം തന്‍റെ കൈ അനക്കിയില്ല. കൈക്കേറ്റ അസംഖ്യം പരിക്കുകൾ കാരണത്താൽ ഹദ്റത്ത് തല്‍ഹ(റ)ന്‍റെ കൈ അറ്റുപോയി. പില്‍ക്കാലത്ത് ഒരു വ്യക്തി ഒറ്റക്കയ്യൻ എന്ന് അദ്ദേഹത്തെ പരിഹസിച്ചത് കേട്ട മറ്റൊരു സഹാബി പറഞ്ഞു, അദ്ദേഹം കൈ ഇല്ലാത്തവൻ ആയിരിക്കാം, എന്നാൽ എത്രത്തോളം അനുഗൃഹീതനായ ഒറ്റക്കൈയാനാണ് അദ്ദേഹം. നബിതിരുമേനി(സ)യെ സംരക്ഷിച്ചതിനാലാണ് അദ്ദേഹത്തിന് തന്‍റെ കൈ നഷ്ടമായത്.

ആ സമയത്ത് താങ്കള്‍ക്ക് വേദനിച്ചിരുന്നില്ലേ എന്ന് ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘തീര്‍ച്ചയായും കഠിനമായ വേദനയുണ്ടായിരുന്നു, വേദനയാൽ നിലവിളിക്കണമെന്ന് എനിക്ക് തോന്നി. എന്നാൽ ഞാൻ ഞാൻ എന്തെങ്കിലും രീതിയിൽ അനങ്ങിപോയാൽ എന്‍റെ കൈ അനങ്ങുകയും നബിതിരുമേനി(സ)ക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭയത്താൽ ഞാൻ അനങ്ങാതെ നിന്നു.

ഹദ്റത്ത് സഅദ് ബിൻ അബി വഖാസ്(റ)ന്‍റെ ഉറച്ച കാലടികൾ

അപാരമായ ധൈര്യവും സ്ഥൈര്യവും പ്രകടിപ്പിച്ച അനുചരന്മാരിൽ ഒരാൾ ഹദ്റത്ത് സഅദ് ബിൻ അബി വഖാസും(റ) ഉണ്ടായിരുന്നു. ഹദ്റത്ത് സഅദ്(റ)  നബിതിരുമേനി(സ)യുടെ മുന്നിൽ നിന്ന് അമ്പുകൾ എയ്തുകൊണ്ടിരുന്നു. ഓരോ അമ്പ് എയ്യുന്നതിനു മുന്‍പും ഇത് ലക്ഷ്യത്തിൽ എത്തേണമേ എന്നദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സഅദ്(റ)ന്‍റെ അമ്പുകൾ ലക്ഷ്യത്തിലെത്താൻ വേണ്ടി നബിതിരുമേനി(സ)യും ദൈവത്തോട് ദുആ ചെയ്തുകൊണ്ടിരുന്നു. ഉഹുദ് ദിവസം ഹദ്റത്ത് സഅദ്(റ) 1000 അമ്പുകൾ എയ്തിരുന്നു എന്ന് നിവേദനങ്ങളിൽ വരുന്നു.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു:

“നബിതിരുമേനി(സ) ഹദ്റത്ത് സഅദിന് അമ്പുകൾ എടുത്ത് കൊടുക്കുകയായിരുന്നു. അദ്ദേഹം ഒന്നിന്പിറകെ ഒന്നായി അമ്പുകൾ എയ്തുകൊണ്ടിരുന്നു. ഒരവസരത്തിൽ നബിതിരുമേനി(സ) ഹദ്റത്ത് സഅദിനോട് പറഞ്ഞു: ‘അല്ലയോ സഅദ്, എന്‍റെ മാതാപിതാക്കൾ നിന്‍റെ മേൽ തെണ്ടമാകട്ടെ, നീ അമ്പുകൾ പായിച്ചുക്കൊണ്ടിരിക്കുക.’ തന്‍റെ ജീവിതത്തിന്‍റെ അവസാന ഘട്ടം വരെയും ഹദ്റത്ത് സഅദ് നബിതിരുമേനി(സ) യുടെ ഈ വാക്കുകൾ വളരെ അഭിമാനത്തോടെ ഓര്‍ക്കുമായിരുന്നു.” [2]

ഹദ്റത്ത് അബു ദജാന(റ) നബിതിരുമേനി(സ)യെ സംരക്ഷിക്കുന്നു

ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ്‌(റ) എഴുതിയത് ഉദ്ധരിക്കുന്നു: പറയുന്നു:

“ഹദ്റത്ത് അബു ദജാന നബിതിരുമേനി(സ)യെ തന്‍റെ ശരീരം പരിചയാക്കി വളരെനേരം സംരക്ഷിച്ചുകൊണ്ടിരുന്നു. നബിതിരുമേനി(സ)യെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്ന ഓരോ അമ്പും ഓരോ കല്ലും അദ്ദേഹം സ്വന്തം ശരീരം കൊണ്ട് തടഞ്ഞുകൊണ്ടിരുന്നു. എത്രത്തോളമെന്നാൽ അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ ഏകദേശം എല്ലാ ഭാഗത്തും അമ്പുകൾ തുളഞ്ഞുകയറി, എന്നാൽ നബിതിരുമേനി(സ)ക്ക് ഒരു അമ്പ് പോലും ഏൽക്കരുത് എന്നതിനാൽ അദ്ദേഹം ഒരു ദീര്‍ഘനിശ്വാസത്തിന് പോലും മുതിര്‍ന്നില്ല.” [3]

നബിതിരുമേനി(സ)ക്ക് വേണ്ടി അമ്പുകൾ എയ്ത ഹദ്റത്ത് സഹ്ൽ ബിൻ ഹുനൈഫ്

ഖലീഫാ തിരുമനസ്സ് പറയുന്നു: ഉഹുദ് ദിനത്തിൽ സ്ഥൈര്യത്തോടെ നിലകൊണ്ട അനുചരന്മാരിൽ ഹദ്റത്ത് സഹ്ൽ ബിൻ ഹുനൈഫും ഉണ്ടായിരുന്നു. അദ്ദേഹം നബിതിരുമേനി(സ)ക്ക് വേണ്ടി അമ്പുകൾ എയ്തുകൊണ്ടിരുന്നു. നബിതിരുമേനി(സ) അദ്ദേഹത്തിന് അമ്പുകൾ എടുത്ത് നല്‍കികൊണ്ടിരുന്നു.

നബിതിരുമേനി(സ)യിൽ നിന്ന്‍ ശത്രുക്കളെ അകറ്റിയ ഹദ്റത്ത് ഉമ്മെ അമ്മാറ

ഉഹുദ് ദിനത്തിൽ ശത്രുക്കള്‍ക്കെതിരിൽ ധീരമായി പൊരുതിയ ഒരു സഹാബിയയെ കുറിച്ചുള്ള പരാമര്‍ശവും ലഭിക്കുന്നുണ്ട്. യുദ്ധത്തിനിടയിൽ താൻ ഇടത്തും വലത്തും നോക്കിയപ്പോഴെല്ലാം അവിടെയെല്ലാം ഹദ്റത്ത് ഉമ്മെ അമ്മാറയെ കണ്ടു എന്ന്  നബിതിരുമേനി(സ) അവരെ കുറിച്ച് പറയുന്നു.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു:

“നബിതിരുമേനി(സ)യെ സംരക്ഷിക്കാനായി യുദ്ധം ചെയ്ത ഉമ്മെ അമ്മാറ എന്ന ഒരു സഹാബിയയും ഉണ്ടായിരുന്നു. അബ്ദുല്ലാഹ് ഇബ്നു ഖമീഅ നബിതിരുമേനി(സ)യെ ആക്രമിക്കാനായി തുനിഞ്ഞപ്പോൾ ഈ മുസ്‌ലിം വനിത പൊടുന്നനെ അയാളുടെ മുന്നിലേക്ക് വന്ന് തിരുനബിക്ക് എതിരെ വെട്ടിയ വെട്ട് തന്‍റെ ദേഹത്തിൽ ഏറ്റുവാങ്ങി. തുടര്‍ന്ന് അവർ തന്‍റെ വാൾ മുറുകെ പിടിച്ച് ഉന്നം വെച്ച് അയാളെ തിരിച്ചാക്രമിച്ചു. അയാൾ രണ്ട് പടച്ചട്ട അണിഞ്ഞിരുന്നു. ഇവരാകട്ടെ ഒരു ദുര്‍ബലയായ സ്ത്രീയും. അതിനാൽ ആ ആക്രമണം ലക്ഷ്യം കണ്ടില്ല. ഇബ്നു ഖമീഅ മുസ്‌ലിം സൈന്യത്തെ ഭേദിച്ച് മുന്നോട്ടാഞ്ഞു. സഹാബാക്കൾ അയാളെ തടയുനതിനു മുന്‍പ് അയാൾ നബിതിരുമേനി(സ)യുടെ അടുക്കൽ എത്തി. അയാൾ അവിടെ എത്തിയതും അയാൾ നബിതിരുമേനി(സ)യുടെ പരിശുദ്ധ ശരീരത്തിനു മേൽ ആഞ്ഞു വെട്ടി. ഇത് കണ്ട സഹാബാക്കളുടെ ഹൃദയം ഞെട്ടിവിറച്ചു. അപ്പോൾ ധീരനായ തല്‍ഹ നബിതിരുമേനിയുടെ മുന്നിലേക്ക് ചാടിവീണ് ആ വെട്ടിനെ തന്‍റെ നഗ്നമായ കൈകളിൽ ഏറ്റുവാങ്ങി. ഇബ്നു ഖമീഅയുടെ വാൾ തല്‍ഹയുടെ കൈകളെ മുറിപ്പെടുത്തിക്കൊണ്ട് നബിതിരുമേനി(സ)യുടെ ഒരുഭാഗത്ത് പതിച്ചു. അല്ലാഹുവിന്‍റെ അനുഗ്രഹത്താലും നബിതിരുമേനി(സ) രണ്ട് പടച്ചട്ട അണിഞ്ഞിരുന്നതിനാലും തല്‍ഹ(റ)ന്‍റെ ധീരമായ ഇടപെടൽ കാരണം ആക്രമണത്തിന്‍റെ ശക്തി കുറഞ്ഞതിനാലും നബിതിരുമേനി(സ) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷെ, ഈ ആക്രമണം ഉണ്ടാക്കിയ ഞെട്ടലിൽ നബിതിരുമേനി(സ) തലചുറ്റി താഴെ വീണു. ഇബ്നു ഖമീഅ സന്തോഷത്താൽ ഞാൻ മുഹമ്മദ്‌(സ)നെ വധിച്ചിരിക്കുന്നു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു.

നബിതിരുമേനി(സ)യെ ആക്രമിച്ചതിനു ശേഷം ഇബ്നു ഖമീഅ താൻ നബിതിരുമേനി(സ)യെ വധിച്ചു എന്ന മിഥ്യാ ധാരണയിൽ താൻ നബിതിരുമേനി(സ)യെ വധിച്ചെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തിരിച്ചുപോയി. നബിതിരുമേനി(സ) നിലത്ത് വീണതും ഹദ്റത്ത് അലി(റ)വും ഹദ്റത്ത് തല്‍ഹ(റ)വും ചേര്‍ന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. നബിതിരുമേനി(സ) സുരക്ഷിതനാണെന്നും ശഹീദാക്കപ്പെട്ടിട്ടില്ല എന്നും അറിഞ്ഞപ്പോൾ സഹാബാക്കളുടെ മുഖം തെളിയുകയും സന്തോഷിത്താൽ പ്രകാശിക്കുകയും ചെയ്തു. ഈ സമയത്ത് യുദ്ധത്തിന്‍റെ തീവ്രത കുറഞ്ഞിരുന്നു. എന്തെന്നാൽ നബിതിരുമേനി(സ) ശഹീദാക്കപ്പെട്ടു എന്ന് കരുതി അവിശ്വാസികൾ തങ്ങളുടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങല്‍ക്കരികിലേക്ക് നീങ്ങി. കുറച്ചു പേർ ശഹീദാക്കപ്പെട്ട മുസ്‌ലിങ്ങളുടെ ശരീരങ്ങൾ വികൃതമാക്കുന്നതിൽ മുഴുകി. മുസ്‌ലിം പക്ഷത്ത് ഭൂരിപക്ഷം സഹാബാക്കളും ചിതറി പോയിരുന്നു.” [4]

ഞങ്ങള്‍ക്ക് രക്ഷകനായി അല്ലാഹുവുണ്ട്, നിങ്ങള്‍ക്ക് രക്ഷകനായി ആരും തന്നെയില്ല

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു:

“മുസ്‌ലിങ്ങൾ മുറിവേറ്റവരെ ശുശ്രൂഷിച്ച്കൊണ്ടിരിക്കുന്ന വേളയിൽ, മറുഭാഗത്ത്, യുദ്ധമൈതാനത്ത് മക്കാ ഖുറൈശികൾ ക്രൂരമായ രീതിയിൽ മുസ്‌ലിം രക്തസാക്ഷികളുടെ ശരീരത്തെ വികൃതമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. മക്കയിലെ രക്തദാഹികളായ നികൃഷ്ടർ കിരാത അനാചാരമായിരുന്ന മുസ്‌ല(മൃതദേഹം വികൃതമാക്കുന്ന അനാചാരം) അതിക്രൂരമായി ചെയ്തുകൊണ്ടിരുന്നു. അവരുടെ ഇഷ്ടമനുസരിച്ച് അവർ പലതും ചെയ്തുകൊണ്ടിരുന്നു. ഖുറൈശികളുടെ സ്ത്രീകൾ മുസ്‌ലിം ശുഹദാക്കളുടെ മൂക്കുകളും കാതുകളും ചെത്തിയെടുത്ത് ഹാരമായി അണിഞ്ഞു. അബു സുഫിയാന്‍റെ ഭാര്യ ഹിന്ദ്‌ ഹദ്റത്ത് ഹംസ(റ)ന്‍റെ കരൾ മുറിച്ചെടുത്ത് ചവച്ചു. വില്ല്യം മൂർ പറയുന്നു: ‘മൃതദേഹങ്ങളെ തീര്‍ത്തും കിരാതമായ നിലയിൽ വികൃതമാക്കി’.

മക്കാ നേതാക്കന്‍മാർ നബിതിരുമേനി(സ)യുടെ മൃതദേഹത്തിനായി യുദ്ധമൈതാനത്ത് വളരെ  നേരം കഠിനമായി തിരച്ചിൽ നടത്തി. ആ കാഴ്ചക്ക് വേണ്ടി അവരുടെ കണ്ണുകൾ ആര്‍ത്തിയോടെ പരതികൊണ്ടിരുന്നു. എന്നാൽ അവര്‍ക്കത് കാണാൻ കഴിഞ്ഞില്ല, കാണുക അസാധ്യവുമായിരുന്നു. ഈ തിരച്ചലിൽ അബൂ സുഫിയാന് പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ തന്‍റെ ചില കൂട്ടാളികളെയും കൂട്ടി മലയിടുക്കിലേക്ക് നീങ്ങി. അതിന്‍റെ അടുത്ത് തന്നെ മുസ്‌ലിങ്ങളും ഉണ്ടായിരുന്നു. അവിടെ നിന്ന് അയാൾ വിളിച്ചു ചോദിച്ചു: ‘അല്ലയോ മുസ്‌ലിങ്ങളെ, നിങ്ങള്‍ക്കിടയിൽ മുഹമ്മദ്‌ ഉണ്ടോ.?’ നബിതിരുമേനി(സ) സഹാബാക്കളെ മറുപടി പറയുന്നതിൽ നിന്നും വിലക്കി. അതിനു ശേഷം അബൂസുഫിയാൻ അബൂബക്കറിനെ കുറിച്ചും ഉമറിനെ കുറിച്ചും അന്വേഷിച്ചു. നബിതിരുമേനി(സ) പറഞ്ഞതനുസരിച്ച് ആരും തന്നെ മറുപടി പറഞ്ഞില്ല. ഇത്രയുമായപ്പോൾ അബു സുഫിയാൻ അഹങ്കാരത്തോടെ ഉറക്കെ വിളിച്ച് പറഞ്ഞു; ‘ഇവരെല്ലാം തന്നെ മരിച്ചിരിക്കുന്നു. അവർ ജീവനോടെ ഉണ്ടെങ്കിൽ തീര്‍ച്ചയായും അവർ മറുപടി പറയുമായിരുന്നു.’ ഇത് കേട്ടപ്പോൾ ഹദ്റത്ത് ഉമറിന് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം മറുപടി പറഞ്ഞു; ‘ഏ….അല്ലാഹുവിന്‍റെ ശത്രു, നീ കളവാണ് പറയുന്നത്. ഞങ്ങൾ എല്ലാവരും ജീവനോടെ തന്നെ ഉണ്ട്.  ഞങ്ങളുടെ കരങ്ങളാൽ അല്ലാഹു നിന്നെ അപമാനിക്കുന്നതാണ്.’

ഹദ്റത്ത് ഉമർ(റ)ന്‍റെ ശബ്ദം തിരിച്ചറിഞ്ഞ അബൂസുഫിയാൻ ചോദിച്ചു; ‘ഉമർ, സത്യം പറയുക, മുഹമ്മദ്(സ) നിങ്ങളിൽ ജീവനോടെയുണ്ടോ.?’ ‘തീര്‍ച്ചയായും തീര്‍ച്ചയായും’ ഹദ്റത്ത് ഉമർ പറഞ്ഞു; ‘അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അദ്ദേഹം ജീവനോടെയുണ്ട്, നിങ്ങൾ പറയുന്നതെല്ലാം കേള്‍ക്കുന്നുമുണ്ട്.’ അപ്പോൾ അബൂസുഫിയാൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു; ‘അങ്ങനെയെങ്കിൽ ഇബ്നു ഖമീഅ കളവാണ് പറഞ്ഞത്, എന്തെന്നാൽ ഞാൻ നിങ്ങളെ അയാളേക്കാൾ സത്യവനായി കണക്കാക്കുന്നു.’ അതിനു ശേഷം അബൂസുഫിയാൻ ഉറക്കെ വിളിച്ചു പറഞ്ഞു; അല്ലയോ ഹുബ്ല്‍ നിന്‍റെ നാമം മഹത്തായതാകുന്നു.’ നബിതിരുമേനി(സ) നേരത്തെ പറഞ്ഞതനുസരിച്ച് സഹാബാക്കൾ മറുപടി പറയാതെ നിശബ്ദരായിരുന്നു. തന്‍റെ പേര് വന്നപ്പോൾ നിശബ്ദരാകാൻ കല്‍പിച്ച നബിതിരുമേനി(സ) സര്‍വ്വശക്തനായ ദൈവത്തിന്‍റെ നാമത്തിനു പകരമായി ഒരു ബിംബത്തിന്‍റെ പേര് മഹത്വവല്‍ക്കരിച്ചത് കേട്ടപ്പോൾ അസ്വസ്ഥനായി, എന്ത്കൊണ്ട് നിങ്ങൾ മറുപടി പറയുന്നില്ല എന്ന് സഹാബാക്കളോട് ചോദിച്ചു. ഞങ്ങൾ എന്താണ് മറുപടി പറയേണ്ടത് അല്ലാഹുവിന്‍റെ ദൂതരെ എന്ന് അവർ ചോദിച്ചു. നബിതിരുമേനി പറഞ്ഞു; ‘മഹത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കെട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്‍റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല.

ഇതിനു ശേഷം അബൂസുഫിയാൻ പറഞ്ഞു: ‘യുദ്ധം ഒരു തൊട്ടി പോലെയാണ്. അത് ഉയരുകയും താഴുകയും ചെയ്യും. ഈ ദിവസം ബദ്റിനുള്ള മറുപടിയാണ്. യുദ്ധമൈതാനത്ത് ചില മൃതശരീരങ്ങൾ വികൃതമക്കപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം. അപ്രകാരം ചെയ്യാൻ ഞാൻ കല്പിച്ചിട്ടില്ല എങ്കിലും ഞാൻ അതിനെ തെറ്റായി കാണുന്നുമില്ല. അടുത്ത വര്‍ഷം ഇതേ ദിവസങ്ങളിൽ നമുക്ക് ബദ്റിൽ കാണാം.’ നബിതിരുമേനി(സ) പറഞ്ഞതനുസരിച്ച് ഒരു സഹാബി ഇപ്രകാരം മറുപടി പറഞ്ഞു; ‘വളരെ നല്ലത്, നമുക്ക് വീണ്ടും സന്ധിക്കാം.’

ഇതിനു ശേഷം അബൂസുഫിയാൻ തന്‍റെ കൂട്ടാളികളോടോത്ത് മലയിറങ്ങി, ഉടനേ തന്നെ മക്കയിലേക്ക് തിരിച്ചു. ഖുറൈശികള്‍ക്ക് മുസ്‌ലിങ്ങള്‍ക്ക് മേൽ വിജയം ലഭിച്ചിരുന്നു എങ്കിലും, ഈ അവസരത്തിൽ അവർ ആഗ്രഹിക്കുകയാണെങ്കിൽ അവര്‍ക്ക് മദീനയെ ആക്രമിച്ച് കീഴടക്കാനുള്ള അവസരം ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ. പക്ഷെ അല്ലാഹുവിന്‍റെ ശക്തി എത്രത്തോളമായിരുന്നു എന്നാൽ, ഖുറൈശികളുടെ മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു. ഉഹുദിൽ ലഭിച്ച വിജയം തന്നെ ഭാഗ്യമാണെന്ന് കരുതി, അവർ മക്കയിലേക്ക് അതിവേഗം തിരിക്കുകയാണ് ബുദ്ധി എന്ന് കരുതി. എന്നിരുനാലും ഒരു മുന്‍കരുതൽ എന്ന നിലയിൽ നബിതിരുമേനി(സ) ഹദ്റത്ത് അബൂബക്കറും ഹദ്റത്ത് സുബൈറും അടങ്ങുന്ന എഴുപത് സഹാബാക്കളുടെ ഒരു സംഘത്തെ ഖുറൈശി സൈന്യത്തെ പിന്തുടരാൻ അയച്ചു.” [5]

ഇന്‍ശാ അല്ലാഹ് ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തുടര്‍ന്ന് ലോകത്തിന്‍റെ അവസ്ഥയെ പരിഗണിച്ച് പ്രാര്‍ത്ഥനക്ക് ആഹ്വാനം ചെയ്തു.

ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം

ഖലീഫാ തിരുമനസ്സ് വീണ്ടും ഫലസ്തീൻ നിവാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനക്കായി അഭ്യര്‍ഥിച്ചു. ഗസ്സയിൽ യുദ്ധം നിര്‍ത്തലാക്കുന്നതിനായി ചില പരിശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ചിലപ്പോൾ ഇസ്രായേൽ സര്‍ക്കാർ അതിനെ അംഗീകരിച്ചേക്കാം. ലെബനാൻ അതിര്‍ത്തിയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും വര്‍ധിച്ച് വരുന്നുണ്ട്. ഇത് വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീനികളെ ബാധിക്കുന്നതാണ്. പാശ്ചാത്യ ഭരണകൂടങ്ങളിൽ നീതിയുടെ യാതൊരു അടയാളവും കാണാൻ സാധിക്കുന്നില്ല. അനീതി അതിന്‍റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു എന്ന് പാശ്ചാത്യ എഴുത്തുകാർ പ്രത്യക്ഷ്യമായി തന്നെ എഴുതാൻ തുടങ്ങിയിരിക്കുന്നു. ആയുധക്കച്ചവടത്തിലൂടെ തങ്ങളുടെ വരുമാനം വര്‍ധിപ്പിച്ച് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി മാത്രമാണ് യുഎസ് പ്രസിഡണ്ട് ഈ യുദ്ധത്തെ പിന്താങ്ങുന്നത്. ആയുധക്കച്ചവടത്തിലൂടെ തങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താൻ വേണ്ടി മാത്രമാണ് യുഎസ് ഈ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത് എന്ന് അവരുടെ തന്നെ ഒരു ചിന്തകൻ പറഞ്ഞിരിക്കുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ അവര്‍ക്ക് കഴിയില്ല എന്നവർ മനസ്സിലാക്കുന്നില്ല. പ്രാര്‍ത്ഥനകളിലൂടെയും തങ്ങളുടെ ബന്ധങ്ങളെ ഉപയോഗിച്ചും അഹ്‌മദികൾ തങ്ങളുടെ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. {ഗസ്സയിലേക്ക്} സഹായം എത്തിക്കുന്ന ഒരു യുഎൻ ഏജന്‍സിക്ക് യുഎസും യുകെയും ധനസഹായം നല്‍കുന്നത് നിര്‍ത്തി എന്ന് ഈ അടുത്ത് വാര്‍ത്ത വന്നിരുന്നു. ഈ ഏജന്‍സിയിൽ ഹമാസിന്‍റെ പതിനൊന്നോ പന്ത്രണ്ടോ പേര് ഉണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് അവർ ഫലസ്തീനികളെ സഹായിക്കുന്നത് നിര്‍ത്തിയത്. ഇത് ഫലസ്തീനികളെ പ്രയാസത്തിൽ അകപ്പെടുത്തുക എന്നതിനുള്ള അവരുടെ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. പാശ്ചാത്യ ലോകം സഹായം നിര്‍ത്തി എങ്കിൽ എണ്ണയുടെ സമ്പത്തുള്ള രാജ്യങ്ങൾ തങ്ങൾ സഹായം വാഗ്ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിക്കാത്തതാണ് സംഭ്രമിപ്പിക്കുന്ന കാര്യം. തങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചില്ല എങ്കിൽ ഫെബ്രുവരി മാസത്തിന് ശേഷം സഹായം എത്തിക്കാൻ തങ്ങള്‍ക്ക് കഴിയില്ല എന്ന് യുഎൻ ഏജന്‍സി പറഞ്ഞു കഴിഞ്ഞു. മുസ്‌ലിം ലോകത്തിൻ തങ്ങളുടെ പങ്ക് നിര്‍വഹിക്കാൻ കഴിയട്ടെ, അപ്രകാരം ലോകത്തെ കുഴപ്പങ്ങൾ അവസാനിക്കുമാറാകട്ടെ. ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിന്‍റെ സാധ്യതകളും അധികരിച്ചിരിക്കുന്നു.

ഖലീഫാ തിരുമനസ്സ് യമനിലെ അഹ്‌മദികൾക്ക് വേണ്ടിയും ദുആ ചെയ്യാൻ ആഹ്വാനം ചെയ്തു. ഒരു അഹ്‌മദി തടവിൽ വച്ച് ശരിയായ ചികിത്സ ലഭ്യമാകാത്തതിനാൽ തടവിൽ വച്ച് തന്നെ മരണപ്പെടുകയുണ്ടായി. അദ്ദേഹത്തെ കുറിച്ചുള്ള വിശദീകരണങ്ങൾ ലഭിക്കുക പ്രയാസമാണ്. എന്തായാലും ദുആ ചെയ്യുക. വഫാത്തായ വ്യക്തിയെ കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ ജനാസ ഗായിബ് നമസ്കരിക്കുന്നതാണ്.

അതുപോലെ പാകിസ്ഥാനിലെ അഹ്‌മദികൾക്ക് വേണ്ടിയും ദുആ ചെയ്യുക. രാഷ്ട്രീയ ലാഭത്തിനു വേണ്ടി അഹ്‌മദികൾ കരുവാക്കപ്പെടുകയാണ്. തീവ്രവാദികളിൽ നിന്നും ജമാഅത്ത് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു പൗരൻ എന്ന നിലയിലും അഹ്‌മദി എന്ന നിലയിലും അഹ്‌മദികൾ ഇരട്ട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. റബ്‌വയിലെ അഹ്‌മദികൾക്ക് വേണ്ടിയും രാജ്യത്തെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്ന അഹ്‌മദികൾക്ക് വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു അവരെ സംരക്ഷിക്കുമാറാകട്ടെ. അല്ലാഹു ദ്രോഹം ചെയ്യുന്നവരുടെ നേരെ തന്നെ അവരുടെ ദ്രോഹം തിരിക്കട്ടെ. എല്ലാ രാജ്യത്തുമുള്ള അഹ്‌മദികളെയും അല്ലാഹു സംരക്ഷിക്കുമാറാകട്ടെ.

സര്‍വ്വശക്തനായ അല്ലാഹുവിലേക്ക് തിരിയുക എന്നതല്ലാതെ മറ്റൊരു വഴിയും ഇല്ല എന്ന് ലോകം മനസ്സിലാക്കുമാറാകട്ടെ. അല്ലാഹുവിനെയും അവൻ അയച്ചവരെയും തിരിച്ചറിയുക എന്നതുമാത്രമാണ് അവരുടെ നിലനില്‍പ്പിനുള്ള ഏക വഴി. അല്ലാഹു ഇവര്‍ക്ക് അപ്രകാരം ചെയ്യാനുള്ള തൗഫീഖ് നല്‍കുമാറാകട്ടെ.     

[1]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 338

[2]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 338

[3]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 338

[4]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 339-340

[5]സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 342-344

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed