അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ്(അയ്യദഹുല്ലാഹ്)4 ഒക്ടോബര് 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: AL-Fazl International Urdu
വിവര്ത്തനം: സി എന് താഹിര് അഹ്മദ്
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം, തിരുനബി(സ)യുടെ ജീവചരിത്രസംബന്ധമായി അഹ്സാബ് യുദ്ധത്തെക്കുറിച്ചുള്ള വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്സാ മസ്റൂർ അഹ്മദ്(അ) പറയുകയുണ്ടായി.
അഹ്സാബ് യുദ്ധത്തെക്കുറിച്ചായിരുന്നു വിവരിച്ചു കൊണ്ടിരുന്നത്. കിടങ്ങ് മറികടന്നിട്ടും അവിശ്വാസികൾക്ക് വിജയം നേടാൻ സാധിച്ചില്ല. അവർക്ക് വലിയ അപമാനം നേരിടേണ്ടി വന്നു. തുടർന്ന് അവർ എല്ലാവരും ഒരുമിച്ച് രാവിലെ ആക്രമണം നടത്താം എന്ന തീരുമാനത്തിലെത്തി. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ എല്ലാവരും കൂടി കിടങ്ങ് വളയുകയും കിടങ്ങ് മറികടക്കുന്നതോടൊപ്പം തന്നെ അമ്പുകൊണ്ടുള്ള ആക്രമണവും ആരംഭിച്ചു. അവിശ്വാസികൾ മുസ്ലിംങ്ങളിൽ നിന്നും ഉണ്ടാകുന്ന ഏതെങ്കിലും അശ്രദ്ധക്കായി കാത്തിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങളും പരിശ്രമങ്ങളും ഓരോ ഇടവേളകളിലായി നടന്നുകൊണ്ടിരുന്നു. ഈ അവസരത്തിൽ വഹശി ബിൻ ഹറബ്, തുഫൈൽ ബിൻ മാലിക്കിനെ കുന്തം കൊണ്ട് ആക്രമിച്ച് ശഹീദാക്കി. ഹദ്റത്ത് സഅദ് ബിൻ മആദിനും അമ്പേൽക്കുകയും മുറിവ് ഉണ്ടാവുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ മുറിവ് കാരണം അദ്ദേഹം ശഹാദത്ത് വരിച്ചു.
ഈ അവസരത്തിൽ തന്നെയായിരുന്നു ശക്തമായ ആക്രമണങ്ങൾ കാരണം മുസ്ലിങ്ങൾക്ക് നമസ്കാരം കൃത്യസമയത്ത് അനുഷ്ഠിക്കാൻ പ്രയാസകരമായത്. ആ സമയങ്ങളിൽ മുസ്ലീങ്ങൾ നമസ്കാരം അനുഷ്ഠിച്ചിരുന്നുവെങ്കിലും തുടർച്ചയായ ഭയത്തിന്റെയും പ്രയാസത്തിന്റെയും അവസ്ഥയിലാണ് നമസ്കാരം അനുഷ്ഠിച്ചു കൊണ്ടിരുന്നത്. ശക്തമായ ആക്രമണങ്ങൾ കാരണത്താൽ അസർ നമസ്കാരം അവസാന സമയത്താണ് അനുഷ്ഠിച്ചത്
ഹദ്റത്ത് മിർസാ ബഷീർ സാഹിബ് പറയുന്നു, ആ സമയം വരെ സ്വലാത്തെ ഖൗഫ്(ഭയത്തിന്റെ അവസ്ഥയിൽ ഉള്ള നമസ്കാരം) ആരംഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തുടർച്ചയായിട്ടുള്ള ആക്രമണങ്ങൾ കാരണത്താൽ ഒരിക്കൽ അസർ നമസ്കാരം കൃത്യസമയത്ത് അനുഷ്ഠിക്കാൻ സാധിക്കാതെ, മഗ്രിബിനൊപ്പം അനുഷ്ഠിക്കേണ്ടതായി വന്നു. ചില നിവേദനങ്ങൾ അനുസരിച്ച് ളുഹർ അസർ നമസ്കാരങ്ങൾ കൃത്യസമയത്ത് അനുഷ്ഠിക്കാൻ സാധിച്ചില്ല എന്നും നിവേദനങ്ങളുണ്ട്.
നമസ്കാരങ്ങൾ കൃത്യസമയത്ത് അനുഷ്ഠിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് മുസ്ലിഹ് മൗഊദ്(റ) പറയുന്നു: നബി(സ)ക്ക് ഇതിൽ എത്രമാത്രം പ്രയാസം ഉണ്ടായെന്നാൽ അവിടുന്ന് പ്രാർഥിക്കുകയുണ്ടായി, അല്ലാഹുവേ അവിശ്വാസികളെ നീ ശിക്ഷിക്കേണമേ, അവർ ഞങ്ങളുടെ നമസ്കാരം നഷ്ടപ്പെടുത്തി കളഞ്ഞിരിക്കുന്നു.
ഈ സംഭവത്തിൽ നിന്നും നബി(സ)യുടെ ഒരു സ്വഭാവഗുണം പ്രകടമാകുന്നത്, അവിടന്ന് ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവത്തോടുള്ള ആരാധനയായിരുന്നു എന്നാണ്.
നീതിമാനായ വിധികർത്താവായി അവതരിച്ച ഹദ്റത്ത് മസീഹ് മൗഊദ്(അ) എല്ലാ നമസ്കാരങ്ങളും രാത്രിയാണ് അനുഷ്ഠിച്ചത് എന്ന് പറയുന്ന എല്ലാ നിവേദനങ്ങളെയും തെറ്റായിട്ടാണ് പരിഗണിച്ചിട്ടുള്ളത്. ഒരു വിശ്വാസയോഗ്യമായ ഹദീസിലും നാല് നമസ്കാരങ്ങൾ ഒരുമിച്ച് അനുഷ്ഠിച്ചതായിട്ടുള്ള നിവേദനമില്ല.
സ്വഹീഹ് ബുഖാരിയുടെ വ്യഖ്യാനമായ ഫതഹുൽ ബാരിയിൽ പറയുന്നു, അസർ നമസ്കാരം മാത്രം സാധാരണ അനുഷ്ഠിക്കുന്ന സമയത്തിൽ നിന്നും മാറി നമസ്കരിക്കപ്പെട്ടു എന്നുള്ളത് മാത്രമാണ് സംഭവിച്ചിരുന്നത്.
ഹദ്റത്ത് ജാബിർ ബിൻ അബ്ദുല്ലാഹ് നിവേദനം ചെയ്യുന്നു: നബി(സ) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ളുഹർ അസർ നമസ്കാരങ്ങൾക്കിടയിൽ വരികയും ഒരു പുതപ്പ് ധരിച്ച് കൈകൾ ഉയർത്തിക്കൊണ്ട് അഹ്സാബ് കാർക്കെതിരിൽ ശാപ പ്രാർഥന നടത്തുകയും ചെയ്തു. ജാബിർ പറയുന്നു, ഞങ്ങൾ പ്രവാചകന്റെ മുഖത്തുള്ള സന്തോഷം തിരിച്ചറിഞ്ഞു. മറ്റൊരു നിവേദനത്തിൽ അവിടുന്ന് പറയുന്നു, നിങ്ങൾ ശത്രുക്കളോട് യുദ്ധം ചെയ്യാൻ ആഗ്രഹിക്കാതിരിക്കുക, അല്ലാഹുവിൽ നിന്നും സൗഖ്യം തേടുക. ഇനി ശത്രുക്കളുമായി ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ സഹനം കൈക്കൊള്ളുകയും വാൾ ചുവട്ടിലാണ് സ്വർഗം എന്ന് മനസ്സിലാക്കുകയും ചെയ്യുക.
അവിടന്ന് ഇപ്രകാരം പ്രാർഥിച്ചു: അല്ലാഹുവേ, ഗ്രന്ഥം നൽകിയവനേ, ഏറ്റവും വേഗത്തിൽ കണക്കെടുക്കുന്നവനേ, നീ ആ സൈന്യത്തിന് പരാജയം നൽകിയാലും. അല്ലാഹുവേ, അവർക്ക് പരാജയം നൽകി അവർക്കെതിരിൽ ഞങ്ങളെ സഹായിച്ചാലും. യുദ്ധം അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു. മക്കക്കാരും, അവരുമായി സന്ധി ചേർന്നിരുന്ന ഗോത്രക്കാരും നിരന്തരമായിട്ടുള്ള യുദ്ധത്തെ തുടർന്ന് അവശരായിരുന്നു. പെട്ടെന്ന് തന്നെ ആക്രമണം നടത്തി മുസ്ലിങ്ങളെ ഇല്ലാതാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അവിശ്വാസികളുടെ നേതാക്കന്മാർ യുദ്ധ പദ്ധതികൾ തയ്യാറാക്കുമ്പോൾ മറുഭാഗത്ത് അല്ലാഹു അവരുടെ പദ്ധതികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
ഹദ്റത്ത് മിർസാ ബഷീർ അഹമദ്(റ) പറയുന്നു, ഗത്ഫാൻ ഗ്രോത്രത്തിന്റെ ശാഖയായ അഷ്ജഅ ഗോത്രത്തിൽ പെട്ട നുഅയിം ബിൻ മസ്ഊദ് എന്ന വ്യക്തി മുസ്ലിങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നെങ്കിലും, ഹൃദയം കൊണ്ട് ഇസ്ലാം സ്വീകരിച്ചിരുന്നു. അവിശ്വാസികൾക്ക് അതിനെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം മദീനയിൽ എത്തി ബനു ഖുറൈള ഗോത്രത്തെ കണ്ടു. അദ്ദേഹത്തിന് ഗോത്ര നേതാക്കളുമായിട്ടുള്ള മുൻപരിചയം ഉണ്ടായിരുന്നു. ബനൂ ഖുറൈള ഗോത്രത്തിലെ നേതാക്കന്മാരോട് പറഞ്ഞു, നിങ്ങൾ മുഹമ്മദ്(സ)യോട് വഞ്ചന കാണിച്ച് ഖുറൈശ്, ഗത്ഫാൻ ഗോത്രങ്ങൾക്കൊപ്പം ചേർന്നത് ശരിയായില്ല. ഈ രണ്ടു കൂട്ടരും ഇവിടെ നിന്നും മടങ്ങി പോകേണ്ട അതിഥികളാണ്, എന്നാൽ നിങ്ങൾ ഇവിടെ തന്നെ നിൽക്കേണ്ടവരാണ്. ഓർക്കുക ഖുറൈശ്, ഗത്ഫാൻ ഗോത്രങ്ങൾ നിങ്ങളെ മുസ്ലീങ്ങളുടെ കാരുണ്യത്തിൽ ഉപേക്ഷിച്ചു പോകുന്നതാണ്. അതുകൊണ്ട് കുറഞ്ഞപക്ഷം ഈ രണ്ട് ഗോത്രങ്ങളിൽ നിന്നുള്ള കുറച്ച് ആളുകളെ ജാമ്യം എന്നുള്ള നിലയിൽ നിങ്ങളുടെ സമാധാനത്തിനായി നിങ്ങൾക്കൊപ്പം നിർത്താൻ പറയുക , അങ്ങനെയാണെങ്കിൽ നിങ്ങളോട് വഞ്ചന കാണിക്കപ്പെടുകയില്ല.
അതിനുശേഷം നുഅയിം ബിൻ മസ്ഊദ് ഖുറൈശികൾക്ക് അടുത്ത് വന്ന് പറഞ്ഞു, ബനൂ ഖുറൈള നിങ്ങളെ ഭയന്ന് ഇരിക്കുകയാണ്, നിങ്ങളുടെ കുറച്ച് ആളുകളെ ജാമ്യം എന്നുള്ള നിലയിൽ അവർക്കൊപ്പം നിർത്താൻ ആഗ്രഹിക്കുന്നു, എന്നാൽ നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതേ രീതിയിൽ തന്നെ ബനൂഗത്ഫാന്റെ അടുക്കൽ പോയി സംസാരിച്ചു. ഇവിടെ അല്ലാഹു എങ്ങനെയാണ് പ്രവർത്തിച്ചതെന്നാൽ, ആ ദിവസങ്ങളിൽ ഈ രണ്ടു ഗോത്രങ്ങളും മുസ്ലീങ്ങളെ നാലു ഭാഗത്തുനിന്നും ഒരേ സമയം ആക്രമിക്കാനും, അങ്ങനെ അംഗസംഖ്യയിൽ കുറവായ മുസ്ലിങ്ങൾക്ക് തിരിച്ചാക്രമിക്കാൻ കഴിയാതെ വരികയും തുടർന്ന് നിഷ്പ്രയാസം മദീനയെ ആക്രമിച്ചു കീഴടക്കാം എന്നായിരുന്നു പദ്ധതി .
ഇക്കാര്യം ബനൂ ഖുറൈളയെ അറിയിച്ചു. എന്നാൽ അവർ മറുപടി നൽകിയത് നാളെ ശബത്ത് ദിനമാണ്, അതുകൊണ്ട് ഞങ്ങൾക്ക് യുദ്ധം ചെയ്യാൻ കഴിയില്ല. എന്നുമാത്രമല്ല നിങ്ങളിൽ നിന്ന് കുറച്ച് ആളുകളെ ജാമ്യത്തിനായി ഞങ്ങളുടെ കൂടെ നിർത്താതെ ഈ ആക്രമണത്തിൽ ഞങ്ങൾ പങ്കുചേരുകയില്ല. നുഅയിം പറഞ്ഞ കാര്യം സത്യമാണെന്ന് ഈ സംഭവത്തിലൂടെ രണ്ടു ഗോത്രങ്ങൾക്കും മനസ്സിലായി. അവർക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടായി. ഈ രണ്ടു ഗോത്രങ്ങളും തിരിച്ചു സന്ദേശം അയച്ചത് ആരെയും ജാമ്യത്തിനായി നൽകുകയില്ല, നിങ്ങൾക്ക് വരണമെങ്കിൽ വരാം. ഈ സംഭവത്തിലൂട ഗത്ഫാന്റെയും ഖുറൈശിന്റെയും ഉദ്ദേശം ശുദ്ധമല്ല എന്ന് ബനൂ ഖുറൈളക്ക് മനസ്സിലായി. അങ്ങനെ ഈ പദ്ധതി വിജയം കാണുകയും ചെയ്തു.
അല്ലാഹുവിൻറെ വിധി അനുസരിച്ച് കൊണ്ട് മുസ്ലീങ്ങളുടെ സഹായത്തിനായി ശക്തമായ ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടു. അതിന്റെ വിശദീകരണം ഇപ്രകാരമാണ്, കഠിനമായ തണുപ്പുള്ള ഒരു രാത്രിയിൽ, അല്ലാഹു അവിശ്വാസികളുടെ പാത്രങ്ങളെ മറിക്കുന്ന വിധത്തിലുള്ള ശക്തമായ ഒരു കൊടുങ്കാറ്റ് ആഞ്ഞടിപ്പിച്ചു. ആ കൊടുങ്കാറ്റിലൂടെ അവിശ്വാസികളിൽ ന്യൂനതകളും ഭീരുത്വവും നിറഞ്ഞു. അവർ പരാജിതരായി.
ഹദ്റത്ത് മിർസ ബഷീർ അഹമദ് സാഹിബ് ഭയാനകമായ ഈ കൊടുങ്കാറ്റ് വീശി അടിച്ചതിനെ കുറിച്ച് വിശദീകരിച്ചതിനു ശേഷം പറയുന്നു, യുദ്ധത്തിൽ ഉണ്ടായ ക്ഷീണവും ഐക്യത്തിലുണ്ടായ വിള്ളലും ആദ്യമേ തന്നെ അവിശ്വാസികളുടെ ഹൃദയങ്ങളെ ദുർബലമാക്കിയിരുന്നു. പിന്നീടുണ്ടായ ശക്തമായ കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് ഏറ്റ മറ്റൊരു പ്രഹരമായിരുന്നു. അതിനെ താങ്ങാൻ അവർക്ക് സാധിച്ചില്ല.
കൊടുങ്കാറ്റ് ശക്തമായപ്പോൾ അബൂസുഫിയാൻ ഖുറൈശികളുടെ നേതാക്കന്മാരെ വിളിച്ചുകൊണ്ടു പറഞ്ഞു, നമ്മുടെ പ്രയാസങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇവിടെ നിൽക്കുന്നത് ശരിയായ തീരുമാനമല്ല. നമുക്ക് തിരിച്ചു പുറപ്പെടാം , ഏതായാലും ഞാൻ പോവുകയാണ്. ഇത്രയും പറഞ്ഞു കൊണ്ട് അബൂസുഫിയാൻ തന്റെ അനുയായികളോട് തിരിച്ചു പോകാനുള്ള കൽപ്പന നൽകി . അബൂസുഫിയാൻ തിരിച്ചു പോകുന്നതിനായി ഒട്ടകത്തിൽ കയറി, പക്ഷേ ഭയചകിതനായ അവസ്ഥയിൽ ഒട്ടകത്തെ കെട്ടിയിരുന്ന കയർ പോലും അഴിക്കാൻ മറന്നു. ആ സമയത്ത് ഇക്രിമ ബിൻ അബൂജഹൽ പരിഹാസത്തോടുകൂടി പറഞ്ഞു, സൈന്യാധിപനായ താങ്കൾ തന്നെ സൈന്യത്തെ ഉപേക്ഷിച്ചു പോവുകയാണോ? താങ്കൾക്ക് സൈന്യത്തെ കുറിച്ച് ഒരു ചിന്തയുമില്ല. അബൂജഹൽ ലജ്ജിതനായി കൊണ്ട് ഒട്ടകത്തിൽ നിന്ന് ഇറങ്ങി , എന്നിട്ട് പറഞ്ഞു, ഞാൻ പോകുന്നില്ല നിങ്ങൾ പെട്ടെന്ന് തയ്യാറായി തിരിച്ചുപോവുക. പിന്നീട് ഓരോ ഗോത്രങ്ങളും തിരിച്ചുപോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ബനൂ ഖുറൈളയും അവരുടെ കോട്ടക്കകത്ത് പ്രവേശിച്ചു.
അങ്ങനെ പ്രഭാതത്തിൽ , വെള്ള കീറുന്നതിനു മുൻപായി തന്നെ യുദ്ധമൈതാനം വിജനമായി. അങ്ങനെ പെട്ടെന്നുണ്ടായ ഈ സംഭവവികാസങ്ങളിലൂടെ പരാജിതരായിക്കൊണ്ടിരുന്ന മുസ്ലിങ്ങൾ വിജയികളായി. ഈ കാര്യം നബി (സ) അറിഞ്ഞപ്പോൾ അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു, ഇത് നമ്മുടെ പ്രവർത്തനത്തിന്റെ ഫലമല്ല മറിച്ച് അല്ലാഹുവിൻ്റ അനുഗ്രഹം കൊണ്ട് മാത്രമാണ് അവൻ ശത്രുക്കളെ പരാജയപ്പെടുത്തിയത്. തുടർന്നുള്ള വിശദീകരണം പിന്നീട് വിവരിക്കുന്നതാണെന്ന് പറഞ്ഞതിനുശേഷം ലോകത്തിന്റെ നിലവിലുള്ള അവസ്ഥയ്ക്ക് വേണ്ടി ദുആ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹുസൂർ തിരുമനസ്സ് പറഞ്ഞു , ലോകത്തിന്റെ അവസ്ഥ ദിനംപ്രതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും പ്രബല ശക്തികളും നീതിയോടുകൂടി വർത്തിക്കേണ്ടതാണ്. യുദ്ധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.അല്ലാഹു അഹ്മദികളെയും നിരപരാധികളെയും ഈ ഭയാനകമായ അവസ്ഥയിൽ നിന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ , അതുകൊണ്ട് നമുക്ക് അല്ലാഹുവുമായിട്ടുള്ള ബന്ധം സുദൃഢമാക്കേണ്ടതുണ്ട്. പ്രാർഥനയിലേക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിലേക്ക് അഹമ്മദികൾ ശ്രദ്ധിക്കേണ്ടതാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഹമദികൾ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു എല്ലാവരിലും കാരുണ്യവും അനുഗ്രഹവും ചൊരിയുമാറാകട്ടെ.
0 Comments