ഏപ്രില്‍ 12, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 5 ഏപ്രില്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: ജന്നത്ത് അഫീഫ് എ.പി
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ്(അ) സൂറ അന്നംലിലെ 63ആം വചനം പാരായണം ചെയ്യുകയുണ്ടായി. അതിന്‍റെ തർജമ ഇപ്രകാരമാണ്:
“(പറയുക) ഗതിമുട്ടിയവൻ പ്രാർത്ഥിക്കുമ്പോൾ ഉത്തരം നൽകുകയും ക്ലേശം ദുരീകരിക്കുകയും നിങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്യുന്നതാരാണ്? അല്ലാഹുവിനോടൊപ്പം മറ്റുവല്ല ദൈവവുമുണ്ടോ? നിങ്ങൾ വളരെ കുറച്ചുമാത്രമേ ഉപദേശം സ്വീകരിക്കുന്നുള്ളു.”
കഴിഞ്ഞ ഖുത്ബയിൽ, ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്‍റെ അദ്ധ്യാപനങ്ങളുടെ വെളിച്ചത്തിൽ ദുആയുടെ യുക്തി,തത്വജ്ഞാനം, ദുആ ചെയ്യേണ്ട രീതി എന്നിവ അവതരിപ്പിക്കുകയുണ്ടായെന്നും ഇന്നും ഇതേ വിഷയം തുടരുന്നതാണെന്നും ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
കേവലം ചിന്താകുലനായ ഒരാളെ അല്ല ഗതിമുട്ടിയവൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച് മറ്റൊരു മാർഗവും കണ്ടെത്താനാകാത്ത ഒരുവനെയാണ്. അതിനാൽ, അല്ലാഹുവിന്‍റെ സവിധത്തിൽ ദുആചെയ്തുകൊണ്ട് യാചിക്കുമ്പോൾ, നമുക്ക് പോകാൻ മറ്റൊരിടവുമില്ലെന്നും നമ്മെ സഹായിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളുവെന്നുമുള്ള വസ്തുത പ്രകടിപ്പിക്കുന്ന വിധത്തിൽ ആയിരിക്കണം നാം ദുആ ചെയ്യേണ്ടത്.
ജമാഅത്തിന്‍റെ കാര്യത്തിലും, നമ്മെ സഹായിക്കാൻ സർവ്വശക്തനായ അല്ലാഹുവിനു മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കണം, ഉദാഹരണത്തിന്, പാകിസ്ഥാനിലെ അഹ്‌മദികളുടെ അവസ്ഥയിൽ ഒരു മാറ്റം കൊണ്ടുവരാൻ അല്ലാഹുവിന് മാത്രമേ കഴിയൂ.
ഗതി മുട്ടിയവന്റെ ദുആ അല്ലാഹു കേൾക്കുന്നു
ദൈവാസ്തിത്വത്തിന്‍റെ അടയാളങ്ങളിലൊന്ന് അവൻ ഗതി മുട്ടിയവരുടെ ദുആ കേൾക്കുന്നു എന്നതാണ്. അതു പോലെ നമ്മുടെ ദുആകളിലും ഈ അവസ്ഥ കൊണ്ടുവരണം. ദുആകൾ മാത്രമാണ് നമുക്കുള്ളത്, വാസ്തവത്തിൽ ദുആകളിലൂടെ മാത്രമേ ഇന്നത്തെ മുസ്‌ലിം ലോകത്തിന്‍റെ അവസ്ഥ മെച്ചപ്പെടുത്താൻ കഴിയൂ. കൂടാതെ, ഓരോ അഹ്‌മദിയും അവരുടെ ദുആയിൽ ഗതിമുട്ടിയവന്‍റെ അവസ്ഥ മനസ്സിലാക്കുകയും അവ സ്ഥാപിക്കാൻ ശ്രമിക്കുകയും വേണം,എങ്കിൽ മാത്രമേ നമ്മുടെ പ്രാർത്ഥനകൾ സ്വീകകരിക്കപ്പെടുകയുള്ളു.
ഹദ്റത്ത് മസീഹ് മൗഊദ് (അ) നെ ഉദ്ധരിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് പറയുന്നു: ഗതി മുട്ടിയ അവസ്ഥയിൽ നിരന്തരം ദുആ ചെയ്യൂന്നതുവരെ ദുആകൾ സ്വീകരിക്കപ്പെടുകയില്ല. യഥാർത്ഥത്തിൽ ഈ ദുരിതാവസ്ഥ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണ്. സർവ്വശക്തനായ അല്ലാഹുവിന്‍റെതല്ലാതെ മറ്റൊരു വഴിയോ മാർഗമോ ഇല്ലെന്ന് ഒരാൾ പൂർണ്ണ ഹൃദയത്തോടെ മനസ്സിലാക്കുന്നു എന്നാണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്. ഒരു വ്യക്തി അയാളുടെ ദുആയിൽ ഈ അവസ്ഥ സ്ഥാപിക്കുമ്പോഴാണ് അവക്ക് സ്വീകാര്യത ലഭിക്കുന്നത്.
ഹദ്റത്ത് മസീഹ് മൗഊദ്(അ) നെ ഉദ്ധരിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് തുടർന്ന്‍ പറയുന്നു: സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ നാം വളരെയധികം ദുആ ചെയ്യേണ്ടതുണ്ട്. വേട്ടയാടപ്പെടുന്ന ഒരാൾക്ക് അഭയം പ്രാപിക്കാൻ കോട്ട കണ്ടെത്താൻ കഴിഞ്ഞതു പോലെ ദുആകൾക്ക് ഒരാളെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെ ഒരു വ്യക്തിക്ക് ദുആയിലൂടെ ശൈത്താനിൽ നിന്ന് അഭയവും സുരക്ഷിതത്വവും കണ്ടെത്താൻ കഴിയും. അതിനാൽ, ദുആയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിശുദ്ധഖുർആനിലും ഹദീസുകളിലുമുള്ള ദുആകൾ, ഹദ്റത്ത് മസീഹ് മൗഊദ്(അ) ൽ നിന്ന്‍ പഠിച്ച ദുആകൾ, നമ്മുടെ സ്വന്തം ഭാഷകളിൽ നാംചെയ്യു ന്നദുആകൾ, ഇങ്ങനെ ധാരാളം ദുആകൾഉണ്ട്; ഇന്ന് നില നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന്‍ നമുക്ക് സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കുന്നതിന് ഇവയെല്ലാം ആവശ്യമാണ്. ചില സ്ഥലങ്ങളിൽ നമുക്ക് നമ്മുടെ വിശ്വാസവും തിരുനബി(സ)യോടുള്ള നമ്മുടെ സ്നേഹവും പ്രകടിപ്പിക്കാനോ, വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനോ മറ്റ് മതപരമായ ആചാരങ്ങൾ നിറവേറ്റാനോ സാധിക്കുന്നില്ല. പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ അഹ്‌മദികൾക്കെതിരെ നടപടിയെടുക്കാൻ പൈശാചിക ശക്തികൾ എന്നും കാത്തിരിക്കുകയാണ്.
ഖലീഫാതിരുമനസ്സ് പറയുന്നു: അടുത്തിടെ ഒരുഅഹ്‌മദി ശഹീദിന്‍റെ ഘാതകരെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യപ്പെട്ടപ്പോൾ, തങ്ങളുടെ മദ്രസയിൽ പഠിപ്പിച്ചത് സ്വർഗത്തിലെത്താനുള്ള ഏറ്റവും എളുപ്പമാർഗം ഒരുഅവിശ്വാസിയെ കൊല്ലുകയാണെന്നും അഹ്‌മദികളെ അവിശ്വാസികളായി കണക്കാക്കുന്നതിനാൽ അവരെ കൊല്ലാൻ ശ്രമിക്കുകയാണെന്നും അവർ പറയുകയുണ്ടായി. വാസ്തവത്തിൽ, അവർ ദൈവകോപത്തിരിയരാകുന്നു. എങ്ങനെയായാലും, നമ്മുടെ പ്രാർത്ഥനയിൽ ഗതിമുട്ടിയ ഒരുവന്‍റെ അവസ്ഥ കൊണ്ടു വരാൻ നാം പരിശ്രമിക്കണം.
വിവിധ ദുആകൾ ചൊല്ലുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി; ഈ ദുആകളെ സംബന്ധിച്ചു എപ്പോഴും വിചിന്തനം ചെയ്യുകയും മനസ്സിലാക്കുകയും അവ നിരന്തരം ഉരുവിടുകയും വേണം. ഹദ്റത്ത് മസീഹ് മൗഊദ്(അ) പറഞ്ഞതു പോലെ ഒരു വ്യക്തി സ്വന്തം വാക്കുകളിൽ അർപ്പിക്കുന്ന ദുആകളും സ്വീകരിക്കപ്പെടുന്നതാണ്. അവക്ക്പുറമേയുള്ള ദുആകളാണിത്.
ദൈവസ്മരണയിൽ മുഴുകിയിരിക്കുന്നവനും അല്ലാത്തവനും ജീവിച്ചിരിക്കുന്നവരും മരിച്ചവരും പോലെയാണ് എന്ന് തിരുനബി(സ) അരുൾ ചെയ്യുകയുണ്ടായി. മറ്റൊരവസരത്തിൽ, തിരുനബി (സ) ഇപ്രകാരം അരുൾചെയ്യുകയുണ്ടായി‘ദുആ ഒരു വ്യക്തിക്ക് സംഭവിച്ച ദുരന്തങ്ങളിൽ നിന്ന് മാത്രമല്ല, ഭാവിയിലെ ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നു‘.
വിശുദ്ധ ഖുർആനിൽ നിന്നുള്ള ദുആകൾ
ആദ്യമായി പരാമർശിക്കുന്ന ദുആ സൂറ ഫാത്തിഹയാണ്. നമസ്കാര വേളയിൽ മാത്രമല്ല ഇത് ചൊല്ലേണ്ടത്, മറിച്ച് മറ്റു സമയങ്ങളിലും ഇത് ആവര്‍ത്തിച്ചു ചൊല്ലേണ്ടതാണ്. സൂറത്തുൽ ഫാത്തിഹ ശ്രദ്ധയോടെയും ആത്മാർത്ഥതയോടെയും പാരായണം ചെയ്യുന്നത് ഹൃദയത്തെ ശുദ്ധീകരിക്കുമെന്നും അന്ധകാരം അകറ്റുമെന്നും ഉറപ്പ് നല്‍കുകയും, ഒരു സത്യാന്വേഷിയെ ദൈവത്തിന്‍റെ പടിവാതിലിലേക്ക് ആകർഷിക്കുകയും ചെയ്യുമെന്ന് ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുകയുണ്ടായി. അതിനാൽ, വിശുദ്ധ ഖുർആൻ നിരന്തരം പാരായണം ചെയ്യുന്നതിലൂടെ ഒരാൾക്ക് ദൈവത്തോട് കൂടുതൽ അടുക്കാൻ സാധിക്കുന്നതാണ്.
വിശുദ്ധ ഖുർആനിലെ മറ്റൊരു ദുആ ഇപ്രകാരമാകുന്നു
رَبَّنَا آتِنَا فِىْ الدُّنْيَا حَسَنَةً وَفِىْ الآخِرَةِ حَسَنَةً وَّقِنَا عَذَابَ النَّار
“ഞങ്ങളുടെ നാഥാ ഐഹിക ജീവിതത്തിൽ ഞങ്ങൾക്ക് നീ നന്മ നല്കേണമേ. പരലോകത്തും നീ ഞങ്ങൾക്ക് നന്മ നല്കേണമേ. നരക ശിക്ഷയിൽ നിന്ന്‍ ഞങ്ങളെ കാത്തു രക്ഷിക്കേണമേ.”(2:202)
ഈ ദുആയുമായി ബന്ധപ്പെട്ടുകൊണ്ടു ഹദ്റത്ത് മസീഹ് മൗഊദ് (അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറയുന്നു: ഒരു വിശ്വാസിക്ക് ഈ ലോകവുമായുള്ള ബന്ധം പോലും ദൈവസന്നിധിയിൽ ഉയർന്ന പദവികൾ നേടാൻ അവരെ പ്രാപ്തരാക്കുന്നു. കാരണം അവരു ടെയഥാർത്ഥ ലക്ഷ്യവും ഉദ്ദേശ്യവും ദീനാകുന്നു. അതിനാൽ, അവരുടെ ഐഹികകാര്യങ്ങൾ പോലും ആത്യന്തികമായി അവരുടെ വിശ്വാസത്തിനു വേണ്ടിയുള്ളതാണ്. ഈ ലോകം ഒരാളുടെ ആത്യന്തികലക്ഷ്യമായി മാറരുത് എന്ന വിലപ്പെട്ട പാഠം ഇത് പഠിപ്പിക്കുന്നു. ഇപ്രകാരം, ഈ ദുആയിൽ പറഞ്ഞിരിക്കുന്ന ഈ ലോകത്തിലെ നന്മ, പരലോകത്തെ നന്മയിലേക്ക് നയിക്കുന്ന ലോകത്തിലെ അത്തരം നന്മയെസൂചിപ്പിക്കുന്നു. അതിനാൽ, ഐഹികലോകത്തേക്കാൾ വിശ്വാസത്തിന് മുൻതൂക്കം നല്കാൻ ഒരാൾ എപ്പോഴും പരിശ്രമിക്കണം. അവർ ഐഹിക ലോകത്ത് നേടാൻ ശ്രമിക്കുന്നതെന്തും അവരുടെ വിശ്വാസം മെച്ചപ്പെടുത്താനുള്ളതായിരിക്കണം .
ഖലീഫാതിരുമനസ്സ് പറയുന്നു: ഈ ലോകത്ത് പോലും അഗ്നി ഉണ്ടാകാം. യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ അഗ്നിവർഷിക്കുന്നവയാണ്. അതിനാൽ സർവശക്തനായ അല്ലാഹു ഈ അഗ്നിയിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിനുവേണ്ടി ദുആ ചെയ്യേണ്ടതാണ്. അഹ്‌മദികൾ തങ്ങൾക്കും ലോകത്തിനും വേണ്ടി വളരെയധികം ദുആചെയ്യേണ്ടതാണ്.
ഈ ദിവസങ്ങളിൽ പ്രത്യേകമായി ചൊല്ലേണ്ട ഖുർആനിൽ നിന്നുള്ളമ റ്റൊരു ദുആ ഇതാകുന്നു:
رَبَّنَاۤاَفۡرِغۡ عَلَیۡنَا صَبۡرًا وَّثَبِّتۡ اَقۡدَامَنَا وَانۡصُرۡنَا عَلَی الۡقَوۡمِ الۡکٰفِرِیۡنَ
“ഞങ്ങളുടെ നാഥാ! ഞങ്ങൾക്ക് നീ സഹന ശക്തി ചൊരിഞ്ഞു തരികയും ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും അവിശ്വാസികൾക്കെതിരായി ഞങളെ നീ സഹായിക്കുകയും ചെയ്യേണമേ.”(2: 251)
ഒരു ഭയവും നമ്മെ തളർത്താൻ ഇടയാക്കരുത്. അടുത്തതായി നിരന്തരം ചൊല്ലേണ്ട മറ്റൊരു ഖുർആനിക ദുആ ഇതാകുന്നു:
رَبَّنَا لَا تُؤَاخِذۡنَاۤ اِنۡ نَّسِیۡنَاۤ اَوۡ اَخۡطَاۡنَا ۚ رَبَّنَا وَلَا تَحۡمِلۡ عَلَیۡنَاۤ اِصۡرًا کَمَا حَمَلۡتَہٗ عَلَی الَّذِیۡنَ مِنۡ قَبۡلِنَا ۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَۃَ لَنَا بِہٖ ۚ وَاعۡفُ عَنَّا ٝ وَاغۡفِرۡلَنا ٝ وَارۡحَمۡنَا ٝ اَنۡتَ مَوۡلٰٮنَا فَانۡصُرۡنَا عَلَی الۡقَوۡمِ الۡکٰفِرِیۡنَ
“ഞങ്ങളുടെ നാഥാ ഞങ്ങൾ മറന്നു പോവുകയോ തെറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങൾക്ക് മുമ്പുണ്ടായിരുന്നവരുടെ മേൽ ചുമത്തിയത് പോലുള്ള ഭാരം ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് വഹിക്കാൻ കഴിവില്ലാത്ത ഭാരം ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങൾക്ക് മാപ്പ് നൽകേണമേ. ഞങ്ങൾക്ക് പൊറുത്തു തരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. നീയാണ് ഞങ്ങളുടെ രക്ഷധികാരി. അതിനാൽ സത്യനിഷേധികളായ ജനങ്ങൾക്കെതിരെ ഞങ്ങളെ സഹായിക്കേണമേ.” (2:287)
വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ദുആ ഇതാണ്:
رَبَّنَا لَا تُزِغۡ قُلُوۡبَنَا بَعۡدَ اِذۡ ہَدَیۡتَنَا وَہَبۡ لَنَا مِنۡ لَّدُنۡکَ رَحۡمَۃً ۚ اِنَّکَ اَنۡتَ الۡوَہَّابُ
“ഞങ്ങളുടെ നാഥാ നീ ഞങ്ങളെ നേർവഴിയിൽ ആക്കിയതിനുശേഷം ഞങ്ങളുടെ ഹൃദയങ്ങളെ തെറ്റിച്ചു കളയരുതേ. നീ ഞങ്ങൾക്ക് നിന്‍റെ അടുക്കൽ നിന്നുള്ള കാരുണ്യം പ്രദാനം ചെയ്യേണമേ! നിശ്ചയമായും നീതന്നെയാണ് ഏറ്റവും വലിയ അനുഗ്രഹദാതാവ്.” (3:9)
തിരുനബി(സ)യുടെ ദുആകൾ
തിരുനബി(സ)യുടെ ചിലദുആകൾ താനിപ്പോൾ പരാമർശിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി
ഒരിക്കൽ ഹദ്റത്ത് അബൂബക്കർ (റ) നബി (സ) യോട് നമസ്കാരത്തിൽ ചൊല്ലേണ്ട ഒരുപ്രാർഥന പഠിപ്പിക്കാൻ അപേക്ഷിക്കുകയുണ്ടായി. നബി (സ) ഇപ്രകാരം മറുപടി നല്കി:
‘അല്ലാഹുവേ, ഞാൻ എന്‍റെ ആത്മാവിന് വലിയ ദ്രോഹം ചെയ്തിരിക്കുന്നു, നീയല്ലാതെ പൊറുത്തു തരുന്നവനായി മറ്റാരുമില്ല, അതിനാൽ എന്നോട് ക്ഷമിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനുംകരുണചെയ്യുന്നവനുമാകുന്നു’
ഒരിക്കൽ ഒരു ബദ്‌വി നബി (സ) യോട് എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കാനുള്ള ഒരു കാര്യം പഠിപ്പിക്കാൻ ആവശ്യപ്പെടുകയുണ്ടായി, നബി (സ) ഇപ്രകാരം മറുപടിനൽകുകയുണ്ടായി.
‘അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, അവൻ ഏകനും പങ്കുകാരനില്ലാത്തവനുമാണ്. അല്ലാഹു ഏറ്റവും വലിയവനും പരമപരിശുദ്ധനുമാണ്. അവൻ എല്ലാ ലോകങ്ങളുടെയും നാഥനാണ്. പ്രതാപിയും യുക്തിജ്ഞനുമാനുമായ അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരു ശക്തിയും ഒരു കഴിവും ഇല്ല.’
തിരുമേനി(സ) തുടർന്നു ഇപ്രകാരം പഠിപ്പിക്കുകയുണ്ടായി: ‘അല്ലാഹുവേഎനിക്ക്പൊറുത്തു തരേണമേ, എന്നോട്കരുണകാണിക്കേണമേ, എന്നെനേർമാർഗത്തിലേക്ക് നയിക്കുകയുംഎനിക്ക്ഉപജീവനംനല്കുകയുംചെയ്യേണമേ.’
മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു. ആരെങ്കിലും ഇസ്‌ലാം സ്വീകരിക്കുമ്പോൾ, നബി (സ) അവരെ ഇനി പറയുന്ന ദുആ പഠിപ്പിക്കാറുണ്ടായിരുന്നു.
‘അല്ലാഹുവേ, കരുണ കാണിക്കേണമേ. എനിക്ക് നേർമാർഗം നല്കേണമേ. എനിക്ക് സൗഖ്യം നല്കേണമേ എനിക്ക് ഉപജീവനം നല്കേണമേ.’
രണ്ട് സുജൂദുകൾക്കിടയില്‍ ചൊല്ലേണ്ട ദുആയാണിത്. എന്നാൽ ചില ആളുകൾ, പെട്ടന്ന്‍ രണ്ടാമത്തെ സുജൂദ് ചെയ്യുന്നതിനാൽ ഈ ദുആ ചൊല്ലാറില്ലെന്ന്‍ തോന്നുന്നു. ഈ ദുആയുടെ പ്രാധാന്യം അവർ തിരിച്ചറിയാത്തതാണ് കാരണം. അതിനാൽ, ലൗകിക കാര്യങ്ങൾക്കു വേണ്ടി മാത്രമല്ല, നമ്മുടെ ആത്മീയ പുരോഗതിക്കും പോഷണത്തിനും വേണ്ടിയും ദുആചെയ്യേണ്ടതാണ്.
തിരുനബി (സ) പഠിപ്പിച്ച മറ്റൊരു ദുആ ഇപ്രകാരമാകുന്നു.
‘അല്ലാഹുവേ, ആരാധനക്കർഹൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവേ, ഞാൻ എന്‍റെ പാപങ്ങൾക്ക് നിന്നോട് പൊറുക്കലിനെ തേടുന്നു, നിന്‍റെ കാരുണ്യം തേടുന്നു. അല്ലാഹുവേ, എനിക്ക് അറിവ് വർധിപ്പിപ്പിച്ചു തരേണമേ, നീ എന്നെ നേർവഴിയിലാക്കിയതിന് ശേഷം എന്‍റെ ഹൃദയം വക്രമാക്കരുതേ. നിന്‍റെ കാരുണ്യം എന്നിൽ പ്രദാനംചെയ്യേണമേ.’
തിരുനബി (സ) ഏതെങ്കിലും കാര്യത്തിൽ അസ്വസ്ഥനാകുമ്പോൾ ഇപ്രകാരംദുആചെയ്യാറുണ്ടായിരുന്നു:
‘എന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനെയും നിലനിർത്തുന്നവനുമായ അല്ലാഹുവേ നിന്‍റെ കാരുണ്യത്തെ മുൻനിർത്തി ഞാൻ നിന്നോട് സഹായം അഭ്യർഥിക്കുന്നു.’
തിരുനബി (സ) യുടെമറ്റൊരുദുആഇപ്രകാരമാകുന്നു :
‘എന്‍റെ നാഥാ എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ. എന്നെ ഏറെ ഋജുവായതും ശരിയായതും ഉറപ്പുള്ളതുമായ മാർഗത്തിലേക്ക് വഴി നടത്തേണമേ.’
തിരുനബി (സ ) ഇപ്രകാരമാണ് ദുആ ചെയ്തിരുന്നത് എങ്കിൽ നമ്മൾ എത്രമാത്രം ശക്തമായി ഈ ദുആ ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
തിരുനബി (സ) പഠിപ്പിച്ച മറ്റൊരു ദുആ ഇതാകുന്നു..
‘അല്ലാഹുവേ ഖബർ ശിക്ഷയിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. മസീഹുദജ്ജാലിന്‍റെ കുഴപ്പത്തിൽ നിന്നും ഞാൻ നിന്നോട് അഭയം യാചിക്കുന്നു.’ ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളിൽനിന്നും ഞാൻ നിന്നിൽ അഭയംപ്രാപിക്കുന്നു. അല്ലാഹുവേ, പാപങ്ങളിൽനിന്നും സാമ്പത്തികബാധ്യതയിൽനിന്നും ഞാൻ നിന്നോട് അഭയംചോദിക്കുന്നു.’
സാമ്പത്തികബാധ്യതയിൽ നിന്ന് എന്തിനാണ് അഭയം തേടുന്നത് എന്ന് ഒരാൾ തിരുനബി(സ) യോട് ചോദിച്ചു, അതിന് അവിടുന്ന് ഇപ്രകാരം മറുപടി നല്കുകയുണ്ടായി, ‘സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെട്ടാൽ ഒരാൾ കള്ളം പറയുകയും വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്യുന്നു.’
ഈ ദുആ ചെയ്യുന്ന തിരുനബി (സ) ഇതിൽ നിന്നെല്ലാം തികച്ചും പരിശുദ്ധനായിരുന്നു. തീർച്ചയായും തന്‍റെഉമ്മത്ത് ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിനു വേണ്ടിയാണ് അവിടുന്ന് ഈ ദുആ ചെയ്തത്. നാം എന്തിനു വേണ്ടിയാണോ ദുആ ചെയ്യുന്നത് അതിനോട് നാം കൂറു പുലർത്തുന്നുണ്ടോ എന്ന് സ്വയം വിശകലനം ചെയ്യണം. അതിനാൽ, ഈ കാര്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയും ഈ ലോകത്ത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കുന്നതിനു വേണ്ടിയും ഈ ദുആ ചെയ്തു കൊണ്ടിരിക്കേണ്ടതാണ്.
പ്രവാചകൻ(സ) മസീഹിദാജ്ജാലിന്‍റെ ഫിത്നയിൽനിന്നും സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയും ദുആ പഠിപ്പിച്ചിരിക്കുന്നു. അതാകട്ടെ ഇക്കാലത്തു അതിന്‍റെ പാരമ്യതയിലുമാണ്. അതിനാൽ, വാഗ്ദത്തമസീഹ്(അ) ന്‍റെ അനുയായികൾ ഈ ദുആകൾ പ്രത്യേകമായി ചൊല്ലേണ്ടതുണ്ട് .
താഴെപ്പറയുന്ന ദുആ ചൊല്ലാൻപ്രവാചകൻ (സ) നിർദേശിക്കുകയുണ്ടായി :
‘അല്ലാഹുവേ നിന്നോട് നിന്‍റെ നബി മുഹമ്മദ് (സ)ചോദിച്ച എല്ലാ നന്മകളും ഞങ്ങൾ നിന്നോട് യാചിക്കുന്നു. നിന്നോട് നിന്‍റെ നബി മുഹമ്മദ് (സ ) അഭയം തേടിയ എല്ലാ തിന്മകളിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുകയും ചെയ്യുന്നു. നീ തന്നെയാണ് യഥാർഥ സഹായി. നിന്നോടു തന്നെയാണ് ഞങ്ങൾ ദുആചെയ്യുന്നത്. അല്ലാഹുവിന്‍റെ സഹായം കൂടാതെ ഞങ്ങൾക്ക് നന്മ ചെയ്യാനുള്ള കഴിവോ ശൈത്താന്‍റെ അക്രമത്തിൽ നിന്ന്‍ രക്ഷപ്പെടാനുള്ള ശക്തിയോഇല്ല.’
നാം ഈ ദുആകൾ ചൊല്ലുന്നതിലൂടെ, തിരുനബി(സ)യോടുള്ള നമ്മുടെ സ്നേഹം വർദ്ധിക്കുകമാത്രമല്ല, എല്ലാ സമഗ്രമായ ദുആകളും നമ്മുടെ ഹൃദയത്തിൽ നിന്ന്‍ ബഹിർഗമിക്കുന്നതുമാണ് .
ഏതെങ്കിലും ഒരു സമൂഹത്തിൽ നിന്നും ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയാൽ തിരുനബി (സ) ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു:
‘അല്ലാഹുവേ അവരെ നേരിടാൻ ഞങ്ങൾ നിന്നെ തന്നെ അവരുടെ നെഞ്ചകങ്ങളിൽ ആക്കുന്നു. അവരുടെ എല്ലാ ദ്രോഹങ്ങളിൽ നിന്നും ഞങ്ങൾ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.’
ഈ ദിവസങ്ങളിൽ അഹ്‌മദികൾ പ്രത്യേകമായി ഈ ദുആ ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. ശത്രുക്കളുടെ തിന്മയിൽനിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
(ഇവ ഖലീഫാ തിരുമനസ്സ് വിവരിച്ച തിരുനബി(സ) യുടെ ദുആകളിൽ ചിലത് മാത്രമാണ്)
ഹദ്റത്ത് മസീഹ് മൗഊദ് (അ ) പഠിപ്പിച്ച ദുആകൾ
ഹദ്റത്ത് മസീഹ് മൗഊദ്(അ) പഠിപ്പിച്ച ദുആകളിൽ ചിലത് രാമർശിക്കുന്നതാണെന്ന്‍ ഖലീഫാതിരുമനസ്സ് പറയുകയുണ്ടായി.
നമുക്ക് എങ്ങനെ ദൈവത്തിലേക്ക് കൂടുതൽ ശ്രദ്ധ ഉണ്ടാക്കാമെന്ന ചോദ്യത്തിന്, പ്രാർഥനയിൽ നിരന്തരം പരിശ്രമിക്കേണ്ടതാണെന്ന്‍ ഹദ്റത്ത് മസീഹ് മൗഊദ്(അ) ഉപദേശിക്കുകയുണ്ടായി. കേവലം ഉപരിപ്ലവമായി അർപ്പിക്കുന്ന പ്രാർഥനയിൽ അവർ തൃപ്തരാകരുത്, ഓരോ നമസ്കാരത്തിലും എഴുന്നേറ്റു നിന്നു കൊണ്ട് ഇപ്രകാരം ദുആചെയ്യുക: ‘അല്ലാഹുവേ, പ്രതാപവാനും കഴിവുടയവനുമായനാഥാ! ഞാൻ പാപിയാകുന്നു എത്രത്തോളമെന്നാൽ പാപങ്ങളുടെ വിഷം എന്‍റെ നാഡി ഞരമ്പുകളെ ബാധിച്ചിരിക്കുന്നു. നീ നിന്‍റെ അനുഗ്രഹാതിരേകത്താൽ എന്‍റെ പാപങ്ങൾ പൊറുക്കുകയും എന്‍റെ ന്യൂനതകൾ മാപ്പാക്കുകയും എന്‍റെ ഹൃദയത്തെ മൃദുലമാക്കുകയും എന്‍റെ ഹൃദയത്തിൽ നിന്‍റെ മഹത്ത്വവും ഭയവും സ്നേഹവും കുടിയിരുത്തുകയും അങ്ങനെ എന്‍റെ ഹൃദയകാഠിന്യം അകറ്റുകയും നമസ്കാരത്തിൽ ശ്രദ്ധഉണ്ടാക്കുകയും ചെയ്യേണമേ.’
ഒരു സന്ദർഭത്തിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) ഇപ്രകാരം പറയുകയുണ്ടായി:‘അല്ലയോ എന്‍റെ ഔദാര്യവാനായ നാഥാ! ഞാൻ നിന്‍റെ ഒന്നിനും കൊള്ളാത്ത ഒരു പാപിയും അലസനുമായ ദാസനാകുന്നു. നീ എന്നിൽ ദ്രോഹത്തിനുമേൽ ദ്രോഹം കാണുകയും എനിക്കുമേൽ അനുഗ്രഹങ്ങൾക്ക് മേൽ അനുഗ്രഹം നല്കുകയും ചെയ്തു. എന്നിൽ പാപങ്ങൾക്ക് മേൽ പാപം കാണുകയും നീ ഔദാര്യങ്ങൾക്ക് മേൽ ഔദാര്യം ചൊരിയുകയും ചെയ്തു. നീ എപ്പോഴും എന്‍റെ കാര്യങ്ങൾ മൂടിവയ്ക്കുകയും നിന്‍റെ അനന്തമായ അനുഗ്രഹങ്ങളാൽ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. ആയതിനാൽ ഇനിയും നീ കൊള്ളരുതാത്തവനും പാപപങ്കിലനുമായ എനിക്കു മേൽ കരുണകാണിക്കേണമേ. എന്‍റെ ധിക്കാരവും നന്ദികേടും പൊറുത്ത് തരേണമേ. എനിക്ക്എന്റെദുഃഖത്തിൽനിന്ന്മോചനംനല്കേണമേ. നീയല്ലാതെ മറ്റൊരു അഭയദാതാവും ഇല്ലതന്നെ.’
തന്‍റെ കാഴ്ചപ്പാടിൽ, ഈ ദുആ എല്ലാ ദിവസവും ചൊല്ലേണ്ടതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ഒന്നാം ഖലീഫയെ(റ)നെ അഭിസംബോധന ചെയ്‌തുകൊണ്ട് എഴുതിയ ഒരുകത്തിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) ഈ ദുആ എഴുതിയിട്ടുണ്ടെന്ന വസ്തുത കൂടതൽ ചിന്തനീയമായ ഒന്നാണ്. അദ്ദേഹത്തിന്‍റെ സ്ഥാനം കണക്കിലെടുക്കുമ്പോൾ, ഈ ദുആ ചൊല്ലുന്നതിൽ നമ്മൾ എത്രമാത്രം ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ഒന്നാംഖലീഫ(റ) യ്ക്കാണ് ഇത് എഴുതിയതെങ്കിൽ നമ്മൾ അത് കൂടുതലായി ഉരുവിടേണ്ടിയിരിക്കുന്നു. ഈ ദുഅ ആത്മാർഥമായി ചൊല്ലുന്നപക്ഷം അല്ലാഹുവിൽ നിന്നും കൂടുതൽ അനുഗ്രഹം സ്വായത്തമാക്കാൻ സാധിക്കുന്നതാണ്.
ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) ഇപ്രകാരം ദുആ ചെയ്യുകയുണ്ടായി: അല്ലയോ റബ്ബുൽആലമീൻ! എനിക്ക് നിന്‍റെ ഔദാര്യങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ കഴിവില്ല. നീ വളരെയേറെ കാരുണ്യവാനും ഔദാര്യവാനുമാകുന്നു. നിന്‍റെ അനന്തമായ ഔദാര്യങ്ങൾ എനിക്കുമേൽ ഉണ്ട്. ഞാൻ നശിപ്പിക്കപ്പെടാതിരിക്കാൻ നീ എന്‍റെ പാപങ്ങൾ പൊറുത്തുതരേണമേ. എനിക്ക് ജീവിതം കൈവരുന്നതിനുവേണ്ടി നീ നിന്‍റെ സ്വച്ഛമായ സ്നേഹം എന്നിൽ സന്നിവേശിപ്പിക്കേണമേ. എന്‍റെ തെറ്റുകൾ മറച്ചുവെക്കേണമേ. നീ തൃപ്തിപ്പെടുന്ന കർമ്മങ്ങൾ നീ എന്നെക്കൊണ്ട് ചെയ്യിക്കേണമേ. ഞാൻ നിന്‍റെ കോപം എന്നിൽ വർഷിക്കുന്നതിൽ നിന്ന് നിന്‍റെ അന്തസാർന്ന മുഖത്തെ മുൻനിർത്തി നിന്നോട് അഭയം യാചിക്കുന്നു. കാരുണ്യം വർഷിക്കേണമേ, കാരുണ്യം വർഷിക്കേണമേ, കാരുണ്യംവർഷിക്കേണമേ.! ഇഹ പരലോകങ്ങളുടെ ആപത്തുകളിൽ നിന്ന് നീഎന്നെ രക്ഷിക്കേണമേ.! എന്തെന്നാൽ എല്ലാ അനുഗ്രഹാശ്ശിസും നിന്‍റെ കരങ്ങളിൽ തന്നെയാകുന്നു.’
ഹദ്റത്ത് മസീഹ് മൗഊദ്(അ) തന്‍റെ മൈത്രീസന്ദേശം എന്ന പുസ്തകത്തിന്‍റെ തുടക്കത്തിൽ എഴുതിയ മറ്റൊരു ദുആ ഇപ്രകാരമാകുന്നു:‘അല്ലയോ സർവ്വശക്തനായദൈവമേ! പ്രിയമാർഗദർശകാ! സത്യസന്ധരും നിഷ്കളങ്കരുമായ ഭക്തജനം നിന്നെ പ്രാപിക്കുന്ന മാർഗത്തിൽ, ആ മാർഗത്തിൽ നീ ഞങ്ങളെ നടത്തുകയും കാമക്രോധലോഭമോഹമാത്സര്യാദി രാഗങ്ങളുടെ സംതൃപ്തി തേടുന്ന വഴികളിൽ നിന്നെല്ലാം ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.’
ദുആകൾ തുടർന്നുകൊണ്ടിരിക്കുകയും വിനയം സ്വീകരിക്കുകയും ചെയ്യണമെന്ന് ഹദ്റത്ത് മസീഹ് മൗഊദ്(അ) നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. കേവലം അധരസേവയായി അർപ്പിക്കുന്ന പ്രാർഥനകൾക്ക് യാതൊരു ഫലവുമില്ല. മറിച്ച്, വളരെ വിനയത്തോടെ സ്വന്തം വാക്കുകളിൽ ദുആചെയ്യേണ്ടതാണ്.
ഹദ്റത്ത് മസീഹ് മൗഊദ്(അ)തുടർന്ന്പറയുന്നു: ‘അല്ലയോ റബ്ബുൽആലമീൻ! എനിക്ക് നിന്‍റെ ഔദാര്യങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ കഴിവില്ല. നീ വളരെയേറെ കാരുണ്യവാനും ഔദാര്യവാനുമാകുന്നു. നിന്‍റെ അനന്തമായ ഔദാര്യങ്ങൾ എനിക്കുമേൽ ഉണ്ട്. ഞാൻ നശിപ്പിക്കപ്പെടാതിരിക്കാൻ നീ എന്‍റെ പാപങ്ങൾ പൊറുത്തുതരേണമേ. എനിക്ക് ജീവിതം കൈവരുന്നതിനുവേണ്ടി നീ നിന്‍റെ സ്വച്ഛമായ സ്നേഹം എന്നിൽ സന്നിവേശിപ്പിക്കേണമേ. എന്‍റെ തെറ്റുകൾ മറച്ചുവയ്ക്കേണമേ. നീ തൃപ്തിപ്പെടുന്ന കർമങ്ങൾ നീ എന്നെക്കൊണ്ട്ച ചെയ്യിക്കേണമേ. ഞാൻ നിന്‍റെ കോപം എന്നിൽ വർഷിക്കുന്നതിൽ നിന്ന് നിന്‍റെ അന്തസാർന്ന മുഖത്തെ മുൻനിർത്തി നിന്നോട് അഭയം യാചിക്കുന്നു. കാരുണ്യം വർഷിക്കേണമേ. ഇഹപരലോകങ്ങളുടെ ആപത്തുകളിൽ നിന്ന് നീ എന്നെ രക്ഷിക്കേണമേ. എന്തെന്നാൽ എല്ലാ അനുഗ്രഹാശ്ശിസും നിന്‍റെ കരങ്ങളിൽ തന്നെയാകുന്നു.’
ഈ ദുആകളെല്ലാം സ്വീകരിക്കപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മൾ നബിതിരുമേനി (സ) യുടെ പേരിൽ അനേകായിരം സ്വലാത്തുകൾ ചൊല്ലിക്കൊണ്ടിരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ നമ്മുടെ ദുആകൾ സ്വീകാര്യതയുടെ ഘട്ടത്തിലേക്ക് എത്തുകയുള്ളൂ.
ഈ ദുആകളെല്ലാം അർപ്പിക്കുന്നതിനും അവ ആത്മാർഥതയോടെ നിർവഹിക്കുന്നതിനും നമ്മുടെ സ്വന്തം വാക്കുകളിൽ ദുആ ചെയ്യുന്നതിനും നമ്മളെ പ്രാപ്തരാക്കട്ടെയെന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി.
ഹൃദയാന്തരാളങ്ങളിൽ നിന്ന് പ്രഭാവം പുറപ്പെടുന്ന യഥാർത്ഥ അസ്വസ്ഥതയും ഗതിമുട്ടിയവന്‍റെതായ അവസ്ഥയും നമ്മുടെ ദുആകളിൽ സ്ഥാപിക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ. റമദാന്‍റെ അനുഗ്രഹങ്ങൾ എന്നെന്നും നിലനില്ക്കുന്നതിന് വേണ്ടി നാം ദു ആ ചെയ്യേണ്ടതാണ്. ഈ ജുമുഅ നമസ്‌കാരത്തിന്‍റെയും തുടർന്നുള്ള എല്ലാജുമുഅ നമസ്‌കാരത്തിന്‍റെയും അനുഗ്രഹങ്ങൾ നമുക്ക് തുടർന്നും ലഭിക്കുമാറാകട്ടെ.
ലോകജനതയ്ക്കു വേണ്ടിയുള്ള ദുആകൾ
ലോകത്ത് പലയിടങ്ങളിലുമായി തങ്ങളു ടെവിശ്വാസത്തിന്‍റെ പേരിൽ തടവിലാക്കപ്പെട്ടവർക്കുവേണ്ടി, അവരുടെ മോചനത്തിനുള്ള മാർഗം അല്ലാഹു ഒരുക്കുന്നതിന് വേണ്ടി ദുആ ചെയ്യാൻ ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്യുകയുണ്ടായി. യുദ്ധത്തിന്‍റെ ദൂഷ്യഫലങ്ങളിൽനിന്ന് അല്ലാഹു നമ്മെയും നമ്മുടെ ഭാവിതലമുറകളെയും രക്ഷിക്കട്ടെ. നാം ഒരു യുദ്ധത്തിന്‍റെ വക്കിലാണ്, വാസ്തവത്തിൽ ഒരുലോകയുദ്ധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, ലോക നേതാക്കൾ ആശങ്കപ്പെടുന്നില്ല, കാരണം ആളുകൾ മരിക്കുമ്പോൾ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ, ഈ നേതാക്കളും സുരക്ഷിതരല്ല. ജന സമൂഹത്തെ കബളിപ്പിക്കുന്ന മസീഹിദജ്ജാലിന്‍റെ തന്ത്രങ്ങളാണിവ. ആളുകൾ ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു, എന്തായാലും ഈ തന്ത്രങ്ങൾ ആളുകളെ ദൈവത്തിൽനിന്ന്‍ വഴിതെറ്റിച്ചു. ഇതിന്‍റെ ആത്യന്തിക ഫലം ദൈവകോപമായിരിക്കും. അതിനാൽ, ഈ തന്ത്രങ്ങളിൽ നിന്നെല്ലാം സുരക്ഷിതരായിരിക്കാൻ അഹ്‌മദികൾ പ്രത്യേകമായി ദുആ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു, യുദ്ധം ഫലസ്തീൻ അതിർത്തികൾ കടന്നിരിക്കുന്നു, ഉദാഹരണത്തിന്, സിറിയയിൽ ഇറാനിയൻ എംബസി ആക്രമിക്കപ്പെട്ടു. ഇത് ഏത് നിയമത്തിനു കീഴിലും വലിയകുറ്റമാണ്. ഇസ്രായേൽ ആണ് കുറ്റവാളി എന്നതുകൊണ്ടു മാത്രമാണോ ലോകം നിശ്ശബ്ദമായത്.എന്നിരുന്നാലും ഇത് യുദ്ധം കൂടുതൽ വ്യാപിപ്പിക്കും. സഹായ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മാത്രമാണ് ശബ്ദം ഉയർന്നത്. എന്നാൽ നിരപരാധികളായ ഫലസ്തീനികളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ ഇതേ ആളുകൾ നിശ്ശബ്ദരായിരുന്നു. വേദന എന്താണെന്ന് ഇപ്പോൾ അവർക്ക് മനസ്സിലായി.
അല്ലാഹു മനുഷ്യരാശിയെ സംരക്ഷിക്കുകയും പ്രാർഥനയിൽ നീതിപുലർത്താൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന് വേണ്ടി നാം ദു ആ ചെയ്തുകൊണ്ടിരിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
0 Comments