ഫെബ്രുവരി 12, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 9 ഫെബ്രുവരി 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് പറഞ്ഞു. ഉഹുദ് യുദ്ധ വേളയിൽ അബൂസുഫ്‌യാൻ വിഗ്രഹങ്ങളെ പ്രകീര്‍ത്തിച്ചതും, നബിതിരുമേനി(സ)യുടെ പ്രതികരണവും അല്ലാഹുവിന്‍റെ മഹത്ത്വം വാഴ്ത്താനുള്ള നിര്‍ദേശത്തെയും കുറിച്ചാണ് പരാമര്‍ശിച്ചു കൊണ്ടിരുന്നത്.
ഉഹുദ് യുദ്ധ വേളയിൽ അബു സുഫ്‌യാന്റെ് മുദ്രാവാക്യങ്ങളോടുള്ള പ്രതികരണം
ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) ഈ സംഭവം ഇപ്രകാരം വിവരിക്കുന്നു.
‘നബിതിരുമേനി(സ) കൊല്ലപ്പെട്ടുവെന്ന വ്യാജവാര്‍ത്ത അബൂസുഫിയാൻ പ്രഖ്യാപിച്ചപ്പോൾ നബിതിരുമേനി(സ) തന്‍റെ അനുചരന്മാരോട് നിശ്ശബ്ദരായിരിക്കാൻ നിര്‍ദേശം നല്കി. ഹദ്‌റത്ത് അബൂബക്കറിന്‍റെയും(റ) ഹദ്‌റത്ത് ഉമറിന്‍റെയും(റ) രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വ്യാജപ്രഖ്യാപനമുണ്ടായപ്പോഴും നബിതിരുമേനി(സ) അതേ നിര്‍ദേശം തന്നെയാണ് നല്കിയത്. എന്നാൽ അബൂസുഫ്‌യാൻ വിഗ്രഹങ്ങളെ പ്രകീര്‍ത്തിക്കാൻ തുടങ്ങിയപ്പോൾ, ദൈവത്തിന്‍റെ മഹത്വം ചോദ്യം ചെയ്യപ്പെടുന്നതിനാൽ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, യഥാര്‍ഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ)അനുചരന്മാരോട് നിര്‍ദേശിച്ചു.
ഹദ്‌റത്ത് ഹന്ദ്വ ലയുടെയും ഹദ്‌റത്ത് സഅദ് ബിൻ റബീഇന്റേയും രക്തസാക്ഷിത്വങ്ങൾ
ഹദ്‌റത്ത് ഹന്‍ദ്വല(റ) ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായി. യുദ്ധം ആരംഭിച്ചതിന്‍റെ തലേദിവസമാണ് അദ്ദേഹം വിവാഹിതനായത്. യുദ്ധക്കളത്തിൽ മലക്കുകൾ അദ്ദേഹത്തിന്‍റെ ശരീരം കഴുകുന്നത് നബിതിരുമേനി(സ) കാണുകയുണ്ടായി.
ഹദ്‌റത്ത് സഅദ് ബിൻ റബീഅയും(റ) ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായി. യുദ്ധക്കളത്തിൽ നിന്ന് സഅദിനെ(റ) കണ്ടെത്താൻ നബിതിരുമേനി(സ) നിര്‍ദേശം നല്കി. ഒരു അനുചരൻ അദ്ദേഹത്തെ അന്വേഷിച്ച് പോയി. സഅദ്(റ)യെ കണ്ടപ്പോൾ, നബിതിരുമേനി(സ) അദ്ദേഹത്തെ അന്വേഷിക്കുന്നു എന്ന് പറഞ്ഞു. ഹദ്‌റത്ത് സഅദ്(റ) നബിതിരുമേനി(സ)ക്ക് തന്‍റെ ‘സലാം’ അറിയിക്കാനും കുന്തങ്ങൾ കൊണ്ടുള്ള 12 പ്രഹരങ്ങൾ തനിക്ക് ഏല്‍ക്കേണ്ടി വന്നെന്നും എന്നാൽ യുദ്ധത്തിൽ തന്നോട് മുഖാമുഖം വന്നവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നും നബിതിരുമേനി(സ)യെ അറിയിക്കാനും ആവശ്യപ്പെട്ടു. നബിതിരുമേനി(സ) രക്തസാക്ഷിത്വം വരിക്കുകയും നിങ്ങൾ ജീവനോടെയിരിക്കുകയും ചെയ്യുക എന്ന അവസ്ഥ ഉണ്ടാകരുത് മറിച്ച് നബിതിരുമേനി(സ)യുടെയും ഇസ്‌ലാമിന്‍റെയും സംരക്ഷണത്തിനായി ജീവൻ വെടിയണമെന്ന് തന്‍റെ ജനത്തോട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
മരണാസന്നമായ അവസ്ഥയിലും നബിതിരുമേനി(സ)യുടെ അനുചരന്മാരുടെ ആവേശം ഇതായിരുന്നു. ഇതിനുശേഷം ഹദ്‌റത്ത് സഅദ്(റ) വഫാത്താവുകയും രക്തസാക്ഷിയാവുകയും ചെയ്തു. ഈ വാര്‍ത്ത കേട്ടപ്പോൾ നബിതിരുമേനി(സ) ഹദ്‌റത്ത് സഅദ്(റ)യുടെ മേൽ അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും തന്‍റെ ജീവിതത്തിലും മരണത്തിലും അദ്ദേഹം അല്ലാഹുവിന്‍റെയും റസൂലിന്‍റെയും അഭ്യുദയകാംക്ഷിയായിരുന്നുവെന്ന് പറയുകയും ചെയ്തു.
അവിശ്വാസികളുടെ യുദ്ധത്തിലെ ക്രൂരമായ പ്രവൃത്തികൾ
ഹദ്‌റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
“നബിതിരുമേനി(സ)യും യുദ്ധക്കളത്തിലേക്ക് ഇറങ്ങി. രക്തസാക്ഷികളുടെ മൃതദേഹം ശുശ്രൂഷിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് മുസ്‌ലിങ്ങൾ കണ്ട കാഴ്ച അതിഭയാനകമായിരുന്നു. എഴുപതോളം മുസ്‌ലിങ്ങൾ പൊടിയും ചോരയും പറ്റി യുദ്ധക്കളത്തിൽ കിടക്കുകയായിരുന്നു. ആ ശരീരങ്ങളിൽ മുഥ്‌ലഹ് എന്ന മൃതശരീരം വികൃതമാക്കുന്ന പ്രാകൃത അറബ് അനാചാരത്തിന്‍റെ ഭയാനകമായ ചെയ്തികൾ ദൃശ്യമായിരുന്നു.
രക്തസാക്ഷികളായിരുന്നവരിൽ ആറ് മുഹാജിറുകളേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം അന്‍സാർ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ഖുറൈശികളിൽ നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിമൂന്നായിരുന്നു. നബിതിരുമേനി(സ) തന്‍റെ പിതൃസഹോദരനായ ഹംസ ബിൻ അബ്ദിൽ മുത്തലിബ്(റ) യുടെ മൃതദേഹത്തിന് അടുത്തെത്തിയപ്പോൾ അബൂസുഫ്‌യാന്‍റെ ക്രൂരയായ ഭാര്യ ഹിന്ദ് അദ്ദേഹത്തിന്‍റെ മൃതദേഹം ക്രൂരമായി നശിപ്പിച്ചത് കണ്ട് സ്തബ്ധനായി നിന്ന് പോയി. കുറച്ചു നേരം, നബിതിരുമേനി(സ) അവിടെ നിശ്ശബ്ദനായി നിന്നു, അദ്ദേഹത്തിന്‍റെ മുഖത്ത് സങ്കടത്തിന്‍റെയും ദേഷ്യത്തിന്‍റെയും ലക്ഷണങ്ങൾ പ്രകടമായിരുന്നു. പക്ഷെ പ്രവാചകൻ അങ്ങേയറ്റം ക്ഷമ അവലംബിച്ചു. ഇതിനുശേഷം, പ്രവാചകൻ (സ) ഇസ്‌ലാമിൽ മുഥ്‌ലഹ് എന്ന ആചാരം എന്നെന്നേക്കുമായി നിരോധിക്കുകയും ശത്രുക്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും, എന്നാൽ മുസ്‌ലിങ്ങൾ അത്തരം അനാചാരങ്ങളിൽ നിന്ന് വിട്ടുനില്‍ക്കണമെന്നും പറഞ്ഞു. നന്മയുടെയും ദയയുടെയും മാര്‍ഗ്ഗം പിന്തുടരാനും നിര്‍ദേശം നല്കി.” [സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 344-345]
ഹദ്‌റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ്(റ) തുടര്‍ന്ന് എഴുതുന്നു:
“ഖുറൈശികൾ മറ്റു സഹാബികളുടെ ശരീരത്തോടും ഏറിയും കുറഞ്ഞും ഇതേ പ്രാകൃതമായ രീതിയിൽ പെരുമാറിയിരുന്നു. നബിതിരുമേനി(സ)യുടെ പിതൃസഹോദരൻ അബ്ദുല്ലാഹിബ്നു ജഹശ്(റ)യുടെ ശരീരവും വളരെയധികം വികൃതമാക്കിയിരുന്നു. നബിതിരുമേനി(സ)ഓരോ മൃതശരീരം പരിശോധിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മുഖത്ത് വേദനയുടെ ലക്ഷണങ്ങൾ കൂടുതൽ കൂടുതൽ പ്രകടമായികൊണ്ടിരുന്നു.” [സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് : 345]
ഹദ്‌റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു,
തന്‍റെ മരണാസന്നമായ അവസ്ഥയിലും, ഹദ്‌റത്ത് സഅദ് (റ) തന്‍റെ വിയോഗത്തിന് ശേഷം തന്‍റെ കുടുംബത്തെ ആരു പരിപാലിക്കുമെന്ന ചിന്തയോ ആശങ്കയോ അല്ല പ്രകടിപ്പിച്ചത്. പകരം, അദ്ദേഹത്തിന്‍റെ ഏക ആശങ്കയും അവസാന വാക്കുകളും നബിതിരുമേനി(സ)യെ സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു.
നബിതിരുമേനി(സ)യോടുള്ള അതിരറ്റ സ്നേഹത്തിന്‍റെ ഈ പ്രകടനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. അല്ലാഹു നമ്മുടെ ഉള്ളിലും നബിതിരുമേനി(സ)യോടുള്ള ഈ സ്നേഹം സംജാതമാക്കുമാറാകട്ടെ. അത്തരം ചിന്താരീതികൾ അവലംബിക്കുമ്പോൾ ദൈവവുമായുള്ള നമ്മുടെ ബന്ധം വര്‍ദ്ധിക്കും. കൂടാതെ നമ്മുടെ ബലഹീനതകൾ ഇല്ലാതാക്കാൻ ആത്മാര്‍ഥമായി പരിശ്രമിക്കുകയും തല്‍ഫലമായി നമ്മുടെ ആരാധനകളിലും ധാര്‍മിക പെരുമാറ്റത്തിലും ശീലങ്ങളിലും യഥാര്‍ഥ ഇസ്‌ലാമിക ചൈതന്യം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതാണ്.
മരണപ്പെട്ടവരെ കുറിച്ചുള്ള അനുസ്മരണവും അവര്ക്ക്ബ വേണ്ടിയുള്ള ജനാസ നമസ്‌കാരവും
ഡോ മന്‍സൂർ ഷബൂതി
യമനിലെ ഡോ മന്‍സൂർ ഷബൂതി സാഹിബിനെയായിരുന്നു ഖലീഫാ തിരുമനസ്സ് ആദ്യം അനുസ്മരിച്ചത്. അദ്ദേഹം യമനിൽ അഹ്‌മദിയ്യ വിശ്വാസത്തിന്‍റെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. ജയിലിൽ വച്ച് തന്നെയാണ് അദ്ദേഹം വഫാത്തായത്. ഈ രീതിയിൽ, വിശ്വാസത്തിന്‍റെ പേരിൽ തടവിലായതിനാൽ, അദ്ദേഹത്തെ രക്തസാക്ഷിയായി കണക്കാക്കുന്നു. അതുപോലെ, യമനിലെ ആദ്യത്തെ അഹ്‌മദി രക്തസാക്ഷിയാണ് അദ്ദേഹം. അദ്ദേഹത്തിന് പ്രായമായ ഉമ്മയും ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്. യമനിലെ ഭൂരിഭാഗം അഹ്‌മദി പുരുഷന്മാരും തടവിലായതിനാൽ, അഹ്‌മദികളല്ലാത്തവരാണ് യമനിൽ അദ്ദേഹത്തിന്‍റെ ജനാസ നമസ്‌കരിച്ചത്.
അദ്ദേഹത്തിന്‍റെ പിതാവ് യമനിലെ ആദ്യ അഹ്‌മദിയാണ്. അദ്ദേഹത്തിന്‍റെ മകൻ വിവരിക്കുന്നു: നിയമപാലകർ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും തലയിൽ തോക്ക് വച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ പിതാവിന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടുണ്ട് എന്ന് പറയുകയുമുണ്ടായി. മന്‍സൂർ ഷബൂതി സാഹിബ് ഇത് നിഷേധിച്ചു. തന്‍റെ പക്കലുള്ളത് സ്വന്തം അധ്വാനത്തിന്‍റെ ഫലമാണെന്നും വിദേശത്ത് നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യ ശക്തികളിൽ നിന്ന് പണം വാങ്ങുകയും ഇസ്‌ലാമിനെതിരെ നടത്തുന്ന അജണ്ടയുടെ ഭാഗമാണിതെന്നും പറഞ്ഞ് നാമമാത്ര മൗലവിമാർ മദികള്‍ക്കെതിരെ സാധാരണ ഉന്നയിക്കാറുള്ള ഒരാരോപണമാണിതെന്ന് ഖലീഫാ തിരുമനസ്സ് സൂചിപ്പിച്ചു. അതേസമയം, ഇസ്‌ലാമിന്‍റെ സന്ദേശം ലോകത്ത് പ്രചരിപ്പിക്കുന്നതിനും മനുഷ്യരാശിയെ സേവിക്കുന്നതിനുമായി ഓരോ അഹ്‌മദിയും സാമ്പത്തിക ത്യാഗങ്ങൾ ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. മന്‍സൂർ ഷബൂത്തി സാഹിബിനെ തടവിലാക്കിയ മുറി പിന്നീട് കാണിച്ചുകൊടുത്തുവെന്നും പലപ്പോഴും പ്രാര്‍ഥനയിൽ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് കാവല്‍ക്കാർ പറഞ്ഞതായും മന്‍സൂർ ഷബൂതി സാഹിബിന്‍റെ ഭാര്യ പറഞ്ഞു. വിദേശത്ത് നിന്ന് അഹ്‌മദിയ്യാ ജമാഅത്ത് അദ്ദേഹത്തിന് പണം അയക്കുകയും പിന്നീട് അത് അദ്ദേഹം മലേഷ്യൻ സൈന്യത്തിന് നല്കിയെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയതെന്ന് അവർ സ്ഥിരീകരിച്ചു. അവർ കെട്ടിച്ചമച്ച വ്യാജാരോപണങ്ങളാണ് ഇവ. അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയായിരുന്നില്ലെന്നും അദ്ദേഹത്തെ വിട്ടയക്കാൻ പോകുകയായിരുന്നെന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്‍റെ സഹോദരൻ എഴുതുന്നു. അദ്ദേഹം വളരെ ദയയോട് കൂടി വര്‍ത്തിക്കുന്ന ആളായിരുന്നു. വിദ്യാസമ്പന്നനായിരുന്നു. നമസ്‌കാരം കൃത്യമായി അനുഷ്ഠിച്ചിരുന്നു. നിത്യവും ഖുര്‍ആൻ പാരായണം ചെയ്യുമായിരുന്നു. ദാനശീലമുള്ള ആളായിരുന്നു. ദരിദ്രരെയും ആവശ്യക്കാരെയും സൗജന്യമായി ചികിത്സിക്കുമായിരുന്നു.
ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് വളരെയധികം ആവേശമായിരുന്നു. അദ്ദേഹം ജോര്‍ദാനിലാണ് പി.എച്ച്.ഡി ചെയ്തത്. അവിടെ ആയിരുന്നപ്പോൾ അദ്ദേഹം എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഒരുമണിക്കൂർ യാത്ര ചെയ്യുമായിരുന്നു. അഹ്‌മദി അല്ലാത്തവരുള്‍പ്പെടെ എല്ലാ ബന്ധുക്കളുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തുമായിരുന്നു. അഹ്‌മദികള്‍ക്കും അനഹ്‌മദികള്‍ക്കും ഒരുപോലെ അദ്ദേഹം പ്രിയങ്കരനായിരുന്നു. യമനിലെ ഡോക്ടര്‍മാരുടെ യൂണിയനും അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ നഷ്ടത്തിന്‍റെ വളരെ വലുതാണെന്ന് അറിയിക്കുകയും ചെയ്തു. മനുഷ്യരാശിയെ സേവിക്കുന്നതിനായി അദ്ദേഹം തന്‍റെ ജീവിതം ചെലവഴിച്ചു, ദൈവം അദ്ദേഹത്തിന്‍റെ കൈകളിൽ രോഗശാന്തി നല്കി. അദ്ദേഹം കാരണം അഹ്‌മദിയ്യത്ത് യമനിൽ വളരെയധികം വ്യാപിച്ചു.
അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തോട് കാരുണ്യത്തോട് കൂടി പെരുമാറട്ടെ. അദ്ദേഹത്തിന്‍റെ സ്ഥാനം ഉയര്‍ത്തുമാറാകട്ടെ. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെ. യമനിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന അഹ്‌മദികളുടെ വേഗത്തിലുള്ള മോചനത്തിനായും ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിക്കുകയുണ്ടായി.
സലാഹുദ്ദീൻ മുഹമ്മദ് സ്വാലിഹ് അബ്ദുൾ ഖാദർ ഓദേഹ്
സലാഹുദ്ദീൻ മുഹമ്മദ് സ്വാലിഹ് അബ്ദുൾ ഖാദർ ഓദെഹ് കബാബീർ ദേശീയ അധ്യക്ഷനായ ശരീഫ് ഓദേഹ് സാഹിബിന്‍റെ പിതാവാണ്. അദ്ദേഹത്തിന് ഭാര്യയും മൂന്ന് ആണ്‍മക്കളും ഉണ്ട്, മുഹമ്മദ് ഷെരീഫ് ഓദേഹ്, മുനീർ ഓദേഹ്, അമീർ ഓദേഹ്, കൂടാതെ മനൽ ഓദേഹ് എന്ന മകളും. അദ്ദേഹത്തിന്‍റെ രണ്ട് പേരക്കുട്ടികൾ ജാമിഅ അഹ്‌മദിയ്യയിൽ പഠിക്കുന്നു. അദ്ദേഹം അഹ്‌മദീ കുടുംബത്തിലാണ് ജനിച്ചത്. പിതാവും മുത്തച്ഛനും മുതുമുത്തച്ഛനും എല്ലാവരും അഹ്‌മദികളായിരുന്നു.
ചെറുപ്പത്തിൽ കൊടും തണുപ്പ് കാരണം ഒരിക്കൽ ബോധരഹിതനായി വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അവൻ ജീവിച്ചാലും കുട്ടികളുണ്ടാകില്ലെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍മാർ വളരെ ഇരുണ്ട ഒരു ചിത്രം അവതരിപ്പിച്ചു. രണ്ടാമത്തെ ഖലീഫയായ മിര്‍സാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ)ന് ദുആക്ക് വേണ്ടി കത്തയക്കുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം വിവാഹം കഴിക്കുകയും അദ്ദേഹത്തിന് കുട്ടികളുണ്ടാവുകയും ചെയ്തു.
ജമാഅത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിൽ മുന്‍പന്തിയിലായിരുന്ന അദ്ദേഹത്തിന് വാഗ്ദത്ത മസീഹിന്‍റെ അതിഥികളെ സേവിക്കുന്നതിൽ വലിയ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ആതിഥ്യമര്യാദ വളരെ പ്രശസ്തമായിരുന്നു, അദ്ദേഹത്തിന്‍റെ അതിഥിസല്‍ക്കാരം അനുഭവിക്കാനായി ആളുകൾ അദ്ദേഹത്തോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുമായിരുന്നു. ദരിദ്രരെയും പരിപാലിച്ചിരുന്നു. കുടുംബം ഉപേക്ഷിച്ചുപോയ നവ അഹ്‌മദികളോട് അദ്ദേഹം സ്‌നേഹനിധിയായ പിതാവിനെ പോലെ പെരുമാറിയിരുന്നു. ജമാഅത്തിന്‍റെ സാഹിത്യങ്ങൾ പാരായണം ചെയ്യുന്നതിൽ അതീവ താല്പര്യമായിരുന്നു. അദ്ദേഹം അങ്ങേയറ്റം വിനയാന്വിതനായിരുന്നു, എളിമയാര്‍ന്ന അദ്ദേഹത്തിന്‍റെ സേവന രീതി കാരണം അദ്ദേഹം ദേശീയ അദ്ധ്യക്ഷന്‍റെ പിതാവാണെന്ന് ആര്‍ക്കും പറയാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ മകൻ മുറിയിലേക്ക് കടന്നു വരുമ്പോൾ ബഹുമാനസൂചകമായി അദ്ദേഹം എഴുന്നേറ്റ് നില്‍ക്കുമായിരുന്നു.
പ്രായമേറിയിട്ടും അദ്ദേഹം വളരെയധികം അഭിനിവേശത്തോടെ പ്രവര്‍ത്തിച്ചു. യുവതലമുറയിൽ പോലും അത്തരമൊരു അഭിനിവേശം അപൂര്‍വമായി മാത്രമേ കണ്ടിരുന്നുള്ളൂ. മസ്ജിദിൽ നിന്നോ മിഷൻ ഹൗസിൽ നിന്നോ പഴയ സാധനങ്ങൾ വലിച്ചെറിയാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. പകരം അവ നന്നാക്കി വീണ്ടും ഉപയോഗ യോഗ്യമാക്കും.
ഈ രീതി എല്ലാ സ്ഥലത്തും നടപ്പിൽ വരുത്തേണ്ടതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അദ്ദേഹം കൃത്യമായി തഹജ്ജുദ് അനുഷ്ഠിക്കുമായിരുന്നു. അദ്ദേഹത്തിന് അല്ലാഹുവിൽ ദൃഢവിശ്വാസമായിരുന്നു. ഖിലാഫത്തിനോട് അതിരറ്റ സ്നേഹവുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കാരുണ്യത്തോട് കൂടി പെരുമാറുകയും ചെയ്യട്ടെ. അദ്ദേഹത്തിന്‍റെ സ്ഥാനം ഉയര്‍ത്തുമാറാകട്ടെ. അദ്ദേഹത്തിന്‍റെ കുടുംബ അംഗങ്ങള്‍ക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യുമാറാകട്ടെ. അദ്ദേഹത്തിന്‍റെ നന്മകൾ നിലനിര്‍ത്താൻ അവര്‍ക്ക് സാധിക്കട്ടെ.
രഹന ഫര്‍ഹത്ത് സാഹിബ
റബ്‌വയിൽ നിന്നുള്ള മിഷനറി കറാമത്തുല്ലാഹ് ഖാദിമിന്‍റെ ഭാര്യയായിരുന്നു രഹന ഫര്‍ഹത്ത് സാഹിബ. ഭര്‍ത്താവും ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. അവരുടെ മകൻ സ്പെയിനിൽ മിഷനറിയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ അദ്ദേഹത്തിന് ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ മരുമകനും ടാന്‍സാനിയയിൽ മിഷനറിയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. അവർ വളരെ ദാനശീലമുള്ളവരായിരുന്നു. വളരെ നന്ദിയുള്ളവരും സംതൃപ്തയുമായിരുന്നു. വളരെ കഠിനാധ്വാനിയായാണ് അറിയപ്പെട്ടിരുന്നത്. ജീവിതം സേവനത്തിന് വേണ്ടി മാറ്റിവെച്ച ഒരാളോടൊപ്പം താമസിക്കുമ്പോഴുണ്ടാകുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ച് അവർ ഒരിക്കലും പരാതിപ്പെട്ടില്ല.
ഐച്ഛികമായ നമസ്‌കാരങ്ങൾ വളരെ ശ്രദ്ധയോടെ അനുഷ്ഠിച്ചിരുന്നു. വളരെ അത്ഭുതകരമായ നിലയിൽ പൂര്‍ത്തിയാകുന്ന ഒരുപാട് സത്യസ്വപ്നങ്ങൾ അവർ കാണാറുണ്ടായിരുന്നു. ജീവിത സമര്‍പ്പണത്തിന്‍റെ പ്രതിജ്ഞ പൂര്‍ണ ആത്മാര്‍ഥതയോടെ നിറവേറ്റാൻ അവർ എപ്പോഴും മകനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഖലീഫാ തിരുമനസ്സ് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് പറഞ്ഞു, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ കാരുണ്യത്തോടെ പെരുമാറട്ടെ. അവരുടെ സ്ഥാനം ഉയര്‍ത്തുമാറാകട്ടെ. അവരുടെ കുടുംബത്തിന് ക്ഷമയും ശക്തിയും പ്രദാനം ചെയ്യുമാറാകട്ടെ.
ദൈവത്തിന്‍റെ മഹത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. യഥാർഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ) അനുചരന്മാരോട് നിര്‍ദേശിച്ചു.
കുറിപ്പുകള്‍
[1]
ബാക്കി ഭാഗം. ഫോര്‍മാറ്റില്‍ എഴുതുക.
“കോട്ടുകള്‍ ഈ ഫോര്‍മാറ്റില്‍ .”
0 Comments