തിരുനബി(സ)യുടെ ജീവിതം: ആദ്യകാല സൈനിക നീക്കങ്ങള്‍

ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.

തിരുനബി(സ)യുടെ ജീവിതം: ആദ്യകാല സൈനിക നീക്കങ്ങള്‍

ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.

ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 9 ജൂണ്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ജൂണ്‍ 12, 2023

തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് പറഞ്ഞു, കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുത്ബയിൽ, നബി(സ)യുടെ ഹിജ്‌റയ്ക്ക് ശേഷമുള്ള വിവിധ സാഹചര്യങ്ങളും ബദ്ർ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അവിശ്വാസികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും പരാമർശിക്കപ്പെട്ടിരുന്നു. ഇന്ന് ബദ്ർ യുദ്ധത്തിന് മുമ്പ് നടന്ന ചില സൈനിക നീക്കങ്ങളും, മക്കയിലെ അവിശ്വാസികളായ ജനങ്ങൾക്കെതിരായ യുദ്ധത്തിന് മുസ്‌ലിങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും പരാമർശിക്കുന്നതായിരിക്കും.

സീഫുൽ ബഹ്ർ സൈനിക നീക്കം

ഹദ്‌റത്ത് ഹംസ(റ)യുടെ നേതൃത്വത്തിൽ ഹിജ്റ 1 റമദാനിൽ 30 സഹാബിമാരുടെ സംഘത്തെ അയക്കുകയുണ്ടായി. മദീനയിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ഈസിലേക്കാണ് ഈ ചെറുസംഘം യാത്ര ചെയ്തത്. കച്ചവടസംഘങ്ങൾ പലപ്പോഴും ഇതുവഴി കടന്നുപോകുമായിരുന്നു. ഇവർ അവിടെ എത്തിയപ്പോൾ മക്കക്കാരായ ഒരു സംഘം കടന്നുപോകുന്നുണ്ടായിരുന്നു. യുദ്ധത്തിന്‍റെ വക്കിലെത്തിയെങ്കിലും അത് ഒഴിവാക്കപ്പെട്ടു.

ഉബൈദ ബിൻ ഹാരിസിന്‍റെ നേതൃത്വത്തിൽ നടന്ന നീക്കം

ഹിജ്റ 1 ശവ്വാൽ മാസത്തില്‍ ഉബൈദ ബിൻ ഹാരിസ്(റ)ന്‍റെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് അടുത്തതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അറുപത് മുസ്‌ലിങ്ങളെ സനിയ്യാത്ത് അൽ-മുറയിലേക്ക് അയച്ചു. അവിടെ വെച്ച് മുസ്‌ലിങ്ങൾ ഒരു കൂട്ടം മക്കക്കാരെ കണ്ടുമുട്ടി. യുദ്ധമുണ്ടായില്ലെങ്കിലും അസ്ത്രങ്ങളുടെ കൈമാറ്റം നടന്നു. ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലാത്തതിനാൽ, ഇസ്‌ലാമിലെ ആദ്യത്തെ അസ്ത്രം എയ്ത ബഹുമതി ഹദ്‌റത്ത് സഅ്ദ് ബിൻ അബീ വഖാസ്(റ)ന് ആയിരുന്നു.

സഅ്ദ് ബിൻ അബി വഖാസിന്‍റെ നേതൃത്വത്തിൽ നടന്ന സൈനിക നീക്കം

ചിലരുടെ അഭിപ്രായത്തിൽ, ഇത് ഹിജ്റ ഒന്നാം വര്‍ഷമാണ്‌ നടന്നത്. മറ്റുള്ളവർ പറയുന്നത് ഇത് ഹിജ്റ രണ്ടാം വര്‍ഷം നടന്നതാണെന്നാണ്. ഹദ്‌റത്ത് സഅ്ദ് ബിൻ അബി വഖാസ്(റ)ന്‍റെ നേതൃത്വത്തിൽ ഇരുപത് മുസ്‌ലിങ്ങളെ ഖരാർ താഴ്‌വര കടക്കരുതെന്ന നിർദ്ദേശത്തോടെ അയച്ചു. ഖുറൈശികളുടെ ഒരു കച്ചവടസംഘത്തെ തടയുക എന്നതായിരുന്നു അവരുടെ ഉദ്ദേശം, എന്നിരുന്നാലും, അവിടെ എത്തിയപ്പോൾ ആ സംഘം കടന്നു പോയിട്ടുണ്ടായിരുന്നു.

മുഹമ്മദ് നബി(സ) പങ്കെടുത്ത ആദ്യ സൈനിക നീക്കം

ഹിജ്റ 2ൽ നടന്ന മറ്റൊരു സൈനിക നീക്കമാണ് വദ്ദാൻ എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മുഹമ്മദ് നബി(സ) പങ്കെടുത്ത ആദ്യ സൈനിക നീക്കമായിരുന്നു ഇതെന്ന് ചരിത്രകാരന്മാർ പറയുന്നു. മുഹമ്മദ് നബി(സ) മദീനയുടെ നേതാവായി ഹദ്‌റത്ത് സഅ്ദ് ബിൻ ഉബാദ(റ)യെ നിയമിച്ചു. ഖുറൈശികളുടെ ഒരു കച്ചവടസംഘത്തെ തടയുക എന്നതായിരുന്നു ഈ നീക്കത്തിന്‍റെ ലക്ഷ്യം. എന്നാൽ അവർക്ക് അവരെ കാണാൻ സാധിച്ചില്ല. എന്നിരുന്നാലും, ഈ യാത്രയിൽ മുഹമ്മദ് നബി(സ) ബനൂ ദംറയുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. ഈ നീക്കം 15 ദിവസം നീണ്ടുനിന്നു. മക്കയ്ക്കും മദീനയ്ക്കും ഇടയിലും ജുഹ്ഫയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുമുള്ള ഒരു സ്ഥലമാണ് വദ്ദാൻ.

ഉംറയ്‌ക്ക് പോകുമ്പോൾ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും ചരിത്രവുമായി പരിചയപ്പെടാൻ വേണ്ടിയാണ് ഈ സംഭവങ്ങൾ നടന്ന വിവിധ സ്ഥലങ്ങളുടെ വിശദാംശങ്ങൾ താൻ നൽകുന്നതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ബുവാത്ത് സൈനിക നീക്കം

ഹിജ്റ 2 റബീഉൽ അവ്വലിൽ നടന്ന മറ്റൊരു നീക്കമാണ് ബുവാത്ത്. മുഹമ്മദ് നബി(സ)യും ഇതിൽ പങ്കെടുത്തു. അദ്ദേഹത്തിന് പകരം ഹദ്‌റത്ത് സഅ്ദ് ബിൻ മുആദ്(റ) മദീനയുടെ നേതാവായി. 100 ഖുറൈശികളും 500 ഒട്ടകങ്ങളും അടങ്ങുന്ന ഖുറൈശികളുടെ ഒരു കച്ചവടസംഘത്തെ തടയാൻ വേണ്ടി രണ്ട് സഹാബികളോടൊപ്പം മുഹമ്മദ് നബി(സ) പുറപ്പെട്ടു. ബുവാത്തിൽ എത്തിയപ്പോൾ, യാത്രാസംഘം കടന്നുപോയെന്ന് അവർ മനസ്സിലാക്കി. അങ്ങനെ മദീനയിലേക്ക് മടങ്ങി. മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ബുവാത്ത് സ്ഥിതി ചെയ്യുന്നത്.

ദുൽ ഉശൈറ

ഖുറൈശികളുടെ ഒരു കച്ചവടസംഘം മക്കയിൽ നിന്നും പുറപ്പെട്ടതായി മുഹമ്മദ് നബി(സ)ക്ക് അറിവ് ലഭിച്ചു. കച്ചവടലാഭം മുഴുവൻ മുസ്‌ലിങ്ങളെ ആക്രമിക്കുന്നതിന് വേണ്ടി ചെലവഴിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഹിജ്റ 2ൽ തിരുനബി(സ) 150-200 മുസ്‌ലിങ്ങളോടൊപ്പം അവരെ തടയുന്നതിന് വേണ്ടി ഉശൈറയിലേക്ക് പുറപ്പെട്ടു. എന്നാൽ അവർക്ക് ആ കച്ചവടസംഘത്തെ കാണാൻ സാധിച്ചില്ല.

ചുരുക്കത്തിൽ മക്കയിലെ ഖുറൈശികൾ മദീനയിൽ ആക്രമണം നടത്തി മുസ്‌ലിങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ പല രീതിയിൽ പദ്ധതിയിട്ടിരുന്നതായി തെളിയുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങൾ നടത്തിയത്. അവിശ്വാസികളുടെ ഭാഗത്ത് നിന്നാണ് യുദ്ധത്തിന്‍റെ തിരികൊളുത്തപ്പെട്ടതെന്ന് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്(റ)ന്‍റെ ഗ്രന്ഥത്തിലെ ഉദ്ധരണി സമർപ്പിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് വിശദീകരിക്കുകയുണ്ടായി.

ബദ്ർ യുദ്ധം

പിന്നീട് വിശുദ്ധ ഖുർആനിൽ സത്യാസത്യ വിവേചന ദിവസം എന്ന് വിളിക്കപ്പെട്ട ബദ്‌ർ യുദ്ധം നടന്നു.

1000 ഒട്ടകങ്ങൾ അടങ്ങുന്ന ഖുറൈശികളുടെ ഒരു കച്ചവടസംഘവുമായി സിറിയയിൽ നിന്ന് അബൂ അബൂസുഫ്‌യാൻ മടങ്ങുകയാണെന്ന് മുഹമ്മദ് നബി(സ)ക്ക് വിവരം ലഭിച്ചു. ഏതൊരു കച്ചവട സംഘത്തെ തടയാൻ വേണ്ടിയാണോ മുഹമ്മദ് നബി(സ) ഉശൈറയിലേക്ക് പുറപ്പെട്ടത്, അതേ കച്ചവട സംഘമായിരുന്നു ഇത്. ഖുറൈശികളുടെ കച്ചവട സംഘങ്ങളെ കൊള്ളയടിക്കാൻ മാത്രമായിരുന്നു മുസ്‌ലിങ്ങളുടെ താൽപര്യമെന്ന് അറിവില്ലാത്ത ചിലർ ആരോപിക്കാറുണ്ട്. എന്നാൽ, അന്നത്തെ അവസ്ഥയെക്കുറിച്ച് അറിയാത്തവർ മാത്രമാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇതിന് മറുപടിയായി ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിർസ ബശീർ അഹ്‌മദ്(റ)നെ ഉദ്ധരിച്ചു:

“ഈ കച്ചവട സംഘത്തെ തടയാൻ വേണ്ടി പുറപ്പെട്ടത് ഒരു രീതിയിലും ആക്ഷേപാർഹമല്ല. കാരണം ഒന്നാമതായി മുസ്‌ലിങ്ങൾ പിന്തുടരാൻ പുറപ്പെട്ട ഈ പ്രത്യേക യാത്രാസംഘം ഒരു സാധാരണ യാത്രാസംഘമായിരുന്നില്ല. ഖുറൈശികളിൽ നിന്നുള്ള ഓരോ സ്ത്രീയും പുരുഷനും അവരുടെ വിഹിതം നല്കിയിരുന്നു. ഈ യാത്രാസംഘത്തെ സംബന്ധിച്ചിടത്തോളം, ഖുറൈശികളുടെ പ്രമാണിമാരുടെ ഉദ്ദേശ്യം, ഈ ലാഭം മുസ്‌ലിങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുകയായിരുന്നുവെന്ന് ഇതിൽ നിന്ന് തെളിയുന്നു. ഈ ലാഭം ഉഹ്ദ് യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി ഉപയോഗിച്ചുവെന്ന് ചരിത്രം തെളിയിക്കുന്നു. അതുപോലെ, ഈ യാത്രാസംഘത്തെ തടയൽ യുദ്ധ തന്ത്രങ്ങളുടെ അനിവാര്യമായ ഭാഗമായിരുന്നു. രണ്ടാമതായി, ഖുറൈശികളുടെ ഈ യാത്രാസംഘങ്ങൾ ആയുധധാരികളായിക്കൊണ്ട് മദീനയ്ക്ക് വളരെ അടുത്ത് കൂടി കടന്നുപോകുമെന്നതിനാൽ അവരെ തടയേണ്ടത് പൊതുവെ ആവശ്യമായിരുന്നു. മുസ്‌ലിങ്ങൾ അവരുടെ നിരന്തരമായ ആക്രമണഭീതിയിൽ ആണ് കഴിഞ്ഞിരുന്നത്. ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. മൂന്നാമതായി, ഈ യാത്രാസംഘങ്ങൾ എവിടെയൊക്കെ സഞ്ചരിച്ചാലും, അവർ അറേബ്യയിലെ ഗോത്രങ്ങളെ മുസ്‌ലിങ്ങൾക്കെതിരെ ശക്തമായി പ്രേരിപ്പിക്കുമായിരുന്നു. അതുമൂലം മുസ്‌ലിങ്ങളുടെ അവസ്ഥ കൂടുതൽ കൂടുതൽ ദുർബലമായിക്കൊണ്ടിരുന്നു. അതുപോലെ, അവരുടെ വഴി തടയുന്നത് അവരുടെ സംരക്ഷണത്തിന്‍റെയും സ്വയം പ്രതിരോധ പരിപാടിയുടെയും ഭാഗമായിരുന്നു. നാലാമതായി, ഖുറൈശികളുടെ ഉപജീവനമാർഗം പ്രാഥമികമായി വ്യാപാരത്തെ ആശ്രയിച്ചായിരുന്നു. ഇക്കാരണത്താൽ, ഖുറൈശികളെ യുദ്ധത്തിൽ നിന്ന് തടയുന്നതിനും, അനുരഞ്ജനത്തിലേക്ക് അവരെ പ്രേരിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമായിരുന്നു ഈ യാത്രാസംഘങ്ങളുടെ നീക്കം തടയൽ.”[1]

ഈ യാത്രാസംഘത്തെക്കുറിച്ചുള്ള രഹസ്യവിവരം ശേഖരിക്കാൻ മുഹമ്മദ് നബി(സ) രണ്ട് സഹാബിമാരെ അയച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിവരങ്ങളുമായി അവർ മദീനയിലേക്ക് മടങ്ങിയപ്പോൾ, തിരുനബി(സ) ഇതിനകം പുറപ്പെട്ടുവെന്ന് അവർ അറിഞ്ഞു. ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ മാത്രമാണ് അദ്ദേഹത്തെ അവർ കണ്ടുമുട്ടിയത്.

തിരുനബി(സ) യാത്രാസംഘത്തെ തടയാൻ പുറപ്പെട്ടുവെന്നറിഞ്ഞപ്പോൾ അബൂസുഫ്‌യാൻ ഭയവിഹ്വലനായി ഖുറൈശികളെ പ്രേരിപ്പിക്കുന്നതിനായി മക്കയിലേക്ക് സന്ദേശമയച്ചുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇതിനിടയിൽ അബൂസുഫ്‌യാൻ മുസ്‌ലിങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമിക്കുകയും ഒരു ബദൽ പാത സ്വീകരിച്ച് മുന്നേറുകയും ചെയ്തു.

അബൂസുഫ്‌യാന്‍റെ സന്ദേശം മക്കയിൽ എത്തുന്നതിന് മൂന്ന് രാത്രി മുമ്പ്, മുഹമ്മദ് നബി(സ)യുടെ പിതൃസഹോദരി ആതിഖ ബിൻത് അബ്ദിൽ മുത്തലിബ് ഒരു സ്വപ്നം കണ്ടു. അത് മക്കക്കാരിൽ ഭീതി ഉളവാക്കി. അതിന് ശേഷം അബൂസുഫ്‌യാന്‍റെ സന്ദേശ വാർത്ത കൂടി കേട്ടപ്പോൾ അബൂജഹ്ൽ മക്കക്കാരെ യുദ്ധത്തിന് സജ്ജമാക്കാൻ തുടങ്ങി. ചില മക്കക്കാർ യുദ്ധത്തിന് പോകണമോ എന്ന് നറുക്കെടുപ്പ് നടത്തി പോകരുതെന്ന് നിർദേശിച്ചു. എന്നാൽ അബൂ ജഹ്‌ലിന്‍റെ നിർബന്ധത്തെ തുടർന്നാണ് അവർ പോകാൻ തയ്യാറായത്. ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്താമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 120-121

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed