നീതി, ക്രമസമാധാനം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങള്‍ നടപ്പില്‍ വരുത്തുക എന്ന വിശുദ്ധ ഖുര്ആന്റെ കല്പനയുടെ പ്രായോഗിക പ്രതിഫലനമായിരുന്നു നബിതിരുമേനി(സ) യുടെ ജീവിതം
ഡിസംബര്‍ 6, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)1ഡിസംബര്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
തശഹ്ഹുദ് തഅവ്വുദ് സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പറഞ്ഞു: യുദ്ധങ്ങളിൽ മുഹമ്മദ് നബി (സ) യുടെ സ്വഭാവവും മാതൃകയും എന്തായിരുന്നു എന്ന് ഞാന്‍ പരാമർശിക്കുന്നതാണ്.
യുദ്ധകാലത്ത് നബി (സ) യുടെ ഉന്നത സ്വഭാവം
നബിതിരുമേനി(സ) ബദർ യുദ്ധത്തിലെ തടവുകാരോട് എങ്ങനെയാണ് പെരുമാറിയതെന്നും അവർക്ക് ഏത് രീതിയിലാണ് എളുപ്പമുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും നമ്മൾ കേട്ടു കഴിഞ്ഞതാണ്. തടവുകാരോട് നല്ല രീതിയിൽ പെരുമാറണമെന്ന് നബിതിരുമേനി(സ) സ്വഹാബികളോട് നിർദ്ദേശിച്ചിരുന്നു. തങ്ങൾ കഴിക്കുന്നതിനേക്കാൾ മികച്ച ഭക്ഷണം സ്വഹാബികൾ തടവുകാര്‍ക്ക് നൽകുമായിരുന്നെന്ന് തടവുകാർ തന്നെ സാക്ഷ്യപ്പെടുത്തി. നബിതിരുമേനി(സ) അവരെ വളരെ ലളിതമായ വ്യവസ്ഥകളിലൂടെ മോചിപ്പിക്കുകയുണ്ടായി. ചിലരെ സംബന്ധിച്ചിടത്തോളം അവർക്ക് മോചനദ്രവ്യമായി നിശ്ചയിച്ചത് മറ്റുള്ളവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു. നബിതിരുമേനി(സ)ക്ക് ആരോടും വ്യക്തിപരമായ വിരോധമൊന്നും ഉണ്ടായിരുന്നില്ല, മറിച്ച് ദൈവം തിരഞ്ഞെടുത്ത മതത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടമെന്ന് ഇത് തെളിയിക്കുന്നു.
മുസ്‌ലിങ്ങൾക്കെതിരെ പോരാടാൻ ആഗ്രഹിക്കാത്തവരും എന്നാൽ അവരുടെ സാഹചര്യങ്ങളാൽ അങ്ങനെ ചെയ്യാൻ നിർബന്ധിതരായവരും എതിരാളികളുടെ പക്ഷത്തുണ്ടായിരുന്നു. നബിതിരുമേനി(സ) അവരോടും വളരെ ദയയോടെ പെരുമാറുമായിരുന്നു. അവരിൽ പലരും മുസ്‌ലിങ്ങളായി മാറുകയും ചെയ്തു. തുടർന്ന് നബിതിരുമേനി(സ) യുദ്ധ നിയമങ്ങൾ നിശ്ചയിക്കുകയും ഉടമ്പടികൾ അംഗീകരിക്കുകയും അത് അദ്ദേഹം പാലിക്കുകയും ചെയ്തു. ഇന്നത്തെ പോലെ ഒരു പാട് നിയമങ്ങൾ ഉണ്ടാക്കുകയും പിന്നീട് ഇരട്ടത്താപ്പ് സ്വീകരിച്ചു കൊണ്ട് ആ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുന്ന പോലെയായിരുന്നില്ല.
നീതി, സമാധാനം സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ നിലനാട്ടുക എന്ന വിശുദ്ധ ഖുർആനിലെ കൽപ്പനകളുടെ പ്രായോഗിക പ്രതിഫലനമായിരുന്നു നബിതിരുമേനി(സ) യുടെ ജീവിതമെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ഉദാഹരണത്തിന്, വിശുദ്ധ ഖുർആൻ പറയുന്നു: വിശ്വസിച്ചവരേ, നിങ്ങൾ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരായി അല്ലാഹുവിന് വേണ്ടി നിലകൊള്ളുക. ഒരു സമുദായത്തോടുള്ള വിരോധം അവരോട് നീതിപാലിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങൾ എപ്പോഴും നീതിപാലിക്കുക. അത് ദൈവഭക്തിയുമായി ഏറ്റവും അടുത്തതാണ്. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിവുള്ളവനാണ്.”1
ഇതിന്‍റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ഉന്നതമായ മാതൃകയാണ് നബിതിരുമേനി(സ) സ്ഥാപിച്ചത്.
നബിതിരുമേനി(സ)യുടെ സ്വഭാവവും യുദ്ധസമയത്തെ മാതൃകയും സംബന്ധിച്ച് നിരവധി ചരിത്രപരമായ വശങ്ങൾ ഉണ്ട്. അതെല്ലാം വിവരിക്കുന്നതിനായി ഖുത്ബകളുടെ ഒരു പരമ്പര തന്നെ വേണ്ടി വരുന്നതാണ്. ഈ ഖുത്ബയിൽ ഉഹുദ് യുദ്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ്.
ഉഹുദ് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങൾ
എതിരാളികൾ അവരുടെ ശത്രുത മൂലം ഈ യുദ്ധത്തിന് കോപ്പ് കൂട്ടുകയും മുസ്‌ലിങ്ങളെ യുദ്ധത്തിന് നിർബന്ധിതരാക്കുകയും ചെയ്തു. ഹിജ്റ 3 ശവ്വാൽ ശനിയാഴ്ചയാണ് ഈ യുദ്ധം നടന്നതെന്ന് മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. മദീനയിൽ നിന്ന് 3 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഒരു പർവതത്തിന്‍റെ പേരാണ് ഉഹുദ്. സീറത്ത് ഖാത്തമുന്നബിയ്യീൻ എന്ന ഗ്രന്ഥത്തിൽ ഹദ്‌റത്ത് മിർസ ബഷീർ അഹ്മദ്(റ) ഉഹുദ് യുദ്ധത്തിന്‍റെ തിയതി ഹിജ്റ വർഷം 3 ലെ ശവ്വാൽ 15 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 624 AD മാർച്ച് 31.
ബദ്ർ യുദ്ധത്തിൽ മക്കക്കാർ പരാജയം നേരിട്ടതിന് ശേഷം ബദ്ർ യുദ്ധത്തിന് കാരണമായ കച്ചവട സംഘത്തിൽ പണം നിക്ഷേപിച്ചിരുന്ന മക്കയിലെ ചില പ്രമാണിമാർ അബൂ സുഫിയാനെ കണ്ട് നമ്മളിലെ പലരും ബദ്ർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു, അതിനാൽ ആ കച്ചവടത്തിലെ ലാഭം നബിതിരുമേനി(സ)യോട് പ്രതികാരം ചെയ്യാൻ ഉപയോഗിക്കണമെന്നും അതിനായി ഒരു സൈന്യത്തെ തയ്യാറാക്കണമെന്നും പറഞ്ഞത് ഉഹുദ് യുദ്ധത്തിന്‍റെ പ്രധാന കാരണമായിരുന്നു. അബു സുഫിയാൻ ഈ നിർദ്ദേശം അംഗീകരിച്ചു. അതിനുശേഷം ഖുറൈശികൾ വ്യാപാരത്തിൽ നിന്ന് 50,000 ദിനാർ ലാഭമുണ്ടാക്കുകയും അത് ഉപയോഗിച്ച് ഒരു സൈന്യത്തെ തയ്യാറാക്കുകയും ചെയ്തു.
ഇക്കാര്യം അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം വിവരിച്ചിക്കുന്നു,
“തീർച്ചയായും അവിശ്വാസികൾ ധനം ചെലവുചെയ്യുന്നത് അല്ലാഹുവിന്‍റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുവാനാണ്. അങ്ങനെ അവർ തുടർന്നും അത് ചെലവഴിച്ചുകൊണ്ടിരിക്കുന്നതാണ്. പിന്നെ അത് അവർക്ക് മനഃസ്‌താപത്തിന് കാരണമായിത്തീരും. പിന്നീട് അവർ പരാജയപ്പെടുന്നതുമാണ്. അവിശ്വസിച്ചവർ നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും”.2
ഖലീഫാ തിരുമനസ്സ് പറയുന്നു: ഉഹുദ് യുദ്ധത്തിലേക്ക് നയിച്ച മറ്റ് ചില കാരണങ്ങളും ഉണ്ടായിരുന്നു. ബദ്ർ യുദ്ധത്തെ തുടർന്നുള്ള മറ്റ് സൈനിക നീക്കങ്ങളിലെ പരാജയവും നിരാശയും ഒരു കാരണമായിരുന്നു.
നബിതിരുമേനി(സ)യോട് പ്രതികാരം ചെയ്യാൻ ഒരു സൈന്യം രൂപീകരിച്ചപ്പോൾ ചുറ്റുമുള്ള ഗോത്രങ്ങളെയും തങ്ങളോടൊപ്പം ചേർക്കാൻ ഖുറൈശികൾ തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ചില ഗോത്രങ്ങളെ വ്യക്തിപരമായ തലത്തിലും ചില ഗോത്രങ്ങളെ സംഘമായി ചെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ വ്യക്തിപരമായി ഗോത്രങ്ങളെ സമീപിച്ച ഒരാൾ ബദറിൽ തടവുകാരനായി പിടിക്കപ്പെട്ടിരുന്ന അബു ഉസ്സ ജംഇയും ഉണ്ടായിരുന്നു. ഇയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പെൺമക്കളുള്ളതിനാൽ മോചനദ്രവ്യം കൂടാതെ നബിതിരുമേനി(സ) ഇയാളെ മോചിപ്പിച്ചതായിരുന്നു. താൻ ഒരിക്കലും നബിതിരുമേനി(സ)ക്കെതിരെ യുദ്ധം ചെയ്യുകയോ അദ്ദേഹത്തിനെതിരെ ആരെയും സഹായിക്കുകയോ ചെയ്യില്ലെന്ന് അയാൾ പ്രതിജ്ഞയെടുത്തിരുന്നു. പക്ഷെ ഖുറൈശികൾ സമീപിച്ചപ്പോൾ അയാള്‍ ഈ പ്രതിജ്ഞ ലംഘിക്കുകയും നബി(സ)ക്കെതിരെ ഖുറൈശികളുടെ കൂടെ ചേരാൻ സമ്മതിക്കുകയും ചെയ്തു. ഇയാൾ അവരെ സഹായിക്കുക മാത്രമല്ല, കവിതയിലൂടെ മറ്റുള്ളവരെ മുസ്‌ലിങ്ങള്‍ക്കെതിരെ പ്രകോപിപ്പിക്കുകയും ചെയ്തു.
ഖുറൈശികളുടെ ഒരുക്കങ്ങളെ കുറിച്ച് ഹദ്‌റത്ത് അബ്ബാസ്(റ)ന് രഹസ്യവിവരം ലഭിച്ചപ്പോൾ അക്കാര്യം അദേഹം നബി(സ)യെ അറിയിക്കുകയുണ്ടായി. ഈ സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു.
“ബദർ യുദ്ധവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാമർശിച്ചിട്ടുള്ള കച്ചവടസംഘത്തിന് ലഭിച്ച ലാഭം 50,000 ദിനാർ ആയിരുന്നു. മുസ്‌ലിങ്ങൾക്കെതിരായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനായി മക്കയിലെ മൂപ്പന്മാരുടെ തീരുമാനമനുസരിച്ച് ഈ തുക ദാറുന്നദ്‌വയിൽ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ ഈ പണം കൊണ്ട് പൂർണ്ണ ശക്തിയോടെയും പരിശ്രമത്തോടെയും യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. നബിതിരുമേനി(സ)യുടെ ജാഗ്രതയും മുൻകരുതൽ നടപടികളും ഇല്ലായിരുന്നുവെങ്കിൽ മുസ്‌ലിങ്ങൾ ഈ ഒരുക്കത്തെക്കുറിച്ച് അറിയുമായിരുന്നില്ല. അവിശ്വാസികളായ സൈന്യം മുസ്‌ലിങ്ങളുടെ പടിവാതിൽക്കൽ എത്തുമായിരുന്നു. നബിതിരുമേനി(സ) തന്‍റെ പിതൃസഹോദരനായ അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബിനോട് ഖുറൈശികളുടെ നീക്കങ്ങളെ കുറിച്ച് അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. അബ്ബാസ് ബിൻ അബ്ദിൽ മുത്തലിബ് ബനൂ ഗിഫാറിൽ നിന്ന് മദീനയിലേക്ക് അതിവേഗം സന്ദേശം എത്തിക്കാന്‍ സാധിക്കുന്ന ഒരു സവാരിക്കാരനെ അയച്ചു. അദ്ദേഹത്തിന് കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തു. അങ്ങനെ ഖുറൈശികളുടെ ഈ ഉദ്ദേശ്യം ഒരു കത്തിലൂടെ നബിതിരുമേനി(സ)യെ അറിയിച്ചു. ഈ കത്ത് മൂന്ന് ദിവസത്തിനുള്ളിൽ നബിതിരുമേനി(സ)ക്ക് എത്തിക്കണമെന്ന് അദ്ദേഹം ഈ ദൂതനോട് കർശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ,ഈ ദൂതൻ മദീനയിൽ എത്തിയപ്പോൾ, നബിതിരുമേനി(സ) മദീനയുടെ പ്രാന്തപ്രദേശത്തുള്ള ഖുബയിലേക്ക് പോയിരുന്നു. ദൂതൻ നബിതിരുമേനി(സ)യെ പിന്തുടർന്ന് ഖുബായിലേക്ക് പോയി. ഈ കത്ത് അദ്ദേഹത്തിന് നൽകി. നബിതിരുമേനി(സ) ഉടൻ തന്നെ ഈ കത്ത് തന്‍റെ സ്വകാര്യ എഴുത്തുകാരനായ ഉബയ്യ് ബിൻ കഅ്ബ് അൻസാരി(റ)ക്ക് നൽകുകയും കത്ത് വായിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഉബയ്യ്(റ) കത്ത് വായിച്ചുനോക്കിയപ്പോൾ, ഖുറൈശികളുടെ ശക്തരായ ഒരു സൈന്യം മക്കയിൽ നിന്ന് വരുന്നുണ്ടെന്ന അപായകരമായ വാർത്തയായിരുന്നു അതിൽ. ഇതുകേട്ട നബിതിരുമേനി(സ) കത്തിന്‍റെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കാൻ ഉബയ്യ് ബിൻ കഅ്ബ്(റ)നോട് കർശനമായി നിർദ്ദേശിച്ചു.” 3
ഖലീഫാ തിരുമനസ്സ് പറയുന്നു: 3000 സൈനികരുമായി അബൂസുഫിയാനിന്‍റെ നേതൃത്വത്തിൽ ഖുറൈശി സൈന്യം മക്കയിൽ നിന്ന് പുറപ്പെട്ടു. പ്രതികാരം ചെയ്യാനുള്ള ആവേശം കാരണം പുരുഷന്മാരെ അനുഗമിക്കുന്നതിന് വേണ്ടി ശഠിച്ച ചില സ്ത്രീകളും ഈ സംഘത്തിൽ ഉണ്ടായിരുന്നു. അവരിൽ അബു സുഫിയാന്‍റെ ഭാര്യ ഹിന്ദും ഉൾപ്പെടുന്നു. ഹിന്ദക്ക് സ്ത്രീകളുടെ ഈ ആവശ്യം പുരുഷന്മാരെ ബോധ്യപ്പെടുത്താൻ സാധിച്ചു. അങ്ങനെ 15 സ്ത്രീകൾ സൈന്യത്തെ അനുഗമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദ് വഹ്ശി എന്ന അടിമയുമായി ഗൂഢാലോചന നടത്തി. അവന്‍റെ പക്കൽ മൂർച്ചയേറിയ ഒരു കുന്തമുണ്ടായിരുന്നു. ഹദ്‌റത്ത് ഹംസ(റ)യെ കൊല്ലാൻ ഹിന്ദ് അവനോട് നിർദ്ദേശിച്ചു. കാരണം ഹംസ(റ) അവളുടെ അമ്മാവനെ യുദ്ധത്തിൽ വധിച്ചിരുന്നു. ഖുറൈശികളും മുസ്‌ലിം സൈന്യങ്ങളും ഉഹ്ദിലേക്ക് പുറപ്പെട്ടു. അന്ന് മുസ്‌ലിങ്ങൾക്കിടയിൽ ഒരു സെൻസസ് നടത്തിയിരുന്നു. അന്ന് മദീനയിൽ 1500 മുസ്‌ലിങ്ങൾ ആണ് താമസിച്ചിരുന്നത്. അക്കാലത്ത് ഇത് വലിയ സംഖ്യയായി കണക്കാക്കപ്പെട്ടിരുന്നു.
ഖലീഫാ തിരുമനസ്സ് മിർസ ബഷീർ അഹ്മദ്(റ)നെ ഉദ്ധരിച്ചു കൊണ്ട് പറയുന്നു:
“ഒരുപക്ഷേ, ഹിജ്റ 3 റമദാൻ അവസാനമോ ശവ്വാലിന്‍റെ തുടക്കത്തിലോ, ഖുറൈശികളുടെ സൈന്യം മക്കയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടാകും. അറേബ്യയിലെ മറ്റ് ഗോത്രങ്ങളിൽ നിന്നുള്ള നിരവധി യോദ്ധാക്കളും സൈന്യത്തിന്‍റെ ഭാഗമായിരുന്നു. അബൂ സുഫിയാൻ ആയിരുന്നു സൈന്യാധിപൻ. ഇത് 3,000 പേരടങ്ങുന്ന ഒരു സൈന്യമായിരുന്നു. അവരിൽ 700 യോദ്ധാക്കൾ കവചം ധരിച്ചിരുന്നു. 200 കുതിരകളും 3000 ഒട്ടകങ്ങളും ഉണ്ടായിരുന്നു. യുദ്ധോപകരണങ്ങളും ആവശ്യത്തിലധികം ഉണ്ടായിരുന്നു. അബു സുഫിയാന്‍റെ ഭാര്യ ഹിന്ദും അവരോടൊപ്പം ഇക്‌രിമ ബിൻ അബൂജഹൽ, സഫ്‌വാൻ ബിൻ ഉമയ്യ, ഖാലിദ് ബിൻ വലീദ്, അംറ് ബിൻ അൽ ആസ് എന്നിവരുടെ ഭാര്യമാരും മുസ്അബ് ബിൻ ഉമൈർ(റ)ന്‍റെ വിഗ്രഹാരാധകയായ മാതാവും ഈ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകളിൽ പ്രമുഖകളായിരുന്നു. അറേബ്യയിലെ പുരാതന ആചാരമനുസരിച്ച് ഈ സ്ത്രീകൾ ആവേശം കൊള്ളിക്കുന്ന ഈരടികൾ പാടാനും കൊട്ടാനും അതിലൂടെ അവരുടെ പുരുഷന്മാരെ ആവേശഭരിതരാക്കാനും വേണ്ടി അവരുടെ സംഗീതോപകരണങ്ങൾ കൊണ്ടുവന്നിരുന്നു. ഏകദേശം പത്തോ പതിനൊന്നോ ദിവസത്തെ യാത്രയ്ക്ക് ശേഷം ഖുറൈശികളുടെ ഈ സൈന്യം മദീനയ്ക്ക് സമീപം എത്തി. മദീനയുടെ വടക്ക് ഭാഗത്ത് റോന്തു ചുറ്റി ഉഹുദ് പർവതത്തിന് സമീപം നിന്നു. മദീനയിലെ മൃഗങ്ങൾ മേയുന്ന ‘അരീദ്’ എന്ന പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറം അതിന് സമീപത്തായിരുന്നു. ഇവിടെ കൃഷിയും ഉണ്ടായിരുന്നു. ഖുറൈശികൾ ആദ്യം തന്നെ ഈ മേച്ചിൽപ്പുറങ്ങൾ കൊള്ളയടിക്കുകയും അവര്‍ക്ക് തൃപ്തിയാകുന്നത് വരെ അതിൽ നാശം വിതയ്ക്കുകയും ചെയ്തു. ഖുറൈശികളുടെ സൈന്യം സമീപത്ത് എത്തിയിട്ടുണ്ടെന്ന് പ്രവാചകൻ(സ)ന് അറിവ് ലഭിച്ചപ്പോൾ, അദ്ദേഹം ശത്രുവിന്‍റെ എണ്ണവും ശക്തിയും സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഹബ്ബാബ് ബിൻ മുൻദിർ(റ) എന്ന ഒരു സഹാബിയെ അയച്ചു. ശത്രുവിന്‍റെ ശക്തി തങ്ങളേക്കാൾ കൂടുതാലായിരിക്കുകയും മുസ്‌ലിങ്ങൾ അപകടാവസ്ഥയിലാണെന്നും അറിഞ്ഞാൽ ഹബ്ബാബ്(റ) തിരിച്ചെത്തിയാൽ ഈ വാർത്ത പരസ്യമായി പ്രഖ്യാപിക്കരുതെന്നും ആരും നിരാശരാകാതിരിക്കാൻ അദ്ദേഹത്തോട് ഈ വാർത്ത സ്വകാര്യമായി അറിയിക്കാനും നബി (സ) നിർദേശം നൽകി. ഹബ്ബാബ്(റ) നിശ്ശബ്ദനായി അവിടെ നിന്ന് പോയി, ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ വൈദഗ്ധ്യത്തോടെ മടങ്ങിവന്നു കൊണ്ട് നബിതിരുമേനി(സ)ക്ക് റിപ്പോർട്ട് നൽകി. അന്ന് വ്യാഴാഴ്ച ആയിരുന്നു. ഖുറൈശികളുടെ സൈന്യത്തിന്‍റെ വരവിനെ കുറിച്ചുള്ള വാർത്ത മദീനയിൽ പരന്നു. അരീദിൽ അവർ നടത്തിയ അതിക്രമങ്ങളെ കുറിച്ചും എല്ലാവരും അറിഞ്ഞിരുന്നു. സത്യനിഷേധികളുടെ സൈന്യത്തെ സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ അറിവ് ലഭിച്ചിരുന്നില്ലെങ്കിലും, മദീനയിലെ ആ രാത്രി വലിയ ഭയവും അപകടവും നിറഞ്ഞതായിരുന്നു. ചില സ്വഹാബികൾ നബിതിരുമേനി(സ)യുടെ വീടിന് രാത്രിമുഴുവൻ കാവൽ നിൽക്കുകയുണ്ടായി.” 4
യുദ്ധത്തെ കുറിച്ച് നബിതിരുമേനി(സ)യുടെ സ്വപ്നം
ഈ യുദ്ധത്തെക്കുറിച്ച് സ്വഹാബികളോട് കൂടിയാലോചിച്ചപ്പോൾ നബി(സ) ഒരു സ്വപ്നം അവരോട് പറഞ്ഞു, അതിൽ അദ്ദേഹം പശുവിനെ അറുക്കുന്നതും വാളിന്‍റെ അറ്റം ഒടിഞ്ഞതായും കണ്ടു. പശുവിനെ അറുക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ ചില അനുചരന്മാർ രക്തസാക്ഷികളാകുമെന്നും അദ്ദേഹത്തിന്‍റെ വാൾ പൊട്ടിയതിന്‍റെ അർത്ഥം നബിതിരുമേനി(സ)യുടെ കുടുംബത്തിൽ നിന്നുള്ള ഒരാൾ രക്തസാക്ഷിയാകുമെന്നും അർത്ഥമാക്കുന്നു എന്നാണ് നബിതിരുമേനി(സ) സ്വപ്നത്തെ വിശദീകരിച്ചത്. മുസ്‌ലിങ്ങൾ മദീനയിൽ തന്നെ നില്‍ക്കണമെന്നും സ്ത്രീകളെയും കുട്ടികളെയും കോട്ടകളിൽ സുരക്ഷിതരാക്കണമെന്നും നബിതിരുമേനി(സ) നിർദ്ദേശിച്ചു. ശത്രുക്കൾ മദീനയിലേക്ക് നുഴഞ്ഞുകയറുകയാണെങ്കിൽ, ശത്രുവിനെക്കാൾ നന്നായി അറിയാവുന്ന തെരുവുകളിൽ നമുക്ക് അവരുമായി യുദ്ധം ചെയ്യാൻ കഴിയുമെന്നും കുന്നുകൾക്ക് മുകളിൽ നിന്ന് അവര്‍ക്ക് നേരെ കല്ലെറിയാൻ കഴിയുമെന്നും നബിതിരുമേനി(സ) നിര്‍ദേശിച്ചു. മുതിർന്ന സ്വഹാബികൾ നബി(സ)യുടെ നിർദ്ദേശത്തോട് യോജിച്ചു. എന്നാൽ, ബദർ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത, രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്ന ഒരു കൂട്ടം മുസ്‌ലിങ്ങൾ ഉണ്ടായിരുന്നു, അവര്‍ മദീനയിൽ നിന്ന് പുറത്ത് പോയി യുദ്ധം ചെയ്യാം എന്ന അഭിപ്രായം മുന്നോട്ട് വെച്ചു. അതല്ലെങ്കിൽ മുസ്‌ലിങ്ങൾ ഭയപ്പെട്ടുവെന്ന് ശത്രുക്കൾ കരുതുന്നതാണെന്നുംഅ അഭിപ്രായപ്പെടുകയുണ്ടായി. മറ്റു ചില സ്വഹാബികളും ഇത് സമ്മതിച്ചു. ഈ അഭിപ്രായമുള്ളവർ വളരെയധികം നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. നബിതിരുമേനി(സ) അവരുടെ നിർദ്ദേശം അംഗീകരിക്കുകയും മുസ്‌ലിങ്ങൾ യുദ്ധത്തിന് പുറപ്പെടാൻ തയ്യാറാകണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ വിശദാംശങ്ങൾ തുടർന്നും പരാമർശിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഫലസ്തീനികൾക്കുവേണ്ടി പ്രാർത്ഥനകൾക്കുള്ള അപേക്ഷ
പലസ്തീനികൾക്കുവേണ്ടി പ്രാർത്ഥനകൾ നിരന്തരം ചെയ്തുകൊണ്ടിരിക്കേണ്ടതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. യുദ്ധത്തിന് വിരാമമിട്ടതിന് ശേഷം അവർക്കെതിരെ വീണ്ടും വിവേചനരഹിതമായ ബോംബാക്രമണം ഉണ്ടാകും. അതിന്‍റെ ഫലമായി കൂടുതൽ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുന്നതാണ്. ഈ ക്രൂരതയുടെ വ്യാപ്തി എന്തായിരിക്കും? ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവിന് മാത്രമാണ്. ഫലസ്തീനികളെ കുറിച്ചുള്ള വൻ ശക്തികളുടെ ഉദ്ദേശ്യങ്ങൾ വളരെ അപകടകരമാണ്. അതിനാൽ, അവരിൽ സർവ്വശക്തനായ അല്ലാഹുവിന്‍റെ കാരുണ്യം വർഷിക്കുന്നതിന് വേണ്ടി നാം വളരെയധികം പ്രാർത്ഥിക്കേണ്ടതാണ്.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആൻ 5:9
[2] വിശുദ്ധ ഖുര്‍ആൻ 8:37
[3] സീറത്ത് ഖാതമുന്നബിയ്യീൻ, വാല്യം 2, പേജ് 320-321
[4] സീറത്ത് ഖാതമുന്നബിയ്യീൻ, വാല്യം 2, പേജ് 321-322
0 Comments