സ്വരാജ്യസ്നേഹത്തിന്‍റെ യഥാര്‍ഥ മാനങ്ങള്‍ ഉള്‍വഹിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍

രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്

സ്വരാജ്യസ്നേഹത്തിന്‍റെ യഥാര്‍ഥ മാനങ്ങള്‍ ഉള്‍വഹിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍

രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്

സി. പി. സുല്‍ത്താന്‍ നസീര്‍, വാണിയമ്പലം

ഓഗസ്റ്റ്‌ 15, 2023

നാം ജീവിക്കുന്ന വിശാലവും വിസ്തൃതവുമായ ഈ ലോകം പരസഹസ്രം സംവത്സരങ്ങള്‍ നീണ്ട അതിന്‍റെ സാംസ്‌കാരിക സഞ്ചാരത്തിലൂടെ ഇപ്പോള്‍ ഒരു ഗ്രാമമായി (global village) ചുരുങ്ങിയിരിക്കുന്നെന്ന വസ്തുത ആരില്‍ നിന്നും ഗോപ്യമല്ല. വിവരസാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ മുന്നേറ്റം പ്രകൃതിപരവും മനുഷ്യനിര്‍മിതവുമായ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് മനുഷ്യനെയും സമൂഹങ്ങളെയും ഒന്നാക്കി തീര്‍ത്തിട്ടുണ്ടെങ്കിലും വിവിധതലങ്ങളിലുള്ള വിഭാഗീയചിന്തകള്‍ കാരണം മനുഷ്യര്‍ പരസ്പരം മുമ്പെങ്ങും ഇല്ലാത്ത വിധം അകന്നു പോകുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കാവുന്ന സംഭവവികാസങ്ങളിലൂടെയാണ് ആധുനിക മനുഷ്യന്‍ കടന്ന് പോകുന്നത്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം മുതലായ മാനവിക മൂല്യങ്ങള്‍ നേടിയെടുക്കാന്‍ വമ്പിച്ച ത്യാഗങ്ങള്‍ വരിച്ച സമൂഹങ്ങള്‍ പോലും സങ്കുചിതമായ ചിന്താഗതികളിലേക്ക് ഒരു തിരിച്ചു നടത്തത്തിന് ശ്രമം നടത്തുന്നതായി വിലയിരുത്തപ്പെടുന്നു. ഇത്തരം ആഗോള സാമൂഹിക സാഹചര്യത്തില്‍ രാജ്യസ്‌നേഹം എന്നത് നിര്‍വചിക്കപ്പെടേണ്ടതും ഉള്‍ക്കൊള്ളേണ്ടതും വിലയിരുത്തപ്പെടേണ്ടതുമായ ഒരു സുപ്രധാന വിഷയമാണ്. കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന പഴഞ്ചൊല്ല് പോലെ ഏതൊരു മനുഷ്യനും താന്‍ ജനിച്ചു വളര്‍ന്ന പ്രദേശവും നാടും ഏറ്റവും പ്രിയപ്പെട്ടതായിരിക്കും. അതുപോലെ, ആ സ്ഥലവുമായി ആ വ്യക്തിക്ക് അഗാധ തലങ്ങളിലേക്ക് വേരിറക്കം ചെന്ന അസാധാരണമായ ഒരു മാനസിക വൈകാരിക ബന്ധവും ഉണ്ടായിരിക്കുന്നതാണ്.

പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും പ്രയാസപ്പെടുന്ന രാജ്യങ്ങളില്‍ ജീവിക്കുന്നവരോടും, മരുപ്രദേശങ്ങളില്‍ ജീവിക്കുന്നവരോടും, തണുത്തുറഞ്ഞ ധ്രുവപ്രദേശങ്ങളില്‍ ജീവിക്കുന്നവരോടും, സമ്പന്നതയാലും പുരോഗതിയാലും കരുത്താര്‍ജിച്ച രാജ്യങ്ങളില്‍ വാസിക്കുന്നവരോടും, എന്നല്ല ആരോട് തന്നെ ചോദിച്ചാലും ഈ വൈകാരിക ബന്ധം നമുക്ക് വ്യക്തമായും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

ലോകത്തുള്ള ഓരോ വ്യക്തിയും ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ ജനിച്ചത് കൊണ്ട് മാത്രം ആ പ്രദേശവും രാജ്യവും ഉത്കൃഷ്ടവും ഉത്തമവും സംസ്‌കാരസമ്പന്നവും മറ്റെല്ലാ പ്രദേശങ്ങളും രാജ്യങ്ങളും നീചവും നികൃഷ്ടവും സംസ്‌കാര ശൂന്യവുമായി മാറുന്നതിന്‍റെ പേരാണോ രാജ്യസ്‌നേഹം എന്ന് ചോദിക്കുന്നവരുണ്ട്. കേവലയുക്തിയുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യം ന്യായവും അര്‍ഥസമ്പൂര്‍ണവുമാണ്. നിര്‍ഭാഗ്യവശാല്‍ ഒരുവിധം എല്ലാവരും ദേശസ്‌നേഹത്തെ മനസ്സിലാക്കിയിരിക്കുന്നതും വിശ്വസിക്കുന്നതും ഈ അര്‍ഥതലത്തില്‍ തന്നെയാണ് എന്നത് ഒരു ദുഃഖസത്യമാണ്. അതുകൊണ്ട് തന്നെ ദേശസ്‌നേഹം എന്നത് പലപ്പോഴും അപരദേശവിദ്വേഷം മാത്രമായി ചുരുങ്ങി പോകാറുണ്ട്.

ഇസ്‌ലാം മനുഷ്യന് തന്‍റെ സ്വന്തം ദേശത്തോടുള്ള ഈ വൈകാരിക ബന്ധത്തെ ഏറ്റവും ഉത്കൃഷ്ടമായ രീതിയില്‍ ഉപയോഗിക്കാനും സ്വന്തം ജീവിതം അതനുസരിച്ച് പരുവപ്പെടുത്താനുമാണ് നിര്‍ദേശിക്കുന്നത്. ഇസ്‌ലാം മതസ്ഥാപകരായ ഹദ്റത്ത് മുഹമ്മദ്(സ) ഒരിക്കല്‍ പറഞ്ഞു: “സ്വരാജ്യസ്‌നേഹം ഈമാന്‍ അഥവാ സത്യവിശ്വാസത്തിന്‍റെ ഭാഗമാണ്”.[1]

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനം ദൈവം എന്ന സര്‍വശക്തനായ അസ്തിത്വമാണ്. ആ ദൈവത്തെ തിരിച്ചറിയുകയും അവന്‍റെ ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് ഒരു ഇസ്‌ലാംമതവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ദൈവത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി ദൈവത്തില്‍ കാണുന്ന അടിസ്ഥാനപരമായ ഗുണം ദൈവം തന്‍റെ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ ഭൂമിയിലെ എല്ലാ ജനസമൂഹങ്ങള്‍ക്കും നല്കിയിരിക്കുന്നുവെന്നതാണ്. ഈ ദൈവികജ്ഞാനം സിദ്ധിച്ച ഒരു വ്യക്തിക്ക് ഒരിക്കലും അപരദേശവിദ്വേഷം ഉണ്ടാവുകയില്ല. മറിച്ച്, മുഴുലോകത്തോടും സ്‌നേഹവും അനുകമ്പയും കാരുണ്യവുമാണ് ഉണ്ടാവുക. ഇസ്‌ലാമിന്‍റെ ഈ മഹത്തായ തത്വശാസ്ത്രം വിശദീകരിച്ചു കൊണ്ട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വന്ദ്യസ്ഥാപകര്‍ പറയുന്നു.

“പൊതുവെ അനുകമ്പാഭാവത്തെ പ്രബോധിക്കാത്ത ഒരു മതം യഥാര്‍ഥത്തില്‍ മതമല്ല. അതുപോലെ തന്നെ അനുകമ്പാമനോഭാവത്തെ ഉള്‍കൊള്ളാത്ത ഒരു മനുഷ്യന്‍, മനുഷ്യന്‍ എന്ന പേരിന് അര്‍ഹനല്ല. ദൈവം തന്‍റെ അനുഗ്രഹം യാതൊരു ജാതികള്‍ക്കും നല്കാതിരുന്നിട്ടില്ല. ആ സര്‍വൈകദാതാവ് ആര്യാവര്‍ത്തത്തിലെ പുരാതന ജാതിക്കാര്‍ക്ക് ഏതെല്ലാം ശക്തിയും ബോധങ്ങളും നല്കിയോ ആ വക ശക്തികളും ബോധങ്ങളുമെല്ലാം അവന്‍ അറബികള്‍ക്കും പാര്‍സികള്‍ക്കും സിറിയക്കാര്‍ക്കും ചൈനക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും യൂറോപ്പുകാര്‍ക്കും അമേരിക്കക്കാര്‍ക്കും നല്കിയിട്ടുണ്ട്. ദൈവത്തിന്‍റെ ഭൂമി ഒരു വിരിപ്പെന്നപോലെ ഇവര്‍ എല്ലാവര്‍ക്കും ഉപകരിക്കുന്നു.

“ആ സര്‍വൈകനാഥന്‍റെ സൃഷ്ടികളായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ദീപങ്ങള്‍ കണക്കെ അവര്‍ക്ക് വെളിച്ചം നല്കുകയും അതോടൊപ്പം അവയ്ക്ക് ദൈവം നിശ്ചയിച്ചിട്ടുള്ള മറ്റു കര്‍മങ്ങള്‍ അവ നിര്‍വഹിക്കുകയും ചെയ്യുന്നു. വായു, വെള്ളം, തീ, മണ്ണ് എന്നീ ഭൂവസ്തുക്കളില്‍ നിന്ന് എല്ലാ ജാതികളും ഫലം അനുഭവിക്കുന്നു. അതുപോലെ തന്നെ ധാന്യങ്ങള്‍ ഫലമൂലാദികള്‍ തുടങ്ങിയ ഭൂമിയിലെ ഉല്പന്നങ്ങളും എല്ലാവരും തങ്ങളുടെ ഗുണത്തിനായി ഉപയോഗപ്പെടുത്തുന്നു. ദൈവത്തിന്‍റെ സര്‍വവ്യാപകമായ ഈ പരിപാലന സമ്പ്രദായങ്ങള്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് നാമും മനുഷ്യര്‍ക്ക് പൊതുവെ നന്മ ചെയ്യുകയും കുടുസ്സായ മനോഭാവം കാണിക്കാതെ നമ്മുടെ അനുകമ്പയെ വിസ്തൃതമാക്കുകയും വേണമെന്നാണ്.”[2]

മുഴുലോകത്തോടും കാരുണ്യവും അനുകമ്പയും ഉണ്ടാകുമ്പോള്‍ തന്നെ സ്വന്തം ദേശത്തിനോടുള്ള മനുഷ്യന്‍റെ സ്‌നേഹം പ്രകൃതിപരമായ ഒരു പ്രത്യേകത തന്നെയാണ് എന്ന് പറയാവുന്നതാണ്. പക്ഷെ അതൊരിക്കലും അന്യദേശ വിദ്വേഷമായി പരിണമിക്കരുത്. സ്വന്തം ദേശവും അവിടെ ജനിച്ചവരും മാത്രമാണ് ഉത്തമ മനുഷ്യര്‍ എന്ന് വിശ്വസിക്കുന്നത് സങ്കുചിതവും നിരര്‍ഥകവുമായ ഒരു മൂഢവിശ്വാസമാണ്. സ്വന്തം രാജ്യത്തോടുള്ള സ്‌നേഹം ഹൃദയത്തിലും പ്രവൃത്തിയിലും ഉണ്ടാകുമ്പോഴും, മറ്റുള്ളവരെയും ഉള്‍കൊള്ളാനും സമഭാവന കൈക്കൊള്ളാനും സാധിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രവാചകപ്രഭു ഹദ്റത്ത് മുഹമ്മദ്(സ)യുടെ ജീവിതത്തില്‍ നമുക്ക് ഇക്കാര്യം കാണാന്‍ സാധിക്കുന്നതാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് നിര്‍ബന്ധിതാവസ്ഥയില്‍ പരദേശഗമനം ചെയ്യേണ്ടി വന്ന പ്രവാചകന്‍(സ) മക്കയുടെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍, മക്ക കണ്ണില്‍ നിന്ന് പതിയെ അദൃശ്യമായിക്കൊണ്ടിരുന്നപ്പോള്‍ മക്കയിലേക്ക് തിരിഞ്ഞ് നിന്ന് കൊണ്ട് വികാരപരവശനായി പറഞ്ഞു, “ഓ മക്കാ! നീ എനിക്ക് വളരെ പ്രിയപ്പെട്ട ഭൂപ്രദേശമാണ്. പക്ഷെ നിന്‍റെ മക്കള്‍ എന്നെ അവിടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല”[3]. മക്കയോടുള്ള അഗാധമായ സ്നേഹം ഈ വാക്കുകളില്‍ സ്പഷ്ടമായി കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആ മഹാത്മാവ് തന്‍റെ ജീവിതസന്ദേശമായി സ്വജനതയോട് ചെയ്ത ഒസ്യത്ത് ഇപ്രകാരമാണ്:

“നിങ്ങളില്‍ കറുത്തവന് വെളുത്തവനേക്കാളോ, വെളുത്തവന് കറുത്തവനേക്കാളോ, അറബിക്ക് അനറബിയെക്കളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല.”[4]

പുണ്യപ്രവാചകന്‍(സ) ജീവിതമാതൃകയാക്കിയ വിശുദ്ധ ഖുര്‍ആന്‍ ഈ ആശയം ഇങ്ങനെ വിവരിക്കുന്നു.

“മനുഷ്യരെ! നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയിരിക്കുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയപ്പെടുന്നതിന് വേണ്ടിയാണിത്.”[5]

ചുരുക്കത്തില്‍ വംശീയവും വര്‍ഗീയവുമായ എല്ലാ വെറുപ്പിന്‍റെയും അടിവേരുകള്‍ തന്നെ ഈ അധ്യാപനങ്ങള്‍ മുറിച്ചു മാറ്റുന്നു.

സ്വന്തം രാജ്യത്തോടുള്ള സ്‌നേഹം എങ്ങനെ വ്യതിരിക്തമായ നിലയില്‍ പ്രകടിപ്പിക്കാന്‍ സാധിക്കും എന്ന സംശയം തീര്‍ച്ചയായും ഇവിടെ ഉയര്‍ന്ന് വന്നേക്കാം. സ്വരാജ്യസ്‌നേഹം എന്നാല്‍ അപരദേശവിദ്വേഷവും മിഥ്യാഭിമാനവും അല്ല. മറിച്ച് സ്വന്തം രാജ്യത്തോടുള്ള സ്‌നേഹവും കൂറും സ്വജീവിതത്തിലൂടെ പ്രവര്‍ത്തിച്ചു കാണിക്കേണ്ട ഒന്നാണ് എന്നാണ് ഇവിടെ സമര്‍ഥിക്കുന്നത്. സ്വരാജ്യത്തോടുള്ള സ്‌നേഹവും കൂറും വാതോരാതെ പറയാനും രോമാഞ്ചത്തോടെ കേട്ടിരിക്കാനും എത്രത്തോളം എളുപ്പമാണോ, ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന അഗാധമായ ആശയസംഹിതകള്‍ മനസ്സിലാക്കുക അത്രതന്നെ വിഷമകരമാണ് എന്നതാണ് വസ്തുത.

മനുഷ്യന്‍ തന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും തന്‍റെ പ്രതിജ്ഞകളും ഉടമ്പടികളും പാലിച്ചു കൊണ്ടാണ് സ്വന്തം രാജ്യത്തോടുള്ള സ്‌നേഹവും കൂറും പ്രകടിപ്പിക്കേണ്ടത്. ഇസ്‌ലാം പഠിപ്പിക്കുന്നത് മനുഷ്യന്‍ തന്‍റെ പ്രതിജ്ഞകളെ കുറിച്ചും കരാറുകളെ കുറിച്ചും ചോദിക്കപ്പെടുമെന്നാണ്. അഥവാ രാജ്യത്തോടുള്ള കടമയും ഉത്തരവാദിത്വങ്ങളും പ്രതിജ്ഞകളും കരാറുകളും പാലിക്കുന്നില്ലെങ്കില്‍ ആ വ്യക്തിക്ക് യഥാര്‍ഥ മുസ്‌ലിമാകാന്‍ സാധിക്കുകയില്ല.

ഇവിടെ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം മതവും ദൈവവുമല്ലേ പരമപ്രധാനം. എന്നിരിക്കെ രാജ്യസ്‌നേഹത്തിന്‍റെ പ്രസക്തിയെന്ത് എന്ന് ഒരു പക്ഷെ സംശയം ഉദിച്ചേക്കാം. ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ അഞ്ചാം ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഈ ചോദ്യത്തിന് നല്കിയ മറുപടി ഈ സംശയം ദൂരീകരിക്കാന്‍ മതിയായതാണ്. അദ്ദേഹം പറഞ്ഞു:

“ഇതിനുള്ള മറുപടിയായി എനിക്ക് ആദ്യം തന്നെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുള്ളത് സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന നബി(സ)യുടെ വചനത്തിലേക്കാണ്. ആത്മാര്‍ഥമായ ദേശസ്‌നേഹമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഒരാള്‍ ദൈവത്തെയും ഇസ്‌ലാമിനെയും സ്‌നേഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് തന്‍റെ രാജ്യത്തെയും സ്‌നേഹിക്കേണ്ടി വരുമെന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ രാജ്യസ്‌നേഹവും ദൈവപ്രേമവും തമ്മില്‍ ഒരു വൈരുധ്യവുമില്ല. രാജ്യസ്‌നേഹത്തില്‍ യാതൊരു കളങ്കവും അനുവദനീയമല്ല. കാരണം, അത് ദൈവസാമീപ്യത്തിന് തടസ്സമാകുന്നതാണ്. അതു കൊണ്ട് ദൈവസാമീപ്യം ആഗ്രഹിക്കുന്ന ഒരു മുസ്‌ലിമിന് രാജ്യസ്‌നേഹം ഒരു വിലങ്ങുതടിയല്ല.”[6]

രാജ്യസ്‌നേഹം ആവശ്യപ്പെടുന്നത് രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും രാജ്യത്തിലെ ജനങ്ങളുടെയും മൊത്തത്തില്‍ രാജ്യത്തിന്‍റെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്നാണ്. ഈ കാര്യത്തില്‍ വ്യക്തിതാത്പര്യങ്ങളും സങ്കുചിത ചിന്താഗതികളും ഉപേക്ഷിക്കണം എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. കര്‍മപഥത്തില്‍ രാജ്യത്തോടുള്ള സ്‌നേഹവും കൂറും പ്രകടിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന രാജ്യസ്‌നേഹത്തിന്‍റെ അടിസ്ഥാന തത്ത്വവും ഇത് തന്നെയാണ്. ഏതുവരെ കര്‍മങ്ങള്‍ ഇല്ലയോ അത് വരെ വാക്കുകളും വിശ്വാസങ്ങളും നിരര്‍ഥകമാണ് എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതാണ്.

ഇന്ത്യാരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിയാറു ആണ്ടുകള്‍ പിന്നിട്ട ഈ സുദിനത്തില്‍ നമുക്കേവര്‍ക്കും സ്വരാജ്യസ്‌നേഹത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിക്കൊണ്ട് അതിനെ സ്വജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാനും വിശാലാര്‍ഥത്തില്‍ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും സ്വന്തം രാജ്യത്തോട് യഥാര്‍ഥത്തിലുള്ള സ്‌നേഹവും കൂറും നിലനിര്‍ത്താനും സൗഭാഗ്യം സിദ്ധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ലേഖകന്‍ പഞ്ചാബിലെ ജാമിഅ അഹ്‌മദിയ്യയില്‍ നിന്നും ശാഹിദ് ബിരുദധാരിയാണ്. നിലവില്‍, കോഴിക്കോട് അഹ്‌മദിയ്യാ മിഷനറിയായി സേവനമനുഷ്ഠിക്കുന്നു.

1 Comment

Muhammed Aman · ഓഗസ്റ്റ്‌ 15, 2023 at 2:39 pm

Words 💯

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed