തിരുനബി ചരിത്രം-ഉഹുദ് യുദ്ധത്തിന്‍റെ ആരംഭവും, ഫലസ്തീനുകാര്‍ക്കു വേണ്ടി പ്രാര്‍ഥനകളും

ശത്രുസൈന്യത്തെ അപേക്ഷിച്ച് മുസ്‌ലീങ്ങള്‍ വളരെ ദുര്‍ബലരായിരുന്നു. അംഗബലത്തിലും ആയുധബലത്തിലും തങ്ങളെക്കാള്‍ ഏതാണ്ട് നാല് മടങ്ങ ശക്തരായ ഖുറൈശികളെയാണ് മുസ്‌ലീങ്ങള്‍ നേരിട്ടത്.

തിരുനബി ചരിത്രം-ഉഹുദ് യുദ്ധത്തിന്‍റെ ആരംഭവും, ഫലസ്തീനുകാര്‍ക്കു വേണ്ടി പ്രാര്‍ഥനകളും

ശത്രുസൈന്യത്തെ അപേക്ഷിച്ച് മുസ്‌ലീങ്ങള്‍ വളരെ ദുര്‍ബലരായിരുന്നു. അംഗബലത്തിലും ആയുധബലത്തിലും തങ്ങളെക്കാള്‍ ഏതാണ്ട് നാല് മടങ്ങ ശക്തരായ ഖുറൈശികളെയാണ് മുസ്‌ലീങ്ങള്‍ നേരിട്ടത്.

ശത്രുസൈന്യത്തെ അപേക്ഷിച്ച് മുസ്‌ലീങ്ങള്‍ വളരെ ദുര്‍ബലരായിരുന്നു. അംഗബലത്തിലും ആയുധബലത്തിലും തങ്ങളെക്കാള്‍ ഏതാണ്ട് നാല് മടങ്ങ ശക്തരായ ഖുറൈശികളെയാണ് മുസ്‌ലീങ്ങള്‍ നേരിട്ടത്.

ഡിസംബര്‍ 20, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 15 ഡിസംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

നബിതിരുമേനി(സ)യുടെ ജീവചരിത്രത്തിൽ നിന്ന് ഉഹുദ് യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് താന്‍ വിവരിച്ചുകൊണ്ടിരിക്കുന്നതെന്ന് തശഹ്ഹുദും തഅവ്വുദും സൂറഃഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ് പറഞ്ഞു.

നബിതിരുമേനി(സ)യുടെ യുദ്ധനൈപുണ്യം

ഖലീഫാ തിരുമനസ്സ് പറയുന്നു: മുസ്‌ലിങ്ങൾ ഉഹുദിൽ എത്തിയപ്പോൾ, പിന്നിൽ നിന്ന് ആക്രമിക്കപ്പെടാതെ അവരെ സംരക്ഷിക്കുന്ന രീതിയിൽ പര്‍വതം അവരുടെ പിന്‍ഭാഗത്തായിരുന്നു. എന്നിരുന്നാലും, ശത്രുവിന് ആക്രമിക്കാന്‍ സാധിക്കുംവിധം ഒരു കുന്നും അവിടെ ഉണ്ടായിരുന്നു. അതിനാൽ, നബിതിരുമേനി(സ) ആ കുന്നിന്‍ മുകളിൽ അമ്പത് വില്ലാളിവീരന്മാരെ നിര്‍ത്തി. മാത്രവുമല്ല, നബിതിരുമേനി(സ)യുടെ നേരിട്ടുള്ള കല്പന ലഭിക്കുന്നതുവരെ ഒരു കാരണവശാലും തങ്ങളുടെ സ്ഥാനം വിട്ടുപോകരുതെന്ന് നബിതിരുമേനി(സ) അവരോട് നിര്‍ദേശിച്ചു. മുസ്‌ലിങ്ങൾ യുദ്ധത്തിൽ തോറ്റാലും വിജയിച്ചാലും, പ്രവാചകന്‍ (സ) നേരിട്ട് കല്പിച്ചില്ലെങ്കിൽ അവർ തങ്ങളുടെ നിയുക്ത സ്ഥാനം വിട്ടുപോകരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്കി.

വിവിധ ചരിത്രകാരന്മാര്‍ നബിതിരുമേനി(സ)യുടെ സൈനിക വൈദഗ്ധ്യത്തെയും മുസ്ലിങ്ങളെ എല്ലാ രീതിയിലും സംരക്ഷിക്കുന്നതിന് തിരുനബി(സ) പ്രയോഗിച്ച  തന്ത്രങ്ങൾ എത്രത്തോളം സൂക്ഷ്മമായിരുന്നു എന്നും പറഞ്ഞ കാര്യം ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:

നോക്കൂ, ഈ മലമ്പാത ഒരു കാരണവശാലും വിജനമായി വിടരുത്. ഞങ്ങൾ വിജയികളായി, ശത്രു പരാജയപ്പെട്ട് ഓടിപ്പോയതായി നിങ്ങൾ കണ്ടാലും, ഈ സ്ഥലം വിട്ടുപോകരുത്; മുസ്‌ലിങ്ങൾ പരാജയപ്പെടുകയും ശത്രു ഞങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതായി നിങ്ങൾ കാണുകയാണെങ്കിലും ഇവിടെ നിന്ന് മാറരുത്.

 ഈ നിര്‍ദേശം എത്രത്തോളം ശക്തമായിരുന്നുവെന്നാൽ ഒരു നിവേദനത്തിൽ ഈ വാക്കുകൾ കാണാം:  ഞങ്ങളുടെ അവശിഷ്ടങ്ങൾ കഴുകന്മാര്‍ വലിച്ചുകീറുന്നത് നിങ്ങൾ കണ്ടാലും, പോകാനുള്ള ഉത്തരവ് ലഭിക്കുന്നതുവരെ ഈ സ്ഥലത്ത് നിന്ന് അനങ്ങരുത്.” [1]

50 അമ്പെയ്ത്തുകാരെ നിയമിച്ചതിന് ശേഷം, തിരുനബി(സ) സൈനിക പദവികൾ ക്രമീകരിക്കുകയും ചുമതലകൾ നല്കുകയും ചെയ്തു.

ശത്രുവിനെ അപേക്ഷിച്ച് മുസ്‌ലിങ്ങളുടെ നില വളരെ പരിതാപകരമായിരുന്നു, എണ്ണത്തിലും ആയുധങ്ങളിലും സാധനസാമഗ്രികളുടെ കാര്യത്തിലും. വാസ്തവത്തിൽ, ഓരോ മുസ്‌ലിമിനും നാല് മക്കന്‍ പട്ടാളക്കാർ എന്ന തരത്തിലായിരുന്നു. മക്കക്കാര്‍ മുസ്‌ലിങ്ങളെക്കാൾ മികച്ച സജ്ജീകരണങ്ങളും ആയുധങ്ങളും ഉള്ളവരായിരുന്നു. മക്കക്കാര്‍ക്ക് പത്ത് നിര സൈനികർ ഉണ്ടായിരുന്നു. എന്നാൽ മുസ്‌ലിങ്ങള്‍ക്ക് രണ്ട് നിരകൾ മാത്രമായിരുന്നു. കൂടാതെ അമ്പത് വില്ലാളികൾ കുന്നിന്‍ മുകളിലും.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് (റ) എഴുതുന്നു:

“സൈന്യത്തിന്‍റെ പിന്‍ഭാഗം സുരക്ഷിതമാക്കിയതിന് ശേഷം നബിതിരുമേനി (സ) മുസ്‌ലീം സൈനികനിരയെ ക്രമീകരിക്കാന്‍ തുടങ്ങി. സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക കമാന്‍ഡര്‍മാരെ നിയമിച്ചു. ഈ അവസരത്തിൽ ഖുറൈശികളുടെ സൈന്യത്തിന്‍റെ പതാക ത്വല്‍ഹ ബിന്‍ അബീ ത്വല്‍ഹയുടെ കൈയിലാണെന്ന വാര്‍ത്ത നബിതിരുമേനി(സ)ക്ക് ലഭിച്ചു.യുദ്ധസമയത്ത് ഖുറൈശികളുടെ പ്രാതിനിധ്യം വഹിച്ചിരുന്ന ഖുസയ്യിബ്‌നു ഖിലാബിന്‍റെ രാജവംശത്തിൽ നിന്നുള്ളയാളായിരുന്നു ത്വല്‍ഹ. ഇത് അറിഞ്ഞപ്പോൾ, നബിതിരുമേനി(സ) ഹദ്റത്ത് അലി(റ)യിൽ നിന്ന് മുഹാജിറിന്‍റെ പതാക വാങ്ങി ത്വല്‍ഹയുടെ അതേ രാജവംശത്തിൽ നിന്നുള്ള മുസ്അബ് ബിന്‍ ഉമൈര്‍(റ)യെ ഏല്പിച്ചു. എതിര്‍വശത്ത്, ഖുറൈശികളുടെ സൈന്യവും യുദ്ധ നിരയിൽ അണിനിരന്നു. അബു സുഫ്‌യാന്‍ ആയിരുന്നു സൈന്യത്തിന്‍റെ മേധാവി. ഖാലിദ് ബിന്‍ വലീദ് വലതുപക്ഷത്തിന്‍റെ കമാന്‍ഡറും ഇക്രിമ ബിന്‍ അബൂജഹൽ ഇടത് പക്ഷത്തിന്‍റെ കമാന്‍ഡറുമായിരുന്നു. അബ്ദുല്ലാഹ് ബിന്‍ റബീഅയുടെ നേതൃത്വത്തിലായിരുന്നു അമ്പെയ്ത്തുകാര്‍ അണിനിരന്നത്. സ്ത്രീകൾ സൈന്യത്തിന് പിന്നിലാണ് നിലയുറപ്പിച്ചത്. ചെണ്ട കൊട്ടുമ്പോൾ അവർ തങ്ങളുടെ പുരുഷന്മാരുടെ ആവേശം ഉണര്‍ത്താന്‍ ഈരടികൾ പാടിക്കൊണ്ടിരുന്നു.” [2]

ഉഹുദ് യുദ്ധത്തിന്റെ ആരംഭം

ഖലീഫാ തിരുമനസ്സ് പറയുന്നു: അങ്ങനെ യുദ്ധം ആരംഭിക്കുകയുണ്ടായി. ഖുറൈശികളിൽ നിന്ന് ആദ്യം മുന്നേറിയത് അബൂആമിര്‍ ആയിരുന്നു, അതേസമയം അദ്ദേഹത്തിന്‍റെ മകൻ ഹദ്റത്ത് ഹന്‍സലയായിരുന്നു മുസ്‌ലിം പക്ഷത്ത് നിന്ന് മുന്നേറിയത്. യുദ്ധത്തിൽ തന്‍റെ പിതാവിനെ കൊല്ലാന്‍ അദ്ദേഹം നബിതിരുമേനി(സ)യോട് അനുവാദം തേടി. എന്നാൽ നബിതിരുമേനി(സ) അത് അനുവദിച്ചില്ല.  യുദ്ധസമയത്ത് പോലും വികാരങ്ങളെ നിയന്ത്രിക്കാന്‍ പ്രവാചകൻ(സ) പഠിപ്പിച്ചു.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് സാഹിബ് എഴുതുന്നു:

“ഖുറൈശികളുടെ സൈന്യത്തിൽ നിന്ന് ആദ്യം മുന്നേറിയത് അബൂ ആമിറും അദ്ദേഹത്തിന്‍റെ കൂട്ടാളികളുമായിരുന്നു.  ഔസ് ഗോത്രത്തിൽ പെട്ട അയാൾ മദീനയിലായിരുന്നു താമസിച്ചിരുന്നത്.  റാഹിബ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. നബിതിരുമേനി(സ) മദീനയിൽ എത്തിയതിന് തൊട്ടുപിന്നാലെ, ഈ വ്യക്തി വിദ്വേഷവും അസൂയയും നിറഞ്ഞ മനസ്സോടെ മക്കയിലേക്ക് പോയി. ഏതാനും അനുയായികളോടൊപ്പം, മക്കയിലെ ഖുറൈശികളെ നബിതിരുമേനി(സ)ക്കും മുസ്‌ലിങ്ങള്‍ക്കും എതിരെ ഇളക്കിവിടാനുള്ള തുടര്‍ച്ചയായ ശ്രമം നടത്തുകയുണ്ടായി. അപ്പോൾ ഉഹുദ് യുദ്ധത്തിൽ, ഖുറൈശികളുടെ കൂടെ ചേര്‍ന്ന് മുസ്ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാനായി വന്നു. എന്നാൽ അബൂ ആമിറിന്‍റെ ൻ ഹന്‍സല വളരെ വിശ്വസ്തനായ ഒരു മുസ്ലിമായിരുന്നു, ഈ യുദ്ധത്തിൽ മുസ്ലിം സൈന്യത്തിന്‍റെ ഭാഗമായിരുന്നു. ധീരമായി പോരാടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അബു അമീര്‍ ഔസ് ഗോത്രത്തിലെ സ്വാധീനമുള്ള ആളായിരുന്നതിനാൽ, ഇത്രയും നീണ്ട വേര്‍പിരിയലിന് ശേഷം മദീനയിലെ ജനങ്ങൾ തന്നെ കണ്ടാൽ ഉടന്‍ തന്നെ അവർ മുഹമ്മദ് നബിയെ(സ) ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ചേരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഈ ഒരു പ്രതീക്ഷ കാരണത്താലാണ് അബൂ ആമിര്‍ തന്‍റെ അനുയായികളോടൊപ്പം മറ്റാരേക്കാളും മുമ്പ് മുന്നേറിക്കൊണ്ട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്, ”ഔസ് ഗോത്രത്തിലെ ജനങ്ങളേ! ഇത് ഞാനാണ്, അബൂ ആമിര്‍. അന്‍സാറുകൾ (പ്രവാചകന്‍റെ മദീനയിലെ അനുയായികൾ ഒറ്റ സ്വരത്തിൽ വിളിച്ചുപറഞ്ഞു: ദുഷ്ടാ, പൊയ്‌ക്കൊള്ളൂ നിന്‍റെ ആഗ്രഹം പൂര്‍ത്തിയാകാതിരിക്കട്ടെ. ഇത് പറഞ്ഞുകൊണ്ട്  അവർ അവന് നേരെ കല്ലെറിഞ്ഞു.  അബു അമീറും അവന്‍റെ അനുയായികളും വന്ന സ്ഥലത്തേക്ക് തന്നെ ഓടിപ്പോയി. ഈ കാഴ്ച കണ്ടപ്പോൾ ഖുറൈശികളുടെ പതാകവാഹകനായ തല്‍ഹ വളരെ ശക്തമായ രീതിയിൽ മുന്നോട്ടു നീങ്ങി. ഹദ്റത്ത് അലി(റ) അവനെ നേരിടാന്‍ മുന്നേറി പെട്ടെന്ന് തന്നെ അവനെ വെട്ടിവീഴ്ത്തി. ഇതിനുശേഷം, ത്വല്‍ഹയുടെ സഹോദരന്‍ ഉസ്മാന്‍ മുന്നോട്ട് വന്നുഹംസ(റ) അവനെ വെട്ടിവീഴ്ത്തി. ഈ കാഴ്ചകൾ കണ്ടപ്പോൾ, അവിശ്വാസികൾ രോഷാകുലരാവുകയും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു. ദൈവത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുന്ന  മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് മുസ്‌ലിങ്ങളും മുന്നോട്ട് നീങ്ങി. ഇരു സൈന്യങ്ങളും പരസ്പരം ശക്തമായി ഏറ്റുമുട്ടി. അവസാനം ഖുറൈശികളുടെ സൈന്യത്തിന് മുസ്ലീം സൈന്യത്തിന് മുന്നിൽ കാലിടറാന്‍ തുടങ്ങി. കുറച്ച് സമയത്തേക്ക് വിജയം അവ്യക്തമായി തുടര്‍ന്നുവെങ്കിലും, ഒടുവിൽ ദൈവാനുഗ്രഹത്താൽ ഖുറൈശികള്‍ക്ക് കാലിടറാന്‍ തുടങ്ങി, ആശയക്കുഴപ്പത്തിന്‍റെയും അരാജകത്വത്തിന്‍റെയും അടയാളങ്ങൾ സൈന്യത്തിൽ ശക്തമായി പ്രകടമായി. ഖുറൈശികളുടെ പതാകവാഹകരെ ഒന്നിനുപുറകെ ഒന്നായി കൊന്നൊടുക്കി. അവരിൽ ഒമ്പതോളം പേര്‍ സാമുദായിക പതാക മാറിമാറി കയ്യിലേന്തി. എന്നാൽ ഓരോരുത്തരായി മുസ്‌ലിങ്ങളുടെ കൈകളാൽ വാളിനിരയായി. ഒടുവിൽ, സവാബ് എന്ന് പേരുള്ള ഒരു അബിസീനിയന്‍ അടിമ, ധൈര്യത്തോടെ മുന്നേറി, പതാക പിടിച്ചു. പക്ഷേ അവനെയും ഒരു മുസ്ലീം ഏറ്റുമുട്ടി. മുന്നോട്ട് നീങ്ങി, ഒറ്റ അടിയ്ക്ക് രണ്ട് കൈകളും അറുത്തു. ഖുറൈശികളുടെ പതാക നിലത്ത് വീണു. എന്നാൽ, സവാബ് ധീരനായിരുന്നു. – അവന്‍ തന്‍റെ നെഞ്ചു കൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. അവസാനം അവന്‍ മുസ്‌ലിമിന്‍റെ കൈകൾ കൊണ്ട് തന്നെ കൊല്ലപ്പെട്ടു. ഇതിനുശേഷം, ഖുറൈശികളിൽ നിന്ന് ഒരു വ്യക്തിക്ക് പോലും പതാക ഉയര്‍ത്താനുള്ള ധൈര്യവും ശക്തിയും ഉണ്ടായിരുന്നില്ല. മറുവശത്ത്, തിരുനബി(സ)യുടെ കല്പനപ്രകാരം, ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്, മുസ്‌ലിങ്ങൾ മറ്റൊരു ശക്തമായ ആക്രമണം നടത്തി. അവശേഷിച്ച ശത്രുനിരകളിലേക്ക് കടന്നു ചെല്ലുകയും അവരെ ചിതറിക്കുകയും ചെയ്തുകൊണ്ട് ഖുറൈശികളിലെ സ്ത്രീകൾ നിലയുറപ്പിച്ചിരുന്ന സൈന്യത്തിന്‍റെ എതിര്‍വശത്ത് എത്തി.  ചുരുങ്ങിയ സമയത്തിനുള്ളിൽ, മൈതാനം ഏറെക്കുറെ കാലിയായി. മുസ്‌ലിങ്ങൾ യുദ്ധമുതലുകൾ എടുക്കുന്നതിൽ മുഴുകി.” [3]

തിരുനബിയുടെ വാളിനോട് നീതി പുലര്‍ത്തല്‍

ഖലീഫാ തിരുമനസ്സ് പറയുന്നു: ഉഹുദ് ദിനത്തിൽ തിരുദൂതർ(സ) ഒരു വാൾ എടുത്തുകൊണ്ട് അത് ആര് ഏറ്റെടുക്കുമെന്ന്  ചോദിച്ചു. സഹാബികളെല്ലാം സന്നദ്ധത അറിയിച്ചു. ആരാണ് ഇതിനോട് നീതി പുലര്‍ത്തുക എന്ന് തിരുദൂതർ(സ) വീണ്ടും ചോദിച്ചു. ഇത് കേട്ട് അനുചരന്മാര്‍ നിശബ്ദരായി. എന്നാൽ,  താന്‍ അതിനോട് നീതി പുലര്‍ത്തുന്നതാണ് എന്ന് ഹദ്റത്ത് അബൂ ദുജാന(റ) മറുപടി നല്കി. അതിനുശേഷം, അദ്ദേഹം ആ വാൾ ഉപയോഗിച്ച് ശത്രുവിന് വലിയ രീതിയിൽ നാശം വരുത്തി. അങ്ങനെ അതിനോട് നീതി പുലര്‍ത്തി. മറ്റൊരു നിവേദനത്തിൽ, ഹദ്റത്ത് അബൂദുജാന(റ) വാളിനോട് നീതി പുലര്‍ത്തുക എന്നതിന്‍റെ അര്‍ഥമെന്താണെന്ന് ചോദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ പ്രവാചകൻ(സ) പറഞ്ഞു, അതിന്‍റെ അര്‍ഥം ഒരു മുസ്‌ലിമിനെയും കൊല്ലരുതെന്നും ശത്രുവിനെ അഭിമുഖീകരിക്കുമ്പോൾ പിന്തിരിയരുതെന്നുമാണ്. അപ്പോഴാണ് ഹദ്റത്ത് അബൂദുജാന(റ)വാളിനോട് നീതി പുലര്‍ത്തുമെന്ന് പറഞ്ഞത്.

ഹദ്റത്ത് മിര്‍സാ ബശീർ അഹ്‌മദ് (റ) എഴുതുന്നു:

“തിരുനബിയുടെ(സ) വാൾ ഏറ്റുവാങ്ങാൻ ഏറെ ആഗ്രഹിച്ച സുബൈർ(റ), നബിയുടെ അടുത്ത ബന്ധുവായതിനാൽ താനാണ് കൂടുതൽ യോഗ്യൻ എന്ന് കരുതി. തിരുദൂതർ(സ) ഈ വാൾ തന്നെ ഏല്പിക്കാതെഅബൂദുജാനക്ക്(റ) നല്കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം സ്വയം ചിന്തിച്ചു. സ്വന്തം വിഷമം ലഘൂകരിക്കുന്നതിനും ഈ വാൾ എങ്ങനെ ഉപയോഗിക്കും എന്ന് കാണുന്നതിനും വേണ്ടി യുദ്ധക്കളത്തിൽ അബൂ ദുജാന(റ) യുടെ അടുത്ത് നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സുബൈര്‍ (റ) നിവേദനം ചെയ്യുന്നു: അബൂദുജാന(റ) തന്‍റെ തലയിൽ ചുവന്ന തുണി കെട്ടി, ഈ വാൾ കയ്യിൽ എടുത്ത്, ദൈവത്തെ സ്തുതിച്ചു കൊണ്ട് വിഗ്രഹാരാധകരുടെ നിരയിലേക്ക് തുളച്ചുകയറി. ഈ വാളിന് മുന്നിൽ വരുന്നവരൊന്നും രക്ഷപ്പെടുന്നുണ്ടായിരുന്നില്ല. പുരുഷന്‍മാരെ വളരെയധികം  പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന അബൂസുഫിയാന്‍റെ ഭാര്യ ഹിന്ദ്  ഇദ്ദേഹത്തിന്‍റെ മുന്നില്‍പ്പെട്ടു. അബൂ ദുജാന(റ) അവളുടെ നേരെ വാൾ ഉയര്‍ത്തി, ഹിന്ദ് ഉച്ചത്തിൽ നിലവിളിച്ചു, സഹായത്തിനായി പുരുഷന്മാരോട് അഭ്യര്‍ഥിച്ചു, പക്ഷേ ആരും അവളെ സഹായിക്കാനായി വന്നില്ല. എന്നാൽ അബൂ ദുജാന(റ) സ്വയം വാൾ താഴ്ത്തി അവിടെ നിന്നും മാറി പോകുന്നത് ഞാന്‍ കണ്ടു. സുബൈര്‍ (റ) പറയുന്നു: ഈ അവസരത്തിൽ ഞാന്‍ അബൂദുജാനയോട് ചോദിച്ചു, ‘എന്താണ് സംഭവിച്ചത്? ആദ്യം താങ്കൾ താങ്കളുടെ വാൾ ഉയര്‍ത്തി, പക്ഷേ പിന്നീട് അത് താഴ്ത്തി.അദ്ദേഹം പ്രതികരിച്ചു, ‘ തിരുദൂതർ(സ)യുടെ വാൾ ഒരു സ്ത്രീക്ക് നേരെ ഉപയോഗിക്കുവാൻ എന്‍റെ മനസ്സ് എന്നെ അനുവദിച്ചില്ല;  പ്രത്യേകിച്ച്  ഒരു പുരുഷ സംരക്ഷകന്‍ ഇല്ലായിരുന്ന ഒരു സ്ത്രീക്ക് നേരെ. സുബൈര്‍ (റ) പറയുന്നു:  അപ്പോഴാണ് അബുദുജാന(റ) യഥാര്‍ഥത്തിൽ തിരുദൂതർ(സ)യുടെ വാളിനോട് നീതി പുലര്‍ത്തിയതെങ്ങനെ എന്ന് എനിക്ക് മനസ്സിലായത്. ഒരുപക്ഷെ എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെ എന്‍റെ മനസ്സിലെ സംശയം നീങ്ങി.” [4]

ഇസ്‌ലാമിന്റെ യുദ്ധനിയമങ്ങളുടെ ഒരു ഉദാഹരണം

ഖലീഫാ തിരുമനസ്സ് പറയുന്നു: യുദ്ധ നിയമങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിന്‍റെ അധ്യാപനങ്ങളുടെ പ്രതിഫലനമാണിത്. എല്ലാ സാഹചര്യങ്ങളിലും സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് തന്‍റെ അനുചരന്മാരോട് പറഞ്ഞതിന്‍റെ ഫലമായിട്ടാണ് സ്ത്രീകളെ ആക്രമിക്കരുതെന്ന് ഹദ്റത്ത് അബൂ ദുജാന(റ) ഈ തീരുമാനമെടുത്തതെന്ന് ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) വിശദീകരിക്കുകയുണ്ടായി. ചുരുക്കത്തിൽ, ഇതും തിരുനബി(സ) പഠിപ്പിച്ച യുദ്ധനിയമങ്ങളുടെ ഭാഗമായിരുന്നു. ഈ സംഭവങ്ങൾ തുടര്‍ന്നും വിവരിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഫലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന

ഫലസ്തീനുകാര്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥനകൾ നടത്തിക്കൊണ്ടിരിക്കാൻ ഖലീഫാ തിരുമനസ്സ്  ആഹ്വാനം ചെയ്തു. ക്രൂരതകൾ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടിരിക്കുകയും, ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുക്കുകയും ചെയ്യുകയാണ്. അല്ലാഹു മര്‍ദകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരട്ടെ, അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീനുകാര്‍ക്കായി എളുപ്പം പ്രദാനം ചെയ്യുമാറാകട്ടെ. അല്ലാഹു മുസ്‌ലീം രാജ്യങ്ങള്‍ക്ക് ഐക്യപ്പെടാനുള്ള ബുദ്ധി നല്കുമാറാകട്ടെ. അങ്ങനെ അവർ തങ്ങളുടെ മുസ്‌ലീം സഹോദരങ്ങളുടെ അവകാശങ്ങൾ ഉയര്‍ത്തിപ്പിടിക്കാൻ പരിശ്രമിക്കുന്നവരാകട്ടെ.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2, പേജ് 327-328

[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2, പേജ്: 328

[3] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം:2 പേജ്: 329-332

[4] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2, പേജ്: 329-331

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed