ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 6 ഒക്ടോബര്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്
ഒക്ടോബര്‍ 12, 2023
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും ഓതിയ ശേഷം ഖലീഫ തിരുമനസ്സ് പറഞ്ഞു: കഴിഞ്ഞ ഖുത്ബയില്‍ അസ്മായുടെ വധവുമായി ബന്ധപ്പെട്ട സംഭവം വിവരിച്ചിരുന്നു. ഇതുപോലെ കെട്ടിച്ചമച്ച മറ്റൊരു സംഭവം യഹൂദിയായ അബു അഫക്കിന്‍റെ വധവുമായി ബന്ധപ്പെട്ടതാണ്.
അബു അഫക്കിനെ വധിച്ചെന്ന ആരോപണം
ഹുസൂര്‍ തിരുമനസ്സ് പറയുന്നു: പ്രസ്തുത സംഭവം ഇങ്ങനെയാണ് നടന്നത് എന്ന് പറയപ്പെടുന്നു: അബൂ അഫക്ക് 120 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. ഇയാള്‍ തിരുനബി(സ)യെ തന്റെ കവിതയിലൂടെ അപമാനിക്കുക പതിവായിരുന്നു. നിങ്ങളില്‍ ആരാണ് അബു അഫക്കിന്റെ ജീവന്‍ എടുക്കുക എന്ന് തിരുനബി(സ) തന്റെ സഹാബാക്കളോട് ചോദിച്ചു. തിരുനബിയുടെ ഈ ചോദ്യം കേട്ടപ്പോള്‍ ബദ്റില്‍ പങ്കെടുത്ത ഹദ്‌റത് സാലിം ബിന്‍ ഉമൈര്‍ എഴുന്നേല്‍ക്കുകയും ഒന്നുകില്‍ ഞാന്‍ അബു അഫക്കിനെ വധിക്കുകയോ അല്ലെങ്കില്‍ എന്റെ ജീവന്‍ ബലിയര്‍പ്പിക്കുകയോ ചെയ്യുമെന്ന് പറഞ്ഞു. ചൂടുകാലമായതിനാല്‍ അബു അഫക്ക് തന്റെ വീടിന്റെ അങ്കണത്തിലാണ് രാത്രി ഉറങ്ങുന്നത് എന്ന് ഹദ്‌റത് സാലിം മനസ്സിലാക്കുകയും ഒരു രാത്രി അവിടെ ചെന്ന് അബു അഫക്കിന്റെ ജീവനെടുക്കുകയും ചെയ്തു. ഒരു ചരിത്ര ഗ്രന്ഥത്തില്‍ ഇപ്രകാരമാണ് ഈ സംഭവം രേഖപ്പെട്ട് കിടക്കുന്നത്.
ഖലീഫ തിരുമനസ്സ് പറയുന്നു: ഈ സംഭവം ആധികാരികമായ ഒരു സ്രോതസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ഹദീസുകളുടെ ആറു പ്രാമാണികമായ ഗ്രന്ഥങ്ങളിലും (സിഹാഹു സിത്ത) ഈ സംഭവം വിവരിക്കപ്പെട്ടിട്ടില്ല. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ ഈ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആധികാരികമായ ഒരു ചരിത്ര ഗ്രന്ഥത്തിലും ഈ സംഭവം ഉള്‍പ്പെട്ടിട്ടില്ല.
വിവിധ തരത്തിലുള്ള വൈരുധ്യങ്ങള്‍
ഈ സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരിശോധിക്കുമ്പോള്‍ ഈ സംഭവം കെട്ടിച്ചമച്ചതാണെന്ന് മനസ്സിലാകുന്നതാണ്. യഥാര്‍ഥത്തില്‍ ആരാണ് വധിച്ചത് എന്ന കാര്യത്തിലും ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ചിലര്‍ അത് സാലിം ബിന്‍ ഉമൈര്‍ ആണെന്ന് പറയുന്നു, ചിലര്‍ അത് സാലിം ബിന്‍ അബ്ദുല്ലാഹ് ബിന്‍ സാബിത് അന്‍സാരി ആണെന്ന് പറയുന്നു. ഇതുകൂടാതെ അയാളെ വധിക്കാനുള്ള കാരണങ്ങള്‍ വിവരിക്കപ്പെട്ടതിലും വൈരുധ്യങ്ങള്‍ ഉണ്ട്. സാലിം വികാരത്തിനടിപ്പെട്ട് അയാളെ വധിച്ചു എന്ന് ചിലര്‍ പറയുന്നു. മതത്തിലുള്ള വ്യത്യാസമാണ് വധത്തിന് കാരണം എന്ന് ചിലര്‍ പറയുന്നു. ഇത് തിരുനബി(സ)യുടെ കല്പന പ്രകാരം ആയിരുന്നു എന്ന് ചിലര്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.
ഇത്തരമൊരു സംഭവം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കില്‍ ജൂതന്‍മാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രതികാര നടപടിയും നടന്നിരിക്കണം. എന്നാല്‍ അത്തരം ഒരു സംഭവവും നടന്നതായി നമുക്ക് കാണാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ എല്ലാം വച്ച് പരിശോധിക്കുമ്പോള്‍ ഈ സംഭവം കെട്ടിച്ചമച്ച ഒന്നാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഈ കെട്ടിച്ചമച്ച സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിര്‍സാ ബഷീര്‍ അഹ്‌മദ് സാഹിബ്(റ) എഴുതിയ ഭാഗം ഖലീഫ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി:
“മദീനയില്‍ വസിച്ചിരുന്ന വൃദ്ധനായ അബൂ അഫക്കിനെ കുറിച്ചുള്ളതാണ് രണ്ടാമത്തെ സംഭവം. ഇയാളും തിരുനബി(സ)ക്ക് എതിരായി പ്രകോപനപരമായ കവിതകള്‍ ചൊല്ലുകയും, തിരുനബി(സ)ക്കെതിരെ യുദ്ധം ചെയ്യാനും അദ്ദേഹത്തെ വധിക്കാനും അവിശ്വാസികളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഇയാള്‍ തന്റെ വീടിന്‍റെ വരാന്തയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് സാലിം ബിന്‍ ഉമൈര്‍ എന്ന് പേരുള്ള സഹാബി ഇയാളെ വധിച്ചു എന്ന് പറയപ്പെടുന്നു. വാഖിദിയും ഇബ്‌നു ഹിശാമും, അസ്മായും അബുഅഫക്കും ചൊല്ലിയിരുന്ന പ്രകോപനപരമായ കവിതകളും പരാമര്‍ശിച്ചിട്ടുണ്ട്. ഈ കെട്ടിച്ചമച്ച സംഭവങ്ങളെ വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ച് സര്‍ വില്യം മ്യൂറും മറ്റുള്ളവരും തങ്ങളുടെ പുസ്തകങ്ങളെ നിറം പിടിപ്പിച്ചിട്ടുണ്ട്. എന്തായാലും വിമര്‍ശനങ്ങള്‍ക്കും സൂക്ഷമപരിശോധനകള്‍ക്കും വിധേയമാക്കിയാല്‍ ഈ സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പോലും സ്ഥാപിക്കാന്‍ കഴിയില്ല. ഹദീസ് ഗ്രന്ഥങ്ങളില്‍ എവിടെയും തന്നെ ഈ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്ന കാര്യം തന്നെയാണ് ഈ സംഭവങ്ങളുടെ ആധികാരികതയുടെ മേല്‍ ചോദ്യചിഹ്നമായി നിലനില്ക്കുന്ന ഒരു കാര്യം. ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ ഘാതകന്‍റെ പേരോ പരാമര്‍ശിക്കുന്ന ഒരൊറ്റ ഹദീസ് പോലും നമുക്ക് കാണാന്‍ കഴിയില്ല.
“ഹദീസുകളെ തത്ക്കാലം മാറ്റി നിര്‍ത്തിയാലും പല ചരിത്രകാരന്‍മാരും ഈ സംഭവങ്ങളെ കുറിച്ച് ഒരു സൂചന പോലും നല്കിയിട്ടില്ല. ഈ സംഭവങ്ങളെ കുറിച്ച് ഹദീസ് ഗ്രന്ഥങ്ങളില്‍ പരമാര്‍ശം ഇല്ലാതിരിക്കാന്‍ ഒരു കാരണവും ഇല്ല തന്നെ. ഈ സംഭവങ്ങള്‍ നടന്നു എന്ന് പറയപ്പെടുന്ന കാലഘട്ടം തന്നെ ഈ സംഭവം കെട്ടിച്ചമച്ച കഥയാണ് എന്ന് തെളിയിക്കാന്‍ മതിയായതാണ്. ഈ സംഭവം നടന്നു എന്ന് പറയപ്പെടുന്ന കാലഘട്ടത്തില്‍ മുസ്‌ലിങ്ങള്‍ക്കും ജൂതന്‍മാര്‍ക്കും ഇടയില്‍ ഒരു തരത്തിലുള്ള കലഹവും നടന്നിട്ടില്ല എന്ന കാര്യത്തില്‍ എല്ലാ ചരിത്രകാരന്മാരും ഐക്യകണ്‌ഠേന യോജിക്കുന്നു. മുസ്‌ലിങ്ങള്‍ക്കും ജൂതര്‍ക്കും ഇടയില്‍ നടന്ന ആദ്യത്തെ യുദ്ധം ബനൂ ഖൈന്‍ഖാ യുദ്ധമായിരുന്നു എന്ന് ചരിത്രത്തില്‍ നിന്നും വ്യക്തമാണ് എന്നിരിക്കെ ഈ യുദ്ധത്തിനു മുമ്പേ ഇത്തരം കൊലപാതകങ്ങളും രക്തച്ചൊരിച്ചിലുകളും നടന്നു എന്ന് എങ്ങനെ അംഗീകരിക്കാനാകും. ഈ സംഭവങ്ങള്‍ നടന്നിരുന്നുവെങ്കില്‍, ഇത്രയും പ്രത്യക്ഷമായ ഒരു കാരണത്തെ തീര്‍ച്ചയായും ജൂതന്‍മാര്‍ പര്‍വ്വതീകരിച്ച്, സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്‌ലിങ്ങള്‍ ആണെന്ന് ആരോപിക്കുമായിരുന്നു. എന്നാല്‍ മദീനയിലെ ജൂതന്‍മാര്‍ ഇപ്രകാരം മുസ്‌ലിങ്ങളുടെ മേല്‍ ആരോപണം ഉന്നയിച്ചു എന്ന് ചരിത്രത്തില്‍ എവിടെയും തന്നെ നമുക്ക് കാണാന്‍ കഴിയില്ല.
“പൊതുവെ എല്ലാ വിഷയത്തിലും ഇസ്‌ലാമിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന പാശ്ചാത്യ എഴുത്തുകാരന്‍ മാര്‍ഗോലിസ് ഈ വിഷയത്തില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാര്‍ഗോലിസ് പറയുന്നു: ‘അസ്മാ തന്‍റെ കവിതകളിലൂടെ പ്രാവാചകന്‍റെ മേല്‍ മാരകമായ ആക്രമണം അഴിച്ച് വിടാന്‍ മദീനയിലെ ജനങ്ങളെ ബോധപൂര്‍വം പ്രേരിപ്പിച്ചുകൊണ്ടിരുന്നു എന്നതിനാല്‍ അവളെ വധിച്ചത് സത്യമാണെങ്കില്‍ അത് അകാരണമാണെന്നോ അതിക്രമമാണെന്നോ ഏത് മാനദണ്ഡം വച്ചും പറയാന്‍ കഴിയില്ല. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ആക്ഷേപഹാസ്യം എന്നത് അറേബ്യയിലെ വളരെ മൂര്‍ച്ചയേറിയ ഒരു ആയുധമായിരുന്നു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. അറബികളുടെ രീതിയനുസരിച്ച് ആക്ഷേപഹാസ്യ കവിതകള്‍ മൂലം വ്യക്തികള്‍ തമ്മിലല്ല മറിച്ച് ഗോത്രങ്ങള്‍ തമ്മില്‍ തന്നെ ഘോരയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. അത്തരം അവസ്ഥയില്‍ ഇവിടെ കുറ്റവാളി മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്ന കാര്യവും അവഗണിക്കാവുന്നതല്ല. കുറ്റം ചെയ്ത വ്യക്തി മാത്രമാണ് അതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വരുക എന്ന തത്ത്വം ആവിഷ്‌കരിക്കപ്പെടുകയാണ് ഉണ്ടായത്.’
“ചുരുക്കത്തില്‍, അസ്മായുടെയും അബുഅഫക്കിന്‍റെയും കൊലപാതകങ്ങള്‍ ചരിത്രനിദാന നിരൂപണ ശാസ്ത്രമനുസരിച്ച് സത്യമല്ല എന്ന് തെളിയുന്നു. ഇനി വാദത്തിന് വേണ്ടി ഇത് സത്യമാണ് എന്ന് സമ്മതിച്ചാലും ഈ സംഭവം നടന്ന സമയവും സന്ദര്‍ഭവും വെച്ച് നോക്കുമ്പോള്‍ ഇത് ഒരു ആക്ഷേപാര്‍ഹമായ കാര്യമായി പരിഗണിക്കാവുന്നതുമല്ല. ചിലപ്പോള്‍ കഠിനമായ പ്രകോപനം കാരണം ഏതെങ്കിലും മുസ്‌ലിം ഈ കൃത്യം വ്യക്തിപരമായി ചെയ്തതുമാകാം. എന്നാല്‍ തിരുനബി(സ) ഇങ്ങനെ ഒരു കല്പന നല്കിയതായി നമുക്ക് കാണാന്‍ കഴിയില്ല.”[1]
ഖലീഫാ തിരുമനസ്സ് പറഞ്ഞു, അല്ലാഹു നമുക്ക് കാലത്തിന്‍റെ ഇമാമിനെ തിരിച്ചറിയാനുള്ള തൗഫീഖ് നല്കിയതിനാല്‍ ഇത്തരം നിവേദനങ്ങളെ വിശകലനം ചെയ്യാനും അവയുടെ സത്യാവസ്ഥകള്‍ മനസ്സിലാക്കാനും സാധിക്കുന്നു. അതിനേക്കാള്‍ ഉപരി നമുക്ക് നബി തിരുമേനി(സ)ക്കെതിരില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനും കഴിയുന്നു. ഇത്തരം നിവേദനങ്ങളെ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന നാമമാത്രരായ പണ്ഡിതര്‍ക്കും ഈ നിവേദനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ഉള്ള തൗഫീഖ് അല്ലാഹു നല്കുമാറാകട്ടെ. പ്രത്യക്ഷത്തില്‍ തങ്ങള്‍ ഇസ്‌ലാമിനെ സേവിക്കുന്നു എന്നാണ് അവര്‍ പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ ഇസ്‌ലാമിനെ അപമാനിക്കുകയും തീവ്രവാദത്തെ ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹു അവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശക്തി നല്കുമാറാകട്ടെ. ആമീന്‍.
ഖുത്ബയുടെ അവസാനത്തില്‍ ഖലീഫാ തിരുമനസ്സ് ഡോ. നാസിര്‍ അഹ്‌മദ് ഖാന്‍ സാഹിബ്, ശരീഫ് അഹ്‌മദ് ഭട്ടി സാഹിബ്, പ്രൊ. അബദുല്‍ ഖാദിര്‍ ഡാഹ്‌രി സാഹിബ്, ഡോ. ഉമര്‍ ശരീഫ് ഖാന്‍ സാഹിബ് എന്നിവര്‍ നിര്യാതരായ വിവരം അറിയിക്കുകയും അവരുടെ ദീനീ സേവനങ്ങളെ അനുസ്മരിക്കുകയും അവരുടെ ജനാസ നമസ്‌കരിക്കുന്നതാണ് എന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2 പേ. 266-273
0 Comments