തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 22 സെപ്റ്റംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്

സെപ്റ്റംബര്‍ 27, 2023

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും ഓതിയതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു: ഞാന്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ബദ്ര്‍ യുദ്ധത്തിലെ നബി തിരുമേനി(സ)യുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിച്ചിരുന്നു. ഇന്നും ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സംഭവങ്ങളും ആയിരിക്കും
വിവരിക്കുക. നബി തിരുമേനി(സ) മൂന്ന് ദിവസം വരെ ബദ്ര്‍ മൈതാനത്തില്‍ തങ്ങിയിരുന്നു. ഹദ്‌റത് അബ്ദുല്ലാഹ് ബിന്‍ റവാഹ(റ)യെയും ഹദ്‌റത് സൈദ് ബിന്‍ ഹാരിസ(റ)യെയും നബി തിരുമേനി(സ) വിജയത്തിന്റെ സന്തോഷ വാര്‍ത്ത അറിയിക്കാനായി മദീനയിലേക്ക് അയച്ചിരുന്നു. അതിന് ശേഷം നബിതിരുമേനി(സ) മദീനയിലേക്കുള്ള തന്റെ മടക്കയാത്ര ആരംഭിച്ചു.

വിജയ സംഘത്തിന്റെ കൂടെ എഴുപത് യുദ്ധത്തടവുകാരും ഉണ്ടായിരുന്നു. മടക്കയാത്രക്കിടെ രണ്ടു യുദ്ധത്തടവുകാരെ അവരുടെ ഗുരുതരമായ കുറ്റങ്ങള്‍ കാരണം അന്നത്തെ അറബികളുടെ രീതിയനുസരിച്ച് വഴിയില്‍ വച്ച് തന്നെ വധിച്ചിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം യഥാര്‍ഥത്തില്‍ നടന്നു എന്നതിന്റെ ആധികാരികതയോട് എല്ലാ ചരിത്രകാരന്‍മാരും യോജിക്കുന്നില്ല. വധിക്കപ്പെട്ട ഒരു വ്യക്തിയുടെ സഹോദരിയോ മകളോ ചില കവിതകള്‍ ചൊല്ലുകയും ആ കവിതകളെ കുറിച്ച് നബിതിരുമേനി(സ) അറിഞ്ഞപ്പോള്‍ കണ്ണീരണിഞ്ഞു എന്നും ചില സംഭവങ്ങള്‍ രേഖപ്പെട്ട് കിടക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവവും ചില ചരിത്രകാരന്‍മാര്‍ നിഷേധിച്ചിട്ടുണ്ട്. യാഥാര്‍ഥ്യം അല്ലാഹുവിന് മാത്രമേ അറിയൂ എന്ന് ഖലീഫാ തിരുമനസ്സ് അഭിപ്രായപ്പെട്ടു.

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം

ഖലീഫാ തിരുമനസ്സ് പറയുന്നു: ഹദ്‌റത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് (റ) ഈ വിഷത്തെ കുറിച്ച് ഇപ്രകാരം പറയുന്നു:

“യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ഖുറൈശി പ്രമാണിമാരില്‍ ഉഖ്ബാ ബിന്‍ അബീ മുഈത്തും ഉണ്ടായിരുന്നു. പിന്നീട് യുദ്ധത്തടവുകാരനായിരിക്കെ തന്നെ അയാളെ നബിതിരുമേനി(സ) വധിച്ചു എന്നെല്ലാം ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തെറ്റാണ്. യുദ്ധമൈതാനത്ത് തന്നെ ഉഖ്ബ ബിന്‍ അബീ മുഈത്ത് വധിക്കപ്പെട്ടിരുന്നു. മക്കയിലെ പ്രമാണിമാരോടൊപ്പം ഒരു കുഴിയില്‍ മറവ് ചെയ്യപ്പെട്ടിരുന്നു എന്നതിനെ കുറിച്ചെല്ലാം ഹദീസുകളിലും ചരിത്രങ്ങളിലും വളരെ വ്യക്തമായ നിവേദനങ്ങള്‍ ഉണ്ട്. എന്നാല്‍ നദര്‍ ബിന്‍ ഹാരിസിന്റെ വധം പല നിവേദനങ്ങളില്‍ നിന്നും തെളിയുന്നുണ്ട്. മക്കയില്‍ ഖുറൈശികളുടെ കൈകളാല്‍ നിരപരാധികളായ മുസ്ലിംകള്‍ ശഹീദാക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇയാള്‍ എന്നതാണ് അയാള്‍ വധിക്കപ്പെട്ടതിന്റെ കാരണം.

“എന്നുമാത്രമല്ല, നബിതിരുമേനി(സ)യുടെ ഭാര്യാപുത്രനായിരുന്ന ഹാരിസ് ബിന്‍ അബീഹാല ക്രൂരമായി വധിക്കപ്പെട്ടതിന്റെ പിന്നില്‍ നദര്‍ ബിന്‍ ഹാരിസും ഉണ്ടായിരുന്നു എന്നതും ഒരു കാരണമായിരിക്കാം. എന്തായാലും നദര്‍ അല്ലാതെ മറ്റൊരു തടവുകാരനും വധിക്കപ്പെട്ടിരുന്നില്ല എന്ന കാര്യം തീര്‍ച്ചയാണ്. ഇസ്ലാമിന്റെ ശത്രു ആകുന്നതോ അല്ലെങ്കില്‍ എതിര്‍ഭാഗത്ത് നിന്ന് യുദ്ധം ചെയ്യുന്നതോ കൊണ്ട് യുദ്ധത്തടവുകാരെ വധിക്കുന്നത് ഇസ്ലാമിക രീതിയല്ല. പിന്നീട് ഇതിനെ കുറിച്ച് ഒരു പ്രത്യേക കല്പന നബിതിരുമേനി(സ)ക്ക് വെളിപാടായി ഇറങ്ങുകയും ചെയ്തു. ഇതുകൂടാതെ ഇവിടെ ഒരു കാര്യം കൂടി പരാമര്‍ശിക്കേണ്ടത് എന്തെന്നാല്‍ നദര്‍ ബിന്‍ ഹാരിസിന്റെ വധത്തെ കുറിച്ച് പല നിവേദനങ്ങള്‍ രേഖപ്പെട്ടതോടൊപ്പം അയാള്‍ വധിക്കപ്പെട്ടിട്ടില്ല എന്നും ബദ്റിന് ശേഷവും കുറച്ച് കാലം ജീവിച്ചിരുന്നു എന്നും അവസാനം ഹുനൈന്‍ യുദ്ധാവസരത്തില്‍ മുസ്ലിമായി നബിതിരുമേനി(സ)യുടെ അനുചരന്‍മാരില്‍ ചേര്‍ന്നിരുന്നു എന്നും തെളിയിക്കുന്ന ചില നിവേദനങ്ങളും രേഖപ്പെട്ടു കിടക്കുന്നുണ്ട്. എന്നിരുന്നാലും ആദ്യം പരാമര്‍ശിച്ച നിവേദനങ്ങളെ അപേക്ഷിച്ച് ഈ നിവേദനങ്ങള്‍ ബലഹീനമാണെന്ന് കരുതപ്പെടുന്നു. വല്ലാഹു അഅ്‌ലം. (നന്നായറിയുന്നവന്‍ അല്ലാഹുവാണ്).

“എന്ത് തന്നെയായാലും യുദ്ധത്തടവുകാരില്‍ ആരെങ്കിലും വധിക്കപ്പെട്ടിരുന്നു എങ്കില്‍ അത് നദര്‍ ബിന്‍ ഹാരിസ് മാത്രമായിരുന്നു. ഇയാള്‍ പകരത്തിന് പകരം എന്ന നിലയിലാണ് വധിക്കപ്പെട്ടത്. ഇയാളുടെ വധത്തിന് ശേഷം അയാളുടെ സഹോദരി ചൊല്ലിയ വേദനാനിര്‍ഭരമായ ഈരടികള്‍ കേട്ടപ്പോള്‍ ഈ ഈരടികള്‍ മുന്‍പേ കേട്ടിരുന്നു എങ്കില്‍ നദറിനു ഞാന്‍ മാപ്പ് നല്‍കുമായിരുന്നു എന്ന് നബിതിരുമേനി(സ) പറഞ്ഞതായി ഒരു നിവേദനവും ഉണ്ട്. ഏതായാലും നദര്‍ അല്ലാതെ മറ്റൊരു തടവുകാരനും വധിക്കപ്പെട്ടിട്ടില്ല. മറിച്ച് മുകളില്‍ പരാമര്‍ശിച്ചത് പോലെ തടവുകാരോട് കരുണയോടെ പെരുമാറണം എന്ന് നബിതിരുമേനി(സ) ശക്തമായി കല്‍പിച്ചിരുന്നു.”[1]

ഖലീഫാ തിരുമനസ്സ് പറയുന്നു: ബദ്ര്‍ യുദ്ധത്തില്‍ എഴുപത് മക്കക്കാരായ അവിശ്വാസികള്‍ മുസ്ലിംകളാല്‍ കൊല്ലപ്പെട്ടതോടൊപ്പം എഴുപത് പേര്‍ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധത്തടവുകാരോട് ദയാവായ്പോടെ പെരുമാറണം എന്ന നബിതിരുമേനി(സ)യുടെ കല്പന പ്രകാരം സഹാബാക്കള്‍ തടവുകാരോട് വളരെയധികം ദയയോടെ പെരുമാറുകയുണ്ടായി. ഈ ദയാവായ്പോടെയുള്ള പെരുമാറ്റവും ഇസ്ലാമിന്റെ മഹത്തായ അധ്യാപനങ്ങളും കാരണം ബദ്ര്‍ യുദ്ധത്തിലെ തടവുകാരില്‍ പലരും അവസാനം ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

റോമന്‍ സാമ്രാജ്യത്തിന്റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

ഖലീഫാ തിരുമനസ്സ് പറയുന്നു: ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട അടുത്ത സംഭവം റോമന്‍ സാമ്രാജ്യത്തിന്റെ വിജയമാണ്. ഇതിനെ കുറിച്ച് നബിതിരുമേനി(സ) പ്രവചിച്ചിരുന്നു. അഞ്ച് ഹിജ്രിയില്‍ വിശുദ്ധ ഖുര്‍ആനിലെ റൂം എന്ന അധ്യായം അവതരിക്കുകയുണ്ടായി. അതില്‍ റോമിന്റെ വിജയത്തെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അത് ഇപ്രകാരമാണ്:

”അലിഫ് ലാം മീം. റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ് (മൂന്നു മുതല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍).”[2]

ഈ വചനങ്ങള്‍ അവതരിച്ചപ്പോള്‍ ഹദ്‌റത്ത് അബൂബക്കര്‍(റ) മക്കയിലെ പ്രാന്തപ്രദേശങ്ങളില്‍ ഈ വചനങ്ങള്‍ വിളംബരപ്പെടുത്തിയിരുന്നു.

ഖലീഫാ തിരുമനസ്സ് പറയുന്നു: മക്കക്കാരും പേര്‍ഷ്യക്കാരും ബിംബാരാധാകരായിരുന്നതിനാല്‍ പേര്‍ഷ്യക്കാര്‍ വിജയിക്കണമെന്ന് മക്കക്കാര്‍ ആഗ്രഹിച്ചിരുന്നു. മുസ്ലിംകളും റോമക്കാരും ഗ്രന്ഥാനുസാരികള്‍ ആയത് കൊണ്ട് റോമാക്കാര്‍ വിജയിക്കണമെന്നാണ് മുസ്ലിംകള്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ ആരുടെ ആഗ്രഹമാണോ പൂര്‍ത്തിയാകുന്നത് അതനുസരിച്ച് ഇന്ന ഇന്ന വസ്തുക്കള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഇവര്‍ പരസ്പരം പന്തയം വെച്ചിരുന്നു. ഈ പന്തയത്തിന്റെ കാലാവധി അഞ്ചു വര്‍ഷമായിരുന്നു. അവസാനം റോമാക്കാര്‍ വിജയിക്കുകയുണ്ടായി. ബദ്ര്‍ യുദ്ധത്തിന്റെ ദിവസം തന്നെയാണ് റോമാക്കാരുടെ വിജയത്തെ കുറിച്ച് മുസ്ലിംകള്‍ക്ക് അറിവ് ലഭിച്ചത്.

ഈ പ്രവചനത്തെ കുറിച്ച് അമുസ്‌ലിങ്ങളുടെ സാക്ഷ്യങ്ങള്‍

വിശുദ്ധ ഖുര്‍ആനിലെ പ്രവചനത്തിന്റെ വെളിച്ചത്തില്‍ പ്രത്യക്ഷത്തില്‍ ദുര്‍ബലരായിരുന്നിട്ടും റോമാക്കാര്‍ വിജയിച്ചതിനെ കുറിച്ച് പലതരത്തിലുള്ള ചരിത്ര രേഖകള്‍ ഖലീഫാ തിരുമനസ്സ് പരാമര്‍ശിക്കുകയുണ്ടായി. ഒരു റോമന്‍ ചരിത്രകാരനായ എഡ്വേഡ് ഗിബ്ബനെ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി. റോമന്‍ വിജയത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ പ്രവചനത്തിന്റെ അത്ഭുതപ്പെടുത്തുന്ന കൃത്യതയെ കുറിച്ച് അദ്ദേഹം തന്റെ ആശ്ചര്യം പ്രകടിപ്പിച്ചതിനെ കുറിച്ചും ഖലീഫാ തിരുമനസ്സ് പരാമര്‍ശിക്കുകയുണ്ടായി. തിരുമനസ്സ് തുടരുന്നു: മറ്റുള്ളവയെ അപേക്ഷിച്ച് ഇസ്‌ലാം തന്നെയാണ് സത്യമെന്നും സത്യമതമെന്നും എങ്ങനെ തെളിയിക്കാം എന്ന് ചോദിച്ചുകൊണ്ട് പലരും എനിക്ക് കത്തുകള്‍ എഴുതുന്നു. ചുറ്റുമുള്ള സമൂഹം കാരണമാണ് അവരുടെ മനസ്സില്‍ ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നത്. അവര്‍ ചരിത്രം പരിശോധിക്കുകയും പ്രവചനങ്ങളെ കുറിച്ചുള്ള അമുസ്ലിംകളുടെ ഇത്തരം അഭിപ്രായങ്ങളെ നിരീക്ഷിക്കുകയും ചെയ്യുക. അതുപോലെ ഇന്നത്തെ കാലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ള പ്രവചനങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതാണ്. തങ്ങളുടെ സന്താനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതിന് വേണ്ടി മാതാപിതാക്കളും ഈ പ്രവചനങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. ഈ പ്രവചനങ്ങള്‍ ഇസ്ലാമിന്റെ സത്യസാക്ഷ്യത്തിന്റെ തെളിവുകളാണ്. ഇസ്ലാമിന്റെ സത്യസാക്ഷ്യത്തിന് ആയിരക്കണക്കിന് തെളിവുകള്‍ ഉണ്ട്. തങ്ങളുടെ അറിവ് വര്‍ധിപ്പിക്കുക എന്നതാണ് അനിവാര്യമായ കാര്യം. ഖലീഫാ തിരുമനസ്സ് പറയുന്നു: റോമന്‍ വിജയം ബദ്ര്‍ യുദ്ധാവസരത്തിലാണോ അതോ ഹുദൈബിയ സന്ധിയുടെ അവസരത്തിലാണോ എന്ന ചരിത്ര രേഖകളിലെ വൈരുദ്ധ്യത്തെ ഹദ്‌റത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ) താദാത്മ്യപ്പെടുത്തുന്നുണ്ട്. അത് താഴെ പറയുന്നത് പ്രകാരമാണ്: “റോമന്‍ സാമ്രാജ്യം വിജയിച്ചത് ഹുദൈബിയ സന്ധിയുടെ സമയത്താണ് എന്ന് നിരവധി നിവേദനങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഈ നിവേദനങ്ങളില്‍ വൈരുദ്ധ്യം ഇല്ല. എന്തെന്നാല്‍, റോമന്‍ സാമ്രാജ്യത്തിന്റെ വിജയ കാലഘട്ടം ബദ്ര്‍ യുദ്ധം മുതല്‍ ഹുദൈബിയ സന്ധിയുടെ കാലം വരെ പരന്നുകിടക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.”[3]

റോമന്‍ സാമ്രാജ്യത്തിന്റെ വിജയത്തെ കുറിച്ചുള്ള പ്രവചനത്തിന്റെ സത്യസാക്ഷ്യം

ഖലീഫാ തിരുമനസ്സ് റോമന്‍ സാമ്രാജ്യത്തിന്റെ വിജയത്തെ കുറിച്ചുള്ള ഖുര്‍ആനിക പ്രവചനത്തിന്റെ സത്യസന്ധതയെ കുറിച്ച് വാഗ്ദത്ത മസീഹ്(അ)ന്റെ യും ഖലീഫത്തുല്‍ മസീഹ് സാനി(റ)ന്റെ യും ഉദ്ധരണികളും പരാമര്‍ശിക്കുകയുണ്ടായി. ഉദാഹരണത്തിന്, മസീഹ് മൗഊദ്(അ) പറയുന്നു: മുസ്ലിംകള്‍ ബലഹീനരായിരുന്ന സമയത്താണ് ഈ പ്രവചനം നടക്കുന്നത്. വിജയത്തെ കുറിച്ച് പ്രവചിക്കുക മാത്രമല്ല ചെയ്തത് മറിച്ച് ഇന്ന സമയത്തിനുള്ളില്‍ അത് നടക്കും എന്നുകൂടി പറയുകയുണ്ടായി. റോമാക്കാര്‍ വിജയിക്കുന്നതോടൊപ്പം വിശ്വാസികളും വിജയിക്കും എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തിരുന്നു. അവസാനം എല്ലാ വിധത്തിലുള്ള നിബന്ധനകളും പൂര്‍ത്തിയാക്കികൊണ്ട് ഈ പ്രവചനം പുലരുകയുണ്ടായി.

ഈ സംഭവങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തുടര്‍ന്നും വിവരിക്കുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ശേഷം തിരുമനസ്സ് പറഞ്ഞു; നമസ്‌കാരാനന്തരം ഒരു ജനാസ ഗായിബ് നമസ്‌കരിപ്പിക്കുന്നതാണ്.

ഫിറാസ് അലി അബ്ദുല്‍ വാഹിദ് സാഹിബിന്‍റെ ജനാസ

യുകെയിലെ ഫിറാസ് അബ്ദുല്‍ വാഹിദ് കഴിഞ്ഞ ദിവസം വഫാത്തായി. അദ്ദേഹം ഇറാഖ് സ്വദേശി ആയിരുന്നു. 2012 ലാണ് അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിച്ചത്. സന്തപ്ത കുടുംബാംഗങ്ങളില്‍ ഭാര്യയും ഒരു മകളുമുണ്ട്. തന്റെ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. അദ്ദേഹം തീവ്ര ചിന്താഗതിയുള്ള മുസ്ലിം ആയിരുന്നു . ഹറാം ആണെന്ന് പറഞ്ഞ് വീട്ടിലെ ടീവീ വില്ക്കുകയും വീട്ടിലുള്ള എല്ലാ ചിത്രങ്ങളും കീറിക്കളയുകയും ചെയ്തിരുന്നു. അദ്ദേഹം വളരെ നല്ല ഒരു ചിത്രകാരന്‍ ആയിരുന്നു എങ്കിലും ചില മതഭ്രാന്തന്‍മാര്‍ അദ്ദേഹത്തെ സ്വാധീനിക്കുകയും ഇതൊന്നും അനുവദനീയമല്ല എന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അദ്ദേഹം തന്റെ തന്നെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ഒരു ക്രിസ്ത്യന്‍ സുഹൃത്തുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹം ഒരു ക്രിസ്ത്യാനിയായി മാറുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ഇസ്ലാമിലേക്ക് തന്നെ തിരിച്ച് വന്നു. അദ്ദേഹം ഒരു പണ്ഡിതനും ഭാഷകള്‍ പഠിക്കാന്‍ അഭിരുചിയുള്ള വ്യക്തിയുമായിരുന്നു. 2009 ലാണ് അദ്ദേഹം യുകെയിലേക്ക് താമസം മാറിയത്. ഇവിടെ വച്ച് എം.ടി.എ ചാനല്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും അതിലൂടെ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു. അദ്ദേഹം ഖലീഫത്തുല്‍ മസീഹ് റാബിഅ്(റഹ്)യെ ഒരു സ്വപ്നത്തില്‍ കാണുകയും ഒടുവില്‍ 2012 ല്‍ ഇസ്ലാം അഹ്‌മദിയ്യത്ത് സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം തന്റെ വിശ്വാസത്തില്‍ സ്ഥൈര്യത്തോടെ നിലകൊണ്ടു. അഭിമാനത്തോടെ അത് പ്രചരിപ്പിക്കാനും അഹ്‌മദിയ്യത്തിനെ പ്രതിരോധിക്കാനും ആരംഭിച്ചു. ഖലീഫാ തിരുമനസ്സ് അദ്ദേഹത്തിന് വേണ്ടി ഇപ്രകാരം ദുആ ചെയ്തു: അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ. അദ്ദേഹത്തിന് മേല്‍ കരുണ ചെയ്യട്ടെ. അദ്ദേഹത്തിന്റെ പദവികള്‍ ഉയര്‍ത്തുമാറാകട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തെ അല്ലാഹു സംരക്ഷിക്കുമാറാകട്ടെ. അവര്‍ക്ക് അല്ലാഹു ക്ഷമ പ്രദാനം ചെയ്യുമാറാകട്ടെ. അദ്ദേഹം തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇത് പോലെയുള്ള വ്യക്തികളെ ഭാവിയിലും അല്ലാഹു നമ്മുടെ ജമാഅത്തിന് നല്‍കുമാറാകട്ടെ എന്നും തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2 , പേജ് 159-160

[2] വിശുദ്ധ ഖുര്‍ആന്‍ 30 : 2-5

[3] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 2 പേജ് 174

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed