തിരുനബിചരിത്രം: തബൂക്ക് യുദ്ധം

തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധം

തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 31 ഒക്ടോബർ
2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി.എം.മുഹമ്മദ് സാലിഹ് ശാഹിദ്

തബൂക്ക് യുദ്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർന്നും വിവരിക്കുന്നതാണെന്ന് തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മീർസാ മസ്റൂർ അഹ്‌മദ്‌ (അയ്യദഹുല്ലാഹ്) പറയുകയുണ്ടായി.

തബൂക്കിലേക്കുള്ള യാത്രയ്ക്കിടയിലെ സംഭവങ്ങൾ

മുസ്‌ലിം സൈന്യം യുദ്ധത്തിനായി പുറപ്പെട്ട ശേഷം, നബി തിരുമേനി(സ) ആദ്യമായി തമ്പടിച്ച സ്ഥലം മദീനയിൽ നിന്ന് ഒരു രാത്രി യാത്രാദൂരത്തിലുള്ള ദൂ ഖുശുബ് ആയിരുന്നു. ഈ യാത്രയുടെ കാലയളവിൽ പ്രവാചകന്‍(സ) ളുഹർ (ഉച്ചക്ക് ശേഷമുള്ള ആദ്യത്തെ നമസ്കാരം) അസ്ർ (ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ നമസ്കാരം) എന്നിവയും, മഗ്‌രിബ് (സന്ധ്യാ നമസ്കാരം) ഇശാ (രാത്രി നമസ്കാരം) എന്നിവയും ഒരുമിച്ച് നിർവഹിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രയ്ക്കിടെ, നബി തിരുമേനി(സ) നമസ്കാരത്തിന് മുമ്പ് കൈകൾ മൂന്ന് തവണ കഴുകിയും, മുഖം കഴുകിയും, കൈമുട്ടുകൾ വരെ കൈകൾ കഴുകിയും, തന്‍റെ തുകൽ ഷൂസുകളിൽ നനഞ്ഞ കൈകൾ തടവിയും വുദു (അംഗശുദ്ധി) ചെയ്യുകയുണ്ടായി.

യാത്രയ്ക്കിടെ ഹദ്റത്ത് അബ്ദുർ റഹ്‍മാന്‍ ബിൻ ഔഫ്(റ) നമസ്കാരത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നബി തിരുമേനി(സ) നമസ്കാരത്തിന്‍റെ രണ്ടാമത്തെ റക്അത്തിൽ ചേരുകയും, ജമാഅത്ത് നമസ്കാരം കഴിഞ്ഞ ശേഷം സ്വന്തം നമസ്കാരം പൂർത്തിയാക്കാൻ എഴുന്നേൽക്കുകയും ചെയ്തു. ഇത് കണ്ട് മറ്റ് മുസ്‌ലീങ്ങൾ ആശങ്കാകുലരായി. എന്നാൽ, നമസ്കാരം പൂർത്തിയാക്കിയ ശേഷം പ്രവാചകന്‍(സ) അവരെ അഭിനന്ദിക്കുകയും, കൃത്യ സമയത്ത് നമസ്കാരം നിർവഹിച്ചത് നന്നായി എന്ന് പറയുകയും ചെയ്തു.

നബി തിരുമേനി(സ) ഹിജ്ർ താഴ്വര കടന്നുപോകുമ്പോൾ, അതിക്രമം പ്രവർത്തിച്ചവരുടെ പ്രദേശത്ത് കൂടി കരഞ്ഞു കൊണ്ടല്ലാതെ പ്രവേശിക്കരുതെന്ന് പറഞ്ഞു. അതായത് അത്യധികം ഭയത്തോടും അല്ലാഹുവിനോട് പ്രാർഥിച്ചു കൊണ്ടുമല്ലാതെ പ്രവേശിക്കരുത്. തുടർന്ന് നബി തിരുമേനി(സ) തന്‍റെ മേൽവസ്ത്രം കൊണ്ട് മുഖം മറച്ചു. മറ്റൊരു വിവരണമനുസരിച്ച് തലയും മറച്ചു. പ്രവാചകൻ സ്വാലിഹിന്‍റെ(അ) ജനതയായിരുന്ന സമൂദ് താമസിച്ചിരുന്ന സ്ഥലമാണ് ഹിജ്ർ. ഇത് സമൃദ്ധമായ താഴ്വരയായിരുന്നു. അതിലെ ജനങ്ങൾക്ക് അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ നൽകിയിരുന്നു. എന്നിരുന്നാലും, പ്രവാചകൻ സ്വാലിഹിന്‍റെ(അ) ഒട്ടകം അവർക്കൊരു ദൃഷ്ടാന്തമായിരുന്നു. അതിനെ അവർ മുടന്തിയാക്കിയപ്പോൾ അല്ലാഹുവിന്‍റെ അപ്രീതിക്ക് പാത്രമായി. അവൻ അവരുടെ അനുഗ്രഹങ്ങൾ എടുത്തുമാറ്റി. ഈ ജനതയെക്കുറിച്ച് വിശുദ്ധ ഖുർആനിൽ ഹിജ്റിലെ ആളുകൾ എന്ന് പരാമർശിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അൽ-ഹിജ്ർ എന്ന് പേരുള്ള ഒരധ്യായവുമുണ്ട്.

തബൂക്കിലേക്ക് യാത്ര ചെയ്യുമ്പോൾ, നബി തിരുമേനി(സ)യുടെ ഒട്ടകം ഖസ്‌വ വഴിയിൽ നിന്ന് കാണാതായി. അനുചരന്മാർ ഒട്ടകത്തെ തിരഞ്ഞു. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത ഹദ്റത്ത് ഉമാറ(റ)യും കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കൂടാരത്തിൽ ഒരു മുസ്‌ലിം ഉണ്ടായിരുന്നു. അയാൾ മുമ്പ് ഒരു യഹൂദനായിരുന്നു. അയാൾ ഇസ്‌ലാം സ്വീകരിച്ചതായി ഭാവിക്കുകയും യഥാർഥത്തിൽ ഒരു കപടവിശ്വാസിയുമായിരുന്നു. ഒട്ടകം കാണാതായപ്പോൾ അയാൾ പറഞ്ഞു: നബി തിരുമേനി(സ) ഒരു പ്രവാചകനാണെങ്കിൽ ഈ ഒട്ടകം എവിടെയുണ്ടെന്ന് അറിയേണ്ടതല്ലേ. ഉടൻ തന്നെ, ഒട്ടകത്തിന്‍റെ കൃത്യമായ സ്ഥലം അല്ലാഹു പ്രവാചകന്‍(സ)ക്ക് അറിയിച്ചു. സൈദ് എന്ന് പേരുള്ള ഈ മനുഷ്യൻ പറഞ്ഞതറിഞ്ഞ ഹദ്റത്ത് ഉമാറ(റ), അയാളെ തന്‍റെ കൂടാരത്തിൽ നിന്ന് പുറത്താക്കി.

യാത്രയ്ക്കിടയിൽ മുസ്‌ലീങ്ങളുടെ ഭക്ഷണ സാമഗ്രികൾ കുറഞ്ഞു. മാംസത്തിനായി തങ്ങളുടെ യാത്രാ ഒട്ടകങ്ങളിൽ ചിലതിനെ അറുക്കാൻ മുസ്‌ലീങ്ങൾ നബി തിരുമേനി(സ)യോട് അനുവാദം ചോദിച്ചു. ഇതിന് മറുപടിയായി ഹദ്റത്ത് ഉമർ(റ) തിരുനബി(സ)യോട് പറഞ്ഞു, ഇത് അവരുടെ യാത്രാ മൃഗങ്ങളെ കുറയ്ക്കും. പകരം ബാക്കിയുള്ള സാധനങ്ങൾ എല്ലാവരും ഒരുമിച്ച് കൂട്ടുകയും നബി തിരുമേനി(സ) പ്രാർഥിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നബി തിരുമേനി(സ) അത് അംഗീകരിക്കുകയും അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. സാധനങ്ങൾക്ക് വേണ്ടി പ്രാർഥിച്ച ശേഷം, എല്ലാവർക്കും പൂർണ സംതൃപ്തിയോടെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞു. അൽപ്പം ബാക്കിയാവുകയും ചെയ്തു.

യാത്രയ്ക്കിടയിൽ രണ്ട് വ്യക്തികൾ തമ്മിൽ വഴക്കുണ്ടാവുകയും, അവരുടെ കൈകൾ മുറിയുകയും ഒരാൾക്ക് മുൻവശത്തെ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. പല്ല് നഷ്ടപ്പെട്ടയാൾ തിരുനബിയുടെ(സ) അടുക്കൽ വന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ബാധകമല്ലെന്ന് നബി തിരുമേനി(സ) പറഞ്ഞു. അതിനാൽ, സാഹചര്യങ്ങൾക്കനുസരിച്ചാണ് നഷ്ടപരിഹാരം നൽകുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

യാത്രയ്ക്കിടയിൽ മുസ്‌ലിം സൈന്യം ഒരു ഈന്തപ്പഴത്തോട്ടത്തിന് അടുത്തുകൂടി കടന്നുപോയപ്പോൾ ആ തോട്ടത്തിലെ ഈന്തപ്പഴങ്ങളുടെ എണ്ണം ഊഹിക്കാൻ നബി തിരുമേനി(സ) അനുചരന്മാരോട് പറഞ്ഞു. പിന്നീട് പ്രവാചകന്‍(സ) തന്നെ അത് 10 വസ്ഖ് (പഴയ അളവനുസരിച്ചുള്ള ഭാരം) ആയിരിക്കുമെന്ന് ഊഹിച്ചു. പറിച്ചെടുക്കുമ്പോൾ ഈന്തപ്പഴങ്ങളുടെ ഭാരം ഓർത്തുവെക്കാൻ നബി തിരുമേനി(സ) തോട്ടത്തിന്‍റെ ഉടമയോട് പറഞ്ഞു. യുദ്ധത്തിൽ നിന്ന് മടങ്ങുമ്പോൾ, മുസ്‌ലീങ്ങൾ തോട്ടത്തിന് അടുത്തുകൂടി കടന്നുപോവുകയും ഉടമയോട് ഈന്തപ്പഴങ്ങളുടെ ഭാരം ചോദിക്കുകയും ചെയ്തപ്പോൾ, നബി തിരുമേനി(സ) കണക്കാക്കിയതുപോലെ കൃത്യം 10 വസ്ഖ് ഭാരമുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു.

മുസ്‌ലീങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളും തബൂക്കിൽ എത്തിച്ചേരലും

തബൂക്കിൽ എത്തിച്ചേർന്ന ശേഷം, അന്ന് രാത്രി ഒരു കൊടുങ്കാറ്റുണ്ടാകുമെന്ന് നബി തിരുമേനി(സ) മുസ്‌ലീങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും, ആരും എഴുന്നേറ്റ് നിൽക്കരുതെന്നും, ഒട്ടകങ്ങളെ കെട്ടിയിടണമെന്നും, ആരും ഒറ്റയ്ക്ക് പുറത്തുപോകരുതെന്നും, എല്ലാവരും ജോഡികളായി മാത്രം പുറത്തുപോകണമെന്നും നിർദ്ദേശം നൽകി. അന്ന് രാത്രി അതിശക്തമായ കൊടുങ്കാറ്റായിരുന്നു. ആരെങ്കിലും എഴുന്നേറ്റ് നിന്നിരുന്നെങ്കിൽ കാറ്റിൽ പറന്നുപോകുമായിരുന്നു. കൊടുങ്കാറ്റിന് ശേഷം മുസ്‌ലീങ്ങൾക്ക് വെള്ളമില്ലായിരുന്നു. നബി തിരുമേനി(സ) പ്രാർഥിച്ചപ്പോൾ ഒരു മേഘം വന്ന് അവർക്ക് മഴ നൽകി.
യാത്രയ്ക്കിടയിൽ മുസ്‌ലീങ്ങൾക്ക് കടുത്ത ദാഹവും ചൂടും നേരിടേണ്ടി വന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾ തന്‍റെ ഒട്ടകത്തെ അറുത്ത്, അതിന്‍റെ വയറ്റിലെ വെള്ളം എടുത്ത് കുടിക്കുകയും ബാക്കിയുള്ളത് സൂക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മുസ്‌ലീങ്ങൾ നബി തിരുമേനി(സ)യോട് പ്രാർഥിക്കാൻ അപേക്ഷിച്ചു. പ്രവാചകന്‍(സ) പ്രാർഥനക്കായി കൈകളുയർത്തി. നബി തിരുമേനി(സ)യുടെ കൈകൾ ഉയർന്നിരിക്കുമ്പോൾ തന്നെ ഒരു മേഘം പ്രത്യക്ഷപ്പെടുകയും മഴ പെയ്യുകയും ചെയ്തു. സൈന്യം ഉണ്ടായിരുന്ന സ്ഥലത്ത് മാത്രമാണ് മഴ പെയ്തത്; മറ്റൊരിടത്തും മഴയുണ്ടായില്ല.

തബൂക്കിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരു ദിവസം നബി തിരുമേനി(സ) പറഞ്ഞു, അടുത്ത ദിവസം അവർ തബൂക്കിലെ നീരുറവയിൽ എത്തുന്നതാണ്. അവിടെയെത്തുന്നതുവരെ ആരും വെള്ളത്തിൽ സ്പർശിക്കരുതെന്നും പ്രവാചകന്‍(സ) നിർദ്ദേശിച്ചു. എന്നിരുന്നാലും, അടുത്ത ദിവസം മുന്നോട്ട് പോയ രണ്ട് വ്യക്തികൾ കുറച്ച് വെള്ളമെടുത്തു. ഇതറിഞ്ഞപ്പോൾ നബി തിരുമേനി(സ) അവരെ ശാസിച്ചു. നബി തിരുമേനി(സ) നീരുറവയിൽ എത്തിയപ്പോൾ, അതിലെ വെള്ളം ഉപയോഗിച്ച് മുഖവും കൈകളും കഴുകുകയും, ആ വെള്ളം വീണ്ടും ഉറവയിലേക്ക് ഒഴിക്കുകയും ചെയ്തു. അതിന് ശേഷം, നീരുറവ അതിവേഗം ഒഴുകാൻ തുടങ്ങി, എല്ലാവർക്കും മതിവരുവോളം വെള്ളം കുടിക്കാൻ കഴിഞ്ഞു. തുടർന്ന്, പ്രവാചകന്‍(സ) മുആദ്(റ)നോട് അദ്ദേഹം കൂടുതൽ കാലം ജീവിക്കുകയാണെങ്കിൽ, ഈ പ്രദേശം തോട്ടങ്ങളാൽ സമൃദ്ധമാകുന്നത് കാണുമെന്ന് പറഞ്ഞു. പിന്നീട്, ഇത് ഹദ്റത്ത് മുആദ്(റ)നെ ഖബറടക്കിയ സ്ഥലം തന്നെയായി മാറി. സാക്ഷ്യങ്ങൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം നബി തിരുമേനി(സ) പ്രവചിച്ചതുപോലെ തോട്ടങ്ങളാലും പച്ചപ്പുകളാലും അത്യധികം സമൃദ്ധമായി തീർന്നു എന്നാണ്.

തബൂക്ക് യുദ്ധകാലത്ത് ഹദ്റത്ത് അബ്ബാദ് ബിൻ ബിശ്ർ(റ) പ്രത്യേക സുരക്ഷാ സംഘത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടു. അദ്ദേഹവും സംഘവും സൈന്യത്തിന് ചുറ്റും കറങ്ങുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമായിരുന്നു. ഈ സുരക്ഷാ സംഘത്തിന് സംരക്ഷണം നൽകാൻ ഒരു കൂട്ടം മുസ്‌ലീങ്ങൾ സ്വയം മുന്നിട്ടിറങ്ങിയതായി പിന്നീട് മനസ്സിലാക്കി. നബി തിരുമേനി(സ) ഇത് അറിഞ്ഞപ്പോൾ സന്തോഷിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.

തബൂക്കിലേക്കുള്ള യാത്രയ്ക്കിടയിൽ ഓരോ തവണ മുസ്‌ലീങ്ങൾ തമ്പടിച്ചതിന് ശേഷവും സൈന്യം പുറപ്പെടുമ്പോൾ ചിലർ പിന്നിലായി പോകുമായിരുന്നു. ഇത് നബി തിരുമേനി(സ)യെ അറിയിക്കുമ്പോൾ, അല്ലാഹു ഇച്ചിക്കുന്നുവെങ്കിൽ അവർ സൈന്യത്തോടൊപ്പം ചേരുമെന്ന് പ്രവാചകന്‍(സ) പറയുമായിരുന്നു. ഒരിക്കൽ, ഇത് ഹദ്റത്ത് അബൂദർ(റ)ന് സംഭവിച്ചു. ഒട്ടകങ്ങൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഒടുവിൽ, അദ്ദേഹം ഒട്ടകങ്ങളെ ഉപേക്ഷിച്ച് നടന്ന് നബി തിരുമേനി(സ)യുടെയും മുസ്‌ലിം സൈന്യത്തിന്‍റെയും അടുക്കൽ എത്തിച്ചേർന്നു.

മദീനയിൽ നിന്ന് മുസ്‌ലീങ്ങള്‍ തബൂക്കിലേക്ക് പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ച പുതിയ മുസ്‌ലിം ആയിരുന്നു ഹദ്റത്ത് വാസില(റ). യുദ്ധത്തിന് തയ്യാറെടുക്കാനുള്ള അറിയിപ്പ് കേട്ടപ്പോൾ അദ്ദേഹം വീട്ടിലേക്ക് പോയി. എന്നാൽ തിരിച്ചെത്തിയപ്പോഴേക്കും സൈന്യം പോയിരുന്നു. തന്നെ തബൂക്കിലേക്ക് കൊണ്ടുപോകാൻ ആരെങ്കിലും തയ്യാറുണ്ടോ എന്നും, പകരം തന്‍റെ യുദ്ധമുതലിന്‍റെ ഓഹരി അവർക്ക് നൽകാമെന്നും ഹദ്റത്ത് വാസില(റ) വിളിച്ചുചോദിച്ചു. ഒരു വൃദ്ധൻ അതിന് സമ്മതിക്കുകയും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട്, ഹദ്റത്ത് വാസില(റ)വിന് യുദ്ധമുതലിന്‍റെ ഓഹരി ലഭിക്കുകയും വൃദ്ധന് നൽകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, അയാള്‍ അത് നിരസിച്ചുകൊണ്ട്, തന്‍റെ ലക്ഷ്യം അതായിരുന്നില്ല എന്ന് പറയുകയും ചെയ്തു.

ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

അഹ്‍മദികൾക്കെതിരായി വർധിച്ചുവരുന്ന എതിർപ്പുകളുടെ വെളിച്ചത്തിൽ പ്രാർഥനാഭ്യർഥന

.പാക്കിസ്താനിലെ റബ്‌വയിലെ പള്ളിയിൽ അടുത്തിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് വേണ്ടി ഖലീഫാ തിരുമനസ്സ് പ്രാർഥനാഭ്യർഥന നടത്തി. അല്ലാഹു അവരെ തന്‍റെ സംരക്ഷണത്തിൽ നിർത്തുകയും വേഗത്തിൽ പൂർണ രോഗശാന്തി നൽകുകയും ചെയ്യട്ടെ. പാക്കിസ്താനിൽ അഹ്‍മദിയ്യത്തിനെ എതിർക്കുന്നവർ നടത്തുന്ന എല്ലാ തന്ത്രങ്ങളെയും അല്ലാഹു നിഷ്ഫലമാക്കട്ടെ. ഖത്ത്മെ നുബുവ്വത്ത് (പ്രവാചകത്വ പരിസമാപ്തി) എന്ന പേരിൽ റബ്‌വയിൽ ഇന്ന് ഒരു റാലി നടക്കുന്നുണ്ടായിരുന്നു. അവിടെ പണ്ഡിതന്മാർ വൃത്തികേടുകളും അസംബന്ധങ്ങളും വിളിച്ചുപറഞ്ഞു. സർവശക്തനായ അല്ലാഹു ഇതിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കട്ടെ.

ബംഗ്ലാദേശിലെ അഹ്‍മദികൾക്ക് വേണ്ടിയും ഖലീഫാ തിരുമനസ്സ് പ്രാർഥനാഭ്യർഥന നടത്തി. എതിരാളികൾക്ക് വളരെ അപകടകരമായ തന്ത്രങ്ങളുണ്ടെന്ന് തോന്നുന്നു. സർവശക്തനായ അല്ലാഹു അവിടുത്തെ എല്ലാ അഹ്‍മദികളെയും സംരക്ഷിക്കട്ടെ.
ഫലസ്തീനികൾക്ക് വേണ്ടി ഖലീഫാ തിരുമനസ്സ് പ്രാർഥിക്കാൻ ആഹ്വാനം ചെയ്തു. അല്ലാഹു അവരോട് കരുണ കാണിക്കുകയും അക്രമികളിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യട്ടെ. വെടിനിർത്തലിന്‍റെ പ്രചരണം പേരിനുമാത്രമാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ സംഭവങ്ങൾ ഈ വെടിനിർത്തൽ പേരിനുമാത്രമായിരുന്നു എന്ന് തെളിയിക്കുന്നു. അല്ലാഹു ഈ അടിച്ചമർത്തപ്പെട്ടവരെ കൂടുതൽ ക്രൂരതകളിൽ നിന്ന് രക്ഷിക്കുകയും അക്രമികളെ ശിക്ഷിക്കുകയും ചെയ്യട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed