അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജനുവരി 10, 2025ന്
മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സ്വാലിഹ് ശാഹിദ്
ഹദ്റത്ത് മുഹമ്മദ് നബിതിരുമേനിയുടെ (സ) കാലത്ത് നടന്ന സൈനികനീക്കങ്ങളെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് പറഞ്ഞു:
ഉമ്മു ഖിര്‍ഫയെ വധിച്ചത് മുസ്‌ലീങ്ങള്‍ ആണോ?
ഖലീഫാ തിരുമനസ്സ് പറയുന്നു, ബനൂ ഫസാറയുടെ സൈനികനീക്കവുമായി ബന്ധപ്പെട്ട് ഉമ്മു ഖിര്‍ഫയുടെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചരിത്രപരമായ വിവരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, ഇതൊരു തെറ്റായ സംഭവമാണെന്ന് വ്യക്തമാകും.
ഈ സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
‘ഹദ്റത്ത് അബൂബക്കര്‍(റ)യുടെ മേല്‍പ്പറഞ്ഞ സൈനികനീക്കത്തിന്റെ സ്ഥാനത്ത് ഇബ്നു സഅദ്, സൈദ് ബിന്‍ ഹാരിസ:(റ) കമാന്‍ഡറായിരുന്ന ഒരു സൈനികനീക്കത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഹദ്റത്ത് അബൂബക്കറിന് പകരം സൈദ് ബിന്‍ ഹാരിസയെ ഈ സൈനികനീക്കത്തിന്റെ കമാന്‍ഡറായി ഇബ്‌നു സഅദ് പരാമര്‍ശിക്കുന്നു. മാത്രമല്ല, വിശദാംശങ്ങളിലും വ്യത്യസ്തമായ രീതിയില്‍, ഈ നീക്കം വാദിഉല്‍-ഖുറാഇനടുത്ത് താമസിക്കുകയും മുസ്ലീങ്ങളുടെ ഒരു കച്ചവടസംഘത്തെ ആക്രമിച്ച് അതിന്റെ എല്ലാ സമ്പത്തും വസ്തുക്കളും അപഹരിക്കുകയും ചെയ്ത ബനൂ ഫസാറയെ ശിക്ഷിക്കാനായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന ഉമ്മു ഖിര്‍ഫ എന്ന വൃദ്ധയായിരുന്നു ഈ സംഘത്തിനു പിന്നിലെ പ്രേരകശക്തി. ഈ സ്ത്രീയെ പിടികൂടിയപ്പോള്‍, സൈദിന്റെ സംഘത്തിലെ ഖൈസ് എന്നയാള്‍ അവരെ വധിച്ചു. മാത്രമല്ല, ഈ കൊലപാതകത്തിന്റെ കഥ ഇബ്നു സഅദ് വിവരിക്കുന്നു, അവളുടെ രണ്ട് കാലുകളും രണ്ട് വ്യത്യസ്ത ഒട്ടകങ്ങളില്‍ കെട്ടിയിട്ട് രണ്ട് ഒട്ടകങ്ങളെയും എതിര്‍ ദിശകളിലേക്ക് ഓടിച്ചു.
ഈ വിവരണത്തിന്റെ അടിസ്ഥാനത്തില്‍, മിക്ക യൂറോപ്യന്‍ ചരിത്രകാരന്മാരേക്കാളും കൂടുതല്‍ വിശദാംശങ്ങള്‍ നല്കാറുള്ള സര്‍ വില്യം മ്യൂര്‍ വളരെ ആവേശത്തോടെ ഈ സംഭവത്തെ മുസ്ലീങ്ങളുടെ ‘ക്രൂരമായ സ്വഭാവത്തിന്റെ’ ഉദാഹരണമായി തന്റെ പുസ്തകത്തില്‍ എടുത്തു കാണിച്ചിരിക്കുന്നു.
സത്യത്തില്‍, താന്‍ ഇത് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് കാരണം, ഈ സൈനികനീക്കത്തില്‍ മുസ്‌ലീങ്ങള്‍ ഒരു ക്രൂരകൃത്യം ചെയ്തതുകൊണ്ടാണെന്ന് സര്‍ വില്യം എഴുതി, മിസ്റ്റര്‍ മ്യൂര്‍ എഴുതുന്നു,
‘പരാമര്‍ശം ആവശ്യമില്ലാത്ത നിരവധി അപ്രധാന നീക്കങ്ങള്‍ ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ അവയില്‍ ക്രൂരമായ ഒരു സൈനികനീക്കത്തെ കുറിച്ച് പറയാതിരിക്കാന്‍ നിവൃത്തിയില്ല. കാരണം മുസ്‌ലീങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു ക്രൂരപ്രവൃത്തിയോടെയാണ് അത് അവസാനിച്ചത്’. ഇത് വില്യം മ്യൂറിന്റെ വിവരണമാണ്.
ഒരു ജനതയുടെ ക്രൂരതക്കുള്ള തെളിവ് നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഭവത്തെക്കാള്‍ മറ്റൊന്നിന് മുന്‍ഗണന നല്കുകയും അത് തന്റെ പുസ്തകത്തില്‍ എടുത്തു കാണിക്കുകയും ചെയ്യുന്ന ഒരു ചരിത്രകാരന്‍ യഥാര്‍ഥത്തില്‍ നിഷ്പക്ഷ ഗവേഷകന്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യനല്ല. കാരണം, ക്രൂരതയുടെ ഈ സംഭവം സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാന്‍ അത്തരമൊരു വ്യക്തി ശ്രദ്ധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, ഈ സംഭവം പൂര്‍ണമായും തെറ്റായതും അടിസ്ഥാനരഹിതവുമായിരുന്നു എന്ന് വ്യക്തമാകുന്നതാണ്. കൂടാതെ, രേഖയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍, ഈ വിവരണം കെട്ടിച്ചമച്ചതാണെന്ന് സ്ഥാപിതമായിട്ടുള്ളതാണ്.
യുക്തിയുടെ അടിസ്ഥാനത്തില്‍, കൊലപാതകം ചെയ്തു എന്ന് ആരോപിക്കപ്പെടാത്ത ഒരു സ്ത്രീയെ തടവിലിടുകയും പിന്നീട് ശാന്തമായ ഒരു സാഹചര്യത്തില്‍ ഈ വിവരണത്തില്‍ പറയുന്ന രീതിയില്‍ അവരെ കൊല്ലുകയും ചെയ്യുന്നത് വിദൂര സാധ്യത പോലുമില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കണം. യുദ്ധഭൂമിയില്‍ വച്ച് സ്ത്രീകളെ കൊല്ലുന്നത് പോലും ഇസ്‌ലാം ശക്തമായി വിലക്കുന്നു. ഒരിക്കല്‍ ഒരു ശത്രു ഗോത്രത്തിലെ ഒരു സ്ത്രീയെ യുദ്ധക്കളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഒരു ഹദീസില്‍ പരാമര്‍ശമുണ്ട്. ഏത് സാഹചര്യത്തിലാണ്, ആരുടെ കൈകൊണ്ടാണ് അവള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലായിരുന്നു. ഇത് കണ്ടപ്പോള്‍ നബിതിരുമേനി(സ) വളരെയധികം അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് നബിതിരുമേനി(സ) തന്റെ അനുചരന്മാരോട് ശക്തമായി പ്രസ്താവിച്ചു. അതുപോലെ, നബിതിരുമേനി(സ) എപ്പോഴെങ്കിലും ഒരു സൈന്യത്തെ അയക്കുമ്പോള്‍ മറ്റെല്ലാ ഉപദേശങ്ങള്‍ക്കും പുറമേ, നബിതിരുമേനി(സ) തന്റെ അനുചരന്മാര്‍ക്ക് നല്കിയിരുന്ന ഒരു നിര്‍ദേശം സ്ത്രീകളെയും കുട്ടികളെയും കൊല്ലരുത് എന്നതായിരുന്നു. ഈ അടിസ്ഥാന നിര്‍ദേശങ്ങള്‍ ഉള്ളപ്പോള്‍ തിരുനബിയുടെ അനുചരന്മാര്‍ പ്രത്യേകിച്ച് നബിതിരുമേനിയുടെ വീട്ടിലെ ഒരു അംഗമായിരുന്ന സൈദ് ബിന്‍ ഹാരിസയെ പോലെയുള്ള അനുചരന്മാര്‍ ഇബ്‌നു സഅദ് വിവരിച്ചത് പോലെ ഒരു സ്ത്രീയെ വധിച്ചു എന്ന് പറയുന്നത് ഒട്ടും സ്വീകാര്യമായ കാര്യമല്ല. നിസ്സംശയമായും, ഈ വിവരണത്തില്‍, കൊലപാതകം സൈദ്(റ) യുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടില്ലെങ്കിലും, മറിച്ച് അത് മറ്റൊരു മുസ്‌ലിമിന്റെ പേരിലാണ് ആരോപിക്കപ്പെട്ടത് എന്നാല്‍ ഈ സംഭവം സൈദ്(റ)യുടെ നേതൃത്വത്തിന്‍ കീഴില്‍ സംഭവിച്ചതിനാല്‍, , ആത്യന്തികമായി ഉത്തരവാദിത്വം അദ്ദേഹത്തിനുമേല്‍ വരുന്നതാണ്. മാത്രവുമല്ല, നബിതിരുമേനി(സ)യുടെ അധ്യാപനം നന്നായി അറിഞ്ഞിട്ടുള്ള സൈദ് (റ) തന്റെ മുമ്പാകെ ഇതുപോലെയുള്ള എന്തെങ്കിലും സംഭവിക്കാന്‍ അനുവദിച്ചുവെന്ന് കരുതുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരു സ്ത്രീ കുറ്റം ചെയ്താല്‍ ആ കുറ്റത്തിന്റെ ശിക്ഷ അവള്‍ക്കു ലഭിക്കുന്നതാണ്. ഒരു മതത്തിന്റെയും നിയമവും, ഒരു രാജ്യത്തിന്റെയും നിയമവും, ഒരു കുറ്റകൃത്യത്തിന്റെ ശിക്ഷയില്‍ നിന്ന് ഒരു സ്ത്രീയെ ഒഴിവാക്കുന്നില്ല. എന്നാല്‍, കേവലം മതവിദ്വേഷത്തിന്റെ പേരില്‍ ഒരു സ്ത്രീയെ കൊല്ലുന്നതും അതിലുപരിയായി, ഈ വിവരണത്തില്‍ വിവരിച്ചിരിക്കുന്ന രീതിയില്‍ അവളെ കൊല്ലുന്നത്, പ്രവാചകന്റെ അടിസ്ഥാന നിര്‍ദേശങ്ങള്‍ക്കും ഇസ്ലാമിക ചരിത്രത്തിനും എതിരായ കാര്യമാകുന്നു. കൂടാതെ, വിവിധ വിവരണങ്ങളില്‍ ഉള്ളത് പോലെ ഈ സ്ത്രീ ഒരു അക്രമി ആയിരുന്നു എന്നാണെങ്കില്‍ ഉദാഹരണത്തിന് അവള്‍ നബിതിരുമേനി(സ)യെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നുള്ളത് പോലെ ഇക്കാരണത്താല്‍ അവള്‍ക്കെതിരെ കൊലക്കുറ്റം നിയമപരമായി പുറപ്പെടുവിക്കാവുന്നതാണ്. എന്നാല്‍ ചോദ്യം ഇതാണ്: ഉമ്മു ഖിര്‍ഫയെക്കാള്‍ കൊടും ക്രൂരന്മാരായ കുറ്റവാളികളെ ഈ രീതിയില്‍ നബിതിരുമേനി(സ)യുടെ അനുചരന്മാര്‍ കൊന്നിട്ടില്ലെങ്കില്‍, ഒരു പ്രായമായ സ്ത്രീയോട് സൈദ് ബിന്‍ ഹാരിഥ(റ)യെപ്പോലെ വിവരമുള്ള ഒരു അനുചരന്റെ മേല്‍നോട്ടത്തില്‍ ഈ രീതിയില്‍ പെരുമാറി എന്ന് പറയുന്നത് ഒരിക്കലും സ്വീകരിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍, യുക്തിസഹമായ വീക്ഷണകോണില്‍, ഈ കഥ കളവാണെന്നും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാകുന്നതാണ്. നിഷ്പക്ഷനായ ഒരു വ്യക്തിക്കും ഇതില്‍ സംശയിക്കാന്‍ സാധിക്കുകയില്ല.
ഇനി ഈ വിവരണത്തിന്റെ ആധികാരികതയാണ് പരിശോധിക്കേണ്ടത്. അതിനാല്‍, ഒന്നാമതായി, ഇബ്നു സഅദോ ഇബ്നു ഇസ്ഹാഖോ ഈ വിവരണത്തിന് ആധികാരികത കൈവരുന്ന തെളിവുകള്‍ നല്കിയിട്ടില്ല. വിശ്വസനീയമായ ഒരു ഉറവിടവുമില്ലാതെ, തിരുനബിയുടെ വ്യക്തമായ നിര്‍ദ്ദേശത്തിന് വിരുദ്ധമായ ഇത്തരത്തിലുള്ള ഒരു വിവരണം ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. രണ്ടാമതായി, വളരെ ആധികാരികമായ രണ്ട് ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് മുസ്ലിമിലും സുനന്‍ അബിദാവൂദിലും ഈ വിവരണം പരാമര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ഉമ്മി ഖിര്‍ഫ കൊല്ലപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കൂടാതെ, മറ്റ് പല വിശദാംശങ്ങളിലും, ഈ വിവരണം ഇബ്നു സഅദിന്റെയും മറ്റുള്ളവരുടെയും വിവരണത്തില്‍ നിന്ന് വ്യത്യസ്തമാണ്. കൂടാതെ, സ്വഹീഹായ ഹദീസുകള്‍ നിശ്ചയമായും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതും കൂടുതല്‍ വിശ്വസനീയവും മുന്‍ഗണന അര്‍ഹിക്കുന്നതുമാണ്. ഇക്കാരണത്താല്‍, ഇബ്നു സഅദിന്റെയും മറ്റുള്ളവരുടെയും വിവരണത്തെ സ്വഹീഹ് മുസ്ലിമിന്റെയും സുനന്‍ അബീദാവൂദിന്റെയും വിവരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാതൊരു പ്രാധാന്യവുമില്ല. ഇബ്നു സഅദും ഇബ്നു ഇസ്ഹാഖും തങ്ങളുടെ വിവരണങ്ങള്‍ യാതൊരു ആധികാരികതയുമില്ലാതെ പരാമര്‍ശിച്ചിരിക്കുകയും മറുവശത്ത്, ഇമാം മുസ്‌ലിമും അബൂദാവൂദും അവരുടെ വിവരണങ്ങള്‍ക്ക് പൂര്‍ണമായ ആധികാരികത നല്കുകയും ചെയ്തത് ചിന്തിക്കുമ്പോള്‍ ഈ വ്യത്യാസം കൂടുതല്‍ വ്യക്തമാകും. ഏതായാലും, വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചിരുന്ന ഹദീസ് നിവേദകന്മാരുടെ സൂക്ഷ്മതയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചരിത്രകാരന്മാരുടെ പൊതുവായ വിവരണങ്ങള്‍ക്ക് ഒരു വിലയുമില്ല.
സ്വഹീഹ് മുസ്ലിമിലും സുനന്‍ അബീദാവൂദിലും ഈ വിവരണം രേഖപ്പെടുത്തിയിരിക്കുന്ന രീതി മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതില്‍ ഉമ്മു ഖിര്‍ഫയെ കൊന്ന കാര്യം പോലും പറയുന്നില്ല. മുസ്‌ലിമിന്റെയും അബൂദാവൂദിന്റെയും വിവരണത്തില്‍ ഉമ്മൂ ഖിര്‍ഫയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കൂടാതെ കമാന്‍ഡറുടെ പേരും സൈദിന്(റ) പകരം അബൂബക്കര്‍(റ) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും, ഈ പര്യവേഷണം മൊത്തത്തില്‍ മറ്റൊന്നായിരുന്നുവെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല, കാരണം ബാക്കിയുള്ള പ്രധാന വിശദാംശങ്ങള്‍ എല്ലാം സമാനമാണ്. ഉദാഹരണത്തിന്,
1) ഈ സൈനികനീക്കം ബനൂ ഫസാറയ്ക്കെതിരെയായിരുന്നുവെന്ന് ഈ രണ്ട് നിവേദനങ്ങളിലും വിവരിച്ചിട്ടുണ്ട്.
2) ഈ രണ്ട് വിവരണങ്ങളിലും ബനൂ ഫസാറയുടെ തലവന്‍ ഒരു വൃദ്ധയായിരുന്നുവെന്ന് പരാമര്‍ശിക്കപ്പെടുന്നു.
3) രണ്ട് വിവരണങ്ങളിലും ഈ സ്ത്രീയുടെ തടവിലാക്കപ്പെടുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
4) ഈ രണ്ട് വിവരണങ്ങളിലും ഈ സ്ത്രീയുടെ കൂടെ തടവിലാക്കപ്പെട്ട അവരുടെ മകളും ഉണ്ടായിരുന്നുവെന്ന് പരാമര്‍ശിക്കപ്പെടുന്നു.
5) രണ്ട് വിവരണങ്ങളിലും ഈ പെണ്‍കുട്ടി സല്‍മ ബിന്‍ അക്വയുടെ നിയന്ത്രണത്തിലാണ് കഴിഞ്ഞതെന്ന് പരാമര്‍ശിക്കപ്പെടുന്നുണ്ട്.
കൂടാതെ, മറ്റ് വസ്തുതകളിലും സമാനതകളുണ്ട്.[1]
അബ്ദുല്ലാഹ് ബിന്‍ അതീഖിന്റെ സൈനികനീക്കം
ഖലീഫാ തിരുമനസ്സ് പറയുന്നു, അബൂ റാഫിയുടെ അടുത്തേക്ക് അയക്കപ്പെട്ട അബ്ദുല്ല ബിന്‍ അതീഖിന്റെ സൈനിക നീക്കവുമുണ്ട്. അതിനെ സംബന്ധിച്ച് ഹദ്റത്ത് മീര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് എഴുതുന്നു:
അബു റാഫിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരണങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കഅ്ബ് ബിന്‍ അശ്റഫിനെ വധിച്ചതിന് ശേഷം സംഭവിച്ചതാണെന്ന് ബുഖാരി ഒരു തീയതി വ്യക്തമാക്കാതെ പരാമര്‍ശിച്ചിരിക്കുന്നു. ഇത് ഏതായാലും ശരി തന്നെയാണ്. ഈ രണ്ട് വിവരണങ്ങളും ഒരുമിച്ച് പരാമര്‍ശിച്ചിരിക്കാം, കാരണം അവയുടെ സ്വഭാവം സമാനമാണ്. തബരി 3 ഹിജ്‌റയില്‍ കഅബ് ബിന്‍ അശ്റഫിന്റെ സംഭവത്തിനുശേഷം എന്നാണ് രേഖപ്പെടുത്തിയത്. ഹിജ്‌റ 4-ല്‍ എന്നാണ് വാഖിദി പരാമര്‍ശിച്ചിട്ടുള്ളത്. ഇബ്നു ഇസ്ഹാഖിനെ പരാമര്‍ശിച്ച്, ഹിജ്‌റ 5-ന്റെ അവസാനത്തില്‍ നടന്ന ബനൂ ഖുറൈളയുടെ യുദ്ധത്തിന് ശേഷമുള്ളതാണെന്ന് ഇബ്നു ഹിഷാം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയില്‍, ഇത് ഹിജ്‌റ 6-ന്റെ തുടക്കത്തില്‍ സംഭവിച്ചതായി കണക്കാക്കാം. എന്നിരുന്നാലും, ഇബ്നു സഅദ് ഇത് ഹിജ്റ 6-ല്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്, മിക്ക ചരിത്രകാരന്മാരും ഇബ്നു സഅദിന്റെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.[2]
ഹദ്റത്ത് മീര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് എഴുതുന്നു:
ജൂത പ്രമാണിമാരുടെ കൊള്ളരുതായ്മയും പ്രേരണയും ഹിജ്‌റ 5-ല്‍ മുസ്‌ലീങ്ങള്‍ക്കെതിരായ അഹ്‌സാബ് യുദ്ധത്തിന്റെ അപകടകരമായ സംഘട്ടനത്തില്‍ കലാശിച്ചു. അവരില്‍, ഹുയയ്യ് ബിന്‍ അഖ്തബ് ബനൂ ഖുറൈളയോടൊപ്പം തന്റെ അന്ത്യം നേരിട്ടിരുന്നു. എന്നിരുന്നാലും, അബൂ റാഫി എന്ന് അറിയപ്പെട്ടിരുന്ന സല്ലാം ബിന്‍ അബില്‍-ഹുഖൈഖ് , ഖൈബര്‍ മേഖലയില്‍ പഴയതുപോലെ തന്നെ തന്റെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ സ്വതന്ത്രനായി ഏര്‍പ്പെട്ടിരുന്നു. മറിച്ച്, അഹ്‌സാബിന്റെ അപമാനകരമായ പരാജയവും ബനൂ ഖുറൈസയുടെ ദാരുണമായ അന്ത്യവും അയാളുടെ വിദ്വേഷം വര്‍ദ്ധിപ്പിച്ചു. ഖൈബറിനടുത്താണ് ഗത്ഫാന്‍ ഗോത്രങ്ങളുടെ വാസസ്ഥലം. ഖൈബറിലെ ജൂതന്മാര്‍ നജ്ദ് ഗോത്രങ്ങള്‍ക്ക് അയല്‍ക്കാരെപ്പോലെയായിരുന്നു. ഇക്കാരണത്താല്‍, വളരെ സമ്പന്നനും സ്വാധീനമുള്ളതുമായ വ്യാപാരിയായിരുന്ന അബൂ റാഫി, നജ്ദിലെ പ്രാകൃതരും യുദ്ധക്കൊതിയന്മാരുമായ ഗോത്രങ്ങളെ മുസ്ലീങ്ങള്‍ക്കെതിരെ ഇളക്കിവിടുന്നത് പതിവാക്കിയിരുന്നു. തിരുനബി(സ)യോടുള്ള വിരോധത്തില്‍ അയാള്‍ കഅബ് ബിന്‍ അഷ്റഫിനെപ്പോലെയായിരുന്നു. നാം ഇപ്പോള്‍ പരാമര്‍ശിക്കുന്ന ആ കാലഘട്ടത്തില്‍, തിരുനബി(സ)ക്കെതിരെ ആക്രമണം നടത്താന്‍ അദ്ദേഹം ഗത്ഫാനി ജനതയ്ക്ക് വളരെ വലിയ തുക സാമ്പത്തിക സഹായമായി നല്കിയിരുന്നു. കൂടാതെ,അബു റാഫിയുടെ കീഴില്‍ ക്രമക്കേട് സൃഷ്ടിച്ചിരുന്ന ഖൈബറിലെ ജൂതന്മാര്‍ തന്നെയായിരുന്നു ശഅബാന്‍ മാസത്തില്‍ ബനൂ സഅദില്‍ നിന്നും മുസ്ലീങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഭീഷണിയുടെ പിന്നിലുമെന്ന് ചരിത്രം തെളിയിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഹദ്റത്ത് അലിയുടെ നേതൃത്വത്തില്‍ മദീനയില്‍ നിന്ന് ഒരു സൈന്യത്തെ അയച്ചത്. എന്നിരുന്നാലും, അബൂ റാഫിക്ക് ഇത് മതിയാകുന്നുണ്ടായിരുന്നില്ല, അവന്റെ ശത്രുത മുസ്ലീം രക്തത്തിനുവേണ്ടി ദാഹിക്കുകയും പ്രവാചകന്‍(സ) അവന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു. അതിനാല്‍, ആത്യന്തികമായി അദ്ദേഹം ഉപയോഗിച്ച പദ്ധതി അഹ്‌സാബ് യുദ്ധത്തിലേത് സമാനമായിരുന്നു. അയാള്‍ വീണ്ടും ഗത്ഫാന്‍ ഗോത്രങ്ങളിലും മറ്റ് ഗോത്രങ്ങളിലും പര്യടനം നടത്താന്‍ തുടങ്ങി, മുസ്ലീങ്ങളെ നശിപ്പിക്കാന്‍ ഒരു വലിയ സൈന്യത്തെ ഒരുമിച്ച് കൂട്ടാന്‍ തുടങ്ങി. സ്ഥിതിഗതികള്‍ ഇത്രത്തോളം എത്തിയപ്പോള്‍ അഹ്സാബിന്റെ ദൃശ്യങ്ങള്‍ ഒരിക്കല്‍ കൂടി മുസ്ലീങ്ങളുടെ കണ്‍മുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ഖസ്റജിലെ ഏതാനും അന്‍സാര്‍ തിരുമേനി(സ)യുടെ മുമ്പാകെ ഹാജരായി പറഞ്ഞു: ”ഇപ്പോള്‍, ഈ പ്രക്ഷുബ്ധ സാഹചര്യത്തിനുള്ള പരിഹാരം ഈ കുഴപ്പങ്ങളുടെ സൂത്രധാരനെ അവസാനിപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല. ദേശത്തുടനീളം കൂട്ട രക്തച്ചൊരിച്ചില്‍ നടക്കുന്നതിനെക്കാള്‍ നല്ലത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്ന ഒരാളെ ഉന്മൂലനം ചെയ്യുന്നതാണെന്ന വസ്തുത പരിഗണിച്ച്, നബിതിരുമേനി(സ) ഈ അനുചരന്മാര്‍ക്ക് അനുവാദം നല്കി. അബ്ദുല്ലാഹിബ്‌നു അതീക് അന്‍സാരി(റ)യുടെ നേതൃത്വത്തില്‍ ഖസ്രജില്‍ നിന്ന് അദ്ദേഹം നാല് അനുചരന്മാരെ അബൂ റാഫിയുടെ അടുത്തേക്ക് അയച്ചു. അവരെ അയച്ചപ്പോള്‍ അദ്ദേഹം താക്കീത് ചെയ്തു പറഞ്ഞു: നോക്കൂ, ഒരു സ്ത്രീയെയും കുട്ടിയെയും കൊല്ലരുത്.
അതിനാല്‍, ഹിജ്‌റ വര്‍ഷം 6, റമദാന്‍ മാസത്തില്‍ ഈ സംഘം പുറപ്പെട്ടു, വളരെ സമര്‍ഥമായി ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. അങ്ങനെ മദീനയുടെ ആകാശത്ത് നിന്ന് ഈ ദുരന്തത്തിന്റെ മേഘങ്ങള്‍ നീങ്ങിപ്പോയി. ഇക്കാര്യത്തില്‍ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ബറാഅ് ബിന്‍ ആസിബ് വിവരിക്കുന്നു. ജൂതനായ അബൂ റാഫിയെ വധിക്കാന്‍ നബിതിരുമേനി(സ) തന്റെ അനുചരന്മാരുടെ ഒരു സംഘത്തെ അബ്ദുല്ലാഹ് ബിന്‍ അതീഖിന്റെ നേതൃത്വത്തില്‍ അയക്കുകയുണ്ടായി. അബു റാഫി(റ) എന്ന വ്യക്തി നബിതിരുമേനി(സ)യെ വല്ലാതെ ദുഃഖിപ്പിക്കുകയും പ്രവാചകനെതിരെ ജനങ്ങളെ പ്രകോപിതരാക്കുകയും ചെയ്യുമായിരുന്നു. അബ്ദുല്ലാഹ് ബിന്‍ അതീക്കും കൂട്ടാളികളും അബു റാഫിയുടെ കോട്ടക്കടുത്തെത്തി. സൂര്യന്‍ അസ്തമിച്ച സമയമായിരുന്നു. അബ്ദുല്ലാഹ് ബിന്‍ അതീക് തന്റെ കൂട്ടാളികളെ പിറകിലായി നിര്‍ത്തി കൊണ്ട് കോട്ടയുടെ കവാടത്തിലേക്ക് പോയി. പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്കുന്ന പോലെ അദ്ദേഹം തന്റെ മേലങ്കി പുതച്ചു കൊണ്ട് ഇരുന്നു. ഗേറ്റിന്റെ കാവല്‍ക്കാരന്‍ കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് എത്തിയപ്പോള്‍, അദ്ദേഹം അബ്ദുല്ലാഹ് ബിന്‍ അതീക്കിനെ വിളിച്ച് പറഞ്ഞു: അല്ലാഹുവിന്റെ ദാസനേ, നിനക്ക് വേണമെങ്കില്‍ അകത്തേക്ക് കടക്കുക, ഞാന്‍ ഗേറ്റ് അടയ്ക്കാന്‍ പോകുന്നു. മേലങ്കി പുതച്ചു കൊണ്ട് തന്നെ അബ്ദുല്ലാഹ് ബിന്‍ അതീക് വേഗം ഗേറ്റ് കടന്ന് കോട്ടയുടെ ഒരു വശത്തേക്ക് മറഞ്ഞു. ഗേറ്റ് കീപ്പര്‍ ഗേറ്റ് അടച്ച് താക്കോല്‍ അടുത്തുള്ള കുറ്റിയില്‍ തൂക്കി അവിടെ നിന്നും പോയി. ഇതിനുശേഷം, അബ്ദുല്ലാഹ് ബിന്‍ അതീഖിന്റെ വിവരണം ആരംഭിക്കുന്നു. അദ്ദേഹം പറയുന്നു, ‘ പ്രധാനമായും ആദ്യം തന്നെ വേഗത്തിലും എളുപ്പത്തിലും പുറത്തുകടക്കാന്‍ കഴിയുന്നതിനായി ഞാന്‍ എഴുന്നേറ്റു ഗേറ്റിന്റെ പൂട്ട് തുറന്നു. ആ സമയത്ത്, അബു റാഫി അദ്ദേഹത്തിന്റെ ഒരു മുറിയില്‍ ഉണ്ടായിരുന്നു. നിരവധി ആളുകള്‍ അയാള്‍ക്ക് ചുറ്റും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഇവരൊക്കെ അവിടെ നിന്നും പോയപ്പോള്‍ ആ സ്ഥലം നിശബ്ദമായി. ഞാന്‍ അബൂ റാഫിയുടെ വീട്ടിലേക്കുള്ള പടികള്‍ കയറി. ഒരു വാതിലിനടുത്തേക്ക് വരുമ്പോഴെല്ലാം അകത്ത് കടന്ന് പിന്നില്‍ നിന്ന് അടയ്ക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ അബൂ റാഫിയുടെ മുറിയില്‍ എത്തിയപ്പോള്‍ അവന്‍ റാന്തല്‍ വിളക്ക് കെടുത്തി ഉറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. മുറിയില്‍ കനത്ത ഇരുട്ടായിരുന്നു. ഞാന്‍ അബു റാഫിയുടെ പേര് വിളിച്ചു, അതിന് അദ്ദേഹം മറുപടി പറഞ്ഞു, ‘ആരാണ് അവിടെ? അങ്ങനെ ഞാന്‍ ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് കുതിച്ചു, വാള് കൊണ്ട് ശക്തമായ ഒരു പ്രഹരം നടത്തി. എന്നാല്‍ എനിക്ക് അവനെ നഷ്ടമായി. അബൂ റാഫി ഉറക്കെ നിലവിളിച്ചു, അതോടെ ഞാന്‍ മുറി വിട്ടു. കുറച്ച് സമയത്തിന് ശേഷം, ഞാന്‍ വീണ്ടും മുറിയിലേക്ക് പ്രവേശിച്ചു, ശബ്ദം മാറ്റി ചോദിച്ചു, ‘ഓ അബൂ റാഫി’ എന്താണ് ഈ ബഹളം? എന്റെ മാറിയ ശബ്ദം തിരിച്ചറിയാന്‍ കഴിയാതെ അയാള്‍ പറഞ്ഞു, ‘ ആരോ ഇപ്പോള്‍ എന്നെ വാളുകൊണ്ട് ആക്രമിച്ചു. ഈ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അവന്റെ നേരെ പാഞ്ഞുകയറി അവനെ വാളുകൊണ്ട് വെട്ടി. ഇത്തവണ, എന്റെ പ്രഹരം ലക്ഷ്യം കണ്ടു, പക്ഷേ അവന്‍ അപ്പോഴും മരിച്ചില്ല, തുടര്‍ന്ന് ഞാന്‍ അവനെ മൂന്നാമതും ആക്രമിച്ച് വധിച്ചു. ഇതിനുശേഷം, വീടിന് പുറത്തേക്ക് എത്തുന്നതുവരെ ഞാന്‍ വേഗം വാതിലുകള്‍ ഓരോന്നായി തുറന്നു. എന്നാലും പടികള്‍ ഇറങ്ങുമ്പോള്‍ ഇനിയും കുറച്ചു പടികള്‍ ബാക്കിയുണ്ടായിരുന്നു, താഴെ എത്തി എന്ന് വിചാരിച്ച ഞാന്‍ നിലത്ത് വീഴുകയും കാല്‍ ഒടിയുകയും ചെയ്തു (മറ്റൊരു വിവരണത്തില്‍ കാലിന് സ്ഥാനഭ്രംശം സംഭവിച്ചതായി പറയുന്നുണ്ട്). എന്നാലും ഞാന്‍ അത് തലപ്പാവ് കൊണ്ട് കെട്ടി പുറത്തേക്ക് നിരങ്ങി നീങ്ങി, പക്ഷേ അബൂ റാഫി മരിച്ചുവെന്ന് പൂര്‍ണമായി തൃപ്തനാകുന്നതുവരെ പോകില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു. അതിനാല്‍, ഞാന്‍ കോട്ടയ്ക്കടുത്തുള്ള ഒരു സ്ഥലത്ത് ഒളിച്ചു. അടുത്ത ദിവസം രാവിലെ, കോട്ടയ്ക്കുള്ളില്‍ നിന്ന് ആരോ പറയുന്ന ശബ്ദം ഞാന്‍ കേട്ടു, ‘ഹിജാസിന്റെ വ്യാപാരിയായ അബൂ റാഫി’ മരിച്ചു. അതിനുശേഷം, ഞാന്‍ സാവധാനം എഴുന്നേറ്റു, എന്റെ കൂട്ടാളികളെ കണ്ടുമുട്ടി. മദീനയില്‍ എത്തിയ ഞങ്ങള്‍ അബൂ റാഫിയുടെ മരണവാര്‍ത്ത നബിതിരുമേനി(സ)യെ അറിയിച്ചു. വിവരണം മുഴുവനും കേട്ടപ്പോള്‍ തിരുനബി(സ) പറഞ്ഞു: ‘നിന്റെ ഒടിഞ്ഞ കാല്‍ നീട്ടുക. ഞാന്‍ എന്റെ കാല്‍ നീട്ടി, പ്രാര്‍ഥിച്ചുകൊണ്ട് നബിതിരുമേനി(സ) തന്റെ അനുഗ്രഹീതമായ കൈ അതില്‍ തടവി. അപ്പോള്‍ ആ കാലില്‍ ഒരിക്കലും തന്നെ ഒരു ബുദ്ധിമുട്ടും ഇല്ലാതിരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.
മറ്റൊരു നിവേദനത്തില്‍, ‘അബ്ദുല്ലാഹ് ബിന്‍ ‘അതീക്(റ) അബൂ റാഫിയെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. അവളുടെ നിലവിളി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്കുമോ എന്ന് ചിന്തിച്ചു അദ്ദേഹം ആശങ്കാകുലനായി. അപ്പോള്‍ അദ്ദേഹം അവളെ കൊല്ലാന്‍ വാള്‍ ഉയര്‍ത്തി, എന്നാല്‍ പ്രവാചകന്‍(സ) സ്ത്രീകളെ കൊല്ലുന്നത് വിലക്കിയ കാര്യം ഓര്‍ത്തു, അതിനാല്‍ അദ്ദേഹം അതില്‍ നിന്ന് വിട്ടുനിന്നു.
ഈ അവസരത്തില്‍, അബൂ റാഫിയെ കൊലപ്പെടുത്തിയതിന്റെ ന്യായീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. അടിസ്ഥാനപരമായി, ഇനിപ്പറയുന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ് :
ആ കാലഘട്ടത്തില്‍, മുസ്ലീങ്ങള്‍ വളരെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു, എല്ലാ ദിക്കുകളില്‍ നിന്നുമുള്ള പ്രതികൂല സാഹചര്യങ്ങളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു. ദേശത്തുടനീളം ശത്രുതയുടെ അഗ്‌നി കത്തി ജ്വലിച്ചു. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഭൂമി മുഴുവന്‍ ഒന്നിക്കുന്നതുപോലെയായിരുന്നു അന്നത്തെ അവസ്ഥ. അതിസങ്കീര്‍ണമായ ഈ സമയങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെ ജ്വലിച്ച തീ ആളിക്കത്തിക്കുകയായിരുന്നു അബൂ റാഫി. കൂടാതെ തന്റെ ശക്തി, സ്വാധീനം, സമ്പത്ത് എന്നിവയിലൂടെ അയാള്‍ അറേബ്യയിലെ വിവിധ ഗോത്രങ്ങളെ ഇസ്‌ലാമിനെതിരെ പ്രേരിപ്പിച്ചു. കൂടാതെ, അഹ്സാബ് യുദ്ധത്തിന് സമാനമായി, മദീനയ്ക്കെതിരെ വീണ്ടും ആക്രമണം നടത്താന്‍ അറേബ്യയിലെ പ്രാകൃത ഗോത്രങ്ങളെ ഒന്നിപ്പിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു.
ആ കാലഘട്ടത്തില്‍, നീതി നടപ്പാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടവും അറേബ്യയില്‍ ഉണ്ടായിരുന്നില്ല. പകരം, ഓരോ ഗോത്രവും സ്വതന്ത്രരായിരുന്നു. അതിനാല്‍, സ്വയം സംരക്ഷണത്തിനായി ഒരു തന്ത്രം പ്രയോഗിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു.
ജൂതജനത നേരത്തെ തന്നെ ഇസ്‌ലാമുമായി യുദ്ധത്തിലായിരുന്നു. അക്കാലത്ത് മുസ്‌ലീങ്ങളും ജൂതന്മാരും തമ്മില്‍ ഒരു യുദ്ധം നിലനിന്നിരുന്നു.
ജൂതര്‍ക്കെതിരെ പരസ്യമായി സേനയെ അണിനിരത്തിയിരുന്നെങ്കില്‍ കാര്യമായ ജീവനും സമ്പത്തും നഷ്ടപ്പെടുമായിരുന്നു എന്നതായിരുന്നു അന്നത്തെ സ്ഥിതി. യുദ്ധം മുഖേന ഭൂമിയിലാകെ വന്‍നാശം വിതക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍, അനുചരന്മാര്‍ എന്താണോ ചെയ്തത് അത് തികച്ചും ശരിയും വിവേകപൂര്‍ണവുമാണ്. മാത്രമല്ല, ഒരു യുദ്ധാവസ്ഥയില്‍, ഒരു രാഷ്ട്രം ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലൂടെ കടന്നുപോകുമ്പോള്‍, ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പൂര്‍ണമായും അനുവദനീയമാണ്. കൂടാതെ, ആവശ്യാനുസരണം, എല്ലാ രാജ്യങ്ങളും എല്ലാ സമൂഹങ്ങളും എല്ലാ കാലഘട്ടങ്ങളിലും ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും, ധാര്‍മിക അധഃപതനത്തിന്റെ ഈ കാലഘട്ടത്തില്‍, ഒരു സ്വേച്ഛാധിപതി പോലും നായകനാകുന്ന തരത്തില്‍ നിയമവിരുദ്ധമായി കുറ്റവാളികളോടുള്ള അനുകമ്പയുടെ വികാരം വര്‍ധിച്ചിരിക്കുന്നു എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, അത്തരം തെറ്റായ വികാരങ്ങളില്‍ നിന്ന് അത് പരിശുദ്ധമാണെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ഇസ്ലാം ഒരു കുറ്റവാളിയെ കുറ്റവാളിയായി കാണുകയും അവനുള്ള ശിക്ഷ രാജ്യത്തോടും സമൂഹത്തോടുമുള്ള കാരുണ്യമായി കണക്കാക്കുകയും ചെയ്യുന്നു. അഴുകിയ ശരീരഭാഗം ആരോഗ്യമുള്ള ശരീരഭാഗത്തെ നശിപ്പിക്കുന്നത് വരെ കാത്തിരിക്കാതെ അതിനെ ഛേദിക്കണമെന്ന് ഇത് പഠിപ്പിക്കുന്നു. ഇനിയുള്ളത് ശിക്ഷ നടപ്പാക്കിയ രീതിയാണ്. അതിനെ കുറിച്ച് മനസ്സിലാക്കേണ്ടത് നേരത്തെ സൂചിപ്പിച്ചതുപോലെ, അക്കാലത്തെ അറേബ്യയുടെ സാഹചര്യങ്ങളും മുസ്‌ലീങ്ങളും ജൂതന്മാരും തമ്മില്‍ നിലനിന്നിരുന്ന യുദ്ധത്തിന്റെ അവസ്ഥയും കണക്കിലെടുക്കുമ്പോള്‍, സമൂഹത്തിന്റെ സമാധാനത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് അവലംബിച്ചത്.
അബ്ദുല്ലാഹ് ബിന്‍ അതീഖിന്റെ കാലിന്റെ രോഗശാന്തിയെ സംബന്ധിച്ചിടത്തോളം, ഈ രോഗശാന്തി ഉടനടി അമാനുഷികമായ നിലയില്‍ സംഭവിച്ചതാണോ അതോ പതുക്കെ പതുക്കെ സ്വാഭാവിക നിലയില്‍ സംഭവിച്ചതാണോ എന്ന് ബുഖാരിയുടെ വിവരണത്തില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഈ രോഗശാന്തി ഉടനടി അമാനുഷികമായ രീതിയില്‍ സംഭവിച്ചതാണെങ്കില്‍, തീര്‍ച്ചയായും ഈ സംഭവം സര്‍വശക്തനായ ദൈവം പ്രത്യേകമായി തന്റെ ദൂതന്റെ പ്രാര്‍ഥനയും അനുഗ്രഹവും കൊണ്ട് പ്രകടമാക്കിയ ഒരു അത്ഭുതമായിരിക്കും.[3]
ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം. 3, പേജ്. 74-79
[2] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം. 3, പേജ്. 83-84
[3] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം. 3, പേജ്.79-83
0 Comments