അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജനുവരി 31, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സ്വാലിഹ് ശാഹിദ്
നബിതിരുമേനി(സ)യുടെ കാലത്ത് നടന്ന സൈനികനീക്കങ്ങളെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)പറഞ്ഞു.
കഴിഞ്ഞ ഖുത്ബയില്‍, ദൂ-ഖറദ് സൈനികനീക്കത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഈ സൈനിക നീക്കത്തിന് വേണ്ടി പുറപ്പെടുന്നതിന് മുമ്പ് പ്രവാചകന്‍(സ) കുറച്ച് അനുചരന്മാരെ സൈന്യത്തെ പിന്തുടരുന്നതിന് വേണ്ടി അയച്ചു, തുടര്‍ന്ന് നബിതിരുമേനി(സ) അവരെ പിന്തുടര്‍ന്നു. അവര്‍ എത്തിയപ്പോള്‍ ശത്രുസൈന്യം അവരെ കണ്ട് ഓടിപ്പോയതായി നിവേദനത്തില്‍ വന്നിരിക്കുന്നു. മുസ്‌ലീങ്ങള്‍ ശത്രുപാളയത്തിലെത്തിയപ്പോള്‍ അബൂ ഖതാദയുടെ കുതിരയുടെ പിന്‍തുട ഞരമ്പ് മുറിച്ച് ഞൊണ്ടിയാക്കിയതായി കണ്ടു. നബിതിരുമേനി(സ) അതിനരികില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘നിനക്ക് നന്മയുണ്ടാകട്ടെ. യുദ്ധത്തില്‍ താങ്കള്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ട്.’
നബിതിരുമേനി(സ) അവിടെ നിന്ന് മുന്നോട്ട് നീങ്ങി. അബൂ ഖതാദ(റ) രക്തസാക്ഷിയായി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല. കുറച്ച് സമയത്തിന് ശേഷം, അബൂ ഖതാദ(റ) തന്‍റെ ഒട്ടകങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ഒരിക്കല്‍ കൂടി മുസ്‌ലീങ്ങള്‍ക്കൊപ്പം ചേര്‍ന്നു. മടങ്ങിയെത്തിയ അദ്ദേഹത്തിന് വേണ്ടി നബിതിരുമേനി(സ) ധാരാളം പ്രാര്‍ഥിക്കുകയുണ്ടായി. അബൂഖതാദ(റ) അമ്പ് തറച്ച കാര്യം സൂചിപ്പിച്ചു. അത് പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു എന്നാണ് അദ്ദേഹം കരുതിയത്. നബിതിരുമേനി(സ) അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു, വളരെ ശ്രദ്ധയോടെ ആ അമ്പിന്‍റെ ഭാഗം നീക്കം ചെയ്തു. അബൂഖതാദ(റ) പറഞ്ഞു, തത്ഫലമായി എനിക്ക് മുറിവേറ്റിട്ടേയില്ലാത്തതുപോലെ അനുഭവപ്പെട്ടു.
ഈ സൈനികനീക്കത്തില്‍ ഹദ്റത്ത് സലമ(റ)യുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
ഈ സൈനികനീക്കത്തിന്‍റെ വേളയില്‍, ഹദ്റത്ത് സലമ(റ) ദൂ-ഖറദില്‍ ശത്രുക്കളോട് എങ്ങനെയാണ് യുദ്ധം ചെയ്തത് എന്നതിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ശത്രുവിനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന് തന്‍റെ സഹയാത്രികരെ ആരെയും കാണാന്‍ സാധിച്ചില്ല. ദൂ-ഖറദില്‍ എത്തിയപ്പോള്‍, അദ്ദേഹം വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കള്‍ കണ്ടു, അദ്ദേഹം പിന്‍വാങ്ങി. അദ്ദേഹം അമ്പെയ്തപ്പോള്‍ താന്‍ നേരത്തെ നേരിട്ട ഒരാളുടെമേല്‍ ആ അമ്പ് തറച്ചു.
അദ്ദേഹം രണ്ട് വ്യക്തികളെ കൂടി പിടികൂടി അവിടെ എത്തിച്ചേര്‍ന്ന പ്രവാചകന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പ്രവാചകന്‍(സ) ഇശാ നമസ്‌കാര സമയത്താണ് ദൂ-ഖറദിലെത്തിയത്. നേരത്തെ പറഞ്ഞ രണ്ട് വ്യക്തികളെയും പിടികൂടിയ നീരുറവയ്ക്ക് സമീപം മുസ്‌ലിം ക്യാമ്പ് സ്ഥാപിച്ചു. രണ്ട് ഒട്ടകങ്ങള്‍ ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. ഈ സമയത്ത്, ശത്രുവിനെ പിന്തുടരാന്‍ 100 പേരെ അയക്കാന്‍ ഹദ്റത്ത് സലമ(റ) നിര്‍ദേശിച്ചു. നബിതിരുമേനി(സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘സലമ, താങ്കള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?’ അദ്ദേഹം അതെ എന്ന് മറുപടി നല്കി. നബിതിരുമേനി(സ) മറുപടി പറഞ്ഞു: ‘അവരെ സുരക്ഷിതരാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ അവരോട് കരുണയും ആര്‍ദ്രതയും കാണിക്കുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ ഓടിപ്പോയെങ്കില്‍, അവരെ വിട്ടേക്കുക. ഇനി കാഠിന്യം കാണിക്കേണ്ട കാര്യമില്ല.
ഈ സൈനികനീക്കത്തിനിടെ നടന്ന മറ്റൊരു സംഭവം ഹദ്റത്ത് സലമ(റ) വിവരിക്കുന്നു. ഈ സൈനികനീക്കത്തിന്‍റെ വേളയില്‍ കുതിരപ്പടയാളികളില്‍ ഏറ്റവും മികച്ചത് അബൂ ഖതാദയാണെന്നും കാലാള്‍പ്പടയില്‍ ഏറ്റവും മികച്ചത് സലമ ബിന്‍ അഖബ ആണെന്നും നബിതിരുമേനി(സ) പറഞ്ഞു. കുതിരപ്പടയാളികളിലെയും കാലാള്‍പ്പടയിലെയും ഒരാളെന്ന ബഹുമതി ഹദ്റത്ത് സലമ(റ)ക്കുണ്ടായിരുന്നു. മദീനയിലേക്ക് മടങ്ങുമ്പോള്‍, അവര്‍ അടുത്തെത്തിയപ്പോള്‍, മദീനാവാസിയായ പ്രവാചകന്‍റെ ഒരു അനുചരന്‍ മദീനയിലേക്ക് ഓട്ടമത്സരത്തിന് തയ്യാറുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഹദ്റത്ത് സലമ പ്രവാചകനോട് അദ്ദേഹവുമായി ഓട്ടമത്സരം നടത്താന്‍ അനുവാദം ചോദിച്ചു. നബിതിരുമേനി(സ) അദ്ദേഹത്തിന് അനുവാദം നല്കി, അങ്ങനെ അവര്‍ ഓടാന്‍ തുടങ്ങി. ഹദ്റത്ത് സലമ(റ) കുറച്ചു നേരം പിറകിലായിരുന്നു, പിന്നീട് അദ്ദേഹം വേഗം കൂട്ടി അന്‍സാരിയെ കടന്നുപോയി, ഒടുവില്‍ ഓട്ടത്തില്‍ വിജയിക്കുകയും ചെയ്തു.
ഈ സൈനികനീക്കത്തിനായി നബിതിരുമേനി(സ) മദീനക്ക് പുറത്ത് അഞ്ച് ദിവസമാണ് തങ്ങിയത്.
ഹദ്റത്ത് അബൂ ദര്‍ ഗഫാരിയുടെ ഭാര്യ
ഹദ്റത്ത് അബൂദര്‍ ഗഫാരി(റ)യുടെ ഭാര്യ പിടിക്കപ്പെട്ട കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. അവരെ കെട്ടിയിട്ടിരിക്കുകയായിരുന്നു. അവര്‍ക്ക് സ്വന്തമായി അവിടെ നിന്നും രക്ഷപ്പെടാന്‍ സാധിച്ചു. ശത്രുക്കള്‍ പിടിച്ചെടുത്ത നബിതിരുമേനി(സ)യുടെ അസ്ബ എന്ന ഒട്ടകത്തില്‍ കയറി ശത്രുപാളയത്തില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു. ശത്രുക്കള്‍ അവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തന്നെ രക്ഷിക്കാന്‍ ഒട്ടകം ഒരു ഉപാധിയായാല്‍ ദൈവത്തിനു വേണ്ടി അതിനെ അറുക്കുമെന്ന് അവര്‍ ദൈവത്തോട് പ്രതിജ്ഞയെടുത്തു. എന്നിരുന്നാലും, അവര്‍ മദീനയില്‍ എത്തിയപ്പോള്‍, അത്തരമൊരു നേര്‍ച്ച ഒട്ടകത്തിന് അവരെ രക്ഷിച്ചതിനുള്ള ഉചിതമായ പ്രതിഫലം ആയിരിക്കുകയില്ലെന്ന് നബിതിരുമേനി(സ) ഉപദേശിച്ചു. കൂടാതെ, ഒട്ടകം അവരുടേതായിരുന്നില്ല. അതിനാല്‍, പ്രതിജ്ഞ നിറവേറ്റുന്നതിനെക്കുറിച്ച് വിഷമിക്കാതെ അവരുടെ വീട്ടിലേക്ക് മടങ്ങാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ഹദ്റത്ത് അബാന്‍ ബിന്‍ സഈദിന്‍റെ(റ) സൈനികനീക്കം
ഈ സൈനികനീക്കം ഹിജ്‌റ 7 മുഹര്‍റം മാസത്തിലാണ് നടന്നത്. എന്നാല്‍ മറ്റ് വിവരണങ്ങള്‍ അത് ജമാദി അസ്സാനിയില്‍ നടന്നതായി പറയുന്നു. ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ്(റ) മറ്റ് ചരിത്ര സംഭവങ്ങളുമായി ഒത്തുനോക്കിക്കൊണ്ട് ഈ സൈനികനീക്കം മുഹര്‍റത്തില്‍ നടന്നതായി കണക്കാക്കുന്നു. ഹദ്റത്ത് അബാന്‍റെ(റ) പിതാവ് ഖുറൈശികളിലെ പ്രമുഖരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ അദ്ദേഹത്തിന് മുമ്പ് ഇസ്‌ലാം സ്വീകരിക്കുകയും അബിസീനിയയിലേക്ക് പാലായനം ചെയ്യുകയും ചെയ്തിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഹദ്റത്ത് അബാന്‍(റ) ശത്രുക്കളുടെ കൂട്ടത്തിലായിരുന്നു. കൂടാതെ ഹുദൈബിയ ഉടമ്പടിയുടെ സമയത്ത് അദ്ദേഹം ഹദ്റത്ത് ഉസ്മാന്(റ) സംരക്ഷണം നല്കിയിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ ഹദ്റത്ത് അബാന്‍(റ) ഇസ്‌ലാം സ്വീകരിച്ചു. മറ്റൊരു വിവരണമനുസരിച്ച്, ഹുദൈബിയ ഉടമ്പടിക്കും ഖൈബര്‍ യുദ്ധത്തിനും ഇടയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്.
ഖൈബറിലേക്ക് പോകുന്നതിന് മുമ്പ് നബിതിരുമേനി(സ) ഹദ്റത്ത് അബാന്‍(റ)നോടൊപ്പം നജ്ദിലേക്ക് സൈന്യത്തെ അയച്ചു. നിരവധി താഴ്വരകളും പര്‍വതങ്ങളും ഉള്ള മണല്‍ നിറഞ്ഞതും എന്നാല്‍ പച്ചപ്പ് നിറഞ്ഞതുമായ പ്രദേശമാണ് നജ്ദ്. ഉയര്‍ന്ന പ്രദേശമായത് കൊണ്ട് തന്നെ ഇത് നജ്ദ് എന്ന് വിളിക്കപ്പെടുന്നു. ഹദ്‌റത്ത് അബാന്‍റെ(റ) കീഴിലുള്ള ഈ സൈന്യം പ്രവാചകന്‍(സ) ഇല്ലാതിരുന്ന സമയത്ത് മദീന സുരക്ഷിതമാക്കാന്‍ ചുമതലപ്പെടുത്തി. നബിതിരുമേനി(സ) യാത്ര ചെയ്തിരുന്ന കാലത്ത് മദീന ആക്രമിക്കാന്‍ ചില ഗോത്രങ്ങള്‍ തക്കം പാര്‍ത്തിരുന്നു. ഒരു യാത്ര പുറപ്പെടുമ്പോള്‍ അത്തരം ഗോത്രങ്ങളുടെ അടുത്തേക്ക് ചില അനുചരന്മാരെ അയക്കുന്നത് നബിതിരുമേനി(സ)യുടെ പതിവായിരുന്നു. ഹദ്റത്ത് അബാന്‍(റ) മുസ്‌ലീങ്ങള്‍ വിജയിച്ചതിന് ശേഷം ഖൈബറില്‍ വച്ച് നബിതിരുമേനി(സ)യോട് ചേര്‍ന്നു.
ഖൈബര്‍ യുദ്ധം
ഖൈബര്‍ യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്. നിരവധി അരുവികളും നീരുറവകളുമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ഖൈബര്‍. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ഈന്തപ്പനമേഖലയുടെ ഭാഗത്താണ് ഇത്. മദീനയില്‍ നിന്ന് ഏകദേശം 96 മൈല്‍ വടക്കായിരുന്നു ഖൈബര്‍. അനേകം ജൂതന്മാര്‍ വളരെക്കാലം അവിടെ താമസിച്ചിരുന്നു. മൂസാ നബി(അ)യുടെ കാലം മുതല്‍ അവര്‍ അവിടെ ജീവിച്ചിരുന്നതായി ചിലര്‍ പറയുന്നു. ഈ പ്രദേശം ജൂതജനതയ്ക്ക് വലിയ പ്രാധാന്യമുള്ളതായിരുന്നു.
ഖൈബറിലെ ജൂതര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ധീരരും ഐക്യമുള്ളവരുമായിരുന്നു. ഇസ്‌ലാമിനെതിരെ അവിടെയുള്ള ജൂതന്മാരില്‍ പലരും നടത്തുന്ന ഗൂഢാലോചനകള്‍ നബിതിരുമേനി(സ)ക്ക് അറിയാമായിരുന്നു. ഇസ്‌ലാമിനെ എങ്ങനെയെങ്കിലും ദ്രോഹിക്കാന്‍ അവര്‍ എല്ലാ അവസരങ്ങളും കാത്തിരുന്നു. പ്രവാചകന്‍(സ) മദീനയിലെ ജൂതന്മാരോട് വളരെയധികം ദയയും ആര്‍ദ്രതയും കാണിച്ചു. എന്നാല്‍ അവര്‍ തങ്ങളുടെ ഉടമ്പടികള്‍ വീണ്ടും വീണ്ടും ലംഘിച്ചു കൊണ്ടിരുന്നു. അതിന്‍റെ പേരില്‍ അവര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍, അത് അവര്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ക്കനുസൃതമായും നീതിയുടെ ശാസനകള്‍ക്കനുസരിച്ചും ആയിരുന്നു. സമാധാനവും സുസ്ഥിരതയും നീതിയുമാണ് നബിതിരുമേനി(സ) ആഗ്രഹിച്ചത്. രാജ്യദ്രോഹത്തിനും നബിതിരുമേനി(സ)യെ വധിക്കാന്‍ ശ്രമിച്ചതിനും നിരവധി ജൂതന്മാര്‍ മദീനയില്‍ നിന്ന് നാടുകടത്തപ്പെട്ട ശേഷം അവര്‍ ഖൈബറില്‍ താമസമാക്കി. അവിടെ വച്ച് അവര്‍ ഇസ്‌ലാമിനെതിരെ മറ്റുള്ളവരെ പ്രേരിപ്പിച്ചു. അവര്‍ ഇസ്‌ലാമിനെതിരെ വന്‍തോതില്‍ സംഘടിക്കുകയും മദീനയില്‍ ആക്രമണം നടത്തുകയും ചെയ്തു. മുസ്‌ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അപകടകരമായ ഒരു സാഹചര്യമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിസ്സംശയമായും ഖൈബറില്‍ നിന്നുള്ള ജൂതന്മാരായിരുന്നു. ഇസ്‌ലാമിനെയും അതിന്‍റെ വിശുദ്ധ സ്ഥാപകനെയും(സ) അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് ഒരിക്കലും പിന്മാറാതിരുന്ന പ്രശസ്ത ഓറിയന്റലിസ്റ്റ് മോണ്ട്‌ഗോമറി വാട്ട് എഴുതുന്നു: “ഖൈബറിന്‍റെ ആക്രമണം വ്യക്തമായ ഒരു കാരണത്താലാണ്: അവര്‍ തങ്ങളുടെ സമ്പത്ത് തങ്ങളുടെ അറബ് അയല്‍ക്കാരെ ഇസ്‌ലാമിനെതിരെ തിരിയുന്നതിന് വേണ്ടി പ്രേരിപ്പിക്കാന്‍ ഒഴുക്കിവിട്ടു.”
ഈ കാരണത്താലാണ് നബിതിരുമേനി(സ) യുദ്ധം ചെയ്യാനും അതിലൂടെ ഇസ്‌ലാമിനെ സംരക്ഷിക്കുവാനും തീരുമാനിച്ചത്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാമത്തെ ഖലീഫ ഹദ്റത്ത് മീര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) പറയുന്നു, ഹുദൈബിയ്യയില്‍ നിന്ന് മടങ്ങിവന്ന് വെറും അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയും മറ്റുള്ളവരെ മുസ്‌ലീങ്ങല്‍ക്കെതിരെ തിരിക്കുകയും ചെയ്യുന്ന ജൂതന്മാരെ ഖൈബറില്‍ നിന്ന് പുറത്താക്കണമെന്ന് നബിതിരുമേനി(സ) തീരുമാനിച്ചു. അങ്ങനെ, 1600 അനുചരന്മാരുടെ കൂടെ അദ്ദേഹം ഖൈബറിലേക്ക് നീങ്ങി.
ഹദ്റത്ത് മീര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ഉള്‍പ്പെടെയുള്ള ചില ചരിത്രകാരന്മാര്‍ ഈ യുദ്ധം ഹുദൈബിയക്ക് അഞ്ച് മാസങ്ങള്‍ക്ക് ശേഷം നടന്നതായി കണക്കാക്കുന്നു. ഏതായിരുന്നാലും, മുഹര്‍റം മാസത്തിലെ ഹുദൈബിയ്യയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് മറ്റ് ചരിത്രകാരന്മാരും അവകാശപ്പെടുന്നു. ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‍മദ് സാഹിബ്(റ) ഇതിനോട് യോജിക്കുന്നു. (വാസ്തവം അല്ലാഹുവിനറിയാം). അടിസ്ഥാനപരമായി, ഹുദൈബിയ്യാ ഉടമ്പടി മഹത്തായ ഒരു വിജയമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ വാക്കുകളില്‍ അത് പരാമര്‍ശിക്കുന്നു:
“തീര്‍ച്ചയായും നിനക്ക് നാം വ്യക്തമായ വിജയം നല്കിയിരിക്കുന്നു.”[1]
ഈ മഹത്തായ വിജയമാണ് ഖൈബര്‍, മക്കാ വിജയങ്ങളിലേക്കും, അതിനേക്കാള്‍ മഹത്തായ വിജയങ്ങളിലേക്കുമുള്ള വാതിലുകള്‍ തുറന്നത്. വിശുദ്ധ ഖുര്‍ആനിലെ ഇതേ അധ്യായത്തില്‍, ഖൈബറിന്‍റെ വിജയത്തെക്കുറിച്ച് സര്‍വശക്തനായ അല്ലാഹു ഈ വാക്കുകളില്‍ പരാമര്‍ശിക്കുന്നു:
“ആ മരത്തിന്‍റെ ചുവട്ടില്‍ വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്കുകയും ചെയ്തു. അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം ഗനീമത്ത് മുതലുകളും (യുദ്ധമുതലുകളും) (അവന്‍ നല്കി) അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമാകുന്നു. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ഗനീമത്ത് മുതലുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരിക്കുന്നു. എന്നാല്‍ ഇത് അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്.”[2]
ഖൈബര്‍ യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ്
ഹുദൈബിയ്യയില്‍ പങ്കെടുത്തവര്‍ മാത്രമേ ഖൈബറിലേക്ക് തന്‍റെ കൂടെ വരാവൂ എന്ന് നബിതിരുമേനി(സ) പ്രഖ്യാപിച്ചതായി ചില നിവേദനങ്ങളില്‍ ഉണ്ട്. മറ്റൊരു നിവേദനത്തില്‍, യുദ്ധത്തില്‍ നിന്ന് ഗനീമത്ത് മുതലുകള്‍ കൈക്കലാക്കാന്‍ വേണ്ടി മാത്രം വരാന്‍ ആഗ്രഹിക്കുന്നവര്‍ വരരുതെന്നും, ജിഹാദ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഇതിനായിപുറപ്പെടണമെന്നും എന്ന് നബിതിരുമേനി(സ) പറഞ്ഞതായി വന്നിരിക്കുന്നു.
മുസ്‌ലീം സൈന്യത്തിന് വേണ്ടി ഒരു വലിയ ബാനറോ പതാകയോ തയ്യാറാക്കിയത് ഖൈബര്‍ സമയത്താണെന്ന് രേഖപ്പെട്ടിരിക്കുന്നു. മുമ്പ്, അവര്‍ ചെറിയ പതാകകളായിരുന്നു ഉപയോഗിച്ചിരുന്നത്. ചില വിവരണങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകള്‍—മറ്റു ചില വിവരണങ്ങളില്‍ ഈ യുദ്ധത്തില്‍ 20 സ്ത്രീകള്‍—ഈ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ വളരെ ധീരമായി മുന്നോട്ടു വന്ന് തങ്ങളുടെ സേവനം സമര്‍പ്പിക്കുകയാണുണ്ടായത്.
ഖൈബറിലേക്കുള്ള ഈ തയ്യാറെടുപ്പിനെ സംബന്ധിച്ച് മനസ്സിലാക്കിയ മദീനയിളെ ജൂതന്മാര്‍ സന്തുഷ്ടരായിരുന്നില്ല. ഈ ജൂതന്മാരില്‍ നിന്ന് ചില മുസ്‌ലീങ്ങള്‍ കടം വാങ്ങിയിരുന്നു. മുസ്‌ലീങ്ങളെ പിന്തിരിപ്പിക്കുന്നതിനും തടയുന്നതിനും ജൂതന്മാര്‍ കടം വാങ്ങിയത് തിരികെ നല്കാന്‍ മുസ്‌ലീങ്ങളോട് ആവശ്യപ്പെടാന്‍ തുടങ്ങി. ഒരു അനുചരന്‍ ജൂതനോട് നാലോ അഞ്ചോ ദിര്‍ഹം വരെ കടം വാങ്ങിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ അദ്ദേഹം കുറച്ചുകൂടി സമയം ചോദിച്ചു. ഖൈബറില്‍ യുദ്ധം ചെയ്യുന്നത് ചെറിയ കാര്യമല്ലെന്നും ജൂതന്‍ പറഞ്ഞു. ഈ കാര്യം നബിതിരുമേനി(സ)യുടെ സവിധത്തില്‍ അവതരിപ്പിക്കപ്പെട്ടു. ജൂതന് അവന്‍റെ അവകാശങ്ങള്‍ നല്കാന്‍ വളരെ ന്യായമായി പ്രവാചകന്‍(സ) ആ മുസ്‌ലിമിനോട് നിര്‍ദേശിച്ചു.
മുസ്‌ലീങ്ങളെ തടസ്സപ്പെടുത്തുന്നതിനു പുറമേ, മുസ്‌ലീങ്ങളുടെ ഒരുക്കങ്ങള്‍ മദീനയിലെ ജൂതന്മാര്‍ ഖൈബറിലെ ജൂതന്മാരെ അറിയിക്കുകയും ചെയ്തു.
ഇതിനു പുറമെ മദീനയിലെ കപടവിശ്വാസികളും ഖൈബറിലേക്ക് കത്തെഴുതി, ജൂതരോട് തങ്ങളുടെ സമ്പത്ത് മറച്ചുവയ്ക്കാന്‍ താക്കീത് ചെയ്തു. ഖൈബറിലെ ജൂതന്മാര്‍ ഈ വിഷയത്തില്‍ ഒരു യോഗം ചേര്‍ന്നു. ജൂതര്‍ തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ നിന്ന് യുദ്ധം ചെയ്യണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ജൂതന്മാര്‍ മുമ്പ് ഉപരോധത്തില്‍ വിജയിച്ചിട്ടില്ലാത്തതിനാല്‍ യുദ്ധക്കളത്തിലേക്ക് പോകണമെന്ന് മറ്റുള്ളവര്‍ പറഞ്ഞു.
മൂന്നാമത്തെ നിര്‍ദേശം മദീന ആക്രമിച്ച് എല്ലാ മുസ്‌ലീങ്ങളെയും നശിപ്പിക്കുക എന്നതായിരുന്നു. ഭൂരിഭാഗം ആളുകളും ഈ നിര്‍ദേശത്തോട് യോജിച്ചു. എന്നിരുന്നാലും, ഖൈബറിന്‍റെ നേതാവ് കിനാന ബിന്‍ അബീ ഹുഖൈഖ്, മുസ്‌ലീങ്ങള്‍ ഖൈബറിലേക്ക് വരുമോ എന്ന സംശയത്തിലായിരുന്നു. ഖൈബറിലേക്ക് വരാന്‍ മുഹമ്മദ്(സ) ധൈര്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഖൈബറിന് വേണ്ടി സഹായം തേടി അടുത്തുള്ള ഗോത്രങ്ങളിലേക്ക് ഒരു സംഘത്തെ അയച്ചു. ചില ഗോത്രങ്ങള്‍ വിസമ്മതിച്ചു, മറ്റുള്ളവര്‍ ഖൈബറിനെ സഹായിക്കാന്‍ സൈന്യത്തെ അയച്ചു.
ഈ വിവരണങ്ങള്‍ തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണം
ഖുത്ബയുടെ അവസാനത്തില്‍ ഖലീഫാ തിരുമനസ്സ് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട മന്ദി ബഹാവുദ്ദീനിലെ ബഹുമാനപ്പെട്ട മുഹമ്മദ് ബക്ഷിന്‍റെ മകന്‍ മുഹമ്മദ് അശ്‌റഫ് സാഹിബ്, കെനിയയിലെ ദേശീയ ഉപാധ്യക്ഷന്‍ ഹബീബ് മുഹമ്മദ് ശാക്രി സാഹിബ്, സിംബാബ്‌വെ ജമാഅത്തിന്‍റെ പ്രാദേശിക അധ്യക്ഷനായിരുന്ന അനൂബി മദിങ്കോ സാഹിബ് എന്നിവരെ അനുസ്മരിക്കുകയുണ്ടായി.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 48:2
[2] വിശുദ്ധ ഖുര്‍ആന്‍ 48:19-21
0 Comments