ഖൈബർ യുദ്ധവും നിലവിലുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ ലോക സമാധാനത്തിനു വേണ്ടി ദുആക്കുള്ള ആഹ്വാനവും

ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

ഖൈബർ യുദ്ധവും നിലവിലുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ ലോക സമാധാനത്തിനു വേണ്ടി ദുആക്കുള്ള ആഹ്വാനവും

ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഫെബ്രുവരി 7, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: ജന്നത്ത് അഫീഫ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖൈബർ യുദ്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങളെ സംബന്ധിച്ച പരാമർശം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)പറയുകയുണ്ടായി.

ഖലീഫാ തിരുമനസ്സ് പറയുന്നു, നബിതിരുമേനി(സ)യുടെ നേതൃത്വത്തിൽ 1,600 പേരടങ്ങുന്ന സൈന്യം മദീനയിൽ നിന്ന് പുറപ്പെട്ടു. വിവരങ്ങൾ ശേഖരിക്കുന്നതിനും സൈന്യം സ്വീകരിക്കേണ്ട വഴികൾ പരിശോധിക്കുന്നതിനുമായി നബിതിരുമേനി(സ) സൈന്യം പുറപ്പെടുന്നതിന് മുന്നെയായി ഒരു അന്വേഷകസംഘത്തെയും അയക്കുകയുണ്ടായി. ഈ സംഘത്തെ നയിച്ചത് ഹദ്റത്ത് അബ്ബാദ് ബിൻ ബിശർ(റ) ആയിരുന്നു.

വഴിയിലുടനീളം മുസ്‌ലിം സൈന്യം വിവിധ സ്ഥലങ്ങളിൽ തമ്പടിക്കുമായിരുന്നു. നബിതിരുമേനി(സ) വിശ്രമിക്കുകയും നമസ്കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ആ സ്ഥലങ്ങളിലൊന്നാണ് സഹ്ബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു രാത്രി, സൈന്യം മുന്നോട്ട് പോകുമ്പോൾ, മുന്നിൽ എന്തോ പ്രകാശിക്കുന്നതായി കാണുകയുണ്ടായി. നബിതിരുമേനി(സ) ഇതേ സംബന്ധിച്ചു അന്വേഷിച്ചപ്പോൾ, ഇസ്‌ലാമിക സൈന്യത്തിന് വളരെ മുന്നിൽ മുന്നേറികൊണ്ടിരുന്ന ഒരു മുസ്‌ലിം സൈനികനാണെന്നും ചന്ദ്രപ്രകാശം അദ്ദേഹത്തിന്‍റെ ഹെൽമെറ്റിൽ തട്ടി പ്രതിഫലിക്കുന്നതാണെന്നും മനസ്സിലാക്കുകയുണ്ടായി. നബിതിരുമേനി(സ) അദ്ദേഹത്തെ വിളിച്ചുവരുത്തി, സൈനിക സംഘത്തെ ഉപേക്ഷിക്കരുതെന്നും മറിച്ച് സൈനിക സംഘത്തോടൊപ്പം നീങ്ങണമെന്നും ഉപദേശിക്കുകയുണ്ടായി. തന്‍റെ കുടുംബത്തിന് വേണ്ടി എന്തെങ്കിലും നീക്കിയിരിപ്പോ സൈനീക യാത്രക്ക് ആവശ്യമായ യാത്രവിഭവമോ കൈവശമില്ലാത്ത ദരിദ്രനായ സാഹബികളിൽപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. നബിതിരുമേനി(സ) അദ്ദേഹത്തിന് തന്‍റെ പുതപ്പ് നല്കി. അത് അദ്ദേഹം മറ്റൊരു സഹാബിക്ക് എട്ട് ദിർഹത്തിന് വിറ്റു. തന്‍റെ കുടുംബത്തിന് ഭക്ഷണം വാങ്ങാൻ രണ്ട് ദിർഹം ചിലവഴിച്ചു,. ബാക്കിയുള്ളവ ഒരു പുതപ്പ് വാങ്ങാൻ ഉപയോഗിക്കുകയും തുടർന്ന് സൈന്യത്തിൽ ചേരുകയും ചെയ്തു. താൻ നല്കിയ പുതപ്പ് ഉപയോഗിച്ച് സഹാബി എന്താണ് ചെയ്തതെന്നറിഞ്ഞ നബിതിരുമേനി(സ) പുഞ്ചിരിതൂകി. അത്തരത്തിലുള്ള ദാരിദ്ര്യം നേരിടേണ്ടി വരാത്ത ഒരു കാലം അദ്ദേഹത്തിനുണ്ടാകുന്നതാണെന്ന് പറയുകയുണ്ടായി. അപ്രകാരം തന്നെ സംഭവിക്കുകയുണ്ടായി. പ്രവാചകൻ(സ) അബൂ അബ്സ്(റ)നോട് പറഞ്ഞതെല്ലാം തന്നെ സംഭവിച്ചു.

നബിതിരുമേനി(സ)ക്കും മുസ്‌ലീങ്ങൾക്കും അല്ലാഹുവിന്‍റെ പിന്തുണ

ഖലീഫാ തിരുമനസ്സ് പറയുന്നു, ബനു ഗത്ഫാൻ ഖൈബറിനെ സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും 4,000 പേരടങ്ങുന്ന സൈന്യവുമായി പുറപ്പെട്ടതായും ഖൈബറിലെത്തുന്നതിനുമുമ്പ് മുസ്‌ലിം സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ടതായും നബിതിരുമേനി(സ)ക്ക് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ഖൈബറിനെതിരായ വിജയം അല്ലാഹു തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാൽ മുസ്‌ലീങ്ങളും ഖൈബറും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഉപദേശിച്ചുകൊണ്ട് നബിതിരുമേനി(സ) ബനൂ ഗത്ഫാന് കത്തയക്കുകയുണ്ടായി. എന്നാൽ, മുസ്‌ലീങ്ങൾക്ക് 1,600 സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും യഹൂദികളുടെ കോട്ടകൊത്തളങ്ങളുടെയും സൈന്യത്തിന്‍റെയും ശക്തിയുമായി അതിനെ താരതമ്യം ചെയ്യുമ്പോൾ അത് തുച്ഛമാണെന്നും കണക്കാക്കി നബിതിരുമേനി(സ)യുടെ ഈ മുന്നറിയിപ്പ് അവർ അവഗണിക്കുകയാണുണ്ടായത്.

ശത്രുക്കളിൽ അല്ലാഹുവിന്‍റെ പ്രതാപത്തിന്‍റെ ഭയം ജനിപ്പിച്ചുകൊണ്ട് താൻ സഹായിക്കപ്പെടുകയുണ്ടായെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. ബനൂ ഗത്ഫാന്‍റെ കാര്യത്തിൽ ഇത് ഒരിക്കൽ കൂടി പ്രകടമാവുകയുണ്ടായി. അവരുടെ 4,000 പേരടങ്ങുന്ന സൈന്യം മുസ്‌ലിം സൈന്യത്തെ തടയുന്നതിനായി പുറപ്പെട്ടിരുന്നു; എന്നാൽ, ചില കാരണങ്ങളാൽ, ബനൂ ഗത്ഫാന്‍റെ സൈന്യം പെട്ടെന്ന് തിരിഞ്ഞ് വീട്ടിലേക്ക് മടങ്ങി. മുസ്‌ലീങ്ങൾ അവരുടെ വീടുകൾ ആക്രമിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ഒരു വലിയ ശബ്ദം സൈനികർ അവരുടെ പിന്നിൽനിന്നും കേട്ടതായും അതിനാൽ ഭയന്ന് അവർ അവരുടെ വീടുകളിലേക്ക് മടങ്ങിയെത്തിയതായും ചരിത്രഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. അപ്രകാരത്തിലുള്ള ഒരു ശബ്ദം ആരും തന്നെ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നില്ല. മറിച്ച്, അത് ദൈവീക സഹായത്തിന്‍റെ ഒരു ഉദാഹരണമായിരുന്നു. അവരുടെ ചെവികളിൽ മുഴങ്ങിയത് അല്ലാഹുവിന്‍റെ ശബ്ദമായിരുന്നു.

നബിതിരുമേനി(സ) തന്‍റെ യാത്ര തുടരുകയും വൈകുന്നേരത്തോടെ ഖൈബറിലെ കോട്ടകളിൽ എത്തിച്ചേരുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, നബിതിരുമേനി(സ) അനുയായികൾക്ക് കാത്തിരിക്കാൻ നിർദേശം നല്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് നബിതിരുമേനി(സ) സഹാബത്തിനോട് മുന്നോട്ട് പോകാൻ നിർദേശിച്ചു. യഹൂദികൾ തങ്ങളുടെ കോട്ടകളുടെ കാര്യത്തിൽ അഭിമാനം കൊള്ളുകയും തങ്ങൾ സുരക്ഷിതരാണെന്ന് കരുതുകയും ചെയ്തിരുന്നതിനാൽ നബിതിരുമേനി(സ) ഒരിക്കലും തന്നെ അവരുമായി യുദ്ധത്തിൽ ഏർപ്പെടുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, അടുത്ത ദിവസം പുലർച്ചെ യഹൂദർ അവരുടെ കോട്ടകളിൽ നിന്ന് പുറത്തുവന്നപ്പോൾ നബിതിരുമേനി(സ) കോട്ടക്ക് പുറത്ത് നിൽക്കുന്നത് കാണുകയാൽ അവർ അകത്തേക്ക് ഓടി ഒളിക്കുകയാണുണ്ടായത്.

ഖൈബറിലെ കോട്ടകളുടെ എണ്ണവും യുദ്ധത്തിന്‍റെ തുടക്കവും

ഖൈബറിലെ കോട്ടകളുടെ എണ്ണത്തെ സംബന്ധിച്ചു വ്യത്യസ്ത വിവരണങ്ങളുണ്ട്. ഖൈബറിനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചു. മൂന്ന് കോട്ടകളുള്ള നതാത്ത്; രണ്ട് കോട്ടകളുള്ള ഷിക്; മൂന്ന് കോട്ടകളുള്ള കത്തീബ.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, നബിതിരുമേനി(സ) മുസ്‌ലീങ്ങളെ അഭിസംബോധന ചെയ്യുകയും ശത്രുവുമായി മുഖാമുഖം വരാൻ ആഗ്രഹിക്കരുതെന്നും മറിച്ച് അല്ലാഹുവിൽ നിന്ന് സമാധാനം തേടണമെന്നും ഉപദേശിച്ചു. അവർ ശത്രുവുമായി മുഖാമുഖം വരുമ്പോൾ, ദൈവീക സഹായം ലഭിക്കുന്നതിനായി പ്രാർഥിക്കണം. തുടർന്ന്, നബിതിരുമേനി(സ) സഹാബത്തിനോട് സഹനം കൈക്കൊള്ളാൻ നിർദേശം നല്കി. ഒന്നാമതായി, ഏറ്റവും ശക്തമായ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന നയീം കോട്ടയാണ് ആക്രമിച്ചത്. മുസ്‌ലീങ്ങൾ കഠിനമായ യുദ്ധമാണ് നടത്തിയത്. നബിതിരുമേനി(സ) കയ്യിൽ വാളും പരിചയും ധരിച്ച് ഇരട്ട പാളികളോടുള്ള കവചം ധരിച്ച് കുതിരപ്പുറത്തായിരുന്നു. ഈ യുദ്ധത്തിൽ ഹദ്റത്ത് മഹ്‍മൂദ് ബിൻ മസ്‌ലമ(റ) ശഹീദാവുകയുണ്ടായി. യഹൂദർ തൊടുത്തുവിട്ട അമ്പുകളുടെ ഫലമായി 50 മുസ്‌ലീങ്ങൾക്ക് പരിക്കേറ്റു. ഏറ്റവും ക്രൂരനും പ്രശസ്തനുമായ യഹൂദ യോദ്ധാവായി കണക്കാക്കപ്പെട്ടിരുന്ന മർഹാബിന്‍റെ നേതൃത്വത്തിലായിരുന്നു ഈ കോട്ട. ഈ യുദ്ധം പത്ത് ദിവസം നീണ്ടുനിന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തിനിടയിൽ ഒരു ദിവസം, മർഹാബ് കോട്ടയിൽ നിന്ന് പുറത്തുവന്ന് വാൾ വീശിക്കൊണ്ട് മുസ്‌ലീങ്ങളെ വെല്ലുവിളിച്ചു. മുസ്‌ലിം സൈന്യത്തിൽ നിന്ന് ഹദ്റത്ത് അമീർ ബിൻ അക്വ(റ) മുന്നോട്ടുവന്നു രണ്ടുപേരും തമ്മിൽ യുദ്ധം നടക്കുകയും , ഒടുവിൽ ഹദ്റത്ത് അമീർ ബിൻ അക്വ(റ) ശഹീദാവുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഈ യുദ്ധത്തിലെ രണ്ടാമത്തെ ശഹീദായി മാറി. അദ്ദേഹം വളരെ ധീരനാണെന്നും അദ്ദേഹത്തെപ്പോലെ ധീരരായവർ വളരെ കുറവാണെന്നും നബിതിരുമേനി(സ) പറയുകയുണ്ടായി.

ഹദ്റത്ത് അലി(റ) വഴി പ്രവചനം ചെയ്യപ്പെട്ട വിജയം

പത്ത് ദിവസത്തോളം യഹൂദർ ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്തു. ഒടുവിൽ, ഒരു രാത്രി, മുസ്‌ലീങ്ങളുടെ വിജയം തിരിച്ചറിയുന്ന ഒരാൾക്ക് അടുത്ത ദിവസം ഇസ്‌ലാമിക പതാക നല്കുന്നതാണെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. പിറ്റേന്ന് രാവിലെ, പതാക ആർക്കാണ് നൽകുകയെന്ന് കാണാൻ എല്ലാവരും നബിതിരുമേനി(സ)യുടെ അടുക്കലേക്ക് പോയി. കണ്ണിന് അസുഖം ബാധിച്ചിരുന്ന ഹദ്റത്ത് അലി(റ)യോട് നബിതിരുമേനി(സ) അടുക്കലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. നബിതിരുമേനി(സ) അദ്ദേഹത്തെ അടുപ്പിച്ചുകൊണ്ട് കണ്ണിൽ ഉമിനീർ വയ്ക്കുകയുണ്ടായി. അസുഖം ഒരിക്കലും നിലവിലില്ലാത്തതുപോലെ അദ്ദേഹം സുഖം പ്രാപിച്ചു. തുടർന്ന് നബിതിരുമേനി(സ), ഹദ്റത്ത് അലി(റ)ക്കു വേണ്ടി ദുആ ചെയ്യുകയും അദ്ദേഹത്തിന് പതാക നല്കുകയും ചെയ്തു. അല്ലാഹു മുസ്‌ലിം സൈന്യത്തിന് ആ സായാഹ്നത്തിൽ തന്നെ വിജയം നേടാനുള്ള ശക്തി നല്കി. നിഷ്ഠൂരനായ യഹൂദ സൈനികൻ മർഹാബും അന്ന് യുദ്ധത്തിൽ കൊല്ലപ്പെടുകയുണ്ടായി.

ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ലോകത്തിലെ ഭീഷണമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ദുആ ചെയ്യാനുള്ള ആഹ്വാനം

ലോകത്തിന്‍റെ പ്രത്യേകിച്ചും മുസ്‌ലീങ്ങളുടെ ഇന്നത്തെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് ധരാളമായി ദുആ ചെയ്യാൻ അഭ്യർത്തിക്കുകയാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുന്നതോടെ ഫലസ്തീനികളുടെ സ്ഥിതി മെച്ചപ്പെടുമെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അവ കൂടുതൽ വഷളാകുക മാത്രമാണ് ചെയ്യുന്നത്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നയങ്ങളും പദ്ധതികളും അനീതിയുടെ പാരമ്യതയിലെത്തിയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ യു.എസിന് മാത്രമല്ല, ലോകത്തിന് മുഴുവൻ ഭീഷണിയാണ്.

അല്ലാഹു ഫലസ്തീനികള്‍ക്കുമേല്‍ കരുണ ചൊരിയുമാറാകട്ടെ, ലോകത്തിനുമേല്‍ കരുണ ചൊരിയുമാറാകട്ടെ, അവരെ സംരക്ഷികുമാറാകട്ടെ. അറബ് രാജ്യങ്ങള്‍ ഇനിയെങ്കിലും കണ്ണുതുറന്ന് ഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതാണ്. അതല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍, ഫലസ്തീന്‍ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇപ്പോള്‍, ചില അമുസ്‌ലീങ്ങള്‍ പോലും പലസ്തീനികള്‍ക്ക് അനുകൂലമായും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ തുടങ്ങിയെങ്കിലും അധികാരത്താല്‍ ലഹരിപിടിച്ച വന്‍ശക്തികള്‍ ആരെയും ശ്രദ്ധിക്കാന്‍ തയ്യാറല്ല. അതുകൊണ്ട് മുസ്‌ലീങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാർത്ഥനയല്ലാതെ മറ്റൊരു ശക്തിയും നമുക്കില്ല.

പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അവിടെയുള്ള അഹ്‍മദികൾക്കുവേണ്ടിയും നാം ദുആ ചെയ്യേണ്ടതാണ്.

അനീതിക്കിരയാകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരെയും സർവശക്തനായ അല്ലാഹു തന്‍റെ സംരക്ഷണത്തിലാക്കുമാറാകട്ടെ. ലോകത്തിന് തിരിച്ചറിവ് നൽകുകയും ചെയ്യട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed