അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഫെബ്രുവരി 14, 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ. ഐ. ഗുലാം അഹ്‍മദ്
നബിതിരുമേനി(സ)യുടെ കാലത്ത് നടന്ന ഖൈബര്‍ യുദ്ധത്തെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു.
ഖൈബറിലെ രണ്ടാമത്തെ കോട്ടയായിരുന്നു സഅബ് ബിന്‍ മുആദിന്‍റേത്. 500 യോദ്ധാക്കളുള്ള ഈ കോട്ടയില്‍ ധാരാളം ഭക്ഷണവും വിഭവങ്ങളും ഉണ്ടായിരുന്നു.
ഇതൊരു സുശക്തമായ കോട്ടയായതിനാല്‍ അതിന്‍റെ ഉപരോധം മൂന്ന് ദിവസത്തോളം നീണ്ടുന്നു. ബനു അസ്‌ലം ഗോത്രം വളരെയധികം വിശപ്പും ബലഹീനതയും അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഹദ്‌റത്ത് അസ്മാ ബിന്‍ത് ഹാരിസയെ നബിതിരുമേനി(സ)യുടെ അടുക്കലേക്ക് അവസ്ഥകള്‍ വിവരിക്കുന്നതിനായി പറഞ്ഞയച്ചു. നബിതിരുമേനി(സ) അവരുടെ അവസ്ഥകള്‍ കേട്ട് ഇപ്രകാരം ദുആ ചെയ്തു: ‘എന്‍റെ ജീവന്‍ നിയന്ത്രിക്കുന്ന അല്ലാഹുവിന്‍റെ നാമത്തില്‍ സത്യം, നിങ്ങളെ സഹായിക്കാന്‍ എന്‍റെ പക്കല്‍ ഒന്നും ഇല്ല, ഭക്ഷിക്കാന്‍ പോലും എന്‍റെ പക്കല്‍ ഒന്നും ഇല്ല, വിശപ്പ് അനുഭവിക്കുന്നവരുടെ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു. അല്ലാഹുവേ, ഭക്ഷണവും വിഭവങ്ങളും നിറഞ്ഞ ഈ കോട്ട നീ ഞങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി തരേണമേ.’
തുടര്‍ന്ന് ഹുബാബ് ബിന്‍ മുന്‍ദിറിനെ യുദ്ധക്കൊടി ഏല്പിച്ചു. കോട്ടയില്‍ നിന്ന് ചില ജൂതന്മാര്‍ പുറത്തുവന്നപ്പോള്‍ മുസ്‌ലീങ്ങളില്‍ ചിലര്‍ അവരുമായി ഏറ്റുമുട്ടി അവരെ കീഴ്‌പ്പെടുത്തി. നബിതിരുമേനി(സ) അമ്പുകള്‍ എയ്തു കൊണ്ടിരിക്കെ ഹുബാബ് ബിന്‍ മുന്‍ദിര്‍ കോട്ടയിലേക്ക് പ്രവേശിക്കുകയും കഠിനമായ യുദ്ധം നടക്കുകയും ചെയ്തു. അങ്ങനെ കോട്ട കീഴടക്കി ഭക്ഷണവും വിഭവങ്ങളും മുസ്‌ലീങ്ങള്‍ കൈവശപ്പെടുത്തി. യുദ്ധമുതലില്‍ ധാരാളം ഭക്ഷണസാധനങ്ങള്‍ ഉണ്ടായിരുന്നു. നബിതിരുമേനി(സ) സഹബാക്കളോട് അവിടെ നിന്ന് ഭക്ഷിച്ചുകൊള്ളാനും മൃഗങ്ങളെ തീറ്റിക്കാനും വേണ്ടത് അവിടെതന്നെ ഉപയോഗിക്കുവാനും നിര്‍ദ്ദേശിച്ചു.
സുബൈര്‍ ബിന്‍ അവ്വാം കോട്ടയുടെ ഉപരോധം
ഖുല്ല എന്ന് പറയപ്പെട്ടിരുന്ന ഖൈബറിലെ ഈ മൂന്നാമത്തെ കോട്ട പിന്നീട് സുബൈര്‍ ബിന്‍ അവ്വാം കോട്ട എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ കോട്ട ഒരു പര്‍വതത്തിന്മേല്‍ ആയിരുന്നു സ്ഥിതി ചെയ്യുന്നത്. നബിതിരുമേനി(സ) ഈ കോട്ടയെ മൂന്ന് ദിവസത്തോളം വളഞ്ഞുപരോധിച്ചു. കോട്ടയിലെ ജൂതന്മാര്‍ രാത്രി സമയങ്ങളില്‍ വെള്ളം കൊണ്ടുവരാന്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ വഴി തടഞ്ഞാല്‍ അവര്‍ കീഴടങ്ങുമെന്നും ഒരു ജൂതന്‍ നബിതിരുമേനി(സ)ക്ക് വിവരം നല്കി. അങ്ങനെ വെള്ളത്തിനുള്ള അവരുടെ വഴി തടയുകയും ജൂതന്മാര്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി, കഠിനമായ യുദ്ധം നടക്കുകയും ചെയ്തു. കോട്ട കീഴ്‌പ്പെടുത്തിയ ശേഷം നബിതിരുമേനി(സ) ഖൈബറിലെ മൂന്നാമത്തെ കോട്ടയായ ശഖ്ഖിലേക്ക് തിരിഞ്ഞു.
ശഖ്ഖിലെ കോട്ടകളുടെ ഉപരോധം
ശഖ്ഖിലെ രണ്ട് കോട്ടകളില്‍ ആദ്യത്തേത് ഉബയ്യുടെ കോട്ടയായിരുന്നു. നബിതിരുമേനി(സ) ഒരു കുന്നിന്മേല്‍ കയറി കോട്ടയെ ആക്രമിക്കാന്‍ തുടങ്ങി. ഒരു ജൂതന്‍ ദ്വന്ദയുദ്ധത്തിന് വരികയും, ഹദ്‌റത്ത് ഹുബാബ്(റ) അയാളെ കീഴ്‌പെടുത്തുകയും ചെയ്തു. വീണ്ടുമൊരാള്‍ ദ്വന്ദയുദ്ധത്തിന് വന്നെപ്പോള്‍ ഒരു മുസ്‌ലിം സൈനികന്‍ ശഹീദായി. ശേഷം മുസ്‌ലിം പക്ഷത്തുനിന്ന് ഹദ്‌റത്ത് അബു ദുജാന(റ) മുന്നോട്ട് വരുകയും ആ ജൂതനെ കീഴ്‌പെടുത്തുകയും ചെയ്തു. അതിനുശേഷം, ജൂതന്മാര്‍ ആരെയും ദ്വന്ദയുദ്ധത്തിന് മുന്നോട്ടയച്ചില്ല. മുസ്‌ലീങ്ങള്‍ കൂട്ടംകൂട്ടമായി കോട്ടയെ ആക്രമിച്ചു. ജൂതന്മാര്‍ തങ്ങളുടെ കന്നുകാലികളും ആയുധങ്ങളും എല്ലാം ഉപേക്ഷിച്ച് ശഖ്ഖിലെ രണ്ടാമത്തെ കോട്ടയില്‍ അഭയം പ്രാപിച്ചു.
മുസ്‌ലീങ്ങള്‍ ജൂതന്മാരെ പിന്തുടര്‍ന്നു. കോട്ടയുടെ ഉയരമുള്ള മതിലുകളില്‍ നിന്ന് അവര്‍ തുരുതുരെ അമ്പുകളെയ്തു. മുസ്‌ലീങ്ങള്‍ തിരിച്ചും ശരവര്‍ഷം നടത്തി. നബിതിരുമേനി(സ) തമ്പടിച്ചിരുന്ന സ്ഥലത്തേക്ക് ജൂതന്മാര്‍ ഉന്നമിട്ട് അമ്പെയ്യുന്നുണ്ടായിരുന്നു. ഒരു നിവേദനമനുസരിച്ച്, നബിതിരുമേനി(സ)ക്ക് പരിക്ക് ഏല്‍ക്കുകയും, വസ്ത്രം കീറുകയും ചെയ്തു. പ്രതികരണമായി, ആ മഹാത്മാവ് ഒരുപിടി ചരലുകള്‍ എടുത്ത് കോട്ടയ്ക്ക് നേരെ എറിഞ്ഞു. അപ്പോള്‍ കോട്ട കുലുക്കപ്പെടുകയും ഒടുക്കം അത് കീഴടക്കപ്പെടുകയും ചെയ്തു.
കതീബയിലെ കോട്ടകള്‍
നാത്തയിലെയും ശഖ്ഖിലെയും കോട്ടകള്‍ കീഴടക്കിയ ശേഷം, നബിതിരുമേനി(സ) കതീബയിലേക്ക് തിരിഞ്ഞു. കതീബയില്‍ മൂന്ന് കോട്ടകളായിരുന്നു ഉണ്ടായിരുന്നത്. വതീഹ്, സുലാലിം, ഖമൂസ് എന്നിങ്ങനെയായിരുന്നു കോട്ടകളുടെ പേര്. ഖമൂസ് ആയിരുന്നു അവയില്‍ ഏറ്റവും വലുതും ശക്തമായതും.
സ്ഥലം വിട്ടുപോയ ജൂതന്മാര്‍ ഈ കോട്ടകളില്‍ അഭയം പ്രാപിച്ചു. ആരും തന്നെ ദ്വന്ദയുദ്ധത്തിന് തുനിഞ്ഞില്ല. നബിതിരുമേനി(സ) ഈ കോട്ടകളെ 14 ദിവസം വളഞ്ഞു. അതിനുശേഷം കോട്ടകള്‍ക്കുമേല്‍ ശരവര്‍ഷം നടത്താന്‍ തീരുമാനിച്ചു.
ജൂതന്മാര്‍ തോല്‍വിയുറപ്പിച്ചപ്പോള്‍ മുസ്‌ലീങ്ങളുമായി സന്ധിയിലേര്‍പ്പെടാന്‍ ശ്രമിച്ചു. കിനാന ബിന്‍ ഹുഖൈഖ്, താന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുന്നതിന് ശമ്മാഖിനെ നബിതിരുമേനി(സ)യുടെ അടുത്തേക്ക് അയച്ചു. നബിതിരുമേനി(സ) അത് അംഗീകരിക്കുകയും കിനാന കോട്ടയില്‍ നിന്ന് പുറത്തുവന്ന് മുസ്‌ലീങ്ങളുമായി ഒരു സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ജൂതന്മാര്‍ അവരുടെ സ്വത്തുക്കള്‍ അടിയറവയ്ക്കുകയും മുസ്‌ലീങ്ങള്‍ അവയെ യുദ്ധമുതലുകളായി ശേഖരിക്കുകയും ചെയ്തു.
ഈ വിജയത്തെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളില്‍ മറ്റ് നിവേദനങ്ങളുമുണ്ട്. നബിതിരുമേനി(സ) ഈ കോട്ടയെ 20 ദിവസം വളഞ്ഞതായും ഹദ്‌റത്ത് അലി(റ)യുടെ നേതൃത്വത്തില്‍ കഠിന യുദ്ധത്തിന് ശേഷം കീഴ്‌പ്പെടുത്തിയതായും പറയുന്നു.
എന്നിരുന്നാലും, ജൂതന്മാരും മുസ്‌ലീങ്ങളും തമ്മില്‍ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരുന്നു. ഉടമ്പടിയിലെ ആദ്യത്തെ വ്യവസ്ഥ ജൂതന്മാര്‍ എല്ലാ കോട്ടകളും ഒഴിയണമെന്നും അവിടെയുള്ള എല്ലാ ആയുധങ്ങളും വിട്ടുകൊടുക്കണമെന്നും മുസ്‌ലിം സൈന്യം അത് കൈവശപ്പെടുത്തുമെന്നും ആയിരുന്നു. രണ്ടാമത്തെ വ്യവസ്ഥ, നബിതിരുമേനി(സ) ജൂതന്മാരെ സംരക്ഷിക്കണമെന്നും അവരുടെ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കരുത് എന്നതുമായിരുന്നു. മൂന്നാമത്തെ വ്യവസ്ഥ ജൂതന്മാര്‍ നാടുവിട്ട് സിറിയയിലേക്ക് പോകണമെന്നതായിരുന്നു. നാലാമത്തെ വ്യവസ്ഥ, ജൂതന്മാര്‍ക്ക് അവരുടെ വാഹനങ്ങളില്‍ വഹിക്കാന്‍ കഴിയുന്നത്ര സമ്പത്തും വിഭവങ്ങളും കൊണ്ടുപോകാന്‍ അനുവദിക്കണം എന്നതായിരുന്നു. അഞ്ചാമത്തെ വ്യവസ്ഥ, എല്ലാ ഒളിഞ്ഞിരിക്കുന്ന നിധികളെക്കുറിച്ചും വിവരം നല്കണമെന്നും മുസ്‌ലീങ്ങളെ ഏല്‍പ്പിക്കണമെന്നതും ആയിരുന്നു. ആറാമത്തെ വ്യവസ്ഥ, ഉടമ്പടിയിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുകയോ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ മറയ്ക്കുകയോ ചെയ്യുന്ന ആരുടെയും പേരില്‍ മുസ്‌ലീങ്ങള്‍ ഉത്തരവാദികളല്ല എന്നതായിരുന്നു.
ഉടമ്പടി അനുസരിച്ച് ജൂതന്മാര്‍ ഖൈബര്‍ വിട്ട് സിറിയയിലേക്ക് പോകണമായിരുന്നുവെങ്കിലും, അവര്‍ അവിടെ താമസിക്കാന്‍ അനുവാദം ചോദിച്ചു, കാരണം അവര്‍ക്ക് അവരുടെ വിളകളെക്കുറിച്ച് നന്നായി അറിയാമായിരുന്നു. നബിതിരുമേനി(സ) കരുണ കാണിച്ചുകൊണ്ട് അവരെ ഖൈബറില്‍ താമസിക്കാനും കാര്‍ഷിക പ്രവര്‍ത്തനം തുടരാനും അനുവദിച്ചു, എന്നാല്‍ വിളവിന്‍റെ പകുതി മുസ്‌ലീങ്ങള്‍ക്ക് അവകാശപ്പെട്ടതായിരിക്കും എന്ന് നിബന്ധന വച്ചു.
കിനാന ബിന്‍ റബീഇന്‍റെ വധം
ഖൈബറിന് ശേഷം കുറച്ച് ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നു. ഖൈബറിലെ മുഖ്യനേതാവായ കിനാനയും അദ്ദേഹത്തിന്‍റെ സഹോദരന്‍ റബീഅയും നബിതിരുമേനി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. കിനാനയുടെ കൈവശം ബനു നദീറിന്‍റെ പ്രമാണിയായ ഹുയ്യയ് ബിന്‍ അഖ്തബിന്‍റെ നിധികള്‍ ഉണ്ടായിരുന്നു. നബിതിരുമേനി(സ) അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബനൂ നദീര്‍ മദീനയില്‍ നിന്ന് നാടുകടത്തപ്പെട്ടതിനുശേഷം എല്ലാം ചെലവഴിക്കപ്പെട്ടുവെന്ന് സത്യം ചെയ്ത് പറഞ്ഞു. നബിതിരുമേനി(സ) പറഞ്ഞു: നിങ്ങള്‍ എന്തെങ്കിലും മറച്ചുവയ്ക്കുകയും, പിന്നീട് അത് കണ്ടെത്തുകയും ചെയ്താല്‍, നിങ്ങളുടെ ജീവനും കുടുംബവും നഷ്ടമായി എന്ന് കരുതിക്കൊള്ളുക.
ഒരു നിവേദനമനുസരിച്ച്, നബിതിരുമേനി(സ) അന്‍സാറില്‍ നിന്ന് ഒരാളെ ഒരു പ്രത്യേക സ്ഥലത്തേക്ക് അയച്ചു, അവിടെ ഈന്തപ്പഴങ്ങക്കിടയില്‍ നിധി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അത് കണ്ടെത്തിയ ശേഷം, രണ്ട് ജൂതന്മാരും അവരുടെ കരാര്‍ലംഘനത്തിന്‍റെ പേരില്‍ വധിക്കുകയും, കുടുംബങ്ങളെ ബന്ദികളാക്കുകയും ചെയ്തു. ഈ നിവേദനത്തിന് കൃത്യമായ ആധാരം ഒന്നും ഇല്ല. മറ്റൊരു നിവേദനമനുസരിച്ച്, കിനാനയെ നബിതിരുമേനി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹം നിധിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞു. മറ്റൊരു ജൂതനായ സഅ്‌ലബ കിനാനയെ ഒരു പ്രത്യേക സ്ഥലത്ത് രാവിലെ സമയം ചെലവഴിക്കുന്നതായി കണ്ടെന്ന് സമ്മതിച്ചു. സഹാബികള്‍ നിധിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്തി. കിനാന മറ്റുള്ളവയുടെ സ്ഥാനം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ഫലമായി, നബിതിരുമേനി(സ) അദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിട്ടു. മരണത്തോടടുത്തപ്പോള്‍, കിനാന മിച്ചമുള്ള നിധിയുടെ സ്ഥാനം വെളിപ്പെടുത്തി. ആയതിനാല്‍ കരാര്‍ ലംഘനത്തിന് വധിക്കുന്നത്തിന് പകരം അദ്ദേഹത്തെ ഒരു മുസ്‌ലിമിന്‍റെ ശഹാദത്തിന് പകരമായി വധിച്ചു.
ഖലീഫ തിരുമനസ്സ് പറഞ്ഞു: ഈ സംഭവം നബിതിരുമേനി(സ)യുടെ യഥാര്‍ഥ മാതൃകയ്ക്കും സ്വഭാവത്തിനും വിരുദ്ധമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പല പ്രമുഖ ചരിത്ര ഗ്രന്ഥങ്ങളിലും, സുനന്‍ അബീ ദാവൂദില്‍ പോലും, ഈ സംഭവത്തെയും കിനാനയുടെ വധത്തെയും പരാമര്‍ശിക്കുന്നുണ്ട്. പൗരസ്ത്യവാദികള്‍ അവരുടെ പുസ്തകങ്ങളില്‍ ഈ സംഭവത്തെ ചൂണ്ടിക്കാണിച്ച് (നഊദുബില്ലാഹ്) നബിതിരുമേനി(സ) സമ്പത്ത് ആഗ്രഹിച്ചുവെന്ന് ആരോപിക്കുന്നു. ഇത്തരം എല്ലാ ആരോപണങ്ങളും ആ മഹാത്മാവിന്‍റെ മാതൃകയ്ക്കും തത്ത്വങ്ങള്‍ക്കും കടകവിരുദ്ധമാണ്. ആഴത്തിലുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് കിനാന ഈ നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതിനു മാത്രമല്ല വധിക്കപ്പെട്ടത് എന്നാണ്.
നബിതിരുമേനി(സ) അങ്ങേയറ്റം ക്ഷമാശീലനും ദയാലുവുമായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒരു സാഹചര്യത്തിലും ഉപദ്രവിക്കാന്‍ പാടില്ലെന്ന് ആ മഹാത്മാവ് കല്‍പ്പിച്ചിരുന്നു. ഖൈബറിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രവാചകന്‍(സ) തന്‍റെ സഹാബികളോട് യുദ്ധമുതലുകള്‍ ആഗ്രഹിച്ച് വരുന്നവര്‍ യുദ്ധത്തില്‍ പങ്കെടുക്കരുതെന്ന് ഉപദേശിച്ചിരുന്നു, കാരണം, യുദ്ധത്തിന്‍റെ ലക്ഷ്യം അതായിരുന്നില്ല എന്നതാണ്. നബിതിരുമേനി(സ) നീതിയുടെ പ്രദീപ്തമായ വിളക്കായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃകക്ക് വിരുദ്ധമായ ഏതെങ്കിലും നിവേദനം കണ്ടാല്‍ അതിന്‍റെ യാഥാര്‍ഥ്യം അറിയുന്നതിന് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
നമ്മുടെ റിസര്‍ച്ച് സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഒന്നാമതായി ഈ വിവരണങ്ങളില്‍ പല ഇടങ്ങളിലായി വൈരുധ്യങ്ങള്‍ ഉണ്ട്. രണ്ടാമതായി, ഒരു സമാധാന ഉടമ്പടിയുടെ വ്യവസ്ഥകള്‍ തീരുമാനിച്ച ശേഷം ഒരു നിധിയെക്കുറിച്ച് ചോദിച്ചു എന്നത് നബിതിരുമേനി(സ)യുടെ ചര്യക്ക് വിരുദ്ധമാണ്. ഉടമ്പടി അനുസരിച്ച്, ജൂതന്മാര്‍ ഇതിനകം അവരുടെ സ്വത്തുക്കള്‍ ഉപേക്ഷിച്ചിരുന്നു. മൂന്നാമതായി, ഈ പറയപ്പെടുന്ന നിധികള്‍ കണ്ടെത്തിയപ്പോള്‍, അത് എന്ത് ചെയ്തു എന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരണവുമില്ല. മറ്റെല്ലാ യുദ്ധമുതലുകളെ സംബന്ധിച്ചും (അമ്പുകള്‍ അടക്കം) ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിധിയിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍ എന്നിവയെക്കുറിച്ച് യാതൊരു പരാമര്‍ശവും ചരിത്രത്തില്‍ ലഭ്യമല്ല. നാലാമതായി, നിധി തേടുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിവേദനങ്ങള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് കാണാം. കൂടാതെ, പല ജൂതന്മാരും ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, കിനാനയെയും അദ്ദേഹത്തിന്‍റെ സഹോദരനെയും മാത്രം വധിച്ചു എന്നത് തീര്‍ത്തും യുക്തിരഹിതമായ ഒരു കാര്യമാണ്.
പ്രശസ്ത ചരിത്രകാരനായ അല്ലാമ ശിബ്‌ലി നുഅ്മാനി ഈ തെറ്റ് ചൂണ്ടിക്കാണിക്കുകയും നബിതിരുമേനി(സ)യുടെ ജീവിതത്തിലേക്ക് ഇത് തെറ്റായി ആരോപിക്കപ്പെട്ടതാണെന്നും പറയുകയും ചെയ്യുന്നു. കിനാന വധിക്കപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്‍റെ പേരില്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടിരുന്നില്ല. കൂടാതെ, അദ്ദേഹം വധിക്കപ്പെട്ടത് നിധിയുടെ സ്ഥാനം മറച്ചു വച്ചതിന് മാത്രം ആയിരുന്നുമില്ല.
മാത്രമല്ല, നബിതിരുമേനി(സ) ഒരു നിധിക്ക് വേണ്ടി ആരെയെങ്കിലും പീഡിപ്പിക്കാന്‍ ഉത്തരവിടുക എന്നത് ആ മഹാത്മാവിന്‍റെ ചര്യകള്‍ക്ക് വിരുദ്ധമാണ്. മഹ്‌മൂദ് ബിന്‍ മസ്‌ലമയെ വധിച്ചു എന്ന കാരണത്താലാണ് കിനാന വധിക്കപ്പെട്ടത്. നിവേദക ശൃംഖലയില്ലാതെയാണ് ഇബ്ന്‍ ഇസ്ഹാഖ് ഈ സംഭവം രേഖപ്പെടുത്തിയത് എന്ന് അഹ്‌മദീ എഴുത്തുകാരനായ സയ്യിദ് ബറകത്ത് അഹ്‌മദ് സാഹിബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം, ഈ സമ്പത്ത് ഖജാനാവില്‍ നിക്ഷേപിച്ചതായി ഒരു നിവേദനത്തിലും ഇല്ല. ചരിത്രകാരന്മാരുടെ മറ്റ് വിവരണങ്ങളില്‍ ഖൈബറില്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപ്പെട്ട ലോഹങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. മറിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവയുടെ പരാമര്‍ശമാണ് കാണാന്‍ സാധിക്കുന്നത്.
ഹദ്‌റത്ത് അബൂ ഹുറൈറ(റ)യുടെ നിവേദനത്തില്‍, മുസ്‌ലീങ്ങള്‍ ഖൈബര്‍ വിജയിച്ചെങ്കിലും യുദ്ധമുതലില്‍ സ്വര്‍ണമോ വെള്ളിയോ ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. യഥാര്‍ഥത്തില്‍ കിനാന ബിന്‍ റബീഅയെ വധിച്ചത് ഒരു മുസ്‌ലിം സൈനികനെ ശഹീദാക്കി എന്ന കാരണത്താലായിരുന്നു.
ഈ വിവരണങ്ങളില്‍ നബിതിരുമേനി(സ)യെ വിഷം കൊടുക്കാന്‍ ശ്രമിച്ച ഒരു ജൂതസ്ത്രീയുടെ സംഭവവും ഉള്‍പ്പെടുന്നു. എന്നാല്‍ അല്ലാഹു ആ മഹാത്മാവിനെ അതില്‍ നിന്ന് സംരക്ഷിച്ചു. ഈ സംഭവത്തെക്കുറിച്ച് പിന്നീട് പരാമര്‍ശിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണം
ഖലീഫാ തിരുമനസ്സ് ഓസ്‌ട്രേലിയയില്‍ മരണപ്പെട്ട മാസ്റ്റര്‍ മന്‍സൂര്‍ അഹ്‌മദ് കാഹ്‌ലൂന്‍ സാഹിബിനെ അനുസ്മരിച്ചു. അദ്ദേഹം ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്‍റെ പ്രശസ്ത സഹാബിയായിരുന്ന ഹദ്‌റത്ത് ചൗധരി സര്‍ദാര്‍ ഖാന്‍ സാഹിബി(റ)ന്‍റെ പൗത്രനായിരുന്നു. റബ്‍വയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ സേവനം ആരംഭിച്ചു. അദ്ദേഹം വിദ്യാഭ്യാസ വകുപ്പില്‍ 34 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന് വിവിധ സമയങ്ങളില്‍ ഖാഇദ്, സദര്‍ മജ്‌ലിസ് എന്നീ നിലകളില്‍ സേവനം ചെയ്യാനുള്ള അവസരം ലഭിച്ചു. മാത്രമല്ല ജൂബിലി ഫണ്ടിലും സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹം ഹൈദരാബാദില്‍ 18 വര്‍ഷം ജനറല്‍സെക്രട്ടറിയായും പിന്നീട് 13 വര്‍ഷം ജില്ലാ അമീറായയും സേവനമനുഷ്ഠിച്ചു.
ജോലിക്ക് ശേഷം നേരെ പള്ളിയില്‍ലെത്തി സേവനങ്ങള്‍ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. ഖിലാഫത്തുമായി ഉറച്ച ബന്ധം നിലനിര്‍ത്തുകയും, ദരിദ്രരെ പരിപാലിക്കുകയും, വിനയവും ഔദാര്യവും കാണിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി പലരെയും സഹായിച്ചിരുന്നു.
അദ്ദേഹത്തിന് ഒരു മകളും അഞ്ച് ആണ്‍ മക്കളുമാണ് ഉള്ളത്. അല്ലാഹു അദ്ദേഹത്തിന്‍മേല്‍ കരുണ ചൊരിയട്ടെ. മക്കള്‍ക്ക് അവരുടെ പിതാവിന്‍റെ ഉത്തമ മാതൃകകള്‍ തുടരാന്‍ തൗഫീഖ് നല്കട്ടെ. ആമീന്‍.
0 Comments