അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 11 ഏപ്രില്‍, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി എം വസീം അഹ്‌മദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദഹുല്ലാഹ് പറഞ്ഞു: ഖൈബർ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ വിവരിക്കുന്നത് തുടരുകയാണ്.
തൈമയിലെ ജനങ്ങളുമായി സന്ധിസംഭാഷണം നടന്നിരുന്നു. തൈമ, മദീനയിൽ നിന്നും സിയറിയയിലേക്കുള്ള വഴിയിലെ ഒരു സ്ഥലമായിരുന്നു. ഖൈബറിലെ സംഭവങ്ങളെ കുറിച്ച് കേട്ടപ്പോൾ തൈമയിലെ ജനങ്ങൾ ഇസ്‌ലാമിനെ എതിർക്കുന്നതിന് പകരം അവർ സമാധാന സന്ധിയെ കുറിച്ച് സംസാരിക്കാൻ ഒരു പ്രതിനിധിയെ അയച്ചു. നബിതിരുമേനി[സ] ഇത് സമ്മതിക്കുകയും തൈമയിലെ ജൂതർക്ക് അവരുടെ സമ്പത്തുകൾ സമേതം അവരുടെ സ്ഥലത്ത് തന്നെ താമസിക്കാൻ അനുവാദം നൽകി.
നമസ്കാരത്തിലെ കാലതാമസം
ഒരു നിവേദനം ഇപ്രകാരം വരുന്നു: നബിതിരുമേനി[സ] ഖൈബറിൽ നിന്ന് തിരിച്ച് വരുമ്പോൾ അദ്ദേഹം രാത്രി മുഴുവനും നടക്കുകയായിരുന്നു. ക്ഷീണിതനായപ്പോൾ മദീനക്കടുത്ത് അദ്ദേഹം തമ്പടിച്ച് വിശ്രമിക്കാൻ തീരുമാനിച്ചു. പ്രഭാത നമസ്കാരത്തിന് തന്നെ വിളിച്ചുണർത്തണമെന്ന് നബിതിരുമേനി[സ] ഹദ്റത്ത് ബിലാൽ[റ]നോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹദ്റത്ത് ബിലാൽ[റ]വും ക്ഷീണിതനായിരുന്ന കാരണത്താൽ പ്രഭാത നമസ്കാര സമയത്ത് അദ്ദേഹവും ഉറങ്ങിപ്പോയി. അങ്ങനെ അദ്ദേഹത്തിന് പ്രഭാത നമസ്കാര സമയത്ത് നബിതിരുമേനി[സ] ഉൾപ്പെടെ ആരെയും വിളിച്ചുണർത്താൻ കഴിഞ്ഞില്ല. സൂര്യൻ ഉദിച്ചുയർന്നതിന് ശേഷമാണ് നബിതിരുമേനി[സ] ഉണർന്നത്. നബിതിരുമേനി[സ] അവിടെ നിന്നും തന്‍റെ അനുചരന്മാരൊടൊപ്പം പുറപ്പെട്ട് കുറച്ച് കഴിഞ്ഞതിന് ശേഷം [പ്രഭാത നമസ്കാരത്തിന് വേണ്ടി നിന്നു. അപ്പോൾ നബിതിരുമേനി[സ] പറഞ്ഞു, ആരെങ്കിലും നമസ്കരിക്കാൻ മറന്നു പോവുകയാണെങ്കിൽ ഓര്മ വന്ന ഉടനെ നമസ്കരിക്കേണ്ടതാണ്, എന്തെന്നാൽ ദൈവസ്മരണക്ക് വേണ്ടിയാണ് നമസ്കാരം നിർബന്ധമാക്കപ്പെട്ടിരിക്കുന്നത് എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഈ സംഭവം മറ്റു പല യുദ്ധങ്ങളുമായി ബന്ധപ്പെട്ടും വിവരിക്കപ്പെടുന്നുണ്ട്, ഉദാഹരണത്തിന് തബൂക്ക് യുദ്ധം ഹുദൈബിയ സന്ധി എന്നിവയെ ബന്ധപ്പെടുത്തിയും ഈ സംഭവം വിവരിക്കപ്പെടുന്നുണ്ട്.
സ്വർഗ്ഗത്തിലെ ഇലകളിലെ ഒരു ഇല
ഖൈബറിൽ നിന്ന് തിരിച്ച് മദീനയിലേക്ക് വരുമ്പോൾ സഹാബികൾ ഉച്ചത്തിൽ അല്ലാഹുവിനെ പ്രകീർത്തിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഇത് കേട്ടപ്പോൾ നബിതിരുമേനി[സ], ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ നിങ്ങൾ ദൂരത്തുള്ളവനെയോ അല്ലെങ്കിൽ ബധിരനേയോ അല്ല വിളിക്കുന്നത് മറിച്ച് അവർ എല്ലാം കേൾക്കുന്നവനെയും എല്ലായിടത്തും സന്നിഹിതനായ ഒരുവനെയാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് അവരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതിൽ നിന്നും വിലക്കി.
നബിതിരുമേനി[സ] ഒരു സഹാബിയോട് പറഞ്ഞു; സ്വർഗ്ഗത്തിലെ ഇലകളിലെ ഒരു ഇലയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെ? ആ സഹാബി പറഞ്ഞു; തീർച്ചയായും. നബിതിരുമേനി[സ] ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് – തിൻമയെ ഉപേക്ഷിക്കാനും നൻമ ചെയ്യുന്നതിനും അല്ലാഹുവിന്‍റെ സഹായമില്ലാതെ സാധ്യമല്ല.’
ഖൈബറിൽ നബിതിരുമേനി[സ] എത്ര ദിവസം തങ്ങി എന്നതിനെ കുറിച്ച് വിവിധ നിവേദനങ്ങൾ ഉണ്ട്. ചില നിവേദനങ്ങളിൽ അദ്ദേഹം ആറു മാസങ്ങൾ വരെ താമസിച്ചിരുന്നു ചില നിവേദനങ്ങളിൽ നബിതിരുമേനി[സ] 40 ദിവസം വരെയാണ് ഖൈബറിൽ തങ്ങിയത് എന്നും നിവേദനങ്ങളിൽ ഉണ്ട്. അധികം നിവേദനങ്ങളും കുറച്ച് ദിവസങ്ങൾ തങ്ങി എന്നാണ് സൂചിപ്പിക്കുന്നത്.
ഖൈബർ യുദ്ധത്തിന് ശേഷം മുസ്‌ലിങ്ങൾക്ക് ഉണ്ടായ പ്രയോജനങ്ങൾ
ഖൈബർ യുദ്ധം മുസ്‌ലിംകൾക്കും ഇസ്‌ലാമിനും വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലാണ് അവസാനിച്ചത്. ഉദാഹരണത്തിന്, ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തി വരാറുള്ള ഖൈബറിന് ചുറ്റുമുള്ള അറേബിയൻ ഗോത്രങ്ങങ്ങൾ ഭയപ്പെടുകയും അവരിൽ ചിലർ സമാധാന സന്ധ്യക്ക് തയ്യാറാവുകയും ചിലർ ഇസ്‌ലാമിനെ അനുസരിക്കാൻ തയ്യാറാവുകയും ചെയ്തു. ഖൈബറിന്‍റെ പരിണിതഫലമായി, അറേബിയയിലെ ഭൂരിപക്ഷ യഹൂദി ശക്തികൾ പുറത്താക്കപ്പെട്ടു. അതുപോലെ ഖൈബറിന്‍റെ വിജയം കാരണം മദീനയിലെ ജീവിതനിലവാരം ഉയർന്നു. ഈ യുദ്ധത്തിന് ശേഷമാണ് മദീനവാസികൾ ആദ്യമായി വയറുനിറയെ ഭക്ഷണം കഴിച്ചത് എന്ന് നിവേദനങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.
ദാത്തുറിഖാ യുദ്ധം
ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്ന മറ്റൊരു യുദ്ധം ദാത്തുറിഖാ യുദ്ധമാണ്. ഈ യുദ്ധം നടന്ന സ്ഥലത്ത് ദാത്തുറിഖാ എന്ന് പേരുള്ള പർവ്വതമോ വൃക്ഷമോ ഉണ്ടായിരുന്ന കാരണത്താലാണ് ഈ യുദ്ധം ദാത്തുറിഖാ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ഈ യുദ്ധത്തിന് യാത്ര ചെയ്യുന്നതിനായി 6 പേർക്ക് ഒരു യാത്രാമൃഗമാണ് ഉണ്ടായിരുന്നത്. അതിനാൽ ഉറച്ച പ്രദേശങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചതിനാൽ സഹാബികളുടെ കാലുകൾക്കും നഖങ്ങൾക്കും മുറിവ് പറ്റിയിരുന്നു. സഹാബികൾ അവരുടെ കാലുകളിലെ മുറിവുകളിൽ തുണി ചുറ്റുമായിരുന്നു, ആ തുണിയെ റിഖാ എന്നാണ് പറഞ്ഞിരുന്നത്. ഈ കാരണം കൊണ്ടും ഈ യുദ്ധം ദാത്തുറിഖാ യുദ്ധം, അഥവാ തുണിക്കഷ്ണങ്ങളുടെ യുദ്ധം എന്നറിയപ്പെടുന്നു.
പല നിവേദനങ്ങളും ഈ യുദ്ധം നടന്നത് 4 ഹിജ്‌രി അല്ലെങ്കിൽ 5 ഹിജ്‌രിയിലാണ് എന്ന് രേഖപ്പെട്ട് കിടക്കുന്നുണ്ട് എങ്കിലും ഇമാം ബുഖാരി ഈ യുദ്ധം മക്കാ വിജയത്തിന് ശേഷം 7 ഹിജ്‌രിയിലാണ് നടന്നത് എന്ന് അഭിപ്രായപ്പെടുന്നു. ഇത് തന്നെയാണ് കൂടുതൽ സ്വീകാര്യവും. ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്[റ]വും ഈ യുദ്ധം 7 ഹിജ്‌രിയിലാണ് നടന്നത് എന്ന് അഭിപ്രായപ്പെടുന്നു.
ഈ യുദ്ധം നടക്കാനുണ്ടായ കാരണം എന്തെന്നാൽ നജ്ദിലെ പാതയിൽ ചിലർ ജനങ്ങളെ കൊള്ളയടിക്കാറുണ്ടായിരുന്നു. അവർ ഒരു സ്ഥലത്ത് മാത്രം താവളമടിക്കാത്ത കാരണത്താൽ അവരെ പിടികൂടുക പ്രയാസമേറിയ കാര്യമായിരുന്നു. അവർക്കെതിരിൽ ഫലവത്തായ ഒരു നടപടി സ്വീകരിക്കാൻ നബിതിരുമേനി[സ] തീരുമാനിച്ചു.
ഈ യുദ്ധത്തിനുള്ള മറ്റൊരു കാരണം എന്തെന്നാൽ മദീനയിലേക്ക് കച്ചവടത്തിനായി ചരക്കുകൾ കൊണ്ടുവന്നിരുന്ന ഒരു വ്യക്തി ബനൂ അൻവറും ബനൂ സഅലബയും മദീനയെ ആക്രമിക്കാൻ സൈന്യത്തെ തയ്യാറാക്കുന്നുണ്ട് എന്ന് നൽകി. നബിതിരുമേനി[സ]ക്ക് ഈ വിവരം ലഭിച്ചപ്പോൾ അദ്ദേഹം യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.
നബിതിരുമേനി[സ] 400 നും 800 നുമിടയിലുള്ള ആളുകളുമായി യാത്ര പുറപ്പെട്ടു. നബിതിരുമേനി[സ] ഇവരിൽ നിന്ന് പല സംഘങ്ങളെ വിവിധ വഴിയിലേക്ക് അയച്ചു. അവർ എല്ലാവരും തിരികെ വന്ന് തങ്ങൾക്ക് ഒരു സൈന്യത്തെയും കാണാൻ കഴിഞ്ഞില്ല എന്ന് റിപ്പോർട്ട് നൽകി. മുസ്‌ലിം സൈന്യം നഖ്‌ലിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ബദവികൾ മലകളിലേക്ക് ഓടിയൊളിച്ചു. നഖ്‌ലിൽ നിന്നും നബിതിരുമേനി[സ] ദാത്തുറിഖായിലേക്ക് മുന്നേറി. ഇവിടെ വെച്ച് മുസ്‌ലിങ്ങൾ ഗത്ഫാൻ സൈന്യവുമായി കണ്ടുമുട്ടി. യുദ്ധം നടന്നില്ല എങ്കിലും യുദ്ധത്തിന്‍റെ ഭീതി നിലനിന്നിരുന്നു. യുദ്ധത്തിനുള്ള സാധ്യത നിലനിന്നിരുന്ന ആ സമയത്ത് നമസ്കാര സമയമായി. അപ്പോൾ നബിതിരുമേനി[സ] സലാത്തുൽ ഖൗഫ് അഥവാ ഭയത്തിന്‍റെ അവസ്ഥ നിലനിൽക്കുമ്പോൾ ഉള്ള നമസ്കാരം നിർവഹിച്ചു. ഇപ്രകാരം നമസ്കരിക്കുമ്പോൾ ഒരു സംഘം പകുതി നമസ്കാരം നമസ്കരിക്കുകയും പിന്മാറുകയും ചെയ്യുന്നു, തുടർന്ന് രണ്ടാം സംഘം ഇമാമിനോടൊപ്പം ചേരുകയും നമസ്കരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നമസ്കാരം നടക്കുന്ന സമയത്തും ഒരു സംഘം കാവലിന് ഉണ്ടാകുന്നു.
ദൈവവുമായി സഹാബാക്കളുടെ അസാമാന്യമായ ബന്ധം
ഈ അവസരത്തിൽ മുസ്‌ലിങ്ങളുടെ ഒരു വ്യക്തി ആക്രമിച്ചതിനെ കുറിച്ചുമുള്ള പരാമർശം വരുന്നുണ്ട്. ഒരു രാത്രിയിൽ വളരെ ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. നബിതിരുമേനി[സ] ചോദിച്ചു; ഇന്ന് രാത്രി ആരാണ് എന്‍റെ തമ്പിന് അരികിൽ കാവൽ നിൽക്കുക. ഹദ്റത്ത് അബ്ബാദ് ബിൻ ബശർ[റ]വും ഹദ്റത്ത് അമ്മാർ ബിൻ യാസിർ[റ]വും രാത്രിയിൽ പാതി പാതിയായി ഈ ദൗത്യം നിർവഹിക്കാം എന്ന് തീരുമാനിച്ച് മുന്നോട്ട് വന്നു. ഹദ്റത്ത് അബ്ബാദ്[റ] നമസ്കരിച്ച് കൊണ്ടിരിക്കുന്ന സമയത്ത്, ഇത് ആക്രമിക്കാൻ നല്ല അവസരമാണ് എന്ന് കണ്ട ഒരു വ്യക്തി അദ്ദേഹത്തിനെതിരെ അമ്പെയ്തു. അമ്പ് അദ്ദേഹത്തിന് മേൽ തറച്ചു. എന്നാൽ അദ്ദേഹം നമസ്കാരം നിർത്താതെ അമ്പ് ഊരിയെടുക്കുകയും നമസ്കാരം ചെയ്തു. അപ്പോൾ വീണ്ടും അദ്ദേഹത്തിന് മേൽ മറ്റൊരമ്പ് വന്ന് തറച്ചു. അതും അദ്ദേഹം ഊരിയെടുത്തു. എന്നാൽ ഇത്തവണ ധാരാളം രക്തം പോകാൻ തുടങ്ങി. അദ്ദേഹം തന്‍റെ നമസ്കാരം പൂർത്തിയാക്കിയതിന് ശേഷം ഹദ്റത്ത് അമ്മാർ[റ] നെ വിളിച്ചുണർത്തി. അദ്ദേഹത്തിന്‍റെ ഈ അവസ്ഥ കണ്ടപ്പോൾ എന്ത് കൊണ്ട് എന്നെ നേരത്തെ വിളിച്ചുണർത്തിയില്ല എന്ന് അമ്മാർ[റ] ചോദിച്ചു. ഹദ്റത്ത് അബ്ബാദ്[റ] പറഞ്ഞു; ഞാൻ സൂറ കഹ്ഫ് പാരായണം ചെയ്യുകയായിരുന്നു, അത് ഇടക്ക് വെച്ച് നിർത്താൻ ഞാൻ ആഗ്രഹിച്ചില്ല. സഹാബികളുടെ അല്ലാഹുവുമായുള്ള ബന്ധം ഇത്തരത്തിലുള്ളതായിരുന്നു.
ദാത്തുറിഖാ യുദ്ധനീക്കത്തിനിടയിലെ അത്ഭുതങ്ങൾ
നബിതിരുമേനി[സ] മദീനയിൽ നിന്നും പുറപ്പെട്ട് 15 ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചു വന്നത്. ഈ യുദ്ധനീക്കത്തിനിടയിൽ ചില അത്ഭുതങ്ങളും നടന്നിരുന്നു എന്ന് രേഖപ്പെട്ട് കിടക്കുന്നുണ്ട്. അതിൽ ഒന്ന് ഇപ്രകാരമാണ്: ഈ യാത്രക്കിടയിൽ നബിതിരുമേനി[സ] ഒരു മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. മരക്കൊമ്പിൽ അദ്ദേഹത്തിന്‍റെ വാൾ തൂക്കിയിട്ടിരുന്നു. സഹാബികളും വിഷമിക്കുകയായിരുന്നു. നബിതിരുമേനി[സ] അവരെ വിളിക്കുന്നത് കേട്ടാണ് അവർ ഉണർന്നത്. അവർ നബിതിരുമേനി[സ]യുടെ അടുക്കലേക്ക് പോയപ്പോൾ അവിടെ ഒരു നബിതിരുമേനി[സ]ക്കരുകിൽ ഒരു ബദവി ഇരിക്കുന്നത് കണ്ടു. നബിതിരുമേനി[സ] പറഞ്ഞു; ഞാൻ ഉറങ്ങുന്ന സമയത്ത് ഇയാളോ എന്‍റെ വാൾ എടുത്ത് എന്നെ വിളിച്ചുണർത്തി. ഞാൻ ഉണരുമ്പോൾ ഇയാൾ വാളും പിടിച്ച് നിൽക്കുന്നതാണ് കാണുന്നത്. ഈ ബദവി എന്നോട് ചോദിച്ചു, എന്നിൽ നിന്ന് നിന്നെ ആർക്കാണ് രക്ഷിക്കാൻ കഴിയുക. ഞാൻ ഉടനെ അല്ലാഹ് എന്ന് പറഞ്ഞു. ഇത് കേട്ടതും ആ ഈ ബദവി വാൾ അതിന്‍റെ ഉറയിലേക്കിട്ടു. എന്തായാലും നബിതിരുമേനി[സ] അയാളെ ശിക്ഷിച്ചില്ല.
മൂന്നാം ഹിജ്‌രിയിൽ ഇതുപോലെ മറ്റൊരു സംഭവം നടന്നതായി നിവേദനമുണ്ട്. ശത്രുപക്ഷത്തെ ഒരു വ്യക്തി നബിതിരുമേനി[സ] ഒറ്റക്ക് ഉറങ്ങുന്നത് കണ്ടു. ഇയാൾ അദ്ദേഹത്തിനരികിൽ ഊരിപ്പിടിച്ച വാളുമായി അദ്ദേഹത്തെ ഉണർത്തികൊണ്ട് പറഞ്ഞു; എന്നിൽ നിന്ന് ആർക്കാണ് നിന്നെ രക്ഷിക്കാൻ കഴിയുക. നബിതിരുമേനി[സ] അല്ലാഹ് എന്ന് മറുപടി നൽകി. ഇത് കേട്ടതും അയാളുടെ കയ്യിൽ നിന്നും വാൾ താഴെ വീണുപോയി. നബിതിരുമേനി[സ] ഉടനെ വാൾ കൈപ്പിടിയിലാക്കികൊണ്ട് ചോദിച്ചു ഇപ്പോൾ എന്നിൽ നിന്ന് ആർക്കാണ് നിന്നെ രക്ഷിക്കാൻ കഴിയുക. അയാൾ പറഞ്ഞു; ആർക്കും കഴിയില്ല. തുടർന്ന് അയാൾ ഒരിക്കലും ഇസ്‌ലാമിനെ എതിർക്കില്ല എന്ന് പ്രതിജ്ഞ ചെയ്തു പോവുകയുണ്ടായി.
ഒരു പക്ഷിയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവും നിവേദനങ്ങളിൽ വരുന്നുണ്ട്. ഒരു സഹാബി ഒരു പക്ഷിയുടെ കുഞ്ഞിനെ എടുത്തുകൊണ്ട് വന്നു. ‘അമ്മ പക്ഷി ആ സഹാബിയുടെ അടുത്ത് വന്നു. ഇത് കണ്ടവരെല്ലാം വിഷമിച്ചുപോയി. നബിതിരുമേനി[സ] എന്താണ് എല്ലാവരും വിഷമിച്ച് നിൽക്കുന്നത് എന്ന് ചോദിച്ചു. ഈ അമ്മപ്പക്ഷി അതിന്‍റെ കുഞ്ഞിനെ രക്ഷിക്കാൻ വന്നതാണെന്ന് മറുപടി പറഞ്ഞു. അപ്പോൾ നബിതിരുമേനി[സ] പറഞ്ഞു, ഈ അമ്മപ്പക്ഷിക്ക് തന്‍റെ കുഞ്ഞിന് മേൽ ഉള്ള കാരുണ്യത്തേക്കാൾ കൂടുതൽ അല്ലാഹുവിന് നിങ്ങളോട് കാരുണ്യമുണ്ട്.
ഈ യാത്രക്കിടയിൽ ഒരു സ്ത്രീ തന്‍റെ കുട്ടിയെ നബിതിരുമേനി[സ]യുടെ അടുക്കൽ കൊണ്ട് വന്നു. ആ സ്ത്രീ പറഞ്ഞു, ഇവന് ബുദ്ധിപരമായ ചില പ്രശ്നങ്ങൾ ഉണ്ട്. നബിതിരുമേനി[സ] തന്‍റെ അനുഗ്രഹീതമായ ഉമിനീർ ആ കുട്ടിയുടെ വായിലാക്കികൊണ്ട് പറഞ്ഞുയ്, ഇനി മേലിൽ ഇവന് അത്തരം പ്രശ്നങ്ങളുണ്ടാകില്ല എന്ന് പറഞ്ഞു. ആ ദിവസം മുതൽ ആ കുട്ടി സുഖം പ്രാപിച്ചു.
മൂന്ന് മുട്ടയുടെ സംഭവവും ഉണ്ട്. ഈ മൂന്ന് മുട്ടകൾ പാചകം ചെയ്യാൻ നബിതിരുമേനി[സ] നിർദേശിച്ചിരുന്നു. അവ ഒരു പാത്രത്തിലാക്കി നബിതിരുമേനി[സ]യുടെ അടുക്കൽ കൊണ്ട് വരപ്പെട്ടു. അതിൽ നിന്ന് നബിതിരുമേനി[സ]യും അനുചരൻമാരും വയറുനിറയുന്നത് വരെ ഭക്ഷിച്ചു. അവർ ഭക്ഷണം കഴിച്ചതിന് ശേഷവും ആ മുട്ടകൾ ആരും തൊടാത്തത് പോലെ ആ പാത്രത്തിൽ തന്നെ ഉണ്ടായിരുന്നു.
ഈ യുദ്ധനീക്കത്തിൽ നിന്ന് തിരിച്ച് വരുമ്പോൾ ഒരു ഒട്ടകം ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഓടിവരുന്നുണ്ടായിരുന്നു. നബിതിരുമേനി[സ] പറഞ്ഞു; ഈ ഒട്ടകം തന്‍റെ ഉടമസ്ഥനെ കുറിച്ച് പരാതി പറയുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിനെകൊണ്ട് യാതൊരു ജോലിയും ചെയ്യിക്കുന്നില്ല, അയാൾ ഇപ്പോൾ ഇതിനെ അറുക്കാൻ ആഗ്രഹിക്കുകയാണ്.നബിതിരുമേനി[സ] ഹദ്റത്ത് ജാബിർ[റ]നോട് ഇതിന്‍റെ ഉടമസ്ഥനെ കൊണ്ടുവരാൻ നിർദേശിച്ചു. ഹദ്റത്ത് ജാബിർ[റ] തനിക്ക് ഇതിന്‍റെ ഉടമസ്ഥനെ അറിയില്ല എന്ന് പറഞ്ഞു. ഈ ഒട്ടകം തന്നെ അതിന്‍റെ ഉടമസ്ഥനിലേക്ക് എത്തിക്കുന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ അതിന്‍റെ ഉടമസ്ഥൻ കൊണ്ടുവരപ്പെട്ടു. നബിതിരുമേനി[സ] ആ ഒട്ടകത്തെ വാങ്ങുകയും അതിനെ കാട്ടിൽ മേഞ്ഞുനടക്കാൻ സ്വതന്ത്രമാക്കി വിടുകയും ചെയ്തു.
ഈ യാത്രക്കിടയിൽ തന്നെ നബിതിരുമേനി[സ] ഹദ്റത്ത് ജാബിർ[റ]നോട് എല്ലാവരോടും അംഗശുദ്ധി വരുത്താൻ വിളംബരം ചെയ്യാൻ നിർദേശിച്ചു. എന്നാൽ ഇനി ഒരു തുള്ളി വെള്ളം പോലും അവശേഷിക്കുന്നില്ല എന്ന് നബിതിരുമേനി[സ]ക്ക് അറിയിപ്പ് നൽകപ്പെട്ടു. ഇന്ന സഹാബിയുടെ തുകൽ സഞ്ചിയിൽ എന്തെങ്കിലും വെള്ളം ശേഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നബിതിരുമേനി[സ] നിർദേശിച്ചു. പരിശോധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്‍റെ തുകൽ സഞ്ചിയിൽ വളരെ കുറച്ച് വെള്ളം മാത്രം അവശേഷിക്കുന്നതായി കണ്ടു. ആ തുകൽ സഞ്ചി നബിതിരുമേനി[സ]യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. നബിതിരുമേനി[സ] ആ തുകൽസഞ്ചി വാങ്ങി പ്രാർത്ഥിച്ചു. അത് അദ്ദേഹം അമർത്തി. തുടർന്ന് അദ്ദേഹം തിരികെ നൽകുകയും ഒരു വലിയ പത്രം ആവശ്യപ്പെടുകയും ചെയ്തു. തുടർന് നബിതിരുമേനി[സ] ആ വലിയ പാത്രത്തിൽ തന്‍റെ കൈകൾ തടവുകയും അതിന്‍റെ അടിയിൽ തന്‍റെ കൈകൾ വെക്കുകയും ചെയ്തു. ഹദ്റത്ത് ജാബിർ[റ]നോട് ശേഷിക്കുന്ന വെള്ളം എത്രയായാലും അത് ഈ പാത്രത്തിലേക്ക് അല്ലാഹുവിന്‍റെ പേര് പറഞ്ഞ് ഒഴിക്കാൻ പറഞ്ഞു. ഹദ്റത്ത് ജാബിർ[റ] വെള്ളം നബിതിരുമേനി[സ]യുടെ കൈകളിലൂടെ ആ പാത്രത്തിലേക്ക് ഒഴിക്കാൻ തുടങ്ങി. നബിതിരുമേനി[സ]യുടെ വിരലുകളിൽ നിന്ന് ഉറവകൾ വരാൻ തുടങ്ങി. അങ്ങനെ ആ പാത്രം മുഴുവനും നിറഞ്ഞു. ജനങ്ങൾ വന്ന് അതിൽ നിന്ന് ദാഹം ശമിക്കുന്നത് വരെ വെള്ളം കുടിച്ചു.
ഹദ്റത്ത് മസീഹ് മൗഊദ്[അ] വിശദീകരിക്കുന്നത് എന്തെന്നാൽ തിരുമേനി(സ)യുടേത് പോലെ ദൈവവുമായുള്ള ഉയർന്ന തലത്തിലുള്ള ബന്ധം കൈവരിക്കുമ്പോൾ, മനുഷ്യശക്തിക്ക് പുറമെയുള്ളതും ദൃശ്യമാകുന്നതും ദൈവിക ശക്തിയുടെ നിറം വഹിക്കുന്നതുമായ അത്തരം അത്ഭുതങ്ങൾ പ്രദർശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഒരു ഉദാഹരണം ബദ്ർ യുദ്ധത്തിന്‍റെ സമയത്ത് ഉണ്ടായിരുന്നു. നബിതിരുമേനി[സ] ഒരു പിടി കല്ലെടുത്ത് എറിയുകയുണ്ടായി, അത് ഒരു കൊടുങ്കാറ്റായി മാറുകയും ശത്രുക്കളുടെ കാഴ്ച നഷ്ടപ്പെടുത്തുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. അല്ലാഹു ഇതിനെ കുറിച്ച് ഖുർആനിൽ ഇപ്രകാരം പരാമർശിക്കുന്നു; “നീ എറിഞ്ഞപ്പോൾ നീയല്ല എറിഞ്ഞത്, പ്രത്യുത അല്ലാഹുവാണ് എറിഞ്ഞത്”.[8:18].
ഇത്തരത്തിൽ നബിതിരുമേനി[സ] വിവിധ അത്ഭുതങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അവക്ക് നേരിട്ട് പ്രാർത്ഥനയുമായി ബന്ധമില്ലായിരുന്നു മറിച്ച് ദൈവീകശക്തിയുടെ പ്രകടനമായിരുന്നു അതെല്ലാം. കുറച്ച് ഭക്ഷണവും വെള്ളവും ധാരാളം ആളുകൾക്ക് ഭക്ഷിക്കാവുന്ന രീതിയിൽ ആയിത്തീരുക എന്നതെല്ലാം ഇത്തരത്തിലുള്ള സംഭവങ്ങളായിരുന്നു. അതിലെല്ലാം തന്നെ ദൈവീക ശക്തി മറഞ്ഞിരിക്കുന്നുണ്ടായിരുന്നു.
0 Comments