തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)18 ഏപ്രില്‍, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: .പി എം വസീം അഹ്‌മദ്‌

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു: നബി തിരുമേനി (സ) യുടെ ജീവിതകാലത്ത് നടന്ന യുദ്ധങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഇന്നും തുടരുകയാണ്.

ഹദ്റത്ത് ഉമർ ബിൻ ഖത്താബ്[റ]ന്റെ സൈനീക നീക്കം

സരിയ്യ ഉമർ ബിൻ ഖത്താബ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു സൈനീക നടപടി ഹിജ്റ 7 ന് തുർബാ എന്ന സ്ഥലത്തേക്ക് നടന്നിട്ടുണ്ട്. തുർബയിലെ ബനൂ ഹവാസിൻ ഗോത്രത്തിലേക്ക് ഹദ്റത്ത് ഉമർ ബിൻ ഖത്താബിനൊപ്പം 30 പേരെ അയക്കുകയുണ്ടായി. തുർബയിലെ ബനൂ ഹവാസിൻ ഗോത്രക്കാർ മുസ്‌ലീങ്ങൾക്കെതിരിൽ ഗൂഢാലോചന നടത്തുന്നതായി നബിതിരുമേനി (സ) ക്ക് വിവരം ലഭിച്ചിരുന്നു. ഹദ്റത്ത് ഉമർ[റ] എത്തിയപ്പോൾ അവിടെയുള്ള ജനങ്ങൾ തങ്ങളുടെ സമ്പത്തും മൃഗങ്ങളും വിട്ട് ഓടിപ്പോയിരുന്നു. മുസ്‌ലിങ്ങൾ അവ ഏറ്റെടുക്കുകയും മദീനയിലേക്ക് തിരികെ പോവുകയും ചെയ്തു. തിരികെ പോകുന്ന വഴിയിൽ ഖുബായിൽ എത്തിയപ്പോൾ ഒരു വ്യക്തി ഹദ്റത്ത് ഉമർ[റ]നോട് പറഞ്ഞു; ഇവിടെയുള്ള ഗോത്രവും മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, അവരെയും ആക്രമിക്കാവുന്നതാണ്. എന്നാൽ ഹദ്റത്ത് ഉമർ[റ] പറഞ്ഞു; തുർബയിലേക്കുള്ള സൈനീക നീക്കത്തിന് വേണ്ടി മാത്രമാണ് എനിക്ക് നിർദേശം നൽകപ്പെട്ടിട്ടുള്ളത്. മുസ്‌ലിങ്ങൾ മറ്റു ഗോത്രങ്ങളെ യാതൊരു കാരണവുമില്ലാതെ ആക്രമിച്ചിരുന്നു എന്ന ആക്ഷേപത്തിന് ഈ സംഭവം ഒരു മറുപടിയാണ്.

ഫദക്കിലേക്കുള്ള ഹദ്റത്ത് ബശീർ ബിൻ സഅദ്[റ]ന്റെ സൈനീക നീക്കം

ഹിജ്‌റ 7 ശഅബാൻ മാസത്തിൽ ഫദക്കിലെ ബനൂ മുർറയിലേക്കും ഒരു സൈനീക സംഘം അയക്കപ്പെട്ടിരുന്നു. ഹദ്റത്ത് ബശീർ ബിൻ സഅദ് യുദ്ധ നീക്കം എന്നാണ് അറിയപ്പെടുന്നത്. അഖബാ രണ്ടാം ബൈഅത്തിന്‍റെ സമയത്താണ് ഹദ്റത്ത് ബശീർ ബിൻ സഅദ് നബിതിരുമേനി (സ) യുടെ കയ്യിൽ ബൈഅത്ത് ചെയ്തത്. അതിന് ശേഷം മുസ്‌ലിങ്ങളോടൊപ്പം എല്ലാ വലിയ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. നബി തിരുമേനി (സ) യുടെ വിയോഗത്തിന് ശേഷം അൻസാറുകളിൽ നിന്ന് ഹദ്റത്ത് അബൂബക്കർ[റ]ന്‍റെ കയ്യിൽ ബൈഅത്ത് ചെയ്ത ആദ്യത്തെ വ്യക്തി ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തോടൊപ്പം 30 മുസ്‌ലിങ്ങളെ ഫദക്കിലെ ബനൂ മൂർറ ഗോത്രത്തിലേക്ക് അയക്കപ്പെട്ടു. ബനൂ മുർറ ഗോത്രത്തിലുള്ളവർ മുസ്‌ലീങ്ങൾക്കെതിരിൽ ഗൂഢാലോചന നടത്തുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നബി തിരുമേനി (സ) സംഘത്തെ അയച്ചത്. പ്രസ്തുത സ്ഥലത്തെത്തിയപ്പോൾ ബനൂ മുർറയിലെ ജനങ്ങളെ ആരെയും അവിടെ മുസ്‌ലിങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. അതിനാൽ അവർ യുദ്ധമുതൽ കൈക്കലാക്കുകയും മദീനയിലേക്ക് തിരിച്ചു പോരുകയും ചെയ്തു. ബനൂ മുർറ തങ്ങളുടെ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോൾ അവർക്ക് മുസ്‌ലിങ്ങൾ വന്നു പോയ കാര്യം മനസ്സിലാവുകയും ഒരു വലിയ സൈന്യത്തെ തയ്യാറാക്കി മുസ്‌ലിങ്ങളെ പിന്തുടർന്ന് ആക്രമിച്ചു. യുദ്ധം നടക്കുകയും സഹാബികൾ രാത്രി മുഴുവനും അമ്പെയ്യുകയും ചെയ്തു. യുദ്ധം പ്രഭാതം വരെ തുടർന്നു. ശത്രു സൈന്യം വളരെ വലുതായിരുന്നതിനാൽ ഹദ്റത്ത് ബശീർ[റ]ന്‍റെ കൂടെ ഉണ്ടായിരുന്നവർ എല്ലാവരും രക്തസാക്ഷികളായി. ഹദ്റത്ത് ബശീർ[റ]ന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം മരിച്ചു എന്ന് ശത്രുക്കൾ കരുതി. രക്തസാക്ഷികളുടെ ഇടയിൽ രാത്രി വരെ അദ്ദേഹം ബോധരഹിതനായി കിടന്നു. പിന്നീട് അദ്ദേഹം സ്വയം എഴുന്നേറ്റ് ഫദക്കിലേക്ക് പോയി. അവിടെ അദ്ദേഹം ജൂതരോടൊപ്പം തങ്ങി. സുഖം പ്രാപിച്ചതിന് ശേഷം അദ്ദേഹം മദീനയിലേക്ക് മടങ്ങി.

ഹദ്റത്ത് ഗാലിബ് ബിൻ അബ്ദില്ലാഹ് ലൈസിയുടെ മായിഫയിലേക്കുള്ള സൈനീക നീക്കം

ഹദ്റത്ത് ഗാലിബ് ബിൻ അബ്ദില്ലാഹ് ലൈത്തിയുടെ നേതൃത്വത്തിൽ 7 ഹിജ്‌രി റമദാൻ മാസത്തിലാണ് നടന്നത്. ഹദ്റത്ത് ഗാലിബ്[റ] മക്കാ വിജയ സമയത്ത് ഉണ്ടായിരുന്നു. അതിന് മുൻപ് അദ്ദേഹത്തെ നബി തിരുമേനി (സ) ചില രഹസ്യ വിവരങ്ങൾ അറിയാനായി അയച്ചിരുന്നു.

നബിതിരുമേനി (സ) ഇദ്ദേഹത്തെയും സംഘത്തെയും മൈഫയിൽ അധിവസിച്ചിരുന്ന ബനൂ അവൽ, ബനൂ അബ്ദ് ബിൻ സഅലബ എന്നീ ഗോത്രങ്ങളിലേക്ക് അയച്ചു. ചില തെറ്റായതും അടിസ്ഥാന രഹിതവുമായ കുപ്രചരണങ്ങൾ കേട്ട് ഇവർ മുസ്‌ലീങ്ങൾക്കെതിരിൽ ജനങ്ങളെ സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. നബി തിരുമേനി (സ) ഹദ്റത്ത് ഗാലിബ്[റ]ന്‍റെ നേതൃത്വത്തിൽ 130 മുസ്‌ലിങ്ങളെ അയച്ചിരുന്നു. മുസ്‌ലിങ്ങൾ അവരെ ആക്രമിച്ചു. യുദ്ധമുതൽ ശേഖരിച്ചു. ബന്ദികൾ ആരും ഉണ്ടായിരുന്നില്ല.

ഹദ്റത്ത് ഉസാമ[റ] ഇസ്‌ലാമിൽ വിശ്വസിച്ച ഒരു വ്യക്തിയെ വധിച്ച സംഭവവും ഈ യുദ്ധത്തിൽ തന്നെയാണ് നടക്കുന്നത്. യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഹദ്റത്ത് ഉസാമ[റ] ശത്രു സൈന്യത്തിലെ ഒരു വ്യക്തിയെ നേരിടുകയും കീഴ്‌പ്പെടുത്തുകയും ചെയ്തു. ഉടനെ തന്നെ ആ വ്യക്‌തി താൻ ഇസ്‌ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. എന്നിട്ടും ഹദ്റത്ത് ഉസാമ[റ] ആ വ്യക്തിയെ വധിച്ചു കളഞ്ഞു. ഈ കാര്യം നബി തിരുമേനി (സ) അറിഞ്ഞപ്പോൾ അദ്ദേഹം ഹദ്റത്ത് ഉസാമ[റ]നോട് ചോദിച്ചു. ആ വ്യക്തി ഇസ്‌ലാം സ്വീകരിക്കുന്നതായി പറഞ്ഞിട്ടും താങ്കൾ ആ വ്യക്തിയെ വധിച്ചുവോ.?ഹദ്റത്ത് ഉസാമ[റ] പറഞ്ഞു: ആ വ്യക്തി അയാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ്. താങ്കൾക്ക് എങ്ങനെ ആ വ്യക്തിയെ വധിക്കാൻ സാധിച്ചു എന്ന് നബി തിരുമേനി (സ) ആവർത്തിച്ച് ആരാഞ്ഞുകൊണ്ടിരുന്നു. എത്രത്തോളമെന്നാൽ ആ ദിവസം വരെ താൻ മുസ്‌ലിം അല്ലായിരുന്നെങ്കിൽ എന്ന് പോലും ഹദ്റത്ത് ഉസാമ[റ] ആഗ്രഹിച്ചു പോയി.

മറ്റൊരു നിവേദനത്തിൽ നബി തിരുമേനി (സ) ഹദ്റത്ത് ഉസാമ[റ]നോട് ആ വ്യക്തി തന്‍റെ വിശ്വാസത്തിൽ സത്യസന്ധനാണോ അല്ലേ എന്നറിയാൻ നീ അയാളുടെ നെഞ്ച് പിളർന്നു നോക്കിയിരുന്നോ എന്ന് ചോദിച്ചതായും രേഖപ്പെട്ടു കിടക്കുന്നു. വധിക്കപ്പെട്ട ആ വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക നൽകാൻ നിർദേശം നൽകി.

ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.

യമനിലേക്കുള്ള ഹദ്റത്ത് ബശീർ ബിൻ സഅദ്[റ]ന്റെ നേതൃത്വത്തിലുള്ള സൈനീക നീക്കം

അടുത്ത സൈനീക നീക്കം ഹിജ്‌റ 7 ശവ്വാൽ മാസത്തിൽ നടന്ന ഹദ്റത്ത് ബശീർ ബിൻ സഅദ്[റ] ന്‍റെ നേതൃത്വത്തിൽ യമനിലേക്ക് നടന്ന സൈനീക നീക്കമാണ്. ഗത്ഫാൻ ഗോത്രം നബി തിരുമേനി (സ) ക്കെതിരിൽ സംഘം ചേരുന്നതായും ഉയയ്ന ബിൻ ഹിസ്ൻ നബി തിരുമേനിക്കെതിരിൽ അവരെ സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു എന്നും നബിതിരുമേനിക്ക് (സ) വിവരം ലഭിച്ചു. നബിതിരുമേനി (സ) ഈ കാര്യം ഹദ്റത്ത് അബൂബക്കർ[റ], ഹദ്റത്ത് ഉമർ[റ] എന്നിവരുമായി ചർച്ച ചെയ്തു. അവർ രണ്ടുപേരും ഹദ്റത്ത് ബശീർ[റ]നോടൊപ്പം 300 മുസ്‌ലിങ്ങളെ യമനിലേക്കും ജബറിലേക്കും അയക്കണമെന്ന് അഭിപ്രായപ്പെട്ടു. അവർ ജബറിൽ എത്തിയപ്പോൾ ഇടയൻമാർ മുസ്‌ലിങ്ങളെ കണ്ടു. അവർ ഗത്ഫാൻ ഗോത്രക്കാർക്ക് മുസ്‌ലിങ്ങൾ വരുന്നതിനെ കുറിച്ച് വിവരം നൽകുന്നതിനായി ഓടിപ്പോയി. ഗത്ഫാൻ തങ്ങളുടെ എല്ലാ സമ്പത്തും ഉപേക്ഷിച്ച് ഓടിപ്പോയി. മുസ്‌ലിങ്ങൾ യുദ്ധമുതൽ ശേഖരിക്കുകയും രണ്ടുപേരെ ബന്ദികളാക്കുകയും ചെയ്തു. അങ്ങനെ അവർ മദീനയിലേക്ക് തിരിച്ചു.

ഉംറ

ഹിജ്‌റ വർഷം 7 ദുൽ ഖഅദ മാസത്തിൽ നബിതിരുമേനി (സ) ഉംറ നിർവഹിച്ചു. ഇതിനു തൊട്ടു മുൻപത്തെ വർഷത്തിൽ ഇതേ മാസത്തിൽ നബിതിരുമേനി (സ) ഉംറ ചെയ്യുന്നതിൽ നിന്നും തടയപ്പെട്ടിരുന്നു. ഈ തവണ നബിതിരുമേനി (സ) ബൈത്തുൽ ഹറാമിൽ പ്രവേശിക്കുമ്പോൾ വിശുദ്ധ ഖുർആനിലെ അൽ ബഖറ അധ്യായത്തിലെ ” ആദരണീയ മാസത്തിന്‍റെ ലംഘനത്തിന് ആദരണീയമാസത്തിൽ തന്നെ പ്രതികാരം ചെയ്യണം; എല്ലാ പുണ്യകാര്യങ്ങൾക്കും പ്രതികാര നിയമമുണ്ട്.” എന്ന വചനം ഇറങ്ങുകയുണ്ടായി.

ഈ ഉംറയിൽ 2000 മുസ്‌ലിങ്ങൾ നബിതിരുമേനി (സ) യുടെ കൂടെ ഉണ്ടായിരുന്നു. ഖൈബറിൽ രക്തസാക്ഷിയാവുകയോ, മറ്റേതെങ്കിലും രീതിയിൽ മരണപ്പെടുകയോ ചെയ്ത അനുചരൻമാർ അല്ലാതെ കഴിഞ്ഞ വർഷം ഹുദൈബിയ സന്ധിയിൽ പങ്കെടുത്ത എല്ലാ അനുചരൻമാരും നബിതിരുമേനി (സ) യുടെ കൂടെ ഈ ഉംറയിൽ പങ്കെടുത്തിരുന്നു. നബിതിരുമേനി (സ) 100 കുതിരസവാരിക്കാരെ ഒരു മുൻകരുതലിന് വേണ്ടി ഉംറ യാത്രാ സംഘത്തിന് മുന്നിലായി അയച്ചിരുന്നു. നബിതിരുമേനി (സ) സ്വയവും തന്‍റെ പടച്ചട്ടയും ആയുധവും കരുതിയിരുന്നു. ഒരു ഉടമ്പടി നിലനിൽക്കെ ഈ മുൻകരുതലിന്‍റെ ആവശ്യമെന്താണ് എന്ന് ചോദിക്കപ്പെട്ടു. നബിതിരുമേനി (സ) പറഞ്ഞു; ഉടമ്പടി പ്രകാരം നാം ഈ ആയുധങ്ങളുമായി മസ്ജിദ് ഹറമിൽ പ്രവേശിക്കുകയില്ല. എന്നിരുന്നാലും അതിന് മുൻപ് ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ അത് തടയേണ്ടതും അനിവാര്യമാണ്. ഇതെല്ലാം തന്നെ മക്കക്കാരുമായി ഒപ്പുവെച്ച ഉടമ്പടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിൽക്കുന്ന കാര്യം തന്നെയായിരുന്നു. ഈ സംഘം മസ്ജിദ് ഹറമിൽ പ്രവേശിക്കുമ്പോൾ ഹദ്റത്ത് അബ്‌ദുല്ലാഹ്‌ ബിൻ റവാഹ[റ] ആവേശപൂർവ്വം ചില കവിതകൾ ആലപിക്കുന്നുണ്ടായിരുന്നു. അത് ഖുറൈശികളെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടായിരുന്നു. അതിനാൽ നബിതിരുമേനി (സ) അദ്ദേഹത്തോട് കവിതകൾക്ക് പകരം ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ തന്‍റെ ദാസനെ സഹായിക്കുകയും അവന്‍റെ സൈന്യത്തെ ആദരിക്കുകയുംചെയ്തിരിക്കുന്നു. അവൻ മാത്രമാണ് മറ്റെല്ലാവരെയും പരാജയപ്പെടുത്തിയത് എന്ന് ഉരുവിടാൻ നിര്‍ദേശിച്ചു.

നബിതിരുമേനിസ മക്കയിൽ പ്രവേശിക്കുന്നത് തങ്ങൾക്ക് കാണാൻ കഴിയില്ല എന്ന് പറഞ്ഞ് ചില മക്കക്കാർ മലമുകളിലേക്ക് പോയി. മറ്റുള്ളവർ മുസ്‌ലിങ്ങൾ മക്കയിൽ പ്രവേശിക്കുന്നത് നോക്കിനിന്നു. വരുമാനമില്ലാത്തതിനാലും മദീനയിലെ രോഗങ്ങൾ കാരണവും മുസ്‌ലിങ്ങൾ ബലഹീനരായെന്നും കഅബയെ പ്രദക്ഷിണം ചെയ്യാൻ പോലും മുസ്‌ലിങ്ങൾക്ക് ശക്തിയില്ല എന്നവർ പരിഹസിച്ചു. നബിതിരുമേനിയും (സ) അനുചരൻമാരും കഅബയെ പ്രദക്ഷിണം ചെയ്യുമ്പോൾ, തങ്ങളിൽ ഒരു ബലഹീനതയും ഇല്ല എന്ന് കാണിക്കുന്നതിനായി ആദ്യത്തെ മൂന്ന് തവണ ഓടികൊണ്ടാണ് പ്രദക്ഷിണം ചെയ്തത്. അതിന് ശേഷം മുസ്‌ലിങ്ങൾ സഫ മർവ കുന്നുകൾക്കിടയിൽ ഓടുകയും ചെയ്തു.

ഹദ്റത്ത് മൈമൂന ബിൻത് ഹാരിസ്[റ]യുടെ വിവാഹം

ഈ യാത്രയിൽ തന്നെയാണ് നബിതിരുമേനി (സ) ഹദ്റത്ത് മൈമൂന ബിൻത് ഹാരിസ്[റ]യെ വിവാഹം കഴിക്കുന്നത്. അവർ കുറച്ച് കാലമായി വിധവയായിരുന്നു. ഹദ്റത്ത് അബ്ബാസ്[റ] ആണ് ഈ വിവാഹം നിർദേശിച്ചത്. നബിതിരുമേനി (സ) ഈ നിർദേശം സ്വീകരിച്ചു.

ഈ യാത്രയിൽ നബിതിരുമേനി (സ) യും സംഘവും മക്കയിൽ മൂന്ന് നാൾ തങ്ങി. ഇനി മുസ്‌ലിങ്ങൾ മക്ക വിട്ട് പോകണമെന്ന് മക്കക്കാർ പറഞ്ഞു. കുറച്ച് ദിവസങ്ങൾ കൂടി തങ്ങിയാൽ എന്ത് നഷ്ടമാണ് ഉള്ളത് എന്ന് നബിതിരുമേനി (സ) ചോദിച്ചു. താൻ വിവാഹിതനാകാൻ പോവുകയാണെന്നും തന്‍റെ വിവാഹത്തിന് ക്ഷണിക്കുന്നതാണ് എന്നും നബിതിരുമേനി (സ) പറഞ്ഞു. എന്നിട്ടും മക്കക്കാർ മുസ്‌ലിങ്ങളെ മക്ക വിട്ടുപോകാൻ നിർബന്ധിച്ചു. അങ്ങനെ മുസ്‌ലിങ്ങൾ മക്കയിൽ നിന്നും യാത്രയായി.

ഈ യാത്രയിൽ ഹദ്റത്ത് ഹംസ[റ]ന്‍റെ‌ മകളുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നിരുന്നു. നബിതിരുമേനി (സ) മക്കയിൽ നിന്ന് യാത്ര തിരിക്കാൻ തുടങ്ങുമ്പോൾ ഹദ്റത്ത് ഹംസ[റ]ന്‍റെ മകൾ എന്‍റെ പിതൃസഹോദരാ എന്ന് വിളിച്ച് വിലപിച്ചുകൊണ്ട് വന്നു. അപ്പോൾ ഹദ്റത്ത് അലി[റ] അവരെ അവരുടെ മാതൃസഹോദരി കൂടിയായ ഹദ്റത്ത് ഫാത്തിമ[റ]യെ ഏല്പിച്ചു. പിന്നീട് ഇവരുടെ സംരക്ഷണമേറ്റെടുക്കാൻ വേണ്ടി ഹദ്റത്ത് അലി[റ], ഹദ്റത്ത് സൈദ്[റ], ഹദ്റത്ത് ജഅ്‌ഫർ എന്നിവർ കലഹിക്കുകയുണ്ടായി. അതായത് മൂവരും തങ്ങൾക്കാണ് അവരെ സംരക്ഷിക്കാൻ കൂടുതൽ അവകാശം അതിനാൽ ആ പെൺകുട്ടിയെ തങ്ങൾക്ക് വിട്ടു തരണം എന്ന് വാദിച്ചു. നബിതിരുമേനി (സ) മാതൃസഹോദരി മാതാവിനെ പോലെ തന്നെയാണ് എന്ന് പറഞ്ഞ് അവരെ അവരുടെ മാതൃ സഹോദരിയെ ഏല്പിച്ചു. ഇത്തരത്തിൽ ഇന്നും കണ്ടുവരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഈ സംഭവത്തിൽ നിന്ന് ലഭിക്കുന്നു.

ബനൂ സുലൈമിലേക്കുള്ള ഹദ്റത്ത് അഖ്‌റം ബിൻ അബി അവ്ജ[റ]ന്റെ നേതൃത്വത്തിലുള്ള സൈനീക നീക്കം.

ഏഴാം ഹിജ്‌രി ദുൽ ഹജ്ജ് മാസത്തിൽ ബനൂ സുലൈമിലേക്ക് നടന്ന സൈനീക നീക്കത്തെ കുറിച്ചാണ് അടുത്തതായി പരാമർശിക്കുന്നത്. നബിതിരുമേനി (സ) 50 പേരടങ്ങുന്ന ഒരു സംഘത്തെ ബനൂ സുലൈമിലേക്ക് ഹദ്റത്ത് അഖ്‌റം[റ]ന്‍റെ നേതൃത്വത്തിൽ അയച്ചു. അവർ ഒരു വലിയ സൈന്യത്തെ സംഘടിപ്പിച്ചിരുന്നു. ഹദ്റത്ത് അഖ്‌റം അവിടെ എത്തിയപ്പോൾ ബനൂ സുലൈം ആക്രമത്തിന് തയ്യാറായി നിൽക്കുകയായിരുന്നു. പരസ്പരം അമ്പുകൾ എയ്യുകയുണ്ടായി. പല മുസ്‌ലിങ്ങളും രക്തസാക്ഷിയാക്കപ്പെട്ടു. ഹദ്റത്ത് അഖ്‌റം[റ]ന് ഗുരുതരമായി പരിക്കേറ്റു എങ്കിലും അദ്ദേഹത്തിന് തിരികെ മദീനയിലേക്ക് മടങ്ങാൻ കഴിഞ്ഞു.

ഹദ്റത്ത് ഗാലിബ്[റ]ന്റെ നേതൃത്വത്തിൽ കദീദിലേക്ക് അയക്കപ്പെട്ട സൈനീക നീക്കം

എട്ടാം ഹിജ്‌രിയിൽ സഫർ മാസത്തിൽ ഹദ്റത്ത് ഗാലിബ് ബിൻ അബ്‌ദില്ലാഹ് ലൈസി[റ]ന്‍റെ നേതൃത്വത്തിൽ 15 മുസ്‌ലിങ്ങളുടെ ഒരു സംഘത്തെ കദീദ് വാസികളായ ബനൂ മുലവ്വിഹ് ഗോത്രത്തിലേക്ക് അയക്കപ്പെട്ടു. മുസ്‌ലിങ്ങൾക്ക് നേരിടാൻ കഴിയാത്ത അത്രയും വലിയ ഒരു സൈന്യത്തെ നേരിടേണ്ടി വന്നു. മുസ്‌ലിങ്ങൾ ഈ ഗോത്രത്തിന്‍റെ സമ്പത്ത് സ്വരുക്കൂട്ടുകയും മദീനയിലേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ ഈ ഗോത്രത്തിന്‍റെ ഒരു വലിയ സൈന്യം മുസ്‌ലിങ്ങളെ പിന്തുടർന്ന് വന്നു. എന്നാൽ അവർ സഞ്ചരിച്ചിരുന്ന താഴ്‌വരയിൽ പ്രളയം വരികയും ഈ വലിയ സൈന്യത്തിന് മുസ്‌ലിങ്ങളുടെ അടുത്തെത്താൻ കഴിഞ്ഞില്ല. അങ്ങനെ മുസ്‌ലിം സൈന്യം വിജശ്രീലാളിതരായി മദീനയിൽ തിരിച്ചെത്തി. ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

തുടർന്ന് ഖലീഫാ തിരുമനസ്സ് പാകിസ്താനിലെ അഹ്‌മദികൾക്ക് വേണ്ടി പ്രാർത്ഥനക്കായി ആഹ്വാനം ചെയ്തു. പാകിസ്താനിലെ അഹ്‌മദികളും അവർക്ക് വേണ്ടി പ്രാർത്ഥനകളിൽ മുഴുകുക. അവർ നബിതിരുമേനിക്ക് (സ) മേൽ സ്വലാത്ത് ചൊല്ലുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ സുബ്ഹാനല്ലാഹി വ ബി ഹംദിഹി സുബ്ഹാനല്ലാഹിൽ അളീം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ ആലി മുഹമ്മദ്

അല്ലാഹു പരിശുദ്ധനും സ്ത്യുത്യർഹനുമാകുന്നു. പരിശുദ്ധനായ അല്ലാഹു മഹത്വമുടയവനാകുന്നു. അല്ലാഹുവേ മുഹമ്മദ് നബിക്ക് മേലും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മേൽ അനുഗ്രഹം ചൊരിയേണമേ എന്ന് ദിവസവും 200 തവണ ചൊല്ലേണ്ടതാണ്.

ഈ വിഷയത്തിലേക്ക് കാര്യമായി കഴിയുന്നത്ര ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നാം നമ്മുടെ നമസ്കാരങ്ങളുടെ കടമ കൃത്യമായി നിർവഹിക്കുകയാണെങ്കിൽ മാത്രമേ നാം വിജയിക്കുകയുള്ളു. പ്രാർത്ഥനകളിലേക്ക് ആവശ്യമായത്ര ശ്രദ്ധ ഇതുവരെ നല്കപ്പെട്ടിട്ടില്ല. ചിലർ എനിക്ക് എഴുതാറുണ്ട്, പ്രാർത്ഥനകൾ മാത്രം മതിയാകുന്നതല്ല, മറ്റെന്തെങ്കിലും കൂടി ചെയ്യേണ്ടതുണ്ട്. മറ്റെന്തെങ്കിലും എന്താണ് ചെയ്യേണ്ടത്. നമ്മുടെ ആയുധം പ്രാർത്ഥന മാത്രമാണ്. ഖലീഫാ തിരുമനസ്സ് പ്രാർത്ഥനയുടെ ആവശ്യകതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ആവർത്തിച്ച് പരാമർശിച്ചു. അദ്ദേഹം ഹദ്റത്ത് മസീഹ് മൗഊദ്[അ]നെയും ഉദ്ധരിക്കുകയുണ്ടായി. ഖലീഫാ തിരുമനസ്സ് പറയുന്നു: പ്രാർത്ഥനകൾക്ക് സ്വാധീനമില്ല എന്ന് പറയുന്നത് തീർത്തും അടിസ്ഥാന രഹിതമായ കാര്യമാണ്. നമ്മുടെ വിജയത്തിലേക്കുള്ള വഴി പ്രാർത്ഥന മാത്രമാണ്. അല്ലാഹു എല്ലാവർക്കും ഇപ്രകാരം പ്രവർത്തിക്കുന്നതിനും പ്രാർത്ഥനകളുടെ കടമ നിർവഹിക്കുന്നതിനുമുള്ള സൗഭാഗ്യം നൽകുമാറാകട്ടെ. പ്രാർത്ഥനകൾ കൊണ്ട് പ്രയോജനമില്ല എന്ന് പറയുന്നത് അല്ലാഹുവിനെതിരെയുള്ള അടിസ്ഥാന രഹിതമായ ആക്ഷേപമാണ്. അല്ലാഹുവിനോട് നാം പാപപൊറുതി തേടേണ്ടിയിരിക്കുന്നു.

ഇന്നും കറാച്ചിയിൽ നമ്മുടെ പള്ളിക്കെതിരിൽ തീവ്രവാദ ആക്രമണം നടന്നിട്ടുണ്ട്. ഒരു അഹ്‌മദിയും രക്തസാക്ഷിയാക്കപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ വിശദീകരണങ്ങൾ പിന്നീട് വിവരിക്കുന്നതാണ്. ഈ ദ്രോഹികളെ എത്രയും വേഗം ശിക്ഷിക്കാൻ സർവ്വശക്തനായ അല്ലാഹു തക്കതായ മാർഗങ്ങൾ ഒരുക്കുമാറാകട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed