റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 7, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ ഐ ഗുലാം അഹ്‌മദ്‌ ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഈ ഖുർആനിക വചനം പാരായണം ചെയ്തുകൊണ്ട് ഖുതുബ ആരംഭിച്ചു .
“എന്നെ സംബന്ധിച്ച് എന്റെ ദാസന്മാർ നിന്നോട് ചോദിക്കുന്നപക്ഷം, (പറയുക) നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു. പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്ക് ഞാൻ ഉത്തരം നൽകും, അവൻ എന്നെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ. അതുകൊണ്ട്, അവർ എൻ്റെ വിളിക്ക് ഉത്തരം നൽകുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ, അവർ സന്മാർഗം പ്രാപിക്കുന്നതിന് വേണ്ടി.” (വിശുദ്ധ ഖുർആൻ 2:187)

റമദാൻ മാസത്തിൽ പ്രാർത്ഥനയിലേക്കുള്ള ശ്രദ്ധ

റമദാൻ മാസം തുടങ്ങുമ്പോൾ തന്നെ ഒരുവന്റെ ശ്രദ്ധ പ്രാർത്ഥനയിലേക്ക് തിരിയുന്നു, കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ പ്രത്യേകമായി സ്വീകരിക്കപ്പെടുന്നു. പൊതുവേ, പള്ളികളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയും വർഷത്തിലെ മറ്റ് സമയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹാജർ നിലവാരം വർദ്ധിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു, ‘ഈ മാസത്തിൽ അവൻ നരകത്തിന്റെ കവാടങ്ങൾ അടക്കുകയും ശൈത്താനെ ചങ്ങലക്കിടുകയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കുകയും ചെയ്യുന്നു.’

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്നും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നുള്ളൂ എന്നും ചിലർ ചിന്തിച്ചേക്കാം. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, അല്ലാഹു ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. അതിനാൽ റമദാൻ മാസത്തിൽ മാത്രം ആരാധനകളിലേക്ക് ശ്രദ്ധിക്കുകയും പള്ളിയിൽ പോവുകയും ചെയ്താൽ മതിയാവുകയില്ല. നബിതിരുമേനി(സ) പറയുന്നു, ആരാണോ തന്റെ വിശ്വാസത്തിന്റെ കടമകൾ പൂർത്തിയാക്കുന്നതിനും അനുഗ്രഹങ്ങൾ ലഭ്യമാകുന്നതിനും വേണ്ടി റമദാന്റെ രാത്രികൾ ആരാധനയിൽ കഴിച്ചുകൂട്ടുന്നത്, അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. ഒരു വ്യക്തി സൽഗുണങ്ങൾ തൻ്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമ്പോൾ, അവൻ്റെ ഉള്ളിൽ ആരാധനകളിലേക്കുള്ള ശ്രദ്ധ ഈ മാസത്തിൽ സ്വമേധയാ വർധിക്കുന്നു.

ദുആ സ്വീകാര്യതയ്ക്ക് ദൈവസ്നേഹം അനിവാര്യം

മനുഷ്യർ ദോഷ പ്രവണതയുള്ളവരാണെങ്കിലും അല്ലാഹു പരമകാരുണികനും കരുണാമയനും ആകുന്നു. റമദാൻ മാസത്തിൽ പ്രതിജ്ഞകൾ പുതുക്കുന്നതോടൊപ്പം വരുംവർഷം അവൻ്റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കുവാൻ ഒരവസരം കൂടി നൽകുന്നു. റമദാൻ നൽകുന്ന മാർഗനിർദ്ദേശം ഒരു മാസത്തേക്ക് വേണ്ടി മാത്രം ഉള്ളതല്ല, അത് സ്ഥിരമായി സ്ഥാപിക്കേണ്ട ഒന്നാണ്. മനുഷ്യർ അശ്രദ്ധയുള്ളവരായതിനാൽ അല്ലാഹു റമദാനെ ഓരോ വർഷവും ആവർത്തിക്കുന്നതാക്കിയിരിക്കുന്നു. അതു മുഖേന മനുഷ്യർക്ക് അല്ലാഹുവിനോടും അവൻ്റെ സൃഷ്ടികളോടുമുള്ള തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിലേക്ക് ശ്രദ്ധയുണ്ടാകുന്നു. മുകളിൽ പറഞ്ഞ ഖുർആനിക വചനത്തിൽ “എൻ്റെ ദാസർ” എന്ന് അല്ലാഹു പറയുന്നു. അതായത് ഒരു മാസത്തേക്ക് മാത്രമല്ല, മുഴുവൻ വർഷവും അവനെ പ്രിയപ്പെട്ടവനായി കരുതുന്നവർ.

ഖലീഫാ തിരുമനസ്സ് പറയുന്നു, യഥാർത്ഥ സ്നേഹിതർ എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ പറയുന്നതെല്ലാം പാലിക്കുന്നവരായിരിക്കും. ലൗകിക സ്നേഹത്തിൽ ഒരാൾ നിരാശനായേക്കാം. എന്നാൽ അല്ലാഹുവിനെ സ്നേഹിക്കുന്നവൻ ഒരിക്കലും നിരാശനാവുകയില്ല. കാരണം, നിലക്കാത്ത അനുഗ്രഹങ്ങൾ അവന് ലഭ്യമായിത്തീരുന്നു. ആയതിനാൽ സ്വന്തം ഗുണത്തിന് വേണ്ടി മാത്രം തേടുന്നതിനു പകരം, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാൻ നാം എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കണം. അതിനുവേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയും വേണം. മാത്രമല്ല, നമ്മുടെ നോമ്പുകൾ സ്വീകരിക്കപ്പെടുന്നതിനും സ്വീകാര്യമായ ആരാധനകൾക്ക് വേണ്ടിയും അവനോട് തേടിക്കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ റമളാന് ശേഷവും നാം തെറ്റുകളിൽ നിന്ന് സുരക്ഷിതരാവുകയും തുടർച്ചയായി സൽകർമ്മങ്ങൾ ചെയ്യാൻ ശക്തി ലഭിക്കുകയും ചെയ്യുന്നതാണ്.

ദൈവത്തിന്റെ സുഹൃത്ത് ആവുക

ഖലീഫാ തിരുമനസ്സ് പറയുന്നു: വിശുദ്ധ ഖുർആൻ പാരായണത്തിലേക്കും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വാഗ്ദത്ത മസീഹ്(അ) പറയുന്നു, വിശുദ്ധ ഖുർആനിൽ 700ൽ അധികം കൽപ്പനകൾ ഉണ്ട്. ഒരു യഥാർത്ഥ വിശ്വാസി ഖുർആൻ പാരായണം ചെയ്യുക മാത്രമല്ല, കൽപനകൾ തിരയുകയും അവ പാലിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും പൂർണമായി അനുസരിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. അവരെക്കുറിച്ചാണ് വിശുദ്ധ ഖുർആൻ പറയുന്നത് “അല്ലാഹു വിശ്വാസികളുടെ സുഹൃത്താണ്” എന്ന്.
ഈ ബന്ധം ഒരിക്കലും വിച്ഛേദിക്കപ്പെടുകയില്ല, വർദ്ധിച്ചുകൊണ്ടേയിരിക്കും. റമദാൻ മാസത്തിൽ നാം ഈ പദവി നേടാൻ പരിശ്രമിക്കേണ്ടതാണ്. റമദാന് ശേഷം ആരാധനകളിൽ നിന്നും ദൈവസാമീപ്യം കരസ്ഥമാക്കുന്നതിൽ നിന്നും പിന്നോട്ട് മാറിയാൽ അള്ളാഹു നമ്മുടെ സുഹൃത്ത് എങ്ങനെയാകും?
ദുആ സ്വീകാര്യതയ്ക്ക് അല്ലാഹു ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. അവന്റെ ദാസനായി കൊണ്ട്, അവനെ പൂർണമായി വണങ്ങിക്കൊണ്ട്, അവനെ എല്ലാ കരുത്തിന്റെയും ഉറവിടമായി കണ്ടുകൊണ്ട്, യാതൊന്നിനെയും പങ്കുചേർക്കാതെ, ഉള്ളഴിഞ്ഞു പ്രാർത്ഥിക്കേണ്ടതാണ്.

അടുത്തിടെ, ജർമ്മനിയിൽ നിന്നുള്ള ഹിഫാസത്ത്-എ-ഖാസ് (Special Security Team) ടീം ഖലീഫാ തിരുമനസ്സുമായുള്ള കൂടിക്കാഴ്ചയിൽ “മേലധികാരികളെ എങ്ങനെ പ്രീതിപ്പെടുത്താം” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി. ‘അല്ലാഹുവിനെ പ്രീതിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, മേലധികാരികളുടെ ശ്രദ്ധ അവൻ നിങ്ങളിലേക്ക് തിരിക്കുകയും അവർ ദയയുള്ളവരായി തീരുകയും ചെയ്യും’. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവകാരുണ്യം തേടുകയും അവന്റെ കൽപനകൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്.

ചൗധരി സഫറുല്ലാഹ് ഖാൻ സാഹിബിൻ്റെ മാതൃകയുണ്ട്, ഒരിക്കൽ രാജ്ഞിയുടെ കൊട്ടാര സന്ദർശന വേളയിൽ തൻ്റെ വാച്ച് ആശങ്കയോടുകൂടി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചില അധികാരികൾ അദ്ദേഹത്തോട് കാരണം ചോദിച്ചപ്പോൾ തന്റെ പ്രാർത്ഥനക്കുള്ള സമയമായെന്നും അത് നിർബന്ധമായും നിർവഹിക്കണമെന്ന ദൈവീക കൽപ്പനയുണ്ടെന്നും പറഞ്ഞു. ഇത് കേട്ട അധികാരികൾ അദ്ദേഹത്തിന് പ്രാർത്ഥിക്കുവാനുള്ള സൗകര്യം ഏർപ്പാട് ചെയ്തു. ഈ ആത്മവിശ്വാസമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്.

നബിതിരുമേനി(സ)യുടെ അസംഖ്യം ഉദാഹരണങ്ങൾ നമ്മെ സൽഗുണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. അതുപോലെ തന്നെ ഈ കാലഘട്ടത്തിൽ വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിനോടുള്ള കടമകളെ കുറിച്ചും അവന്റെ സൃഷ്ടികളോടുള്ള കടമകളെ കുറിച്ചും പറഞ്ഞുകൊണ്ട് നന്മയിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നു. അല്ലാഹു നമ്മുടെ മിത്രം ആകുന്നതിനു വേണ്ടിയും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതിനു വേണ്ടിയും നാം ഈ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം.

പ്രാർത്ഥനക്ക് ക്ഷമ അനിവാര്യം

ക്ഷമയോടുകൂടി പ്രവർത്തിക്കുന്നവനെ അല്ലാഹു കേൾക്കുന്നു. അവൻ ഒരിക്കലും താൻ ഇത്ര പ്രാർത്ഥിച്ചിട്ടും അല്ലാഹു ഉത്തരം നൽകിയില്ലെന്ന് പറയുകയില്ല. ചിലർ അങ്ങനെ പരാതിപ്പെടാറുണ്ട്. അവർ ദൈവസാമിപ്യം കരസ്ഥമാക്കാൻ അല്ല, മറിച്ച് ലൗകിക ആഗ്രഹങ്ങൾ നിറവേറ്റാൻ ആണ് പ്രാർത്ഥിക്കുന്നത്. അവർ ലൗകിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രാർത്ഥിക്കുന്നു. യഥാർത്ഥ സൗഹൃദം എന്നാൽ ഏത് സാഹചര്യത്തിലും സൗഹൃദത്തെ കാത്തു സൂക്ഷിക്കുകയും ബഹുമാനിക്കുകയും പരസ്പരം കാര്യങ്ങൾ കേട്ട് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഇത് എല്ലായ്പ്പോഴും ഓർമ്മ വെക്കേണ്ടതാണ്. ലൗകിക ആവശ്യങ്ങൾ നിറവേറ്റാനായി മാത്രമല്ല, ദൈവസാമീപ്യം നേടാനും നാം അവനിലേക്ക് തിരിയണം. അപ്പോഴാണ് അവൻ പ്രാർത്ഥനകൾ കേൾക്കപ്പെടുകയും ഉത്തരം നൽകപ്പെടുകയും ചെയ്യുന്നത്.

വാഗ്ദത്ത മസീഹ്(അ) പറയുന്നു: രണ്ട് സുഹൃത്തുക്കൾ ഉണ്ടാകുമ്പോൾ, ചിലപ്പോൾ ഒരു സുഹൃത്ത് മറ്റേ സുഹൃത്തിൻ്റെ കാര്യങ്ങൾ കേൾക്കുന്നു, ചിലപ്പോൾ തന്റെ കാര്യങ്ങൾ സുഹൃത്തിനെ കൊണ്ട് ചെയ്യിപ്പിക്കുന്നു. സുഹൃത്ത് ബന്ധങ്ങളിൽ അങ്ങനെ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അല്ലാഹുവും ഇതുതന്നെ ചെയ്തുകൊണ്ട് പ്രാർത്ഥനകൾ നിരാകരിക്കുന്നു. എന്നാൽ, പ്രാർത്ഥന നിരാകരിക്കുമ്പോൾ പോലും, അത് നമ്മുടെ ഗുണത്തിനായിട്ടാണ് ചെയ്യുന്നത്. പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ലെങ്കിലും, മറ്റു മാർഗ്ഗങ്ങളിലൂടെ അവൻ അനുഗ്രഹങ്ങൾ നൽകുന്നു.

ദൈവാസ്തിക്യത്തിനുള്ള തെളിവ്

വാഗ്ദത്ത മസീഹ്(അ) പറയുന്നു: ദുആ സ്വീകാര്യത ദൈവാസ്തിക്യത്തിനുള്ള വലിയ തെളിവാണ്. ‘ദി റിവ്യൂ ഓഫ് റിലീജ്യൻസ്’(The Review of Religions) കുറച്ചു വർഷങ്ങളായി ‘ദി ഗോഡ് സമ്മിറ്റ്’(The God Summit) എന്ന പേരിൽ പരിപാടി നടത്തിവരുന്നു. അതിൽ ആളുകൾ തങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെട്ട കാര്യങ്ങൾ പറയുകയും അത് എങ്ങനെയാണ് തങ്ങളെ ദൈവവിശ്വാസത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചത് എന്നും വിവരിക്കുന്നു. മുകളിൽ പറഞ്ഞ ഖുർആനിക വചനത്തിൽ അല്ലാഹുവിനെ അനുസരിക്കണം എന്നും അവനിൽ വിശ്വസിക്കണമെന്നും പറയുന്നു. ദുർബല സമയങ്ങൾ തീർച്ചയായും ഉണ്ടാകും. അത്തരം സമയങ്ങളിൽ കൂടുതൽ അവനോട് അടുക്കണം. അതിന്റെ ഫലമായി, അള്ളാഹു അവരുടെ വിശ്വാസം വർദ്ധിപ്പിക്കും.

വാഗ്ദത്ത മസീഹ്(അ) പറയുന്നു: അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുക എന്നതും അനിവാര്യമാണ്. അല്ലാഹു എല്ലാ മഹത്തായ ഗുണങ്ങളുടെയും കഴിവുകളുടെയും ഉടമയാണെന്ന നിശ്ചയത്തോടെ അവനുമായിട്ടടുക്കുമ്പോൾ, അവനെ പൂർണമായി അറിയുകയും ദുആകൾ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ ഗോഡ് സമ്മിറ്റിൽ പങ്കുവെക്കുന്നു. ദൈവത്തിൽ പൂർണ്ണ വിശ്വസം ഉണ്ടെന്ന് പറയുകയും അവൻ്റെ കൽപ്പനകൾ പാലിക്കാതിരിക്കുകയും റമദാനിൽ മാത്രം ആരാധനകളിലേക്ക് ശ്രദ്ധിക്കുകയും ചെയ്യുന്നത് ശരിയല്ല. മറിച്ച്, റമദാനിലെന്നപോലെ വർഷം മുഴുവൻ പള്ളികൾ നിറയേണ്ടതാണ്.

ഈ റമദാൻ മാസത്തിൽ നമ്മുടെ ആരാധനകളുടെ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ, നമ്മുടെ ലക്ഷ്യം, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുകയും അവൻറെ യഥാർത്ഥ ദാസരായിക്കൊണ്ട് അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക എന്നതായിരിക്കണം. അതിന് പ്രതിജ്ഞ ചെയ്യുകയും ആ പ്രതിജ്ഞ നിറവേറ്റാനുള്ള ശക്തി അവനോട് തന്നെ ചോദിക്കുകയും ചെയ്യണം. അങ്ങനെയാണെങ്കിൽ അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതാണ്. അല്ലാഹു അങ്ങനെയുള്ളവരുടെ മിത്രമായിത്തീരുന്നു.

നബി തിരുമേനി(സ) അരുൾ ചെയ്യുന്നു: ആർക്കുവേണ്ടിയാണോ ദുആ സ്വീകാര്യതയുടെ വാതിൽ തുറക്കപ്പെടുന്നത് അവർക്ക് കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെട്ടതുപോലെയാണ്, അവരുടെ കാര്യങ്ങൾ അല്ലാഹു ഏറ്റെടുക്കുന്നു. ഏറ്റവും പ്രധാനം അവനിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നു എന്നതാണ്. അത് നിലവിലെ ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുക മാത്രമല്ല, വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ തടയുകയും ചെയ്യുന്നു. ഞെരുക്കം റമദാനിൽ മാത്രമുള്ളതല്ല, അതെപ്പോഴും ഉണ്ടാകാം. അല്ലാഹു പറയുന്നു, പ്രയാസങ്ങൾ ഉള്ളപ്പോൾ മാത്രം പ്രാർത്ഥിച്ചാൽ പോരാ, നബി തിരുമേനി(സ) പറഞ്ഞതുപോലെ പ്രാർത്ഥനകൾ പ്രയാസങ്ങളെ തടയാനും സഹായിക്കുന്നു. ഇക്കാരണത്താലാണ് നിരന്തരം പ്രാർത്ഥിക്കണം എന്ന് പറയുന്നത്. അപ്പോഴാണ് ഒരു വ്യക്തി യഥാർത്ഥ വിശ്വാസിയായി തീരുന്നത്. കാരുണ്യത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നതിനു വേണ്ടി, സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലും അല്ലാഹുവുമായുള്ള ബന്ധം നിലനിർത്തണം. നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയും, അവനിലേക്ക് തിരിയുകയും അവൻ്റെ അനുഗ്രഹങ്ങൾ തേടുകയും ചെയ്യേണ്ടതാണ്.

അല്ലാഹുവിനെ പ്രാപിക്കുന്നതിനുള്ള ശരിയായ മാർഗം

നബി തിരുമേനി(സ) പറയുന്നു: എല്ലാ രാത്രിയിലും അല്ലാഹു ആകാശത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നു. രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുമ്പോൾ, അവൻ ചോദിക്കും, ‘ആരാണ് എന്നെ വിളിച്ച് പ്രാർത്ഥിക്കുന്നത്, അവരുടെ പ്രാർത്ഥനയ്ക്ക് ഞാൻ ഉത്തരം നൽകാം; ആരാണ് എന്നോട് അപേക്ഷിക്കുന്നത്, അവരുടെ അപേക്ഷയ്ക്ക് ഞാൻ മറുപടി നൽകാം; ആരാണോ പാപ പൊറുതിക്കായി തേടുന്നത്, അവരുടെ പാപങ്ങൾ ഞാൻ പൊറുത്തു തരാം. ഖലീഫാ തിരുമനസ്സ് പറയുന്നു, ഇത് റമദാനിൽ മാത്രം നടക്കുന്നതല്ല, എല്ലായ്പ്പോഴും സംഭവിക്കുന്നതാണ്. എന്നാൽ അതൊരു ശീലമാക്കുന്നതിന് വേണ്ടി റമദാനിൽ പ്രത്യേകമായ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. ശീലമായി കഴിഞ്ഞാൽ എല്ലാ സമയങ്ങളിലും ഇത് തുടരുന്നതാണ്. അതിനാൽ അല്ലാഹുവിനോടുള്ള ബന്ധം നിലനിർത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ അല്ലാഹു അവരുടെ സ്നേഹിതനായിത്തീരുന്നു.

നബി തിരുമേനി(സ) പറയുന്നു: അല്ലാഹു തൻ്റെ ദാസരോട് പെരുമാറുന്നത്, ദാസൻ അവനെക്കുറിച്ച് എന്താണോ ധരിച്ച് വെച്ചത് അതനുസരിച്ച് ആയിരിക്കും. ദാസൻ അവനെ ഹൃദയത്തിൽ ഓർക്കുകയാണെങ്കിൽ അവനും ഹൃദയത്തിൽ ഓർക്കുന്നതാണ്. ദാസൻ അവനെ ഒരു സദസ്സിൽ ഓർക്കുകയാണെങ്കിൽ, അതിനേക്കാൾ നല്ല സദസ്സിൽ അവൻ ദാസനെയും ഓർക്കും. ദാസൻ ഒരു ചാൺ അവനിലേക്ക് നീങ്ങിയാൽ അവൻ ഒരു മുഴം ദാസനിലേക്ക് നീങ്ങുന്നതാണ്. ദാസൻ അവനിലേക്ക് ഒരു മുഴം നീങ്ങിയാൽ അവൻ ദാസനിലേക്ക് രണ്ട് മുഴം നീങ്ങുന്നതാണ്. ദാസൻ അവനിലേക്ക് നടന്നു നീങ്ങിയാൽ അവൻ ദാസനിലേക്ക് ഓടി അടുക്കുന്നു. അതിനാൽ ഓരോ അഹ്‌മദിയും ദൈവസ്മരണയിൽ വ്യാപൃതരാകേണ്ടതാണ്. അവരുടെ ഓരോ പ്രവർത്തിയും ദൈവസാമിപ്യം കരസ്ഥമാക്കുന്നതിന് വേണ്ടിയായിരിക്കണം. അങ്ങനെയാണെങ്കിൽ അല്ലാഹു അവരിലേക്ക് ഓടി അടുക്കുകയും സ്നേഹത്തോടെ വാരിപ്പുണരുകയും ചെയ്യുന്നതാണ്. അല്ലാഹു നാമെല്ലാവരെയും സുഖത്തിലും ദുഃഖത്തിലും അവനെ സ്മരിക്കുന്നവരാക്കട്ടെ.

യൂനുസ് (അ) മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നപ്പോൾ ചെയ്ത ദുആയിലേക്ക് നബിതിരുമേനി(സ) നമ്മുടെ ശ്രദ്ധ തിരിക്കുന്നു:
“നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല, നീ പരിശുദ്ധനാണ്. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനാണ്.” (ഖുർആൻ, 21:88)

നബി തിരുമേനി(സ) പറയുന്നു: ബുദ്ധിമുട്ടുകളുടെ സമയത്ത് ആരെങ്കിലും ഈ പ്രാർത്ഥന ചെയ്യുകയാണെങ്കിൽ, അല്ലാഹു ആ പ്രാർത്ഥന സ്വീകരിക്കുന്നതാണ്. മനുഷ്യർ ദുർബലരാണ്, ചിലപ്പോൾ അവനോടുള്ള കടമകൾ ശരിയായി നിറവേറ്റാൻ സാധിച്ചില്ലെന്നിരിക്കാം, എന്നിട്ടും അവൻ അനുഗ്രഹങ്ങൾ ചൊരിയുന്നു. എന്തുകൊണ്ടാണ് അല്ലാഹു നമുക്ക് ഈ ദുആകൾ പഠിപ്പിച്ചു തന്നത്? അത് സ്വീകരിക്കപ്പെടുന്നതിനു വേണ്ടി തന്നെയാണ്, നിബന്ധന ഇത്രമാത്രം, അവൻെറ കൽപ്പനകൾ കേൾക്കുകയും അത് നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യണം. മാത്രമല്ല നാം എത്രത്തോളം അവൻ്റെ കല്പനകൾ പാലിക്കുന്നുവെന്ന് സ്വയം വിലയിരുത്തുകയും വേണം.

വാഗ്ദത്ത മസീഹ്(അ) ഈ ദുആ വിശദീകരിച്ചുകൊണ്ട് പറയുന്നു: അല്ലാഹുവിന് തന്റെ തീരുമാനങ്ങൾ മാറ്റാനുള്ള കഴിവുണ്ടെന്ന് ഇവിടെ വ്യക്തമാണ്. ഒരാൾ അവൻെറ മുന്നിൽ വിലപിച്ച് പ്രാർത്ഥിക്കുകയും പാപ പൊറുതിക്കുവേണ്ടി തേടുകയും അവന്റെ കൽപ്പനകൾ നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് ആപത്തുകളിൽ നിന്ന് രക്ഷപ്പെടാനാകും. പാപപൊറുതി അവർക്ക് വേണ്ടി ഒരു പരിചയമായി തീരുന്നതാണ്. വിശുദ്ധ ഖുർആൻ പറയുന്നു:
“അവർ പാപമോചനം തേടുമ്പോഴും, അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.” (ഖുർആൻ, 8:34)

നബി തിരുമേനി(സ) പറയുന്നു: ഒരാൾ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുമ്പോൾ, അവ ശൂന്യമായി തിരികെ അയക്കപ്പെടുകയില്ല. നിഷ്കളങ്കമായ ഹൃദയത്തോടെ ചെയ്യുന്ന പ്രാർത്ഥനകളെ അവൻ നിരാകരിക്കുകയില്ല. അതിനാൽ നാം അവനോട് നിഷ്കളങ്കമായി പ്രാർത്ഥിക്കുകയും ക്ഷമ ചോദിക്കുകയും നന്മയിൽ ഉറച്ച് നിൽക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുകയും വേണം. റമദാനിന് ശേഷവും നാം ഇതിൽ സ്ഥിരചിത്തരായി നിലകൊള്ളുകയാണെങ്കിൽ, അല്ലാഹു നമ്മിലേക്ക് എങ്ങനെ ഓടിയടുക്കുന്നുവെന്ന് കാണാൻ സാധിക്കും.

ദുആക്കുള്ള ആഹ്വാനം

നബിതിരുമേനി(സ) നമ്മെ പഠിപ്പിച്ചത് പോലെ, നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും, നമ്മുടെ എല്ലാ അംഗങ്ങളും ദൈവത്തോട് കൃതജ്ഞത കാണിക്കണം, അവന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നവരാകാൻ നാം ദുആ ചെയ്യണം. ഖലീഫാ തിരുമനസ്സ് ലോകത്തിൻ്റെ ഇന്നത്തെ സാഹചര്യങ്ങൾ മുൻനിർത്തി ദുആ ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ്, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതായും, അവയിൽ നിന്ന് രക്ഷപ്പെടാൻ നാം എപ്പോഴും ദുആ ചെയ്തു കൊണ്ടിരിക്കണമെന്നും പറഞ്ഞു. റമദാനിൽ ഇങ്ങനെ ദുആ ചെയ്യുകയാണെങ്കിൽ അല്ലാഹു വലിയ വിപ്ലവം സൃഷ്ടിക്കും, അത്തരം ആളുകൾക്ക് ഒരിക്കലും നമ്മെ ഉപദ്രവിക്കാൻ കഴിയില്ല.
വാഗ്ദത്ത മസീഹ്(അ) പറയുന്നു: ദുആ ചെയ്യുവാനുള്ള കഴിവുകൾ ലഭിക്കുന്നതിനുവേണ്ടിയും ദുആ ചെയ്യണം. പ്രാർത്ഥനയിൽ ആത്മാർത്ഥതയും ഉത്സാഹവും വളർത്താൻ ശ്രമിക്കണം. ഒരു വ്യക്തിയുടെ മനസ്സ് ദുആയുടെ കൂടെ നിൽക്കുന്നില്ലെങ്കിലും, ഹൃദയം തുറന്ന് തൻ്റെ ദുആകൾക്ക് ആത്മാർത്ഥത ലഭിക്കുവാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അല്ലാഹു ആ വ്യക്തിയുടെ ഉള്ളിൽ ഉത്സാഹം ജനിപ്പിക്കുന്നതായിരിക്കും. ആ ഉത്സാഹം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, സ്വീകാര്യത പ്രകടമായി തുടങ്ങും.

ഖുതുബയുടെ അവസാനം ഖലീഫാ തിരുമനസ്സ് ജമാഅത്തിനെ ഉപദേശിച്ചുകൊണ്ട് പറയുന്നു: നാം വളരെയധികം ദുആയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ റമദാൻ നമുക്ക്, ദുആ സ്വീകാര്യതയുടെ മാസമാക്കാനും, നമ്മളിൽ ധാർമികമായ മാറ്റം സൃഷ്ടിക്കാനും, അത് നമ്മുടെ ജീവിതത്തിന്റെ സ്ഥിരമായ ഭാഗമാക്കാനും സാധിക്കട്ടെ. അല്ലാഹു നമ്മെ അതിക്രമകാരികളുടെ ക്രൂരതയിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുമാറാകട്ടെ. അല്ലാഹു ഈ റമദാനിൽ നമ്മുടെ ഉള്ളിൽ സ്ഥിരമായ മാറ്റം ഉണ്ടാക്കുന്നതിന് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed