2025 ഫെബ്രുവരി 7-ന് നടത്തിയ ജുമുഅ ഖുത്ബയിൽ, അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്) ലോകത്തിന്‍റെ സംഘര്‍ഷഭരിതമായ അവസ്ഥയുടെ വെളിച്ചത്തില്‍ പ്രാര്‍ഥനയില്‍ മുഴുകേണ്ടത്തിന്‍റെ അടിയന്തിര ആവശ്യകതയെ സംബന്ധിച്ച് ഉണര്‍ത്തിക്കൊണ്ട് പറഞ്ഞു:
ലോകസാഹചര്യങ്ങളുടെ വെളിച്ചത്തിലും മുസ്‌ലിങ്ങളുടെ അവസ്ഥകളുടെ വെളിച്ചത്തിലും ഞാന്‍ എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍ക്ക് ആഹ്വാനം ചെയ്യാറുണ്ട്. ഫലസ്തീനികള്‍ക്ക് പ്രത്യേകമായും മുസ്‌ലിം ലോകത്തിന് വേണ്ടി പൊതുവായും തുടര്‍ന്നും പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നയങ്ങളും പദ്ധതികളും അനീതിയുടെ പാരമ്യതയിലെത്തിയിരിക്കുന്നു. അദ്ദേഹം തങ്ങളുടെ രാജ്യത്തിന് മാത്രം അപകടകാരിയാണെന്നും, പുറംലോക കാര്യങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് മുമ്പ് അമേരിക്കക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മുഴുവന്‍ ലോകത്തിനും ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്.

അല്ലാഹു ഫലസ്തീനികള്‍ക്കുമേലും ലോകത്തിന് മേലും കരുണ ചൊരിയുമാറാകട്ടെ. അവരെ ഇതില്‍ നിന്നെല്ലാം സംരക്ഷികുമാറാകട്ടെ.
അറബ് രാജ്യങ്ങള്‍ ഇനിയെങ്കിലും കണ്ണുതുറന്ന് ഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതാണ്. അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അല്ലെങ്കില്‍, ഫലസ്തീന്‍ മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇപ്പോള്‍, ചില അമുസ്‌ലീങ്ങളും ഫലസ്തീനികള്‍ക്ക് അനുകൂലമായി അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, അധികാരത്താല്‍ ലഹരിപിടിച്ച വന്‍ശക്തികള്‍ ആരെയും ശ്രദ്ധിക്കാന്‍ തയ്യാറല്ല.
അതുകൊണ്ട് മുസ്‌ലീങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാർഥനയല്ലാതെ മറ്റൊരു ശക്തിയും നമുക്കില്ല.
അതുപോലെ, പാക്കിസ്താനിലെ അഹ്‍മദികള്‍ക്ക് വേണ്ടിയും ദുആ ചെയ്യുക. ചില സമയങ്ങളില്‍, എതിർപ്പുകള്‍ കാരണം അവരുടെ അവസ്ഥ അങ്ങേയറ്റം പ്രക്ഷുബ്ധമായിത്തീരുന്നു. കൂടാതെ, ബംഗ്ലാദേശിലെ അഹ്‍മദികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക. ശത്രുക്കളുടെ എല്ലാ തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നും അല്ലാഹു അവരെ സംരക്ഷിക്കുമാറാകട്ടെ.
മറ്റിടങ്ങളിലെ പീഡിതർക്കുവേണ്ടിയും പീഡിതരായ അഹ്‍മദികള്‍ക്ക് വേണ്ടിയും ദുആ ചെയ്യേണ്ടതാണ്. അള്ളാഹു അവരെയെല്ലാവരെയും തന്‍റെ സംരക്ഷണത്തിലാക്കുമാറാകട്ടെ. ലോകത്തിന് തിരിച്ചറിവ് നല്കുകയും എല്ലാവരെയും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.
അള്ളാഹു നമുക്ക് ദുആ ചെയ്യാനുള്ള തൗഫീഖ് നല്കുമാറാകട്ടെ.
0 Comments