അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഏപ്രില്‍ 4, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ. ഗുലാം അഹ്‍മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ഖൈബർ യുദ്ധവുമായി ബന്ധപ്പെട്ട നബി തിരുമേനി(സ)യുടെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ വിവരിക്കുന്നതാണ്.
അബിസീനിയയിലെ മുസ്‌ലിം പ്രവാസികളുടെ മടക്കം
ഖൈബർ യുദ്ധത്തിന്‍റെ വിജയാനന്ദത്തിന് ശേഷം മറ്റൊരു സന്തോഷകരമായ സംഭവവും നടന്നു. അത് പീഡനം കാരണം അബിസീനിയയിലേക്ക് പാലായനം ചെയ്ത മുസ്‌ലീങ്ങളുടെ പ്രത്യാഗമനമായിരുന്നു.
ഹുദൈബിയ ഉടമ്പടിക്ക് ശേഷം നബി തിരുമേനി(സ) ഹദ്റത്ത് അമർ ബിൻ ഉമയ്യ(റ)നെ നജ്ജാശി രാജാവിന്‍റെ അടുക്കൽ ഒരു കത്തുമായി അയച്ചു. അബിസീനിയയിൽ താമസിക്കുന്ന എല്ലാ പ്രവാസികളെയും തിരിച്ചയക്കണമെന്ന് ആ കത്തില്‍ പറഞ്ഞിരുന്നു. മടങ്ങിയെത്തിയ ഈ പ്രവാസികൾ നബി തിരുമേനി(സ) ഖൈബറിൽ ആണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാനായി ഉത്കണ്ഠയോടെ അങ്ങോട്ട് പുറപ്പെട്ടു. നബി തിരുമേനി(സ) തന്‍റെ പിതൃസഹോദര പുത്രനായ ജാഫറിനെയും മറ്റു മുസ്‌ലിങ്ങളെയും സ്നേഹാനുരാഗത്തോടെ വരവേറ്റു.
ഹദ്റത്ത് അബൂ മൂസാ അൽ അശ്അരി(റ)യും ഹദ്റത്ത് അബു ഹുറൈറ(റ)യും പോലുള്ള ചില സഹാബാക്കൾ മദീനയിലേക്ക് മടങ്ങി. യാത്രയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഇവർ എത്യോപ്യ പോലുള്ള മറ്റു പ്രദേശങ്ങളിലേക്ക് ചിതറിപ്പോയിരുന്നു.
ഈ സഹാബാക്കൾ നബി തിരുമേനി(സ)ൽ നിന്നും മറ്റു സഹാബാക്കളിൽ നിന്നും വേർപെട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു.
നബി തിരുമേനി(സ)യുടെ പുണ്യ പത്നിമാരിൽ ഒരാളായിരുന്ന ഹദ്റത്ത് ഹഫ്സ(റ)യും ഹദ്റത്ത് അസ്മാ(റ)യും തമ്മിലുള്ള സംഭാഷണം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഹദ്റത്ത് ഹഫ്സ(റ) അഭിപ്രായപ്പെട്ടത് ഈ കാലമത്രയും നബി തിരുമേനി(സ)യോടൊപ്പം കഴിഞ്ഞ മുസ്‌ലീങ്ങൾ അബിസീനിയയിലേക്കും മറ്റും പാലായനം ചെയ്തവരെക്കാൾ അടുപ്പമുള്ളവരാണ് എന്നാണ്. ഹദ്റത്ത് അസ്മാ(റ) മനസ്‌ഥാപത്തോടെ മറുപടി നൽകി, “അല്ലാഹുവിനോടും അവന്‍റെ ദൂതനോടുമുള്ള പരിശുദ്ധമായ പ്രേമത്താൽ മാത്രമാണ് മുസ്‌ലീങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തത്. അവര്‍ തിരുനബി(സ)യുടെ കൽപ്പനകൾ അനുസരിച്ച് അപായങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കുകയും അദ്ദേഹത്തെ എപ്പോഴും സ്മരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഹദ്റത്ത് അസ്മാ(റ) ഈ സംഭാഷണത്തെക്കുറിച്ച് നബി തിരുമേനി(സ)യെ അറിയിച്ചപ്പോൾ പ്രവാചകന്‍(സ) പറഞ്ഞു ‘നിങ്ങൾക്കും നിങ്ങളോടൊപ്പം പാലായനം ചെയ്തു വന്ന മറ്റ് മുസ്‌ലീങ്ങൾക്കും രണ്ട് ഹിജറത്തുകളിൽ പങ്കെടുത്തതിനാൽ പ്രത്യേകം ശ്രേഷ്ഠതയുണ്ട്. എന്നാൽ എന്നോടൊപ്പം വന്ന മക്കയിലെ മുഹാജിരീങ്ങൾ ഒരു ഹിജ്റത്തിൽ മാത്രമേ പങ്കെടുത്തിട്ടുള്ളൂ’. ഇതുകേട്ടപ്പോൾ അവർക്ക് ആശ്വാസം തോന്നി. മാത്രമല്ല മറ്റു സഹാബാക്കളും നബി തിരുമേനി(സ)യുടെ ഈ സ്നേഹ വാക്കുകൾ കേൾക്കാൻ അവരുടെ അടുക്കൽ എത്തി.
ഹബ്ശയിലെ നവ മുസ്‌ലിമിന്‍റെ രക്തസാക്ഷ്യം
തുടർന്ന് ഖലീഫാ തിരുമനസ്സ് ഖൈബർ യുദ്ധാവസരത്തിൽ ശഹീദായ ഒരു ഹബ്ശി അടിമയെ കുറിച്ച് വിവരിക്കുകയുണ്ടായി. നിവേദനങ്ങൾ അനുസരിച്ച് അദ്ദേഹം നാൽക്കാലികളെ മേയ്ക്കുന്ന ഒരു ഇടയനായിരുന്നു. അദ്ദേഹത്തെ നബി തിരുമേനി(സ)യുടെ സന്നിധിയിലേക്ക് കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍(സ) അല്ലാഹുവിന്‍റെ. കാരുണ്യങ്ങളെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചും വിവരിച്ചുകൊണ്ട് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മനസംതൃപ്തിയോടെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ കൈവശം യഹൂദികളുടെ ധാരാളം ആടുകൾ ഉണ്ടായിരുന്നു. മുസ്‌ലിങ്ങൾക്ക് അനിവാര്യമായ ആവശ്യം ഉണ്ടായിരുന്നിട്ടുകൂടി നബി തിരുമേനി(സ) ആ അവസരത്തെ വിനിയോഗിക്കാതെ ആടുകളെ അതിന്‍റെ ഉടമസ്ഥർക്ക് തിരികെ നൽകാൻ കൽപ്പിച്ചു. ഈ ഹബ്ശി അടിമ ഖൈബർ യുദ്ധത്തിൽ ശഹീദായി. നമസ്കാരത്തിലെ ഒരു സുജൂദ് പോലും ചെയ്യാത്ത അദ്ദേഹത്തിന്‍റെ മൃതദേഹം നബി തിരുമേനി(സ) തന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിച്ചു. നബി(സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം വാഗ്ദാനം ചെയ്തിരിക്കുന്നു എന്നരുളുകയും ചെയ്തു.
ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ അമ്ർ(റ)ന്‍റെയും ഹദ്റത്ത് അലി(റ)യുടെയും രണ്ട് നിവേദനങ്ങളില്‍ വന്നിരിക്കുന്നത് പ്രകാരം, ആ സമയത്താണ് നബി തിരുമേനി(സ) വീട്ടിൽ വളർത്തുന്ന കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിലക്കിയത്.
ഫദക് ജനതയുമായുള്ള സന്ധി
നബി തിരുമേനി(സ) ഖൈബറിനടുത്തുള്ള, ഫലവൃക്ഷങ്ങളാൽ സമ്പന്നമായ ഫദകിലെ ജനതയുടെ അടുക്കലേക്ക് സമാധാനവും മൈത്രിയും ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഹദ്റത്ത് മോഹിസ(റ) തിരുനബി(സ)യുടെ ഈ സന്ദേശവുമായി ഫദകിലേക്ക് ചെന്നു. ഖൈബറിലെ പതിനായിരം യോദ്ധാക്കളെ മുസ്‌ലീങ്ങൾ കീഴടക്കുമെന്ന് ഫദക് നിവാസികൾ വിചാരിച്ചിരുന്നില്ല. അവർ ഹദ്റത്ത് മോഹിസ(റ)യോടൊപ്പം ഒരു സംഘത്തെ ഖൈബറിലേക്ക് അയച്ചുകൊണ്ട് സാഹചര്യം നിരീക്ഷിക്കാൻ തീരുമാനിച്ചു. യുദ്ധഭൂമി എത്തിയപ്പോഴാണ് അവർ അറിഞ്ഞത് മുസ്‌ലീങ്ങൾ ഇതിനകം ഒരു കോട്ട കീഴടക്കി കഴിഞ്ഞിരുന്നു. ഒരു നിവേദനമനുസരിച്ച് ഫദക്ക് ജനത, അവരുടെ പ്രദേശം ഒഴിയാനും എല്ലാ വസ്തുക്കളും മുസ്‌ലീങ്ങൾക്ക് അടിയറ വെക്കാനും സമ്മതിച്ചു. മറ്റ് ചില നിവേദനങ്ങളനുസരിച്ച് അവർ തങ്ങളുടെ സമ്പത്തിന്‍റെ പകുതി മുസ്‌ലീങ്ങൾക്ക് നൽകുകയും അവിടെത്തന്നെ താമസം തുടരുകയും ചെയ്തു.
ഖൈബറിലെ യുദ്ധമുതലുകൾ
ഖലീഫാ തിരുമനസ്സ് വിശദീകരിച്ചുകൊണ്ട് പറഞ്ഞു, നബി തിരുമേനി(സ) യുദ്ധമുതലുകളെ 36 ഭാഗങ്ങൾ ആക്കി വിഭജിച്ചു, ഓരോ ഭാഗത്തിനും 100 ഓഹരികൾ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിൽ 18 ഭാഗങ്ങൾ മുസ്‌ലീങ്ങൾക്കായി നീക്കി വെച്ചു, അതായത് 1800 ഓഹരികൾ. ബാക്കി പകുതി ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റിവെച്ചു. നബി തിരുമേനി(സ)യുടെ ഓഹരി മറ്റേതൊരു മുസ്‌ലിമിനും തുല്യമായിരുന്നു. ഈ യുദ്ധമുതലുകൾ എല്ലാം തന്നെ, കീഴടക്കിയ കോട്ടകളിൽ നിന്നും ലഭിച്ചവയാണ്. യുദ്ധമുതലുകളിൽ വലിയൊരു ഭാഗം ഹുദൈബിയ ഉടമ്പടിയിൽ പങ്കെടുത്ത മുസ്‌ലീങ്ങൾക്ക് നൽകി. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ചില സഹാബാക്കൾക്കും യുദ്ധമുതലുകളിൽ നിന്ന് വിഹിതം നൽകിയിരുന്നു. അതിൽ അബിസീനിയയിൽ നിന്ന് തിരിച്ചുവന്ന മുസ്‌ലീങ്ങളും ഉൾപ്പെടുന്നു. നബി തിരുമേനി(സ) എല്ലാ യുദ്ധമുതലുകളെയും ഒരുമിച്ചുകൂട്ടി സമമായി വിഭജിച്ച് വിതരണം ചെയ്യാൻ ചില സഹാബാക്കളോട് നിർദ്ദേശിച്ചു. യുദ്ധം ചെയ്യാതെ ലഭിച്ച മുതലുകളിൽ നിന്ന് ഖൈബറിൽ സന്നദ്ധരായിരുന്ന സ്ത്രീകൾക്കും ഒരു ഓഹരി നൽകി.
ഖൈബർ യുദ്ധത്തിനു മുമ്പായി ബനൂ ഗഫാർ ഗോത്രത്തിലെ ചില സ്ത്രീകൾ മുസ്‌ലീങ്ങളോടൊപ്പം പോകാൻ അനുവാദം ചോദിച്ചിരുന്നു. അവരിൽ ഒരു സ്ത്രീക്ക് ഒരു മാലയാണ് ലഭിച്ചത്. അത് അവർ ഒരിക്കലും കൈവിട്ടു കളഞ്ഞില്ല. നബി തിരുമേനി(സ) നൽകിയ ഈ മാല അവര്‍ അത്യന്തം അമൂല്യമായി കരുതി. അവരെപ്പോഴും അത് കഴുത്തിൽ അണിഞ്ഞിരുന്നു. എത്രത്തോളമെന്നാൽ, നബി തിരുമേനി(സ) നൽകിയ ഈ സമ്മാനം വിട്ടുകളയാൻ കഴിയാത്തതിനാൽ ഈ മാല തന്‍റെ, മൃതദേഹത്തോടൊപ്പം മണ്ണിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു.
ഖൈബറിൽനിന്ന് ലഭിച്ച യുദ്ധ മുതലുകളിൽ തൗറാത്തിന്‍റെ ചില കയ്യെഴുത്ത് പ്രതികളും കണ്ടെത്തിയിരുന്നു. യഹൂദികൾ അത് തിരിച്ചു നൽകാൻ അഭ്യർത്ഥിച്ചപ്പോൾ നബി തിരുമേനി(സ) അത് ശ്രദ്ധാപൂർവ്വം സംരക്ഷിക്കുകയും യഹൂദികളുടെ അഭ്യർത്ഥനപ്രകാരം തിരിച്ചു നൽകാൻ കൽപ്പിക്കുകയും ചെയ്തു. ഖലീഫ തിരുമനസ്സ് പറയുന്നു, ഇതായിരുന്നു നബി തിരുമേനി(സ)യുടെ ധാർമികവും മതപരവുമായ മാതൃക. ഇന്ന് നം കാണുന്നതിന് നേർവിപരീതം. ഇസ്‌ലാമിനോടുള്ള വിദ്വേഷം കാരണത്താൽ വിശുദ്ധ ഖുർആൻ ദഹിപ്പിക്കുന്ന ഈ കാലത്തിന് വിപരീതം.
വാദി അൽ-ഖുറയിലേക്കുള്ള സൈനികനീക്കം
ഖൈബറിൽ കുറച്ചുദിവസം തങ്ങിയതിനു ശേഷം നബി തിരുമേനി(സ) മദീനയിലേക്കുള്ള യാത്ര ആരംഭിച്ചു. വഴിയിൽ യഹൂദികൾ തിങ്ങിപ്പാർത്തിരുന്ന ഒരു താഴ്‌വരയിൽ എത്തി. മുസ്‌ലീങ്ങൾ അവിടത്തുകാരെ സമാധാനത്തിലേക്കും ഇസ്‌ലാമിലേക്കും ക്ഷണിച്ചെങ്കിലും അവർ ആ ക്ഷണം സ്വീകരിച്ചില്ലെന്ന് മാത്രമല്ല ദ്വന്ദയുദ്ധത്തിന് തയ്യാറാവുകയും ചെയ്തു. ഓരോ തവണയും മുസ്‌ലീങ്ങൾ തങ്ങളുടെ എതിരാളികളെ കീഴ്പ്പെടുത്തി. അന്നേദിവസം 11 യഹൂദികൾ കൊല്ലപ്പെട്ടു. അടുത്ത ദിവസം സൂര്യോദയത്തിനു മുമ്പ് തന്നെ യഹൂദികൾ കീഴടങ്ങി. അവിടെയും മുസ്‌ലിങ്ങൾക്ക് യുദ്ധമുതലുകൾ ലഭിച്ചു. ഖൈബറിലെ പോലെതന്നെ കൃഷിയും ഭൂമിയും യഹൂദികൾക്ക് വിട്ടുകൊടുത്തുകൊണ്ട്, അത് ഉപയോഗിക്കാനും പരിപാലിക്കാനും അനുവാദം നൽകി.
ഈ സംഭവങ്ങളുടെ കൂടുതൽ വിശദീകരണങ്ങൾ പിന്നീട് പറയുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
ജനാസകള്‍
തുടര്‍ന്ന് ഖലീഫാ തിരുമനസ്സ് അടുത്തിടെ നിര്യാതരായ ചില പരേതരെ സ്മരിക്കുകയും, അവരുടെ ജനാസ നമസ്ക്കരിക്കുന്നതാണെന്ന് പറയുകയും ചെയ്തു.
മൗലാനാ മുഹമ്മദ് കരീമുദ്ദീൻ ശഹീദ് സാഹിബ്
ആദ്യമായി അനുസ്മരിക്കുന്നത് മൗലാന മുഹമ്മദ് കരീമുദ്ദീൻ ശാഹിദ് സാഹിബിനെയാണ്. അദ്ദേഹം സദർ അഞ്ചുമൻ അഹ്‌മദിയ്യാ ഖാദിയാന്‍റെ പ്രസിഡന്‍റ് ആയിരുന്നു. ഈ റമദാൻ മാസത്തിൽ 87-മത്തെ വയസ്സിൽ ഇഹലോകം വെടിഞ്ഞു. അദ്ദേഹത്തിന്‍റെ ബാല്യകാലത്ത് തന്നെ പിതാവ് ബൈഅത്ത് ചെയ്തിരുന്നു. ഗ്രാമീണ പശ്ചാത്തലം ആയതിനാൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ കുറവായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്‍റെ പിതാവ് അദ്ദേഹത്തെ ഖാദിയാനിലേക്ക് പറഞ്ഞയക്കുകയും, അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു. ശാഹിദ് ബിരുദത്തോടെ ജാമിഅ അഹ്‌മദിയ്യായിൽ നിന്ന് പാസാകുന്ന ഇന്ത്യയിലെ ആദ്യത്തെ മുറബ്ബി കൂടിയായിരുന്നു അദ്ദേഹം. ജമാഅത്തിന്‍റെ വിവിധ മേഖലകളിൽ അദ്ദേഹം സേവനങ്ങൾ അനുഷ്ഠിച്ചു. 2021-ൽ ഞാൻ അദ്ദേഹത്തെ സദർ അഞ്ചുമൻ അഹ്‌മദിയ്യായുടെ പ്രസിഡന്‍റ് ആയി നിയമിക്കുകയും മരണംവരെ ഈ ഔദ്യോഗിക സ്ഥാനത്ത് അദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തു. ലഘു ജീവിതം നയിക്കുകയും വേതനമായി നൽകപ്പെടുന്നതിൽ സന്തുഷ്ടനായി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു. അസുഖങ്ങൾ ഉണ്ടായിട്ടുകൂടി മാതൃകാപരമായ രീതിയിൽ അദ്ദേഹം ഭംഗിയായി ചുമതലുകൾ നിർവഹിച്ചു. അറുപത്തിരണ്ട് നീണ്ട വർഷങ്ങൾ ജമാഅത്തിനു വേണ്ടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അവസാന ദിനങ്ങളിൽ കുടുംബാംഗങ്ങളോട് പറയുമായിരുന്നു, ‘ഞാൻ ജനിച്ചത് റമദാനിൽ ആണ്, എന്‍റെ മരണവും റമദാനിൽ തന്നെയായിരിക്കും’. കഠിനാധ്വാനിയും പറയുന്നത് പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയുമായിരുന്നു. വഖ്ഫിന്‍റെ പ്രതിജ്ഞ അദ്ദേഹം പൂർണമായും നിറവേറ്റി. അദ്ദേഹത്തിന്‍റെ സന്തതികളിൽ ഈ സേവനോത്സഹം അല്ലാഹു നിലനിർത്തുമാറാകട്ടെ.
അബ്ദുര്‍ റശീദ് യഹ്‌യാ സാഹിബ്
രണ്ടാമത്തെത് കാനഡ ഖദാ ബോർഡിന്‍റെ പ്രസിഡന്‍റ് ആയിരുന്ന അബ്ദുര്‍ റശീദ് യഹ്‌യാ സാഹിബിന്‍റെതാണ്. മൂസിയായിരുന്ന അദ്ദേഹം 74-ആം വയസ്സിൽ നിര്യാതനായി. അദ്ദേഹത്തിന്‍റെ പിതാവ് മിയാ സിറാജുദ്ദീൻ സാഹിബ് രണ്ടാം ഖലീഫയുടെ കയ്യിലാണ് ബൈഅത്ത് ചെയ്തത്. വലിയ പണ്ഡിതനായിരുന്ന അദ്ദേഹം ഒരു മുറബ്ബി ആവുകയും ജീവിതം ദീനി സേവനത്തിനായി സമർപ്പിക്കുകയും ചെയ്തു. അദ്ദേഹം പാക്കിസ്താൻ, അമേരിക്ക, കാനഡ, ഗോട്ടിമാല, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, പോലുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. അദ്ദേഹം ജാമിഅ അഹ്‍മദിയ്യാ കാനഡയില്‍ പ്രൊഫസറും വൈസ് പ്രിൻസിപ്പളും ആയിരുന്നു. ശേഷം കാനഡ ഖദാ ബോർഡിൽ നിയമിതനായി. അദ്ദേഹത്തിന്‍റെ മകൻ ഖാസിം റശീദ് സാഹിബ് പറയുന്നു, അദ്ദേഹം തന്‍റെ ജോലിയിൽ വളരെയധികം ആത്മാർത്ഥത കാണിക്കുകയും അഹ്‌മദിയ്യത്തിനെ ആക്ഷേപങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ അതിയായ ആവേശം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രോഗാവസ്ഥയിലും അസാധാരണമായ ക്ഷമ കൈക്കൊള്ളുകയും എപ്പോഴും ഖിലാഫത്തുമായി ബന്ധം പുലർത്താൻ കുടുംബാംഗങ്ങളെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ലോകത്തിന്‍റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഖിലാഫത്താണെന്ന് സോഷ്യൽ മീഡിയയിൽ സധൈര്യം പ്രചരിപ്പിക്കാൻ മകനോട് ഉപദേശിക്കുമായിരുന്നു. ജീവിതം ദീനിന് വേണ്ടി സമർപ്പിച്ച വ്യക്തി എന്ന നിലയിൽ തന്‍റെ എല്ലാ ചുമതലകളും അദ്ദേഹം ഭംഗിയായി നിറവേറ്റി. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് കൊടുക്കട്ടെ.
മിർസാ ഇംതിയാസ് അഹ്‌മദ് സാഹിബ്
മൂന്നാമത്തേത് സിന്ധ് ജില്ലയിലെ അമീർ ആയിരുന്ന മിർസാ ഇംതിയാസ് അഹ്‌മദ് സാഹിബിന്‍റെതാണ്. അദ്ദേഹത്തിന്‍റെ പിതാമഹൻ ഒന്നാം ഖലീഫയുടെ കൈയ്യിൽ ബൈഅത്ത് ചെയ്യുന്നതിലൂടെയാണ് അവരുടെ കുടുംബത്തിൽ അഹ്‌മദിയ്യത്തിന് തുടക്കം കുറിച്ചത്. ബി.എ. പാസായതിനു ശേഷം അദ്ദേഹം ഒരു മെഡിക്കൽ സ്റ്റോർ തുടങ്ങി. ചെറുപ്പം മുതൽ ജീവിതാവസാനം വരെ ജമാഅത്തിന് സേവനം ചെയ്യാൻ അദ്ദേഹത്തിന് സൗഭാഗ്യം ലഭിച്ചു. ഒരുപാട് അനഹ്‌മദികൾ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. കാരണം അദ്ദേഹം അവർക്ക് ഇസ്‌ലാമിക അധ്യാപനങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ സൽസ്വഭാവം കാരണം എല്ലാവരും അദ്ദേഹത്തെ വിശ്വസ്തനും വിനയാന്വിതനും ആത്മാർത്ഥതയുള്ള വ്യക്തിയുമായി കരുതി. മരുന്നു വാങ്ങാൻ കഴിവില്ലാത്ത രോഗികളെ ഒരു പ്രതിഫലവും കൂടാതെ ചികിത്സിക്കുമായിരുന്നു. ഖലീഫാ തിരുമനസ്സ് അദ്ദേഹത്തിന്‍റെ മഗ്ഫിറത്തിനായി പ്രാർത്ഥിച്ചു.
അൽഹാജ് മുഹമ്മദ് ബിൻ അറബി സാഹിബ്
നാലാമത്തേത് അൽജീരിയയിലെ അൽഹാജ് മുഹമ്മദ് ബിൻ അറബി സാഹിബിന്‍റെതാണ്. അവസാനകാലത്ത് അദ്ദേഹം ഫ്രാൻസിൽ ആയിരുന്നു. ജല്‍സ സാലാന യു.കെ. 2015-ൽ അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും അതിഥികളായി പങ്കെടുക്കുകയും തിരികെ പോകുന്നതിനു മുമ്പ് ബൈഅത്ത് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റ് എട്ടുപേരും ബൈഅത്ത് ചെയ്തിരുന്നു. ജമാഅത്തിനോടുള്ള അഗാധമായ സ്നേഹം കാരണം അദ്ദേഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. അൽജീരിയയിൽ എതിർപ്പുകൾ ഉണ്ടായിരുന്നിട്ടുകൂടി താൻ അഹ്‌മദിയാണ് എന്ന് പറയാൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. പോലീസുകാരോട് പോലും അദ്ദേഹം ഇക്കാര്യം ധൈര്യപൂർവ്വം പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ വീട് അഹ്‌മദികൾക്ക് ഒത്തുകൂടാൻ വേണ്ടിയുള്ള സ്ഥലമായി തുടർന്നു. അദ്ദേഹം ശുദ്ധഹൃദയനും ആത്മാർത്ഥനുമായിരുന്നു. വാഗ്ദത്ത മസീഹി(അ)ൽ വിശ്വസിക്കാൻ സാധിച്ചതിൽ അദ്ദേഹം എപ്പോഴും കൃതജ്ഞത പ്രകടിപ്പിക്കുമായിരുന്നു. ഖലീഫ തിരുമനസ്സ് അദ്ദേഹത്തിന്‍റെ പാപമോചനത്തിനായി പ്രാർത്ഥിച്ചു.
മുഹമ്മദ് അഷ്റഫ് സാഹിബ്
അഞ്ചാമത്തേത് 70-ആം വയസ്സിൽ നിര്യാതനായ മുഹമ്മദ് അഷ്റഫ് സാഹിബിന്‍റെതാണ്. അദ്ദേഹം ഹൈദരാബാദ് ജില്ലയിലെ കോട്രിയിലായിരുന്നു താമസിച്ചിരുന്നത്. കോംഗോയിൽ മുറബ്ബിയായി സേവനമനുഷ്ഠിക്കുന്ന നവീദ് അഷ്റഫ് സാഹിബിന്‍റെ പിതാവായിരുന്നു. സേവനമനുഷ്ഠിക്കുന്ന കാരണത്താൽ മകന് അദ്ദേഹത്തിന്‍റെ ജനാസയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ പിതാമഹനായ ഹദ്റത്ത് നൂർ ഇലാഹി സാഹിബ്(റ) ആയിരുന്നു അവരുടെ കുടുംബത്തിലെ ആദ്യ അഹ്‌മദി. അദ്ദേഹം ഒരു ഭക്തനും, അതിഥി സൽക്കാരപ്രിയനും, ജമാഅത്തിനോട് ആത്മാർത്ഥതയുള്ള വ്യക്തിയുമായിരുന്നു. വിശ്വാസത്തിന്‍റെ പേരിൽ അദ്ദേഹത്തിന് കുറച്ചുനാൾ ജയിലിലും കഴിയേണ്ടി വന്നിട്ടുണ്ട്. വിശുദ്ധ ഖുർആൻ ഭംഗിയായി ഓതുമായിരുന്നു. ജമാഅത്തിന്‍റെ പുസ്തകങ്ങൾ ഒരു പ്രത്യേക ആവേശത്തോടെ വായിക്കുമായിരുന്നു. ഖിലാഫത്തിന് ആത്മാർപ്പണം ചെയ്ത വ്യക്തിയായിരുന്നു. അവസാന ദിനങ്ങളിൽ പോലും ആരാധനകളും പ്രാർത്ഥനകളും കൃത്യമായി അനുഷ്ഠിച്ചിരുന്നു. ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കുവാൻ ഒരു പ്രത്യേകമായ ആവേശവും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പാപപൊറുതിക്കായി ഖലീഫ തിരുമനസ്സ് പ്രാർത്ഥിച്ചു.
0 Comments