അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഏപ്രില്‍ 25, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അൽ ഖാമിസ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു: നബി തിരുമേനി (സ) യുടെ ജീവിതകാലത്ത് നടന്ന യുദ്ധങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഇന്നും തുടരുകയാണ്.
ഫദകിലേക്ക് ഹദ്‌റത്ത് ഗാലിബ് ബിൻ അബ്ദുല്ലാഹ്(റ)ന്‍റെ സൈനിക നീക്കം
ഹിജ്‌റ 7 ശഅബാൻ മാസത്തിൽ ഹദ്‌റത്ത് ബശീർ ബിൻ സഅദ് 30 പേരുമായി ഫദകിലെ ബനൂ മുർറയിലേക്ക് പോയി. ബനൂ മുർറ ബശീർ ബിൻ സഅദിന്റെ കൂടെയുണ്ടായിരുന്ന മുഴുവൻ പേരെയും രക്തസാക്ഷികളാക്കി. നേരത്തെ ഇക്കാര്യം വിവരിച്ചിട്ടുള്ളതാണ്. തിരുനബി (സ) ക്ക് ബശീർ ബിൻ സഅദിന്റെ കൂടെയുണ്ടായിരുന്നവരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോൾ പ്രവാചകൻ (സ) ഹദ്‌റത്ത് സുബൈർ ബിൻ അൽ-അവ്വാമിനെയും (റ) 200 മുസ്ലീങ്ങളെയും അവിടേക്ക് അയച്ചു, മുസ്ലീങ്ങളെ രക്തസാക്ഷികളാക്കിയവരെ വെറുതെ വിടരുതെന്ന് നിർദ്ദേശിച്ചു. ഹദ്‌റത്ത് ഗാലിബ് (റ) ശത്രുവിന്റെ നേരെ നീങ്ങി, അവർ ഉറങ്ങുന്നത് അദ്ദേഹം കണ്ടു. തന്നെ പിന്തുടരാനും അനുസരിക്കാനും അദ്ദേഹം മുസ്ലീങ്ങളോട് കൽപ്പിച്ചു. അവിടെ സന്നിഹിതരായ മുസ്ലീങ്ങൾക്കിടയിൽ ഒരു സാഹോദര്യബന്ധം സ്ഥാപിക്കുകയും, രണ്ട് സഹോദരന്മാർ വേർപിരിയുകയോ പരസ്പരം എവിടെയാണെന്ന് അറിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. യുദ്ധം തുടങ്ങിയപ്പോൾ, ഹദ്‌റത്ത് ഗാലിബ് (റ) ദൈവത്തെ സ്തുതിച്ചു, അത് കേട്ട് മുസ്ലീങ്ങളും ദൈവത്തെ സ്തുതിച്ചു. തുടർന്ന്, മുസ്ലിങ്ങൾ ഈ യുദ്ധത്തിൽ വിജയിക്കുകയും യുദ്ധമുതലുകൾ നേടുകയും ചെയ്തു.
ശുജാഅ് ബിൻ വഹബ്(റ)ന്‍റെ സൈനികനീക്കം
ഹിജ്‌റ വർഷം 8 ന് റബീഉൽ അവ്വൽ മാസത്തിലാണ് ഈ സൈനിക നീക്കം നടന്നത്. ഇസ്ലാം സ്വീകരിച്ച ആദ്യകാല അനുയായികളിൽ ഒരാളായിരുന്നു ഹദ്‌റത്ത് ശുജാഅ് (റ). കൂടാതെ അബ്‌സീനിയയിലേക്ക് പലായനം ചെയ്തവരിൽ ഒരാളായിരുന്നു. തിരുനബിയോടൊപ്പം (സ) എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും ഒടുവിൽ യമാമ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്ലാമിന്റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്ലാമിന്റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും പ്രവാചകന് (സ) വാർത്തകൾ ലഭിച്ചിരുന്നു.മുസ്ലീങ്ങൾ ശത്രുക്കളെ കീഴടക്കി യുദ്ധമുതലുകൾ നേടിയെടുത്തു.
ഹദ്‌റത്ത് കഅബ് ഇബ്നു ഉമൈർ(റ)ന്‍റെ സൈനികനീക്കം
ഹിജ്‌റ വർഷം 8 ന് റബീഉൽ അവ്വൽ മാസത്തിലാണ് ഈ സൈനിക നീക്കം നടന്നത്. മദീനയിൽ നിന്ന് 600 മൈൽ അകലെയുള്ള സിറിയയിലെ മുഅ്തയുടെ അടുത്തുള്ള ദാത്തുൽ അത്-ലഹിലേക്ക് പ്രവാചകൻ (സ) ഹദ്‌റത്ത് കഅ്ബ് (റ) നെ അയച്ചു. ഹദ്‌റത്ത് കഅ്ബ് (റ)ന്റെ കൂടെ 15 പുരുഷന്മാരുണ്ടായിരുന്നു.
ദാത്തുൽ അത്-ലഹിൽ മുസ്‌ലിംകൾക്കെതിരെ ഒരു വലിയ സൈന്യം രൂപീകരിക്കുന്നുണ്ടെന്ന് തിരുനബി (സ)ക്ക് വിവരം ലഭിച്ചു. ഹസ്രത്ത് കഅ്ബ്(റ) അടുത്തെത്തിയപ്പോൾ, ഒരു ശത്രു ചാരൻ തിരികെ പോയി തന്റെ ആളുകളോട് വിവരം പറഞ്ഞു, അവർ അവരുടെ സൈന്യത്തെ വിളിച്ചുകൂട്ടി. ഹദ്‌റത്ത് കഅ്ബ് (റ) അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു, പക്ഷേ അവർ അത് നിരസിക്കുകയും മുസ്ലീങ്ങൾക്ക് നേരെ അമ്പെയ്യാൻ തുടങ്ങുകയും ചെയ്തു. ഹദ്‌റത്ത് കഅ്ബ് (റ) ഒഴികെ മറ്റെല്ലാവരും രക്തസാക്ഷികളാകുന്നതുവരെ മുസ്ലീങ്ങൾ ധീരമായി തിരിച്ചടിച്ചു, കഅ്‌ബിന് ഗുരുതരമായി പരിക്കേറ്റു. ഈ വാർത്ത കേട്ടപ്പോൾ തിരുനബി (സ) അതീവ ദുഃഖിതനായി.
മുഅ്ത യുദ്ധം
ഹിജ്‌റ വർഷം എട്ടിന് ജമാദിഉൽ ഊല മാസമാണ് ഈ യുദ്ധം നടന്നത്. മുഅ്ത സിറിയയിലെ ഒരു നഗരമായിരുന്നു. ബസ്ര ഗവർണർക്ക് ഒരു കത്തുമായി പ്രവാചകൻ (സ) ഹദ്‌റത്ത് ഹാരിസിനെ (റ) അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹദ്‌റത്ത് ഹാരിസ് (റ) മുഅ്തയിൽ എത്തിയപ്പോൾ, ശുറഹ്ബിൽ ഗസ്സാനി അദ്ദേഹത്തെ സമീപിച്ചു, എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു, അദ്ദേഹം തിരുനബിയുടെ പ്രതിനിധിയാണോ എന്ന് അന്വേഷിച്ചു. ശുറഹ്ബീൽ ഹദ്‌റത്ത് ഹാരിസ് (റ) നെ പിടികൂടാൻ ഉത്തരവിട്ടു, പിന്നീട് അദ്ദേഹത്തെ രക്തസാക്ഷിയാക്കി. ഇത് തിരുനബി(സ)യെ വളരെയധികം വേദനിപ്പിക്കുകയും ഒടുവിൽ മുഅ്ത യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
ഹദ്‌റത്ത് സൈദ് ബിൻ ഹാരിഥയുടെ(റ) നേതൃത്വത്തിൽ 3000 മുസ്‌ലിംകളുടെ ഒരു സൈന്യത്തെ തിരുനബി(സ) സിറിയയിലേക്ക് അയച്ചു. ഹദ്‌റത്ത് സൈദ് (റ) രക്തസാക്ഷിത്വം വരിച്ചാൽ സൈന്യത്തിന്റെ നേതാവ് ഹദ്‌റത്ത് ജഅ്‌ഫർ ബിൻ അബൂത്വാലിബ് (റ) ആയിരിക്കുമെന്ന് തിരുനബി (സ) പറഞ്ഞു.
അദ്ദേഹം രക്തസാക്ഷിയായാൽ സൈന്യത്തിന്റെ നേതാവ് ഹദ്‌റത്ത് അബ്ദുല്ലാഹിബ്നു റവാഹ(റ) ആയിരിക്കും. അദ്ദേഹവും രക്തസാക്ഷിയായാൽ, മുസ്ലീങ്ങൾക്ക് ഒരു നേതാവിനെ തിരഞ്ഞെടുക്കാവുന്നതാണ്. തിരുനബി (സ) ഹദ്‌റത്ത് സൈദ് (റ) ന് ഒരു വെള്ളക്കൊടി കൊടുത്ത് ഹാരിസ് (റ) രക്തസാക്ഷിത്വം വരിച്ച സ്ഥലത്തേക്ക് പോയി അവിടെയുള്ള ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ നിർദ്ദേശിച്ചു. അവർ സമ്മതിച്ചാൽ കുഴപ്പമില്ല, പക്ഷേ സമ്മതിച്ചില്ലെങ്കിൽ അവർ യുദ്ധത്തിൽ ഏർപ്പെടണം.
തിരുനബി (സ) സനിയതുൽ വിദായിൽ നിന്ന് സൈന്യത്തെ അയച്ചു. അദ്ദേഹം സൈന്യത്തോട് സൂക്ഷ്മത പുലർത്താനും ദൈവത്തിന്റെ നാമത്തിൽ അവന്റെ ശത്രുക്കളോട് പോരാടാനും നിർദേശം നൽകി. വഞ്ചകരോ അസത്യവാദികളോ ആകരുതെന്നും, ഒരു കുട്ടിയെയോ സ്ത്രീയെയോ വൃദ്ധനെയോ കൊല്ലരുതെന്നും അദ്ദേഹം അവരോട് നിർദ്ദേശിച്ചു. ഒരു മരവും മുറിക്കരുതെന്നും ഒരു കെട്ടിടവും തകർക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ശത്രുക്കൾക്ക് മൂന്ന് മാർഗങ്ങൾ സ്വീകരിക്കാൻ അവസരം നൽകാൻ അദ്ദേഹം കമാൻഡർമാരോട് നിർദ്ദേശിച്ചു: ഒന്നുകിൽ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യുക, അല്ലെങ്കിൽ മുസ്ലീങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് പോകുക, അതുമല്ലെങ്കിൽ കപ്പം നൽകി അവർക്ക് അവിടെ തന്നെ തുടരാവുന്നതാണ്. മൂന്ന് മാർഗ്ഗങ്ങളും അവർ നിരസിച്ചാൽ, മുസ്‌ലിംങ്ങൾ അവരുമായി യുദ്ധത്തിൽ ഏർപ്പെടണം.
നബി (സ) യുടെ വാക്കുകൾ സത്യമായി. ഹദ്‌റത്ത് സൈദ് (റ), ഹദ്‌റത്ത് ജാഫർ (റ), ഹദ്‌റത്ത് അബ്ദുല്ലാഹിബ്നു റവാഹ (റ) എന്നിവർ രക്തസാക്ഷികളായി. ഒടുവിൽ, മുസ്ലീങ്ങളുടെ നിർബന്ധപ്രകാരം ഖാലിദ് ബിൻ വലീദ് (റ) പതാകവാഹകനാവുകയും സുരക്ഷിതമായി അവരെ മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ജനാസ നമസ്കാരങ്ങൾ
തുടര്‍ന്ന് ഖലീഫാ തിരുമനസ്സ് അടുത്തിടെ നിര്യാതരായ ചില പരേതരെ സ്മരിക്കുകയും, അവരുടെ ജനാസ നമസ്ക്കരിക്കുന്നതാണെന്ന് പറയുകയും ചെയ്തു.
ലഈഖ് അഹ്‌മദ് ചീമ:
ഏപ്രിൽ 18 ന് കറാച്ചിയിൽ വെച്ച് ലഈഖ് അഹ്‌മദ് ചീമ രക്തസാക്ഷിയായി. ഒരു ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ചു, നിഷ്കരുണം രക്തസാക്ഷിയാക്കി. കറാച്ചിയിലെ അഹ്‌മദിയ്യാ ഹാളിന് പുറത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടിയതായി വിവരം ലഭിച്ചു. സാഹചര്യങ്ങൾ എന്താണെന്ന് അറിയാൻ ലഈഖ് അഹ്‌മദ് ചീമയെ അയച്ചു. ആൾക്കൂട്ടം അദ്ദേഹത്തെ തിരിച്ചറിഞ്ഞപ്പോൾ ആക്രമിക്കുകയുണ്ടായി. അദ്ദേഹത്തെ വലിച്ചിഴക്കുകയും, ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് അദ്ദേഹത്തെ രക്തസാക്ഷിയാക്കി. സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് പോലീസ് വന്നത്. അതിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോയത്. അദ്ദേഹത്തിന് കാറുകളും മോട്ടോർ സൈക്കിളുകളും നന്നാക്കുന്ന ഒരു വർക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. നല്ല പ്രവൃത്തിക്കും വിശ്വസ്തതക്കും അദ്ദേഹം പേരുകേട്ടവനായിരുന്നു. ജമാഅത്തിന് വേണ്ടി സേവനം ചെയ്യാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹം പതിവായി നമസ്കാരങ്ങൾ അനുഷ്ഠിച്ചിരുന്നു, തന്റെ കുട്ടികളോടും കുടുംബാംഗങ്ങളോടും തൊഴിലാളികളോടും ഇക്കാര്യം ഉപദേശിക്കാറുമുണ്ടായിരുന്നു. അദ്ദേഹം തന്റെ ജോലിയെക്കാൾ പ്രാർത്ഥനകൾക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. അദ്ദേഹം വളരെ ദയയുള്ളവനും സ്നേഹമുള്ളവനുമായിരുന്നു. ഖിലാഫത്തുമായി അദ്ദേഹത്തിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു, വെള്ളിയാഴ്ച ജുമുഅ ഖുത്ബ പതിവായി കാണാറുണ്ടായിരുന്നു. വിശുദ്ധ ഖുർആനിനോട് അദ്ദേഹത്തിന് വലിയ സ്നേഹമുണ്ടായിരുന്നു, അദ്ദേഹം അത് പതിവായി പാരായണം ചെയ്യുകയും കേൾക്കുകയും ചെയ്യുമായിരുന്നു. രക്തസാക്ഷിത്വത്തിന് മുമ്പുതന്നെ, അഹ്മദിയത്തിന്റെ ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന് ഭീഷണികൾ ലഭിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരിക്കലും എതിർപ്പുകളെ ഭയപ്പെട്ടിരുന്നില്ല. യാതൊരു ഭയവുമില്ലാതെ പള്ളിയിൽ പോയി നമസ്കാരം അനുഷ്ഠിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് ഭാര്യമാരും ഏഴ് കുട്ടികളും സഹോദരങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാൾ ഗർഭിണിയാണ്. അല്ലാഹു അദ്ദേഹത്തിന്റെ സ്ഥാനം ഉയർത്തട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കുമാറാകട്ടെ. ശത്രുക്കളെ എത്രയും വേഗത്തിൽ ശിക്ഷിക്കുമാറാകട്ടെ.
اللّٰھُمَّ مَزِّقْھُمْ کُلَّ مُمَزَّقٍ وَ سَحِّقْھُمْ تَسْحِیْقًا
അല്ലാഹുവേ, (ശത്രുക്കളെ) നശിപ്പിക്കുകയും അവരെ തകർത്തുകളയുകയും ചെയ്യേണമേ.
അമത്തുൽ മുസവ്വർ നൂരി:
ഡോ. മസൂദുൽ ഹസ്സൻ നൂരിയുടെ ഭാര്യ അമതുൽ മുസവ്വർ നൂരി. ഹദ്‌റത്ത് മിർസ ശരീഫ് അഹ്മദ് (റ) യുടെ ചെറുമകളും ഖലീഫ തിരുമനസ്സിന്റെ കസിനും ആയിരുന്നു അവർ. ഡോ. നൂരിയുമായുള്ള അവരുടെ വിവാഹം മൂന്നാം ഖലീഫയുടെ (റഹ്) നേരിട്ടുള്ള സാന്നിധ്യത്തിലാണ് നടന്നത്. അവർ പതിവായി നമസ്കാരങ്ങൾ നിർവഹിക്കുകയും, അതിഥികളെ സൽകരിക്കുകയും, ദരിദ്രരെ പരിപാലിക്കുകയും ചെയ്യുമായിരുന്നു, അല്ലാഹുവിൽ വളരെയധികം വിശ്വാസമർപ്പിക്കുകയും ചെയ്തിരുന്നു. അവർ വിശുദ്ധ ഖുർആൻ വളരെ വിശദമായി പഠിച്ചുകൊണ്ടിരുന്നു. മറ്റ് മതങ്ങളെക്കുറിച്ചും പഠിക്കുന്നതിൽ അവർക്ക് താൽപ്പര്യമുണ്ടായിരുന്നു. അവർ ഭർത്താവിന് വളരെയധികം പിന്തുണ നൽകി, നിരവധി ത്യാഗങ്ങളും ചെയ്തു. അവർ വളരെ ക്ഷമയോടെ തന്റെ രോഗത്തെ സഹിച്ചു. അവർക്ക് ഖിലാഫത്തിനോട് വലിയ സ്നേഹമായിരുന്നു. അവർ പരദൂഷണത്തിൽ നിന്നും മറ്റ് ദുഷ്പ്രവൃത്തികളിൽ നിന്നും വിട്ടുനിന്നു. ചരിത്രപരമായ പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ അവർക്ക് താൽപ്പര്യമുണ്ടായിരുന്നു. അവർ മറ്റുള്ളവരോട് കരുതലുള്ളവരായിരുന്നു, മറ്റ് പെൺകുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരെ വിശുദ്ധ ഖുർആൻ പാരായണം പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അവർക്ക് ദൈവമാർഗത്തിൽ ജീവിതം അർപ്പണം ചെയ്തവരോട് വലിയ ബഹുമാനമുണ്ടായിരുന്നു. അല്ലാഹു അവരുടെ പാപങ്ങൾ പൊറുക്കുകയും കരുണയും ചൊരിയുമാറാകട്ടെ.
ഹസ്സൻ സനുഗോ അബൂബക്കർ:
ഹസ്സൻ സനുഗോ അബൂബക്കർ ബുർക്കിന ഫാസോയിലെ ഒരു പ്രാദേശിക മിഷനറിയായിരുന്നു. റമദാനിൽ അദ്ദേഹം ദിവസവും വിശുദ്ധ ഖുർആനിനെക്കുറിച്ചുള്ള ഒരു ക്ലാസ് നടത്തുമായിരുന്നു, അത് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുമായിരുന്നു. അൽ-അസ്ഹർ സർവകലാശാലയിൽ അറബി പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം ഐവറി കോസ്റ്റിൽ സ്ഥിരതാമസമാക്കി, അവിടെ ഒരു സ്കൂൾ സ്ഥാപിച്ചു. അഹ്മദി മിഷനറിമാർ ആ പ്രദേശത്തേക്ക് പ്രചാരണത്തിനായി പോയി, ഹസ്സൻ സനുഗോ അബൂബക്കർ അഹ്മദികളെ നേരിടാനും അവർ തെറ്റാണെന്ന് തെളിയിക്കാനും പോയി. എന്നിരുന്നാലും, അവരുമായി സംസാരിച്ചപ്പോൾ, അവർ സത്യത്തിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. പിന്നീട് അദ്ദേഹം അഹ്മദിയ്യത്ത് സ്വീകരിച്ചു. പിന്നീട് അദ്ദേഹം സ്കൂൾ വിട്ട് ഇസ്ലാം അഹ്മദിയ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗപാടവം, അറിവ്, പ്രാവീണ്യം എന്നിവ കാരണം എതിരാളികൾ അദ്ദേഹവുമായി സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. നിരവധി പേരെ അഹ്മദിയ്യത്ത് സ്വീകരിക്കാൻ അദ്ദേഹം സഹായിച്ചു.
അദ്ദേഹത്തിന് ഉമ്മ, ഭാര്യ, സഹോദരങ്ങൾ, മൂന്ന് കുട്ടികൾ, പേരക്കുട്ടികൾ എന്നിവർ ഉണ്ട്. അദ്ദേഹം നിർബന്ധ നമസ്കാരങ്ങളും ഐച്ഛിക നമസ്കാരങ്ങളും പതിവായി നിർവഹിച്ചിരുന്നു. രോഗാവസ്ഥയിൽ പോലും അദ്ദേഹം ഒരു പ്രാർത്ഥനയും നഷ്ടപ്പെടുത്തിയിരുന്നില്ല. കണ്ടുമുട്ടിയ എല്ലാവരോടും അദ്ദേഹം ദയയോടെ പെരുമാറിയിരുന്നു, വിശുദ്ധ ഖുർആനിനോട് അദ്ദേഹത്തിന് വലിയ സ്നേഹമുണ്ടായിരുന്നു, പരിശുദ്ധ പ്രവാചകനെയും അദ്ദേഹം സ്നേഹിച്ചിരുന്നു. ഒരു മിഷനറി ആകുക എന്നതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹം ജീവിച്ചു കാണിച്ചു, മറ്റ് മിഷനറിമാർക്ക് അദ്ദേഹം ഒരു മാതൃകയായിരുന്നു. അല്ലാഹു ഈ രീതിയിൽ ജീവിതം അർപ്പിക്കുന്നവരെ ജമാഅത്തിന് നൽകുമാറാകട്ടെ. അല്ലാഹു അദ്ദേഹത്തിന്റെ സ്ഥാനം ഉയർത്തുമാറാകട്ടെ.
0 Comments