അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മെയ് 9, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം:കെ. ഐ. ഗുലാം അഹ്‍മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) മുഅ്ത്ത യുദ്ധത്തെ കുറിച്ചുള്ള വിവരണങ്ങൾ തുടരുന്നതാണെന്ന് പറഞ്ഞു.
മുഅ്ത്ത യുദ്ധം
മുഅ്ത്ത യുദ്ധത്തിൽ മുസ്‌ലിങ്ങൾ റോമക്കാരോട് ഏറ്റുമുട്ടിയ സമയത്ത് ഒരു റോമൻ യോദ്ധാവ് മുസ്ലീങ്ങളെ വെല്ലുവിളിച്ചു. ഇതുകേട്ട് ഒരു യമനി മുസ്‌ലിം പെട്ടെന്ന് മുന്നോട്ടു ചാടി റോമക്കാരന്റെ കുതിരയുടെ കാലിന്റെ പിന്നിലെ ഞരമ്പ് മുറിച്ചു. മാത്രമല്ല റോമാക്കാരന്റെ വാൾ പിടിച്ചെടുത്ത് അയാളെ വധിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന കവചങ്ങളും ആയുധങ്ങളും എടുത്തു. മുസ്‌ലീങ്ങൾ യുദ്ധം ജയിച്ചപ്പോൾ, ഖാലിദ് ബിൻ വലീദ്(റ) ആ യമനിയോട് കീഴടക്കിയ സാമഗ്രികളിൽനിന്ന് കുറച്ച് ഭാഗം യുദ്ധ മുതലുകളുമായി കൂട്ടിച്ചേർക്കാൻ സന്ദേശമയച്ചു. ഹദ്റത്ത് ഔഫ്(റ) ഹദ്റത്ത് ഖാലിദ്(റ)നോട് പറഞ്ഞു, ലഭ്യമായ നിർദേശപ്രകാരം യുദ്ധമുതലുകൾ ശത്രുവിനെ കീഴടക്കിയ വ്യക്തിക്ക് തന്നെ നൽകേണ്ടതാണ്. ഹദ്റത്ത് ഖാലിദ് (റ) പറഞ്ഞു, എനിക്ക് മനസ്സിലായി, എന്നാൽ യമനി വ്യക്തി കൈവശപ്പെടുത്തിയത് അധികമാണെന്ന് കരുതുന്നു.
ഈ കാര്യം നബി തിരുമേനി(സ)യെ അറിയിച്ചപ്പോൾ, ഹദ്‌റത്ത് ഖാലിദ്(റ)നോട് യമനി മുസ്‌ലിമിന് ആ യുദ്ധമുതൽ തിരികെ നൽകാൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശം കേട്ട് ഹദ്‌റത്ത് ഓഫ്(റ) ഹദ്റത്ത് ഖാലിദ്(റ)നോട് താൻ മുൻപേ തന്നെ ഇത് പറഞ്ഞതല്ലേ എന്നും തന്റെ അഭിപ്രായം ശരിയായിരുന്നു എന്നും പ്രസ്താവിച്ചു. നബി തിരുമേനി(സ) അവരുടെ ഈ സംഭാഷണം കേൾക്കുകയും കാര്യമെന്താണെന്ന് ആരായുകയും ചെയ്തു. സംഭവം വീണ്ടും നബിതിരുമേനി(സ)ൻ്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ ആ മഹാത്മാവ് ഹദ്റത്ത് ഖാലിദ്(റ)നോട് യമനി മുസ്‌ലിമിന് യുദ്ധമുതലുകൾ തിരികെ നൽകേണ്ടതില്ല എന്ന് നിർദ്ദേശിച്ചു. നിയമിതനായ ഒരു നേതാവിനെ ബഹുമാനിക്കണമെന്ന് ഒരു പാഠം പഠിപ്പിക്കാനാണ് അദ്ദേഹം ഇത് ചെയ്തത്.
മുഅ്ത്ത യുദ്ധവേളയിൽ ലഭിച്ച യുദ്ധമുതലുകളിൽ ഒരു മോതിരവും ഉണ്ടായിരുന്നു. അത് നബി തിരുമേനി(സ)ക്ക് സമർപ്പിച്ചപ്പോൾ ഹദ്റത്ത് ജാബിർ(റ) പറയുന്നു പിന്നീട് അത് അദ്ദേഹത്തിന് ലഭിച്ചു.
ഹദ്റത്ത് ഖാലിദ്(റ) പറഞ്ഞതനുസരിച്ച് അദ്ദേഹം 9 വാളുകൾ പൊട്ടിച്ചു. രേഖകൾ അനുസരിച്ച് ഈ യുദ്ധത്തിൽ 3000 മുസ്‌ലീംകളും 2 ലക്ഷം റോമൻ യോദ്ധാക്കളുമായിരുന്നു കളത്തിൽ ഇറങ്ങിയത്. മുസ്‌ലീംകൾക്ക് യുദ്ധമുതലുകൾ ലഭിച്ചിരുന്നു എന്നത് കളത്തിൽ അവർ വിജയിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ്.
ഹദ്റത്ത് ജഅ്ഫർ(റ) രക്തസാക്ഷിത്വം വഹിച്ച ദിവസം നബിതിരുമേനി(സ) അദ്ദേഹത്തിന്റെ മക്കളെ തന്റെ അടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ മഹാത്മാവ് അവരെ ചേർത്തുപിടിച്ച് കരയാൻ തുടങ്ങി. ഹദ്റത്ത് ജഅ്ഫർ(റ)നെ കുറിച്ച് എന്തെങ്കിലും വാർത്ത വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ(സ) മറുപടി നൽകി ‘ ജഅ്ഫറിന് രക്തസാക്ഷിത്വത്തിന്റെ കിരീടം നൽകപ്പെട്ടിരിക്കുന്നു’. അദ്ദേഹത്തിന്റെ കുടുംബം ദുഃഖിക്കുന്ന സമയത്ത് അവരുടെ വീട്ടിൽ ഭക്ഷണം എത്തിക്കുവാൻ കല്പിക്കുകയും ചെയ്തു.
നബി തിരുമേനി(സ) മിമ്പറിൽ കയറി ഹദ്‌റത്ത് സൈദ്(റ), ഹദ്‌റത്ത് ജഅ്ഫർ(റ), ഹദ്‌റത്ത് ഇബ്നു റവാഹ(റ) എന്നിവരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് ജനങ്ങൾക്ക് വിവരം നൽകി. ഈ സംഭവം നടന്ന ദിവസം തന്നെ അദ്ദേഹം അറിയിച്ചു. യുദ്ധക്കളത്തിൽ നിന്ന് ഔദ്യോഗികമായ വാർത്ത വന്നില്ലായിരുന്നു എങ്കിലും അദ്ദേഹത്തിന് ഇതിനെക്കുറിച്ചുള്ള അറിവ് ദിവ്യ വെളിപാടുകൾ മുഖേന ലഭിച്ചിരുന്നു. നബി തിരുമേനി (സ) ജനങ്ങൾക്ക്, ‘ഇസ്ലാമിൻറെ പതാക അല്ലാഹുവിന്റെ വാളുകളിൽ ഒരാൾ ഏറ്റെടുത്തിരിക്കുന്നു’ എന്ന വിവരവും നൽകി. മറ്റൊരു നിവേദനം അനുസരിച്ച് ഒരു ദൂതൻ വാർത്തയുമായി എത്തി. അപ്പോൾ നബി തിരുമേനി (സ) ‘എനിക്കും ഞാൻ കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ ചില വാർത്തകൾ അറിയിക്കുവാൻ ഉണ്ടെന്ന് പറയുകയും രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരം നൽകുകയും ചെയ്തു. ഇത് കേട്ടപ്പോൾ വാർത്തയുമായി വന്ന ദൂതൻ നബി തിരുമേനി (സ) അറിയിച്ച കാര്യങ്ങൾ തികച്ചും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി.
ഹദ്‌റത്ത് മീർസാ ബശീറുദ്ദീൻ മഹ് മൂദ് അഹ്‌മദ് (റ) വിശദീകരിക്കുന്നു, ഈ യുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ വാർത്ത മദീനയിൽ എത്തിയപ്പോൾ, കുടുംബാംഗങ്ങൾ ഇസ്ലാമിക അധ്യാപനങ്ങൾ അനുസരിച്ച് ദുഃഖം പ്രകടിപ്പിച്ചു. അതുപോലെ, നബി തിരുമേനി(സ) പറഞ്ഞു, ‘ജഅ്ഫറിന് വേണ്ടി കരയാൻ ആരും ഇല്ല’. ഇത് വിലപിച്ച് കരയാൻ വേണ്ടിയുള്ള ഉത്തരവല്ലായിരുന്നു, മറിച്ച് അനുശോചനത്തിന്റെ വാക്കുകൾ ആയിരുന്നു. അല്ലാഹുവിന്റെ ദൂതൻ കരയാതിരുന്നത് പോലെ മറ്റുള്ളവരും ക്ഷമ കൈക്കൊള്ളണം എന്ന് പഠിപ്പിക്കുക ആയിരുന്നു ഇതു മുഖേന ഉദ്ദേശിച്ചത്. എന്നാൽ മുസ്‌ലിംകൾ ഇത് കേട്ടപ്പോൾ തങ്ങളുടെ സ്ത്രീകളുടെ അടുക്കൽ ചെന്ന് പറഞ്ഞു നിങ്ങൾ സ്വന്തം വീട്ടിൽ കരയുന്നതിന് പകരം ജഅ്ഫറിന്റെ വീട്ടിൽ പോയി കരയുക. നബി തിരുമേനി(സ)ക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചപ്പോൾ ഇതെന്താണ് സംഭവമെന്ന് ചോദിച്ചു. മുസ്‌ലീംകൾ പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതൻ പറഞ്ഞ കാര്യം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഞങ്ങളുടെ സ്ത്രീകളെ ജഅ്ഫറിന്റെ വീട്ടിലേക്ക് കരയാൻ പറഞ്ഞയച്ചത്’. ‘ഇതല്ല താൻ ഉദ്ദേശിച്ചത് എന്നും സ്ത്രീകളോട് കരച്ചിൽ നിർത്താൻ പറയുക എന്നും നബിതിരുമേനി(സ) കൽപ്പിച്ചു. ഒരു മുസ്ലിം സ്ത്രീകളുടെ അടുക്കൽ ചെന്നു കരച്ചിൽ നിർത്താൻ പറഞ്ഞപ്പോൾ അല്ലാഹുവിന്റെ ദൂതൻ സ്ത്രീകളോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു, അതുകാരണം ഞങ്ങൾ നിർത്തുകയില്ല എന്നു പറയുകയുണ്ടായി. ഈ വിവരം നബി തിരുനബി(സ)നെ അറിയിച്ചപ്പോൾ ആ മഹാത്മാവ് പറഞ്ഞു, ‘അവരുടെ തലയിൽ മണ്ണിടുക’. ഇത് ഒരു അറബി സംസാര വാചകത്തിന്റെ പദാനുപദ പരിഭാഷയാണ്. ഇതിൻറെ ഉദ്ദേശ്യം ‘അവരെ വിട്ടേക്ക്’ എന്നായിരുന്നു. എന്നാൽ ആ മുസ്‌ലിം വ്യക്തി ഇതു മനസ്സിലാക്കാതെ അക്ഷരാർത്ഥത്തിൽ എടുത്ത് സ്ത്രീകളുടെ തലയിൽ മണ്ണിടാൻ തുടങ്ങി. ഇത് ഒരു അറബി ഭാഷാപ്രയോഗമാണെന്നും നബി തിരുമേനി(സ) ഇതല്ല ഉദ്ദേശിച്ചതെന്നും ഹദ്റത്ത് ആയിശ(റ) ആ വ്യക്തിക്ക് വിശദീകരിച്ചു കൊടുത്തു. ഈ സംഭവം സൂചിപ്പിക്കുന്നത് ചിലർ ആലങ്കാരിക പദപ്രയോഗങ്ങൾ മനസ്സിലാക്കാതെ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു. ഇവിടെ ആ മുസ്ലിമിന് മനസ്സിലാകാതിരുന്നപ്പോൾ ഹദ്റത്ത് ആയിഷ(റ)യാണ് അവരുടെ വിവേക ബുദ്ധി മുഖേന അത് വിശദീകരിച്ചു കൊടുത്തത്. എന്നിരുന്നാലും അനുചരന്മാർക്ക് നബി തിരുമേനി(സ)നോടുണ്ടായിരുന്ന അഗാധമായ സ്നേഹത്തെയും അനുസരണയെയും സൂചിപ്പിക്കുന്ന സംഭവമായിരുന്നു ഇത്.
നിവേദനങ്ങൾ അനുസരിച്ച് 12 മുസ്‌ലീംകളാണ് ഈ യുദ്ധത്തിൽ രക്തസാക്ഷികൾ ആയത്. ഇതൊരു ദിവ്യാത്ഭുതമാണ്. രണ്ട് സൈന്യങ്ങൾ തമ്മിൽ അംഗബലത്തിൽ ഇത്രയും അന്തരം ഉണ്ടായിട്ട് കൂടി, മുസ്‌ലിം പക്ഷത്ത് വളരെ കുറഞ്ഞ പടയാളികൾ മാത്രമേ രക്തസാക്ഷികൾ ആയിരുന്നുള്ളൂ. ശത്രുപക്ഷത്തെ ഒരുപാട് പടയാളികൾ വധിക്കപ്പെടുകയും അവസാനം സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
മുസ്‌ലിം സൈന്യം മദീനയിൽ തിരിച്ചെത്തിയപ്പോൾ നബി തിരുമേനി(സ)വും അനുചരന്മാരും അവരെ വരവേറ്റു. എന്നാൽ, മദീനയിലെ ചില മുസ്‌ലിംകൾ ഈ സൈന്യം പിന്തിരിഞ്ഞു വരരുതായിരുന്നു എന്നും, പോരാട്ടത്തിൽ എല്ലാവരും രക്തസാക്ഷിത്വം വരിക്കണമായിരുന്നു എന്നും ചിന്തിച്ചു. അവരിൽ ചിലർ ഈ സൈനികരെ ഓടിരക്ഷപ്പെട്ടവർ എന്ന് പരിഹസിക്കുകയും ചെയ്തു. അപ്പോൾ നബിതിരുമേനി (സ) പ്രതികരിച്ചു, അവർ പിന്തിരിഞ്ഞോടിയവരല്ല, മറിച്ച് ശത്രുവിന് നേരെ തിരിഞ്ഞു പോരാട്ടം നടത്തിയ ധീരന്മാരാണ്.
ഹദ്റത്ത് അംറ് ഇബ്നുൽ ആസ്(റ)ൻ്റെ സൈനിക നീക്കം
ഹിജ്റ എട്ടാം വർഷം ജമാദിഉസ്സാനി മാസത്തിൽ നടന്ന ‘അംറ് ഇബ്നുൽ ആസ് നയിച്ച ഒരു സൈനിക നീക്കമായിരുന്നു ഇത്. ബനൂ ഖുസാഅയിൽപ്പെട്ട ഒരു ഗോത്രം മദീനയുടെ അടുത്തായി മുസ്‌ലിംകളെ ആക്രമിക്കാൻ ഒരുങ്ങിയിരിപ്പുണ്ടെന്ന് നബിതിരുമേനി(സ)ക്ക് വിവരം ലഭിച്ചു. അവരെ തടയുന്നതിന് വേണ്ടി ഹദ്‌റത്ത് ‘അംറ് ഇബ്നുൽ ആസ്(റ) മുന്നൂറ് മുസ്‌ലിംകൾ അടങ്ങിയ സംഘത്തിൻ്റെ നേതാവായി നിയമിച്ചു. നബി തിരുമേനി(സ) അദ്ദേഹത്തിന് ഒരു വെള്ളക്കൊടിയും ഒരു കറുത്ത കൊടിയും നൽകി. ഈ സൈന്യം രാത്രിയിൽ യാത്ര ചെയ്യുകയും പകൽ ഒളിച്ചിരിക്കുകയും ചെയ്തു. അങ്ങനെ അവർ സലാസിൽ എന്നറിയപ്പെടുന്ന പ്രശസ്തമായ ഒരു സ്ഥലത്തെത്തി. അവിടെ എത്തിയപ്പോഴാണ് ശത്രുസൈന്യം വളരെ വലുതാണെന്ന് മുസ്‌ലിംകൾക്ക് മനസ്സിലായത്. ഈ സാഹചര്യത്തിൽ ഹദ്റത്ത് അംറ് (റ) കൂടുതൽ പടയാളികളെ സഹായത്തിനായി അയക്കാൻ ആവശ്യപ്പെടുകയും നബി തിരുമേനി(സ) അത് അംഗീകരിക്കുകയും ചെയ്തു. ഹദ്‌റത്ത് അബൂബക്കർ(റ)വും, ഹദ്‌റത്ത് ഉമർ(റ)വും ഈ സൈന്യത്തിൽ ഉണ്ടായിരുന്നു. രാത്രിയായപ്പോൾ മുസ്‌ലിംകൾ തണുപ്പ് മാറ്റാൻ തീയിടാൻ ഒരുങ്ങി. എന്നാൽ ഹദ്റത്ത് അംറ് (റ) അവരെ അതിൽ നിന്നും വിലക്കി. പിന്നീട് അദ്ദേഹം നബിതിരുമേനി(സ)നോട് ഇതിൻ്റെ കാരണം വിശദീകരിച്ചു. ശത്രുക്കൾ നമ്മുടെ എണ്ണം മനസ്സിലാക്കുകയും, കൂടുതൽ ആളുകളെ വിളിച്ചുവരുത്തി നമ്മളെ ആക്രമിക്കുകയും ചെയ്യാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നബി തിരുമേനി(സ) ഹദ്റത്ത് അംറ്(റ)ൻ്റെ ഈ തന്ത്രത്തെ അഭിനന്ദിച്ചു.
മുസ്‌ലിം സൈന്യം ശത്രുക്കൾ ഒരുമിച്ചുകൂടിയ സ്ഥലത്തെത്തിയപ്പോൾ, അവർ ഓടിപ്പോയിരുന്നു. അവിടെ ചെറിയൊരു സംഘവുമായി മാത്രമാണ് പോരാട്ടം നടന്നത്. മുസ്‌ലിംകൾ യുദ്ധമുതലുകൾ ശേഖരിക്കുകയും മദീനയിലേക്ക് തിരികെ പോവുകയും ചെയ്തു.
ഹദ്‌റത്ത് അബൂ ഉബൈദ ഇബ്നുൽ ജർറാഹ്(റ)ൻ്റെ സൈനിക നീക്കം
ഈ പടനീക്കം ഹിജ്റ എട്ടാം വർഷം റജബ് മാസത്തിലായിരുന്നു നടന്നത്. ചെങ്കടലിന്റെ തീരത്ത് നബിയുടെ അനുചരന്മാർ തമ്പടിച്ചതുകൊണ്ട് ഇതിനെ സീഫുൽ ബഹ്റിൻ്റെ (കടൽത്തീര) പടനീക്കം എന്നും അറിയപ്പെടുന്നു. ഹദ്റത്ത് ഉമർ(റ) ഉൾപ്പെടെ 300 മുസ്‌ലിംകൾ അടങ്ങിയ ഈ സൈനിക നീക്കത്തിന്റെ നേതാവായി ഹദ്റത്ത് അബൂ ഉബൈദ ഇബ്നുൽ ജർറാഹ്(റ) നിയമിക്കപ്പെട്ടു. ഖുറൈശികളുടെ ഒരു കച്ചവട സംഘത്തെ ജുഹൈന ഗോത്രത്തിൽ നിന്നുള്ള ഭീഷണിയിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യം. ഇത് ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തിലായിരുന്നു. മുസ്‌ലീംകൾ യുദ്ധത്തിന് പുറപ്പെട്ടില്ലെന്നും, ഈ സൈനിക നീക്കത്തിന്റെ വിശദാംശങ്ങളിൽ ഒരു യുദ്ധത്തെക്കുറിച്ചും പരാമർശമില്ലെന്നും ഇത് വ്യക്തമാക്കുന്നു.
ഈ വിശദാംശങ്ങളും മക്ക വിജയം പോലുള്ള സംഭവങ്ങളും തുടർന്നും പറയുന്നതാണെന്ന് ഖലീഫാ തിരുമനസ്സ്(അയ്യദഹുല്ലാഹ്) പറയുകയുണ്ടായി. ഖുതുബകളിൽ പരേതരെയും ചില രക്തസാക്ഷികളെയും കുറിച്ച് പരാമർശിക്കാൻ സമയം എടുത്തതുകൊണ്ട് ഈ പരമ്പര കുറച്ച് നീണ്ട് പോയിരിക്കുന്നു.
വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കുള്ള അഭ്യർത്ഥന
പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള യുദ്ധം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദുആയിലേക്ക് പ്രത്യേകം ശ്രദ്ധ ക്ഷണിക്കുകയാണ്. സമാധാനവും ഐക്യവും നിലനിൽക്കുമാറാകട്ടെ, ഈ ദിവസങ്ങളിൽ യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ സാധാരണക്കാരെ കൊല്ലുന്നതിന് കാരണമാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ഇരുപക്ഷവും സമാധാനത്തിന് സമ്മതിക്കുകയും വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിന് നാം പ്രത്യേകം ദുഅ ചെയ്തു കൊണ്ടിരിക്കണം.
സോഷ്യൽ മീഡിയയുടെ ഉപയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
സോഷ്യൽ മീഡിയയിലൂടെയോ അല്ലെങ്കിൽ ഇന്റർനെറ്റിലൂടെയോ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവർക്കിഷ്ടമുള്ളത് പറയാനും സാധിക്കുമെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അവർ ആഗ്രഹിക്കുന്നത് എന്തും അവർ പ്രകടിപ്പിക്കുന്നു. അഹ്‌മദികൾ അത്തരം പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണം, കാരണം ഈ പ്രകടനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അവർക്ക് എന്തെങ്കിലും പ്രകടിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമായിരിക്കണം. വാഗ്ദത്ത മസീഹ് (അ) തൻ്റെ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ ‘മൈത്രിയുടെ സന്ദേശം’ എഴുതുകയും അതിൽ സമാധാനവും ഐക്യവും ഉണ്ടാകണമെന്ന് ആ മഹാത്മാവ് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഓരോ അഹ്‌മദിയും ഇതിനുവേണ്ടി പരിശ്രമിക്കണം. അല്ലാഹു എല്ലാ നിരപരാധികളെയും സംരക്ഷിക്കട്ടെ.
ഈ തീ ആളിക്കത്തിക്കാൻ ചില വലിയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ഇരുപക്ഷവും പോരടിച്ച് ദുർബലരാകാൻ അവർ ആഗ്രഹിക്കുന്നുവെന്നും തോന്നുന്നു. അവരുടെ ദുഷ്കർമ്മങ്ങളിൽ നിന്ന് അല്ലാഹു കാത്തുരക്ഷിക്കട്ടെ.
പലസ്തീനിലെ ജനങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു അവർക്ക് എളുപ്പം പ്രദാനം ചെയ്യുകയും അവരുടെ നാട്ടിൽ അവർക്ക് സമാധാനപരമായി ജീവിക്കാൻ സാധിക്കുകയും ചെയ്യട്ടെ. സമാധാനത്തിനുള്ള സാധ്യതയൊന്നും അവിടെ കാണുന്നില്ല. പകരം അവരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലീം രാജ്യങ്ങൾക്ക് അല്ലാഹു ബുദ്ധി നൽകട്ടെ, എന്നെന്നേക്കുമായി അവർക്ക് ഐക്യപ്പെടാൻ സാധിക്കട്ടെ. അവർ ഒന്നിച്ചാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നവർ തെറ്റാണ് ധരിച്ചു വെച്ചിരിക്കുന്നത്, കാരണം അത് എല്ലാവരെയും ബാധിക്കും. അല്ലാഹു എല്ലാവരെയും സംരക്ഷിക്കട്ടെ.
ഖുതുബയുടെ അവസാനം ഖലീഫ തിരുമനസ്സ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ദൈവത്തിലേക്ക് തിരിയുക എന്നതാണ് ഏക പരിഹാരം. രക്ഷനേടാൻ ഇതിനപ്പുറം മറ്റൊരു പാതയുമില്ല. ഈ രീതിയിൽ പ്രവർത്തിക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
0 Comments