തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് - മറ്റ് മാർഗമേതുമില്ല.

തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് - മറ്റ് മാർഗമേതുമില്ല.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 13 ജൂണ്‍ 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി എം വസീം അഹ്‌മദ്‌

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിനു ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: കുറച്ചു ഖുത്തുബകൾ മുൻപ് ഞാൻ മക്കാ വിജയത്തെ കുറിച്ച് പരാമർശിച്ചു വരുകയായിരുന്നു. ഇന്ന് മക്കാ വിജയത്തെ കുറിച്ചുള്ള പരാമർശം തുടരുകയാണ്.

ഖുറൈശികൾ ഹുദൈബിയ സന്ധി ലംഘിക്കുന്നു

ഖുറൈശികൾ ഹുദൈബിയ സന്ധി ലംഘിച്ചതായിരുന്നു മക്കാ വിജയത്തിലേക്ക് നയിച്ച പെട്ടെന്നുണ്ടായ കാരണം. അവർ സന്ധി ലംഘിച്ചതിന് ശേഷം മുസ്‌ലീങ്ങൾക്കെതിരിൽ യുദ്ധം ചെയ്യുമെന്ന് അഹങ്കാരത്തോടെ നബിതിരുമേനി[സ]യെ വെല്ലുവിളിക്കുകയും ചെയ്തു. അതിനാൽ നബിതിരുമേനി[സ] മക്ക ലക്ഷ്യമാക്കി പുറപ്പെടുകയാണ് ചെയ്തത്. 

ഹുദൈബിയ സന്ധി പ്രകാരം അറേബിയയിലെ ഗോത്രങ്ങൾക്ക് ഖുറൈശികളുമായോ മുസ്‌ലിങ്ങളുമായോ സന്ധിയിലേർപ്പെടാവുന്നതാണ്. ഇപ്രകാരം ഹറമിന് അടുത്ത പ്രദേശത്ത് വസിച്ചിരുന്ന രണ്ട് ഗോത്രങ്ങളായിരുന്നു ബനൂ ഖുസാഅയും ബനൂ ബക്കറും. ഇതിൽ ബനൂ ഖുസാഅ മുസ്‌ലിങ്ങളുമായി സന്ധിയിലേർപ്പെട്ടു. ബനൂ ബക്കർ ഖുറൈശികളുമായി സന്ധിയിലേർപ്പെട്ടു. രണ്ട് ഗോത്രങ്ങളും ഇസ്‌ലാമിന് മുൻപേ തന്നെ പര്സപര വൈരികളായിരുന്നു. നബിതിരുമേനി[സ]യുടെ ആഗമനത്തിന് ശേഷവും  ശത്രുത തുടർന്ന് വന്നു. ഹുദൈബിയ സന്ധിക്ക് ശേഷം ഒരിക്കൽ ബനൂ ബക്കറിലെ വ്യക്തി നബിതിരുമേനി[സ]യെ കുറിച്ച് വളരെ മോശമായ ഒരു കവിത  ചൊല്ലി. ഇത് ബനൂ ഖുസാഅ ഗോത്രത്തിലെ ഒരു യുവാവിനെ ചൊടിപ്പിക്കുകയും കവിത ചൊല്ലിയ വ്യക്തിയെ വധിക്കുകയും ചെയ്തു. ഈ കാരണം കൊണ്ട്  പ്രശ്നം ഉടലെടുത്തു. ബനൂ ബക്കർ ഖുറൈശികളോട് സഹായമഭ്യർത്ഥിച്ചു. അബൂ സുഫിയാൻ അവരെ സഹായിക്കുന്നതിന് എതിര് നിന്നെങ്കിലും ബനൂ ബക്കറിനെ സഹായിക്കാമെന്ന് ഖുറൈശികൾ സമ്മതിച്ചു.

ബനൂ ഖുസാഅക്കെതിരിൽ രഹസ്യമായ ആക്രമണം നടന്നു. ഹുദൈബിയ സന്ധി പ്രാബല്യത്തിൽ ഉള്ളതിനാൽ ഒരു ആക്രമണം ഉണ്ടാകില്ല, തങ്ങൾ സുരക്ഷിതരാണ് എന്നായിരുന്നു ബനൂ ഖുസാഅ കരുതിയത്. രാത്രി ഏറെ വൈകിയ സമയത്ത് ബനൂ ഖുസാഅയിലെ  എല്ലാവരും, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ബലഹീനരുമായിരുന്നു, ഉറങ്ങുന്ന സമയത്ത് ആക്രമണം അഴിച്ചു വിട്ടു. ബനൂ ഖുസാഅയിലെ 20 പുരുഷൻമാർ വധിക്കപ്പെട്ടു.

അവർ ഉടമ്പടി ലംഘിച്ചു എന്ന് തിരിച്ചറിഞ്ഞ ഖുറൈശികൾ അസ്വസ്ഥരായി. ഇതിനർത്ഥം നബിതിരുമേനി[സ] നമ്മെ ആക്രമിക്കും എന്നതാണെന്ന് അബൂ സുഫിയാൻ പറഞ്ഞു. അബൂ സുഫിയാനിന്‍റെ ഭാര്യ ഹിന്ദ് രക്തം ഒഴുകുന്നതായി സ്വപ്നം കണ്ടിരുന്നു. ഇത് രക്തച്ചൊരിച്ചിലാണ് സൂചിപ്പിക്കുന്നത്.

നബിതിരുമേനി[സ]യുടെ ദർശനം

ബനൂ ഖുസാഅക്കെതിരിലുള്ള ഈ ആക്രമണത്തെ കുറിച്ച് ഒരു ദർശനത്തിലൂടെ അല്ലാഹു നബിതിരുമേനി[സ]ക്ക് അറിയിച്ചു കൊടുത്തു. അദ്ദേഹത്തിന്‍റെ പത്നി ഹദ്റത്ത് മൈമൂന[റ] പറയുന്നു: നബിതിരുമേനി[സ] പ്രഭാതത്തിൽ എഴുന്നേറ്റത്തിന് ശേഷം അംഗശുദ്ധി വരുത്തുന്നതിനിടയിൽ മൂന്ന് തവണ “ഞാൻ ഹാജരാകുന്നു” എന്നും  “നീ സഹായിക്കപ്പെട്ടിരിക്കുന്നു” എന്നും പറഞ്ഞു. അദ്ദേഹം തിരികെ വന്നപ്പോൾ ഹദ്റത്ത് മൈമൂന ചോദിച്ചു; താങ്കൾ ആരോടെങ്കിലും സംസാരിക്കുകയായിരുന്നോ.? അപ്പോൾ നബിതിരുമേനി[സ] തന്‍റെ ദർശനം അവരെ കേൾപ്പിച്ചു. ഹദ്റത്ത് ആയിശ[റ] ഈ ദർശനത്തെ കുറിച്ച് അറിഞ്ഞപ്പോൾ അവർ ചോദിച്ചു; ഒരു ഉടമ്പടി ഉണ്ടെന്ന് അറിയാമായിരുന്നിട്ടും ഖുറൈശികള്‍ ഇപ്രകാരം ചെയ്യുമോ. നബിതിരുമേനി[സ] പറഞ്ഞു: ഇതെല്ലാം അല്ലാഹുവിന്‍റെ പദ്ധതിയനുസരിച്ച് നടക്കുന്നതാണ്. അവസാനം ഇത് മുസ്‌ലിങ്ങൾക്ക് ഗുണകരമായി ഭവിക്കുകയും ചെയ്യും.

ബനൂ ഖുസാഅയിൽ നിന്ന് ഒരു അവരുടെ തലവനും ഉൾപ്പെടുന്ന ഒരു സംഘം നബിതിരുമേനി[സ]യെ കാണുന്നതിനും സഹായമർത്ഥിക്കാനുമായി യാത്ര തിരിച്ചു. അവർ പള്ളിയിൽ സഹാബികളോടൊപ്പം ഇരുന്ന് നബിതിരുമേനി[സ]യോട് നടന്ന സംഭവമെല്ലാം വിവരിച്ചു. നബിതിരുമേനി[സ] അവരെ സഹായിക്കാമെന്ന്  അറിയിച്ചു. ഇതിനെല്ലാം ആരാണ് ഉത്തരവാദി എന്ന് നബിതിരുമേനി[സ] ചോദിച്ചു. ബനൂ ബക്കർ ഗോത്രമാണ് ഉത്തരവാദി എന്നവർ പറഞ്ഞു. അവർ തിരികെ പോകാനൊരുങ്ങിയപ്പോൾ, അവർ വെവ്വേറെ സംഘങ്ങളായി വ്യത്യസ്ത വഴികളിലൂടെ തിരികെ പോകണമെന്നും ഒരുമിച്ച് പോകരുതെന്നും നബിതിരുമേനി[സ] നിർദേശിച്ചു. ബനൂ ഖുസാഅ സഹായമഭ്യർഥിച്ച വിവരം പരസ്യമാകാതിരിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്. ബനൂ ഖുസാഅക്ക് വന്ന് ചേർന്ന ദുർഘടത്തെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ നബിതിരുമേനി[സ] വളരെ നീരസം പ്രകടിപ്പിക്കുകയും തനിക്ക് കഴിയുന്ന രീതിയിൽ അവരെ സഹായിക്കാമെന്നും അറിയിച്ചു.

നബിതിരുമേനി[സ] ഹദ്റത്ത് സംറ[റ] നെ ഖുറൈശികളിലേക്ക് അയക്കുകയും അവരുടെ മുന്നിൽ മൂന്ന് നിർദേശങ്ങൾ വെക്കുകയും ചെയ്തു.

  1. വധിക്കപ്പെട്ടവർക്ക് നഷ്ടപരിഹാര തുക നൽകുക.
  2. ബനൂ ബക്കറിന്‍റെ ശാഖയായ ബനൂ നഫസഹിനോട് ബന്ധം വിച്‌ഛേദിക്കുന്നുവെന്ന് പ്രഖ്യാപിക്കുക.
  3. ഹുദൈബിയ സന്ധി അവസാനിപ്പിക്കുക.

ഈ നിർദേശങ്ങൾ ഖുറൈശി നേതാക്കൻമാർക്ക് മുന്നിൽ വെച്ചപ്പോൾ  അവർ പറഞ്ഞു; ഇത്രയും ആളുകൾക്ക് നഷ്ടപരിഹാരം നൽകിയാൽ ഞങ്ങൾ   ദരിദ്രരാകുന്നതാണ് എന്നതിനാൽ അത്  സാധ്യമല്ല. ബനൂ നഫസഹുമായി ബന്ധം വിച്ഛേദിക്കാനും കഴിയില്ല. അതിനാൽ ഞങ്ങൾ പ്രവാചകനുമായി യുദ്ധം ചെയ്യുന്നതാണ്, ഇപ്രകാരം സന്ധി അസാധുവാകുന്നതുമാണ്. ഹദ്റത്ത് സംറ[റ] തിരികെ നബിതിരുമേനി[സ]യുടെ അടുക്കലേക്ക് വന്നു.

അബൂ സുഫിയാന്റെ വിഫല ശ്രമങ്ങൾ

ഖുറൈശികൾ തങ്ങളുടെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയും നബിതിരുമേനി[സ]യോട് സംസാരിക്കാനായി അബൂ സുഫിയാനെ അയക്കുകയും ചെയ്തു. അബൂ സുഫിയാൻ വരുന്നതിനെ കുറിച്ച് അല്ലാഹു നേരത്തെ തന്നെ നബിതിരുമേനി[സ]ക്ക് അറിയിപ്പ് നൽകിയിരുന്നു. അബൂ സുഫിയാൻ വരുന്നതിന് മുൻപ് നബിതിരുമേനി[സ] തന്‍റെ അനുചരൻമാരോട് പറഞ്ഞു: അബൂ സുഫിയാൻ പുതിയ ഒരു ഉടമ്പടിയെ കുറിച്ച് ചർച്ച ചെയ്യാൻ വരുന്നുണ്ട്, എന്നാൽ അയാൾ അതിൽ വിജയിക്കുകയില്ല. അബൂ സുഫിയാൻ മദീനയിൽ എത്തിയപ്പോൾ തന്‍റെ മകളെ കാണാൻ പോയി. അവർ നബിതിരുമേനി[സ]യുടെ ഭാര്യയുമായിരുന്നു. അവർ അബൂ സുഫിയാന് ധൈര്യത്തോടെ ഇസ്‌ലാമിന്‍റെ സന്ദേശം എത്തിച്ചു. താങ്കളെ പോലെയുള്ളവർ ഇസ്‌ലാം സ്വീകരിക്കാൻ വൈകരുത് എന്നും പറഞ്ഞു. ശേഷം  അബൂ സുഫിയാൻ നബിതിരുമേനി[സ]യെ കണ്ട് ഹുദൈബിയ സന്ധി പുതുക്കണം എന്ന് അഭ്യർത്ഥിച്ചു. ഹുദൈബിയ സന്ധി അവസാനിക്കുകയോ അസാധുവാകുകയോ ചെയ്യുന്ന ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് അബൂ സുഫിയാൻ കള്ളം പറഞ്ഞു.  മുസ്‌ലിങ്ങളും ഹുദൈബിയ സന്ധിക്ക് എതിരായി ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് നബിതിരുമേനി[സ]യും പറഞ്ഞു. അബൂ സുഫിയാൻ നബിതിരുമേനി[സ]യോട് വീണ്ടും വീണ്ടും അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ നബിതിരുമേനി[സ] പ്രതികരിച്ചില്ല. അപ്പോൾ അബൂ സുഫിയാൻ ഹദ്റത്ത് അബൂബക്കർ[റ], ഹദ്റത്ത് ഉമർ[റ] ഹദ്റത്ത് അലി[റ] എന്നിവരോടെല്ലാം അപേക്ഷിക്കാൻ തുടങ്ങി, ഹദ്റത്ത് ഫാത്തിമ[റ]യോട് പോലും തനിക്ക് വേണ്ടി നബിതിരുമേനി[സ]യോട് സംസാരിക്കാനായി അപേക്ഷിച്ചു. എന്നാൽ അവർ എല്ലാവരും നിഷേധിക്കുകയും നബിതിരുമേനി[സ]യുടെ തീരുമാനത്തിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു എന്ന് മറുപടി പറയുകയും ചെയ്തു. അബൂ സുഫിയാന്‍റെ അവസാന ശ്രമം എന്ന നിലയിൽ വീണ്ടും നബിതിരുമേനി[സ]യുടെ അടുക്കലേക്ക് പോയി മക്കക്കാരുടെ ഭാഗത്ത് നിന്ന് ഞാൻ സമാധാനം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞു; ഇത് താങ്കളുടെ ഏകപക്ഷീയമായ പ്രഖ്യാപനമാണ്, ഇതിന് യാതൊരു വിലയുമില്ല. അങ്ങനെ അബൂ സുഫിയാൻ തന്‍റെ ലക്‌ഷ്യം നിറവേറാതെ മക്കയിലേക്ക് തിരികെ പോയി.

മക്കാ യാത്രയുടെ തയ്യാറെടുപ്പുകൾ

നബിതിരുമേനി[സ] മക്കയിലേക്കുള്ള യാത്രക്കായി നിശബ്ദമായി തയ്യാറെടുപ്പുകൾ തുടങ്ങി. അദ്ദേഹം ജനങ്ങളോട് ഒരു യാത്രക്ക് തയ്യാറെടുക്കാൻ നിർദേശിച്ചു. എന്നാൽ എവിടേക്കാണ് പോകുന്നത് എന്ന വിവരം അവരോട് പറഞ്ഞില്ല. ഹദ്റത്ത് ആയിശ[റ] നബിതിരുമേനി[സ]യുടെ യാത്രയുടെ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ഹദ്റത്ത് അബൂബക്കർ[റ] തന്‍റെ മകളോട്, ഹദ്റത്ത് ആയിശയോട്, നബിതിരുമേനി[സ] എവിടേക്കാണ് യാത്ര പുറപ്പെടാൻ ഒരുങ്ങുന്നത് എന്ന് ചോദിച്ചറിയാൻ ശ്രമിച്ചു. എന്നാൽ ഹദ്റത്ത് ആയിശ[റ] ഒന്നും തന്നെ വെളിപ്പെടുത്തിയില്ല. കുറച്ച് കഴിഞ്ഞ് നബിതിരുമേനി[സ] വന്നപ്പോൾ ഹദ്റത്ത് അബൂബക്കർ അദ്ദേഹത്തോട് ചോദിച്ചു. ഖുറൈശികളിലേക്കാണ് നാം പോകുന്നത് എന്നും എന്നാൽ ഈ വിവരം ആരോടും പറയരുത് എന്നും നബിതിരുമേനി[സ] ഹദ്റത്ത് അബൂബക്കർ[റ]നോട് പറഞ്ഞു.

മദീനക്ക് ചുറ്റുമുള്ള ഗോത്രങ്ങളിലേക്ക് നബിതിരുമേനി[സ] ഇപ്രകാരം അറിയിപ്പ് നൽകി: ഭയഭക്തിയുള്ള എല്ലാവരും വരുന്ന റമദാൻ മാസത്തിൽ മദീനയിൽ എത്തിച്ചേരുക. ഈ യാത്ര രഹസ്യമായി വെക്കാനായി പല ഉപായങ്ങളും പ്രയോഗിച്ചിരുന്നു. ഉദാഹരണത്തിന്  അദ്ദേഹം ഒരു സൈനിക സംഘത്തെ ഇസം താഴ്വരയിലേക്ക് അയച്ചു. അവരെ കാണുന്നവർ അവർ ഇസം താഴ്വരയിലേക്ക് ആണ് പോകുന്നത് എന്ന് കരുതുന്നതാണ്. അതുപോലെ അവർ അദ്ദേഹം പലരെയും മദീനയുടെ അടുത്തുള്ള പല പ്രദേശങ്ങളിലേക്കും അയച്ചു. ഇതെല്ലാം ഹദ്റത്ത് ഉമർ[റ]ന്‍റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. തങ്ങളുടെ പദ്ധതി ഖുറൈശികൾക്ക് മനസ്സിലാകാതിരിക്കട്ടെ എന്ന് നബിതിരുമേനി[സ] പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വിവരണം ഭാവിയിൽ വീണ്ടും തുടരുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തുടർന്ന് അദ്ദേഹം ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥകളെ കണക്കിലെടുത്ത് പ്രാർത്ഥനകൾക്കായി ആഹ്വാനം ചെയ്തു.

പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

ലോകത്തിന്‍റെ അവസ്ഥകളെ പരിഗണിച്ച് പ്രാർത്ഥനകളിലേക്ക് ശ്രദ്ധിക്കണമെന്ന് ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്തു. യുദ്ധം പടർന്നു കൊണ്ടിരിക്കുകയാണ്. അല്ലാഹു നമ്മെ നാശത്തിൽ നിന്ന് രക്ഷിക്കുമാറാകട്ടെ. ഇപ്പോൾ ഇസ്റായേൽ ഇറാനെ ആക്രമിച്ചതിനാൽ യുദ്ധം വളരെ അപായകരമായ ഘട്ടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. ഇസ്‌റായേൽ ഭരണകൂടം ഒന്നൊന്നായി മുസ്‌ലിം രാജ്യങ്ങളിൽ നാശം വിതക്കാൻ ആഗ്രഹിക്കുകയാണ്. എന്നിട്ടും മുസ്‌ലിം രാജ്യങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തങ്ങളുടെ വളർച്ചയിലും മറ്റു വിഷയങ്ങളിലും മുഴുകിയിരിക്കുകയാണ്. ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഇവർക്ക് മനസ്സിലാകുന്നില്ല. മുസ്‌ലിങ്ങൾ തങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കുന്നില്ല. പ്രാർത്ഥനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അതിനാൽ അവർക്ക് വരാൻ പോകുന്ന നാശത്തെ കുറിച്ച് അവർക്ക് ഊഹിക്കാൻ കഴിയുന്നില്ല. സർവ്വശക്തനായ അല്ലാഹു അവർക്ക് ബുദ്ധി നൽകട്ടെ, അവർ ഇതിലേക്ക് ശ്രദ്ധ തിരിക്കുകയും, വിഭാഗീയത കാരണം പരസ്പരം സഹായിക്കാതിരിക്കുന്നതിനുപകരം ഐക്യപ്പെടാൻ ശ്രമിക്കുകയും ചെയ്യട്ടെ. എല്ലാ മുസ്‌ലിം രാജ്യങ്ങളും അപകടത്തിലാണ്, കാരണം അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല. സർവ്വശക്തനായ അല്ലാഹു എല്ലാ നിരപരാധികളെയും അടിച്ചമർത്തപ്പെട്ടവരെയും ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ. നാം പ്രാർത്ഥനകളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണം. സർവ്വശക്തനായ അല്ലാഹു അതിന് നമ്മെ പ്രാപ്തരാക്കട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു