അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 16 മെയ് 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: .പി എം വസീം അഹ്‌മദ്
തിരുനബി(സ) യുടെ ജീവിത കാലത്തെ സൈനികനീക്കങ്ങളെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് പറഞ്ഞു:
അബൂ ഖതാദ(റ) യുടെ നേതൃത്വത്തിൽ ഖദീറയിലേക്കുള്ള യുദ്ധനീക്കം
ഈ സൈനീക നീക്കം നടന്നത് ഹിജ്‌റ 8 ആം വർഷം ശഅ്ബാനിലാണ്. ഇസ്‌ലാമിന് ദോഷം വരുത്താൻ ലക്ഷ്യമിട്ടിരുന്ന ബനൂ ഗത്ഫാൻ ഗോത്രത്തിലെ ഒരു ശാഖ അവിടെ താമസിച്ചിരുന്നു. അടുത്തിടെ വിവാഹിതനായ ഒരു മുസ്‌ലിമിന് മഹ്ർ നൽകാൻ മതിയായ പണമില്ലായിരുന്നു. അദ്ദേഹം തന്‍റെ സാഹചര്യം നബിതിരുമേനി(സ)യോട് വിശദീകരിച്ചു. അപ്പോൾ നബിതിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു: താൻ ഹദ്റത്ത് അബൂഖത്താദ(റ)യുടെ നേതൃത്വത്തിൽ ഒരു സൈനിക സംഘത്തെ അയക്കാൻ പോകുകയാണ്. താങ്കൾക്കും അദ്ദേഹത്തോടൊപ്പം ചേരാവുന്നതാണ്. കാരണം, ഈ യുദ്ധനീക്കത്തിൽ നിന്ന് ലഭിക്കുന്ന യുദ്ധമുതലിൽ നിന്ന് മഹ്റിന് ആവശ്യമായ തുക ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഈ സൈനിക നീക്കത്തിൽ ഹദ്റത്ത് അബു ഖത്താദ(റ)ന്‍റെ നേതൃത്വത്തിൽ 16 മുസ്‌ലീങ്ങളെ ബനൂ ഗത്ഫാൻ ഗോത്രത്തിലേക്ക് അയച്ചിരുന്നു. ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഹദ്റത്ത് അബൂ ഖത്താദ(റ) സൈനികരെ ജോഡികളായി തിരിച്ചു. എന്നിട്ട് അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: നിങ്ങൾ പരസ്പരം അകന്നു പോകരുത്. ആക്രമണത്തിൽ എന്‍റെ ആജ്ഞകൾ പിന്തുടരുക. തുടർന്ന് മുസ്‌ലീങ്ങൾ ശത്രുസൈന്യത്തെ വളഞ്ഞു. വാളെടുത്ത് പൊടുന്നനെ ആക്രമിച്ചു. ഈ യുദ്ധനീക്കം 15 ദിവസം നീണ്ടുനിന്നു. മുസ്‌ലീങ്ങൾക്ക് 200 ഒട്ടകങ്ങളും 1000 ആടുകളും നിരവധി തടവുകാരെയും ലഭിച്ചതായി നിവേദനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അബൂഖത്താദയുടെ(റ)ന്‍റെ നേതൃത്തിൽ ഇദമിലേക്കുള്ള സൈനീക നീക്കം
ഈ സരിയ അഥവാ സൈനീക നീക്കം ഹിജ്‌രി 8 ലെ റമദാൻ മാസത്തിലാണ് നടന്നത്. ബനൂ ഗത്ഫാൻ ഗോത്രത്തിലെ ഒരു ശാഖ താമസിച്ചിരുന്ന നജ്ദിലെ ഒരു താഴ്‌വരയായിരുന്നു ഇദം. മക്കാ വിജയത്തിനായി മക്കയിലേക്ക് പുറപ്പെടാൻ നബിതിരുമേനി(സ) ഉദ്ദേശിച്ചപ്പോൾ, തിരുനബി (സ) മക്കയ്ക്ക് പകരം ഇദമിലേക്കാണ് പോകുന്നതെന്ന് ജനങ്ങൾ കരുതാൻ വേണ്ടി അദ്ദേഹം ഹദ്റത്ത് അബൂഖത്താദ(റ)നെ ഇദമിലേക്ക് അയച്ചു. ഹദ്റത്ത് ഖത്താദ(റ)ടൊപ്പം എട്ട് സ്വഹാബികളും ഉണ്ടായിരുന്നു. യാത്രാമധ്യേ ആമിർ എന്ന വ്യക്തി ഇസ്‌ലാമിക അഭിവാദ്യ രീതിയനുസരിച്ച് അവരെ അഭിവാദ്യം ചെയ്തു. അതിനാൽ മുസ്‌ലീങ്ങൾ ആ വ്യക്തിയെ ആക്രമിച്ചില്ല. എന്നാൽ സഹാബികളിൽ ഒരാൾക്ക് മുമ്പ് ഈ വ്യക്തിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ആ സഹാബി ആമിറിനെ ആക്രമിച്ച് വധിച്ചു. ഈ യാത്രയിൽ മറ്റൊരു ഏറ്റുമുട്ടലും ഉണ്ടായിരുന്നില്ല. ഈ സംഘത്തിന്‍റെ പ്രാഥമിക ലക്ഷ്യം മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുക എന്നതായിരുന്നു. പിന്നീട് തിരുനബി (സ) മക്കയിലേക്ക് പുറപ്പെട്ടു എന്ന വാർത്ത അവർക്ക് ലഭിച്ചു. അതിനാൽ, അവർ വഴിമാറി യാത്ര ചെയ്ത് നബിതിരുമേനി(സ) യോടൊപ്പം ചേർന്നു. അവരുടെ യാത്രക്കിടയിൽ നടന്ന ആമിറിന്‍റെ വധത്തെ കുറിച്ച് അവർ തിരുനബി (സ) യെ അറിയിച്ചപ്പോൾ വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിലെ 95ആം വചനം തിരുനബി (സ) ക്ക് അവതരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വചനം ഇപ്രകാരമാണ്:
“വിശ്വസിച്ചവരെ, അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ നിങ്ങൾ സഞ്ചരിക്കുന്നതായാൽ വിശദമായ അന്വേഷണം നടത്തുക. നിങ്ങൾക്ക് സമാധാനസന്ദേശം ആശംസിക്കുന്നവനോട് നീ സത്യവിശ്വാസിയല്ല എന്ന് പറയരുത്-നിങ്ങൾ ഐഹീക ജീവിതത്തിലെ ക്ഷണികവസ്തുക്കളെ ആഗ്രഹിക്കുന്നു. എന്നാൽ അല്ലാഹുവിന്‍റെ അടുക്കൽ ധാരാളം ഗനീമത്തുകളുണ്ട്. ഇതിനു മുൻപ് നിങ്ങളും അപ്രകാരമായിരുന്നു. എന്നിട്ട് അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം ചെയ്തു. അതുകൊണ്ട് നിങ്ങൾ വിശദമായ അന്വേഷണം നടത്തുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് അല്ലാഹു തികച്ചും ബോധവാനത്രെ.” [വിശുദ്ധ ഖുര്‍ആൻ 4:95]
ഈ ഖുർആനിക വചനം നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ ആമിറിന്‍റെ വധവുമായി ബന്ധപ്പെട്ട് നബിതിരുമേനി(സ) ഈ വചനം പാരായണം ചെയ്ത് തന്‍റെ നീരസം പ്രകടിപ്പിച്ചതാവാം.
ഭാവിയിൽ മക്കാ വിജയത്തെ കുറിച്ച് പരാമർശിക്കുന്നതാണ് എന്നും ഇപ്പോൾ ജമാഅത്തിലെ പരേതരായ രണ്ടു വ്യക്തികളെ അനുസ്മരിക്കുന്നതാണ് എന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണങ്ങൾ
ഖലീഫാ തിരുമനസ്സ് പറയുന്നു: ഇപ്പോൾ ഞാൻ ജമാഅത്തിലെ ആദരണീയനും പണ്ഡിതനും ഖിലാഫത്തിനോട് അഗാധ സ്നേഹമുള്ള, ജമാഅത്തിന്‍റെ ഒരു അതുല്യ സേവകനായ സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബിനെ കുറിച്ച് അനുസ്മരിക്കാൻ ആഗ്രഹിക്കുന്നു. സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബ് കുറച്ച് ദിവസം മുൻപ് വഫാത്തായിരിക്കുന്നു. അതുപോലെ തടവിൽ കഴിയവേ ബഹുമാന്യ താഹിർ മഹ്‌മൂദ് സാഹിബും വഫാത്തായിരിക്കുന്നു.
സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ
സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ ഹദ്റത്ത് സയ്യിദ് മീർ മുഹമ്മദ് ഇസ്ഹാഖ് (റ) യുടെ മകനും ഹദ്‌റത്ത് നുസ്‌റത്ത് ജഹാൻ ബീഗം(റ)യുടെ അനന്തരവനും അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മീർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ മരുമകനുമായിരുന്നു. ഖാദിയാനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബി.എ നേടി. പിതാവ് മരിച്ച ദിവസം ഇസ്‌ലാം അഹ്മദിയ്യത്തിന്‍റെ സേവനത്തിനായി അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു.
സയ്യിദ് മിർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബിന്‍റെ മകൻ മുഹമ്മദ് അഹ്‌മദ് എഴുതുന്നു:എന്‍റെ പിതാവ് ഒരു മാർച്ച് 17നാണ് തന്‍റെ ജീവിതം ജമാഅത്തിന് വേണ്ടി സമർപ്പിച്ചത് എന്ന് കരുതുന്നു. പ്രസ്തുത ദിവസം രണ്ടാം ഖലീഫ (റ) ദിവസം മുഴുവൻ അവരുടെ വീട്ടിൽ ചെലവഴിച്ചുവെന്നും അവിടെ നമസ്കരിക്കുകയും ഒരു ഹ്രസ്വ പ്രഭാഷണം ചെയ്തിരുന്നു എന്നും സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബ് വിവരിക്കാറുണ്ടായിരുന്നു. ആ സന്ദർഭത്തിലാണ് 14 വയസ്സ് മാത്രമുണ്ടായിരുന്ന ഇദ്ദേഹം എഴുന്നേറ്റു നിന്ന് തന്‍റെ ജീവിതം ജമാഅത്തിന് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത്. രണ്ടാം ഖലീഫ (റ) ഇതിൽ വളരെ സന്തുഷ്ടനായിരുന്നു, അദ്ദേഹത്തെ അഭിനന്ദിച്ചു. ചുരുക്കം ചിലർക്ക് മാത്രം നിറവേറ്റാൻ കഴിയുന്ന ഈ പ്രതിജ്ഞ അദ്ദേഹം പൂർത്തിയാക്കാൻ പോകുന്നതിന്‍റെ തുടക്കമായിരുന്നു അത്.
അദ്ദേഹം യുകെയിൽ മിഷനറി ആയി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ തന്നെ ഹദ്റത്ത് മീർസാ താഹിർ അഹ്‌മദ്(റ)നോടൊപ്പം പഠനവും തുടർന്നിരുന്നു. പിന്നീട് അദ്ദേഹം ജാമിഅ അഹ്‌മദിയ്യ റബ്‌വയിലെ പ്രൊഫെസ്സർ, യുഎസ്എ, സ്പെയിൻ എന്നിവിടങ്ങളിലെ മിഷനറി,വക്കീലുത്തസ്‌നീഫ്, പ്രിൻസിപ്പാൾ ജാമിഅ അഹ്‌മദിയ്യ റബ്‌വ, വക്കീലുത്തഅലീം, റിസർച്ച് സെൽ ഇൻചാർജ്, നൂർ ഫൗണ്ടേഷൻ പ്രസിഡന്റ്, മെമ്പർ ദാറുൽ ഇഫ്താ, അഹ്‌മദിയ്യ യുവജന സംഘടനയുടെ സെക്രട്ടറി, വൈസ് പ്രെസിഡെന്റ് എന്നീ നിലയിൽ ജമാഅത്തിന് വേണ്ടി സേവനമനുഷ്ഠിക്കുകയുണ്ടായി.
ധാരാളം വൈജ്ഞാനിക വിഷയങ്ങളിൽ അദ്ദേഹം തന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നാലാം ഖലീഫ(റഹ്)നെ ഖുർആൻ ഉറുദു പരിഭാഷ ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട്. ഹദീസിന്‍റെ ആറ് ആധികാരിക ഗ്രന്ഥങ്ങൾ വിവിധ വിശദീകരണങ്ങൾ സഹിതം ഉർദുവിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. അതുപോലോ ബൈബിളിനെ കുറിച്ച് ധാരാളം വൈജ്ഞാനിക ലേഖനങ്ങൾ എഴുതുകയും ഈസ(അ)ന്‍റെ കല്ലറയെ കുറിച്ചും അദ്ദേഹത്തിന് കുരിശിൽ സംഭവിച്ച മുറിവ് ഉണങ്ങുന്നതിനായി പുരട്ടിയ മരുന്നിനെ കുറിച്ചും വളരെ മഹത്തായ ഗവേഷണം അദ്ദേഹം ചെയ്തിട്ടുണ്ട്.
നബിതിരുമേനി(സ)യുടെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്‍റെെ പ്രസിദ്ധീകരിക്കപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ ലേഖനങ്ങൾ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സ്പെയിനിലെ ബശാറത്ത് മോസ്‌ക്കിന് തറക്കല്ലിടാൻ അദ്ദേഹത്തിന് സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടെ മൂന്നാം ഖലീഫ(റഹ്) ദുആ ചെയ്യുകയും ചെയ്തിരുന്നു. രണ്ടാം ഖലീഫ(റ)ന്‍റെ മകൾ അമത്തുൽ മത്തീനുമായി അദ്ദേഹത്തിന്‍റെ നിക്കാഹ് വിളംബരപ്പെടുത്തിയത് രണ്ടാം ഖലീഫ[റ] ആയിരുന്നു. ഈ നിക്കാഹ് വിളംബര വേളയിൽ രണ്ടാം ഖലീഫ[റ], സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ, സയ്യിദ് മീർ ദാവൂദ് അഹ്‌മദ്, ഹദ്റത്ത് മിർസാ താഹിർ അഹ്‌മദ് എന്നിവരെ അദ്ദേഹം പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചിട്ടുണ്ട് എന്നും ഇവർ ഹദ്റത്ത് മസീഹ് മൗഊദ്[അ]ന്‍റെ ഗ്രന്ഥങ്ങളും മറ്റു ഗ്രന്ഥങ്ങളും ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിനായി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടണമെന്നാണ് തന്‍റെ ആഗ്രഹം എന്ന് പറയുകയുണ്ടായി. അതുപോലെ റിവ്യൂ ആഫ് റിലീജിയൺ മാസികക്ക് ഒരു നൈപുണ്യമുള്ള എഡിറ്ററും ആവശ്യമാണ്.
സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബിന്‍റെ മകന്‍റെ നിക്കാഹ് വിളംബരം ചെയ്തത് മൂന്നാം ഖലീഫ (റ) ആയിരുന്നു. ജമാഅത്തിനെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തെ തന്‍റെ പ്രസംഗത്തിൽ അദ്ദേഹം പ്രശംസിച്ചിരുന്നു. മീർ മഹ്മൂദ് അഹ്‌മദ് നാസിർ മിഷനറിമാരാകാൻ ആഗ്രഹിക്കുന്നവരെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: മിഷനറിമാരാകാൻ ആഗ്രഹിക്കുന്നവർ പുലർച്ചെ 3 മണിക്ക് ഉണരുകയും ഐഛീക നമസ്കാരങ്ങൾ അനുഷ്ഠിക്കുക. പള്ളിയിൽ വന്ന് അഞ്ച് നേര നമസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കണമെന്നും, ദൈവപ്രീതിയും നബിതിരുമേനിയുടെയും[സ] വാഗ്ദത്ത മസീഹ് (അ) യുടെയും ഖിലാഫത്തിന്‍റെയും സ്നേഹം നേടുന്നതിന് ദിവസേന പ്രാർത്ഥിക്കേണ്ടതാണ്. അല്ലാഹുവിനെ സ്തുതിക്കുന്നതിലും നബിതിരുമേനി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതും പാപമോചനം തേടുന്നതും പതിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഖലീഫക്ക് കത്തുകൾ എഴുതാനും കടമകൾ നിറവേറ്റാനും മാതാപിതാക്കളെ സേവിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും വിശുദ്ധ ഖുർആന്‍റെ അർത്ഥം പഠിക്കാനും, വാഗ്ദത്ത മസീഹ് (അ)ന്‍റെ എല്ലാ ലിഖിതങ്ങളും കുറഞ്ഞത് മൂന്ന് തവണയെങ്കിലും വായിക്കാനും അൽ ഫസൽ പത്രവും മറ്റൊരു പത്രവും ദിവസവും വായിക്കാനും മനുഷ്യരാശിക്ക് ദിവസേന ഒരു സേവന പ്രവൃത്തിയെങ്കിലും ചെയ്യാനും അദ്ദേഹം ഉപദേശിച്ചു.
സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസീറിന്‍റെ മകൻ സയ്യിദ് ഗുലാം അഹ്‌മദ് ഫാറൂഖ് എഴുതുന്നു: എന്‍റെ പിതാവ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രാർത്ഥനയിലൂടെ പ്രകടിപ്പിച്ചിരുന്നു. ഖലീഫാ തിരുമനസ്സ് പറയുന്നു: ഞാനും സ്വയം അദ്ദേഹത്തിന്‍റെ പ്രാർത്ഥനയിലെ അർപ്പണമനോഭാവം കണ്ടിട്ടുണ്ട്. പള്ളിയുടെ മൂലയിൽ അദ്ദേഹത്തെ പലപ്പോഴും പ്രാർത്ഥനയിൽ മുഴുകിയതായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ മകൻ പറയുന്നു: എന്‍റെ പിതാവ് തന്‍റെ ഡയറിയിൽ ‘അല്ലാഹു’ എന്ന വാക്ക് ഉപയോഗിച്ച് വരികൾ വരികളായി എഴുതിയിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്‍റെ ഡയറിയിൽ ‘ഓ എന്‍റെ അള്ളാ തി ആമോ’ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അതായത് ‘ഓ എന്‍റെ അല്ലാഹ് ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ്. പിതാവ് തന്‍റെ സുജൂദുകളിൽ ദൈവത്തോടുള്ള അതിരറ്റ സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്ന ഈരടികൾ ചൊല്ലുമായിരുന്നു. തന്‍റെ ഐഛീക പ്രാർത്ഥനകളിൽ അദ്ദേഹം ദൈവത്തെ സ്തുതിക്കുകയും ഹദ്‌റത്ത് മുഹമ്മദ് നബിക്കും (സ), വാഗ്ദത്ത മസീഹ് (അ)നും കുടുംബത്തിനും ഖലീഫമാർക്കും വേണ്ടി പ്രാർത്ഥിക്കുകയും തുടർന്ന് പിതാമഹനിൽ നിന്ന് തുടങ്ങി സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്കായി പ്രാർത്ഥിക്കാറുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥനയാണ് മനുഷ്യത്വത്തിന് ഏറ്റവും നല്ല സേവനമായി അദ്ദേഹം കണക്കാക്കിയത്. തന്‍റെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരുനബി (സ)യുടെ മാതൃകകൾ അനുകരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. പിതാവ് അസുഖകരമായ ഒരു കസേരയിൽ ഇരിക്കുമ്പോൾ പിതാവിന് കൂടുതൽ സുഖകരമായ കസേരയിൽ ഇരിക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റാൽ അദ്ദേഹം വിലക്കുമായിരുന്നു. ആരെയും എഴുന്നേൽപ്പിച്ച് അവരുടെ സ്ഥാനത്ത് ഇരിക്കരുതെന്നു നബിതിരുമേനി[സ] നിർദ്ദേശിച്ചതായി അദ്ദേഹം പറയുമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ] മകനാണെങ്കിലും തിരുനബി (സ)യുടെ നിർദ്ദേശം അനുസരിച്ച് പെരുമാറുകയായിരുന്നു. തിരുനബി (സ)യുടെയും വാഗ്ദത്ത മസീഹിന്‍റെയും ജനനത്തിന്‍റെയും മരണത്തിന്‍റെയും ദിവസങ്ങളിൽ തിരുനബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
അദ്ദേഹത്തിനെതിരെ ഒരു കള്ളക്കേസ് ഫയൽ ചെയ്തിരുന്നു. അദ്ദേഹം തിരുനബി (സ) യെ നിന്ദിച്ചുവെന്ന് ജഡ്ജി പറഞ്ഞു. ഇത് കേട്ടപ്പോൾ അദ്ദേഹം വളരെയധികം വിഷമിച്ചു, തിരുനബി (സ) യെ ഏതെങ്കിലും വിധത്തിൽ അപമാനിക്കുക എന്നത് തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നും ഈ ആരോപണം പൂർണ്ണമായും തെറ്റാണെന്നും ജഡ്ജിയോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തെ ഒരു ദിവസത്തേക്ക് വ്യാജമായി തടവിലാക്കി.
വാഗ്ദത്ത മസീഹിനോട് അദ്ദേഹത്തിന് വലിയ സ്നേഹമുണ്ടായിരുന്നു. വിശുദ്ധ ഖുർആനും ഹദീസ് പുസ്തകങ്ങളും അദ്ദേഹം ദിവസവും പാരായണം ചെയ്യുമായിരുന്നു. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ, അദ്ദേഹം തന്‍റെ മകനോട് വാഗ്ദത്ത മസീഹിന്‍റെ ബറാഹിനെ അഹ്‌മദിയ എന്ന പുസ്തകം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന മിയാൻ ഖുർഷിദ് അഹ്‌മദ് സാഹിബ് ചോദിച്ചു, താൻ അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഇത്രയും പ്രയാസമേറിയ ഒരു പുസ്തകം എങ്ങനെ വായിക്കാൻ കഴിയും. സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ പറഞ്ഞു: ഈ പുസ്തകം തനിക്ക് വായിക്കാൻ ബുദ്ധിമുട്ടുള്ളതല്ല, കാരണം അദ്ദേഹം ഇതിനകം അഞ്ച് തവണ വായിച്ചിരുന്നു.
സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബിന്‍റെ മകൻ പറയുന്നു: അൽ ഫള്ൽ പത്രം ഒരിക്കൽ ജമാഅത്തിലെ പണ്ഡിതന്മാരുമായി അഭിമുഖം നടത്തിയിരുന്നു ആ സമയത്ത് അവർ എന്‍റെ പിതാവുമായി അഭിമുഖം നടത്തിയപ്പോൾ, വാഗ്ദത്ത മസീഹിന്‍റെ ഏറ്റവും വലിയ അത്ഭുതം മനുഷ്യനും ജീവനുള്ള ദൈവവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൗകിക അറിവിലും, പ്രത്യേകിച്ച് ശാസ്ത്രത്തിലും, ചരിത്രത്തിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. കൂടാതെ ഹൈക്കിങ്ങിനെ കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹം വായിക്കുമായിരുന്നു. ഉറുദു, അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഹീബ്രു തുടങ്ങിയ ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. രണ്ടാം ഖലീഫ (റ) ഇറ്റലിയിലേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചിരുന്നതിനാലാണ് അദ്ദേഹം ഇറ്റാലിയൻ ഭാഷ പഠിച്ചത്. അത് ഒരിക്കലും സംഭവിച്ചില്ലെങ്കിലും, രണ്ടാം ഖലീഫ (റ) യുടെ എന്നന്നേക്കേമുള്ള നിർദ്ദേശമായി അദ്ദേഹം കണക്കാക്കിയതിനാൽ, അത് ഇപ്പോഴും ബാധകമാണെന്ന് കരുതി, അവസാന നാളുകൾ വരെ അദ്ദേഹം ഇറ്റാലിയൻ ഭാഷാ പഠനം തുടർന്നു.
ജാമിഅ അഹ്‌മദിയയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ മുബശ്ശർ അയാസ് സാഹിബ് പറയുന്നത് അദ്ദേഹം അറിവിന്‍റെ ഒരു സമുദ്രമായിരുന്നു എന്നാണ്. അദ്ദേഹത്തിന്‍റെ ജീവിതം നിർവചിക്കപ്പെട്ടത് ജോലിയിലൂടെയാണ്. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്‍റെ. നിഘണ്ടുവിൽ ഇല്ലായിരുന്നു. അദ്ദേഹത്തിന് മാതൃകാപരമായ അനുസരണശീലമുണ്ടായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം ഒരു മാതൃകയായിരുന്നു. ജാമിഅ അഹ്‌മദിയയുടെ പ്രിൻസിപ്പലായിരുന്നപ്പോൾ, ക്ലാസുകൾ ആരംഭിക്കുമ്പോൾ രാവിലെ 7:20 ന് അദ്ദേഹം ഓഫീസിലേക്ക് പോകുമായിരുന്നു. അദ്ദേഹം ബൈക്കിൽ സഞ്ചരിക്കുന്ന കാരണത്താൽ ഇടക്ക് ബൈക്കിൽ നിന്ന് വീണിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാവിലെ 10 മണിക്ക് ഓഫിസിലേക്ക് പോയാൽ മതിയെന്ന് ഖലീഫാ തിരുമനസ്സ് അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. ഒരിക്കൽ, രാവിലെ 10 മണിക്ക് മുമ്പ് അദ്ദേഹം മുറ്റത്ത് നടക്കുന്നത് കണ്ടു. എന്തുകൊണ്ടാണ് അദ്ദേഹം പുറത്തുപോയതെന്ന് ചോദിച്ചപ്പോൾ, ഇതുവരെ 10 മണി ആയിട്ടില്ലെന്നും, 10 മണിക്ക് ഓഫീസിലേക്ക് പോകാനാണ് നിർദ്ദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഖാദിയാനിലെ ഒരു മിഷനറിയായ തൻവീർ നാസിർ പറയുന്നത്, ഒരിക്കൽ സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബ് അല്ലാഹുവിന്‍റെ സ്മരണയിൽ മുഴുകി ഖാദിയാനിലെ പള്ളിയുടെ മുൻ നിരയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. മുൻ നിരയിൽ നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, രണ്ടാം ഖലീഫ (റ) അങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നും അതിനാൽ അതേ സ്ഥലത്ത് നടക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഖലീഫ (റ) യോട് അദ്ദേഹത്തിന് വലിയ സ്നേഹമുണ്ടായിരുന്നു.
സയ്യിദ് മിർ മഹ്മൂദ് അഹ്‌മദ് നാസിർ ജാമിഅ അഹ്മദിയ്യയിൽ പഠിക്കുമ്പോൾ അതിന്‍റെ പ്രിൻസിപ്പലായി മാറിയെന്ന് ഫിറോസ് ആലം സാഹിബ് എഴുതുന്നു: ഞാൻ ജാമിഅ അഹ്‌മദിയയിൽ പഠിക്കുമ്പോഴാണ് സയ്യിദ് മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബ് പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെട്ടത്. അദ്ദേഹം ഒരു പണ്ഡിതൻ മാത്രമല്ല, അതിലുപരി, തന്‍റെ പെരുമാറ്റത്തിലൂടെയും സ്വഭാവത്തിലൂടെയും ദൈവത്തോടുള്ള ഭക്തിയിലൂടെയും അദ്ദേഹം തന്‍റെ ശാശ്വത മുദ്ര പതിപ്പിച്ചു. അദ്ദേഹം മതങ്ങൾ തമ്മിലുള്ള താരതമ്യ പഠനം എന്ന വിഷയം പഠിപ്പിച്ചിരുന്നു. വാഗ്ദത്ത മസീഹ്(അ) പഠിപ്പിച്ചതുപോലെ വാദങ്ങൾ അദ്ദേഹം പഠിപ്പിക്കുമായിരുന്നു. ഒരിക്കൽ, വാഗ്ദത്ത മസീഹിന്‍റെ രചനകളുടെ വെളിച്ചത്തിൽ യേശുവിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ, ഇന്നും അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: വാർഷിക സമ്മേളനത്തിലെ ദിവസങ്ങളിൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ ആവശ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നില്ല. അതിഥികൾ എത്തിയിരുന്നു. കുറച്ച് ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങി. എല്ലാവർക്കും കഴിക്കാൻ കഴിയുന്ന തരത്തിൽ അല്ലാഹു ഭക്ഷണം നൽകി അനുഗ്രഹിച്ചു, ഒരു കുറവും ഉണ്ടായില്ല.
അദ്ദേഹത്തിന് ഖിലാഫത്തിനോട് അളവറ്റ അനുസരണമുണ്ടായിരുന്നു. മീർ മഹ്മൂദ് അഹ്‌മദ് നാസിർ സാഹിബിന്‍റെ പേരമകൻ സയ്യദ് ഹാശിറും അദ്ദേഹത്തിന്‍റെ ദൈവസ്നേഹത്തെ കുറിച്ച്, അത് തന്നിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറയുന്നു. ഇപ്പോൾ സയ്യിദ് ഹാശിർ മിഷനറി ആണ്, അതിനാൽ അദ്ദേഹം തന്‍റെ പിതാമഹന്‍റെ പാത പിന്തുടരേണ്ടതാണ്.സയ്യിദ് ഹാശിർ പറയുന്നു; ഞാൻ മുമ്പെങ്ങും കാണാത്ത അത്രയും എന്‍റെ പിതാമഹന് ഖുർആനോട് സ്നേഹമുണ്ടായിരുന്നു. അദ്ദേഹം ദീർഘനേരം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമായിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾ അദ്ദേഹം എന്നെ പ്രഭാത നമസ്കാരത്തിനായി ഉണർത്തുമായിരുന്നു. നമസ്കാരത്തിന് ശേഷം അദ്ദേഹം വളരെ ശ്രദ്ധയോടെയും താത്പര്യത്തോടെയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കണ്ടതിനാൽ അത് ശക്തമായ സ്വാധീനം ചെലുത്തി. ഞാൻ ജാമിഅ അഹ്‌മദിയ്യ കാനഡയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം എന്നോട് എന്‍റെ പഠനത്തെ കുറിച്ച്, പ്രത്യേകിച്ച് വിശുദ്ധ ഖുർആൻ പഠനത്തെ കുറിച്ചും അതിന്‍റെ വ്യാഖ്യാനം പഠിക്കുന്നതിനെ കുറിച്ചും ചോദിച്ചറിയുമായിരുന്നു. അദ്ദേഹം പറഞ്ഞു; ഞാൻ ഹദ്റത്ത് മസീഹ് മൗഊദ്[അ]ന്‍റെ ഗ്രന്ഥങ്ങൾ പലവുരു വായിച്ചിട്ടുണ്ട്. ഓരോ തവണ വായിക്കുമ്പോഴും അതിൽ ഒരു പുതിയ കാര്യം എനിക്ക് മനസ്സിലാകുമായിരുന്നു. മസീഹ് മൗഊദ്[അ]ന്‍റെ ഗ്രന്ഥങ്ങൾ വായിക്കുന്നതിലൂടെ നമുക്ക് ഖുർആൻ ഹദീസ് എന്നിവ എളുപ്പത്തിൽ മനസ്സിലാകുന്നതാണ് എന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന് ഖിലാഫത്തിനോട് അഗാധമായ അനുസരണം ഉണ്ടായിരുന്നു. ഒരു തവണ ഖലീഫയുടെ ഖുത്ബ ലൈവ് കാണുന്നതിനിടയിൽ കറണ്ട് പോയി ടീ വി ഓഫ് ആയി. ഞാൻ എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോൾ എന്നോട് പോകരുതെന്ന് വിലക്കി. എന്തെന്നാൽ കറന്റ് എപ്പോൾ വേണമെങ്കിലും വരാം. അതുകൊണ്ട് ഖലീഫയുടെ ഒരു വാക്ക് പോലും നാം കേൾക്കാതെ പോകരുത്.
പല മിഷനറികളും അദ്ദേഹത്തെ കുറിച്ച് പൊതുവായി എഴുതിയ കാര്യം എന്തെന്നാൽ അദ്ദേഹം قبر എന്ന മൂന്ന് അക്ഷരങ്ങളെ എപ്പോഴും മുറുകെ പിടിക്കണമെന്നായിരുന്നു. അതായത് ഖ എന്ന അക്ഷരം കൊണ്ട് ഖുർആൻ, ബ എന്ന അക്ഷരം കൊണ്ട് ബുഖാരി, റ എന്ന അക്ഷരം കൊണ്ട് റൂഹാനി ഖസായീൻ.
അദ്ദേഹം ഖിലാഫത്തിന്‍റെ ഒരു ശക്തനായ സഹായിയായിരുന്നു. അദ്ദേഹം വിശ്വസ്തതയും കൂറും അർപ്പണമനോഭാവവുമുള്ള വ്യക്തിയായിരുന്നു. ഇത്തരം വ്യക്തിത്വങ്ങൾ ചുരുക്കം ചിലർ മാത്രമാണുള്ളത്. ഇദ്ദേഹത്തെ പോലെ മറ്റാരെയും ഇപ്പോൾ കാണാനില്ല. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഭാവിയിൽ ഉണ്ടാകട്ടെ. അല്ലാഹു ഖിലാഫത്തിന് ഇത്തരത്തിലുള്ള സഹായികളെ തന്നനുഗ്രഹിക്കുമാറാകട്ടെ. തന്‍റെ സന്താനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത ദുആകൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. അവർക്ക് ഇദ്ദേഹത്തിന്‍റെ കാലടികളെ പിന്തുടരാനുള്ള സൗഭാഗ്യവും ലഭിക്കുമാറാകട്ടെ.
ഡോക്ടർ താഹിർ മഹ്‌മൂദ്
കറാച്ചിയിലെ ഡോക്ടർ താഹിർ മഹ്‌മൂദ് സാഹിബ് തടവുകാരനായിരിക്കെ വഫാത്താവുകയുണ്ടായി. അദ്ദേഹത്തെ ജുമുഅ നമസ്കരിച്ചു എന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ ജാമ്യത്തിനുള്ള വാദം കേൾക്കുന്നതിനിടയിൽ ഒരു സംഘം അദ്ദേഹത്തെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സത്യത്തിൽ ഒരു പോലീസ് ഓഫിസർ തന്നെ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കാൻ ഇവരെ പ്രോത്സാഹിപ്പിച്ചിരുന്നു. ജയിലിൽ അദ്ദേഹത്തിന് കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഹദ്റത്ത് മസീഹ് മൗഊദ്[അ]നെതിരെയും ഖലീഫമാർക്കെതിരെയും സംസാരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചുകൊണ്ടിരുന്നെങ്കിലും അദ്ദേഹം അടിയുറച്ച് നിന്നു. അദ്ദേഹം രണ്ടു മാസമായി ജയിലിൽ ബന്ധിതനാണ്. വൃക്കയിലെ അണുബാധയെത്തുടർന്ന് അദ്ദേഹം രോഗബാധിതനായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയിലിൽ അദ്ദേഹം നേരിട്ട ക്രൂരതകൾ കാരണമായിരിക്കാം ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു.
ആശുപത്രിയിലും അദ്ദേഹം കൈവിലങ്ങ് വെച്ച അവസ്ഥയിൽ തന്നെയായിരുന്നു. അവിടെ വെച്ച് അദ്ദേഹം വഫാത്തായി. അതിനാൽ അദ്ദേഹം ഒരു രക്തസാക്ഷിയാണ്. അദ്ദേഹം ജമാഅത്തിന് വേണ്ടി വിവിധ രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം പലർക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ജയിലിലെ ചില വ്യക്തികളെയും അദ്ദേഹം സഹായിച്ചു. ജയിലിലും അദ്ദേഹം ഭയമേതുമന്യേ ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. മുൻപും ഇസ്ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച്ചതിന് അദ്ദേഹം ജയിലടക്കപ്പെട്ടിട്ടുണ്ട്. വീട്ടിൽ അദ്ദേഹത്തിന്‍റെ സ്വഭാവം മാതൃകായോഗ്യമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ഒരു മകൻ മിഷനറി ആയി ജമാഅത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ ഭാര്യയെ കൂടാതെ ഒരു മകളും മൂന്ന് ആണ്മക്കളും ഉണ്ട്. അല്ലാഹു അദ്ദേഹത്തോട് പൊറുമയോടെയും കരുണയോടെയും വർത്തിക്കുമാറാകട്ടെ. അദ്ദേഹത്തിന്‍റെ പദവികൾ ഉയർത്തുമാറാകട്ടെ. അദ്ദേഹത്തിന്‍റെ സന്താനങ്ങൾക്കും അദ്ദേഹത്തിന്‍റെ നൻമകൾ തുടരാനുള്ള സൗഭാഗ്യവും ലഭിക്കുമാറാകട്ടെ.
0 Comments