അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജനുവരി 17, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. എന്‍. താഹിര്‍ അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറാ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള ഖലീഫ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു.
അബ്‌ദുല്ലാഹ് ബിൻ റവാഹയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കം
ശവ്വാൽ മാസം ആറ് ഹിജ്‌രിയിൽ അബ്‌ദുല്ലാഹ് ബിൻ റവാഹയുടെ നേതൃത്വത്തിൽ ഉസൈർ ബിൻ റിസാമിനെതിരെ സൈനിക നീക്കം നടന്നു. ഇതിന്‍റെ വിശദീകരണം ഇപ്രകാരമാണ്; അബൂ റാഫിയുടെ വധത്തിനു ശേഷം യഹൂദികൾ ഉസൈർ ബിൻ റിസാമിനെ തങ്ങളുടെ നേതാവായ നിശ്ചയിച്ചു. ആ വ്യക്തി യഹൂദികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു, അല്ലാഹുവാണേ സത്യം ! മുഹമ്മദ് എപ്പോഴെല്ലാം യഹൂദികൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വിജയം ഉണ്ടായിട്ടുണ്ട് എന്നാൽ എന്‍റെ സുഹൃത്തുക്കൾ ഒന്നും ചെയ്യാത്ത പ്രവർത്തി ഞാൻ ചെയ്യുന്നതാണ്. അപ്പോൾ യഹൂദികൾ ചോദിച്ചു എന്താണ് താങ്കളുടെ ഉദ്ദേശം .അയാൾ പറഞ്ഞു ഞാൻ ഗത്ഫാൻ ഗോത്രത്തിലേക്ക് പോവുകയാണ്, അവരെ ഒരുമിച്ച് കൂട്ടി മുഹമ്മദിനെ ആക്രമിക്കുന്നതാണ്, ഒരു ശത്രുവിന്‍റെ വീട് ആക്രമിക്കുകയാണെങ്കിൽ ഒരു പരിധിവരെ ലക്ഷ്യം നേടാൻ സാധിക്കും .അപ്പോൾ യഹൂദികൾ പറഞ്ഞു, താങ്കളുടെ പദ്ധതി മികച്ചതാണ് അപ്രകാരം അവർ ഗത്ഫാനിലേക്കും മറ്റു ഗോത്രങ്ങളിലേക്കും യാത്ര തിരിച്ചു. അവരെയെല്ലാം പ്രവാചകനെതിരിൽ യുദ്ധം ചെയ്യാൻ വേണ്ടി ഒരുമിച്ചുകൂട്ടി.
ഇതിന്‍റെ വിശദീകരണം ബഷീർ അഹമദ് സാഹിബ് എഴുതുന്നു, ഈ അവസ്ഥകളെക്കുറിച്ച് നബിക്ക് വിവരം ലഭിച്ചപ്പോൾ അവിടുന്ന് അബ്‌ദുല്ലാഹ് ബിൻ റവാഹയെയും മറ്റു മൂന്ന് സഹാബാക്കളെയും ഖൈബറിലേക്ക് കാര്യങ്ങൾ അന്വേഷിക്കുന്നതിനു വേണ്ടി പറഞ്ഞയച്ചു. അബ്ദുള്ള ബിൻ റവാഹയും സംഘവും രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ചു , അറിഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് പ്രവാചകനെ ബോധിപ്പിച്ചു. അബ്‌ദുല്ലാഹ് ബിൻ റവാഹയും സംഘവും വളരെ തന്ത്രപൂർവ്വം ഖൈബറിൽ എത്തുകയും ഉസൈർ ബിൻ റിസാമിന്‍റെ സദസ്സിൽ എത്തി അവർ പ്രവാചകനെതിരെ തയ്യാറാക്കുന്ന പദ്ധതികളെക്കുറിച്ച് കേൾക്കുകയുണ്ടായി. ആ ദിവസങ്ങളിൽ തന്നെ യാദൃശ്ചികമായി ഒരു അമുസ്‌ലിം ഖാരിജ ഹുസൈലും ഖൈബറിൽ നിന്നും മദീനയിലേക്ക് വന്നിരുന്നു ആ വ്യക്തിയും ഉസൈർ മദീന ക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി സൈന്യം തയ്യാറാക്കുന്ന വാർത്ത സ്ഥിരീകരിച്ചു. നബി (സ) അബ്‌ദുല്ലാഹ് ബിൻ റവാഹയുടെ നേതൃത്വത്തിൽ 30 സഹാബാക്കളുടെ ഒരു സംഘത്തെ ഖൈബറിലേക്ക് അയച്ചു.
ഖൈബറിൽ വച്ച് അബ്‌ദുല്ലാഹ് ബിൻ റവാഹയും ഉസൈർ ബിൻ റിസാമും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്, നബി ആഗ്രഹിച്ചിരുന്നത് ഉസൈർ ബിൻ റിസാമിനെ മദീനയിൽ വിളിച്ചു ഒരു സമാധാന സന്ധി ഉണ്ടാക്കി പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കണമെന്നതായിരുന്നു. ഈ ആഗ്രഹപ്രകാരം അവിടുന്ന് ഉസൈറിനെ ഖൈബർ പ്രദേശത്തെ അമീറായി നിയമിക്കാനും തയ്യാറായിരുന്നു
അബ്ദുല്ലായുടെ സംഘം ഖൈബറിൽ എത്തിയപ്പോൾ ഉസൈർ ബിൻ റിസാമുമായി സംസാരത്തിനിടയിൽ സംരക്ഷണം ഉണ്ടാകണം എന്ന കാര്യത്തിൽ പ്രതിജ്ഞ എടുത്തു. ഇതിൽ നിന്നും മനസ്സിലാകുന്നത് ആ സമയത്ത് മുസ്‌ലീങ്ങൾ മനസ്സിലാക്കിയിരുന്നത് ഉസൈറിന്‍റെ ഭാഗത്തുനിന്നും സംസാര മധ്യ തന്നെ വഞ്ചന ഉണ്ടാകാനും ആക്രമണത്തിനും സാധ്യതയുണ്ട് എന്നായിരുന്നു. അബ്‌ദുല്ലാഹ് ബിൻ റവാഹ ഉസൈറുമായി സംസാരം ആരംഭിച്ചു. ആ സംഭാഷണത്തിന്‍റെ ഉള്ളടക്കം, നബി (സ) ഉസൈറുമായി ഒരു സമാധാന ഉടമ്പടിക്ക് ആഗ്രഹിക്കുന്നു, അതുകൊണ്ട് താങ്കൾ സ്വയം മദീനയിൽ വന്നുകൊണ്ട് പ്രവാചകനുമായി സംസാരിക്കണം എന്നായിരുന്നു. ഉടമ്പടി നടക്കുകയാണെങ്കിൽ ഉസൈറിനെ ഖൈബറിലെ അമീറായി നിശ്ചയിക്കാനും തയ്യാറാണെന്ന് അറിയിച്ചു.
സ്ഥാനമോഹിയായ ഉസൈറിന്‍റെ മനസ്സിൽ മറ്റെന്തെങ്കിലും ഉദ്ദേശം ആയിരുന്നെങ്കിലും പ്രകടമായ നിലയിൽ ഈ നിർദ്ദേശം അംഗീകരിച്ചു.അതോടൊപ്പം തന്നെ ഖൈബറിലെ യഹൂദികളെ ഒരുമിച്ചുകൂട്ടി അവരോട് അഭിപ്രായം ചോദിച്ചു. ഇസ്‌ലാമിനോടുള്ള ശത്രുതയിൽ അന്ധരായിരുന്നു യഹൂദികൾ ഈ അഭിപ്രായത്തോട് യോജിച്ചില്ല ഇതിൽ നിന്നും ഉസൈർ പിന്മാറുന്നതിന് വേണ്ടി അവർ പറഞ്ഞു , മുഹമ്മദ് താങ്കളെ ഖൈബറിലെ നേതാവാക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നാൽ സാഹചര്യങ്ങളെ കൂടുതൽ മനസ്സിലാക്കിയ ഉസൈർ പറഞ്ഞു, നിങ്ങൾക്കറിയില്ല മുഹമ്മദ് യുദ്ധങ്ങൾ കാരണം പ്രതിസന്ധിയിലാണ്, യുദ്ധങ്ങളുടെ പരമ്പര അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഉസൈർ, അബ്‌ദുല്ലാഹ് ബിൻ റവാഹയുടെ സംഘത്തോടൊപ്പം മദീനയിലേക്ക് പുറപ്പെടാൻ തയ്യാറായി. അബ്‌ദുല്ലാഹ് ബിൻ റവാഹയെ പോലെ അയാളും തന്നോടൊപ്പം 30 യഹൂദികളേയും കൂടെകൂട്ടിയാണ് യാത്ര പുറപ്പെട്ടത്
രണ്ടു വിഭാഗവും ഖൈബറിൽനിന്ന് പുറപ്പെട്ട് 6 മെയിൽ ദൂരെയുള്ള ഖർഖറ എന്ന സ്ഥലത്ത് എത്തി. അവിടെ എത്തിയപ്പോൾ ഉസൈറിന്‍റെ മനസ്സു മാറുകയോ അല്ലെങ്കിൽ അയാളുടെ മനസ്സിൽ നേരത്തെ തന്നെ ഉണ്ടായിരുന്ന വഞ്ചന ആ സമയം വെളിപ്പെട്ടു എന്നുവേണം മനസ്സിലാക്കാൻ. അബ്‌ദുല്ലാഹ്‌ഹ് ബിൻ ഉനൈസ് എന്ന സഹാബിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആ സഹാബി ചോദിച്ചു, അല്ലാഹുവിന്‍റെ ശത്രുവേ! നീ ഞങ്ങളോട് വഞ്ചന കാണിക്കാനാണോ ഉദ്ദേശിക്കുന്നത്? രണ്ട് തവണ ഈ ചോദ്യം ആവർത്തിച്ചെങ്കിലും ഉസൈർ മറുപടി നൽകിയില്ല. അങ്ങനെ ഈ സ്‌ഥലത്ത് വെച്ച് തന്നെ മുസ്‌ലീങ്ങളും യഹൂദികളും തമ്മിൽ യുദ്ധം ആരംഭിച്ചു. രണ്ട് സംഘവും എണ്ണത്തിൽ തുല്യരായിരുന്നു. യഹൂദികൾ നേരത്തെ തന്നെ മാനസികമായി തയ്യാറായിരുന്നു , എന്നാൽ മുസ്‌ലീങ്ങൾക്ക് അങ്ങനെ യാതൊരു ഉദ്ദേശവും ഇല്ലാ യിരുന്നു, പക്ഷെ അല്ലാഹുവിന്‍റെ അനുഗ്രഹം നോക്കുക, ചില മുസ്‌ലീങ്ങൾക്ക് പരിക്കുപറ്റിയെങ്കിലും ആർക്കും തന്നെ ജീവനഷ്ടം ഉണ്ടായില്ല. പക്ഷേ മറുഭാഗത്ത് എല്ലാ യഹൂദികളും അവരുടെ വഞ്ചനയുടെ ശിക്ഷയുടെ ഫലമായി വധിക്കപ്പെട്ടു. സഹാബാക്കളുടെ ഈ സംഘം മദീനയിൽ തിരിച്ചെത്തി. തിരുനബി(സ)യോട് കാര്യങ്ങളെക്കുറിച്ചെല്ലാം അറിയിപ്പ് കൊടുത്തു. മുസ്‌ലീങ്ങൾ സുരക്ഷിതരായി തിരിച്ചെത്തിയതിൽ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് നബി(സ) പറഞ്ഞു,
قد نجاكم الله من القوم الظالمين
നിങ്ങളെ അക്രമികളായ സംഘത്തിൽനിന്നും മോചിപ്പിച്ച അല്ലാഹുവിനാകുന്നു സർവ്വസ്‌തുതിയും.
അബ്‌ദുല്ലാഹ് ബിൻ റവാഹയുടെ സംഘം ഉസൈറിനെയും സംഘത്തെയും വഴിയിൽ വച്ച് കൊല്ലണം എന്ന ഉദ്ദേശത്തോടുകൂടിയാണ് കൊണ്ടുവന്നതെന്ന് ക്രിസ്‌തീയ ചരിത്രകാരന്മാർ ഈ സംഭവത്തെ കുറച്ച് ആരോപണം ഉന്നയിക്കാറുണ്ട്. പക്ഷേ ചരിത്രത്തിൽ മുസ്‌ലീങ്ങൾ ഈ ഉദ്ദേശത്തോടുകൂടി അവിടെ പോയി എന്നതിനുള്ള യാതൊരു തെളിവും ലഭ്യമല്ല. മറിച്ച് ചിന്തിക്കുകയാണെങ്കിൽ, അല്ലയോ ദൈവത്തിന്‍റെ ശത്രു, നീ വഞ്ചിക്കാനാണോ ഉദ്ദേശിക്കുന്നത്? എന്ന അബ്‌ദുല്ലാഹ് ബിൻ ഉനൈസിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക, അതുപോലെ, നിങ്ങളെ ഒരു ആക്രമികളായ സംഘത്തിൽനിന്ന് രക്ഷിച്ചതിന് അല്ലാഹുവിന് ആണ് എല്ലാ സ്തുതിയും എന്ന തിരുനബി(സ)യുടെ വാക്കുകളും ശ്രദ്ധിക്കുക, ഇതെല്ലാം തന്നെ മുസ്‌ലീങ്ങളുടെ ഉദ്ദേശം സമാധാനമായിരുന്നു എന്ന് തെളിയിക്കുന്നതിന് മതിയായതാണ്.
അംറ് ബിൻ ഉമയ്യ സംരിയുടെ അബൂ സുഫിയാന് എതിരെയുള്ള സരിയ്യ
ഇബ്നു ഹിശാം, ഇബ്നു കസീർ, തിബരി എന്നിവരെല്ലാം ഹിജ്റ നാലാം വർഷം, റജീഅ് സംഭവത്തിനുശേഷം ആണ് ഈ സൈനിക നീക്കം നടന്നത് എന്നാണ് വിവരിച്ചിട്ടുള്ളത്. എന്നാൽ ഇബ്നു സഅദും സർക്കാനിയും ഈ സരിയ ഹിജ്റ ആറിലാണെന്ന് അഭിപ്രായപ്പെടുന്നു. ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് സീറത്ത് ഖാതമുന്നബിയ്യീനിൽ ഈ സരിയ ഹിജ്റ ആറാം വർഷത്തിൽ ആണെന്ന് വിവരിച്ചിട്ടുണ്ട്.
ഈ സരിയയുടെ വിശദീകരണം ഇപ്രകാരമാണ്, അബൂസുഫിയാൻ ഖുറൈശികളുടെ ഏതാനും ആളുകളോട് പറഞ്ഞു, മുഹമ്മദ്(സ) അങ്ങാടിലൂടെ നടന്നു പോകുമ്പോൾ പെട്ടെന്ന് അദ്ദേഹത്തെ കൊല്ലാൻ കഴിവുള്ളവരായി നിങ്ങളിൽ ആരുമില്ലേ? അപ്പോൾ അബൂസുഫിയാന്‍റെ അടുത്ത് ഗ്രാമീണവാസിയായ ഒരാൾ വന്നു പറഞ്ഞു, ഞാൻ ആളുകളിൽ ഏറ്റവും ധൈര്യവാനാണ്, ഞാൻ വളരെ വേഗത്തിൽ ഓടുന്നവനാണ് , നിങ്ങൾ എന്നെ സഹായിക്കുകയാണെങ്കിൽ ഞാൻ മുഹമ്മദിന്‍റെ അടുത്തേക്ക് പോകുകയും ആക്രമിക്കുകയും ചെയ്യാം. എന്‍റെ പക്കൽ കഴുകന്‍റെ ചിറകുപോലെയുള്ള ഒരു കഠാരയുണ്ട്, അതു കൊണ്ട് ഞാൻ മുഹമ്മദിനെ ആക്രമിക്കുന്നതാണ്. പിന്നീട് ഞാൻ ഏതെങ്കിലും സംഘത്തോടൊപ്പം ചേരുന്നതാണ്. തുടർന്ന് ഞാൻ ഓടി ആ സംഘത്തെ മറികടക്കുകയും ചെയ്യും. എനിക്ക് വഴികളെ സംബന്ധിച്ച് നല്ല അറിവുണ്ട്.
അബൂസൂഫിയാൻ പറഞ്ഞു , നീ തന്നെയാണ് നമ്മുടെ സുഹൃത്ത്. തുടർന്ന് അയാൾക്ക് ഒട്ടകവും യാത്രാചെലവുകളും നൽകി. അയാൾ രാത്രി പുറപ്പെടുകയും അഞ്ചു ദിവസത്തെ യാത്രയ്ക്കുശേഷം ആറാം ദിവസം ഹിറയിലെത്തി . തുടർന്ന് മദീനയിൽ എത്തി തിരുനബി(സ) യെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. അങ്ങനെ ആ വ്യക്തി തന്‍റെ സവാരിയെ തയ്യാറാക്കി നബി(സ)യുടെ അടുക്കലേക്ക് എത്തി. ആ സമയത്ത് നബി(സ) ബനൂ അബ്ദുൽ അശ്ഹലിന്‍റെ മസ്‌ജിദിലാണ് ഉണ്ടായിരുന്നത്.
തിരുനബി(സ) അയാളെ കണ്ടപ്പോൾ പറഞ്ഞു, തീർച്ചയായും ഇയാൾക്ക് വഞ്ചിക്കാനുള്ള ഉദ്ദേശം ഉണ്ട്. അല്ലാഹു അയാൾക്കും അയാ ളുടെ ഉദ്ദേശത്തിനുമിടയിൽ തടസ്സമായി നിന്നു. അങ്ങനെ അയാൾ തിരുനബി(സ)യെ ആക്രമിക്കാനായി മുന്നോട്ടു കുതിച്ചപ്പോൾ തന്നെ ഉസൈദ് ബിൻ ഹുദൈർ അയാളുടെ പുതപ്പ് പിടിച്ച് വലിക്കുകയും അങ്ങനെ അയാളുടെ കയ്യിൽ നിന്ന് കഠാര വീണു പോകുകയും ചെയ്തു. നബി(സ) ചോദിച്ചു, സത്യം പറയുക നീ ആരാണ്?
അയാൾ പറഞ്ഞു , ഞാൻ അഭയം തേടുന്നു.
നബി(സ) പറഞ്ഞു ശെരി, പിന്നീട് തന്‍റെ ഉദ്ദേശത്തെക്കുറിച്ചും അബൂസുഫിയാൻ തന്നെ നിയമിച്ചതാണെന്നും പറഞ്ഞു. അനന്തരം നബി(സ) അയാളെ വെറുതെ വിട്ടു. പ്രവാചകന്‍റെ ഈ ഔദാര്യത്തിൽ അയാൾ മുസ്‌ലിം ആവുകയും ചെയ്തു. പറഞ്ഞു, അല്ലയോ മുഹമ്മദ് (സ)! ഞാൻ ആളുകളെ ഭയന്നിരുന്നില്ല പക്ഷേ ഞാൻ അങ്ങയെ കണ്ടപ്പോൾ എന്‍റെ ബുദ്ധി പ്രവർത്തനരഹിതമായി, എന്‍റെ ഹൃദയം തളർന്നു പോയി. പിന്നെയും ഞാൻ എന്‍റെ ദൃഢനിശ്ചയമനുസരിച്ച് ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാൻ സാധിച്ചില്ല. എനിക്ക് മനസ്സിലായി താങ്കൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്, താങ്കൾ സത്യത്തിൽ ആണ്. അബൂ സുഫിയാന്‍റെ സൈന്യം ശൈത്താന്‍റെ സൈന്യമാണ്. ഇത് കേട്ടപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു, ആ വ്യക്തിക്ക് തിരിച്ചു പോകാനുള്ള അനുവാദം നൽകി. അതിനുശേഷം ആ വ്യക്തിയെക്കുറിച്ചുള്ള യാതൊരു അറിവും ഉണ്ടായിട്ടില്ല.
അബൂസുഫിയാന്‍റെ ഈ രക്തരൂഷിത പദ്ധതി കാരണം തുടർന്നും മക്കക്കാരുടെ ഉദ്ദേശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം എന്ന കാര്യം നിർബന്ധമായി. അങ്ങനെ തിരുനബി(സ) തന്‍റെ രണ്ട് സ്വഹാബാക്കൾ അംറ് ബിൻ ഉമയ്യ സംരിയേയും സൽമ ബിൻ അസ്‌ലമിനേയും മക്കയിലേക്ക് പറഞ്ഞയച്ചു. അബൂസുഫിയാന്‍റെ ഈ വധശ്രമത്തെയും മുൻകാല പ്രവർത്തനങ്ങളെയും കണക്കിലെടുത്ത് കൊണ്ട് സന്ദർഭം ലഭിക്കുകയാണെങ്കിൽ ഇസ്‌ലാമിന്‍റെ ഈ യുദ്ധശത്രുവിനെ വധിക്കുന്നതിന് അവർക്ക് അനുമതി നൽകി. അങ്ങനെ ഉമയ്യയും അദ്ദേഹത്തിന്‍റെ സുഹൃത്തും മക്കയിലെത്തിയപ്പോൾ ഖുറൈശികൾ വളരെ ജാഗ്രത പുലർത്തി. ഈ രണ്ടു സ്വഹാബാക്കളും തങ്ങളുടെ ജീവൻ സംരക്ഷിച്ചുകൊണ്ട് മദീനയിലേക്ക് തിരിച്ചു വന്നു. വഴിയിൽ അവർ ഖുറൈശികളുടെ രണ്ട് ചാരന്മാരുമായി കണ്ടുമുട്ടി. അവരെ ഖുറൈശികൾ മുസ്‌ലീങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും നബിയുടെ അവസ്ഥകളെക്കുറിച്ചും അറിഞ്ഞുവരാൻ പറഞ്ഞയച്ചതായിരുന്നു. ഇതും ഒരു പക്ഷേ ഖുറൈശികളുടെ മറ്റൊരു വഞ്ചനാപരമായ പദ്ധതിയാണെങ്കിലും ആശ്ചര്യമൊന്നുമില്ല. എന്നാൽ അല്ലാഹു അനുഗ്രഹിക്കുകയും ഉമയക്കും സൽമയ്ക്കും ആ ചാരന്മാരെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. തുടർന്ന് അവരെ പിടിച്ചു തടവിലാക്കാൻ ശ്രമിക്കുമ്പോൾ അവർ തിരിച്ചു യുദ്ധം ചെയ്തു. അതിൻറെ ഫലമായി ആ ചാരന്മാരിൽ ഒരാൾ വധിക്കപ്പെട്ടു. മറ്റൊരാളെ തടവിലാക്കി മദീനയിലേക്ക് കൊണ്ടുപോയി.
ഈ വിവരണം പിന്നീട് തുടരുന്നതാണ് എന്ന്‍ ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഖലീഫാ തിരുമനസ്സ് പാക്കിസ്ഥാനിലേയും ഫലസ്തീനിലേയും അവസ്ഥകൾ വിശദീകരിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഖുത്വുബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് കഴിഞ്ഞ ദിവസങ്ങളിൽ വഫാത്തായ
ശൈഖ് മുബാറക്ക് അഹ്മദ് സാഹിബ് , മുഹമ്മദ് മുനീർ സാഹിബ് , അബ്ദുൽബാരി താരീഖ് സാഹിബ് എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗായിബ് നമസ്കരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
0 Comments