തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര

മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര

മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 20 ജൂണ്‍ 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുഹമ്മദ്‌ സ്വാലിഹ് ശാഹിദ് 

ഇന്ന് മക്കയിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിനു ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഖുറൈശികൾക്ക് ഒരു കത്ത് എഴുതിയ സംഭവം

മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒരു അനുചരൻ പ്രവാചകന്‍റെ(സ) പദ്ധതികളെക്കുറിച്ച് ഖുറൈശികളെ അറിയിക്കാൻ തീരുമാനിച്ചു. തിരുനബി(സ) മക്കയിലേക്ക് യാത്ര ചെയ്യാൻ പോകുന്നുണ്ടെന്ന് അദ്ദേഹം ഒരു കത്തെഴുതിയതായി രേഖകളിൽ കാണാം. മക്കയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീക്ക് അദ്ദേഹം ആ കത്ത് കൊടുത്തു. പ്രവാചകനെ(സ) ഒരു വലിയ സൈന്യം അനുഗമിക്കുമെന്നും ആ കത്തിൽ പരാമർശിച്ചിരുന്നു. ഈ കത്തിനെക്കുറിച്ച് ദൈവം തിരുനബിയെ (സ) അറിയിച്ചു. അദ്ദേഹം ഹദ്‌റത്ത് അലി(റ)യെ വിളിച്ചുവരുത്തുകയും ആ സ്ത്രീയുടെ പിന്നാലെ പോയി കത്ത് പിടിച്ചുവാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രവാചകൻ പറഞ്ഞ അതേ സ്ഥലത്ത് വെച്ച്‌ തന്നെ അവരെ കണ്ടെത്തുകയുണ്ടായി. അവരെ നിർബന്ധിച്ചതിനെത്തുടർന്ന്, ആ സ്ത്രീ താൻ കൊണ്ടുപോകുകയായിരുന്ന കത്ത് കൈമാറി. കത്ത് തിരുനബി(സ)യുടെ അടുക്കൽ സമർപ്പിച്ചപ്പോൾ, അത് എഴുതിയ അനുചരൻ ഹാതിബ്(റ) യോട് അദ്ദേഹം ചോദിച്ചു, എന്തുകൊണ്ടാണ് താങ്കൾ ഇത് ചെയ്തത്? അദ്ദേഹം പറഞ്ഞു തിരുനബിയെ(സ) ഒറ്റിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല താനിത് ചെയ്തത് മറിച്ച്, മക്കക്കാരുടെ പ്രീതി പിടിച്ചുപറ്റാനും, തന്‍റെ മരണശേഷം തന്‍റെ കുടുംബത്തെ സംരക്ഷിക്കാനും വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത് എന്നും മറുപടി നൽകി. പ്രവാചകൻ(സ )അദ്ദേഹത്തിന്‍റെ വാക്കുകൾ അംഗീകരിച്ചു.

മക്കയിലേക്കുള്ള യാത്രയും എതിരാളികളുടെ ഇസ്‌ലാം സ്വീകരണവും

പിന്നീട് തിരുനബി(സ) മക്കയിലേക്കുള്ള യാത്ര ആരംഭിച്ചു. റമദാനിന്‍റെ ആദ്യ ദിവസങ്ങളിലാണ് ഈ യാത്ര നടന്നത്. മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബിയുടെ(സ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു. ഈ യാത്ര റമദാനിൽ നടന്നതിനാൽ,  പ്രവാചകൻ(സ) വഴിയിൽ വെച്ച് നോമ്പ് മുറിച്ചു. യാത്രയിലായതിനാൽ പിന്നീടുള്ള നോമ്പുകളൊന്നും അനുഷ്ഠിച്ചില്ല. യാത്രയിലായിരിക്കുമ്പോൾ നോമ്പെടുക്കരുതെന്ന് അദ്ദേഹം കൂടെ യാത്ര ചെയ്തിരുന്ന അനുചരന്മാരെ ഉപദേശിച്ചു.

വഴിയിൽ വെച്ച് പ്രവാചകൻ(സ) തന്‍റെ കുഞ്ഞുങ്ങൾക്ക് പാലൂട്ടിക്കൊണ്ടിരുന്ന ഒരു നായയെ കണ്ടു. സൈന്യത്തിൽ നിന്നുള്ള ആരും അവരെ ശല്യപ്പെടുത്താതിരിക്കാൻ, നായയുടെയും അതിന്‍റെ കുട്ടികളുടെയും മുന്നിൽ നിൽക്കാൻ തിരുനബി(സ) തന്‍റെ ഒരു അനുയായിയോട് നിർദ്ദേശിച്ചു. മൃഗങ്ങളോടുള്ള പ്രവാചകന്‍റെ(സ) കാരുണ്യമാണ് ഇത് വ്യക്തമാക്കുന്നത്. ചാരന്മാരെ പിടികൂടാൻ പ്രവാചകൻ(സ) മുസ്‌ലിം സൈന്യത്തിൽ നിന്ന് ഒരു സംഘത്തെ മുന്നോട്ട് അയച്ചിരുന്നു. അവർ ഹവാസിനിൽ നിന്നുള്ള ഒരു ചാരനെ പിടികൂടി, അയാളെ സൈന്യത്തിന്‍റെ അടുക്കലേക്ക് കൊണ്ടുവന്നു. ഹവാസിനുകൾ മുസ്‌ലിങ്ങൾക്കെതിരെ വലിയൊരു സൈന്യത്തെ തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം തിരുനബി(സ)യെ അറിയിച്ചു.

മുസ്‌ലിം സൈന്യം ഖുദൈദിൽ എത്തിയപ്പോൾ, തിരുനബി (സ) സൈന്യത്തിനായി പതാകകൾ തയ്യാറാക്കുകയും ഗോത്രങ്ങൾക്കനുസരിച്ച് സൈന്യത്തെ ക്രമീകരിക്കുകയും ചെയ്തു. ഓരോ ഗോത്രത്തെയും സൈന്യത്തിലെ ഓരോ റാങ്കുകളായി വിഭജിച്ചു, ആ ഗോത്രത്തിൽ നിന്നുള്ള ഒരാളെ ആ റാങ്കിലുള്ള സൈന്യത്തിന്‍റെ നേതാവായി നിയമിക്കുകയും ചെയ്‌തു. ഈ യാത്രാ വേളയിൽ അബു സുഫ്‌യാൻ ബിൻ ഹാരിസും അബ്ദുല്ലാഹ് ബിൻ അബി ഉമയ്യയും ഇസ്‌ലാം സ്വീകരിച്ചു. അബൂസുഫ്‌യാൻ ബിൻ ഹാരിസ് നബി(സ)യുടെ ബന്ധുവും സഹോദരനുമായിരുന്നു. അദ്ദേഹവും മകനും തുടക്കത്തിൽ പ്രവാചകന്‍റെ(സ) കടുത്ത എതിരാളികളായിരുന്നു. അതുകൊണ്ട് തന്നെ ഇതുവരെ തിരുനബിയെ കാണാൻ ധൈര്യപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, നബി(സ) ഈ യാത്രയിലായിരിക്കുമ്പോൾ, അവർ തിരുനബിയെ(സ) കാണാൻ വന്നു. അബൂ സുഫ്‌യാൻ തിരുനബിക്കെതിരെ അസഭ്യമായ കവിത കേൾപ്പിക്കാറുണ്ടായിരുന്നതിനാൽ തുടക്കത്തിൽ തിരുനബി(സ) അവരെ കാണാൻ ആഗ്രഹിച്ചില്ല. എന്നാൽ, അബൂ സുഫ്‌യാൻ ബിൻ ഹാരിസ് പറഞ്ഞത്, തിരുനബി(സ)യെ കാണാൻ സാധിച്ചില്ലെങ്കിൽ, അദ്ദേഹം തന്‍റെ മകനെയും കൂട്ടി വിശപ്പും ദാഹവും മൂലം മരിക്കുന്നതുവരെ മരുഭൂമിയിൽ അലഞ്ഞുനടക്കുമെന്നാണ്. ഇത് കേട്ടപ്പോൾ തിരുനബി(സ) തന്‍റെ നിലപാട് മയപ്പെടുത്തി, തന്നെ കാണാനുള്ള അവസരം അവർക്ക് അനുവദിച്ചു. ഈ അവസരത്തിലാണ് അവർ ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരിച്ചതിനുശേഷം, അബൂ സുഫ്‌യാൻ ബിൻ ഹാരിസിന്‍റെ കവിതകൾ മുഴുവനും തിരുനബിയെ പ്രകീർത്തിക്കുന്നവയായിരുന്നു. മരിക്കുന്നതിന് മുമ്പ്, ആരും തനിക്കുവേണ്ടി കരയരുതെന്ന് അദ്ദേഹം പറഞ്ഞു, കാരണം ഇസ്‌ലാം സ്വീകരിച്ചതിനുശേഷം, ഒരു പാപവും തന്‍റെ അടുത്തേക്ക് വരാൻ അദ്ദേഹം അനുവദിച്ചില്ല.

ഉമയ്യ ബിൻ അബൂ അബ്ദുല്ലയും പ്രവാചകന്‍റെ ഒരു ബന്ധുവായിരുന്നു. അദ്ദേഹവും തുടക്കത്തിൽ തിരുനബിയുടെ കടുത്ത എതിരാളിയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം അദ്ദേഹം ഹുനൈൻ യുദ്ധത്തിൽ പങ്കെടുത്തു. ത്വാഇഫിലേക്കുള്ള ഒരു പര്യടനത്തിനിടെ ഒരു അമ്പ് തറച്ചതിനെ തുടർന്ന് ഒടുവിൽ രക്തസാക്ഷിയായി. തിരുനബി(സ) മക്കയിലേക്ക് യാത്ര ചെയ്തപ്പോൾ, ഹദ്‌റത്ത് അബ്ബാസ്(റ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകാനുള്ള യാത്ര ആരംഭിച്ചു. അദ്ദേഹം തിരുനബി(സ)യുടെ അമ്മാവനായിരുന്നു. അദ്ദേഹം ജുഹ്ഫയിൽ വെച്ച് മുസ്‌ലിം സൈന്യവുമായി കണ്ടുമുട്ടി, അവിടെ നിന്ന് തന്‍റെ സാധനങ്ങൾ മദീനയിലേക്ക് അയക്കുകയും, തുടർന്ന് മുസ്‌ലിം സൈന്യത്തിന്‍റെ മക്കയിലേക്കുള്ള യാത്രയിൽ പങ്കുചേരുകയും ചെയ്തു. ബദർ യുദ്ധത്തിന് മുമ്പ് ഹദ്‌റത്ത് അബ്ബാസ്(റ) ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന് മിക്ക ചരിത്ര വിവരണങ്ങളും സൂചിപ്പിക്കുന്നു. എന്നിരുന്നാലും, തിരുനബി(സ)യുടെ ഹിജ്‌റയ്ക്ക് ശേഷം, പ്രവാചകന് വാർത്തകളും വിവരങ്ങളും എത്തിക്കുന്നതിനായി അദ്ദേഹം ആദ്യം മക്കയിൽ തന്നെ തുടർന്നു.

മക്കാ വിജയത്തെക്കുറിച്ച് അബൂബക്കർ(റ) കണ്ട സ്വപ്നം

മക്കാ വിജയത്തെക്കുറിച്ച് ഹദ്‌റത്ത് അബൂബക്കർ(റ) ഒരു സ്വപ്നം കണ്ടു. തിരുനബി(സ)യോട് അദ്ദേഹം ദർശിച്ച ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു ,  അവർ മക്കയ്ക്ക് സമീപം എത്തി അപ്പോൾ ഒരു നായ കുരച്ചുകൊണ്ടു വന്നു. അതിൽ നിന്ന് പാൽ ഒഴുകാൻ തുടങ്ങി. മക്കക്കാരുടെ തിന്മകൾ നീക്കം ചെയ്യപ്പെടുമെന്ന് പ്രവാചകൻ(സ) ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചു. അവർ ഹദ്‌റത്ത് അബൂബക്കറിന്‍റെ(റ) സംരക്ഷണത്തിൽ വരും.

മക്കയിൽ മുസ്‌ലിം സൈന്യത്തിന്റെ‌ വരവ്

പ്രവാചകൻ(സ)യുടെ പ്രാർത്ഥനയുടെയും വിദഗ്ദ്ധ സൈനിക ആസൂത്രണത്തിന്‍റെയും ഫലമായി, മുസ്‌ലിം സൈന്യം മക്കയിൽ നിന്ന് അഞ്ച് മൈൽ അകലെയായിരിക്കുമ്പോൾ വൈകുന്നേരം പതിനായിരം തീ കത്തിക്കാൻ പ്രവാചകൻ(സ )മുസ്‌ലീങ്ങളോട് നിർദ്ദേശിച്ചു. മക്കക്കാർ ഈ തീ കണ്ടപ്പോൾ, അത് മുസ്‌ലീങ്ങളാണെന്ന് അവർ സംശയിച്ചില്ല. ഇതിനിടയിൽ, മുസ്‌ലിംകൾ മക്കയിലെ ചില ചാരന്മാരെ പിടികൂടി പ്രവാചകന്‍റെ അടുക്കൽ കൊണ്ടുവന്നു. അബൂ സുഫ്‌യാൻ അടുത്തുണ്ടെന്ന് തിരുനബി(സ) ഒരു ദർശനം കണ്ടു. അദ്ദേഹം കൃത്യമായ സ്ഥാനം,  ചില അനുചരന്മാർക്ക് അറിയിച്ചുകൊടുത്തു. അബൂ സുഫ്‌യാനെ പിടികൂടി കൊണ്ടുവരാൻ അവരോട് നിർദ്ദേശിച്ചു. തിരുനബി(സ) പറഞ്ഞ സ്ഥലത്ത് നിന്ന് തന്നെ അബൂ സുഫ്‌യാനെ അനുചരന്മാർ കണ്ടെത്തി. അവർ മുസ്‌ലീങ്ങളാണെന്ന് അബൂസുഫ്‌യാൻ തിരിച്ചറിഞ്ഞപ്പോൾ,  ഇത്രയും വലിയ ഒരു സൈന്യം ആരും അറിയാത്ത വിധത്തിൽ എത്തിയതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.

ഈ വിവരണങ്ങൾ തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

പ്രാർത്ഥനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖലീഫ തിരുമനസ്സ് വീണ്ടും ആഹ്വാനം ചെയ്തു. സർവ്വശക്തനായ അല്ലാഹു ലോകത്തെ കുഴപ്പത്തിൽ നിന്ന് രക്ഷിക്കട്ടെ. നിലവിലെ സ്ഥിതി അസ്ഥിരമാണ്; ഈ അവസ്ഥകൾ കൂടുതൽ വഷളാകാതിരിക്കാൻ സർവ്വശക്തനായ അല്ലാഹു സഹായിക്കട്ടെ

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു