അസത്യമെന്ന തിന്മയ്‌ക്കെതിരെയുള്ള ജാഗ്രത

ഒരാള്‍ താന്‍ കേട്ട കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ, അതേപടി മറ്റുള്ളവരോട് പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌(സ) പഠിപ്പിച്ചിരിക്കുന്നു.

അസത്യമെന്ന തിന്മയ്‌ക്കെതിരെയുള്ള ജാഗ്രത

ഒരാള്‍ താന്‍ കേട്ട കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ, അതേപടി മറ്റുള്ളവരോട് പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌(സ) പഠിപ്പിച്ചിരിക്കുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 24 ഏപ്രിൽ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി.എം. മുഹമ്മദ് സാലിഹ് ശാഹിദ് 

തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, പ്രവാചകൻ മുഹമ്മദ്‌(സ) സ്ഥാപിച്ച സത്യസന്ധതയുടെ അത്യുന്നതമായ നിലവാരത്തെക്കുറിച്ച് തുടർന്നും സംസാരിക്കുന്നതാണെന്ന് ഹദ്റത്ത് മീർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പറഞ്ഞു.

പരദൂഷണം പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണ്

ഒരിക്കൽ നബിതിരുമേനി(സ) പറഞ്ഞു: “ഒരാൾ കേൾക്കുന്ന കാര്യങ്ങളെല്ലാം (സത്യമാണോ എന്ന് ഉറപ്പുവരുത്താതെ) പ്രചരിപ്പിക്കുന്നത് അയാൾ കളവ് പറയുന്നവൻ ആണെന്നതിന് മതിയായ തെളിവാണ്.” ഈയൊരു ശീലം ഇന്ന് ജമാഅത്തിലും വ്യാപകമായി കണ്ടുവരുന്നുണ്ട്.

ചില വ്യക്തികൾ ഇന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് കാണിച്ച് പലരും തനിക്ക് കത്തുകൾ എഴുതാറുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നാൽ, അതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ ആ ആരോപണം തെറ്റാണെന്ന് ബോധ്യപ്പെടുന്നു. ഇതേക്കുറിച്ച് പരാതിക്കാരനോട് ചോദിക്കുമ്പോൾ, താൻ അത് വെറുതെ കേട്ടറിഞ്ഞതാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത്തരം ആളുകളെ നബിതിരുമേനി(സ) കള്ളം പറയുന്നവരായി കണക്കാക്കുകയുണ്ടായി.

സത്യവിരുദ്ധമായി സംസാരിക്കുന്നത് നബിയുടെ അനുചരന്മാർക്ക് മറ്റെന്തിനേക്കാളും വെറുപ്പുള്ള കാര്യമായിരുന്നു. ആരെങ്കിലും കള്ളം പറഞ്ഞതായി നബിതിരുമേനി(സ)യുടെ ശ്രദ്ധയിൽപ്പെട്ടാൽ, ആ വ്യക്തി തന്‍റെ തെറ്റിൽ പശ്ചാത്തപിച്ച് മടങ്ങുന്നത് വരെ അവിടുത്തേക്ക് വലിയ ഹൃദയവേദന അനുഭവപ്പെടുമായിരുന്നു.

ഒരിക്കൽ ഒരു സ്ത്രീ നബിതിരുമേനി(സ)യോട് ഒരു സംശയം ചോദിച്ചു: തന്‍റെ ഭർത്താവിന്‍റെ മറ്റൊരു ഭാര്യയെ പ്രകോപിപ്പിക്കാൻ വേണ്ടി മാത്രം, ഭർത്താവ് തനിക്ക് ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ടെന്ന് (യഥാർത്ഥത്തിൽ നൽകിയിട്ടില്ലെങ്കിലും) കള്ളം പറയുന്നത് തെറ്റാണോ?

അതിന് മറുപടിയായി നബിതിരുമേനി(സ) ഇപ്രകാരം അരുള്‍ ച്ചെയ്തു: “തനിക്ക് ലഭിക്കാത്ത കാര്യങ്ങൾ ലഭിച്ചുവെന്ന് അവകാശപ്പെടുന്നവൻ കള്ളത്തരത്തിന്റെ രണ്ട് വസ്ത്രങ്ങൾ അണിഞ്ഞവന് തുല്യനാണ്.” ഇവിടെ ‘വസ്ത്രം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അങ്ങനെയുള്ള ഒരാൾ തല മുതൽ പാദം വരെ കള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ്. ഇത്രത്തോളം സൂക്ഷ്മമായ തലങ്ങളിൽ നിന്നുപോലും കള്ളം പറയുന്നതിനെ നബിതിരുമേനി(സ) വിലക്കിയിരുന്നു.

കള്ളം പറയുക എന്നത് കപടവിശ്വാസികളുടെ ഒരു സ്വഭാവമാണ്

കപടവിശ്വാസിയുടെ നാല് ഗുണങ്ങളെക്കുറിച്ച് ഒരിക്കൽ പ്രവാചകൻ(സ) വിവരിക്കുകയുണ്ടായി. ഒരാളിൽ ഈ ഗുണങ്ങളിൽ ഒന്നുണ്ടെങ്കിൽപ്പോലും, അത് ഉപേക്ഷിക്കുന്നത് വരെ അയാളിൽ കപടവിശ്വാസത്തിന്‍റെ ഒരു സ്വഭാവം അടങ്ങിയിരിക്കുന്നുവന്ന്‍ നബി തിരുമേനി(സ) അരുൾ ചെയ്തു.

  1. അവർക്ക് നൽകപ്പെട്ട അമാനത്തുകൾ (വിശ്വസ്തതയോടെ ഏൽപ്പിക്കപ്പെട്ടവ) അവർ പാലിക്കുകയില്ല.
  2. സംസാരിക്കുമ്പോൾ അവർ കള്ളം പറയും.
  3. അവർ കരാറുകളോ സത്യങ്ങളോ ചെയ്താൽ അത് ലംഘിക്കും.
  4. അവർ വഴക്കിടുമ്പോൾ അശ്ലീലമായ ഭാഷ ഉപയോഗിക്കും.

ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, ഈ സ്വഭാവങ്ങൾ തങ്ങളിൽ എത്രത്തോളമുണ്ടെന്ന് ഓരോരുത്തരും സ്വയം വിശകലനം ചെയ്യേണ്ടതുണ്ട്.

അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രവാചകൻ(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവാചകൻ(സ) പലപ്പോഴും തന്‍റെ അനുചരന്മാരോട് അവർ എന്തെങ്കിലും സ്വപ്നങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ, പ്രവാചകൻ(സ) തന്‍റെ ഒരു സ്വപ്നം വിവരിക്കുകയുണ്ടായി; അതിൽ ഒരാളുടെ മുഖം കീറിമുറിക്കപ്പെടുന്നത് അദ്ദേഹം കണ്ടു. ആ സ്വപ്നത്തിൽ പ്രവാചകനോട് പറയപ്പെട്ടത്, മുഖം കീറിമുറിക്കപ്പെടുന്ന ആ വ്യക്തി തന്‍റെ വീട്ടിൽ നിന്നിറങ്ങി എല്ലാ ദിക്കുകളിലേക്കും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവനാണെന്നാണ്.

ചിലപ്പോൾ ആളുകൾ തങ്ങളുടെ ആസ്വാദനത്തിനോ അല്ലെങ്കിൽ മറ്റൊരാളെ ഉപദ്രവിക്കാനോ വേണ്ടിയാണ് കിംവദന്തികൾ ഉണ്ടാക്കുന്നത്. അത്തരം ആളുകൾ ഈ കാര്യങ്ങൾക്കെല്ലാം തങ്ങൾ മറുപടി പറയേണ്ടി വരുമെന്ന് എപ്പോഴും ഓർമ്മിക്കണം, അതുകൊണ്ടുതന്നെ അവർ ഇതിനെക്കുറിച്ച് അങ്ങേയറ്റം ഭയമുള്ളവരായിരിക്കുകയും വേണം.

ഇടപാടുകളിൽ വഞ്ചന വെടിയുക

രണ്ടുപേർ തമ്മിൽ ഒരു കച്ചവടം നടത്തുമ്പോൾ, അവർ പരസ്പരം കണ്ടുകൊണ്ടിരിക്കുന്ന സമയം വരെ ആ ഇടപാട് വേണ്ടെന്നു വെക്കാൻ അവർക്ക് അനുവാദമുണ്ടെന്നും, എന്നാൽ കച്ചവടം ഉറപ്പിച്ചുകഴിഞ്ഞാൽ അതിന് സാധിക്കില്ലെന്നും പരിശുദ്ധ പ്രവാചകൻ(സ) അരുള്‍ ച്ചെയ്തിട്ടുണ്ട്. അവർ രണ്ടുപേരും സത്യസന്ധതയോടെ പ്രവർത്തിക്കുകയും സത്യം മാത്രം സംസാരിക്കുകയും ചെയ്താൽ അവരുടെ കച്ചവടം അനുഗ്രഹിക്കപ്പെടും. എന്നാൽ, അവർ കാര്യങ്ങൾ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താൽ ആ കച്ചവടത്തിൽ ബർക്കത്ത് (അനുഗ്രഹം) ഉണ്ടാവുകയില്ല. പല ബിസിനസ്സ് ഇടപാടുകളും അസത്യത്തിലും വഞ്ചനയിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്; അത്തരം ഇടപാടുകൾ ഒരിക്കലും അനുഗ്രഹിക്കപ്പെടുകയില്ല.

ഒരാൾ കള്ളം പറയുമ്പോൾ, അയാളിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം കാരണം മലക്കുകൾ അയാളിൽ നിന്ന് ഒരു മൈൽ ദൂരത്തേക്ക് മാറിപ്പോകുമെന്ന് ഒരിക്കൽ നബി തിരുമേനി(സ) അരുൾ ചെയ്തിട്ടുണ്ട്.

ഒരിക്കൽ, പ്രവാചകൻ(സ) ധാന്യങ്ങൾ അല്ലെങ്കിൽ ഗോതമ്പ് നിറച്ച ചില ചാക്കുകളിൽ കൈയിട്ടു നോക്കിയപ്പോൾ അതിൽ ചിലത് നനഞ്ഞിരിക്കുന്നത് കണ്ടു. അദ്ദേഹം ഇതിനെക്കുറിച്ച് കച്ചവടക്കാരനോട് ചോദിച്ചു. മഴ പെയ്തപ്പോൾ അവ നനഞ്ഞതാണെന്ന് കച്ചവടക്കാരൻ പറഞ്ഞു. എന്നാൽ ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ അവ മുകളിൽ വെക്കുന്നതിന് പകരം, എന്തുകൊണ്ടാണ് ആളുകളിൽ നിന്ന് ഒളിപ്പിച്ചുവെക്കാൻ വേണ്ടി അവ അടിയിൽ വെച്ചതെന്ന് നബി തിരുമേനി(സ) ചോദിച്ചു. വഞ്ചിക്കുന്നവൻ തന്‍റെ കൂട്ടത്തിൽപ്പെട്ടവനല്ലെന്ന് പ്രവാചകൻ(സ) അരുൾ ചെയ്തിട്ടുണ്ട്. വഞ്ചനക്കെതിരെ പ്രവാചകൻ(സ) ഇത്രത്തോളം ശക്തമായി കൽപ്പിച്ചിരുന്നു. എന്നിട്ടും, ഇന്ന് പല മുസ്‌ലീങ്ങളും വഞ്ചനാപരമായ ബിസിനസ്സുകളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അതിനാൽ, സത്യസന്ധതയുടെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുക എന്നത് പരിശുദ്ധ പ്രവാചകനന്‍റെ(സ) അനുയായികൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്.

നബി തിരുമേനി(സ)യുടെ സത്യസന്ധതയെയും വിശ്വസ്തതയെയും കുറിച്ച് ഒരു എഴുത്തുകാരൻ പറഞ്ഞ കാര്യങ്ങൾ ഖലീഫാ തിരുമനസ്സ് അവതരിപ്പിച്ചു. പ്രവാചകൻ(സ) ഒരിക്കലും ജനങ്ങളുടെ സ്വാധീനത്തിന് വഴങ്ങിയിരുന്നില്ലെന്നും വിഗ്രഹാരാധനയ്‌ക്കെതിരെ അദ്ദേഹം ഉറച്ചുനിന്നുവെന്നും ആ എഴുത്തുകാരൻ കുറിക്കുന്നു. പ്രവാചകൻ(സ) അങ്ങേയറ്റം സത്യസന്ധനായി അറിയപ്പെട്ടിരുന്നു, എത്രത്തോളമെന്നാൽ ആളുകൾ തങ്ങളുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റെ അടുത്തായിരുന്നു വന്നിരുന്നത്.

അസത്യം വിഗ്രഹാരാധനയ്ക്ക് തുല്യമാണ്

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മീർസാ ബശീറുദ്ദീൻ മഹ്‍മൂദ് അഹ്‍മദ്(റ) ഇപ്രകാരം എഴുതുന്നു: നബി തിരുമേനി(സ)യുടെ സ്വഭാവമഹിമയ്ക്കുള്ള വലിയൊരു സാക്ഷ്യപത്രം സ്വന്തം ജനത തന്നെ അദ്ദേഹത്തിന് നൽകിയ അൽ-സ്വാദിഖ് (സത്യസന്ധൻ), അൽ-അമീൻ (വിശ്വസ്തൻ) എന്നീ പദവികളാണ്. കൃത്യമായ കാരണങ്ങളില്ലാതെ ഒരു ജനത ഇത്തരം പദവികൾ നൽകുകയില്ല, എല്ലാ ബ്രിട്ടീഷ് സൈനികർക്കും ‘വിക്ടോറിയ ക്രോസ്’ ബഹുമതി ലഭിക്കാത്തതുപോലെ തന്നെയാണിത്. ഒരാൾ സത്യസന്ധനും വിശ്വസ്തനുമായിരിക്കുക എന്നത് വലിയൊരു കാര്യമല്ലായിരിക്കാം, എന്നാൽ ഒരു ജനത മുഴുവൻ ഒരാളെ സത്യസന്ധനായും വിശ്വസ്തനായും അംഗീകരിക്കുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. അറേബ്യയുടെ ചരിത്രത്തിൽ പ്രവാചകൻ(സ) അല്ലാതെ മറ്റൊരാൾക്കും ‘സത്യസന്ധൻ’, ‘വിശ്വസ്തൻ’ എന്നീ പദവികൾ ഐകകണ്ഠ്യേന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അരുൾ ചെയ്തിട്ടുണ്ട്.

അസത്യം സർവ്വസാധാരണമായിരിക്കുന്ന, അപകടകരമായ ഒരു അവസ്ഥയിലൂടെയാണ് നമ്മുടെ ലോകം കടന്നുപോകുന്നതെന്ന് വാഗ്ദത്ത മസീഹ്(അ) അരുൾ ചെയ്തിട്ടുണ്ട്. വ്യാജ സാക്ഷ്യങ്ങളും കള്ളക്കേസുകളും വ്യാജ രേഖകളും ഇന്ന് സാധാരണയായിരിക്കുന്നു. സത്യം പറയുന്നതിലല്ല, മറിച്ച് തങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ പറയുന്നതിലാണ് ആളുകൾ ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, പ്രവാചകൻ(സ) കൊണ്ടുവന്ന അധ്യാപനം ഇതല്ലായിരുന്നു. സത്യത്തിൽ, അസത്യം എന്നത് വിഗ്രഹാരാധനയ്ക്ക് തുല്യമാണെന്നാണ് പരിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നതും നബി തിരുമേനി(സ) പഠിപ്പിച്ചതും:

വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു:

“അതിനാൽ ബിംബാരാധനയുടെ മാലിന്യത്തിൽ നിന്ന് അകന്നു നിൽക്കുക. കള്ളം പറയുന്നതിൽ നിന്നും അകന്നു നിൽക്കുക”. (21:31)

ഒരാൾ കള്ളം പറയുമ്പോൾ, അയാൾ  ആ അസത്യത്തെ തന്‍റെ വിഗ്രഹമാക്കി മാറ്റുകയാണെന്ന് വാഗ്ദത്ത മസീഹ്(അ) എഴുതുകയുണ്ടായി. ആളുകൾ സ്വന്തം നേട്ടത്തിനായി വിഗ്രഹങ്ങളെ ആശ്രയിക്കുന്നതുപോലെ, ആ വ്യക്തി തന്‍റെ വ്യക്തിപരമായ ലാഭത്തിനായി അസത്യത്തെ ആശ്രയിക്കുന്നു. പിന്നീട്, അസത്യത്തെ ആശ്രയിക്കാതെ തങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങുന്നു. ആളുകൾ അസത്യത്തെ ആശ്രയിക്കുന്നത് എത്ര ദൗർഭാഗ്യകരമാണ്. എന്നാൽ തീർച്ചയായും അന്തിമ വിജയം സത്യത്തിനാണ്.

പ്രവാചകന്‍റെ(സ) സത്യസന്ധതയ്ക്കുള്ള സാക്ഷ്യങ്ങൾ

ഹദ്റത്ത് മീർസാ ബശീറുദ്ദീൻ മഹ്‍മൂദ് അഹ്‍മദ്(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: പ്രവാചകൻ(സ) തനിക്ക് ലഭിച്ച ആദ്യത്തെ ദിവ്യസന്ദേശത്തെക്കുറിച്ച് തന്‍റെ പത്നിയോട് പറഞ്ഞപ്പോൾ, അദ്ദേഹം കഥകൾ മെനയുകയാണെന്ന് പറഞ്ഞ് അവർ അദ്ദേഹത്തെ ചോദ്യം ചെയ്തില്ല. പകരം, അദ്ദേഹം പറയുന്നത് എന്തും സത്യമാണെന്നും ദൈവം ഒരിക്കലും അദ്ദേഹത്തെ അപമാനിക്കില്ലെന്നും അവർ ഉടനടി പറഞ്ഞു. കാരണം, അദ്ദേഹം തന്‍റെ ബന്ധുക്കളോട് ദയയുള്ളവനായിരുന്നു, പാവപ്പെട്ടവരെ സഹായിച്ചിരുന്നു, നഷ്ടപ്പെട്ടുപോയ സൽഗുണങ്ങളെ പുനരുജ്ജീവിപ്പിച്ചു, അതിഥികളെ സൽക്കരിക്കുകയും സത്യത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

തുടർന്ന് അവരുടെ ബന്ധുവായ വറഖ ബിൻ നൗഫലും അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്ക് സാക്ഷ്യം നൽകി. പിന്നീട് പ്രവാചകന്‍റെ സ്വന്തം സഹോദരപുത്രൻ, അദ്ദേഹത്തിന്‍റെ മോചിതനായ അടിമ, ഏറ്റവും അടുത്ത സുഹൃത്ത് എന്നിങ്ങനെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ളവരെല്ലാം പ്രവാചകന്‍റെ അവകാശവാദം കേട്ട ഉടൻ തന്നെ അത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തി. കാരണം, പ്രവാചകൻ(സ) പുലർത്തിയിരുന്ന സത്യസന്ധതയുടെ അത്യുന്നതമായ ധാർമ്മിക നിലവാരം അവർ അത്രത്തോളം അടുത്തുനിന്ന് കണ്ടറിഞ്ഞവരായിരുന്നു.

അങ്ങനെ, മക്കക്കാരുടെ പരിഹാസങ്ങളും പരിഹാസവാക്കുകളും കേൾക്കുമ്പോൾ തീർച്ചയായും നബി തിരുമേനി(സ) പുഞ്ചിരിക്കുകയും, തന്നെ അറിയാത്തവരുടെ അവകാശവാദങ്ങൾ മാത്രമാണിതെന്ന് പറയുകയും ചെയ്തിട്ടുണ്ടാകാം. നേരെമറിച്ച്, അദ്ദേഹത്തെ അടുത്തറിയുന്നവരുടെ സാക്ഷ്യങ്ങൾ അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്ക് അനുകൂലമായി വ്യക്തവും തർക്കരഹിതവുമായിരുന്നു. നിരന്തരമായ പോരാട്ടങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടും, അതേ ആളുകൾ തന്നെ സത്യത്തിന് വേണ്ടി ഉറച്ചുനിൽക്കാനും പ്രവാചകനെ(സ) പിന്തുണയ്ക്കാനും തയ്യാറായതിന്‍റെ കാരണവും ഇതുതന്നെയായിരുന്നു.

ഹദ്റത്ത് അബൂബക്കർ(റ), മറ്റൊരാളിൽ നിന്ന് കേട്ടയുടനെ തന്നെ പ്രവാചകന്‍റെ(സ) പ്രവാചകത്വവാദം അംഗീകരിക്കാൻ മറ്റെന്ത് കാരണമാണുള്ളതെന്ന് വാഗ്ദത്ത മസീഹ്(അ) ചോദിക്കുന്നു. അദ്ദേഹം തെളിവുകളോ അടയാളങ്ങളോ അത്ഭുതങ്ങളോ ഒന്നും തന്നെ ആവശ്യപ്പെട്ടില്ല. പ്രവാചകന്‍റെ ബാല്യം മുതൽ ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിപ്പോന്ന അത്യുന്നതമായ സത്യസന്ധതയും സ്വഭാവവും നേരിട്ട് കണ്ടറിഞ്ഞതുകൊണ്ട് മാത്രമായിരുന്നു അത്. അതിനാൽ, ഒരു പ്രവാചകന്‍റെ സത്യസന്ധതയ്ക്കുള്ള ഏറ്റവും ആദ്യത്തെ തെളിവ് അദ്ദേഹത്തിന്‍റെ സ്വന്തം സ്വഭാവം തന്നെയാണ്. അത് മറ്റ് അടയാളങ്ങളോ അത്ഭുതങ്ങളോ ആവശ്യമില്ലാത്ത വിധം അത്രത്തോളം മഹത്തായ ഒരു തെളിവായി നിലകൊള്ളുന്നു.

പരിശുദ്ധ ഖുർആനിലെ അധ്യാപനങ്ങളും നബി തിരുമേനി(സ) മാതൃകയും ഉൾക്കൊള്ളാനും, പ്രവാചക പാത പിന്തുടർന്ന് നമ്മുടെ സത്യസന്ധതയുടെ നിലവാരം ഉയർത്താനും അല്ലാഹു ഏവർക്കും തൗഫീഖ് നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു