വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 25 ജൂലൈ 
2025ന് ഹദീക്കത്തുൽ മഹ്ദി, ആൾട്ടൻ, യൂക്കെയിൽ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ. ഐ ഗുലാം അഹ്‌മദ്‌
ശാഹിദ് 

തശഹുദും, തഅവ്വുദും, സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ഇന്ന് യുകെ ജൽസ സലാന ആരംഭിക്കുകയാണ്.

വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസ ഗുലാം അഹ്‌മദ്(അ) ഈ സമ്മേളനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, കാരണം ഇതിൽ ജമാഅത്തിൻ്റെ വൈജ്ഞാനികവും ധാർമ്മികവും ആത്മീയവുമായ ഉന്നമനത്തിനുമുള്ള കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. ജൽസ സലാനയിൽ നിന്ന് യഥാർത്ഥ രീതിയിൽ പ്രയോജനം നേടാൻ എല്ലാവർക്കും അല്ലാഹു സൗഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

ഇപ്പോൾ ഞാൻ ജൽസയിലെ സന്നദ്ധപ്രവർത്തകരെയും പങ്കെടുക്കുന്നവരെയും അഭിസംബോധന ചെയ്യുന്നതാണ്.

ആതിഥ്യ മര്യാദയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം

അതിഥികളോടുള്ള പെരുമാറ്റത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നൽകിയിരിക്കുന്നു. അതിഥികൾക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്ന് നബിതിരുമേനി(സ) നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതനുസരിച്ച്, സ്വഹാബികൾ അതിഥികളെ സേവിക്കുന്നതിനായി സ്വന്തം അവകാശങ്ങൾ പോലും ത്യജിച്ചിരുന്നു. നബിതിരുമേനി(സ) ഒരാളെ, ഒരു സ്വഹാബിയുടെ വീട്ടിൽ അതിഥിയായി നിർത്തിയ ഒരു പ്രസിദ്ധമായ സംഭവമുണ്ട്. ആ സ്വഹാബി തന്റെ ഭാര്യയോട് കഴിക്കാൻ വീട്ടിൽ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, കുട്ടികൾക്ക് നൽകാൻ മാത്രം കുറച്ച് ഭക്ഷണം ഉണ്ട്, എന്ന് മറുപടി നൽകി. അങ്ങനെ ആ ദമ്പതികൾ വിശപ്പ് അറിയാതിരിക്കാൻ കുട്ടികളെ കിടത്തി ഉറക്കി, ആ ഭക്ഷണം അതിഥിക്ക് നൽകി. അവർ കൂടെ കഴിക്കുന്നില്ലെന്ന് മനസ്സിലാകാതിരിക്കാൻ അദ്ദേഹത്തോടൊപ്പം സ്വയം ഇരുട്ടിൽ ഇരുന്നു. അല്ലാഹു ഇക്കാര്യം നബിതിരുമേനി(സ)യെ അറിയിച്ചു, അടുത്ത ദിവസം ആ മഹാത്മാവ് സ്വഹാബിയോട് പറഞ്ഞു, കഴിഞ്ഞ രാത്രി അതിഥിക്ക് ഭക്ഷണം നൽകിയ രീതി അള്ളാഹുവിനെ തൃപ്തിപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു.

ഇതാണ് ആതിഥ്യമര്യാദയുടെ നിലവാരം, അതിനാൽ ജൽസയിൽ പങ്കെടുക്കാൻ വരുന്ന വാഗ്ദത്ത മസീഹി(അ)ന്റെ അതിഥികളെ അങ്ങേയറ്റം സ്നേഹത്തോടെയും കരുതലോടെയും പരിചരിക്കേണ്ടതുണ്ട്. സന്നദ്ധപ്രവർത്തകർ ഇത് ഉറപ്പാക്കണം, ഒരു അതിഥിയിൽ നിന്ന് കഠിനമായ വാക്കുകൾ കേൾക്കേണ്ടി വന്നാൽ പോലും, ഏറ്റവും ഉയർന്ന ധാർമ്മിക നിലവാരം പുലർത്തിക്കൊണ്ട് ക്ഷമയോടെ തങ്ങളുടെ ചുമതലകൾ പരമാവധി ഭംഗിയായി നിർവഹിക്കണം.

വാഗ്ദത്ത മസീഹി(അ)ന്റെ ആതിഥ്യമര്യാദ

വാഗ്ദത്ത മസീഹി(അ)ന്റെ ആതിഥ്യമര്യാദയുടെ ശ്രദ്ധേയമായ ഒരു സംഭവമുണ്ട്. അത് വെറുതെ കേട്ട് ആസ്വദിക്കുകയല്ല നാം ചെയ്യേണ്ടത്, മറിച്ച് വാഗ്ദത്ത മസീഹ്(അ)ന്റെ അതിഥികളോടുള്ള നമ്മുടെ സൽപെരുമാറ്റത്തിന് പ്രചോദനമാകേണ്ടതാണ്. ചില അതിഥികൾ ഖാദിയാൻ സന്ദർശനത്തിനായി എത്തി. (വാഗ്ദത്ത മസീഹ്(അ)ൻ്റെ ഭക്ഷണശാലയായ) ലങ്കർ ഖാനയിൽ എത്തിയപ്പോൾ ചില ജോലിക്കാർ അവരോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറി. അതുകാരണം അവർ അസ്വസ്ഥരാകുകയും വന്ന വണ്ടിയിൽ തന്നെ തിരികെ യാത്ര തുടങ്ങുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ വാഗ്ദത്ത മസീഹ്(അ) നീരസം പ്രകടിപ്പിക്കുകയും ചെരുപ്പ് പോലും ശരിക്ക് ധരിക്കാതെ വേഗത്തിൽ വീട്ടിൽ നിന്നിറങ്ങി അതിഥികളുടെ പിന്നാലെ ഓടി. കുറച്ച് സമയത്തിന് ശേഷം അവരെ കണ്ടെത്തുകയും തിരികെ കൊണ്ടുവരികയും ചെയ്തു. തിരികെ വരുമ്പോൾ അവർ വണ്ടിയിൽ തന്നെ സവാരി ചെയ്യണമെന്നും താൻ കാൽനടയായി അവരോടൊപ്പം വരാമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിയല്ലെന്ന് അതിഥികൾക്ക് തോന്നുകയും അവരും കാൽനടയായി തന്നെ വരാമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. എന്തായാലും, അവർ ഖാദിയാനിലേക്ക് മടങ്ങി. വാഗ്ദത്ത മസീഹ്(അ) സ്വയം അവരുടെ സാധനങ്ങൾ ഇറക്കാൻ തുടങ്ങിയപ്പോൾ നേരത്തെയുണ്ടായ പെരുമാറ്റത്തിൽ ലജ്ജിച്ച ജോലിക്കാർ പെട്ടെന്ന് സാധനങ്ങൾ ഇറക്കാൻ മുന്നോട്ട് വന്നു. അതിഥികൾ ആസാമിൽ നിന്നുള്ളവരായതുകൊണ്ട്, വാഗ്ദത്ത മസീഹ്(അ) അവർക്ക് പ്രത്യേക ഭക്ഷണ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഇവിടെ ഒരു കാര്യം പറയേണ്ടതുണ്ട്, ജൽസ സലാനയിൽ, അതിഥികൾ ധാരാളം ഉള്ളത് കാരണം, ഒരു സമയം ഒരുതരം ഭക്ഷണം മാത്രമേ പാചകം ചെയ്യാവൂ എന്ന് വാഗ്ദത്ത മസീഹ്(അ) നിർദ്ദേശിച്ചിട്ടുണ്ട്.

വാഗ്ദത്ത മസീഹ്(അ)ൻ്റെ ആതിഥ്യമര്യാദയെക്കുറിച്ചുള്ള മറ്റൊരു സംഭവം, മുഫ്തി മുഹമ്മദ് സാദിഖ്(റ) വിവരിക്കുന്നുണ്ട്. അദ്ദേഹം ഖാദിയാൻ സന്ദർശിച്ചപ്പോൾ, അവിടെയെത്തിയ ഉടൻ വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തെ പള്ളിയിൽ ഇരുത്തുകയും ഭക്ഷണം ഏർപ്പാട് ചെയ്യാമെന്ന് പറയുകയും ചെയ്തു. മുഫ്തി മുഹമ്മദ് സാദിഖ്(റ) കരുതിയത് അദ്ദേഹം ആരെക്കൊണ്ടെങ്കിലും ഭക്ഷണം കൊണ്ട് വരുത്തിക്കുമായിരിക്കും എന്നാണ്, എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ, വാഗ്ദത്ത മസീഹ്(അ) സ്വയം ഒരു ഭക്ഷണത്തളികയുമായി വന്ന് മുഫ്തി മുഹമ്മദ് സാദിഖ്(റ)ന് നൽകി, കുറച്ച് വെള്ളവുമായി ഉടൻ മടങ്ങിയെത്താമെന്നും പറഞ്ഞു. തന്റെ നേതാവ് തന്നോട് ഇത്രയധികം ആതിഥ്യമര്യാദയോടെ പെരുമാറുന്നത് കണ്ടപ്പോൾ മുഫ്തി മുഹമ്മദ് സാദിഖ്(റ)ന്റെ കണ്ണുകൾ നിറഞ്ഞു.

അതിഥികളെ അവരുടെ പശ്ചാത്തലമോ അവർ എവിടെ നിന്നുള്ളവരാണെന്നോ പരിഗണിക്കാതെ തുല്യരായി കണക്കാക്കണമെന്ന് വാഗ്ദത്ത മസീഹ്(അ) കാണിച്ചുതന്നു. ജൽസയിൽ പങ്കെടുക്കാൻ വരുന്നവർ അദ്ദേഹത്തിൻ്റെ അതിഥികളാണ്. അവരെ അങ്ങേയറ്റം ബഹുമാനത്തോടെ പരിചരിക്കേണ്ടതുണ്ട്. അതുപോലെ, ചുമതലകൾ നിർവഹിക്കുമ്പോൾ ഏറ്റവും ഉയർന്ന ധാർമ്മിക നിലവാരം ആ മഹാത്മാവ് പ്രതീക്ഷിച്ചിരുന്നു, അതിനാൽ ഇന്നും, എല്ലാ സന്നദ്ധപ്രവർത്തകരും, അവരുടെ ചുമതലകൾ എന്തുതന്നെയായാലും, വാഗ്ദത്ത മസീഹ്(അ)ൻ്റെ ഈ പ്രതീക്ഷ നിറവേറ്റാൻ ശ്രമിക്കണം.

ലങ്കർ ഖാനയിൽ ജോലി ചെയ്യുന്നവർ ഉയർന്ന നിലവാരമുള്ള ഭക്ഷണം പാചകം ചെയ്യുകയും അതിഥികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ശുചിത്വം എപ്പോഴും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്, കാരണം നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട് ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണെന്ന്. അച്ചടക്ക നിർവഹനത്തിലെ സേവകർ അതിഥികളെ ജൽസ പരിപാടികൾ ശ്രദ്ധയോടെ കേൾക്കാൻ സ്നേഹത്തോടും ശ്രദ്ധയോടും കൂടി പ്രോത്സാഹിപ്പിക്കണം. എല്ലാ സന്നദ്ധസേവകരും, അവർക്ക് നൽകപ്പെട്ടത് എന്ത് ജോലിയാണെങ്കിലും, വാഗ്ദത്ത മസീഹ്(അ)ൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ പരിശ്രമിക്കണം.

ചില കാര്യങ്ങൾ അതിഥികളോടും പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജൽസയുടെ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് എത്തിയിരിക്കുന്നത്. നിങ്ങൾ ജൽസയുടെ ക്രമീകരണങ്ങളെക്കുറിച്ചോ, തങ്ങളെ ശരിയായി പരിഗണിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ, സന്നദ്ധപ്രവർത്തകർ അനുചിതമായി സംസാരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ആശങ്കപ്പെടരുത്. ജൽസ സലാനയിൽ നിന്ന് ആത്മീയ പോഷണം നേടുക എന്നതായിരിക്കണം നിങ്ങളുടെ ഏക ലക്ഷ്യം, ഇത് നേടാനാണ് പരിശ്രമിക്കേണ്ടത്. തീർച്ചയായും ആതിഥേയർ ആതിഥ്യമര്യാദയുടെ കടമകൾ നിർവഹിക്കാൻ പരിശ്രമിക്കണം. എന്നിരുന്നാലും, അതിഥികൾക്ക് ഈ കാര്യത്തിൽ എന്തെങ്കിലും കുറവുകൾ അനുഭവിക്കേണ്ടി വന്നാൽ, അവർ അത് അവഗണിക്കുകയും വേണം. ജൽസയിൽ സേവനം ചെയ്യുന്നവരെല്ലാം സന്നദ്ധപ്രവർത്തകരാണ്, അവർ അവരുടെ മേഖലകളിൽ വിദഗ്ദ്ധരല്ല. കുട്ടികളും യുവാക്കളും വിവിധ ജോലികൾ ചെയ്യുന്നുണ്ട്, കൂടാതെ തങ്ങളുടെ മേഖലകളിൽ ഉന്നതരായ പ്രൊഫഷണലുകളും ഉണ്ട്. അവരെല്ലാവരും തന്നെ വാഗ്ദത്ത മസീഹ്(അ)ൻ്റെ അതിഥികളുടെ സേവനത്തിന് വേണ്ടി സന്നദ്ധപ്രവർത്തകരായി മുന്നോട്ട് വന്നിരിക്കുകയാണ്. അതിഥികൾ ഏതെങ്കിലും കുറവുകളെ അവഗണിക്കുമ്പോൾ, ജൽസയിൽ വന്നതിന്റെ യഥാർത്ഥ ലക്ഷ്യം നേടുകയാണ് ചെയ്യുന്നത്.

യഥാർത്ഥ ലക്ഷ്യം മനസ്സിൽ പതിപ്പിക്കുക

എല്ലാ അതിഥികളും ജൽസയിൽ പങ്കെടുക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിൽ സൂക്ഷിക്കുക. ഏറ്റവും ഉയർന്ന ധാർമ്മിക നിലവാരം പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ സ്മരണയിൽ മുഴുകുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഭക്ഷണം കഴിച്ചതിന് ശേഷം അതിഥികൾ ഭക്ഷണശാലയിൽ അധികനേരം തങ്ങരുത്. കാരണം നിരവധി അതിഥികൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും സമയം നൽകേണ്ടതുണ്ട്. അതിഥികൾക്ക് ആവശ്യമുള്ളത്ര ഭക്ഷണം നൽകുന്നതാണ്, എന്നാൽ ഭക്ഷണം ഒരിക്കലും പാഴാക്കരുത്. വാഗ്ദത്ത മസീഹ്(അ)ൻ്റെ മാതൃക നമുക്ക് മുന്നിൽ ഉണ്ട്. ഒരിക്കൽ സംഘാടകർ അദ്ദേഹത്തിന് ഭക്ഷണം നൽകാൻ വിട്ടുപോയി, ഭക്ഷണം തീർന്നുപോയിരുന്നു. ആ മഹാത്മാവ് മേശകളിൽ ബാക്കിയായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിച്ച് കൊള്ളാമെന്ന് പറഞ്ഞു. നാം ഒരു ഭക്ഷണവും പാഴാക്കരുതെന്ന് പ്രായോഗികമായി കാണിച്ച് തരികയായിരുന്നു.

അതിഥികൾക്കും സന്നദ്ധ പ്രവർത്തകർക്കും ജൽസാ സാലാന മുഖേന പൊതുവായ ഒരു ലക്ഷ്യമുണ്ട്, അത് വൈജ്ഞാനികവും ധാർമ്മികവും ആത്മീയവുമായ പരിഷ്കരണമാണ്. അതിനാൽ, ഈ ലക്ഷ്യം നിറവേറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. ചില അവസരങ്ങളിൽ ഏറ്റവും മികച്ച സംവിധാനങ്ങൾ ഉണ്ടായിട്ടുകൂടി, ഭക്ഷണത്തിന് കുറവ് വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, നബിതിരുനബി(സ)യുടെ ഒരു പ്രസ്താവന ഓർക്കേണ്ടതാണ്, “രണ്ടുപേർക്കുള്ള ഭക്ഷണം മൂന്നുപേർക്ക് മതിയാകും, മൂന്നുപേർക്കുള്ള ഭക്ഷണം നാലുപേർക്ക് മതിയാകും.”

ഖലീഫാ തിരുമനസ്സ് പറഞ്ഞു,
അതിഥികൾ സന്നദ്ധപ്രവർത്തകർക്ക് എളുപ്പമുണ്ടാക്കാനും സഹായിക്കാനും ശ്രമിക്കണം. ഭക്ഷണം കഴിച്ച ശേഷം അവർക്ക് ചുറ്റുമുള്ള സ്ഥലം വൃത്തിയാക്കണം. മാർക്കറ്റിൽ നിന്ന് എന്തെങ്കിലും വാങ്ങുകയാണെങ്കിൽ, പൊതികളും മറ്റ് സമാനമായ വസ്തുക്കളും മാലിന്യ പാത്രത്തിൽ നിക്ഷേപിക്കണം. അതുപോലെ ആരെങ്കിലും അനുചിതമായ എന്തെങ്കിലും കണ്ടാൽ, അള്ളാഹുവിനോട് പൊറുക്കലിനെ തേടിക്കൊണ്ട് നിശബ്ദമായി അവിടെ നിന്ന് മാറണം. കുട്ടികൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ ശ്രദ്ധിക്കണം, ചിലപ്പോൾ അവരുടെ പാത്രങ്ങൾ നിറച്ച് നൽകാറുണ്ട്, അവർക്ക് അത്രയധികം കഴിക്കാൻ കഴിയില്ല, അത് ഭക്ഷണം പാഴാകാൻ ഇടയാക്കുന്നു. അതിനാൽ, കുട്ടികൾക്ക് കുറഞ്ഞ അളവിൽ ഭക്ഷണം നൽകുന്നതാണ് ഉചിതം, അത് പല തവണകളായി നൽകേണ്ടി വന്നാലും പ്രശ്നമില്ല.

ജൽസയുടെ കര്യപരിപാടിളെക്കുറിച്ച് പറയുമ്പോൾ, അതിഥികൾ പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്നും, കേവലം പ്രഭാഷണ വൈദഗ്ധ്യത്തിൽ മതിപ്പ് തോന്നിയാൽ പോരെന്നും, സന്ദേശത്തിന്റെ സാരം ഉൾക്കൊള്ളേണ്ടതാണെന്നും വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചിട്ടുണ്ട്. ഓരോ അഹ്മദിയും ഇത് മനസ്സിൽ കുറിക്കേണ്ടതാണ്, അല്ലാഹുവിന്റെ അനുഗ്രഹങ്ങളും പ്രീതിയും നേടുന്നതിനാണ് ഇവിടെ പരിപാടികൾ കേൾക്കാൻ എത്തിയിരിക്കുന്നത്. അവർ ചെയ്യുന്നതെല്ലാം അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരിക്കണം, അതിനാൽ, ഈ ദിനങ്ങൾ പ്രത്യേകിച്ചും അല്ലാഹുവിനെ നിരന്തരം സ്മരിച്ച് കൊണ്ട് കഴിച്ചുകൂട്ടേണ്ടതാണ്. അല്ലാഹുവിനെ സ്മരിക്കുന്നത് ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും അവൻ്റെ അനുഗ്രഹങ്ങൾക്ക് പാത്രമാകാൻ കാരണമാകുകയും ചെയ്യുന്നു.

ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും, അവ നടപ്പിലാക്കാൻ പരിപൂർണ്ണമായി ശ്രമിക്കുകയും, അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക. വാഗ്ദത്ത മസീഹ്(അ) ആശങ്കാകുലനായികൊണ്ട് പ്രസ്താവിച്ചത്, ഈ കാര്യങ്ങൾ മനസ്സിൽ പതിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നില്ലെങ്കിൽ ജൽസയിൽ പങ്കെടുക്കുന്നതിന് യാതൊരു പ്രയോജനവുമില്ല എന്നാണ്.

ജൽസയുടെ മറ്റൊരു ഉദ്ദേശ്യം സാഹോദര്യം വർദ്ധിപ്പിക്കുകയും ശത്രുത ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്. ഇതൊരു ഇസ്‌ലാമിക അന്തരീക്ഷമാണ്, അതിനാൽ അതിഥികൾ ഈ അന്തരീക്ഷം നിലനിർത്താൻ പരിശ്രമിക്കേണ്ടതാണ്. അതുപോലെ, ജൽസയുടെ ഒരു ഉന്നത ലക്ഷ്യം ഏറ്റവും ഉയർന്ന ധാർമ്മികത പ്രകടിപ്പിക്കുക എന്നതാണ്. അതിനാൽ, സന്നദ്ധസേവകരും അതിഥികളും ഒരുപോലെ, ഏറ്റവും ഉയർന്ന ധാർമ്മികത പ്രകടിപ്പിക്കുന്നുണ്ടെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തണം.

ഖലീഫാ തിരുമനസ്സ് ഉപദേശിച്ചുകൊണ്ട് പറഞ്ഞു, ജൽസയിൽ വരുന്നവർ, താമസസ്ഥലത്ത് ആണെങ്കിലും, മറ്റെവിടെയാണെങ്കിലും ശേരി, പള്ളികളിൽ ഉൾപ്പെടെ തങ്ങളുടെ അടുത്തുള്ളവരെ എപ്പോഴും പരിഗണിക്കുകയും ഉയർന്ന ധാർമ്മിക സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുക. തിരക്കുണ്ടെങ്കിൽ പോലും ട്രാഫിക് നിയമങ്ങൾ പാലിക്കണം.

കുട്ടികളുള്ള ഉമ്മമാർക്കായി പ്രത്യേക തമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവിടെ പരസ്പരം സംസാരിക്കാതെ, ജൽസയുടെ പരിപാടികൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പല ഉമ്മമാരും കുട്ടികളെ ശാന്തമായി ഇരുത്താൻ അവരെ എന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതരാക്കാറുണ്ട്. ചിലപ്പോൾ ശബ്ദമുണ്ടാകുമ്പോൾ, സന്നദ്ധസേവകർ നിശബ്ദത പാലിക്കാൻ ആവശ്യപ്പെടുന്നു, അവരോട് ദേഷ്യത്തോടെ പ്രതികരിക്കരുത്. അതുപോലെ, സന്നദ്ധസേവകരും ശാന്തരും മര്യാദയുള്ളവരുമായിരിക്കണം.

പാർക്കിംഗിന്റെയും സുരക്ഷാ സംവിധാനത്തിന്റെയും കാര്യത്തിൽ, ഗതാഗതം സുഗമമാക്കാൻ അതിഥികൾ പ്രവർത്തകരുമായി സഹകരിക്കണം. എല്ലാ അതിഥികളും ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും സംശയാസ്പദമായ ഏതൊരു പ്രവർത്തിയും റിപ്പോർട്ട് ചെയ്യുകയും വേണം. പരിശോധനയ്ക്കായി അതിഥികൾ എല്ലായ്പ്പോഴും അവരുടെ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം. അതിഥികൾ വിലപിടിപ്പുള്ള വസ്തുക്കൾ തമ്പിനുള്ളിൽ വെക്കാതെ തങ്ങളുടെ പക്കൽ തന്നെ സൂക്ഷിക്കണം.

ജൽസയിൽ നിന്ന് എല്ലാവർക്കും പൂർണ്ണമായി പ്രയോജനം നേടാനും, അതിന്റെ അനുഗ്രഹങ്ങൾ ലഭിക്കാനും, സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ സംഭരിച്ചുകൊണ്ട് ജൽസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാനും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹു നിങ്ങൾ ഓരോരുത്തരെയും സന്താന പരമ്പരകളെയും അനുഗ്രഹിക്കുമാറാകട്ടെ. അഹ്മദികളെ എപ്പോഴും ഈ ലോകത്തിന് പ്രയോജനകരമാക്കുകയും ചെയ്യട്ടെ. ഈ പ്രസ്ഥാനം ലോകാവസാനം വരെ നിലനിൽക്കട്ടെ.

കഴിഞ്ഞ വർഷങ്ങളിലെപ്പോലെ, അതിഥികൾ സന്ദർശിച്ചിരിക്കേണ്ട വിവിധതരം പ്രയോജനകരമായ എക്സിബിഷനുകളും ഉണ്ട്. ബുക്ക് സ്റ്റാളിൽ പുതിയ പുസ്തകങ്ങളുമുണ്ട്, അവിടെയും അതിഥികൾ സന്ദർശിക്കണം. ഇടവേളകളിൽ അതിഥികൾ ബസാർ സന്ദർശിക്കുക മാത്രമല്ല ചെയ്യേണ്ടത്, ഈ ആത്മീയ പോഷണത്തിൽ നിന്നും പ്രയോജനം ഉൾക്കൊള്ളുകയും വേണം. അതിനായി അല്ലാഹു എല്ലാവരെയും സഹായിക്കട്ടെ.ആമീൻ

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed