സ്വാതന്ത്ര്യദിനം 2026: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ആശംസകൾ നേരുന്നു

സ്വരാജ്യത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പ്രവാചകൻ മുഹമ്മദ്(സ) പഠിപ്പിച്ചിട്ടുണ്ട്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹത് വ്യക്തികളെ ഞങ്ങൾ ആദരവോടെ അനുസ്മരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജ്യത്തിന്‍റെ പുരോഗതിയിലും വികസനത്തിലും ഓരോ പൗരനും സുപ്രധാനമായ പങ്കുണ്ട്. രാജ്യത്തോടും അതിലെ ജനങ്ങളോടും നമുക്കുള്ള കടമകളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുകയും, ആത്മാർഥതയോടും സമർപണബോധത്തോടും സേവനമനോഭാവത്തോടും കൂടി അവ നിർവഹിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അവസരമാണ് സ്വാതന്ത്ര്യദിനം.

സ്വദേശവാസികളെ ഉപദേശിച്ചുകൊണ്ട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകൻ ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ്(അ) പറയുന്നു:

“പ്രിയ നാട്ടുകാരേ! പൊതുവെ അനുകമ്പാഭാവത്തെ പ്രബോധിക്കാത്ത ഒരു മതം യഥാര്‍ഥത്തില്‍ മതമല്ല. അതുപോലെത്തന്നെ അനുകമ്പാമനോഭാവത്തെ ഉള്‍ക്കൊള്ളാത്ത ഒരു മനുഷ്യന്‍, മനുഷ്യന്‍ എന്ന പേരിന്നര്‍ഹനുമല്ല. ദൈവം തന്‍റെ അനുഗ്രഹം യാതൊരു ജാതിക്കാര്‍ക്കും നല്കാതിരുന്നിട്ടില്ല. ആ സര്‍വൈകദാതാവ് ആര്യാവര്‍ത്തത്തിലെ പുരാതനജാതിക്കാര്‍ക്ക് ഏതെല്ലാം ശക്തികളും ബോധങ്ങളും നല്കിയോ, ആവക ശക്തികളും ബോധങ്ങളുമെല്ലാം അവന്‍ അറബികള്‍ക്കും പാര്‍സികള്‍ക്കും സിറിയക്കാര്‍ക്കും ചൈനാക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും യൂറോപ്യര്‍ക്കും അമേരിക്കക്കാര്‍ക്കും നല്കിയിട്ടുണ്ട്.”

[മൈത്രിസന്ദേശം, പേജ്. 6]

അതുകൊണ്ട്, നാം നമ്മുടെ സഹജീവികളെ മാന്യതയോടും ആദരവോടും കൂടി കാണുകയും സങ്കുചിത ചിന്താഗതികൾ ഒഴിവാക്കുകയും വേണം.

സ്വരാജ്യത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പ്രവാചകൻ മുഹമ്മദ്(സ) പഠിപ്പിച്ചിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മാർഥമായ ദേശസ്നേഹം ഇസ്‌ലാമിക വിശ്വാസത്തിന്‍റെ ഒരു അനിവാര്യ ഘടകമാണ്. ദൈവത്തെയും ഇസ്‌ലാമിനെയും യഥാർഥമായി സ്നേഹിക്കാൻ ഒരാൾക്ക് തന്‍റെ രാജ്യത്തോടും സ്നേഹമുണ്ടായിരിക്കണം. അതിനാൽ, ഒരാൾക്ക് ദൈവത്തോടുള്ള സ്നേഹവും രാജ്യത്തോടുള്ള സ്നേഹവും തമ്മിൽ ഒരിക്കലും ഒരു വൈരുദ്ധ്യമുണ്ടാകില്ല എന്നത് വ്യക്തമാണ്. രാജ്യത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ളതിനാൽ, ഒരു മുസ്‌ലിം തന്‍റെ രാജ്യത്തോടുള്ള കൂറ് ഏറ്റവും ഉന്നതമായ തലത്തിൽ പുലർത്താൻ പരിശ്രമിക്കേണ്ടതാണ്; കാരണം ഇത് ദൈവസാമീപ്യം നേടാനുള്ള ഒരു മാർഗമാണ്. അതിനാൽ, ഒരു യഥാർഥ മുസ്‌ലിമിന് ദൈവത്തോടുള്ള സ്നേഹം ഒരിക്കലും രാജ്യത്തോടുള്ള കൂറിന് ഒരു തടസ്സമാവുകയില്ല.

തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ പാലിക്ക്കണമെന്നും, രാജ്യദ്രോഹപരമോ അധാർമികമോ ആയ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ഇസ്‌ലാം വിശ്വാസികളോട് കർശനമായി അനുശാസിക്കുന്നു.

സ്വാതന്ത്ര്യദിനത്തിന്‍റെ ഈ ശുഭാവസരത്തിൽ ഖാദിയാനിലെ ജമാഅത്തിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. കൂടാതെ അഹ്‍മദിയ്യാ യുവജന സംഘടനയായ ഖുദ്ദാമുല്‍ അഹ്‌മദിയ്യാ ഖാദിയാനില്‍ ഒരു രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

രാജ്യത്തിന്‍റെ സമാധാനവും വികസനവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയിലെ ഓരോ പൗരനും ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട്, ജാതി, വർണ്ണ, വർഗ്ഗ ഭേദമന്യേ എല്ലാ വ്യത്യാസങ്ങളും ദൂരീകരിച്ച് സുന്ദരമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഒത്തൊരുമിക്കണമെന്ന് ഈ സുദിനത്തിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്യുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

Image credit: Creative Commons

संबंधित विषय

1 Comment

Abdulkarareem CG. · ഓഗസ്റ്റ്‌ 15, 2026 at 1:14 pm

Alhamdulillah very nice release

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു