അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജൂലൈ 4, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മീർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ഖുത്ബയിൽ മക്കാ വിജയ സമയത്ത് മുസ്‌ലീങ്ങൾ മക്കയിൽ പ്രവേശിച്ചതിനെക്കുറിച്ച് പരാമർശിച്ചിരുന്നു, അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ നല്കുന്നതാണ്.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, മുസ്‌ലീങ്ങൾ ദീതുവ എന്ന സ്ഥലത്തെത്തിയപ്പോൾ, മുഹമ്മദ് നബി(സ) വരുന്നതുവരെ അവർ കാത്തുനിന്നു. മുഹമ്മദ് നബി(സ) ഖസ്വാ എന്ന ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. അപ്പോൾ വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫത്ഹ് (വിജയത്തിന്‍റെ അദ്ധ്യായം) പാരായണം ചെയ്യുകയായിരുന്നു. മുഹമ്മദ് നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ, ആളുകൾ അദ്ദേഹത്തെ കാണാൻ വന്നു എന്നും, മുഹമ്മദ് നബി(സ) വിനയത്താൽ തല കുനിച്ച്, അദ്ദേഹം ഇരുന്നിരുന്ന ജീനിയിൽ തട്ടുന്നുണ്ടായിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ) ഒരു കറുത്ത തലപ്പാവ് ധരിച്ചിരുന്നു, അദ്ദേഹത്തിന്‍റെ പതാകയും കൊടിമരവും കറുത്തതായിരുന്നു.
“യഥാർഥ ജീവിതം പരലോകജീവിതമാണെന്ന് ദീതുവയിൽ വെച്ച് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഒട്ടകപ്പുറത്ത് പ്രവാചകന്‍റെ പിന്നിലായി, മോചിപ്പിക്കപ്പെട്ട അടിമ സൈദ് ബിൻ ഹാരിസ(റ)യുടെ മകൻ ഉസാമ(റ) മുഹമ്മദ് നബി(സ)യെ അനുഗമിച്ചിരുന്നു.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, മുഹമ്മദ് നബി(സ) റമദാൻ 20-നാണ് മക്കയിൽ പ്രവേശിച്ചത്. മക്കയിൽ ആയിരിക്കുമ്പോൾ എവിടെ താമസിക്കുമെന്ന് മുഹമ്മദ് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ, മക്കക്കാർ ഒരിക്കൽ അവരുടെ നിഷേധത്തെ സത്യം ചെയ്തുറപ്പിച്ച ഖൈഫ് ബനു കിനാനയിൽ താൻ താമസിക്കുമെന്ന് മുഹമ്മദ് നബി(സ) പറഞ്ഞു. ഹദ്‌റത്ത് ജാബിർ(റ) വിവരിക്കുന്നു, ഇത് കേട്ടപ്പോൾ മുഹമ്മദ് നബി(സ) മക്കയിൽ ആയിരുന്നപ്പോൾ സമാനമായ ഒരു പ്രസ്താവന നടത്തിയത് എനിക്കോർമ്മ വന്നു; മക്കയിലേക്ക് തിരികെ വരുമ്പോഴെല്ലാം താൻ ഖൈഫ് ബനു കിനാനയിൽ താമസിക്കുമെന്ന് മുഹമ്മദ് നബി(സ) പറഞ്ഞു. കാരണം, അവിടെവെച്ചാണ് അവിശ്വാസികൾ ബനു ഹാശിമുമായി കച്ചവടം ചെയ്യില്ലെന്നും, അവരെ വിവാഹം കഴിക്കില്ലെന്നും, അവരെ സംരക്ഷിക്കില്ലെന്നും സത്യം ചെയ്തത്. അതിനുശേഷം അവരെ ശിഅ്ബ് അബീ താലിബില്‍ (അബൂ താലിബ് താഴ്‌വര) തടവിലാക്കി. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, അവിടെ താമസിക്കാനുള്ള മുഹമ്മദ് നബി(സ)ന്‍റെ തീരുമാനം അല്ലാഹുവിനോടുള്ള കൃതജ്ഞതയുടെ രൂപത്തിലായിരുന്നു.
ഒരു അനുഗ്രഹീത തിങ്കളാഴ്‌ച
ഖലീഫാ തിരുമനസ്സ് പറഞ്ഞു: രണ്ടാം ഖലീഫയായ ഹദ്‌റത്ത് മീർസാ ബശീറുദ്ദീൻ മഹ്‍മൂദ് അഹ്‍മദ്(റ) പറഞ്ഞതുപോലെ, മുഹമ്മദ് നബി(സ) മക്കയിലേക്കു പ്രവേശിച്ച ദിവസം ഒരു തിങ്കളാഴ്‌ച ആയിരുന്നു. അതേ തിങ്കളാഴ്ചയാണ് മുഹമ്മദ് നബി(സ) സൗർ ഗുഹയിൽ നിന്നിറങ്ങി മദീനയിലേക്കുള്ള ഹിജ്റ ആരംഭിച്ചത്. മക്കയിൽനിന്ന് പുറത്തേക്കു പോകുമ്പോൾ, മുഹമ്മദ് നബി(സ) പിറകോട്ടു നോക്കി പറഞ്ഞു, “എനിക്ക് ഇഹലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മക്ക. പക്ഷേ, അതിന്‍റെ നിവാസികൾ എന്നെ ഇവിടെ നില്ക്കാനനുവദിച്ചില്ല.”
ഹദ്‌റത്ത് ഉമ്മു ഹാനി(റ) വിവരിക്കുന്നു: മുഹമ്മദ് നബി(സ) മക്കയിലേക്കെത്തിയ നേരത്ത് നബി(സ)യെ സന്ദർശിക്കുന്നതിനായി പോയ അവർ കണ്ടത് മുഹമ്മദ് നബി(സ) എട്ട് റകഅത് നഫൽ നമസ്കാരം നിർവഹിക്കുന്നതാണ്. നമസ്കാരം നിർവഹിച്ച ശേഷം നബി(സ) അവരുടെ നേർക്ക് തിരിഞ്ഞ് കൊണ്ട് കാര്യമെന്തെന്ന് അന്വേഷിച്ചു? അവർ പറഞ്ഞു, ബനു മഖ്‌സൂം വംശത്തിൽപെട്ട ബന്ധുക്കളായ രണ്ട് പേർ അവരുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഹദ്‌റത്ത് അലി(റ) അവരെ കൊല്ലുമെന്ന് പറഞ്ഞിരുന്നു. അതിനുത്തരമായി മുഹമ്മദ് നബി(സ) പറഞ്ഞു: “അവരുടെ വീട്ടിൽ പ്രവേശിക്കുന്ന ആർക്കും സംരക്ഷണം ലഭിക്കുന്നതാണ്, അതിനാൽ അലി(റ) അങ്ങനെ ഒന്നും ചെയ്യില്ല.”
കഅ്‌ബയെ വിഗ്രഹങ്ങളിൽനിന്നും ശുദ്ധീകരിക്കൽ
ഖലീഫാ തിരുമനസ്സ് പറഞ്ഞു: പിന്നീട് മുഹമ്മദ് നബി(സ) യുദ്ധവസ്ത്രം ധരിച്ചും ഒട്ടകത്തിൽ കയറിയും മസ്ജിദ് ഹറാമിലേക്കുള്ള യാത്ര ആരംഭിച്ചു. 360 വിഗ്രഹങ്ങളാണ് വിശുദ്ധ കഅ്‌ബയുടെ ചുറ്റിലും സ്ഥാപിച്ചിരുന്നത്. മുഹമ്മദ് നബി(സ)യുടെ കൈയിൽ ഒരു ഊന്നുവടി ഉണ്ടായിരുന്നു. അതുപയോഗിച്ച് ഓരോ വിഗ്രഹത്തേയും തട്ടിക്കൊണ്ട് പ്രവാചകന്‍(സ) ഇങ്ങനെ പാരായണം ചെയ്തു:
“സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു.”[1]
അതിനുശേഷം, മുഹമ്മദ് നബി(സ) കഅ്‌ബയിലേക്ക് സമീപിച്ച് ഹജറുൽ അസ്‌വദ് സ്പർശിച്ച ശേഷം അല്ലാഹു അക്ബർ (അല്ലാഹു ഏറ്റവും വലിയവൻ) എന്ന് വിളംബരപ്പെടുത്തി. സഹാബാക്കളും ഇത് ഏറ്റ് പറഞ്ഞു. മുഹമ്മദ് നബി(സ) പിന്നീട് കഅ്‌ബയുടെ ചുറ്റും ത്വവാഫ് ചെയ്തു.
ബഥായിൽ നിൽക്കുന്ന സമയത്ത്, മുഹമ്മദ് നബി(സ), ഹദ്‌റത്ത് ഉമർ(റ)നെ വിളിച്ച് കഅ്‌ബയുടെ ഉള്ളിലുള്ള എല്ലാ ചിത്രങ്ങളും നീക്കാൻ ഉത്തരവിട്ടു. ആ ചിത്രങ്ങൾ നീക്കം ചെയ്തശേഷം മാത്രമാണ് മുഹമ്മദ് നബി(സ) കഅ്‌ബയുടെ ഉള്ളിലേക്ക് പ്രവേശിച്ചത്.
അതിനുശേഷം മുഹമ്മദ് നബി(സ) മഖാമെ ഇബ്രാഹീമിൽ എത്തി രണ്ടു റക്അത്ത് നമസ്കാരം നിർവഹിച്ചു. പിന്നീട് സംസം ജലം കുടിക്കുകയും അതുപയോഗിച്ച് വുളു ചെയ്യുകയും ചെയ്തു. ഇതിന് ശേഷം, അദ്ദേഹം ഹുബൽ എന്ന വലിയ വിഗ്രഹത്തെ നശിപ്പിക്കാൻ നിർദ്ദേശം നൽകി.
ഹദ്‌റത്ത് സുബൈർ ബിൻ അൽ അവ്വാം(റ) ഇതുനോക്കി അബൂ സുഫിയാനെ ഓർമിപ്പിച്ചു: ഉഹ്ദ് യുദ്ധദിനത്തിൽ ഹുബലിനെ നീ വാനോളം പൊക്കിപ്പിടിച്ചിരുന്നു, ഇപ്പോഴത് തകർന്നുപോയിരിക്കുന്നു. അതിന് അബൂ സുഫിയാൻ മറുപടി നൽകി:
“അവ്വാമിന്‍റെ മകനേ, അത്തരമൊരു സംഭാഷണം ഉപേക്ഷിക്കൂ. ഇപ്പോൾ എനിക്ക് ബോധ്യമായിരിക്കുന്നു: മുഹമ്മദ്(സ)ന്‍റെ ദൈവമല്ലാതെ മറ്റൊരു ദൈവം ഉണ്ടായിരുന്നു എങ്കിൽ, ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ?”
മുഹമ്മദ് നബി(സ) പിന്നീട് കഅ്‌ബയുടെ താക്കോൽ ചോദിച്ചു. കഅ്‌ബ തുറന്നശേഷം, അദ്ദേഹം അകത്തേക്ക് പ്രവേശിച്ച്, മൂന്നു തൂണുകൾ പിന്നിലായിരിക്കെ മറ്റ് രണ്ട് തൂണുകൾക്കിടയിൽ നിന്ന് കൊണ്ട് ദീർഘമായ നഫൽ നമസ്കാരം നിർവഹിച്ചു.
ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഹദ്‌റത്ത് മീർസാ ബശീറുദ്ദീൻ മഹ്‍മൂദ് അഹ്‍മദ്(റ) പറയുന്നതനുസരിച്ച്, ആ ദിവസം മുഹമ്മദ് നബി(സ)യെ അനുഗമിച്ചിരുന്ന പതിനായിരം മുസ്‌ലീങ്ങൾ മാലാഖമാരായാണ് വിശേഷിപ്പിക്കപ്പെട്ടത്.
മാലാഖമാരുടെ സവിശേഷത അതാണ് അവരോട് അല്ലാഹു കല്പിക്കുന്നതെല്ലാം അവർ അനുഷ്ഠിക്കുന്നു. അതുപോലെ ആയിരുന്നു ആ സഹാബാക്കൾ. അവരുടെ എല്ലാ കഴിവുകളും അല്ലാഹുവിന്‍റെ നിയന്ത്രണത്തിൽ ആയിരുന്നു.
അന്നേ ദിവസം വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടത് പോലെ, മനസ്സിലെ വിഗ്രഹങ്ങൾ നശിപ്പിക്കുമ്പോഴാണ് ഒരാൾ ശരിയായി ശുദ്ധനാകുന്നത്. ഖുര്‍ആൻ പറയുന്നു:
“തന്‍റെ ആത്മാവിനെ ശുദ്ധീകരിക്കുന്നവൻ വിജയിക്കും.”[2]
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഈ അവസരത്തിൽ മുഹമ്മദ് നബി(സ) ഒരു പ്രസംഗവും നടത്തി. അതിൽ അദ്ദേഹം മുസ്‌ലീങ്ങൾ എപ്പോഴും ജിഹാദിന് സജ്ജരായിരിക്കണമെന്ന് പറഞ്ഞു. മുഹമ്മദ് നബി(സ) വിശുദ്ധ പള്ളിയുടെ (കഅ്ബയുടെ) പവിത്രത ആവർത്തിച്ചുറപ്പിച്ചു. അവിടെ ഒരു യുദ്ധവും നടക്കരുത്, മൃഗങ്ങളെ കൊല്ലരുത്, അതിലെ സസ്യങ്ങൾ വെട്ടിയെടുക്കരുത്.
ഖലീഫ തിരുമനസ്സ് പറഞ്ഞു, ഈ പ്രസംഗത്തിൽ, മുഹമ്മദ് നബി(സ) കഅ്ബയുടെ വാതിൽക്കൽ നിന്നുകൊണ്ട് അല്ലാഹുവിന്‍റെ ഏകത്വം പ്രഖ്യാപിച്ചു. ജനങ്ങളിൽ ഏറ്റവും ഭക്തർ ഏറ്റവും നീതിമാന്മാരാണെന്ന് മുഹമ്മദ് നബി(സ) പറഞ്ഞു. ഖുറൈശികളോട് അദ്ദേഹം ചോദിച്ചു, അവരോട് താൻ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന്? മുഹമ്മദ് നബി(സ) എടുക്കുന്ന ഏത് തീരുമാനവും ഏറ്റവും ഉത്തമമായിരിക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ മുഹമ്മദ് നബി(സ) പൊതുമാപ്പ് പ്രഖ്യാപിച്ചു, യൂസുഫ് നബി(അ)യുടെ വാക്കുകളിൽ ഇങ്ങനെ പറഞ്ഞു: “ഇന്ന് നിങ്ങളുടെ മേൽ ഒരു കുറ്റവുമില്ല.”[3]. മുഹമ്മദ് നബി(സ)യെ പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്ത അതേ ആളുകളോട് ചെയ്ത ഈ ക്ഷമ, മുഹമ്മദ് നബി(സ)യുടെ അല്ലാഹുവിനോടുള്ള ഭക്തിയുടെയും അഗാധമായ ബന്ധത്തിന്‍റെയും ഒരു പ്രകടനമായിരുന്നു.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഈ വിവരണങ്ങൾ ഭാവിയിലും തുടർന്ന് പരാമർശിക്കുന്നതാണ്.
മയ്യിത്ത് നമസ്കാരങ്ങൾ
ഖലീഫാ തിരുമനസ്സ് താഴെ പറയുന്ന രണ്ട് മർഹൂമീങ്ങളുടെ മയ്യിത്ത് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പറഞ്ഞു:
സയ്യിദ് മൗലൂദ് അഹ്‍മദ് സാഹിബിന്‍റെ ഭാര്യ സയ്യിദ ലുബ്ന അഹ്‍മദ് സാഹിബ:
മൂന്നാം ഖലീഫ ഹദ്‌റത്ത് മീർസാ നാസർ അഹ്‍മദ്(റഹ്) ആണ് അവരുടെ വിവാഹം വിളംബരപ്പെടുത്തിയത്. വിവാഹ പ്രഖ്യാപന വേളയിൽ, മൂന്നാം ഖലീഫ(റഹ്) ഉപദേശിച്ചു കൊണ്ട് പറഞ്ഞു. വിവാഹം പ്രാരംഭ ദശയിലുള്ള ഒരു വൃക്ഷത്തിന്‍റെ തായ്ത്തടി പോലെയാണ്, അത് ചൊവ്വായ വാക്കുകൾ ആകുന്ന ചരടുകൾ കൊണ്ട് കെട്ടി ഉറപ്പിക്കേണ്ടതാണ്. ഖലീഫാ തിരുമനസ്സ് ബന്ധു എന്ന നിലയിൽ താൻ വ്യക്തിപരമായി സാക്ഷ്യം വഹിച്ചത്, അവർ തങ്ങളുടെ ബന്ധുക്കളുടെ അവകാശങ്ങൾ നിറവേറ്റിയിരുന്നു എന്നതാണ്. അവരുടെ മകൻ, ഡോ. സയ്യിദ് സൗദ് അഹ്‍മദ് ഫദ്‌ലെ ഉമർ ആശുപത്രിയുടെ ഭരണസമിതിയിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഡോക്ടറാണ്. ഒരിക്കൽ, അവരുടെ പിതാവ് ഒരു ഡോക്ടറായിരുന്നപ്പോൾ ഘാനയിലേക്ക് യാത്ര ചെയ്തപ്പോൾ, അവർ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹത്തെ അനുഗമിക്കുകയും അദ്ദേഹത്തിന്‍റെ ജോലികളിൽ സഹായിക്കുകയും ചെയ്തു. ഉദാഹരണത്തിന്, അദ്ദേഹത്തിന് ടോർച്ച് ലൈറ്റിൽ ഓപ്പറേഷനുകൾ നടത്തേണ്ടി വരുമ്പോൾ, ഓപ്പറേഷൻ നടത്താൻ വേണ്ടി അവർ ടോർച്ച് പിടിച്ചുനൽകുമായിരുന്നു. അവർ ചില ആരോഗ്യപരമായ പ്രശ്നങ്ങളെ വലിയ ക്ഷമയോടെ നേരിട്ടു. കാഴ്ചക്കുറവ് കാരണം വിശുദ്ധ ഖുർആൻ വായിക്കാൻ കഴിയാതെ വന്നപ്പോൾ, അവർ ഓൺലൈനിൽ വിശുദ്ധ ഖുർആൻ കേൾക്കുമായിരുന്നു. ഖലീഫാ തിരുമനസ്സ് പറഞ്ഞു, താൻ അവരുടെ ലളിതമായ ജീവിതരീതിയും, ഏത് സാഹചര്യവുമായും പൊരുത്തപ്പെട്ടിരുന്ന സ്വഭാവവും വ്യക്തിപരമായി കണ്ടിട്ടുണ്ട്. അവർക്ക് ഒരു മകനും മകളുമുണ്ട്. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും അവരുടെ മക്കളെ അവരുടെ മാതാപിതാക്കൾ കാണിച്ച സദ്ഗുണങ്ങളുടെ മാതൃകകൾ പിന്തുടരാൻ പ്രാപ്തരാക്കുകയും ചെയ്യുമാറാകട്ടെ.
ജർമ്മനിയിലെ മുഹമ്മദ് ഷാഫി സുബൈര്‍ സാഹിബിന്‍റെ ഭാര്യ നാസ് മൂൺ ബീബി സുബൈർ സാഹിബ:
അവരുടെ മകൻ, അത്ഹർ സുബൈർ ഹ്യൂമാനിറ്റി ഫസ്റ്റ് ജർമ്മനിയുടെ ചെയർമാനാണ്. അദ്ദേഹത്തിന്‍റെ മാതാവിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. അവർക്ക് ഗുരുതരമായ അസുഖം വന്നപ്പോഴും, ആ അവസ്ഥയിലും അവർ തങ്ങളുടെ നമസ്കാരങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അവർ അല്ലാഹുവിന്‍റെ ഇഷ്ടത്തിൽ സംതൃപ്തയായിരുന്നു. അവർ വളരെയധികം വിശ്വസ്തയുള്ളവരായിരുന്നു, ആളുകളുടെ രഹസ്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമായിരുന്നില്ല. അവർക്ക് ഖിലാഫത്തുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. അവർ വെള്ളിയാഴ്ച ഖുത്ബകൾ പലതവണ കേൾക്കുമായിരുന്നു. അവർക്ക് ധാരാളം സത്യസ്വപ്നങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണത്തിന്, കാൻസർ രോഗനിർണയം നടത്തുന്നതിന് മുമ്പുതന്നെ, തനിക്ക് കാൻസർ ആണെന്ന് ഒരു സ്വപ്നത്തിൽ അവർക്ക് വിവരം ലഭിച്ചിരുന്നു. അവരുടെ മരുമകൾ അവർ കാണിച്ച സ്നേഹത്തെയും പരിചരണത്തെയും, തങ്ങളുടെ മരുമക്കളെ സ്വന്തം പെൺമക്കളെപ്പോലെയാണ് അവർ കണ്ടിരുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ നൽകുകയും അവരുടെ മക്കളെ അവരുടെ പ്രാർഥനകളുടെ സ്വീകർത്താക്കളാക്കുകയും ചെയ്യുമാറാകട്ടെ.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആൻ 17:82
[2] വിശുദ്ധ ഖുര്‍ആന്‍ 91:10
[3] വിശുദ്ധ ഖുർആൻ 12:93
0 Comments