തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം

വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.

തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം

വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 26 ഡിസംബർ 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എ. താരിഖ്‌ അലനല്ലൂര്‍

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയതിന് ശേഷം ഹദ്റത്ത് മിർസ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) തൊട്ട് മുൻപത്തെ ഖുതുബയിൽ തിരുനബി(സ)യുടെ ജീവിതത്തിലെ വിവിധ വശങ്ങളെക്കുറിച്ച് താൻ പരാമർശിച്ചിരുന്നു എന്ന് പ്രസ്താവിക്കുകയും ഇന്നത്തെ ഖുതുബയിൽ നബി (സ) ക്ക് അല്ലാഹുവിനോടുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് താൻ നൽകുന്നതെന്ന് പറയുകയും ചെയ്‌തു.

അല്ലാഹുവിന് തിരുനബി(സ)യോടുള്ള സ്നേഹം

തിരുനബി(സ)യുടെ ജീവിതം പരിശോധിക്കുമ്പോൾ അല്ലാഹുവും അദ്ദേഹത്തെ സ്നേഹിച്ചിരുന്നതായി നമുക്ക് കാണാൻ സാധിക്കുമെന്ന് ഹുസൂർ തിരുമനസ് തന്റെ ഖുതുബയിൽ പരാമർശിക്കുകയുണ്ടായി. പിന്നീട് അല്ലാഹു അദ്ദേഹത്തിന് വഴികാണിക്കുകയും അത് തന്റെ ജനതയെ വഴിനടത്താൻ അദ്ദേഹം ഉപയോഗിക്കുകയും ചെയ്‌തു. വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

“[തന്നെ കുറിച്ചുള്ള] അന്വേഷണത്തിൽ അലയുന്നവനായി അവൻ നിന്നെ കണ്ടു. എന്നിട്ടവൻ [നിനക്ക് തന്നിലേക്ക്] വഴികാണിച്ചു.” (വിശുദ്ധ ഖുർആൻ, 93:8)

നബി (സ) തൻ്റെ ജനതയെ സന്മാർഗ്ഗത്തിലേക്ക് നയിക്കാനുള്ള വഴികൾ തേടി അലയുകയും ഒടുവിൽ അല്ലാഹു അദ്ദേഹത്തിന് അതിനുള്ള മാർഗങ്ങൾ ഒരുക്കുകയും ചെയ്‌തു എന്നാണ് ഇവിടെ അർത്ഥമാക്കുന്നത് എന്ന് ഹുസൂർ ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. അതുപോലെത്തന്നെ ‘ദാൽ’ എന്ന വാക്കിന് ‘അന്വേഷിച്ചലയുക’ എന്നതിലുപരി ‘സ്നേഹം’ എന്നും അർത്ഥമുണ്ടെന്ന് ഇമാം റാസി തന്റെ ഖുർആൻ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ തിരുനബി(സ) അല്ലാഹുവിനെയും അല്ലാഹു തിരിച്ച് അദ്ദേഹത്തെയും സ്നേഹിച്ചിരുന്നു എന്നതിനുള്ള ദൈവസാക്ഷ്യമാണ് ഈ ഖുർആനിക വചനം.

തിരുനബി(സ)യെ വഴിനടത്തിയ ദൈവികസ്നേഹം

ഹദ്റത്ത് മസീഹ് മൗഊദ് (അ) നെ ഉദ്ധരിച്ചുകൊണ്ട് ഹുസൂർ ഇപ്രകാരം പറഞ്ഞു:

“പരിശുദ്ധ ഖുർആനിലെ പ്രയോഗശൈലികളെക്കുറിച്ച് അറിവുള്ള ഏതൊരാൾക്കും ഒരു കാര്യം ബോധ്യമാകും. കരുണാനിധിയും കൃപാലുവും മഹത്വമുടയവനുമായവൻ ചിലപ്പോൾ തന്റെ പ്രത്യേക ദാസരെപ്പറ്റി ഉപയോഗിക്കുന്ന വാക്കുകൾ ഉപരിപ്ലവമായി നോക്കുമ്പോൾ പ്രശംസാപരമായി തോന്നുകയില്ലെങ്കിലും അവയുടെ ആന്തരാർത്ഥത്തിൽ അവ അതീവ സ്തുത്യർഹവും പ്രശംസനീയവുമായിരിക്കും. ഉദാഹരണത്തിന്, തന്റെ പരിശുദ്ധ പ്രവാചകനെക്കുറിച്ച് അല്ലാഹു, ഇപ്രകാരം പറയുന്നു:

“[തന്നെ കുറിച്ചുള്ള] അന്വേഷണത്തിൽ അലയുന്നവനായി അവൻ നിന്നെ കണ്ടു. എന്നിട്ടവൻ [നിനക്ക് തന്നിലേക്ക്] വഴികാണിച്ചു.”
‘ദാൽ’ എന്ന വാക്കിന്റെ ഏറ്റവും അറിയപ്പെടുന്നതും ഭാഷാപണ്ഡിതന്മാർ പറയാൻ താത്പര്യപ്പെടുന്നതുമായ അർത്ഥം ‘വഴിപിഴച്ചവൻ’ എന്നതാണ്. ഈ അർത്ഥമനുസരിച്ച് നോക്കിയാൽ, പ്രസ്തുത വചനത്തിന്റെ അർത്ഥം ‘(ഓ അല്ലാഹുവിന്റെ ദൂതരേ!) അല്ലാഹു നിങ്ങളെ വഴിപിഴച്ചവനായി കണ്ടെത്തുകയും നിങ്ങൾക്ക് നേർവഴി കാട്ടുകയും ചെയ്തു’ എന്നായിത്തീരും. എന്നാൽ വാസ്തവമിതാണ്. തിരുനബി(സ) ഒരിക്കലും വഴിപിഴച്ചവനായിരുന്നില്ല. മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും എന്നിട്ട് തിരുനബി(സ) തന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വഴികെട്ട പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്നവൻ കാഫിറും (സത്യനിഷേധിയും), വിശ്വാസമില്ലാത്തവനും, ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷാർഹനുമാണ്.”

ഇവിടെ ഈ വചനത്തിന് സന്ദർഭോചിതമായ ഒരു അർത്ഥമാണ് നൽകേണ്ടത്. അത് ഇപ്രകാരമാണ്, അല്ലാഹു, തിരുനബി(സ)യെക്കുറിച്ച് ഇപ്രകാരം പറയുന്നു: “അവൻ നിന്നെ അനാഥനായി കണ്ടില്ലയോ? അപ്പോൾ, അവൻ നിനക്ക് അഭയം നൽകിയല്ലോ? [തന്നെ കുറിച്ചുള്ള] അന്വേഷണത്തിൽ അലയുന്നവനായി അവൻ നിന്നെ കണ്ടു. എന്നിട്ടവൻ [നിനക്ക് തന്നിലേക്ക്] വഴികാണിച്ചു. അവൻ നിന്നെ ദരിദ്രനായി കണ്ടെത്തി. എന്നിട്ടവൻ നിന്നെ സ്വാശ്രയനാക്കി.”
ഇതിനർത്ഥം ഇപ്രകാരമാണ്. സർവ്വശക്തനായ അല്ലാഹു നിന്നെ അനാഥനും നിസ്സഹായനുമായി കണ്ടെത്തുകയും അവൻ നിനക്ക് തന്റെയടുക്കൽ അഭയം നൽകുകയും നിന്നെയവൻ ‘ദാൽ’ (അതായത് അല്ലാഹുവിന്റെ അസ്തിത്വത്തോട് അതീവസ്നേഹത്തിലായവൻ) ആയി കണ്ടെത്തുകയും ചെയ്‌തു. അതിനാൽ അവൻ നിന്നെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവൻ നിന്നെ ദരിദ്രനായി കണ്ടെത്തുകയും നിന്നെ പ്രൗഢമാക്കുകയും ചെയ്തു.” (ആയിനായെ കമാലാത്തെ ഇസ്‌ലാം)

തിരുനബി(സ)യുടെ മാതൃക ദൈവസ്‌നേഹത്തിലേക്കുള്ള കവാടം

ഹുസൂർ വീണ്ടും ഹദ്റത്ത് മസീഹ് മൗഊദ് (അ) എഴുതിയത് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: തിരുനബി(സ) ഒരു പരിപൂർണ്ണ മനുഷ്യൻ ആയതിനാലാണ് ഏറ്റവും പരിപൂർണ്ണവും സമ്പൂർണ്ണവുമായ അധ്യാപനമായ പരിശുദ്ധ ഖുർആൻ അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടത്. അതിനാൽ, വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു:

“പറയുക: ‘നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ കുറ്റങ്ങൾ നിങ്ങൾക്ക് പൊറുത്തുതരുകയും ചെയ്യും. അല്ലാഹു സർവഥാ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.'” (ഖുർആൻ, 3:32)

അതുകൊണ്ട്, നമുക്ക് ദൈവസ്നേഹം സിദ്ധിക്കണമെങ്കിൽ തിരുനബി(സ)യുടെ പരിപൂർണ്ണ മാതൃകയെ നാം പിന്തുടരേണ്ടത് അനിവാര്യമാണ്

അല്ലാഹുവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് തിരുനബി(സ)ക്ക് നിരവധി രീതികളുണ്ടായിരുന്നു എന്ന് പരാമർശിച്ചുകൊണ്ട് ഹുസൂർ പറയുന്നു. ഉദാഹരണത്തിന്, നബി(സ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

“അല്ലാഹുവേ, ഞാൻ നിന്നോട് നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് എന്നെ നയിക്കുന്ന കർമ്മങ്ങളും ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ സ്നേഹത്തെ എന്റെ ജീവനെക്കാളും എന്റെ കുടുംബത്തെക്കാളും കുളിരേകുന്ന ജലത്തേക്കാളും എനിക്ക് പ്രിയപ്പെട്ടതാക്കേണമേ.”
ദൈവസ്നേഹം ആഗ്രഹിക്കുന്ന ഏതൊരാളും നിർവ്വഹിക്കേണ്ട ഒരു പ്രാർത്ഥനയാണിത്.

തിരുനബി(സ) യുടെ മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:

“അല്ലാഹുവേ, നിന്റെ സ്നേഹവും, ആരുടെ സ്നേഹമാണോ നിന്റെയടുക്കൽ എനിക്ക് ഉപകരിക്കുക അത്തരത്തിലുള്ളവരുടെ സ്നേഹവും എനിക്ക് നീ നൽകേണമേ. അല്ലാഹുവേ, എനിക്ക് പ്രിയപ്പെട്ടതായ ഏതൊന്നാണോ നീ എനിക്ക് നൽകിയിട്ടുള്ളത്, അവയെ നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി എനിക്ക് കരുത്താക്കിത്തീർക്കേണമേ. അല്ലാഹുവേ, എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളിൽ നിന്ന് ഏതൊക്കെയാണോ നീ എന്നിൽ നിന്ന് തടഞ്ഞുവെച്ചിട്ടുള്ളത്, അവയ്ക്ക് പകരമായി നീ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്ന് എനിക്ക് നീ ആശ്വാസം പ്രദാനം ചെയ്യേണമേ.”

രാത്രികാല ഭക്തിയും നന്ദിപൂർവ്വമുള്ള ആരാധനയും

ഒരിക്കൽ രാത്രിയിൽ താൻ ഉണർന്നപ്പോൾ തിരുനബി(സ)യെ കിടക്കയിൽ കണ്ടില്ല എന്ന് ആയിശ (റ) നിവേദനം ചെയ്തതായി ഹുസൂർ വിവരിക്കുന്നു. അവർ ചുറ്റും തിരഞ്ഞു നോക്കുകയും തിരുനബി(സ) പ്രാർത്ഥനയിലാണെന്ന് മനസിലാക്കുകയും ചെയ്‌തു. അദ്ദേഹം സുജൂദിലായിരുന്നു. അല്ലാഹുവിന്റെ അപ്രീതിയിൽ നിന്ന് അവന്റെ പ്രീതിയിലേക്കും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് അവന്റെ സ്നേഹത്തിലേക്കും സംരക്ഷണം തേടുകയായിരുന്നു. കൂടാതെ, അല്ലാഹു പഠിപ്പിച്ചുതന്ന വാക്കുകളിലൂടെയല്ലാതെ അവനെ സ്തുതിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

ഹുസൂർ ഹദ്റത്ത് ആയിഷ(റ) ൽ നിന്നുള്ള മറ്റൊരു നിവേദനം കൂടി ഉദ്ധരിക്കുകയുണ്ടായി. അതിൽ പറയുന്നു: “അല്ലാഹുവിന്റെ ദൂതർ (സ) എന്നോടൊപ്പം രാത്രി ചിലവഴിക്കേണ്ട ഊഴമായിരുന്നു അത്. അദ്ദേഹം ചരിഞ്ഞു കിടക്കുകയും തന്റെ പുതപ്പ് പുതയ്ക്കുകയും തന്റെ ചെരുപ്പുകൾ അഴിച്ച് പാദത്തിനരികിൽ വെക്കുകയും ചെയ്‌തു. തന്റെ മേലങ്കിയുടെ ഒരറ്റം വിരിച്ച് അദ്ദേഹം കിടന്നു. ഞാൻ ഉറങ്ങി എന്ന് കരുതിയപ്പോൾ അദ്ദേഹം പതിയെ തന്റെ പുതപ്പ് മാറ്റുകയും പതിയെ ചെരിപ്പ് ധരിക്കുകയും ചെയ്‌തു. വളരെ പതുക്കെ വാതിൽ തുറന്ന് പുറത്തിറങ്ങി നിശബ്ദമായി വാതിൽ അടച്ചു.

ഉടൻതന്നെ ഞാൻ തല മറച്ചുകൊണ്ട് എന്റെ മുഖപടം ധരിച്ച് അരശ്ശീല മുറുക്കി അദ്ദേഹത്തിന്റെ പിന്നാലെ പുറപ്പെട്ടു. അദ്ദേഹം ബഖീഅ് എത്തുന്നത് വരെ പിന്തുടർന്നു. അവിടെ അദ്ദേഹം നിന്നു, വളരെയധികം നേരം നിന്നു. ശേഷം തന്റെ കൈകൾ മൂന്നുതവണ ഉയർത്തി. പിന്നീട് അദ്ദേഹം മടങ്ങി, ഞാനും മടങ്ങി. അദ്ദേഹം വേഗത്തിൽ നടന്നപ്പോൾ ഞാനും വേഗം നടന്നു. അദ്ദേഹം ഓടിയപ്പോൾ ഞാനും ഓടി. അദ്ദേഹം (വീട്ടിൽ) എത്തിയപ്പോൾ ഞാനും (വീട്ടിൽ) എത്തി. എങ്കിലും അദ്ദേഹത്തിന് മുമ്പേ ഞാൻ (വീടിന്) അകത്ത് കടന്ന് കിടക്കയിൽ കിടന്നു. തിരുനബി(സ) (വീടിന്) അകത്തു വന്നപ്പോൾ ചോദിച്ചു: ‘ആയിഷാ, എന്തുകൊണ്ടാണ് നീ ഇങ്ങനെ കിതയ്ക്കുന്നത്?’ ഞാൻ പറഞ്ഞു: ‘ഒന്നുമില്ല.’ അദ്ദേഹം പറഞ്ഞു: ‘നീ എന്നോട് പറയണം, അല്ലെങ്കിൽ സൂക്ഷ്മജ്ഞാനിയും സർവ്വജ്ഞനുമായവൻ (അല്ലാഹു) എനിക്ക് വിവരം നൽകും.’ അപ്പോൾ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ (സ), എന്റെ മാതാപിതാക്കൾ അങ്ങേക്ക്  തെണ്ടമാകട്ടെ’. എന്നിട്ട് ഞാൻ നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു.

അദ്ദേഹം ചോദിച്ചു: ‘എനിക്ക് മുന്നിലായി കണ്ട ആ നിഴൽ നിന്റേതായിരുന്നോ?’ ഞാൻ പറഞ്ഞു: ‘അതെ.’ അപ്പോൾ അദ്ദേഹം എന്റെ നെഞ്ചിൽ പതുക്കെ ഒന്ന് തട്ടിയിട്ട് ചോദിച്ചു: ‘അല്ലാഹുവും അവന്റെ ദൂതനും നിന്നോട് അനീതി കാണിക്കുമെന്ന് നീ കരുതിയോ?’ അവർ മറുപടി പറഞ്ഞു: ‘മനുഷ്യർ എന്ത് മറച്ചുവെച്ചാലും അത് അല്ലാഹു അറിയും.’

അദ്ദേഹം (നബി (സ)) തുടർന്നു: ‘നീ എന്നെ കണ്ട സമയത്ത് ജിബ്രീൽ (അ) എന്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം നീ കാണാതെ എന്നെ വിളിച്ചു. ഞാൻ അദ്ദേഹത്തിന് മറുപടി നൽകി. നീ വസ്ത്രം ശരിയായി ധരിച്ചിരുന്നില്ലാത്തതിനാൽ ഞാനും അത് നിന്നിൽ നിന്ന് മറച്ചു വെച്ചു. നീ ഉറങ്ങുകയാണെന്ന് ഞാൻ കരുതി. നീ ഭയക്കുമെന്ന് കരുതി ഞാൻ നിന്നെ ഉണർത്താൻ ഇഷ്ടപ്പെട്ടില്ല. ജിബ്രീൽ (അ) പറഞ്ഞു: ബഖിയിലെ നിവാസികളുടെ (അതായത് ഖബറിൽ അടക്കിയവരുടെ) അടുത്തേക്ക് ചെല്ലാനും അവർക്കായി പാപമോചനത്തിനായി പ്രാർത്ഥിക്കാനും നിന്റെ നാഥൻ നിന്നോട് കൽപ്പിച്ചിരിക്കുന്നു.’

ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ(സ), അവർക്കായി ഞാൻ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്? (എങ്ങനെയാണ് അവർക്ക് വേണ്ടി ഞാൻ പാപമോചനം തേടേണ്ടത്?)’ അദ്ദേഹം പറഞ്ഞു: ‘ഇപ്രകാരം പറയുക: ഈ പട്ടണത്തിലെ (ശ്‌മശാനത്തിലെ) നിവാസികളായ മുസ്‌ലിങ്ങൾക്കും വിശ്വാസികൾക്കും മേൽ സമാധാനമുണ്ടാവട്ടെ. നമ്മിൽ നിന്ന് നേരത്തെ പോയവരോടും ഇനി വരാനിരിക്കുന്നവരോടും അല്ലാഹു കരുണ കാണിക്കട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ തീർച്ചയായും ഞങ്ങളും നിങ്ങളോടൊപ്പം ഒത്തുചേരുന്നതാണ്.'”

ഒരിക്കൽ നബി (സ) പ്രാർത്ഥനയിൽ വിങ്ങിപ്പൊട്ടി കരയുന്നത് ഹദ്റത്ത് ആയിഷ (റ) കാണാനിടയായ സന്ദർഭവും ഹുസൂർ വിവരിച്ചു. അല്ലാഹു അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പിഴവുകളും പൊറുത്തുതന്നിരിക്കെ അങ്ങ് എന്തിനാണ് പ്രാർത്ഥനയിൽ ഇപ്രകാരം കരയുന്നത് എന്ന് അവർ തിരുനബി(സ)യോട് ചോദിച്ചു.
തിരുനബി(സ) മറുപടി നൽകി: “ഞാൻ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലയോ?”

അനുഗ്രഹങ്ങൾക്കും പരീക്ഷണഘട്ടങ്ങൾക്കുമിടയിലെ നബി(സ)യുടെ ആരാധന

ഹുസൂർ വിവരിച്ചു: മഴ പെയ്യുമ്പോൾ അത് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് തിരുനബി(സ) പറയുമായിരുന്നു. മറ്റൊരു സംഭവം ഇപ്രകാരമാണ്. ഒരിക്കൽ തിരുനബി(സ) സുജൂദിൽ ആയിരിക്കുമ്പോൾ ഒരു ശത്രു വന്ന് പിന്നിൽ നിന്ന് അദ്ദേഹത്തിന്റെ കഴുത്ത് ഞെരിക്കാൻ തുടങ്ങി. ഇതറിഞ്ഞ ഹദ്റത്ത് അബൂബക്കർ(റ) വേഗത്തിൽ തിരുനബി(സ)യെ മോചിപ്പിക്കാനായി ഓടിയെത്തുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു: “തന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്ന ഒരാളെ നിങ്ങൾ കൊല്ലാൻ തുനിയുകയാണോ?” അല്ലാഹുവിനെ സ്നേഹിക്കുകയും അവനെ ആരാധിക്കുകയും മാത്രമാണ് നബി (സ) ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ദൈവസ്നേഹത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു; എത്രത്തോളമെന്നാൽ മക്കാനിവാസികൾ പോലും “മുഹമ്മദ് (സ) സത്യമായും തന്റെ നാഥനെ സ്നേഹിക്കുന്നു” എന്ന് പറയുമായിരുന്നു.

ഹദ്റത്ത് മസീഹ് മൗഊദ് (അ) നെ ഉദ്ധരിച്ചുകൊണ്ട് ഹുസൂർ പറയുന്നു: “സത്യസന്ധനായ ആ പ്രവാചകന്റെ മുഖശ്രീ അനുചരന്മാർ (സ്വഹാബികൾ) ദർശിച്ചിരുന്നു. അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ അനുരാഗത്തിന് സത്യനിഷേധികളായ ഖുറൈശികൾ പോലും സ്വമേധയാ സാക്ഷ്യം നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിത്യേനയുള്ള പ്രാർത്ഥനകളും സ്നേഹാധിക്യത്താലുള്ള സുജൂദുകളും പരിപൂർണ്ണമായ അനുസരണവും അദ്ദേഹത്തിന്റെ മുഖത്തെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും അർപ്പണത്തിന്റെയും തിളങ്ങുന്ന അടയാളങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് വർഷിക്കുന്ന ദൈവീക പ്രകാശവും കണ്ട അവർ ഇപ്രകാരം പറയാൻ നിർബന്ധിതരായി: ‘മുഹമ്മദ് (സ) തന്റെ നാഥനുമായി അഗാധമായ പ്രണയത്തിലാണ്.'”

“കൂടാതെ നമ്മുടെ നേതാവും യജമാനനുമായ മുഹമ്മദ് നബി(സ)യുടെ ഹൃദയത്തിൽ, പ്രക്ഷുബ്ധമായ മഹാസമുദ്രം പോലെ അലതല്ലുന്ന ഭക്തിയും സ്നേഹവും ആത്മാർത്ഥതയും മാത്രമല്ല അനുചരന്മാർ ദർശിച്ചത്. മറിച്ച് ആ സ്നേഹത്തിന് പകരമായി അല്ലാഹു നൽകിയ അസാധാരണമായ പിന്തുണയും സഹായവും വഴി അദ്ദേഹത്തോട് ദൈവത്തിനുള്ള സ്നേഹവും അവർ കണ്ടറിഞ്ഞു. അങ്ങനെ ദൈവം ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞു, അങ്ങനെ ദൈവം ഈ മനുഷ്യനോടൊപ്പമുണ്ട് എന്ന് അവരുടെ ഹൃദയങ്ങൾ ഉറക്കെ സാക്ഷ്യപ്പെടുത്തി. അവർ എത്രത്തോളം ദൈവിക അത്ഭുതങ്ങൾ ദർശിച്ചുവെന്നാൽ, ആകാശഭൂമികളിലെ അടയാളങ്ങൾക്ക് അവർ എത്രമാത്രം സാക്ഷ്യം വഹിച്ചുവെന്നാൽ, അതോടുകൂടി ദൈവം എന്ന നാമത്തിലറിയപ്പെടുന്ന, സർവ്വതിനെയും നിയന്ത്രിക്കുന്ന, അസാധ്യമായി ഒന്നുമില്ലാത്തവനായ ഒരു പരമോന്നത സത്തയുണ്ട് എന്ന കാര്യത്തിൽ അവർ നിസ്സംശയരായിത്തീരുകയാണുണ്ടായത്.

അതുകൊണ്ട് തന്നെയാണ് സകല സംശയങ്ങളും ആശങ്കകളും ദൂരീകരിക്കപ്പെടാതെ ഒരാൾക്കും തന്നെ ചെയ്യാൻ കഴിയാത്തവിധത്തിലുള്ള ഭക്തിയും ആത്മാർത്ഥതയും നിറഞ്ഞ പ്രവർത്തനങ്ങളും ത്യാഗങ്ങളും അവർ കാഴ്ചവെക്കാനിടയായത്. ഇസ്‌ലാം സ്വീകരിക്കുന്നതിലും അവന്റെ പരിശുദ്ധ പ്രവാചകനെ (സ) പൂർണ്ണമനസ്സോടുകൂടി അനുസരിക്കുന്നതിലും മാത്രമാണ് ആ പരിശുദ്ധ സത്തയുടെ (അല്ലാഹുവിന്റെ) പ്രീതി നിലകൊള്ളുന്നത് എന്ന് അവർ സ്വനയനങ്ങളാൽ കാണുകയുണ്ടായി. ഈ പരിപൂർണമായ വിശ്വാസം സിദ്ധിച്ച ശേഷം അവർ പ്രകടിപ്പിച്ച അനുസരണയും, അവർ ചെയ്ത മഹത്കാര്യങ്ങളും, തങ്ങളുടെ പരിശുദ്ധനായ മാർഗദർശിയുടെ പാദങ്ങളിൽ ജീവൻ അർപ്പിച്ച രീതിയുമെല്ലാം സ്വഹാബികൾ ദർശിച്ച ആ മനോഹരമായ വിസ്മയക്കാഴ്ചകൾ കാണാത്ത മറ്റൊരാൾക്കും തന്നെ സാധ്യമാകുന്ന കാര്യങ്ങളല്ല.” (ശഹാദത്തുൽ ഖുർആൻ)

തിരുനബി(സ)യുടെ പാത പിന്തുടർന്നുകൊണ്ട് നമ്മുടെ പ്രതിജ്ഞ നിറവേറ്റൽ

തിരുനബി(സ)യുടെ ഉത്തമമായ ഗുണങ്ങളും മാതൃകയുമാണ് സ്വഹാബികളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതെന്ന് ഹുസൂർ പറയുകയുണ്ടായി. അതുപോലെതന്നെ, പിൽക്കാലത്ത് വന്ന മസീഹായ ഹദ്റത്ത് മിർസ ഗുലാം അഹ്‌മദ്‌ (അ) തിരുനബി(സ)യുടെ മാതൃകയെ പിന്തുടരുകയും അദ്ദേഹത്തോടുള്ള സ്നേഹംത്തിലൂടെ മാത്രം എല്ലാം നേടിയെടുക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ജമാഅത്തിലെ അംഗങ്ങൾ എന്ന നിലക്ക് തങ്ങളും തിരുനബി(സ)യുടെ മാതൃകയുടെ പ്രതിബിംബങ്ങളായി മാറുമെന്നും അദ്ദേഹത്തോടുള്ള സ്നേഹത്തിൽ വർദ്ധനവ് വരുത്തുമെന്നും അഹ്‌മദികൾ പ്രതിജ്ഞ ചെയ്യുന്നു. അഹ്‌മദികൾ ഈ മാതൃക യഥാർത്ഥത്തിൽ ഉൾക്കൊള്ളുമ്പോൾ മാത്രമേ അവർ തങ്ങളുടെ പ്രതിജ്ഞയോട് നീതി പുലർത്തുകയും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അർഹരാവുകയും ചെയ്യുകയുള്ളൂ.

പാകിസ്താനിലും ലോകത്തുടനീളവുമുള്ള അഹ്‌മദികൾക്ക് വേണ്ടി ദുആ ചെയ്യുക

പാകിസ്ഥാനിലെ അഹ്‌മദികൾക്കായി ദുആ ചെയ്യണമെന്ന് ഹുസൂർ പ്രത്യേകം അഭ്യർത്ഥിച്ചു. അവിടെ ഒരു അഹ്‌മദിക്കെതിരെ നിലനിന്നിരുന്ന ഒരു കേസിൽ ഈയടുത്ത് അദ്ദേഹത്തെ ജീവപര്യന്തം തടവിന് വിധിക്കുകയുണ്ടായി. അദ്ദേഹത്തിനെതിരെയുള്ള കുറ്റം ഇതായിരുന്നു. അദ്ദേഹം വിശുദ്ധ ഖുർആന്റെ ഒരു പ്രതി കൈവശം വെക്കുകയും അത് പാരായണം ചെയ്യുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതാണ് കോടതികളുടെ അവസ്ഥ. അവരിൽ നിന്ന് എന്ത് നന്മയാണ് പ്രതീക്ഷിക്കാൻ കഴിയുക? അഹ്‌മദികളല്ലാത്തവർ പോലും ഈ വിധിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അനീതികൾ പ്രവർത്തിക്കുന്നവർ എത്രയും വേഗം പിടിക്കപ്പെടട്ടെ എന്ന് ഹുസൂർ ദുആ ചെയ്‌തു. അവർ തീർച്ചയായും വേഗത്തിൽ പിടിയിലാകുമെന്നും അതിനുള്ള സൂചനകൾ കണ്ടുതുടങ്ങിയെന്നും ഹുസൂർ കൂട്ടിച്ചേർത്തു. എങ്കിലും അഹ്മദികൾ തങ്ങളുടെ പ്രാർത്ഥനകളിൽ ഒരിക്കലും വീഴ്ച വരുത്തരുത്.
ലോകമെമ്പാടും അനീതിക്ക് ഇരയാകുന്ന എല്ലാവർക്കും വേണ്ടി ഹുസൂർ ദുആ ചെയ്‌തു. അല്ലാഹു എല്ലാവർക്കും സമാധാനം നൽകുകയും എല്ലാവിധ കുഴപ്പങ്ങളിൽ നിന്നും അവരെ കാത്തുരക്ഷിക്കുകയും ചെയ്യുമാറാകട്ടെ.

ജനാസ നമസ്‌കാരം

താഴെ പറയുന്നു വ്യക്തികളുടെ ജനാസ നമസ്കരിക്കുന്നതാണെന്ന് ഹുസൂർ വിളംബരം ചെയ്‌തു:

മൗലാനാ ജലാലുദ്ദീൻ നയ്യാർ സാഹിബ്: ഖാദിയാനിലെ മുൻ സദർ സദർ അഞ്ചുമൻ അഹ്‌മദിയ്യാ, സദർ മജ്‌ലിസ് തഹ്‌രീകെ ജദീദ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഖാദിയാനിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് ജമാഅത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. കഠിനാധ്വാനത്തോടും അത്യുത്സാഹത്തോടും കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യയിലുടനീളമുള്ള അഹ്‌മദികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആരാധനാകർമങ്ങളിൽ അതീവ തൽപരനായിരുന്നു അദ്ദേഹം. ഖിലാഫത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ചിരുന്നു. ഒരു കായികതാരം കൂടിയായിരുന്ന അദ്ദേഹം ഖാദിയാനിൽ വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഹുസൂർ ദുആ ചെയ്‌തു

മീർ ഹബീബ് അഹമ്മദ് സാഹിബ്: ഇദ്ദേഹം അതീവ ദയാലുവും ഖിലാഫത്തിനോട് അങ്ങേയറ്റം സ്നേഹവുമുള്ള വ്യക്തിയുമായിരുന്നു. പാകിസ്ഥാൻ, സിയറ ലിയോൺ, നൈജീരിയ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവിതം ദീനിനുവേണ്ടി സമർപ്പിച്ചു. പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയ ശേഷവും അദ്ദേഹം വിവിധ ചുമതലകളിൽ ജമാഅത്ത് സേവനങ്ങൾ തുടർന്നു. ദീനിനോട് അർപ്പണബോധമുള്ള വ്യക്തിയും കാരുണ്യവാനുമായിരുന്നു അദ്ദേഹം. മസീഹ് മൗഊദ്(അ)ന്റെ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹം ഒരിക്കലും കളവ് പറഞ്ഞിരുന്നില്ല; ഏതെങ്കിലും കാര്യം വെളിപ്പെടുത്താൻ ആഗ്രഹമില്ലെങ്കിൽ അദ്ദേഹം നിശബ്ദത പാലിക്കുമായിരുന്നു. അദ്ദേഹം അതീവ കാരുണ്യവാനായിരുന്നു എന്നതിനും തന്റെ അർപ്പണബോധത്തിന്റെ പ്രതിജ്ഞ അദ്ദേഹം പൂർണ്ണമായി നിറവേറ്റിയെന്നതിനും താൻ സാക്ഷിയാണെന്ന് ഹുസൂർ വ്യക്തമാക്കുകയുണ്ടായി. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും നൽകട്ടെ എന്ന് ഹുസൂർ ദുആ ചെയ്‌തു.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed