അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 17 ഒക്ടോബർ
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്മദ് (അയ്യദഹുല്ലാഹു) തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തുടർന്നും പറയുമെന്ന് പ്രസ്താവിച്ചു.
അബൂ ആമിറിൻറെ ദുഷിച്ച ഗൂഢാലോചന
തബൂക്ക് യുദ്ധത്തിൻറെ പശ്ചാത്തലത്തെക്കുറിച്ച് രണ്ടാമത്തെ ഖലീഫയായ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) എഴുതിയതിനെ ഹുസൂർ തിരുമനസ്സ് ഉദ്ധരിച്ചു. ഖസ്‌റജ് ഗോത്രത്തിൽപ്പെട്ടയാളായിരുന്നു അബൂ ആമിർ മദനി. ജൂതന്മാരുമായും ക്രിസ്ത്യാനികളുമായും ദീർഘകാലമായുള്ള ബന്ധത്തിലൂടെ, അയാൾ ഏകാന്തമായ ധ്യാനത്തിൻറെയും ദൈവനാമങ്ങൾ ഉരുവിടുന്നതിൻറെയും ശീലം ആർജ്ജിച്ചു. ഈ ശീലം കാരണം അയാൾ പൊതുവെ ‘അബൂ ആമിർ, പുരോഹിതൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും, അയാൾ മതപരമായി ക്രിസ്ത്യാനിയായിരുന്നില്ല.
ഹിജ്റയ്ക്ക് ശേഷം നബിതിരുമേനി ﷺ മദീനയിൽ എത്തിയപ്പോൾ, അബൂ ആമിർ മക്കയിലേക്ക് പലായനം ചെയ്തു. ഒടുവിൽ മക്കയിലും ഇസ്‌ലാമിന് ആധിപത്യം ലഭിച്ചപ്പോൾ അയാൾ ഇസ്‌ലാമിനെതിരെ പുതിയ ഗൂഢാലോചന മെനയാൻ തുടങ്ങി. അയാൾ തൻറെ പേരും പതിവ് വസ്ത്രധാരണ രീതിയും മാറ്റുകയും മദീനയ്ക്കടുത്തുള്ള ഒരു ഗ്രാമമായ ഖുബാഇൽ താമസമാക്കുകയും ചെയ്തു. അയാൾ ദീർഘകാലം പുറത്തായിരുന്നതിനാലും രൂപവും വസ്ത്രധാരണവും മാറ്റിയതിനാലും മദീനക്കാർക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. രഹസ്യബന്ധങ്ങളുള്ള കപടവിശ്വാസികൾ മാത്രമേ അയാളെ തിരിച്ചറിഞ്ഞുള്ളൂ.
അബൂ ആമിർ മദീനയിലെ കപടവിശ്വാസികളെ തൻറെ രഹസ്യങ്ങളിൽ പങ്കാളികളാക്കി, അവരുടെ സമ്മതത്തോടെ സിറിയയിലേക്ക് പോകാനും അവിടുത്തെ ക്രിസ്ത്യൻ ഭരണാധികാരികളെയും ക്രിസ്ത്യൻ അറബികളെയും മദീനയെ ആക്രമിക്കാൻ പ്രേരിപ്പിക്കാനും പദ്ധതിയിട്ടു.
അയാൾ തൻറെ ദുരുദ്ദേശ്യപരമായ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, മദീനയിൽ അതൃപ്തി പരത്താനും അയാൾ പദ്ധതിയിട്ടു. അയാൾ തൻറെ കൂട്ടാളികളായ കപടവിശ്വാസികളോട്, സിറിയൻ സൈന്യം മദീനയെ ആക്രമിക്കാൻ വരുന്നു എന്ന കിംവദന്തികൾ പ്രചരിപ്പിക്കാൻ ഏർപ്പാട് ചെയ്തു. ഈ ഇരട്ട ഗൂഢാലോചനയുടെ ഫലമായി, മുസ്ലീങ്ങളും സിറിയൻ ക്രിസ്ത്യാനികളും തമ്മിൽ യുദ്ധം നടക്കുമെന്നാണ് അബൂ ആമിർ പ്രതീക്ഷിച്ചത്. തൻറെ ഗൂഢാലോചന വിജയിച്ചില്ലെങ്കിൽ, മുസ്ലീങ്ങൾ സ്വയം സിറിയയെ ആക്രമിക്കാൻ പ്രേരിതരാകുമെന്ന് അയാൾ കരുതി. അങ്ങനെയായാലും മുസ്ലിങ്ങളും സിറിയക്കാരും തമ്മിൽ ഒരു യുദ്ധം ആരംഭിക്കുകയും അതിൽ തനിക്ക് സന്തോഷിക്കാൻ വക ലഭിക്കുകയും ചെയ്യുമെന്ന് അയാൾ കണക്കുകൂട്ടി. തൻറെ പദ്ധതികൾ പൂർത്തിയാക്കിയ ശേഷം അയാൾ സിറിയയിലേക്ക് പോയി. അയാൾ പോയ ശേഷം, മദീനയിലെ കപടവിശ്വാസികൾ – പദ്ധതി അനുസരിച്ച് – മദീനയെ ആക്രമിക്കാൻ വരുന്ന കച്ചവടസംഘങ്ങളെ കണ്ടുവെന്ന് കിംവദന്തികൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഒരു കച്ചവടസംഘവും പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ, അവർ അതിന് എന്തെങ്കിലും വിശദീകരണം നല്കി.
ക്ഷാമത്തിനിടയിലും മുസ്ലീങ്ങളുടെ ആവേശം
ഈ കിംവദന്തികൾ വളരെ ശക്തമായപ്പോൾ, നബിതിരുമേനി ﷺ മുസ്ലിം സൈന്യത്തെ നേരിട്ട് സിറിയയിലേക്ക് നയിക്കുന്നത് ഉചിതമാണെന്ന് കരുതി. അത് പ്രയാസകരമായ സമയമായിരുന്നു. അറേബ്യ ക്ഷാമത്തിൻറെ പിടിയിലായിരുന്നു. മുൻവർഷത്തെ വിളവെടുപ്പ് മോശമായിരുന്നു, ധാന്യത്തിനും പഴങ്ങൾക്കും ക്ഷാമമുണ്ടായിരുന്നു. പുതിയ വിളവെടുപ്പിനുള്ള സമയം ആയിരുന്നില്ല അപ്പോൾ.നബിതിരുമേനി ﷺ ഈ ദൗത്യത്തിനായി പുറപ്പെട്ടത് സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആയിരുന്നു.
കിംവദന്തികൾ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് കപടവിശ്വാസികൾക്ക് അറിയാമായിരുന്നു. സിറിയക്കാർ മുസ്ലിങ്ങളെ ആക്രമിച്ചില്ലെങ്കിൽ, മുസ്ലീങ്ങളെ സിറിയയെ ആക്രമിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർക്കറിയാമായിരുന്നു. ഏത് സാഹചര്യത്തിലും, റോമാ സാമ്രാജ്യവുമായുള്ള ഒരു പോരാട്ടം മുസ്ലീങ്ങളുടെ നാശത്തിൽ കലാശിക്കുമെന്നും അവർ കണക്കുകൂട്ടി.
മുഅ്ത യുദ്ധത്തിൽ നിന്ന് അവർക്ക് പാഠം പഠിക്കാനുണ്ടായിരുന്നു. മുഅ്തയിൽ, മുസ്ലിങ്ങൾക്ക് അത്രയും വലിയ ഒരു സൈന്യത്തെയാണ് നേരിടേണ്ടിവന്നത്, വലിയ പ്രയാസത്തോടെയാണ് അവർക്ക് പിൻവാങ്ങാൻ കഴിഞ്ഞത്. നബിതിരുമേനി ﷺ ക്ക് (നഊദുബില്ലാഹ്) ജീവൻ നഷ്ടപ്പെടുന്ന മറ്റൊരു മുഅ്ത ആവർത്തിക്കാനാണ് കപടവിശ്വാസികൾ ആഗ്രഹിച്ചത്. സിറിയൻ ആക്രമണത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനിടയിൽ, മുസ്ലിങ്ങളുടെ മനസ്സിൽ ഭയം ജനിപ്പിക്കാനും അവർ എല്ലാ ശ്രമങ്ങളും നടത്തി. മുസ്ലിങ്ങൾക്ക് നേരിടാൻ കഴിയാത്തത്ര വലിയ സൈന്യത്തെ സിറിയക്കാർക്ക് സജ്ജമാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. സിറിയയുമായുള്ള ഈ പോരാട്ടത്തിൽ പങ്കെടുക്കരുതെന്നും അവർ മുസ്ലിങ്ങളെ പ്രേരിപ്പിച്ചു.
ഒന്നാമതായി, മുസ്ലിങ്ങളെ സിറിയയെ ആക്രമിക്കാൻ പ്രേരിപ്പിക്കുകയും, രണ്ടാമതായി, അവർ കൂട്ടമായി പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതുമായിരുന്നു അവരുടെ പദ്ധതി. മുസ്ലിങ്ങൾ യുദ്ധത്തിന് പോകണമെന്നും, അവർക്ക് സുനിശ്ചിതമായ പരാജയം നേരിടണമെന്നും അവർ ആഗ്രഹിച്ചു.
മുൻ യുദ്ധങ്ങളുടെ ഒരുക്കങ്ങളിൽ തിരുനബി ﷺ പദ്ധതികൾ രഹസ്യമായി വച്ചിരുന്നെങ്കിലും, ഈ തബൂക്ക് യുദ്ധത്തിനായി നബിതിരുമേനി ﷺ പൊതുവായ ഒരു പ്രഖ്യാപനം നടത്തുകയും മുന്നിലുള്ള പ്രയാസകരമായ യാത്രയുടെ വെളിച്ചത്തിൽ ഒരുങ്ങാൻ മുസ്ലിങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. യുദ്ധത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് നബിതിരുമേനി ﷺ ചുറ്റുമുള്ള ഗോത്രങ്ങളിലേക്ക് സന്ദേശം അയച്ചു. യുദ്ധത്തിനുള്ള ആവശ്യമായ സാമ്പത്തിക സഹായം നല്കുന്നതിനായി സാമ്പത്തിക ത്യാഗത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സമ്പന്നരായ മുസ്ലിങ്ങൾക്കും നബിതിരുമേനി ﷺ സന്ദേശം അയച്ചു.
ശത്രുസൈന്യം എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ അക്കാലത്ത് മദീനയിൽ വലിയ ഭയത്തിൻറെ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത് എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. റോമൻ ചക്രവർത്തി തങ്ങളെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് മുസ്ലിങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു. ഈ ഭയത്തിൻറെ അന്തരീക്ഷത്തിലും, സ്വഹാബികൾ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിലും സാമ്പത്തിക ത്യാഗങ്ങൾ നല്കുന്നതിലും മാതൃകാപരമായ ഭക്തി പ്രകടിപ്പിച്ചു.
അക്കാലത്ത് മദീനയിൽ ക്ഷാമം കാരണം എല്ലാ വിളകളും ഉണങ്ങിപ്പോയിരുന്നു എന്നും ഹുസൂർ തിരുമനസ്സ് പറഞ്ഞു. അതേ സമയം, യുദ്ധത്തിന് വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ ദീർഘദൂരം യാത്ര ചെയ്യേണ്ടതിലുള്ള ഭയം നിലനിന്നിരുന്നു. എന്നിട്ടും, നബിതിരുമേനി ﷺ യുദ്ധത്തിനായി പ്രഖ്യാപനം നടത്തിയപ്പോൾ, മുസ്ലീങ്ങൾ അവരുടെ വിളവെടുപ്പുകൾ ഉപേക്ഷിച്ച് യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മുസ്ലീങ്ങളുടെ അവസ്ഥ അറിയാവുന്നതുകൊണ്ട്, സംഭാവന നല്കുന്നവർക്ക് സ്വർഗ്ഗം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ട് നബിതിരുമേനി ﷺ സാമ്പത്തിക ത്യാഗത്തിന് ആഹ്വാനം ചെയ്തു.
ഹദ്റത്ത് ഉസ്മാൻറ (റ)യും മറ്റ് സ്വഹാബികളുടെയും അവിശ്വസനീയമായ ത്യാഗങ്ങൾ
ഈ ആഹ്വാനത്തോട് ആദ്യം പ്രതികരിച്ചത് ഹദ്റത്ത് അബൂബക്കർ (റ) ആയിരുന്നുവെന്നും, അദ്ദേഹം വീട്ടിലുള്ള എല്ലാ സമ്പാദ്യവും കൊണ്ടുവന്നുവെന്നും അത് 400 ദിർഹമിന് തുല്യമായിരുന്നു എന്നും ഹുസൂർ തിരുമനസ്സ് പറഞ്ഞു. കുടുംബത്തിനായി എന്തെങ്കിലും ബാക്കിവച്ചോ എന്ന് നബിതിരുമേനി ﷺ ചോദിച്ചു. അബൂബക്കർ (റ) മറുപടി പറഞ്ഞു, അവർക്കായി അല്ലാഹുവിനെയും അവൻറെ ദൂതനെയും ﷺ ബാക്കിവച്ചിട്ടുണ്ട് എന്ന്.
നബിതിരുമേനി ﷺ യുടെ ആഹ്വാനം കേട്ട് ഹദ്റത്ത് ഉസ്മാൻ (റ) മുന്നോട്ട് വരുകയും നൂറ് ഒട്ടകങ്ങളെ സൈന്യത്തിനായി വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നും ഹുസൂർ തിരുമനസ്സ് പറഞ്ഞു. തുടർന്ന് ഉസ്മാൻ (റ) തൻറെ വാഗ്ദാനം 200 ഒട്ടകങ്ങളായി വർദ്ധിപ്പിച്ചു. നബിതിരുമേനി ﷺ വീണ്ടും ആഹ്വാനം ചെയ്തപ്പോൾ, ഹദ്റത്ത് ഉസ്മാൻ (റ) മുന്നോട്ട് വരുകയും സൈന്യത്തിനായി 300 ഒട്ടകങ്ങളെ വാഗ്ദാനം ചെയ്യുകയും ചെയ്തു. നബിതിരുമേനി ﷺ തൻറെ പ്രസംഗപീഠത്തിൽ നിന്ന് ഇറങ്ങുമ്പോൾ, അന്നു മുതൽ ഉസ്മാൻ (റ) ഇനി എന്ത് ചെയ്താലും അദ്ദേഹത്തിന് യാതൊരു കുറ്റവുമില്ല എന്ന് പറയുന്നതായി കേൾക്കാമായിരുന്നു. മറ്റൊരു നിവേദനത്തിൽ, ഹദ്റത്ത് ഉസ്മാൻ (റ) ആയിരം ദീനാറുമായി വന്ന് നബിതിരുമേനി ﷺ ക്ക് സമർപ്പിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന്, അന്നത്തെ ദിവസം ഹദ്റത്ത് ഉസ്മാൻ (റ) ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഒരു ദോഷവും സംഭവിക്കില്ല എന്ന് നബിതിരുമേനിﷺ പറഞ്ഞു. മറ്റൊരു നിവേദനത്തിൽ, ഹദ്റത്ത് ഉസ്മാൻ (റ) പതിനായിരം ദീനാർ നല്കി എന്നും അതിനുശേഷം നബിതിരുമേനി ﷺ അദ്ദേഹത്തിനുവേണ്ടി പ്രാർഥിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരം ഒട്ടകങ്ങളും 70 കുതിരകളും ഹദ്റത്ത് ഉസ്മാൻറെ (റ) ത്യാഗമായി ചില നിവേദനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിനുശേഷം തിരുനബി ﷺ ഉസ്മാൻറെ (റ) കാര്യത്തിൽ അല്ലാഹു തൃപ്തനാകാൻ പ്രാർഥിച്ചു.
ഹദ്റത്ത് അബ്ദുർ റഹ്മാൻ ബിൻ ഔഫ് (റ), ഹദ്റത്ത് ആസിം ബിൻ അദി (റ), ഹദ്റത്ത് സഅദ് ബിൻ ഉബാദ (റ), ഹദ്റത്ത് മുഹമ്മദ് ബിൻ മസ്ലമ (റ) എന്നിവരും ഈ യുദ്ധത്തിനായി വലിയ സാമ്പത്തിക ത്യാഗങ്ങൾ നല്കി എന്നും നബിതിരുമേനി ﷺ അവർക്ക് വേണ്ടിയും പ്രാർഥിച്ചു എന്നും ഹുസൂർ തിരുമനസ്സ് പറഞ്ഞു.
സാമ്പത്തിക ത്യാഗങ്ങൾ നൽകുന്നതിൻറെ ഉദാഹരണം
സ്വഹാബികൾ കാഴ്ച്ച വച്ച ഈ മാതൃക അഹ്മദിയ്യാ മുസ്ലിം ജമാഅത്തിലെ അംഗങ്ങൾ മനസ്സിലാക്കുന്നത് അല്ലാഹുവിൻറെ അനുഗ്രഹമാണെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ചിലർ തങ്ങൾക്കുള്ളതെല്ലാം ത്യജിക്കുന്നു. സമ്പന്നരായവർക്ക് ഹദ്റത്ത് അബൂബക്കർ (റ), ഹദ്റത്ത് ഉമർ (റ), ഹദ്റത്ത് ഉസ്മാൻ (റ) എന്നിവരുടെ ഉദാഹരണങ്ങൾ മുന്നിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരും ത്യാഗം ചെയ്യുന്നത് പോലെ, ഈ യുഗത്തിൽ സമ്പന്നരായവർക്ക് സാമ്പത്തിക ത്യാഗങ്ങളിൽ പങ്കെടുക്കാൻ ഇതൊരു അവസരമാണ്.
കപടവിശ്വാസികളോടുള്ള സർവശക്തനായ ദൈവത്തിൻറെ പ്രതികരണം
നബിതിരുമേനി ﷺ യുടെ ആഹ്വാനം കേട്ട്, ദരിദ്രരായവരും ഒരു കൈനിറയെ ധാന്യം മാത്രം നല്കാൻ കഴിഞ്ഞവരും അങ്ങനെ ചെയ്തു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ഇത് കണ്ട കപടവിശ്വാസികൾ മുസ്ലീങ്ങളെ കളിയാക്കി, ഇത്രയും ചെറിയ തുകകൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതിന് മറുപടിയായി, അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം പറഞ്ഞു:
‘അല്ലാഹുവിൻറെ ദൂതൻറെ പിന്നിൽ വീട്ടിലിരുന്നതിൽ സന്തോഷിച്ചവരും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻറെ മാർഗ്ഗത്തിൽ പോരാടുന്നതിനെ വെറുത്തവരുമായ ആളുകൾ, “ഈ ചൂടിൽ നിങ്ങൾ പുറപ്പെടരുത്” എന്ന് പറഞ്ഞു. പറയുക: “നരകത്തിലെ തീ ഇതിലും തീവ്രമായ ചൂടുള്ളതാണ്.” അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ! അവർ സമ്പാദിച്ചതിൻറെ പ്രതിഫലമായി അവർ അൽപ്പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യേണ്ടിവരും.’ (വിശുദ്ധ ഖുർആൻ, 9:81-82)
സംഭാവന നല്കാൻ കഴിയുന്നത്ര തുക സമ്പാദിക്കാൻ വേണ്ടി ചില സ്വഹാബികൾ കഠിനാധ്വാനം ചെയ്തു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ഉദാഹരണത്തിന്, അബൂ അഖീൽ (റ) രാത്രി മുഴുവൻ കിണറ്റിൽ നിന്ന് വെള്ളം കോരുകയും അത് ഉപയോഗിച്ച് തൻറെ കുടുംബത്തിന് ഭക്ഷണം നല്കുകയും ശേഷം തനിക്ക് കഴിയുന്നത് ഒരു സാമ്പത്തിക ത്യാഗമായി തിരുനബി ﷺ ക്ക് സമർപ്പിക്കുകയും ചെയ്തു.
ഹുസൂർ തിരുമനസ്സ് പറഞ്ഞു, ആത്മാർഥതയുള്ളവനായിരുന്നിട്ടും ഒന്നും നല്കാൻ ഇല്ലാത്ത ഹദ്റത്ത് ഉർവ ബിൻ സൈദ് (റ) ഉണ്ടായിരുന്നു. അദ്ദേഹം പ്രാർഥനയിൽ മുഴുകി ദൈവത്തോട് അപേക്ഷിച്ചു, തനിക്ക് ഭൗതികമായി ഒന്നും നല്കാനില്ലെങ്കിലും, തന്നോട് ചെയ്ത എല്ലാ അതിക്രമങ്ങൾക്കും അദ്ദേഹം പൊറുക്കുമെന്നും അതാണ് മുസ്ലിം സൈന്യത്തിനുവേണ്ടിയുള്ള തൻറെ ദാനധർമ്മം എന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ, അദ്ദേഹം മറ്റ് സ്വഹാബികളോടൊപ്പം തിരുനബി ﷺ യുടെ അടുത്ത് പോയി, തലേദിവസം രാത്രി ആരെങ്കിലും തൻറെ അഭിമാനം ദാനധർമമായി നല്കിയോ എന്ന് നബിതിരുമേനി ﷺ ചോദിച്ചു. ആരും മുന്നോട്ട് വന്നില്ല, അതിനാൽ തിരുനബി ﷺ വീണ്ടും ചോദിച്ചു. എന്നിട്ടും ആരും മുന്നോട്ട് വന്നില്ല. തിരുനബി ﷺ മൂന്നാം തവണ ചോദിച്ചപ്പോഴാണ് ഹദ്റത്ത് ഉർവ (റ) മുന്നോട്ട് വന്ന് എല്ലാം വിശദീകരിച്ചത്. ദാനധർമം അല്ലാഹു സ്വീകരിച്ചവരിൽ അദ്ദേഹത്തെയും എണ്ണിയതായി നബിതിരുമേനി ﷺ അദ്ദേഹത്തിന് സന്തോഷവാർത്ത നല്കി. ഇത് ദാനധർമ്മത്തിൻറെ ഒരു അദ്വിതീയ രൂപമായിരുന്നു, എല്ലാ ഹൃദയങ്ങളുടെയും അവസ്ഥ അറിയുന്ന അല്ലാഹു അത് സ്വീകരിച്ചു.
സ്ത്രീകളും മുന്നോട്ട് വന്ന് ഈ യുദ്ധത്തിനുവേണ്ടി തങ്ങളുടെ ആഭരണങ്ങൾ ത്യജിച്ചു എന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു. നബിതിരുമേനി ﷺ യുടെ വീട്ടിൽ ഒരു തുണിയിൽ സ്ത്രീകൾന ബിതിരുമേനി ﷺ യുടെ ആഹ്വാനം കേട്ട് നല്കിയ വിവിധ സുഗന്ധദ്രവ്യങ്ങളും, ആഭരണങ്ങളും, മറ്റ് വസ്തുക്കളും കിടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത്, കപടവിശ്വാസികൾ, മുസ്ലീങ്ങളുടെ പരാജയം ഉറപ്പുവരുത്തുന്നതിനായി (നഊദുബില്ലാഹ്) തിരുനബി ﷺ യോടൊപ്പം ഏറ്റവും കുറഞ്ഞ മുസ്ലീങ്ങൾ മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. അതിനാൽ, അവർ ചൂട്, ദീർഘയാത്ര, അല്ലെങ്കിൽ അവരെ നേരിടാൻ കാത്തിരിക്കുന്ന വലിയ സൈന്യം തുടങ്ങിയ യുദ്ധവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് മുസ്ലിങ്ങളുടെ ഹൃദയങ്ങളിൽ ഭയം ജനിപ്പിക്കാൻ ശ്രമിച്ചു. ഈ വ്യാജ പ്രചാരണം ആത്മാർഥതയുള്ള മുസ്ലിങ്ങളെ പിന്തിരിപ്പിച്ചില്ലെങ്കിലും, വിശ്വാസത്തിൽ ദുർബലരായ ചിലർ മുസ്ലിം സൈന്യത്തിൽ ചേരാതിരിക്കാൻ ഒഴികഴിവുകൾ പറഞ്ഞു. ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ ഇപ്രകാരം പരാമർശിച്ചിട്ടുണ്ട്:
‘അല്ലാഹുവിൻറെ ദൂതൻറെ പിന്നിൽ വീട്ടിലിരുന്നതിൽ സന്തോഷിച്ചവരും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻറെ മാർഗ്ഗത്തിൽ പോരാടുന്നതിനെ വെറുത്തവരുമായ ആളുകൾ, “ഈ ചൂടിൽ നിങ്ങൾ പുറപ്പെടരുത്” എന്ന് പറഞ്ഞു. പറയുക: “നരകത്തിലെ തീ ഇതിലും തീവ്രമായ ചൂടുള്ളതാണ്.” അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ! അവർ സമ്പാദിച്ചതിൻറെ പ്രതിഫലമായി അവർ അൽപ്പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യേണ്ടിവരും.’ (വിശുദ്ധ ഖുർആൻ, 9:81-82)
നിവേദനങ്ങൾ അനുസരിച്ച്, ഈ ആളുകൾ നബിതിരുമേനി ﷺ യുടെ അടുത്ത് പോയി യുദ്ധത്തിൽ നിന്ന് ഒഴിവാക്കപ്പെടാൻ അനുവാദം തേടിയിരുന്നു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ഏകദേശം 80 പേർ ഇങ്ങനെ അനുവാദം തേടിയിരുന്നു. ഇമാമിൻറെ ആഹ്വാനം എങ്ങനെ അനുസരിക്കണം എന്ന് കാണിക്കുന്നതിനായി, ഈ ആളുകളുടെ ഉദാഹരണം എടുത്തുകാട്ടിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിൽ സൂക്തങ്ങൾ അവതരിപ്പിച്ചു:
‘അത് പെട്ടെന്നുള്ള നേട്ടവും ഒരു ചെറിയ യാത്രയുമായിരുന്നെങ്കിൽ, അവർ തീർച്ചയായും നിന്നെ പിന്തുടരുമായിരുന്നു, പക്ഷേ കഠിനമായ യാത്ര അവർക്ക് വളരെ ദൈർഘ്യമുള്ളതായി തോന്നി. “ഞങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ, ഞങ്ങൾ തീർച്ചയായും നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു” എന്ന് അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത് പറയും. അവർ അവരുടെ ആത്മാക്കളെ നശിപ്പിക്കുന്നു, അവർ കളവു പറയുന്നവരാണെന്ന് അല്ലാഹുവിനറിയാം. അല്ലാഹു നിൻറെ വിഷമങ്ങൾ നീക്കട്ടെ. സത്യം പറഞ്ഞവർ ആരാണെന്ന് നിനക്ക് വ്യക്തമാകുന്നതുവരെയും കളവു പറയുന്നവരെ നീ അറിയുന്നതുവരെയും എന്തുകൊണ്ടാണ് നീ അവർക്ക് പിന്നിൽ നിൽക്കാൻ അനുവാദം നല്കിയത്? അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് പോരാടുന്നതിൽ നിന്ന് ഒഴിവാക്കപ്പെടാൻ നിന്നോട് അനുവാദം ചോദിക്കുകയില്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ച് നന്നായി അറിയുന്നവനാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും, ഹൃദയങ്ങളിൽ സംശയമുള്ളവരും, ആ സംശയത്തിൽ ആടിയുലയുന്നവരും മാത്രമേ നിന്നോട് ഒഴിവ് ചോദിക്കുകയുള്ളൂ. അവർ പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, അവർ തീർച്ചയായും അതിനുള്ള ഒരുക്കങ്ങൾ ചെയ്യുമായിരുന്നു; പക്ഷേ അവർ പുറപ്പെടുന്നതിനെ അല്ലാഹു വെറുത്തു. അതിനാൽ അവൻ അവരെ തടഞ്ഞു, “ഇരിക്കുന്നവരോടൊപ്പം നിങ്ങളും വീട്ടിൽ ഇരിക്കുക” എന്ന് പറയപ്പെട്ടു. അവർ നിങ്ങളുടെ കൂടെ പുറപ്പെട്ടിരുന്നെങ്കിൽ, അവർ നിങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ മറ്റൊന്നും കൂട്ടിച്ചേർക്കുകയില്ലായിരുന്നു, നിങ്ങളുടെ ഇടയിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചുകൊണ്ട് അവർ നിങ്ങളുടെ മധ്യത്തിൽ തിരക്കിട്ട് നടക്കുകയും ചെയ്യുമായിരുന്നു. അവരെ ശ്രദ്ധിക്കുന്ന ചില ആളുകൾ നിങ്ങളുടെ ഇടയിലുണ്ട്. അല്ലാഹു അക്രമികളെക്കുറിച്ച് നന്നായി അറിയുന്നവനാണ്. ഇതിനുമുമ്പും അവർ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്, സത്യം വരികയും അല്ലാഹുവിൻറെ ഉദ്ദേശ്യം വിജയിക്കുകയും ചെയ്യുന്നതുവരെ അവർ നിനക്കെതിരെ ഗൂഢാലോചനകൾ നടത്തി, അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും.’ (വിശുദ്ധ ഖുർആൻ, 9:42-48)
ഈ യുദ്ധത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഭാവിയിൽ തുടരുമെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ അഹ്മദികൾക്കായി പ്രാർഥനാഭ്യർഥന
കഴിഞ്ഞ ഖുത്ബയിൽ, റബ് വയിലെ ഒരു പള്ളിയിൽ നടന്ന ആക്രമണത്തെക്കുറിച്ച് താൻ പരാമർശിച്ചിരുന്നു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. പരിക്കേറ്റ അഹ്മദികൾക്ക് വേണ്ടി പ്രാർഥിക്കാൻ ഹുസൂർ തിരുമനസ്സ് ആഹ്വാനം ചെയ്തു; അല്ലാഹു അവർക്ക് പൂർണ്ണ ആരോഗ്യം നല്കട്ടെ. ഈ ആക്രമണങ്ങളുടെ പാർശ്വഫലങ്ങളിൽ നിന്നും അല്ലാഹു അവരെ സംരക്ഷിക്കട്ടെ. നിലവിൽ, ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള അഞ്ച് പേർക്ക് ചികിത്സ നല്കി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു; എങ്കിലും അവരുടെ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. അല്ലാഹു അവർക്കെല്ലാം പൂർണആരോഗ്യം നല്കട്ടെ. ഭാവിയിൽ എല്ലാതരം തിന്മകളിൽ നിന്നും ലോകമെമ്പാടുമുള്ള അഹ്മദികളെ അല്ലാഹു സംരക്ഷിക്കട്ടെ.
ജനാസ ഗാഇബ്
താഴെ പറയുന്ന അഹ്മദിയുടെ ജനാസ ഗാഇബ് നിർവഹിക്കുമെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു:
മാർഷ്ൽ ദ്വീപുകളിൽ നിന്നുള്ള സാം അലി നൈന സാഹിബ്.
1980-കളിൽ അഹ്മദി മിഷനറിയായ ഹാഫിസ് ജിബ്റാഈൽ സഈദ് സാഹിബിൽ നിന്നാണ് അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് അറിയുകയും അഹ്മദിയ്യത്ത് സ്വീകരിക്കുകയും ചെയ്തത്. അദ്ദേഹത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നു, എന്നിട്ടും അദ്ദേഹം തൻറെ വിശ്വാസത്തിൽ ഉറച്ചുനിന്നു. ഒരു സെനറ്റർ ഇസ്‌ലാമിനെ ഭീകരവാദത്തിൻറെ മതം എന്ന് പ്രഖ്യാപിച്ചപ്പോൾ, ഇസ്‌ലാമിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സാം അലി നൈന സാഹിബ് ധീരമായി പത്രത്തിൽ എഴുതി. മാർഷൽ ദ്വീപുകളിൽ അഹ്മദിയ്യ മുസ്ലിം ജമാഅത്ത് രജിസ്റ്റർ ചെയ്യുന്നതിൽ അദ്ദേഹം ഒരു പങ്കുവഹിച്ചു. അദ്ദേഹം പ്രബോധന പ്രവർത്തനങ്ങളിലും ജമാഅത്തിൻറെ പേര് ഉയർത്തിപ്പിടിക്കുന്നതിലും സജീവമായിരുന്നു. അദ്ദേഹത്തിൻറെ പ്രബോധന ശ്രമങ്ങളുടെ ഫലമായി നിരവധി പുതിയ ആളുകൾ അഹ്മദികളായി. മറ്റ് ദ്വീപുകളിൽ ജമാഅത്ത് സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. അദ്ദേഹവും ഭാര്യയും ജമാഅത്തിന് ഒരു തുണ്ട് ഭൂമി നല്കി, അവിടെയാണ് മാർഷൽ ദ്വീപുകളിലെ ആദ്യത്തെ പള്ളി നിർമിച്ചത്. താൻ എങ്ങനെ അഹ്മദിയായി എന്നതിനെക്കുറിച്ചുള്ള സാം അലി നൈനയുടെ സ്വന്തം വിവരണം ഹുസൂർ തിരുമനസ്സ് വായിച്ചു. അദ്ദേഹം കൃത്യമായി നമസ്കരിക്കുന്ന വ്യക്തിയായിരുന്നുവെന്നും വിശുദ്ധ ഖുർആനുമായി അടുപ്പം പുലർത്തിയിരുന്നുവെന്നും അദ്ദേഹത്തിൻറെ കുടുംബം പറയുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ എന്നും, അദ്ദേഹത്തിൻറെ കുടുംബത്തിലെ അഹ്മദികളല്ലാത്ത അംഗങ്ങളെ സത്യം തിരിച്ചറിയാൻ പ്രാപ്തരാക്കട്ടെ എന്നും ഹുസർ തിരുമനസ്സ് ദുആ ചെയ്തു.
0 Comments